Tag Archive: Vinicius Junior

  1. സ്വന്തം ടീമിനെതിരെ വിനീഷ്യസിന്റെ അസിസ്റ്റ്, ഗ്രിസ്‌മാൻ നേടിയ ഗോളിൽ ബ്രസീലിയൻ താരത്തിന് ട്രോൾമഴ

    Leave a Comment

    അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ ഇന്നലെ നടന്ന കോപ്പ ഡെൽ റേ മത്സരം ആവേശകരമായ ഒന്നായിരുന്നു. സൗദിയിൽ വെച്ചു നടന്ന സൂപ്പർകൊപ്പ ടൂർണമെന്റിൽ റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയതിനു പകരം വീട്ടാൻ സിമിയോണിക്കും സംഘത്തിനും കഴിഞ്ഞു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം.

    അത്ലറ്റികോ മാഡ്രിഡ് രണ്ടു തവണ മുന്നിലെത്തിയതിനു ശേഷം റയൽ മാഡ്രിഡ് തിരിച്ചടിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു പോയിരുന്നു. എക്‌സ്ട്രാ ടൈമിൽ ഗ്രീസ്‌മൻ, റോഡ്രിഗോ റിക്വൽമി എന്നിവർ നേടിയ ഗോളിലാണ് അത്ലറ്റികോ വിജയം നേടിയത്. ഇതിൽ ഗ്രീസ്‌മൻ നേടിയ, അത്ലറ്റികോ മാഡ്രിഡിന്റെ വിജയമുറപ്പിച്ച ഗോളിൽ ട്രോൾ ചെയ്യപ്പെടുന്നത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറാണ്.

    മത്സരത്തിൽ പിൻനിരയിൽ നിന്നും വന്ന ഒരു പാസ് കാലിലൊതുക്കുന്നതിൽ വിനീഷ്യസ് പരാജയപ്പെട്ടപ്പോൾ അത് അത്ലറ്റികോ മാഡ്രിഡ് താരത്തിന് ലഭിച്ചു. അത് വീണ്ടെടുക്കാനുള്ള വിനീഷ്യസിന്റെ ശ്രമം ഗ്രീസ്‌മനുള്ള മനോഹരമായൊരു പാസായി മാറി. പന്തുമായി മുന്നേറിയ ഗ്രീസ്മാൻ മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പറെ കീഴടക്കി അത്ലറ്റികോയെ മുന്നിലെത്തിച്ചു.

    ബാഴ്‌സലോണക്കെതിരെ ഹാട്രിക്ക് നേടി സൂപ്പർകപ്പ് കിരീടം റയൽ മാഡ്രിഡിന് സ്വന്തമാക്കി നൽകിയ വിനീഷ്യസ് ഈ സംഭവത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുകയാണ്. കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായതോടെ ഈ സീസണിലും റയൽ മാഡ്രിഡിന് ട്രെബിൾ കിരീടം നേടാൻ കഴിയില്ലെന്നുറപ്പായി. ഇതുവരെ ഒരു ട്രെബിൽ കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് റയൽ മാഡ്രിഡ്.

  2. ഏതു ക്ലബിന്റെ താരമായാലും ഇത് എതിർക്കപ്പെടണം, വിനീഷ്യസിന് ബാഴ്‌സലോണയിൽ നിന്നും പിന്തുണ

    Leave a Comment

    വിനീഷ്യസ് ജൂനിയറിനെതിരെയുള്ള വംശീയമായ അധിക്ഷേപമാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. കഴിഞ്ഞ ദിവസം വലൻസിയക്കെതിരെ നടന്ന ലീഗ് മത്സരത്തിലാണ് ബ്രസീലിയൻ താരത്തെ ആരാധകർ അധിക്ഷേപിച്ചത്. ഇതിൽ പ്രതികരണം നടത്തിയ ലാ ലിഗ പ്രസിഡന്റ് ആരാധകർക്കൊപ്പം നിന്നത് കൂടുതൽ വിവാദങ്ങൾക്ക് കാരണമായി.

