Tag Archive: uefa champions league

  1. റയൽ മാഡ്രിഡിനു വേണ്ടി അർജന്റീന താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ഗോൾ, പുതിയ താരോദയം

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇറ്റാലിയൻ ക്ലബായ നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിൽ നടന്ന അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡ് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാൻ തങ്ങൾക്കു കരുത്തുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

    അതേസമയം മത്സരത്തിൽ അർജന്റീനയുടെ പത്തൊന്പതുകാരനായ താരമായ നിക്കോ പാസ് നേടിയ ഗോളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ബ്രഹിം ഡയസിനു പകരക്കാരനായി അറുപത്തിയഞ്ചാം മിനുട്ടിൽ ഇറങ്ങിയ താരമാണ് മത്സരത്തിന് വഴിത്തിരിവുണ്ടാക്കിയത്. താരം കളത്തിലിറങ്ങുമ്പോൾ സ്‌കോർ 2-2 എന്ന നിലയിലായിരുന്നു. എണ്പത്തിനാലാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും റയൽ മാഡ്രിഡിന് ലീഡും താരം സ്വന്തമാക്കി നൽകി.

    റയൽ മാഡ്രിഡ് റിസേർവ് ടീമിന്റെ ഭാഗമായ നിക്കോ പാസ് താൻ സീനിയർ ടീമിനു വേണ്ടി സ്ഥിരമായി കളത്തിലിറങ്ങാൻ പ്രാപ്‌തനാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം തെളിയിക്കുന്നുണ്ട്. ഇന്നലത്തെ ഗോളോടെ ലയണൽ മെസിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. ലയണൽ മെസി ഒന്നാം സ്ഥാനത്തും നിക്കോ പാസ് രണ്ടാം സ്ഥാനത്തും നിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോയാണ് മൂന്നാമത്.

    മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയപ്പോൾ റോഡ്രിഗോ, ജൂഡ് ബെല്ലിങ്ങ്ഹാം, ജോസെലു എന്നിവരാണ് മറ്റു ഗോളുകൾ സ്വന്തമാക്കിയത്. നാപ്പോളിക്ക് വേണ്ടി അർജന്റീന താരമായ സിമിയോണി ഒരു ഗോൾ നേടിയപ്പോൾ ഫ്രാങ്ക് അങ്കുയിസ മറ്റൊരു ഗോൾ സ്വന്തമാക്കി. റയൽ മാഡ്രിഡ് ഗ്രൂപ്പിൽ പതിനഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഏഴു പോയിന്റുമായി നാപ്പോളിയാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

  2. ആറു മത്സരങ്ങളിൽ ആറു ഗോളുകൾ, റയൽ മാഡ്രിഡിന്റെ രക്ഷകനായി ബെല്ലിങ്ങ്ഹാം

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നടത്തിയ ഏറ്റവും വലിയ സൈനിങായിരുന്നു ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിന്റേത്. നൂറു മില്യണിലധികം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം അതിന്റെ മൂല്യം കളിക്കളത്തിൽ കാണിക്കുന്നുണ്ട്. ഇതുവരെ ആറു മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ച താരം ആറു ഗോളുകളാണ് നേടിയിരിക്കുന്നത്. മധ്യനിരയിൽ കളിക്കുന്ന താരം നേടിയതിൽ പലതും നിർണായകമായ ഗോളുകളായിരുന്നു.

    കഴിഞ്ഞ ദിവസം യൂണിയൻ ബെർലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡ് വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി. യൂണിയൻ ബെർലിൻ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എന്നതിലുമെല്ലാം റയൽ മാഡ്രിഡ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. ഒടുവിൽ തൊണ്ണൂറ്റിനാലാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് വിജയം സ്വന്തമാക്കിയത്.

    ഇതാദ്യമായല്ല നിർണായകമായ ഗോളുകൾ ബെല്ലിങ്ങ്ഹാം നേടുന്നത്. ഗെറ്റാഫെക്കെതിരെ നടന്ന ലാ ലിഗ മത്സരം സമനിലയിലേക്ക് പോകുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ ബെല്ലിങ്ങ്ഹാം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സെൽറ്റ വിഗോക്കെതിരെ എൺപത്തിയൊന്നാം മിനുട്ടിലാണ് ഇംഗ്ലീഷ് താരം വിജയഗോൾ നേടുന്നത്. അൽമേരിയക്കെതിരെ റയൽ വിജയിച്ചപ്പോൾ നേടിയ ഗോളുകളിലെല്ലാം താരത്തിന് പങ്കുണ്ടായിരുന്നു. അങ്ങിനെ റയൽ മാഡ്രിഡിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് താരം ഗോളുകളുമായി എത്തുന്നത്.

