ചെൽസിക്കു തലവേദനയായി വില്യൻ എതിരാളികളുടെ തട്ടകത്തിലേക്ക്

ബ്രസീലിയൻ താരമായ വില്യൻ ഈ സീസണു ശേഷം ചെൽസി വിടുമെന്ന കാര്യം തീരുമാനമാകുന്നു. ഈ സീസണു ശേഷം കരാർ അവസാനിക്കാനിരിക്കുന്ന താരം മൂന്നു വർഷത്തേക്ക് നീണ്ടു നിൽക്കുന്ന രീതിയിൽ കരാർ പുതുക്കാൻ ചെൽസിയോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ ചെൽസി അതു നിരസിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം താരത്തിന് മൂന്നു വർഷത്തെ കരാർ നൽകാൻ തയ്യാറുള്ള ആഴ്സനലിൽ വില്യൻ എത്തിയേക്കും.

വില്യന്റെ ഏജൻറായ കിയാ ജൂറബ്ചിയാൻ താരത്തിന് അഞ്ചു ക്ലബുകളിൽ നിന്നും ഓഫറുള്ള കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ നിന്നും യൂറോപ്പിലെ മറ്റു ലീഗുകളിൽ നിന്നും രണ്ടു വീതവും ഒരു അമേരിക്കൻ ലീഗിലെ ക്ലബുമാണ് താരത്തിനു വേണ്ടി രംഗത്തുള്ളത്. നേരത്തെ ലാ ലിഗ ക്ലബായ ബാഴ്സലോണക്ക് താരത്തിലുണ്ടായിരുന്ന താൽപര്യം ഇപ്പോഴില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആക്രമണ നിരയിൽ സിയച്ച്, വെർണർ എന്നിവരെ സ്വന്തമാക്കുകയും ഹവേർട്സിനു വേണ്ടി ശ്രമം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും ചെൽസി പരിശീലകനായ ലംപാർഡിന് വില്യനെ നിലനിർത്താനാണ് ആഗ്രഹം. താരം ചെൽസിയിൽ മികച്ച പ്രകടനം നടത്തുന്നുമുണ്ട്. എന്നാൽ പരിക്കു മൂലം എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങാതിരുന്ന മുപ്പത്തിയൊന്നുകാരനായ താരത്തിന് മൂന്നു വർഷത്തെ കരാർ നൽകാൻ ചെൽസി നേതൃത്വം തയ്യാറല്ല.

അതേ സമയം ആഴ്സനലുമായി വില്യൻ അടുക്കുന്നത് ഒരു തരത്തിൽ ചെൽസിക്കു തിരിച്ചടിയാണ്. ട്രാൻസ്ഫർ ഉറപ്പിക്കുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ നിർണായക മത്സരത്തിൽ താരം കളിക്കാനിറങ്ങാൻ സാധ്യതയില്ല. ആദ്യപാദം മൂന്നു ഗോളിനു തോൽക്കുകയും പല താരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്ത ഈ അവസരത്തിൽ ചെൽസിക്ക് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

You Might Also Like