    സ്പെയിനിൽ നിന്നും പലപ്പോഴും വംശീയമായ അധിക്ഷേപം വിനീഷ്യസ് നേരിട്ടിട്ടുണ്ടെങ്കിലും അതിനെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന അധിക്ഷേപം വലിയ രീതിയിൽ ചർച്ചകൾക്ക് വിധേയമായി. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തു വന്നത് ബാഴ്‌സലോണ പരിശീലകനായ സാവിയും ഇതിൽ ഉൾപ്പെടുന്നു.

    “വംശീയാധിക്ഷേപം പൊതുവെ സംഭവിക്കുന്നുണ്ട്. അതൊരു വലിയ നാണക്കേടാണ്, പ്രത്യേകിച്ചും 2023ലും അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ. താരങ്ങളോ ക്ലബുകളോ, ബാഡ്‌ജുകളോ നോക്കാതെ അതിനെ അപലപിക്കണം. വിനീഷ്യസിന് നേരിട്ട അധിക്ഷേപത്തിന് വലൻസിയ അത് ചെയ്യുന്നുണ്ട്. വംശീയചിന്ത തീർത്തും ഇല്ലാതാകേണ്ടത് അനിവാര്യമാണ്.” സാവി പറഞ്ഞു.

    “മത്സരങ്ങൾ നിർത്തി വെക്കണമെന്ന് ഞാൻ എല്ലായിപ്പോഴും ചിന്തിക്കാറുണ്ട്. ഈ സ്പോർട്ടിൽ മാത്രമാണ് അധിക്ഷേപങ്ങളും സ്വീകരിക്കപ്പെടുന്നത്. നമ്മൾ ജോലി ചെയ്യുമ്പോൾ അവർ അധിക്ഷേപങ്ങൾ നടത്തുന്നത് കേൾക്കാം. ഒരു ബേക്കർക്കോ ജേർണലിസ്റ്റിനോ അങ്ങിനെയുണ്ടാകില്ല. അങ്ങിനെ സംഭവിക്കുമ്പോൾ മത്സരം നിർത്തിപോണം. ഇത് പ്രസിഡന്റിനും ഫെഡറേഷനുമുള്ള സന്ദേശമാണ്.” സാവി വ്യക്തമാക്കി.

    അതേസമയം വിനീഷ്യസ് ലാ ലിഗയും സ്പെയിനും വംശീയാധിക്ഷേപം നടത്തുന്നവരുടെ ഇടമാണെന്ന വിമർശനം നടത്തിയത് സാവി അംഗീകരിച്ചില്ല. ഒരു വിഭാഗം ആളുകൾ അത്തരത്തിൽ ഉണ്ടെന്നും അതിനെ മറികടക്കാൻ എല്ലാവരും മാതൃകയായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

     

  3. സീസൺ മോശമായെങ്കിലും വിനീഷ്യസിന് കോളടിച്ചു, താരത്തെ കാത്തിരിക്കുന്നത് വമ്പൻ ഓഫർ

    Leave a Comment

    റയൽ മാഡ്രിഡിലെ തുടക്കം അത്ര മികച്ചതായിരുന്നില്ലെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം മിന്നുന്ന പ്രകടനമാണ് വിനീഷ്യസ് ജൂനിയർ നടത്തുന്നത്. കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ താരം റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഈ സീസണിലും സമാനമായ പ്രകടനം തന്നെയാണ് താരം നടത്തുന്നത്.

    മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും റയൽ മാഡ്രിഡിന് ഈ സീസണിൽ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കി നൽകാൻ വിനീഷ്യസിന് കഴിഞ്ഞില്ല. ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ അടിയറവ് വെച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടും അടിയറവ് പറഞ്ഞു. കോപ്പ ഡെൽ റേ കിരീടം മാത്രമാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

    സീസണിൽ റയൽ മാഡ്രിഡിന്റെ നേട്ടങ്ങൾ കുറവാണെങ്കിലും വിനീഷ്യസ് ജൂനിയറിനെ കാത്ത് വലിയൊരു നേട്ടമാണ് വരാനിരിക്കുന്നത്. ബ്രസീലിയൻ താരം ടീമിനായി നടത്തുന്ന മികച്ച പ്രകടനം പരിഗണിച്ച് കരാർ പുതുക്കി നൽകാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയാണ്. അടുത്ത സീസണിൽ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ 2027 വരെ നീട്ടാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം കരാർ നീട്ടിയാൽ ഒരു സീസണിൽ ഇരുപതു മില്യൺ യൂറോ വിനീഷ്യസിന് പ്രതിഫലമായി ലഭിക്കും. ഇതോടെ റയൽ മാഡ്രിഡിലെ പ്രധാന താരങ്ങളായ കരിം ബെൻസിമ, ടോണി ക്രൂസ് എന്നിവരേക്കാൾ പ്രതിഫലം വാങ്ങുന്ന താരമായി വിനീഷ്യസ് മാറും. റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് വിനീഷ്യസ് ജൂനിയർ ആഗ്രഹിക്കുന്നത്.

    ഇരുപത്തിരണ്ടു വയസുള്ള വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിലും ഈ സീസണിലും നാൽപ്പതിലധികം ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് വിനീഷ്യസിനെ വിലയിരുത്തുന്നത്. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയും.

  4. വിനീഷ്യസ് റയലിന്റെ സ്വന്തം, കരിയർ ക്ലബിൽ തന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് ഏജന്റ്

    Leave a Comment

    ബാഴ്‌സലോണയുടെ നീക്കങ്ങളെ മറികടന്നാണ് വിനീഷ്യസ് ജൂനിയറിനെ ഏതാനും വർഷങ്ങൾക്കു മുൻപ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. തുടക്കത്തിൽ ഒന്നു പതറിയെങ്കിലും കാർലോ ആൻസലോട്ടി പരിശീലകനായതിനു ശേഷം താരത്തിന്റെ കരിയറിൽ വെച്ചടി വെച്ചടി കയറ്റമാണ്. കഴിഞ്ഞ രണ്ടു സീസണിലെയും മികച്ച പ്രകടനം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി വിനീഷ്യസിനെ മാറ്റിയിട്ടുണ്ട്.

    2027 വരെ റയൽ മാഡ്രിഡുമായി കരാറുണ്ടെങ്കിലും കിലിയൻ എംബാപ്പയെ ടീമിലെത്തിക്കാൻ ക്ലബിന് ആഗ്രഹമുള്ളത് വിനീഷ്യസിന്റെ ഭാവിയെ ബാധിക്കുമെന്നും താരം ക്ലബ് വിടാൻ ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഒരു ബില്യൺ യൂറോ റിലീസ് ക്ലോസുള്ള താരം റയൽ മാഡ്രിഡിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഏജന്റായ ഫ്രഡറികോ പെന പറയുന്നത്.

    “വിനീഷ്യസ് റയൽ മാഡ്രിഡുമായി വളരെ അടുപ്പത്തിലാണുള്ളത്, താരം അവിടെ വളരെ സന്തോഷത്തിലുമാണ്. വളരെ അനായാസതയോടെ ക്ലബിനെ സ്നേഹിച്ച് താരം അവിടെ നിൽക്കുന്നു. നിരവധി വർഷങ്ങളായി റയൽ മാഡ്രിഡിനൊപ്പമുള്ള വിനീഷ്യസ് ഒരു പക്വതയുള്ള മനുഷ്യനായി മാറിയത് അവിടെ നിന്നുമാണ്.”

    “ഒരുപാട് വർഷം ഒരേ ക്ലബിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ഒരു താരമായിരിക്കും വിനീഷ്യസ് എന്നു ഞാൻ ഇപ്പോൾ പറയാൻ ആഗ്രഹിക്കുകയാണ്. റയലിനൊപ്പം പതിനഞ്ചു വർഷങ്ങളോളം തുടർന്ന് ചരിത്രം കുറിക്കുകയാണ് വിനീഷ്യസ് ഇപ്പോൾ ലക്‌ഷ്യം വെക്കുന്നത്.” ഫ്രഡറികോ പെന പറഞ്ഞു.

