താരങ്ങള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ബിസിസിഐ, ഇത് അവസാന അവസരം

ടീമില്‍ കയറിപറ്റുന്നതിനായി വയസില്‍ കൃത്രിമത്വം കാണിച്ചിട്ടുളള താരങ്ങള്‍ക്ക് തെറ്റ് ഏറ്റുപറയാന്‍ അവസാന അവസരം നല്‍കി ബിസിസിഐ. തെറ്റു ഏറ്റുപറഞ്ഞാല്‍ പൊതുമാപ്പ് നല്‍കാന്‍ തയ്യാറാണെന്നും ഇനി പിടിക്കപ്പെട്ടാല്‍ താരങ്ങളെ രണ്ട് വര്‍ഷത്തേത്ത് സസ്പെന്‍ഡ് ചെയ്യുമെന്നും ബിസിസിഐ വ്യക്തമാക്കി. വാര്‍ത്ത കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് തങ്ങളുടെ ജനനത്തീയതിയില്‍ കൃത്രിമം കാണിച്ചുവെന്ന് സ്വമേധയാ വെളിപ്പെടുത്തുന്ന കളിക്കാരെ സസ്പെന്‍ഡ് ചെയ്യില്ല. അവരുടെ യഥാര്‍ത്ഥ ജനനത്തീയതി വെളിപ്പെടുത്തിയാല്‍ ആ പ്രായപരിധിയിലുള്ള ടീമില്‍ കളിക്കാന്‍ അനുവദിക്കുമെന്ന് ബിസിസിഐ പറയുന്നു.

ഇക്കാര്യം തുറന്ന് പറയാന്‍ സെപ്റ്റംമ്പര്‍ 15 വരെയാണ് ബിസിസിഐ സമയം അനുവദിച്ചേക്കുന്നത്. അതിനുളളില്‍ യഥാര്‍ത്ഥ ജനന തീയതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണം. താരങ്ങള്‍ ഒപ്പിട്ട കത്ത് അല്ലെങ്കില്‍ ഇമെയില്‍ വഴി രേഖകള്‍ ബിസിസിഐ ഏജ് വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനാണ് സമര്‍പ്പിക്കേണ്ടത്.

ഇപ്പോള്‍ പുറത്തിറക്കിയ നിര്‍ദ്ദേശം താരങ്ങള്‍ പാലിക്കാതെ ഇരിക്കുകയും പിന്നീട് പ്രായത്തട്ടിപ്പില്‍ കുറ്റക്കാരാവുകയും ചെയ്താല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബിസിസിഐ ഉന്നതാധികാര സമിതി വ്യക്തമാക്കി. മാത്രമല്ല ഇത്തരം തട്ടിപ്പ് തുടരുന്ന താരങ്ങളെ കണ്ടെത്തിയാല്‍ അവര്‍ക്ക് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷവും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കില്ലെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കുന്നു.

അണ്ടര്‍ 16 ടീമില്‍ കളിക്കാനുള്ള താരങ്ങളുടെ പ്രായ പരിധി 14നും 16നും ഇടയിലായിരിക്കും. പ്രായപരിധിയിലെ തട്ടിപ്പുകള്‍ തടയാന്‍ ബിസിസിഐ നടപടികള്‍ സ്വീകരിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

You Might Also Like