    ഈ സീസണിൽ ആറു മത്സരം കളിച്ചപ്പോൾ തന്നെ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയം കവരാൻ ബെല്ലിങ്‌ഹാമിന്‌ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ മികവിൽ ഇതുവരെയുള്ള മത്സരങ്ങളില്ലാം റയൽ മാഡ്രിഡ് വിജയവും സ്വന്തമാക്കി. വെറും ഇരുപതു വയസുള്ളപ്പോൾ തന്നെ റയൽ മാഡ്രിഡിന്റെ മുഖമായി മാറാൻ താരത്തിന് കഴിഞ്ഞു. റയലിന്റെ മധ്യനിരയിൽ ഒരുപാട് കാലം സ്ഥാനമുറപ്പിക്കാൻ തനിക്ക് കഴിയുമെന്ന് താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു.

  3. മിന്നും ഗോളുമായി റോഡ്രി രക്ഷകനായി, ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി

    Leave a Comment

    കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ വെല്ലുവിളിയെ മറികടന്ന് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഗോൾരഹിതമായി മുന്നോട്ടു പോയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മധ്യനിര താരം റോഡ്രി നേടിയ ഗോളിലൂടെയാണ് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.

    2021ൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും ചെൽസിയോട് ഫൈനലിൽ തോൽവി വഴങ്ങുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ആ ഫൈനലിൽ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ റോഡ്രിയെ ഇറക്കാതിരുന്ന പെപ് ഗ്വാർഡിയോളയുടെ തീരുമാനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. രണ്ടു വർഷത്തിനിപ്പുറം റോഡ്രി തന്നെ ടീമിന്റെ രക്ഷകനാവുന്നതാണ് കണ്ടത്.

    മത്സരത്തിന്റെ അറുപത്തിയെട്ടാം മിനുട്ടിലാണ് റോഡ്രിയുടെ ഗോൾ പിറന്നത്. ബെർണാർഡോ സിൽവ നൽകിയ പാസ് ബോക്‌സിന്റെ ലൈനിനടുത്തു നിന്നും മികച്ചൊരു ഷോട്ടിലൂടെ താരം വലയിലേക്ക് തൊടുത്തപ്പോൾ ഗോൾകീപ്പർക്ക് അനങ്ങാൻ പോലും അവസരമുണ്ടായില്ല. അതിനു ശേഷം ഇന്റർ മിലാൻ ആക്രമണം ശക്തമാക്കിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി പിടിച്ചു നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.

    മത്സരത്തിൽ വിജയം നേടിയതോടെ ഈ സീസണിൽ ട്രെബിൾ കിരീടങ്ങളെന്ന നേട്ടവും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ആഴ്‌സനലിനെ മറികടന്ന് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പും നേടിയതിനു ശേഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. ഈ സീസൺ ക്ലബ്ബിനെ സംബന്ധിച്ച് അവിസ്‌മരണീയമായ ഒന്നായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  4. മാഞ്ചസ്റ്റർ സിറ്റിയൊക്കെ നിസാരം, ആദ്യപാദം കഴിഞ്ഞപ്പോൾ റയലിന് ആത്മവിശ്വാസം

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദം കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിന് ആത്മവിശ്വാസം വർധിച്ചുവെന്നും രണ്ടാംപാദത്തിൽ വിജയിക്കാമെന്ന ഉറച്ച തോന്നലുണ്ടെന്നും റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അടുത്ത മത്സരം എത്തിഹാദിൽ നടക്കാനിരിക്കെയാണ്‌ റയൽ മാഡ്രിഡ് പൂർണമായ ആത്മവിശ്വാസം നേടിയിരിക്കുന്നത്.

