Tag Archive: NEYMAR

  1. നെയ്‌മർക്കു വേണ്ടി റാഫിന്യ പകരം ചോദിച്ചു, ഇതാണ് ബ്രസീലിയൻ താരങ്ങളുടെ ഒത്തൊരുമ

    Leave a Comment

    ബാഴ്‌സലോണയിൽ നിന്നും അപ്രതീക്ഷിത ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടുത്തെ നാളുകൾ ഒട്ടും സുഖകരമായിരുന്നില്ല. പരിക്കുകൾ വേട്ടയാടിയപ്പോഴും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പെരുമാറ്റത്തിലെ പ്രശ്‌നങ്ങൾ താരത്തിന് വിനയായിരുന്നു.ഒടുവിൽ പിഎസ്‌ജി ആരാധകരുടെ കടുത്ത അധിക്ഷേപം ഏറ്റുവാങ്ങിയാണ് താരം ക്ലബ് വിട്ടത്.

    പിഎസ്‌ജിയോട് നേർക്കുനേർ നിന്ന് പകരം വീട്ടാൻ നെയ്‌മർക്ക് ഒരവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രസീലിയൻ സഹതാരമായ റാഫിന്യ അത് നടപ്പിലാക്കി. ബാഴ്‌സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജിയുടെ മൈതാനത്ത് വിജയം നേടിയ മത്സരത്തിൽ നെയ്‌മറെ അധിക്ഷേപിച്ച പിഎസ്‌ജി ആരാധകരെ നിശ്ശബ്ദരാക്കി രണ്ടു ഗോളുകൾ നേടിയത് റാഫിന്യയാണ്.

    മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം നെയ്‌മറുടെ സെലിബ്രെഷൻ പുറത്തെടുത്താണ് റാഫിന്യ പിഎസ്‌ജി ആരാധകരെ കേറി ചൊറിഞ്ഞത്. ആ സെലിബ്രെഷന്റെ ചിത്രം ബാഴ്‌സലോണ ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ നെയ്‌മർ അതിനു കമന്റ് ചെയ്യുകയുമുണ്ടായി. തനിക്ക് വേണ്ടി റാഫിന്യ പിഎസ്‌ജി ആരാധകർക്ക് മുന്നിൽ നടത്തിയ സെലിബ്രെഷനിൽ താരം ഹാപ്പിയാണെന്ന് ആ കമന്റ് വ്യക്തമാക്കുന്നു.

    മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സലോണ താരങ്ങളെ തളർത്താൻ പിഎസ്‌ജി അൽട്രാസ് ശ്രമിച്ചിരുന്നു. എന്നാൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ വിധ്വേഷം തുപ്പിയ അവർക്ക് ബാഴ്‌സലോണയെയും റാഫിന്യയെയും തളർത്താൻ കഴിഞ്ഞില്ല. എന്തായാലും നെയ്‌മർക്ക് വേണ്ടി റാഫിന്യ പ്രതികാരം ചെയ്‌തത്‌ ബ്രസീലിയൻ താരങ്ങൾ തമ്മിലുള്ള ഒത്തൊരുമയെ വ്യക്തമാക്കുന്നു.

  2. ബ്രസീലിയൻ സുൽത്താന്റെ കോപ്പ അമേരിക്ക മോഹം പൊലിയുന്നു, നെയ്‌മർ ടൂർണമെന്റ് കളിച്ചേക്കില്ല

    Leave a Comment

    ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്‌മർ ജൂനിയർ കളിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മർ ടൂർണമെന്റിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് ബ്രസീലിൽ നിന്നുള്ള വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്.

    നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്‌മർ ജൂനിയർ. അവർക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം പരിക്കിൽ നിന്നും പൂർണമായി മുക്തനാവാൻ ജൂലൈ ആകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ താരത്തിന് ടൂർണമെന്റ് നഷ്‌ടമാകും.

    കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നെയ്‌മർക്ക് വലിയ തിരിച്ചടി തന്നെയാണ്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ഇനിയൊരു കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ഇതുവരെ കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ലാത്ത നെയ്‌മർക്ക് ഇത് അവസാന അവസരമാണ്. അപ്പോഴാണ് പരിക്കിന്റെ ഭീഷണി വിടാതെ പിന്തുടരുന്നത്.

    ഇതിനു മുൻപ് 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റ് പരിക്ക് കാരണം നെയ്‌മർക്ക് നഷ്‌ടമായിരുന്നു. ആ കിരീടം ബ്രസീൽ സ്വന്തമാക്കുകയുമുണ്ടായി. ദേശീയ ടീമിനൊപ്പം വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ കഴിയാത്ത നെയ്‌മർക്ക് അതിനുള്ള അവസരമായിരുന്നു കോപ്പ അമേരിക്ക. എന്നാൽ പ്രതിഭയുള്ള താരത്തിനെ നിർഭാഗ്യം വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്.

  3. ബ്രസീലിനെ നയിക്കാൻ സുൽത്താനുണ്ടാകില്ല, നെയ്‌മർ കോപ്പ അമേരിക്കയിൽ നിന്നും പുറത്ത്

    Leave a Comment

    ബ്രസീൽ ആരാധകർക്ക് വലിയ നിരാശ നൽകി അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ നിന്നും സൂപ്പർതാരം നെയ്‌മർ പുറത്ത്. ബ്രസീൽ ടീമിന്റെ ഡോക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ സമയത്തേക്ക് നെയ്‌മർ പരിക്കിൽ നിന്നും മോചിതനാകാൻ സാധ്യതയില്ലെന്നും താരം കോപ്പ അമേരിക്ക കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    നവംബർ തുടക്കത്തിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തു പോകുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിനിടയിൽ പരിക്കേറ്റു കരഞ്ഞു കൊണ്ടാണ് താരം കളിക്കളം വിട്ടത്. നെയ്‌മറുടെ പരിക്ക് ഗുരുതരമായ ഒന്നാണെന്ന് അപ്പോൾ തന്നെ അറിയാമായിരുന്നെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷകൾ ഇപ്പോൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്.

    ബ്രസീലിനെ സംബന്ധിച്ച് കണത്തെ നിരാശയാണ് നെയ്മറുടെ പരിക്ക് സമ്മാനിക്കുന്നത്. മുന്നേറ്റനിരയിൽ മികച്ച താരങ്ങൾ നിരവധിയുണ്ടെങ്കിലും ടീമിന്റെ നെടുന്തൂണായി കളിച്ചിരുന്നത് നെയ്‌മർ തന്നെയാണ്. നെയ്‌മർ പരിക്കേറ്റു പുറത്തായ മത്സരമടക്കം കഴിഞ്ഞ മൂന്നു കളികളിലും ബ്രസീൽ തോൽവി വഴങ്ങി. താരത്തിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

    നെയ്‌മർക്ക് രണ്ടാമത്തെ കോപ്പ അമേരിക്ക ടൂർണമെന്റാണ് പരിക്ക് കാരണം നഷ്‌ടമാകുന്നത്. ഇതിനു മുൻപ് 2019ൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ നെയ്‌മർ പരിക്ക് കാരണം കളിച്ചിരുന്നില്ലെങ്കിലും ബ്രസീൽ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകളടക്കം ഉള്ളതിനാൽ ബ്രസീലിനു കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ലെന്നുറപ്പാണ്.

  4. നെയ്‌മറുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ച് അൽ ഹിലാൽ, സന്ദേശവുമായി ലയണൽ മെസി

    Leave a Comment

    കഴിഞ്ഞ ദിവസം യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനായി ഇറങ്ങിയ നെയ്‌മർക്ക് പരിക്കേറ്റിരുന്നു. മത്സരം നാൽപത് മിനുട്ടോളം പിന്നിട്ടപ്പോഴാണ് നെയ്‌മർ മൈതാനത്തു പരിക്കേറ്റു വീണത്. ഇതേത്തുടർന്ന് സ്‌ട്രെച്ചറിലാണ് താരത്തെ അവിടെ നിന്നും നീക്കിയത്. നിരന്തരം പരിക്കുകൾ സംഭവിക്കാറുള്ള താരത്തിന് ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്ന് അതിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോൾ താരത്തിന്റെ ക്ലബായ അൽ ഹിലാൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടു.

