ആദ്യ വിദേശ താരത്തിന്റെ പ്രഖ്യാപനത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, സൂചനകളിങ്ങനെ

വിദേശ താരങ്ങളുടെ പ്രഖ്യാപനങ്ങളിലേക്ക് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും കടക്കുന്നതായി സൂചന. ബ്ലാസ്റ്റേഴ്‌സിനോട് അടുത്ത വൃത്തങ്ങളാണ് ഈ ആഴ്ച്ച തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഒരു വിദേശതാരത്തെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന പുറത്ത് വിടുന്നത്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ പൂര്‍ത്തിയായ കൊളംമ്പിയന്‍ പ്രതിരോധ താരം ഓസ്വാള്‍ഡോ ഹെന്‍ക്വസിന്റെ പ്രഖ്യാപനമാകും ഈ ആഴ്ച്ച നടക്കാന്‍ സാധ്യത.

നേരത്തെ തന്നെ ഓസ്വാള്‍ഡോ ഹെന്റിക്വസുമായി കേരള ബ്ലാസ്റ്റേഴ്‌സ് ധാരണയിലെത്തി കഴിഞ്ഞതാണ്. മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബ്രസീലിയന്‍ പ്രശസ്ത ക്ലബായ വാസ്‌കോ ഡി ഗാമയിലടക്കം കളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്‌പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

ഓസ്വാള്‍ഡോ ഹെന്റിക്വസിനെ കൂടാതെ നിരവധി സൗത്ത് അമേരിക്കന്‍ താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. വൈകാതൈ മറ്റ് ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തും.

You Might Also Like