Tag Archive: Thibaut Courtois

  1. ക്വാർട്ടുവയുടെ കാര്യത്തിൽ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, പകരക്കാരായി മൂന്നു പേർ പരിഗണനയിൽ

    Leave a Comment

    നാളെ രാത്രി ഈ സീസൺ ലാ ലിഗയിലെ ആദ്യത്തെ മത്സരം അത്‌ലറ്റിക് ബിൽബാവോക്കെതിരെ കളിക്കാനിരിക്കെയാണ് റയൽ മാഡ്രിഡിന് തിരിച്ചടി നൽകി ഗോൾകീപ്പർ തിബോ ക്വാർട്ടുവക്ക് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെയാണ് ബെൽജിയൻ ഗോൾകീപ്പർക്ക് പരിക്കേറ്റത്. താരത്തെ സ്‌ട്രെച്ചറിലാണ് പരിശീലനഗ്രൗണ്ടിൽ നിന്നും മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

    ക്വാർട്ടുവക്ക് എസിഎൽ ഇഞ്ചുറി ആണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും റയൽ മാഡ്രിഡ് അതിനു ശേഷം സ്ഥിരീകരിച്ചിരുന്നു. ഇതുപോലെയുള്ള പരിക്കിനു ശസ്ത്രക്രിയ നടത്തിയാൽ ആറു മുതൽ ഒൻപത് മാസം വരെ പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തിബോ ക്വാർട്ടുവ ഏപ്രിൽ മാസത്തിലെ കളിക്കളത്തിലേക്ക് തിരിച്ചു വരൂ. ബെൻസിമ അടക്കമുള്ള താരങ്ങളെ നഷ്‌ടമായ റയൽ മാഡ്രിഡിന് ഇത് കൂടുതൽ തിരിച്ചടിയാണ്.

    രണ്ടാം നമ്പർ കീപ്പറായ ലുനിനിന് ഇപ്പോൾ തന്നെ ടീമിന്റെ ചുമതല നൽകാൻ കഴിയില്ലെന്നതു കൊണ്ട് റയൽ മാഡ്രിഡ് പുതിയ ഗോൾകീപ്പർമാരെ തേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ഡേവിഡ് ഡി ഗിയ, ലോകകപ്പിൽ മിന്നും പ്രകടനം നടത്തിയ മൊറോക്കൻ ഗോൾകീപ്പർ ബോണോ, ചെൽസിയുടെ ഗോൾകീപ്പറായ കെപ്പ എന്നിവരാണ് റയൽ മാഡ്രിഡിന്റെ പരിഗണനയിലുള്ളത്.

    ഈ ലിസ്റ്റിലുള്ളതിൽ പ്രധാന പരിഗണന കെപ്പക്കാണെങ്കിലും താരത്തെ സ്വന്തമാക്കുക റയൽ മാഡ്രിഡിനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതേസമയം എട്ടു വർഷം മുൻപ് റയൽ മാഡ്രിഡ് സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്ന ഡേവിഡ് ഡി ഗിയ ഇപ്പോൾ ഫ്രീ ഏജന്റാണ്. ബോണോയെ സ്വന്തമാക്കാനും റയൽ മാഡ്രിഡിന് കഴിയും. എന്തായാലും പുതിയൊരു താരത്തെ റയൽ മാഡ്രിഡ് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

  2. റയൽ മാഡ്രിഡ്-ലിവർപൂൾ മത്സരത്തിൽ വമ്പൻ പിഴവുകളുമായി ഗോൾകീപ്പർമാർ

    Leave a Comment

    ലിവർപൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയം ആരാധകരിൽ ആവേശമുണ്ടാക്കുന്നതായിരുന്നു. രണ്ടു ഗോളുകൾക്ക് ലിവർപൂൾ സ്വന്തം മൈതാനത്ത് മുന്നിൽ നിന്നെങ്കിലും പിന്നീട് അഞ്ചു ഗോളുകളാണ് റയൽ മാഡ്രിഡ് തിരിച്ചടിച്ചത്. ഇതോടെ യൂറോപ്പിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് ഒരിക്കൽ കൂടി ലിവർപൂളിന് മുന്നിൽ തെളിയിക്കാനും റയൽ മാഡ്രിഡിന് കഴിഞ്ഞു.