    ഇന്ന് രാത്രി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡിന്റെ പ്രതീക്ഷ വിനീഷ്യസിലാണ്. ഏതു പ്രതിരോധത്തെയും പിളർത്താൻ കഴിവുള്ള താരത്തിന്റെ കൂടി മികവിലാണ് റയൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. അത് ഇത്തവണയും ആവർത്തിക്കാമെന്നാണ് അവർ കണക്കു കൂട്ടുന്നത്.

  5. ബ്രസീലിയൻ സഖ്യം നിറഞ്ഞാടിയപ്പോൾ റയലിന് മറ്റൊരു കിരീടം കൂടി

    Leave a Comment

    ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഗംഭീര പ്രകടനം നടത്തിയപ്പോൾ കോപ്പ ഡെൽ റേ ഫൈനലിൽ റയൽ മാഡ്രിഡിന് വിജയം. ഒസാസുനക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ഇതോടെ ലാ ലിഗയിൽ തിരിച്ചടികൾ നേരിടുന്നതിനെ മറികടന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ റയൽ മാഡ്രിഡിന് കഴിയും.

    മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് മുന്നിലെത്തിയിരുന്നു. വിനീഷ്യസ് ജൂനിയർ മനോഹരമായൊരു മുന്നേറ്റം നടത്തി റോഡ്രിഗോക്ക് പന്ത് കൈമാറിയപ്പോൾ അത് വലയിലേക്ക് എത്തിക്കേണ്ട ചുമതല മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ഒസാസുന പൊരുതിയെങ്കിലും ആദ്യപകുതിയിൽ ഗോളുകൾ അകന്നു നിന്നു.

    രണ്ടാം പകുതിയിൽ ഒസാസുന തിരിച്ചടിച്ചു. അമ്പത്തിയെട്ടാം മിനുറ്റിൽ ലൂക്കാസ് ടോറെയാണ് ടീമിന് പ്രതീക്ഷ നൽകിയത്. എന്നാൽ അധികനേരം ആ സന്തോഷം നീണ്ടു നിന്നില്ല. എഴുപതാം മിനുട്ടിൽ റോഡ്രിഗോ ടീമിന്റെ വിജയഗോൾ നേടി. വിനീഷ്യസ് തന്നെ നടത്തിയ മികച്ചൊരു മുന്നേറ്റം ഒസാസുന താരങ്ങൾ ക്ലിയർ ചെയ്‌തെങ്കിലും പിന്നീട് പന്ത് ലഭിച്ച റോഡ്രിഗോ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

    ഈ രണ്ടു താരങ്ങളെ സംബന്ധിച്ച് വലിയൊരു നേട്ടം കൂടിയാണ് കോപ്പ ഡെൽ റേയിലൂടെ സ്വന്തമാക്കിയത്. ഇരുപത്തിരണ്ടാം വയസിൽ തന്നെ ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും ഇവർ സ്വന്തമാക്കി. രണ്ടു ലാ ലിഗയും രണ്ടു സ്‌പാനിഷ്‌ സൂപ്പർകപ്പും, ഒരു ചാമ്പ്യൻസ് ലീഗും, ഒരു ക്ലബ് ലോകകപ്പും ഒരു യുവേഫ സൂപ്പർകപ്പും ഇപ്പോൾ കോപ്പ ഡെൽ റേയും ഇവർ സ്വന്തമാക്കി.

    ഈ പ്രായത്തിൽ തന്നെ ടീമിന്റെ പ്രധാന താരങ്ങളായി മാറിയ ഇവർ ഇനിയും മെച്ചപ്പെടുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ റയൽ മാഡ്രിഡിന്റെ ഭാവി ഭദ്രമാണെന്ന് കരുതാം. ഇനി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി ഈ താരങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും.

