ക്രിസ്ത്യാനോക്ക് സഹതാരങ്ങളുടെ സഹായം ആവശ്യമാണ്, മെസിക്ക് കാര്യങ്ങൾ ഒറ്റക്ക് ചെയ്യാനാവുമെന്ന് ഡൈനമോ കീവ് പരിശീലകൻ

ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ടം മത്സരങ്ങൾ ആരംഭിക്കാനൊരുങ്ങുകയാണ്. ഗ്രൂപ്പ്‌ ജിയിൽ യുവന്റസിനും ബാഴ്സലോണക്കുമൊപ്പമാണു ഉക്രെനിയൻ ക്ലബ്ബായ ഡൈനമോ കീവും ഹംഗേറിയൻ ക്ലബ്ബായ ഫെറെൻക്വാരോസും ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ്‌ ജിയിലെ തങ്ങളുടെ ആദ്യമത്സരത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡൈനമോ കീവ് പരിശീലകനായ മിർച്ചെ ലുചെസ്കു. യുവന്റസുമായാണ് ലുച്ചേസ്കുവിന്റെ ഡൈനമോ കീവിന് ആദ്യ ചാമ്പ്യൻസ്‌ലീഗ് മത്സരമുള്ളത്.

തന്റെ പ്രിയ ശിഷ്യനായ പിർലോ പരിശീലകനായ യുവന്റസിനെ നേരിടുന്നതിൽ താൻ അഭിമാനം കൊള്ളുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരിക്കൽ പിർലോ സിദാനെപ്പോലെയും ഗാർഡിയോളയെ പോലെയുമായിത്തീരുമെന്ന് ലുചേസ്കു അഭിപ്രായപ്പെട്ടിരുന്നു. തന്നെ ആചാര്യൻ എന്ന് പിർലോ വിളിക്കുന്നതിലും അദ്ദേഹം അഭിമാനം കൊള്ളുന്നുവെന്നു അഭിപ്രായപ്പെട്ടു. ഒപ്പം ബാഴ്സലോണയുടെയും യുവന്റസിന്റെയും സൂപ്പർതാരങ്ങളായ മെസിയേയും ക്രിസ്ത്യാനോയെപ്പറ്റിയും സംസാരിച്ചു.

“ഞാൻ അവരിരുവരെയും അഭിമുഖീകരിച്ചിട്ടുണ്ട്, എന്നാൽ എന്റെ താരങ്ങൾ അങ്ങനെയല്ല, എനിക്ക് അവർ എങ്ങനെയാണെന്ന് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്. ഉയരം കുറഞ്ഞ മെസി ചെറിയ സ്ഥലങ്ങളിൽ വലിയ മികവ് പുലർത്തുന്ന താരമാണ്. അദ്ദേഹത്തിന്റെ ത്വരിതവേഗവും ഡ്രിബ്ലിങ്ങും ആത്മവിശ്വാസവുമാണ് അതിനു കാരണം. എന്നാൽ ക്രിസ്ത്യാനോ അതിൽ നിന്നും വ്യത്യസ്തനായി കൂടുതൽ ഗോൾ നേടാൻ ആഗ്രഹമുള്ള താരമാണ്. അതുകൊണ്ടു തന്നെ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നു.”

“അദ്ദേഹത്തിനു എല്ലാവരുടെയും സഹായം അത്യാവശ്യമാണ്. സഹതാരങ്ങളുടെയും. മെസിക്ക് ഒറ്റക്ക് പലകാര്യങ്ങളും ചെയ്യാനാവും. റൊണാൾഡോക്ക് പെനാൽറ്റി ബോക്സിലും അവിടെ നിന്നും 20 അടി അകലെ ഒക്കെയാണ് മികച്ച രീതിയിൽ കളിക്കുന്നത്. മറ്റുതാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി സ്കോർ ചെയ്യുന്നു.അത്ര തന്നെ. അവർ ഇരുവരും വ്യത്യസ്തരാണ് ഒപ്പം കൂടുതൽ ശക്തരും.” ലുചെസ്കു വ്യക്തമാക്കി.

You Might Also Like