    അൽ ഹിലാൽ നൽകിയ വിവരങ്ങൾ പ്രകാരം ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗ്‌മെന്റിനാണ് നെയ്‌മർക്ക് പരിക്ക് പറ്റിയിരിക്കുന്നത്. അതിനാൽ തന്നെ താരം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. ശസ്ത്രക്രിയ കഴിഞ്ഞു താരം പരിക്കിൽ നിന്നും പൂർണമായി മോചിതനാകാൻ ഏഴു മുതൽ ഒൻപത് മാസങ്ങൾ വരെ എടുക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒൻപത് മാസങ്ങൾ കളിക്കളത്തിനു പുറത്തിരിക്കേണ്ടി വന്നാൽ നെയ്‌മർക്ക് ചിലപ്പോൾ കോപ്പ അമേരിക്ക ടൂർണമെന്റ് വരെ നഷ്‌ടമായേക്കും.

    അതിനിടയിൽ നെയ്‌മർക്ക് ധൈര്യം പകരുന്ന സന്ദേശവുമായി താരത്തിന്റെ സുഹൃത്തും അർജന്റീന നായകനുമായ ലയണൽ മെസി രംഗത്തു വന്നിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് മെസി നെയ്‌മർക്ക് സന്ദേശം നൽകിയിരിക്കുന്നത്. മെസിയും നെയ്‌മറും ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തതിന്‌ ശേഷം ‘കൂടുതൽ കരുത്ത് ലഭിക്കട്ടെ’ എന്നാണു മെസി കുറിച്ചിരിക്കുന്നത്. അടുത്ത മാസം അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്‌ നെയ്‌മർക്ക് പരിക്കേറ്റത്.

    നെയ്‌മർക്ക് പരിക്കേറ്റത് ഇന്ത്യയിലെ ബ്രസീലിയൻ ആരാധകർക്കും തിരിച്ചടിയാണ്. നവംബർ ആദ്യവാരം നെയ്‌മറുടെ ക്ലബായ അൽ ഹിലാൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്. പരിക്കേറ്റതോടെ ബ്രസീലിയൻ താരം ആ മത്സരത്തിനുണ്ടാകില്ലെന്ന് ഉറപ്പായി. അടുത്ത മാസം നടക്കാനിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും നെയ്‌മറുടെ പരിക്ക് തിരിച്ചടിയാണ്. നിലവിൽ തന്നെ അത്ര മികച്ച ഫോമിലല്ല ബ്രസീൽ കളിച്ചു കൊണ്ടിരിക്കുന്നത്.

  5. നെയ്‌മർക്ക് ബ്രസീലിൽ ക്രൂരമായ അധിക്ഷേപം, താരത്തിനു നേരെ ഭക്ഷണത്തിന്റെ അവശിഷ്‌ടം വലിച്ചെറിഞ്ഞു

    Leave a Comment

    ഇന്ന് രാവിലെ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു നിരാശയായിരുന്നു ഫലം. മത്സരത്തിൽ എൺപതിനാല് മിനുട്ടും ഒരു ഗോളിന് മുന്നിലായിരുന്നു ബ്രസീൽ അതിനു ശേഷം പാരഗ്വായ് താരം ബെല്ലോ നേടിയ തകർപ്പൻ ഒരു ബൈസിക്കിൾ കിക്ക് ഗോൾ വഴങ്ങി സമനില വഴങ്ങുകയായിരുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നു മത്സരങ്ങളും വിജയിച്ച അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ബ്രസീൽ വീണു.

