സൂപ്പർതാരം കരാർ പുതുക്കുന്നില്ലെന്ന് ഗാർഡിയോള, ബാഴ്സയിൽ എത്തുമെന്നുറപ്പായി

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ നിരയിലെ യുവതാരമായ എറിക് ഗാർസിയ ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കി പരിശീലകൻ പെപ് ഗാർഡിയോള. അടുത്ത സീസണിലേക്കായി ബാഴ്സലോണ നോട്ടമിട്ട താരം ഇതോടെ കറ്റലൻ ക്ലബിലെത്താനുള്ള സാധ്യതകൾ വർദ്ധിച്ചു. പിക്വക്കു പകരക്കാരനായാണ് മുൻ ലാ മാസിയ താരമയ എറിക് ഗാർസിയയെ ബാഴ്സ നോട്ടമിടുന്നത്.

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിലാണ് ഗാർസിയയെക്കുറിച്ച് പെപ് ഗാർഡിയോള വ്യക്തമാക്കിയത്. “ഗാർസിയ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ പുതുക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു വർഷം കരാറിൽ ബാക്കിയുള്ള താരം മറ്റെവിടെയെങ്കിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നാണു കരുതേണ്ടത്.”

അതേ സമയം പത്തൊൻപതുകാരനായ താരത്തിനു വേണ്ടി 31 ദശലക്ഷത്തിന്റെ ട്രാൻസ്ഫർ കരാറാണ് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നതെന്ന് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപ്പോർട്ടിവോ വ്യക്തമാക്കി. ഇരുപതു ദശലക്ഷം ട്രാൻസ്ഫർ ഫീസും 11 ദശലക്ഷം അനുബന്ധ ഉടമ്പടികൾ വഴിയുമാണ് നൽകേണ്ടത്. അടുത്ത സീസണിലേക്കായി പ്രതിരോധം ശക്തിപ്പെടുത്തുന്ന ബാഴ്സ ഈ ട്രാൻസ്ഫർ നടപ്പിലാക്കുമെന്നുറപ്പാണ്.

മൂന്നു വർഷങ്ങൾക്കു മുൻപാണ് ലാ മാസിയയിൽ നിന്നാണ് ഗാർസിയ മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറുന്നത്. സീനിയർ ടീമിനു വേണ്ടി 13 മത്സരങ്ങളിൽ താരം ഇറങ്ങിയപ്പോൾ രണ്ടു തവണ മാത്രമാണ് സിറ്റി തോൽവിയറിഞ്ഞത്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ഗാർഡിയോള സിറ്റിയിൽ തുടരുമെന്ന് ഉറപ്പില്ലാത്തതാണ് ഗാർസിയയെ ടീം വിടാൻ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

You Might Also Like