ബാഴ്സക്കെതിരെ ഫെർഗൂസൻ ചെയ്തത് ആത്മഹത്യക്കു തുല്യം, ആഞ്ഞടിച്ച് റൂണി

മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകനായ സർ അലക്സ് ഫെർഗൂസനെതിരെ വിമർശനവുമായി ക്ലബിന്റെ ഇതിഹാസ താരമായ വെയ്ൻ റൂണി. ബാഴ്സക്കെതിരായ 2009ലെയും 2011ലെയും ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഫെർഗൂസന്റെ തന്ത്രം ആത്മഹത്യാപരമായിരുന്നു എന്നാണ് റൂണി അഭിപ്രായപ്പെട്ടത്. സൺഡേ ടൈംസിൽ എഴുതുന്ന കോളത്തിലാണ് റൂണി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്.

“റയൽ മാഡ്രിഡിനെ പോലെയൊരു വമ്പൻ ക്ലബ് മത്സരത്തിനിറങ്ങി പന്തു വച്ചു കീഴടങ്ങിയാൽ എങ്ങിനെയുണ്ടാകുമോ അതു പോലെയാണ് യുണൈറ്റഡിന് അന്നു സംഭവിച്ചത്. അന്നത്തെ മത്സരങ്ങളിൽ ബാഴ്സയെ ഹൈ പ്രസ് ചെയ്യുകയെന്ന ഫെർഗൂസന്റെ തീരുമാനം ആത്മഹത്യാപരമായിരുന്നു. എന്നാൽ ആ തീരുമാനം തന്നെയാണ് ഫെർഗൂസൻ മത്സരങ്ങളിൽ നടപ്പിലാക്കിയത്.”

“നമ്മൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയതു കൊണ്ട് ആക്രമണമഴിച്ചു വിട്ടു കളിക്കുകയാണു നമ്മുടെ രീതിയെന്ന് ഫെർഗൂസൻ പറഞ്ഞു. എന്റെ അഭിപ്രായത്തിൽ പല താരങ്ങൾക്കും അതിൽ എതിരഭിപ്രായമുണ്ടായിരുന്നു. രണ്ടു മത്സരങ്ങളിലും ഞങ്ങൾ ബാഴ്സലോണക്കു മുന്നിൽ നിഷ്പ്രഭരാവുകയും ചെയ്തു.” റൂണി തന്റെ കോളത്തിൽ എഴുതി.

2009ലെ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായി എത്തിയ, റൊണാൾഡോ അടക്കമുള്ള താരങ്ങൾ അണി നിരന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ തോൽപിച്ചത്. 2011ൽ ബാഴ്സ കുറേക്കൂടി കരുത്തരും യുണൈറ്റഡ് മോശവുമായിരുന്നു. അന്നത്തെ മത്സരത്തിൽ 3-1നാണ് ബാഴ്സ വിജയം നേടി കിരീടം സ്വന്തമാക്കിയത്.

You Might Also Like