    മത്സരത്തിന് ശേഷം നെയ്‌മർക്ക് നേരെയുണ്ടായ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. മത്സരം കഴിഞ്ഞ് സ്വന്തം മൈതാനത്തെ കാണികളെ അഭിവാദനം ചെയ്‌തതിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന നെയ്‌മറെ അതിനു മുകളിൽ ഉണ്ടായിരുന്ന കാണികളിൽ ഒരാൾ പോപ്കോൺ നിറഞ്ഞ പാത്രം കൊണ്ടാണ് എറിഞ്ഞത്. ഏറു തലയ്ക്കു തന്നെ കൊണ്ടതിനാൽ പ്രകോപിതനായി നെയ്‌മർ ആരാധകരോട് രോഷം കൊള്ളുകയും ചെയ്‌തു.

    ബ്രസീൽ ആരാധകർ നിറഞ്ഞു നിന്നിരുന്ന സ്ഥലത്തു നിന്നാണ് നെയ്‌മർക്ക് ഏറു കൊണ്ടത്. അതിനാൽ ബ്രസീലിയൻ ആരാധകർ തന്നെയാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കേണ്ടത്. നെയ്‌മരുടെയും ടീമിന്റെയും പ്രകടനത്തിൽ തൃപ്‌തിയില്ലാത്ത ആരാധകരായിരിക്കാൻ ഇത് ചെയ്‌തത്‌. 2002 മുതൽ ലോകകപ്പ് ഫൈനൽ പോലും കളിക്കാൻ കഴിയാത്ത ബ്രസീൽ കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ ടീമിനെതിരെ ആരാധകരോഷം ശക്തമാണ്.

    അതേസമയം നെയ്‌മർ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം അർഹിച്ചിരുന്നില്ലെന്നതാണ് വാസ്‌തവം. വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയ താരം ഒരു സുവർണാവസരം ഉണ്ടാക്കുകയും ചെയ്തു. മത്സരത്തിൽ മൂന്നു കീപാസുകൾ നൽകിയ താരം ഇപ്പോഴും ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്നു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കെയാണ് ആരാധകർ പ്രതിഷേധം ഉയർത്തിയത്.

  6. സൗദി അരങ്ങേറ്റം ഗംഭീരമാക്കി നെയ്‌മർ, പിടിച്ചുകെട്ടാൻ ആർക്കുമാവില്ല

    Leave a Comment

    സൗദി അറേബ്യയിലേക്ക് നേരത്തെ ചേക്കേറിയെങ്കിലും കഴിഞ്ഞ ദിവസമാണ് നെയ്‌മർ ടീമിനായി ആദ്യത്തെ മത്സരം കളിക്കുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന താരം അൽ ഹിലാലിൽ എത്തിയതിനു ശേഷം അതിൽ നിന്നും മോചിതനാകാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോൾ പരിക്ക് പൂർണമായും മാറിയ താരം കഴിഞ്ഞ ദിവസം അൽ റിയാദിനെതിരെ നടന്ന മത്സരത്തിലാണ് ടീമിനായി കളത്തിലിറങ്ങിയത്.

    സൗദി അറേബ്യയിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തന്റെ മികവ് തെളിയിക്കാൻ നെയ്‌മർക്ക് കഴിഞ്ഞു. പകരക്കാരനായി നെയ്‌മർ കളത്തിലിറങ്ങുന്ന സമയത്ത് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു അൽ ഹിലാൽ. അതേസമയം അറുപത്തിനാലാം മിനുട്ടിൽ താരം മൈതാനത്ത് ഇറങ്ങിയതിനു ശേഷം നാല് ഗോളുകളാണ് പിറന്നത്. ഇതിൽ രണ്ടു ഗോളുകളിൽ നേരിട്ട് പങ്കാളിയാകാനും നെയ്‌മർക്ക് കഴിഞ്ഞു.

    കളത്തിലിറങ്ങിയതിനു പിന്നാലെ പ്രതിരോധനിരയുടെ മുകളിലൂടെ മാൽക്കത്തിന് നെയ്‌മർ ഉയർത്തി നൽകിയ പാസ് അതിമനോഹരമായിരുന്നു. പന്ത് കൺട്രോൾ ചെയ്യുന്നതിനിടെ ഗോളിയുമായി കൂട്ടിയിടിച്ചു വീണ താരത്തിന് അത് ഗോളാക്കാൻ കഴിഞ്ഞില്ലെങ്കിലും സഹതാരം അത് വലയിലെത്തിച്ചു. അതിനു ശേഷം മാൽക്കത്തിന് ഗോളടിക്കാൻ മനോഹരമായൊരു പാസ് നെയ്‌മർ നൽകുകയും ചെയ്‌തു.

    മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കിയതിനു പുറമെ മൂന്നു കീ പാസുകളും രണ്ടു വമ്പൻ അവസരങ്ങളും താരം സൃഷ്‌ടിച്ചു. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ നെയ്‌മർക്ക് സൗദി അറേബ്യയിലെ മത്സരങ്ങൾ എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്. പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും അലട്ടിയില്ലെങ്കിൽ സൗദിയിലെ സുൽത്താനായി നെയ്‌മർ വാഴുമെന്നതിൽ സംശയമില്ല.

  7. ഗോളും അസിസ്റ്റും മാരക ഡ്രിബ്ലിങ്ങുമായി നെയ്‌മർ, ബ്രസീലിനു പ്രതീക്ഷ നൽകി സൂപ്പർതാരത്തിന്റെ പ്രകടനം

    Leave a Comment

    ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നെയ്‌മറുടെ അഴിഞ്ഞാട്ടമാണ് ആരാധകർ കണ്ടത്. പതിനേഴാം മിനുട്ടിൽ പെനാൽറ്റി നഷ്‌ടമാക്കിയെങ്കിലും അതിനു ശേഷം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത താരമാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. പരിക്കിൽ നിന്നും മുക്തനായി എത്തിയതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിലാണ് നെയ്‌മർ ബ്രസീലിനായി ഗംഭീരപ്രകടനം നടത്തിയത്.

    മത്സരത്തിന്റെ തുടക്കത്തിൽ നെയ്‌മർ എടുത്ത പെനാൽറ്റി ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ റാഫിന്യ നേടിയ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയ താരം അതിനു ശേഷം ടീമിന്റെ നാലാമത്തെയും അഞ്ചാമത്തേയും ഗോളുകൾ നേടുകയുണ്ടായി. അതിനു പുറമെ മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ നെയ്‌മറുടെ ഭാഗത്തു നിന്നുമുണ്ടായി. അതിൽ ആദ്യപകുതിയിൽ താരം നടത്തിയ ഡ്രിബ്ലിങ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

    മധ്യവരക്കടുത്തു നിന്നും പന്ത് ലഭിച്ച നെയ്‌മർ അതിനു ശേഷം തന്നെ തടുക്കാനെത്തിയ ഒരു ബൊളീവിയൻ താരത്തെ വെട്ടിയൊഴിഞ്ഞതിനു ശേഷം പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറി. പെനാൽറ്റി ബോക്സിൽ വെച്ച് ഒരു നർത്തകനെ അനുസ്‌മരിപ്പിക്കുന്ന ചുവടുവെപ്പുകളോടെ നാലോളം ബൊളീവിയൻ താരങ്ങളെ നിഷ്പ്രഭമാക്കിയ നീക്കം നടത്തിയ ബ്രസീലിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി.

    അത് ഗോളായി മാറിയിരുന്നെങ്കിൽ പുഷ്‌കാസ് പുരസ്‌കാരത്തിന് താരം പരിഗണിക്കപ്പെടുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനു പുറമെ താരത്തിന്റെ ഒരു ഷോട്ട് ക്രോസ്ബാറിലടിച്ച് പുറത്തു പോവുകയും ചെയ്‌തിരുന്നു. എന്തായാലും നെയ്‌മറുടെ തകർപ്പൻ പ്രകടനം ബ്രസീലിയൻ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. വരാനിരിക്കുന്ന കിരീടങ്ങൾ സ്വന്തമാക്കാൻ ടീമിന് കഴിയുമെന്ന ആത്മവിശ്വാസം ആരാധകർക്കുണ്ടായിട്ടുണ്ട്.

