Tag Archive: Napoli

  1. ഇവൻ റൊണാൾഡോയുടെ പിൻഗാമി തന്നെ, മെസി പോലും അതിശയിച്ചു പോലും ഈ ഡ്രിബ്ലിങ്ങും വേഗതയും കണ്ടാൽ

    Leave a Comment

    എസി മിലാനെ സംബന്ധിച്ച് ആഘോഷരാവാണ് കഴിഞ്ഞ ദിവസം നടന്നത്. നാപ്പോളിയെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറികടന്നതോടെ 2007നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കളിക്കാൻ അവർക്കായി. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ ടീം ലീഗിൽ പിന്നിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ സീരി എയിലെ ഒന്നാം സ്ഥാനക്കാരെ തന്നെയാണവർ മറികടന്നത്.

    ആദ്യപാദത്തിൽ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ മിലാൻ രണ്ടാം പാദത്തിൽ നാപ്പോളിയുടെ മൈതാനത്ത് സമനില നേടിയെടുത്താണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഒലിവർ ജിറൂദിന്റെ ഗോളിൽ മിലാൻ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ ഒസിമ്മൻ സമനില ഗോൾ നേടി. നാപ്പോളി ഒരു പെനാൽറ്റി നഷ്‌ടമാക്കിയതും മത്സരത്തിൽ നിർണായകമായി.

    മത്സരത്തിൽ ജിറൂദാണ് മിലൻറെ ഗോൾ നേടിയതെങ്കിലും ആ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും പോർച്ചുഗീസ് താരമായ റാഫേൽ ലിയാവോക്കാണ്. മത്സരത്തിനിടെ സ്വന്തം ബോക്‌സിന് പുറത്തു നിന്നും ലഭിച്ച പന്ത് ആറോളം നാപ്പോളി താരങ്ങളെ മറികടന്ന് എതിരാളിയുടെ ബോക്‌സിൽ എത്തിച്ച താരം അത് കൈമാറുമ്പോൾ വലയിലേക്ക് ഒന്ന് തട്ടിയിടേണ്ട ചുമതല മാത്രമേ ജിറൂദിന് ഉണ്ടായിരുന്നുള്ളൂ.

    മത്സരത്തിന് ശേഷം റൊണാൾഡോയെ ഓർമിപ്പിക്കുന്ന നീക്കമാണ് ലിയാവോ നടത്തിയതെന്നാണ് ആരാധകർ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് വിങ്ങിലൂടെ വേഗതയേറിയ നീക്കങ്ങൾ നടത്തി ഗോളടിക്കാനും അവസരങ്ങൾ ഒരുക്കി നൽകാനും റൊണാൾഡോ മുന്നിലായിരുന്നു. അതെ പൊസിഷനിൽ കളിക്കുന്ന പോർച്ചുഗൽ താരമായ ലിയാവോ സമാനമായ രീതിയിൽ തന്നെയാണ് മുന്നേറിയതെന്നും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നു.

    മിലാൻ ഈ സീസണിൽ ലീഗിൽ പിന്നിലാണെങ്കിലും ചാമ്പ്യൻസ് ലീഗിലെ കുതിപ്പ് അവർക്ക് ആശ്വാസമാണ്. കിരീടം തന്നെ സ്വന്തമാക്കാനുള്ള കരുത്തുണ്ടെന്ന് അവർ ഇന്നലത്തെ മത്സരത്തോടെ തെളിയിച്ചു. സെമിയിൽ ഇന്റർ മിലാനോ ബെൻഫിക്കയോ ആവും മിലൻറെ എതിരാളികൾ.

  2. പിഎസ്‌ജിക്ക് ബയേൺ മ്യൂണിക്ക് എതിരാളി, റയൽ ലിവർപൂളിനെ നേരിടും; ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പ് സമാപിച്ചു

    Leave a Comment

    ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ പോരാട്ടങ്ങൾ നൽകുമെന്നുറപ്പു നൽകി യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചു. സ്വിറ്റ്‌സർലണ്ടിലെ നിയോണിൽ വെച്ചാണ് പതിവു പോലെ തന്നെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ആരൊക്കെയാണ് ഏറ്റു മുട്ടുകയെന്നു തീരുമാനമായത്. ലോകകപ്പിനായി ക്ലബ് ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കാൻ പോവുകയായതിനാൽ ലോകകപ്പിനു ശേഷമേ ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങൾ ആരംഭിക്കുകയുള്ളൂ.

    റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, നാപ്പോളി ഇന്റർ മിലാൻ, എസി മിലാൻ, ബയേൺ മ്യൂണിക്ക്, ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട്, ലീപ്‌സിഗ്, ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്‌ജി, ക്ലബ് ബ്രൂഗേ, പോർട്ടോ, ബെൻഫിക്ക എന്നീ ടീമുകളാണ് ഇത്തവണ അവസാന പതിനാറിൽ ഇടം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തു വന്ന ടീമുകൾ ഒരു പോട്ടിലും രണ്ടാം സ്ഥാനത്തു വന്ന ടീമുകൾ മറ്റൊരു പോട്ടിലും ഉൾപ്പെടുകയും തിരഞ്ഞെടുത്ത പ്രകാരം ഇവർ പരസ്‌പരം മത്സരിക്കുകയുമാണ് ചെയ്യുക. ഒരേ രാജ്യത്തു നിന്നുള്ള ക്ലബുകൾ പരസ്‌പരം മത്സരിക്കുന്നത് ഒഴിവാക്കപ്പെടും.

    ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പിലെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങൾ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമായ റയൽ മാഡ്രിഡ് vs ലിവർപൂൾ പോരാട്ടമാണ്. അതിനു പുറമെ പിഎസ്‌ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരവും ആരാധകർക്ക് ആവേശം നൽകുന്നതായിരിക്കും. ഇത്തവണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പല വമ്പൻ ടീമുകളെയും ചെറിയ ടീമുകൾ അട്ടിമറിച്ച് മുന്നിൽ വന്നത് പരിഗണിക്കുമ്പോൾ എല്ലാ മത്സരവും വളരെ തീവ്രമായിരിക്കാൻ തന്നെയാണ് സാധ്യത. റൌണ്ട് ഓഫ് 16ൽ ഏറ്റുമുട്ടുന്ന ടീമുകൾ ഇവയാണ്:

    ആർ ബി ലീപ്‌സിഗ് vs മാഞ്ചസ്റ്റർ സിറ്റി
    ക്ലബ് ബ്രൂഗേ vs ബെൻഫിക്ക
    ലിവർപൂൾ vs റയൽ മാഡ്രിഡ്
    എസി മിലാൻ vs ടോട്ടനം ഹോസ്‌പർ
    ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട് vs നാപ്പോളി
    ബൊറൂസിയ ഡോർട്മുണ്ട് vs ചെൽസി
    ഇന്റർ മിലാൻ vs എഫ്‌സി പോർട്ടോ
    പിഎസ്‌ജി vs ബയേൺ മ്യൂണിക്ക്

  3. ഗോൾവേട്ടയിൽ ലോകരാജാവായി ക്രിസ്ത്യാനോ, ഇറ്റാലിയൻ സൂപ്പർ കോപ്പ കിരീടം യുവന്റസിനു

    Leave a Comment

    ഇറ്റാലിയൻ സൂപ്പർകപ്പ് ഫൈനലിൽ നാപോളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. യുവന്റസിനായി ക്രിസ്ത്യാനോ റൊണാൾഡോയും അൽവാരോ മൊറാട്ടയുമാണ് ഗോൾവല കുലുക്കിയത്. മത്സരത്തിൽ നാപോളിക്ക് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും സൂപ്പർതാരം ഇൻസിഗ്നെ അത് പാഴാക്കുകയായിരുന്നു.

    ഫൈനലിൽ ഗോൾ നേടാനായതോടെ റൊണാൾഡോ മറ്റൊരു റെക്കോർഡ് കൂടി മറികടന്നിരിക്കുകയാണ്. ലോകഫുട്ബോളിലെ തന്നെ മികച്ച ഗോൾവേട്ടക്കാരിലൊരാളായ ക്രിസ്ത്യാനോ ഔദ്യോഗിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഓസ്ട്രിയൻ ചെക്ക് റിപ്പബ്ലിക് താരമായ ജോസഫ് ബികാന്റെ 759 ഗോളുകളെന്ന റെക്കോർഡാണ് ക്രിസ്ത്യാനോ മറികടന്നത്.

