അവഗണിച്ചവരുടെ മുഖത്തടിക്കാന്‍ ശ്രീശാന്ത് ഈ വര്‍ഷം രഞ്ജി കളിക്കും, കെസിഎയുടെ പ്രഖ്യാപനം

ഒത്തുകളി ആരോപണത്തില്‍ കുറ്റവിമുക്തനായ മുന്‍ ഇന്ത്യന്‍ തരം എസ് ശ്രീശാന്ത് മൈതാനത്തേക്ക് തിരിച്ചെത്തുന്നു. പ്രായം 37 ആയെങ്കിലും ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു.

സെപ്തംബറില്‍ വിലക്ക് അവസാനിക്കുന്ന താരം ഉടന്‍ തന്നെ ക്യാമ്പില്‍ എത്തിയേക്കും. കഴിഞ്ഞ ഏതാനും സീസണുകളായി കേരളത്തിന്റെ കുന്തമുന ആയിരുന്ന പേസര്‍ സന്ദീപ് വാര്യര്‍ തമിഴ്‌നാട്ടിലേക്ക് ടീം മാറിയതിനു പിന്നാലെയാണ് കെസിഎയുടെ വെളിപ്പെടുത്തല്‍.

‘സെപ്തംബറിലെ വിലക്ക് തീര്‍ന്നാല്‍ ശ്രീശാന്തിനെ കേരള ക്യാമ്പിലേക്ക് വിളിക്കും. ശ്രീശാന്തിന്റെ തിരിച്ചു വരവ് ടീമിനു നേട്ടമാണ്. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പ”- കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ മടങ്ങി എത്തുന്നത്. 37കാരനായ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ശ്രീ ഒത്തുകളിയില്‍ പങ്കാളിയായതായി തെളിവില്ലാത്തതിനാല്‍ സുപ്രിം കോടതി താരത്തെ വെറുതെ വിട്ടു. പക്ഷേ, ബിസിസിഐ വിലക്ക് നീക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ശ്രീ സുപ്രിം കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് വിലക്ക് 7 വര്‍ഷമാക്കി കുറച്ചത്.

എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും പങ്കായ താരമാണ് ശ്രീശാന്ത്. 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും നേടിയ ശ്രീശാന്ത് ആഭ്യന്തരം മത്സരങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

You Might Also Like