  8. ഇരുപത്തിയഞ്ചു മുറികളുള്ള വീടും ആഡംബര കാറുകളും, നെയ്‌മർക്ക് ലഭിക്കുന്നത് വമ്പൻ സമ്മാനങ്ങൾ

    Leave a Comment

    സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്കുള്ള ട്രാൻസ്‌ഫർ നെയ്‌മർ പൂർത്തിയാക്കി കഴിഞ്ഞു. പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം ക്ലബ് നേതൃത്വവുമായി എന്നും ഇടഞ്ഞു നിന്നിട്ടുള്ള നെയ്‌മറെ ഒഴിവാക്കാൻ അവർക്കും താൽപര്യമുണ്ടായിരുന്നു. പ്രീ സീസൺ കഴിഞ്ഞതോടെ താരം ക്ലബ് വിടണമെന്ന തന്റെ തീരുമാനം അറിയിക്കുകയും പിഎസ്‌ജി അതിനു സമ്മതം മൂളുകയും ചെയ്‌തു അതിനു പിന്നാലെയാണ് അൽ ഹിലാൽ താരത്തിനായി രംഗത്തു വന്നത്.

    നെയ്‌മർക്കായി വമ്പൻ ഓഫറുകളാണ് സൗദി അറേബ്യൻ ക്ലബ് നൽകിയിരിക്കുന്നത്. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ അൽ ഹിലാൽ സ്വന്തമാക്കിയത്. ഈ രണ്ടു വർഷത്തിൽ മുന്നൂറു മില്യൺ യൂറോയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. അതിനു പുറമെ അൽ ഹിലാലിന്റെ ഓരോ വിജയത്തിനും എൺപതിനായിരം യൂറോ നെയ്‌മർക്ക് ബോണസായി ലഭിക്കും. അതിനും പുറമെ സൗദിയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ചു ലക്ഷം യൂറോ വീതവും ബ്രസീലിയൻ താരത്തിന് നൽകും.

    രാജകീയമായ സൗകര്യങ്ങളാണ് നെയ്‌മർക്കായി സൗദി അറേബ്യൻ ക്ലബ് ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ചു മുറികളുള്ള ഒരു ആഡംബര വസതി, യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റ്, എന്നിവക്ക് പുറമെ നിരവധി ആഡംബര കാറുകളും താരത്തിനായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ താരത്തിനായി മാത്രം പരിചാരകർ, ആഡംബര വസതിയിൽ സ്വിമ്മിങ് പൂൾ, സൗന എന്നിവയെല്ലാം ഉൾപ്പെടുന്നു.

    നെയ്‌മർ ട്രാൻസ്‌ഫറിലൂടെ സൗദി അറേബ്യ ഫുട്ബോൾ ലോകത്ത് വലിയ കുതിപ്പാണ് സൃഷ്‌ടിച്ചിരിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സൗദിയിലെ പ്രമുഖ ക്ളബുകളിലെല്ലാം യൂറോപ്പിലെ വമ്പൻ താരങ്ങൾ നിറഞ്ഞിരിക്കുന്നു. റൊണാൾഡോ, നെയ്‌മർ, ബെൻസിമ, ഫിർമിനോ, മാനെ തുടങ്ങിയവരെല്ലാം അതിൽ ഉൾപ്പെടുന്നു. ഇതോടെ സൗദി ലീഗിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയും ലഭിക്കുന്നുണ്ട്.

  9. എംബാപ്പയുടെ തന്ത്രം ഫലിച്ചു, നെയ്‌മർ പുറത്തു പോയപ്പോൾ ആഗ്രഹിച്ച താരം അകത്ത്

    Leave a Comment

    ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് ഫുട്ബോൾ ആരാധകർ. ലയണൽ മെസിക്കൊപ്പം പ്രതിഭയുള്ള താരമായി പലരും വിലയിരുത്തിയിട്ടുള്ള നെയ്‌മർ തന്റെ മുപ്പത്തിയൊന്നാം വയസിലാണ് സൗദിയിലേക്ക് ചേക്കേറുന്നത്. ഇത് താരത്തിന്റെ കരിയറിൽ ഒരു വീഴ്‌ചയാണെന്നാണ് പലരും വിലയിരുത്തുന്നത്.