    സൂപ്പർകപ്പ്‌ ഫൈനലിൽ യുവന്റസിന്റെ ആദ്യ ഗോൾ നേട്ടത്തിലൂടെ 760 ഗോളുകൾ ഔദ്യോഗിക മത്സരങ്ങളിൽ നിന്നും നേടാം ക്രിസ്ത്യാനോക്ക് സാധിച്ചു. നാലു ക്ലബ്ബുകൾക്കും പോർച്ചുഗലിനും വേണ്ടി നേടിയ ഗോളുകളാണ് ഇക്കൂട്ടത്തിലുള്ളത്. അനൗദ്യോഗിക കണക്കുകൾ നോക്കിക്കഴിഞ്ഞാൽ പെലെയും ജോസഫ് ബികാനും ക്രിസ്ത്യനോയേക്കാൻ ബഹുദൂരം മുന്നിലാണെങ്കിലും ഔദ്യോഗിക ഗോളുകളിൽ ക്രിസ്ത്യാനോ ഇവരെയെല്ലാം മറികടന്നിരിക്കുകയാണ്‌.

    പോർചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമാക്കിയ താരമാണ് ക്രിസ്ത്യാനോ. 102 ഗോളുകളാണ് ക്രിസ്ത്യാനോ പോർചുഗലിനായി അടിച്ചു കൂട്ടിയിരിക്കുന്നത്. ക്ലബ്ബുകളിൽ സ്പോർട്ടിങ് ലിസ്ബണു വേണ്ടി 5 ഗോളുകളും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 118 ഗോളുകളും റയൽ മാഡ്രിഡിനു വേണ്ടി 450 ഗോളുകളും നിലവിൽ യുവന്റസിനായി 85 ഗോളുകളും നേടാൻ ക്രിസ്ത്യാനോക്ക് സാധിച്ചിട്ടുണ്ട്. 35ആം വയസിലും യുവന്റസിനായി മികച്ച പ്രകടനം തുടരുന്ന ക്രിസ്ത്യാനോ ഇനിയും ഗോളുകൾ അടിച്ചു കൂട്ടുമെന്നതിൽ യാതൊരു തർക്കവുമില്ല.

  4. മറഡോണയുടെ പാത പിന്തുടർന്ന് മെസി നാപോളിക്ക് വേണ്ടി കളിക്കണം, മുൻ ബാഴ്സ താരത്തിന്റെ ഉപദേശം

    Leave a Comment

    ബാഴ്സക്കു വേണ്ടി കളിച്ചതിനു ശേഷം നാപോളിയിലേക്ക് ചേക്കേറി അവിടുത്തെ ഇതിഹാസവും നാപിൾസ് ജനതയുടെ ദൈവവുമായി മാറിയ ലോകഫുട്ബോൾ ഇതിഹാസമാണ് ഡിയെഗോ മറഡോണ. നാപോളിയിലേക്ക് ചേക്കേറിയതിനു ശേഷം ആ ക്ലബ്ബിനെ ഇറ്റാലിയൻ ഫുട്ബോളിന്റെ നെറുകയിലെത്തിക്കുകയും രണ്ടു തവണ 1987ലും 1990ലും ഇറ്റാലിയൻ കിരീടം നേടിക്കൊടുക്കാനും മറഡോണക്ക് സാധിച്ചിരുന്നു. ഇക്കാരണത്താലാണ് അദ്ദേഹത്തെ ദൈവത്തെ പോലെ നാപ്പിൾസ് ജനത ഇപ്പോഴും ആരാധിക്കുന്നത്.

    അതുകൊണ്ടു തന്നെയാണ് മറഡോണക്ക് ആദരസൂചകമായി അവരുടെ പ്രിയ ക്ലബ്ബിന്റെ സ്റ്റേഡിയത്തിന്റെ പേരു ഡിയെഗോ അർമാൻഡോ മറഡോണയെന്നു പുനർനാമകരണം ചെയ്തത്. ഈ ഇതിഹാസപൂർണമായ മറഡോണയുടെ പാത ബാർസ സൂപ്പർതാരം ലയണൽ മെസിക്കും പിന്തുടരാമെന്നും മറഡോണയോടുള്ള ആദരവ് പ്രകടിപ്പിക്കാമെന്നാണ് മുൻ ബാഴ്സ താരമായ കെവിൻ പ്രിൻസ് ബോട്ടെങ്ങിന്റെ അഭിപ്രായം. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