    മത്സരം പതിനാല് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് ലിവർപൂൾ മുന്നിൽ എത്തിയിരുന്നു. ഡാർവിൻ നുനസും സലായുമാണ് ലിവർപൂളിന്റെ ഗോളുകൾ നേടിയത്. എന്നാൽ പിന്നീട് ആഞ്ഞടിച്ച റയൽ മാഡ്രിഡ് ശക്തമായി തിരിച്ചു വന്നു. വിനീഷ്യസ് ജൂനിയർ, കരിം ബെൻസിമ എന്നിവർ രണ്ടു ഗോളുകൾ നേടിയപ്പോൾ പ്രതിരോധതാരം എഡർ മിലിറ്റാവോ ഒരു ഗോൾ നേടി.

    മത്സരത്തിൽ ഗോൾകീപ്പർമാർ വരുത്തിയ പിഴവുകളാണ് അതിനു ശേഷം വാർത്തകളിൽ നിറയുന്നത്. രണ്ടു ടീമിലെയും ഗോൾകീപ്പർമാർ വരുത്തിയ അബദ്ധങ്ങൾ ഓരോ ഗോളിന് കാരണമായി. സമാനമായ പിഴവുകളാണ് രണ്ടു ഗോൾകീപ്പർമാരും വരുത്തിയത്. പതിനാലാം മിനുട്ടിൽ ഒരു ബാക്ക് പാസ് ഒതുക്കാൻ ക്വാർട്ടുവ പരാജയപ്പെട്ടപ്പോൾ പന്ത് ലഭിച്ച സലാ അനായാസം വല കുലുക്കി.

    റയലിന്റെ തിരിച്ചുവരവിന് കാരണമായ ഗോളാണ് അലിസണിന്റെ പിഴവിൽ നിന്നും വന്നത്. ലിവർപൂൾ താരം നൽകിയ ബാക്ക്പാസ് അടിച്ചകറ്റാൻ അലിസൺ ശ്രമിച്ചപ്പോൾ അത് പ്രസ് ചെയ്യാൻ ഓടിയെത്തിയ വിനീഷ്യസിന്റെ ദേഹത്തു കൊണ്ട് വലക്കകത്തേക്ക് കയറി. ആ ഗോളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു പൊരുതിയ റയൽ മാഡ്രിഡ് പിന്നീട് നാല് ഗോളുകൾ കൂടി ലിവർപൂളിന്റെ വലയിൽ അടിച്ചു കയറ്റുകയായിരുന്നു.

    മത്സരത്തിൽ വിജയം നേടിയ റയൽ മാഡ്രിഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതു പോലെയാണ് നിൽക്കുന്നത്. റയലിന്റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഇത്രയും വലിയൊരു ഗോൾവ്യത്യാസം മറികടക്കാൻ ലിവർപൂളിന് കഴിയാൻ യാതൊരു സാധ്യതയുമില്ല. അതേസമയം വമ്പൻ ജയത്തോടെ ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ റയൽ മാഡ്രിഡ് വർധിപ്പിച്ചിട്ടുണ്ട്.

  3. ക്ലാസിക്കോ ജയിക്കേണ്ടത് അഭിമാനപ്രശ്‍നം, ഒരുമിച്ചു മുന്നേറിയാൽ ഞങ്ങളെ ആർക്കും തടുക്കാനാവില്ലെന്നു തിബോട് കോർട്‌വ

    Leave a Comment

    റയൽ മാഡ്രിഡിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ബെൽജിയം സൂപ്പർകീപ്പർ തിബോട് കോർട്‌വ. അവസാനം സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന രണ്ടു മത്സരങ്ങളിലും സിദാന്റെ റയൽ മാഡ്രിഡിനു തോൽവി രുചിക്കേണ്ടി വന്നെങ്കിലും എൽ ക്ലാസിക്കോ വിജയിക്കാനാവുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കോർട്‌വ.