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പ്രീ സീസൺ മത്സരങ്ങൾ കളിച്ച നെയ്‌മർ മികച്ച പ്രകടനം നടത്തിയെങ്കിലും പെട്ടന്ന് പിഎസ്‌ജി വിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. പിഎസ്‌ജി അതിനു സമ്മതം നൽകുകയും ചെയ്‌തു.

    അതേസമയം നെയ്‌മറെ ക്ളബിൽനിന്നും ഒഴിവാക്കാൻ എംബാപ്പെ തന്ത്രങ്ങൾ മെനഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. താരം പിഎസ്‌ജി വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായത് ഇതിന്റെ ഭാഗമായാണെന്നും തികച്ചും ആസൂത്രിതമായാണ് അതുണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പയുടെ ലക്‌ഷ്യം നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കി ഫ്രഞ്ച് സഹതാരമായ ഡെംബലയെ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

    ഡെംബലെയുടെ സൈനിങ്‌ പൂർത്തിയായതിനു പിന്നാലെയാണ് നെയ്‌മർ പിഎസ്‌ജി വിടാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല, അതുവരെ എംബാപ്പയെ ടീമിൽ പോലും ഉൾപ്പെടുത്താൻ തയ്യാറാകാതിരുന്ന പിഎസ്‌ജി നെയ്‌മർ ക്ലബ് വിടാൻ തീരുമാനിച്ചതിനു പിന്നാലെ ഫ്രഞ്ച് താരത്തെ ടീമിന്റെ ഭാഗമാക്കി. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാൻ സാധ്യതയുണ്ട്

  10. ഒരു പ്രതിഭയുടെ അവസാനമോ, നെയ്‌മർ സൗദി അറേബ്യൻ ലീഗിലേക്കെന്നുറപ്പായി

    Leave a Comment

    പിഎസ്‌ജി വിടുന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയർ സൗദി അറേബ്യയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികെ. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലുമായി നെയ്‌മറും താരത്തിന്റെ ക്ലബായ പിഎസ്‌ജിയും ട്രാൻസ്‌ഫർ സംബന്ധിച്ച് തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഇനി ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ നെയ്‌മർ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാകും എന്നാണു പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. പരിക്കും മൈതാനത്തും പുറത്തുമുള്ള വിവാദങ്ങളും ക്ലബ് നേതൃത്വത്തിനും ആരാധകർക്കും നെയ്‌മർ പ്രിയങ്കരനല്ലാതായി മാറാൻ കാരണമായി. കഴിഞ്ഞ സീസണിൽ താരത്തിന്റെ വീടിനു മുന്നിൽ ആരാധകർ പ്രതിഷേധം നടത്തിയതോടെ നെയ്‌മർ ക്ലബ് വിടാൻ തീരുമാനിക്കുകയും ചെയ്‌തു.

    നെയ്‌മർ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധികൾ അതിനു തടസമായി നിന്നു. താരം പിഎസ്‌ജി വിടുമെന്ന് ഉറപ്പായതോടെയാണ് അൽ ഹിലാൽ ഓഫറുമായി വന്നത്. താരത്തിനായി തൊണ്ണൂറു മില്യൺ യൂറോയോളം ട്രാൻസ്‌ഫർ ഫീസായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ സീസണിൽ 160 മില്യൺ യൂറോ താരത്തിന് പ്രതിഫലമായും ലഭിക്കും.

    റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് നെയ്‌മർ അൽ ഹിലാലുമായി ഒപ്പിടുക. നിലവിൽ തന്നെ കൂളിബാളി, റൂബൻ നെവാസ്, മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം എന്നീ താരങ്ങളെ ടീമിലെത്തിച്ച അൽ ഹിലാൽ നെയ്‌മറെക്കൂടി സ്വന്തമാക്കിയാൽ സൗദിയിലെ ഏറ്റവും മികച്ച ടീമായി അവർ മാറുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം നെയ്‌മറുടെ ഈ തീരുമാനം വളരെ നേരത്തേയായെന്നാണ് ആരാധകരുടെ അഭിപ്രായം.