    “മറഡോണയും മെസിയുമായുള്ള താരതമ്യങ്ങൾ ഞാൻ ഇടക്ക് കേൾക്കാറുണ്ട്. അതുകൊണ്ടു തന്നെ ലിയോക്ക് എനിക്കൊരു നിർദ്ദേശം മുന്നോട്ടുവെക്കാനുണ്ട്. അദ്ദേഹത്തിന്റെ ബാഴ്സയിലെ കരാറിന്റെ കാലാവധി അവസാനിക്കുമ്പോൾ അദ്ദേഹം നാപോളിയിലേക്ക് പോവണം. ഡീ ലോറന്റീസിനോട് മെസി തന്നെ താൻ വരുകയാണെന്നു വിളിച്ചു പറയുകയാണെങ്കിൽ അതൊരു മഹത്തായ കാര്യമായിരിക്കും.”

    “അവർ നമ്പർ 10 ജേഴ്‌സി റിട്ടയർ ചെയ്തുവെങ്കിലും എനിക്കു മറഡോണയുടെ നമ്പർ പത്തിനെ ആദരിക്കണമെന്നും ഒന്ന് രണ്ടു വർഷം പണത്തിനെക്കുറിച്ച് ചിന്തിക്കാതെ ഹൃദയത്തിൽ തൊട്ടു നാപോളിക്കായി കളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടണം. ഒരുപക്ഷെ അദ്ദേഹത്തിനു അവിടെ കിരീടം നേടാൻ സാധിച്ചാൽ അത് മറ്റൊരു ദൈവത്തിന്റെ അവരോഹണമായിത്തീരും. ഒരു സിനിമാക്കഥ പോലെ. ഞാനായിരുന്നു അദ്ദേഹമെങ്കിൽ അത് ചിന്തിച്ചേനെ. ക്ലബ്ബ് തലത്തിൽ അദ്ദേഹമെല്ലാം നേടിയിട്ടുണ്ട്. എന്നാൽ ഒരു ഇതിഹാസരൂപേണ എല്ലാം അവസാനിപ്പിക്കുന്നത് ഒരു അവിശ്വസനീയമായ കാര്യമായിരിക്കും.” ബോട്ടെങ്‌ അഭിപ്രായപ്പെട്ടു.

  5. സ്റ്റേഡിയത്തിനു മറഡോണയുടെ നാമം നൽകാനൊരുങ്ങി നാപോളി, ക്ലബ്ബിന്റെ ആദരമെന്നു പ്രസിഡന്റ്

    Leave a Comment

    ലോകമെങ്ങും മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിലപിക്കുകയാണ്. ഇറ്റലിയിലെ മറഡോണയുടെ സ്വന്തം നഗരമായ നാപിൾസും മറഡോണയുടെ മരണവാർത്തയിൽ തേങ്ങുകയാണ്. ഇറ്റലിയിലെ അഴുക്കുചാൽ എന്ന് വിളിച്ചിരുന്ന നാപിൾസുകാരുടെ സ്വന്തം ക്ലബ്ബായ നാപോളിയെ ലോകഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിച്ച അവരുടെ ഇതിഹാസതാരമാണ് മറഡോണ.

    അവരുടെ ചരിത്രത്തിൽ ആദ്യമായി സീരി എ കിരീടം നേടിക്കൊടുക്കാൻ പ്രധാന പങ്കുവഹിച്ച താരമാണ് മറഡോണ. ബാഴ്‌സലോണയിൽ നിന്നും നാപിൾസിലേക്ക് കൂടുമാറിയ മറഡോണ ആ നാടിന്റെ ദൈവമായി മാറുകയായിരുന്നു. 1991ൽ മറഡോണ നാപോളി വിട്ടെങ്കിലും ഇപ്പോഴും ആ നഗരത്തിന്റെ ദൈവമെന്ന സ്ഥാനത്തിന് ഒരു കളങ്കവും വന്നിട്ടില്ല.