    റയൽ മാഡ്രിഡ് ഡ്രസിങ് റൂമിലെ ഓരോ താരങ്ങളും വിശ്വസിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്നു തന്നെയാണ്. കളിയിലും തന്ത്രത്തിലും കായികപരമായ ആധിപത്യത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് തങ്ങളെ മറികടക്കാൻ കഴിഞ്ഞില്ലെന്നാണ് റയൽ മാഡ്രിഡ് സ്‌ക്വാഡിലെ താരങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത പാദത്തിൽ കൂടുതൽ നന്നായി കളിച്ചാൽ ഫൈനൽ കളിക്കാമെന്ന പ്രതീക്ഷ റയലിനുണ്ട്.

    റയൽ മാഡ്രിഡ് താരങ്ങളുടെ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ ഭീഷണി തന്നെയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയാണ് പുറത്തു പോയത്. വിജയം നേടുമെന്ന് ഉറപ്പിച്ചിരുന്ന സമയത്ത് അസാമാന്യ തിരിച്ചുവരവ് നടത്തി റയൽ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറുകയും ലിവർപൂളിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

    മറ്റൊരു കാര്യത്തിൽ കൂടി റയൽ മാഡ്രിഡിന് മുൻതൂക്കമുണ്ട്. ലീഗ് കിരീടം നഷ്‌ടമായ അവർക്ക് അടുത്ത ലീഗ് മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ചാമ്പ്യൻസ് ലീഗിൽ അവരെ മികച്ച രീതിയിൽ ഉപയോഗിക്കാം. എന്നാൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയും ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമിലെ താരങ്ങൾക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയില്ല.

  5. ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ്: ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾ ഏതൊക്കെയെന്ന് തീരുമാനമായി

    Leave a Comment

    ഫുട്ബോൾ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയായപ്പോൾ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, ബെൻഫിക്ക, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ഇന്റർ മിലാൻ, എസി മിലാൻ, നാപ്പോളി എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

    കഴിഞ്ഞ സീസണിലെ ജേതാക്കളായ റയൽ മാഡ്രിഡിന് ചെൽസിയാണ് ക്വാർട്ടർ ഫൈനലിൽ എതിരാളികൾ. കഴിഞ്ഞ സീസണിലും ചെൽസിക്കെതിരെ തന്നെയാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിച്ചത്. ഇരുപാടങ്ങളിലുമായി നാലിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഈ സീസണിലെ ഫോം പരിഗണിക്കുമ്പോഴും റയലിന് തന്നെയാണ് സാധ്യത.

    മറ്റൊരു വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്ന രണ്ടു ടീമുകൾ ക്വാർട്ടറിൽ വന്നതോടെ സെമിയിൽ ഇവരിലൊരാൾ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ഏറ്റവും ആവേശകരമായ പോരാട്ടം ഈ രണ്ടു ടീമുകളും തമ്മിൽ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    മറ്റൊരു മത്സരം ഇന്റർ മിലാനും ബെൻഫിക്കയും തമ്മിലാണ്. ഈ സീസണിൽ മികച്ച ഫോമിലാണ് ബെൻഫിക്ക ചാമ്പ്യൻസ് ലീഗിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ അവർ പിഎസ്‌ജിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. രണ്ടു ടീമുകളും ഒരുപോലെ കരുത്തരാണ് എന്നതിനാൽ തന്നെ ഈ മത്സരത്തിലും ആർക്കു വേണമെങ്കിലും വിജയം നേടാനുള്ള സാധ്യതയുണ്ട്.

    ക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരം ഇറ്റാലിയൻ ടീമുകളായ എസി മിലാനും നാപ്പോളിയും തമ്മിലാണ്. മൂന്ന് ഇറ്റാലിയൻ ടീമുകൾ ക്വാർട്ടറിൽ ഇടം നേടിയ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് നാപ്പോളി. സീരി എയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന അവർക്ക് തന്നെയാണ് ക്വാർട്ടറിൽ വിജയസാധ്യതയുള്ളത്.

    സെമി ഫൈനലിൽ നാപ്പോളിയും എസി മിലാനും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ഇന്റർ മിലാനും ബെൻഫിക്കയും തമ്മിൽ നടന്ന മത്സരത്തിലെ വിജയിയെ നേരിടും. സെമി ഫൈനലിലും സീരി എ ക്ലബുകൾ തമ്മിലുള്ള പോരാട്ടം നടക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊരു സെമി ഫൈനലിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിലുള്ള മത്സരത്തിലെ വിജയി മാഞ്ചസ്റ്റർ സിറ്റിയെയോ ബയേണിനെയോ നേരിട്ടും.