റെക്കോര്‍ഡ് തുകയ്ക്ക് സ്‌ട്രൈക്കറെ റാഞ്ചി നാപോളി,തകര്‍ത്തത് ചെല്‍സിയുടേയും ആഴ്‌സണലിന്റേയും മോഹം

ഫ്രഞ്ച് ലീഗ് ക്ലബ്ബ് ലില്ലെക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഓസിംഹെനെ ഇറ്റാലിയൻ വമ്പന്മാരായ നാപോളി സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിനു വേണ്ടി മുന്നിലുണ്ടായിരുന്ന ചെൽസിയെയും ആഴ്സനലിനെയും പിന്തള്ളിയാണ് 74 ദശലക്ഷം യൂറോക്ക് നാപോളി താരവുമായി കരാറിലെത്തിയത്.

ഫ്രഞ്ച് ലീഗിൽ 27 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയ താരത്തിന് പിന്നാലെ ധാരാളം ഇംഗ്ലീഷ് ക്ലബ്ബുകൾ ഉണ്ടായിരുന്നു. എന്നാൽ ശമ്പളമടക്കം 100 മില്യനടുത്തു ചെലവാക്കിയാണ് മറ്റു ക്ലബ്ബുകളെ നാപോളിക്ക് ഈ കരാറിൽ നിന്നും ഒഴിവാക്കാനായത്.

2017ൽ ജർമൻ ക്ലബ്ബായ വോൾഫ്സ്ബെർഗിനൊപ്പമാണ് പ്രൊഫഷണൽ ഫുടബോളിൽ ഒസിംഹെൻ അരങ്ങേറുന്നത്. അതിനു ശേഷം ബെൽജിയൻ ക്ലബ്ബായ ചാർലെറോയിക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് 10 ദശലക്ഷം യൂറോക്ക് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലേക്ക് ചേക്കേറുന്നത്.

നൈജീരിയക്കു വേണ്ടി 8 മത്സരങ്ങൾ കളിച്ച താരത്തിനു നാലു ഗോളുകൾ നേടാനായിട്ടുണ്ട്. 2015ൽ നൈജീരിയക്ക് പതിനേഴു വയസിൽ താഴെയുള്ളവരുടെ ലോകകപ്പ് നേടികൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച ഒസിംഹെൻ 10 ഗോളുകളുമായി ടൂർണമെന്റിലെ ടോപ്സ്കോററായിരുന്നു. ഓസിംഹെനെകൂടാതെ കൂടാതെ 30 മില്യൺ യൂറോക്ക് ബ്രസീലിയൻ പ്രതിരോധനിരതാരം ഗബ്രിയേലിനെ കൂടി ലില്ലെയിൽ നിന്നും നാപോളി സ്വന്തമാക്കാനൊരുങ്ങുന്നുണ്ട്.

You Might Also Like