    അതുകൊണ്ടു തന്നെ മറഡോണ നാപോളിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്തു നാപോളി സവോ പോളോ സ്റ്റേഡിയത്തിനു മറഡോണയുടെ കൂടി നാമം ചേർക്കാനുള്ള ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് നാപോളി പ്രസിഡന്റായ ഒറേലിയോ ഡി ലോറന്റീസ്‌.”നമ്മുടെ സ്റ്റേഡിയത്തിന്റെ നാമം സവോ പോളോ- ഡിയെഗോ അർമാൻഡോ മറഡോണയെന്നാക്കാനുള്ള നീക്കം പരിഗണിക്കാവുന്നതാണ്” ലോറന്റീസ് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു. ഒപ്പം നാപോളി നഗരത്തിന്റെ മേയറായ ലുയിജി ഡി മജിസ്ട്രിസും ആ നീക്കത്തിന് പിന്തുണയറിയിച്ചു രംഗത്തെത്തി.

    ” നമ്മൾ സവോ പോളോ സ്റ്റേഡിയത്തിന്റെ നാമം ആദരസൂചകമായി മറഡോണയുടെ പേരും കൂട്ടിച്ചേർക്കും.ഡിയെഗോ മറഡോണ നമ്മെ വിട്ടു പോയിരിക്കുകയാണ്. ലോകത്തിലെ എക്കാലത്തെയും മികച്ചതാരം. ഡിയെഗോയാണ് ഞങ്ങളുടെ ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ബുദ്ധിവിശേഷത്തിലൂടെ നാപ്പിൾസിനെ അദ്ദേഹം മോചിപ്പിച്ചു. 2017ൽ അദ്ദേഹത്തിന് ആദരസൂചകമായി പൗരത്വം നൽകി. ഡിയെഗോ, നാപോളിറ്റൻ, അർജന്റൈൻ നിങ്ങളാണ് ഞങ്ങൾക്ക് സന്തോഷം പകർന്നത്. നാപിൾസ് നിങ്ങളെ സ്നേഹിക്കുന്നു.”മജിസ്ട്രിസ് ട്വിറ്ററിൽ കുറിച്ചു.

  6. ക്രിസ്ത്യാനോക്ക് കോവിഡ് വരാതെ രക്ഷിച്ചത് നപോളിയാണ്, ആരും നന്ദി പറഞ്ഞു കണ്ടില്ലെന്നു പ്രവിശ്യ പ്രസിഡന്റ്

    Leave a Comment

    സീരി എ നിയമങ്ങൾ പാലിച്ച് നാപോളി മത്സരത്തിന് വരേണ്ടതായിരുന്നുവെന്നുള്ള യുവന്റസിന്റെ വിമർശനങ്ങൾക്ക് കഴമ്പില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്ലബ്ബ് നിലകൊള്ളുന്ന പ്രവിശ്യയുടെ പ്രസിഡന്റായ വിൻസെൻസോ ഡി ലൂക്ക. സൂപ്പർതാരം ക്രിസ്ത്യാനോക്ക് കോവിഡ് ബാധിക്കാതെ തടയാൻ സഹായിച്ചതിനു നന്ദി പോലും പറഞ്ഞില്ലെന്നാണ് ഡി ലൂക്കയുടെ വിമർശനം.

    നാപോളിയുടെ സ്‌ക്വാഡിലെ രണ്ടു താരങ്ങൾക്ക് കോവിഡ് ബാധിച്ചത് മൂലം ലോക്കൽ ഹെൽത്ത്‌ അതോറിറ്റിയായ എഎസ്എൽ സീരി എ പ്രോട്ടോകോളിന് എതിരായി നാപോളിയെ യുവന്റസുമായുള്ള മത്സരത്തിന് പോകുന്നത് വിലക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ദേഷ്യം പ്രകടിപ്പിച്ചു മത്സരം സംഘടിപ്പിക്കാനുള്ള കഴിവില്ലായ്മയെ കുറ്റപ്പെടുത്തിയും പ്രോട്ടോകോൾ പാലിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് പ്രവിശ്യ പ്രസിഡന്റ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

