കടുവയും പുലിയും വേട്ടക്കായി പറന്നിറങ്ങി, ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആവേശത്തില്‍

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരങ്ങളായ കോസ്റ്റ നമോനിയിനിസുവും ഗാരി ഹൂപ്പറും ഗോവയിലെത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോസ്റ്റ ജന്മനാടായ സിംബാബ്‌വെയില്‍ നിന്ന് ഗോവയില്‍ ലാന്‍ഡ് ചെയ്തതെങ്കില്‍ അര്‍ധ രാത്രിയാണ് ഗാരി ഹൂപ്പര്‍ ഗോവയില്‍ കാലുകുത്തിയത്.

ഇരുവര്‍ക്കും ഓണ്‍ലൈനിലൂടെ ഹൃദ്യമായ വരവേല്‍പ്പാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നല്‍കിയത്. ഇരുവരും ഗോവയിലെത്തിയ നിരവധി ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

2013 മുതല്‍ ചെക്ക് ക്ലബ് സ്പാര്‍ട്ടയ്ക്കായി ബൂട്ടണിയുന്ന താരമാണ് കോസ്റ്റ. ക്ലബിനായി ഇരുനൂറിലധികം മത്സരം കളിച്ച പ്രതിരോധ താരം ഒന്‍പത് ഗോളുകളും നേടിയിരുന്നു. ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്വെന്‍ ക്ലബ്ബായ അമാസുലു എഫ്സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു.

ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു.

ഗാരി ഹൂപ്പറാകട്ടെ ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നുള്ള 32കാരനാണ് ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്‌സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയിരുന്നു. ലില്ലി വൈറ്റ്‌സിലെ ഏഴുവര്‍ഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്‌ലറ്റിക്കില്‍ ചേര്‍ന്നു. 2004ലാണ് ഗ്രേസിനൊപ്പം സീനിയര്‍ ടീം അരങ്ങേറ്റം. പുതുതായി രൂപീകരിച്ച കോണ്‍ഫറന്‍സ് സൗത്തിലേക്ക് (നാഷണല്‍ ലീഗ് സൗത്ത്) ടീമിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോഴായിരുന്നു ഇത്. സൗത്തെന്‍ഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ താരം നേടി.

സൗത്തെന്‍ഡിലെ രണ്ടുവര്‍ഷം തുടര്‍ന്നുള്ള സീസണുകളില്‍ രണ്ടു വിജയകരമായ വായ്പ അടിസ്ഥാനത്തിലുള്ള മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളുമായി ഹെര്‍ഫോര്‍ഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വണ്‍ ക്ലബ്ബായ സ്‌കന്തോര്‍പ് യുണൈറ്റഡില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

സ്‌കന്തോര്‍പിലെ മികച്ച ഫോം 2010ല്‍ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കില്‍ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു. ആദ്യ സീസണില്‍ തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പര്‍ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ തുടര്‍ച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളില്‍ 31 ഗോള്‍ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം ഡബിള്‍ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്.

അടുത്ത സീസണില്‍ നോര്‍വിച്ച് സിറ്റി എഫ്‌സിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയാണ് ഹൂപ്പര്‍ നോര്‍വിച്ചിനൊപ്പം ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. പിന്നീട് ടീം തരംതാഴ്ത്തപ്പെട്ടു. എന്നാല്‍ ഹൂപ്പറിന്റെ ക്ലിനിക്കില്‍ ഫിനിഷിലൂടെയുള്ള സുപ്രധാന ഗോളുകളിലൂടെ ഉടന്‍ തന്നെ ടോപ്പ് ഡിവിഷനിലേക്ക് ടീം തിരിച്ചെത്തുകയും ചെയ്തു.

You Might Also Like