  6. ഇത്രയൊക്കെ ചെയ്‌തിട്ടും വിനീഷ്യസിന് ചുവപ്പുകാർഡില്ലേ? എൽ ക്ലാസിക്കോക്ക് ശേഷം ആരാധകരുടെ ചോദ്യം

    Leave a Comment

    പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തിരുന്ന ബാഴ്‌സലോണ എൽ ക്ലാസിക്കോ മത്സരത്തിൽ നിഷ്പ്രയാസം റയൽ മാഡ്രിഡിന് മുന്നിൽ കീഴടങ്ങുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും അതല്ല സംഭവിച്ചത്. റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ബാഴ്‌സലോണക്ക് സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദ മത്സരത്തിന് കൂടുതൽ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്.

    ഇന്നലെ നടന്ന മത്സരത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബാഴ്‌സലോണ കളിച്ചത്. റയൽ മാഡ്രിഡ് താരങ്ങളെ കൃത്യമായി പൂട്ടിയ ബാഴ്‌സലോണ കിട്ടിയ അവസരം മുതലെടുത്ത് ഗോൾ നേടുകയും ചെയ്‌തു. ആക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കാണാതെ വന്നതിൽ റയൽ മാഡ്രിഡ് താരങ്ങൾ അസ്വസ്ഥരാവുകയും ചെയ്‌തിരുന്നു.

    അതേസമയം മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ചുവപ്പു കാർഡ് വാങ്ങുന്നതിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വിനീഷ്യസിനെ ഇന്നലെ അറോഹോ പൂട്ടിയിരുന്നു. അതിനിടയിൽ ഒരു മഞ്ഞക്കാർഡ് വാങ്ങിയ താരം നടത്തിയ പ്രതികരണമാണ് ചർച്ചകൾ ഉയരാൻ കാരണം.

    പന്തുമായി മുന്നോട്ടു കുതിച്ച ഫ്രാങ്കീ ഡി ജോങിനെ കഴുത്തിൽ പിടിച്ച് വലിച്ചിട്ടതാണ് റഫറി മഞ്ഞക്കാർഡ് നൽകാൻ കാരണം. എന്നാൽ കാർഡ് കിട്ടിയ താരം അതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. റഫറിയുടെ മുഖത്ത് നോക്കി ആക്രോശിച്ച ബ്രസീലിയൻ ഫോർവേഡ് സകല പരിധികളും ലംഘിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ റഫറി രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി താരത്തെ പുറത്താക്കാൻ തയ്യാറായില്ല.

    റയൽ മാഡ്രിഡ് താരമായതു കൊണ്ടാണ് റഫറി അതിൽ ചുവപ്പുകാർഡ് നൽകാതിരുന്നത് എന്നും മറ്റേതൊരു ടീമിന്റെ താരമായാലും അത് ചുവപ്പുകാർഡ് നൽകുമെന്നും ആരാധകർ പറയുന്നു. ഇതിനു മുൻപ് റഫറിയോട് കയർത്തതിന്റെ പേരിൽ ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോസ്‌കിക്ക് റെഡ് കാർഡും വിലക്കും നൽകിയതും അവർ ചൂണ്ടിക്കാട്ടുന്നു.

  7. നാണംകെട്ട് ഫുട്‌ബോള്‍,; വിനീഷ്യസിന് നേരെ ക്രൂരമായ വംശീയാധിക്ഷേപം

    Leave a Comment

    ഫിഫയുടെ നേതൃത്വത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളടക്കം നടത്തിയിട്ടും ഫുട്‌ബോളിലെ വംശീയാധിക്ഷേപം അവസാനിക്കുന്നില്ല. കര്‍ശന നടപടിയുണ്ടെങ്കിലും എതിര്‍കളിക്കാര്‍ക്ക് നേരെ അധിക്ഷേപവാക്കുകള്‍ തുടരുകയാണ്. സമീപകലാത്ത് ഏറ്റവുമധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറാണ്.