    “റൊണാൾഡോക്ക് കോവിഡ് വരാതെ തടഞ്ഞതിൽ ആരും ഞങ്ങൾക്ക് നന്ദി പറഞ്ഞു മുന്നോട്ടു വന്നില്ല. ജെനോവ പോയത് പോലെ നാപോളിയും കൊറോണ പോസിറ്റീവ് ആയ താരങ്ങളുമായി കളിച്ചിരുന്നുവെങ്കിൽ എന്താവുമായിരുന്നു സ്ഥിതി. ഒരാഴ്ചക്കു ശേഷം റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ന്യൂയോർക് ടൈംസിന്റെ വരെ ആദ്യ പേജിൽ ഞങ്ങൾ വന്നേനെ. “

    “ആരോഗ്യപരമായ നിയമങ്ങൾക്കൊപ്പം പ്രോട്ടോകോൾ ഒരിക്കലും നല്ലതല്ല. എഎസ്എൽ തീരുമാനിച്ചതുകൊണ്ടാണ് നാപോളി പോവാതിരുന്നതും യുവന്റസിന് ബോൾ ബോയ്സുമായി കളിക്കേണ്ടി വന്നതും. ഇറ്റാലിയൻ പൗരന്മാരുടെ അതേ നിയമങ്ങൾ കളിക്കാരും പാലിക്കേണ്ടതുണ്ട്. നാപോളി കളിക്കാഞ്ഞത് അവരെ എഎസ്എൽ ക്വാറന്റൈനിലാക്കിയത് കൊണ്ടാണ്. ” പ്രസിഡന്റ് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി

  7. സിറ്റിക്ക് തിരിച്ചടി, കൂലിബാലിക്കായി കൂടുതൽ തുക ആവശ്യപ്പെട്ട് നാപോളി

    Leave a Comment

    അടുത്ത സീസണിലേക്കുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യങ്ങളിലൊന്ന് നാപോളിയുടെ സൂപ്പർ പ്രതിരോധതാരം കാലിഡു കൂലിബാലിയാണ്. താരത്തിന് വേണ്ടി വലിയ ശ്രമങ്ങൾ സിറ്റി നടത്തുന്നുണ്ടെങ്കിലും നാപോളി വഴങ്ങുന്ന മട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

    അവസാനമായി മാഞ്ചസ്റ്റർ സിറ്റി താരത്തിന് വേണ്ടി ഓഫർ ചെയ്ത തുക 65 മില്യൺ യുറോയായിരുന്നു. നാപോളി അത് ഉടനടി നിരസിച്ചിരുന്നു. എന്നാൽ താരത്തിനു വേണ്ടി കിണഞ്ഞു ശ്രമിക്കുന്ന സിറ്റി അടുത്തിടെ 70 മില്യൺ യുറോയുടെ ഓഫർ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ അതും നാപോളി നിരസിച്ചതയാണ് റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എഎസ്‌ ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

    കൂലിബലി സിറ്റിയുമായി വ്യക്തിഗത നിബന്ധനകൾ അംഗീകരിന്നുണ്ടെങ്കിലും നാപോളി താരത്തെ വിട്ടുനൽകാൻ ഒരുക്കമല്ലെന്നത് തിരിച്ചടിയാവുകയാണ്. 80 മില്യൺ യുറോയെങ്കിലും കുറഞ്ഞത് താരത്തിന് വേണമെന്നാണ് നാപോളി പ്രസിഡന്റ്‌ ഡി ലോറിന്റീസിന്റെ ആവശ്യം.പക്ഷെ ഇത്രയും തുക നൽകാൻ സിറ്റി നിലവിൽ ഉദ്ദേശിക്കുന്നില്ല.

    എന്തെന്നാൽ സൂപ്പർ താരം ലയണൽ മെസിയെ ക്ലബ്‌ വിടാൻ ബാഴ്‌സ അനുവദിച്ചാൽ താരത്തിന് വേണ്ടി ഭീമമായ തുക ആവിശ്യമായി വരും. ചുരുങ്ങിയത് 100 മില്യൺ യൂറോയെങ്കിലും താരത്തിനായി മുടക്കേണ്ടിവരും. ചിലപ്പോൾ അത്‌ 150 മില്യൺ യൂറോ വരെ കൂടുമെന്നാണ് സിറ്റി കണക്കുകൂട്ടുന്നത്. എന്നാൽ താരത്തിനായുള്ള ശ്രമം ഉപേക്ഷിക്കാൻ സിറ്റി ഒരുക്കമല്ല. ചർച്ചകൾ മുഖേന താരത്തെ എത്തിഹാദിലെത്തിക്കുമെന്നു തന്നെയാണ് സിറ്റിയുടെ തീരുമാനം.