    എൽ ക്ലാസിക്കോക്ക് മുന്നോടിയായി ലാലിഗക്ക് നൽകിയ അഭിമുഖത്തിലാണ് കോർട്‌വ റയൽ മാഡ്രിഡ് ടീമിലുള്ള തന്റെ ആത്മവിശ്വാസം വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡ്‌ എല്ലാ കീരീദങ്ങൾക്ക് വേണ്ടിയും പരിശ്രമിക്കുന്ന ടീമാണെന്നും അതുകൊണ്ടാണ് അവർ ലോകത്തിലെ തന്നെ മികച ക്ലബ്ബായി തുടരുന്നതെന്നും കോർട്‌വ ചൂണ്ടിക്കാണിച്ചു. ഒരുമിച്ചു പോരാടാനിറങ്ങിയാൽ ഒരു ടീമിനും തങ്ങളെ തോൽപിക്കാനാവില്ലെന്നും കോർട്‌വ കൂട്ടിച്ചേർത്തു. ഇന്നു നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയെക്കുറിച്ചും താരം മനസു തുറന്നു.

    ” ഏറ്റവും സ്പെഷ്യൽ ആയ ഒരു മത്സരം തന്നെയാണിത്. ഞാൻ ചെൽസിയിൽ കളിച്ചിരുന്ന കാലത്തു ടീവിയിൽ ക്ലാസിക്കോ കാണാൻ ശ്രമിക്കാറുണ്ടായിരുന്നു. ഇത്തരം മത്സരങ്ങളിൽ കളിക്കണമെന്ന് സ്വപ്നം കാണാറുണ്ടായിരുന്നു. രണ്ടു വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്ന എൽക്ലാസിക്കോ വളരെ പ്രധാന്യമേറിയ മത്സരം തന്നെയാണ്.”

    “ഞങ്ങൾക്ക് ജയിച്ചു മുന്നേറാനായാൽ അത് വലിയ കാര്യമാണ്. ഒപ്പം ഈ വിജയങ്ങൾ തുടരുകയും വേണം. എല്ലാ ആഴ്ചകളിലെപ്പോലെയും ഈ മൂന്നു പോയിന്റും വളരെ മൂല്യമുള്ളതു തന്നെയാണ്. ഇത് ജയിക്കാനാനായാൽ അതു ഞങ്ങൾക്ക് കൂടുതൽ ആത്‍മവിശ്വാസം നൽകുമെന്നുറപ്പാണ്. ഇതിനെല്ലാം പുറമെ എൽ ക്ലാസിക്കോ ജയിക്കുന്നത് അഭിമാനത്തെക്കൂടി സംബന്ധിക്കുന്ന ഒന്നാണ്. ” കോർട്‌വ ലാലിഗ യോട് പറഞ്ഞു.

  4. ഹസാർഡിന്റെ വിസ്ഫോടനാത്മകമായ തിരിച്ചുവരവിന് സാക്ഷിയാവും, ആരാധകർക്ക് ആത്മവിശ്വാസം പകർന്ന് കോർട്‌വാ.

    Leave a Comment

    റയൽ മാഡ്രിഡിൽ പരിക്കു മൂലം വിഷമിക്കുന്ന ബെൽജിയൻ സൂപ്പർതാരമാണ് ഈഡൻ ഹസാർഡ്. കണങ്കാലിനേറ്റ പരിക്കിൽ നിന്നും മോചിതനായെങ്കിലും വീണ്ടും തുടയിലെ പേശിക്കു പരിക്കേറ്റത് താരത്തിനു തിരിച്ചടിയാവുകയായിരുന്നു.  ഇതുമൂലം ബെൽജിയം സ്‌ക്വാഡിൽ നിന്നും താരത്തെ റയൽ മാഡ്രിഡിലേക്കു തന്നെ  തിരിച്ചയക്കുകയായിരുന്നു.