    സ്പാനിഷ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് വീണ്ടും മോശം അനുഭവമുണ്ടായി. എവേ മത്സരത്തില്‍ മയോര്‍ക്ക ആരാധകരാണ് ബ്രസീലിയന്‍ താരത്തിന് നേരേ വംശീയാധിക്ഷേപം ചൊരിഞ്ഞത്. കുരങ്ങന്‍ എന്ന് വിനീഷ്യസിനെ കാണികള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മത്സരത്തില്‍ കടുത്ത ടാക്ലിംഗിനും താരംവിധേയനായി. അടുത്തിടെ മൂന്നാം തവണയാണ് എതിര്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്.

    ഖത്തര്‍ ലോകകപ്പില്‍ വംശീയാധിക്ഷേപത്തിനെതിരെ ബ്രസീല്‍താരങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി നെയ്മര്‍ അടക്കമുള്ള താരങ്ങളാണ് എത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷവും ലാലീഗയില്‍ അധിക്ഷേപം തുടരുകയാണ്. ഫിഫ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

    കോപ്പ ഡെല്‍റെ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവുമുണ്ടായിരുന്നു. കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റിക്കോ മാഡ്രിഡ്,റയല്‍ മാഡ്രിഡ് ക്ലബുകളും അപലപിച്ചിരുന്നു.


    നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ ആരോപിച്ചിരുന്നു. നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് താരത്തെ നിരാശനാക്കിയിട്ടുണ്ട്. സംഭവത്തില്‍ കടുത്ത തീരുമാനമുണ്ടാകണമെന്ന് റയല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

     

     

  8. വലന്‍സിയക്കെതിരെ റയല്‍താരം വിനീഷ്യസ് ജൂനിയര്‍ ധരിച്ചത് കറുത്തബൂട്ട്; കാരണമിതാണ്

    Leave a Comment

    മാഡ്രിഡ്: കളിക്കളത്തിലും പുറത്തും എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതാരമാണ് ബ്രസീല്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍. പലപ്പോഴും കടുത്തവിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരം. ഇന്നലെ സ്പാനിഷ് ലീഗായ ലാലീഗയില്‍ വലന്‍സിയക്കെതിരെ വിനീഷ്യസ് ഇറങ്ങിയത് കറുപ്പ് ബൂട്ട് ധരിച്ചായിരുന്നു. ആദ്യപകുതിയിലാണ് താരം ഇത്തരത്തില്‍ വ്യത്യസ്തമായെത്തിയത്. പ്രമുഖ സ്‌പോര്‍ട്‌സ് ഷൂ നിര്‍മാണ കമ്പനിയായ നൈക്കിയുമായുള്ള തര്‍ക്കമാണ് 22കാരനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

    എന്നാല്‍ രണ്ടാംപകുതിയില്‍ നൈക്കിയുടെ ബൂട്ട്ധരിച്ച് കളിക്കാനെത്തുകയും ചെയ്തു. മത്സരത്തില്‍ ഗോള്‍നേടി റയല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതും ബ്രസീല്‍ സൂപ്പര്‍താരമായിരുന്നു. 54ാം മിനിറ്റിലാണ് കരിം ബെന്‍സിമയുടെ പാസില്‍ ഗോള്‍ സ്‌കോര്‍ചെയ്തത്. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് റയലിന്റെ ജയം. മാര്‍ക്കോസ് അസന്‍സിയോയും ലക്ഷ്യംകണ്ടു. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം അഞ്ചാക്കി കുറക്കാനും നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി.