  8. ബാഴ്‌സയുടെ പേടിസ്വപ്‌നം പറയുന്നു, ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ പിടിച്ചുകെട്ടും

    Leave a Comment

    മെസിയുടെ മുന്നേറ്റങ്ങളെ തടുക്കാൻ ഒരു ടീമെന്ന നിലയിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ കഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാപോളിയുടെ ഗ്രീക്ക് പ്രതിരോധനിരതാരം കോസ്റ്റാസ് മനോലാസ്. മുൻപ് ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണയെ പുറത്താക്കിയ റോമയുടെ മുൻതാരമാണ് മനോലാസ്. മത്സരത്തിൽ അവസാന സമയത്ത് ഗോൾ നേടിയത് ഈ ഗ്രീക്ക് പ്രതിരോധതാരമായിരുന്നു.

    വരുന്ന ശനിയാഴ്ച ബാഴ്‌സയുടെ തട്ടകത്തിൽ വെച്ചാണ് നാപോളിയുമായുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരം നടക്കുക. ആദ്യപാദത്തിൽ നാപോളിയുടെ തട്ടകത്തിൽ വെച്ച് 1-1നു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. അതോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ഈ മത്സരം ഇരു കൂട്ടർക്കും നിർണായകയിരിക്കുകയാണ്.

    2017-18 സീസണിലാണ് മനോലാസ് റോമക്ക് വേണ്ടി ബാഴ്‌സലോണക്കെതിരെ നിർണായക ഗോൾ നേടുന്നത്. വീണ്ടും ബാഴ്‌സലോണയെ പുറത്താക്കാൻ മനോലാസിന് സാധിക്കുമെന്ന് റോമൻ ഇതിഹാസതാരം ഫ്രാൻസിസ്‌കോ ടോട്ടി ധൈര്യം പകർന്നുവെന്നു മനോലാസ് വെളിപ്പെടുത്തി.

    താൻ ടോട്ടിയെ കണ്ടുമുട്ടിയെന്നും ധൈര്യം കൈവിടരുതെന്നും വീണ്ടും ശ്രമിക്കണമെന്നും ടോട്ടി ഉപദേശിച്ചുവെന്നും ലാ റിപ്പബ്ലിക്കക്ക് നൽകിയ ആഭിമുഖത്തിൽ മനോലാസ് വെളിപ്പെടുത്തി.

    “ഒരു ടീമെന്ന നിലയിൽ കൂട്ടമായി പ്രവർത്തിച്ച് മെസിയെ തടയാനാവും. അദ്ദേഹത്തിന്റെ പ്രതിഭയെ പേടിക്കാതെ തന്നെ കളിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഫുട്ബോളിലുള്ള വൈദഗ്ധ്യവും ബുദ്ധിശക്തിയും വെച്ച് എന്റെ അഭിപ്രായത്തിൽ അദ്ദേഹമാണ് ഈ ലോകത്തിലെ ഏറ്റവും മികച്ചതാരം. എങ്കിലും മത്സരത്തിന്റെ സമ്മർദ്ദം അവരിലാണ് കൂടുതൽ. ഇൻസിഗ്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വാരിയെല്ലിനുണ്ടായിരുന്ന വേദനമാറിയത് ആശ്വാസകരമാണ്.”മനോലാസ് അഭിപ്രായപ്പെട്ടു.

     

  9. നാപോളി സൂപ്പർതാരത്തിനു പരിക്ക്, ബാഴ്സക്ക് ആശ്വാസവാർത്ത

    Leave a Comment

    ചാമ്പ്യൻസ് ലീഗിൽ നാപോളിക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന ബാഴ്സക്ക് ആശ്വാസ വാർത്തയായി ഇറ്റാലിയൻ ക്ലബിന്റെ മുന്നേറ്റനിര താരമായ ലൊറൻസോ ഇൻസിനേക്കു പരിക്ക്. ലാസിയോക്കെതിരായ സീരി എ മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. മത്സരത്തിൽ നാപോളിയുടെ ഒരു ഗോൾ നേടിയത് ഇൻസിനെ ആയിരുന്നു.