    എന്നാലിപ്പോൾ  തന്റെ ബെൽജിയൻ സഹതാരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്   റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബോട്ട്  കോർട്‌വ. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായ ഹസാർഡിന്റെ വിസ്ഫോടാനാത്മകമായ തിരിച്ചുവരവിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുകയെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഈ സൂപ്പർകീപ്പർ. ട്രെയിനിങ്ങിൽ മെച്ചപ്പെട്ട പ്രകടനം താരം കാഴ്ചവെക്കുന്നുണ്ടെന്നും കോർട്‌വ ചൂണ്ടിക്കാണിച്ചു.

    ” ഹസാർഡ്? എനിക്കൊരു സംശയവുമില്ല, അദ്ദേഹത്തിന്റെ മികവ് അധികം വൈകാതെ തന്നെ നമുക്ക് കാണാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിനു തന്നെയാണ് അതു കാണിച്ചുകൊടുക്കാൻ ഏറ്റവും ആഗ്രഹമുള്ളത്. അദ്ദേഹം ഞങ്ങൾക്കൊപ്പം മികച്ച രീതിയിൽ ഉയർന്നു വരുന്നുണ്ട്. ഉടൻ തന്നെ അദ്ദേഹത്തിനത് തെളിയിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”

    “പരിക്കിനു തൊട്ടുമുൻപുള്ള മത്സരങ്ങളിൽ അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് കളിച്ചിരുന്നത്. പിന്നീട് സംഭവിച്ചത് ഡൗർഭാഗ്യകരമായിരുന്നു. അതിൽ നിന്നും പുറത്തുവരുകയെന്നത് ദുഷ്കരം തന്നെയാണ്. എന്നാൽ ഈ മാസം അദ്ദേഹം മികച്ച രീതിയിൽ തന്നെ ട്രെയിൻ ചെയ്യുന്നതായി ഞാൻ കാണാനിടയായി. അധികം വൈകാതെ തന്നെ അദ്ദേഹം വിസ്ഫോടനാത്മകമായ തിരിച്ചുവരവ് നടത്തുമെന്നും ടീമിനു സന്തോഷം പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. ” കോർട്‌വ കാഡേനാ സെർ എന്ന സ്പാനിഷ് മാധ്യമത്തിനോട് വെളിപ്പെടുത്തി.

  5. നേട്ടങ്ങളും കോട്ടങ്ങളും ഇങ്ങനെ, ലാലിഗ അവസാനിച്ചപ്പോൾ ബാക്കിയാകുന്നത് !

    Leave a Comment

    കൊറോണ പ്രതിസന്ധി മൂലം ലാലിഗ ഉപേക്ഷിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ജൂണിൽ മത്സരം പുനരാരംഭിച്ചു. റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തോടു കൂടി ലാലിഗ 2019-20 സീസൺ ഭംഗിയായി പരിസമാപ്തിയും കുറിച്ചു.

    ലെഗാനെസുമായുള്ള മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും റയൽ മാഡ്രിഡ്‌ മുമ്പേ തന്നെ ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ടിരുന്നു. ലാലിഗയിൽ നിന്നും ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്‌, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്‌, സെവിയ്യ എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള യോഗ്യത നേടിയത്.

    അതേ സമയം ഇവർക്ക് പിറകിലായി ഫിനിഷ് ചെയ്ത വിയ്യാറയൽ, റയൽ സോസിഡാഡ്, ഗ്രനാഡ എന്നിവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും ലഭിച്ചു.എന്നാൽ റയൽ മയ്യോർക്ക, എസ്പാനോൾ, ലെഗാനസ് എന്നിവർ സെക്കന്റ്‌ ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

    ഈ സീസണിലെ ടോപ്സ്കോറർക്ക് നൽകുന്ന പിച്ചിച്ചി അവാർഡ് തുടർച്ചയായി മൂന്നാം തവണയും ലയണൽ മെസി തന്നെ നേടി. അവസാന മത്സരത്തിലെ രണ്ടുഗോളുകളോടെ 25 ഗോളുകൾ അടിച്ചു കൂട്ടിയാണ് മെസി ലീഗിലെ മികച്ച ഗോൾവേട്ടക്കാരനായത്. 21 ഗോളുകൾ നേടിയ ബെൻസിമ രണ്ടാമത് എത്തി.

    ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള സമോര ട്രോഫി റയൽ കീപ്പർ കോർട്ടുവ നേടി. റയൽ മാഡ്രിഡിനൊപ്പവും അത്ലറ്റികോ മാഡ്രിഡിനൊപ്പവും ഈ ട്രോഫി നേടുന്ന ആദ്യ താരവും കോർട്ടുവ തന്നെ. യാൻ ഒബ്ലക്, ഉനൈ സിമോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

    ഏറ്റവും മികച്ച പരിശീലകനുള്ള മിഗെൽ മുനോസ് പുരസ്‌കാരം സിദാനും ലോപെറ്റെഗിയും പങ്കിട്ടെടുത്തു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന സ്പാനിഷ് താരത്തിന് നൽകുന്ന സാറ ട്രോഫി വിയ്യാറയൽ താരം ജെറാർഡ് മൊറെനോക്ക് ലഭിച്ചു. 18 ഗോളുകളാണ് താരം ലീഗിൽ നേടിയത്. 15 ഗോളുകൾ നേടിയ റൗൾ ഗാർഷ്യ, 14 ഗോളുകൾ നേടിയ ഇയാഗോ ആസ്പാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.

  6. കിരീടനേട്ടത്തിനൊപ്പം അവിശ്വസനീയ റെക്കോര്‍ഡും! 1954ലെ റെക്കോര്‍ഡ് പഴങ്കഥയാക്കി ക്വാര്‍ട്ടുവ

    Leave a Comment

    ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ ഈ സീസണിലെ മികച്ച പ്രകടനങ്ങളുടെയെല്ലാം പിന്നിലെ നട്ടെല്ലാണ് ഗോളി തിബോട് ക്വാര്‍ട്ടുവയുടെ പ്രകടനങ്ങളെന്നു നിസംശയം പറയാം. 34 മത്സരങ്ങളില്‍ നിന്നും 20 ഗോളുകള്‍ മാത്രം വഴങ്ങി ക്വാര്‍ട്ടുവ 18 ക്‌ളീന്‍ഷീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് റയല്‍ മാഡ്രിഡിനു വേണ്ടി കാഴ്ച വെക്കുന്നത്.

    റയല്‍ മാഡ്രിഡിനൊപ്പം തന്റെ ആദ്യ ലാലിഗ കിരീടം സ്വന്തമാക്കിയ ക്വാര്‍ട്ടുവ മറ്റൊരു റെക്കോര്‍ഡിനുടമയായിരിക്കുകയാണ്. ജോസെ ലൂയിസ് പെരെസ് പായക്കു ശേഷം അത്‌ലറ്റികോ മാഡ്രിഡിനും റയല്‍ മഡ്രിഡിനും വേണ്ടി ലാലിഗ കിരീടം നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഈ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍.

    ക്വാര്‍ട്ടുവയെ പോലെ തന്നെ അത്‌ലറ്റികോയുടെ ചരിത്രത്തിലെ മറ്റൊരു താരമാണ് പെരെസ്-പായ. റയല്‍ മാഡ്രിഡിലെത്തും മുന്‍പ് 14 ഗോളുകള്‍ നേടി അത്‌ലറ്റികോ മാഡ്രിഡിനെ കിരീടജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് പെരെസ്.

    അത്‌ലറ്റികോയുടെ കിരീടം നേട്ടത്തിലും മുഖ്യപങ്കുവഹിച്ച തിബോട് ക്വാര്‍ട്ടുവ സിമിയോണിയുടെ കീഴില്‍ മികച്ചപ്രകടനമാണ് നടത്തിയത്. ഇപ്പോള്‍ റയല്‍ മാഡ്രിഡിനുവേണ്ടി കിരീടനേട്ടത്തിന്റെ നട്ടെല്ലായി പ്രകടനം കാഴ്ചവെച്ചതോടെ പെരെസ്-പായയുടെ 1954ലെ റെക്കോര്‍ഡിലെത്തി നില്‍ക്കുകയാണ് 28കാരന്‍.