    2013 മുതല്‍ നൈക്കിയുമായി വിനീഷ്യസ് കരാറിലെത്തിയിരുന്നു. എന്നാല്‍ അമേരിക്കന്‍ കമ്പനിയുമായുള്ള പത്തുവര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കാന്‍ താരം സന്നദ്ധനായിരുന്നു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹരിക്കാനായില്ല. ഇതിന്റെ പ്രതിഷേധമെന്നോണമാണ് വിനീഷ്യസ് ആദ്യപകുതിയില്‍ ഇത്തരത്തില്‍ ബ്ലാക് ബൂട്ട് ധരിച്ചെത്തിയത്. മറ്റൊരു ബ്രാന്‍ഡുമായി താരം ഉടന്‍ കരാറിലെത്തുമെന്ന് സ്പാനിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 മുതല്‍ റയല്‍മാഡ്രിഡിന് വേണ്ടി കളിക്കുന്ന യുവതാരം ഇതിനകം 136 മത്സരങ്ങളില്‍ നിന്നായി 32 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ദേശീയടീമില്‍ ഇതുവരെ 20 മത്സരങ്ങളാണ് പൂര്‍ത്തിയാക്കിയത്.

  9. ഈ അപമാനം എന്നവസാനിക്കും; ഫുട്‌ബോളിലെ മോശം പ്രവണതയ്ക്ക് അതുറിവരുത്താനാകാതെ ഫിഫ

    Leave a Comment

    വംശീയാധിക്ഷേപത്തിനെതിരെ നിരന്തരം ക്യാമ്പയിന്‍ നടക്കുമ്പോഴും പ്രധാനമത്സരങ്ങള്‍ നടക്കുന്ന ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാറ്റമില്ലാതെതുടരുകയാണ്. റയല്‍മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് കഴിഞ്ഞദിവസം കടുത്ത വംശീയാധിക്ഷേപത്തിന് ഇരയായത്.

    ഹോസെ സൊറില്ല മൈതാനത്ത് നടന്ന റല്‍മാഡ്രിഡ്-റയല്‍ വയ്യഡോളിഡ് മത്സരത്തിനിടെയാണ് യുവതാരത്തിനെതിരെ കുപ്പിയേറും തെറിയഭിഷേകവുമുണ്ടായത്. പകരക്കാരനായി കളിക്കളത്തിലിറങ്ങിയ ഉടനെയായിരുന്നു വിനീഷ്യസിനെതിരെ കാണികള്‍ മോശമായരീതിയില്‍ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ നടപടിയെ അപലപിച്ചും വിശദീകരണവുമായും വയ്യഡോളിഡ് ക്ലബ് രംഗത്തെത്തി.


    നേരത്തെയും സമാനമായ രീതിയില്‍ വിനീഷ്യസ് ജൂനിയറിനെതിരെ അതിക്രമമുണ്ടായിരുന്നു. ഇത്തരം വംശവെറിക്കെതിരെ ലാലീഗ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമായി താരം രംഗത്തെത്തുകയും ചെയ്തു. തന്റെയും റയലിന്റേയും വിജയങ്ങള്‍ ഇനിയും ആഘോഷിക്കുമെന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുമെന്നും താരം വ്യക്തമാക്കി.

    കഴിഞ്ഞ ലോകകപ്പ് സമയത്ത് ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം ഇത്തരം വംശവെറിക്കെതിരെ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് ഘട്ടംമുതല്‍ ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ താരങ്ങള്‍ നേടുന്ന ഓരോഗോളും നൃത്തംചെയ്ത് ആഘോഷിക്കുന്നതിന് പിന്നിലുള്ള കാരണവും ഇതായിരുന്നു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിനീഷ്യസിനൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.


    ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ ഫൈനലില്‍ പെനാല്‍റ്റികിക്ക് പുറത്തേക്കടിച്ച കിംഗ്സ്ലി കോമാനും ഷുവാമെനിയും സമൂഹമാധ്യമങ്ങളില്‍ വലിയ അധിക്ഷേപത്തിനാണ് ഇരയായത്. ടീമിനെ തോല്‍പിച്ചത് ഇവരാണെന്ന തരത്തിലാണ് മോശംവാക്കുകളോടെയുള്ള വിമര്‍ശനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

    ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായസാക്ക എന്നിവരും സമാനരീതിയില്‍ അക്രമണത്തിന് ഇരയായിരുന്നു. ഓരോതവണയും ഇത്തരം വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ ഇടപെടുമെന്ന് ഫിഫയും ക്ലബ് അധികൃതരും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഫുട്‌ബോളിന് കളങ്കമായി ഇത്തരം പ്രവണതകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