    കഴിഞ്ഞ സീസണുകളില്‍ ഗോള്‍ വഴങ്ങുന്നതില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരമാണ് ഈ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍. എന്നാല്‍ വിമര്‍ശകരുടെ വായ്മൂടിക്കെട്ടി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിബോട് ക്വാര്‍ട്ടുവ. സിദാന്‍ റയല്‍ മാഡ്രിഡിനു വേണ്ടി പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രതിരോധനിരക്കൊപ്പം ഗോള്‍വലക്കു മുന്നില്‍ തിബോയുടെ പ്രകടനം അടുത്ത സാമോര ട്രോഫിക്കടുത്തെച്ചിരിക്കുകയാണ്.

  7. അവിശ്വസനീയ റെക്കോര്‍ഡിന് ഇനി മിനുട്ടുകള്‍ മാത്രം, ചരിത്രമെഴുതാന്‍ റയല്‍ ഗോള്‍കീപ്പര്‍

    Leave a Comment

    കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലാലിഗ പുനരാരംഭിച്ച ശേഷം മികച്ച പ്രകടനത്തോടെ റയല്‍ മാഡ്രിഡിന്റെ വിജയങ്ങളുടെ നട്ടെല്ലായി മാറിയിരിക്കുകയാണ് തിബോട് കോര്‍ട്വാ എന്ന ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍. തന്റെ കരിയറിലെ രണ്ടാം സമോര ട്രോഫിക്കുവേണ്ടിയുള്ള മികച്ച പ്രകടനമാണ് കോര്‍ട്വാ റയല്‍ മാഡ്രിഡിന് വേണ്ടി കാഴ്ചവെക്കുന്നത്.

    എന്നാല്‍ ഇതിനോടൊപ്പം തന്നെ തന്റെ തന്നെ വ്യക്തിഗത റെക്കോര്‍ഡിനെ മറികടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍. അലവസുമായുള്ള തകര്‍പ്പന്‍ ജയം നേടിയ മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ഗോള്‍ നേടാതെ തുടര്‍ച്ചയായി 457 മിനുട്ടുകള്‍ വലകാത്ത കോര്‍ട്വാ 535 മിനുട്ടെന്ന തന്റെ തന്നെ വ്യക്തിഗത റെക്കോര്‍ഡിനെ മറികടക്കാന്‍ വെറും 78 മിനുട്ടുകള്‍ മാത്രം കളിച്ചാല്‍ മതിയാകും.

    സെര്‍ജിയോ റാമോസോ ഡാനി കര്‍വഹാലോ ഇല്ലാതെ അലവെസിന്റെ മുന്നേറ്റങ്ങളെ ചെറുത്ത കോര്‍ട്വാ തന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ക്‌ളീന്‍ഷീറ്റാണ് റയല്‍ മാഡ്രിഡിനു വേണ്ടി നേടിയത്. ഇതു വരെ 32 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ മാത്രം വഴങ്ങിയ കോര്‍ട്വായുടെ ഗോള്‍ വഴങ്ങുന്ന ശരാശരി വെറും 0.56 മാത്രമാണ്.

    ‘ഞാന്‍ അവനില്‍ സന്തുഷ്ടനാണ്. അവന്‍ ഞങ്ങളുടെ ഗോള്‍കീപ്പറായതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. എന്റെ അഭിപ്രായത്തില്‍ അവനാണു ഇപ്പോള്‍ ലോകത്തിലെ തന്നെ മികച്ച ഗോള്‍കീപ്പര്‍. ഞങ്ങള്‍ക്ക് ഇനിയും ക്‌ളീന്‍ഷീറ്റുകള്‍ നേടാനുണ്ട്.’ കോര്‍ട്വയുടെ പ്രകടനത്തെക്കുറിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ അലാവെസിനെതിരെ മത്സര ശേഷം പറഞ്ഞതിങ്ങനെയാണ്.