  10. രോഷാകുലനായ മാഴ്‌സെലോയുടെ മുന്നറിയിപ്പും വകവെച്ചില്ല, പിഴവുകൾ വിനിഷ്യസിനു വിനയാകുന്നു

    Leave a Comment

    സിനദിൻ സിദാനു കീഴിൽ അടുത്തിടെയായി അവസരങ്ങൾ കുറഞ്ഞു വരുന്നത് യുവപ്രതിഭയാണ് വിനിഷ്യസ് ജൂനിയർ. സൂപ്പർ താരം ഈഡൻ ഹസാർഡിന് പരിക്കു മൂലം പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലെല്ലാം ഇടതു വിങ്ങിൽ സിദാന്റെ വിശ്വാസ്യത നേടിയെടുത്ത താരമായിരുന്നു ഈ ഇരുപതുകാരൻ ബ്രസീലിയൻ യുവപ്രതിഭ. എന്നാൽ ഈഡൻ ഹാസാർഡിന്റെ തിരിച്ചു വരവോടെ വിനിഷ്യസിനു സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞു വരികയാണ് ചെയ്തത്.

    എന്നാൽ ഇപ്പോൾ കിട്ടുന്ന അവസരം കൂടിയ ഇല്ലാതെയാക്കാൻ കാരണമായേക്കുന്ന പിഴവുകളാണ് വിനിഷ്യസ് അൽകൊയാനോയുമായി നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ വരുത്തിവെച്ചത്. അൽകൊയാനോയുമായി മത്സരത്തിൽ റയൽ മാഡ്രിഡാണ് ആദ്യം ഗോൾ നേടിയതെങ്കിലും വിനിഷ്യസ് ജൂനിയർ ഒന്ന് ശ്രദ്ധയോടെ പ്രതിരോധം തീർത്തിരുന്നെങ്കിൽ അൽകൊയാനോയുടെ 80ആം മിനുട്ടിലെ സമനില ഗോൾ ഒരുപക്ഷെ ഒഴിവായിപ്പോകുമായിരുന്നു.

    പ്രതിരോധത്തിലെ വിനിഷ്യസിന്റെ വലിയ പിഴവിന്റെ വീഡിയോയാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ബ്രസീലിയൻ സഹതാരം മാഴ്‌സെലോ അൽകൊയാനോക്ക് ലഭിച്ച കോർണറിന്റെ സമയത്ത് എതിർതാരത്തെ മാർക്ക് ചെയ്യാൻ വിനിഷ്യസിനോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എന്നാൽ അതു ശ്രദ്ദിക്കാതെ കോർണറിനു ശേഷമുള്ള പ്രത്യാക്രമണത്തിനായിരുന്നു വിനിഷ്യസിന്റെ നീക്കം.

    ഇതും നശിപ്പിക്കരുതെന്നു മാഴ്‌സെലോ കോർണറിനു മുൻപ് താരത്തിനോട് വിളിച്ചു പറയുന്നുണ്ട്. എന്നാൽ വിനിഷ്യസ് വെറുതെ വിട്ട തക്കത്തിൽ അൽകോയാനോ താരം ജോസെ ആൽബസ് സമനില ഗോൾ നേടുകയാണുണ്ടായത്. 78ആം മിനുട്ടിൽ ബെൻസിമക്ക് അസിസ്റ്റ് ചെയ്യുന്നതിന് പകരം ഒറ്റക്ക് ഗോൾ നേടാൻ ശ്രമിച്ചതും റയൽ ആരാധകരിൽ നിറസയുണ്ടാക്കിയിരുന്നു. പിഴവുകൾ തോൽവിയിലേക്ക് നയിച്ചതോടെ റയൽ മാഡ്രിഡിന്റെ ഫസ്റ്റ് ഇലവനിലേക്ക് ഇനി താരത്തെ പരിഗണിക്കുമോയെന്നത് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.