    താരത്തിന്റെ വലതു തുടയിൽ മത്സരത്തിനിടെ പരിക്കേറ്റിട്ടുണ്ടെന്നും വരുന്ന ദിവസങ്ങളിൽ വിശദമായി പരിശോധന നടത്തുമെന്നും അതിനു ശേഷമേ മത്സരത്തിനിറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്നും നാപോളി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ സീസണിൽ 12 ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന്റെ അഭാവം നാപോളിക്ക് വലിയ തിരിച്ചടി തന്നെയാണ്‌.

    ഇരു ടീമുകൾക്കും രണ്ടാം പാദ മത്സരത്തിൽ തുല്യ സാധ്യതയാണുള്ളത്. നിലവിൽ രണ്ടു ടീമുകളും മോശം ഫോമിലാണെങ്കിലും അവസാന മത്സരങ്ങളിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചത് മത്സരത്തിന് ആവേശം നൽകുന്നു. ആദ്യപാദത്തിൽ നാപോളിയുടെ മൈതാനത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു.

    അതേ സമയം പരിക്കിന്റെയും സസ്പെൻഷനുകളുടെയും പ്രശ്നം ബാഴ്സക്കുമുണ്ട്. ഗ്രീസ്മൻ, ഡെംബലെ, ലെങ്ലറ്റ് എന്നിവർ പരിക്കു മാറി പരിശീലനം ആരംഭിച്ചിട്ടേയുള്ളു. അറാഹോ പരിക്കു മൂലം മത്സരത്തിൽ കളിച്ചേക്കില്ല. മധ്യനിരയിൽ വിദാൽ, ബുസ്ക്വസ്റ്റ്സ് എന്നിവർക്കു സസ്പെൻഷൻ ലഭിച്ചതും ബാഴ്സക്ക് തിരിച്ചടിയാണ്.

  10. മത്സരത്തിന് മുമ്പേ മെസിയോട് തോല്‍വി സമ്മതിച്ച് നാപോളി പരിശീലകന്‍

    Leave a Comment

    ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിയെ പിടിച്ചുകെട്ടുക എന്നത് സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് നാപോളി പരിശീലകന്‍ ഗെന്നാരോ ഗട്ടൂസോ. ചാമ്പ്യന്‍സ് ലീഗില്‍ നാപോളിയെ നേരിടാന്‍ ബാഴ്‌സ ഒരുങ്ങുന്നതിനിടെയാണ് നാപോളി പരിശീലകന്‍ഖെ മെസി പ്രശംസ.

    ലാസിയോയുമായുള്ള ഇറ്റാലിയന്‍ ലീഗിലെ അവസാന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗെന്നാരോ ഗട്ടൂസോ. ബാഴ്‌സലോണയുമായുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസിയെ എങ്ങനെ തടയുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

    ‘മെസിയെ പിടിച്ചു കെട്ടുകയെന്നത് സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യമാണ്. അതല്ലെങ്കില്‍ തന്റെ മകനോടൊപ്പം പ്ലേസ്റ്റേഷന്‍ കളിക്കുമ്പോഴും പിടിച്ചു കെട്ടാന്‍ കഴിയും’ ഗട്ടൂസോ തമാശരൂപേണ പറഞ്ഞു. മെസി മത്സരത്തില്‍ തങ്ങള്‍ക്ക് വലിയ തോതിലുള്ള വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ ഗട്ടൂസോ വിശ്വസിക്കുന്നത്.

    അതെസമയം ഇത് തോല്‍വി സമ്മതിക്കുന്നതല്ലെന്നും തങ്ങളാല്‍ കഴിയും വിധം മികച്ച പ്രകടനം നടത്തുമെന്നും ഗട്ടൂസോ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയെ നേരിടാന്‍ ഇനി നാപോളിക്ക് ദിവസങ്ങള്‍ മാത്രമേ ഒള്ളൂ. അതേസമയം ലാസിയോയെ 3-1നു തറപ്പറ്റിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന് വലിയ ആശ്വാസം പകര്‍ന്നിട്ടുണ്ട്.

    ‘മെസിയെ പിടിച്ചു കെട്ടല്‍ സാധ്യമാവുക സ്വപ്നത്തില്‍ മാത്രമാണ്. അതല്ലെങ്കില്‍ ഞാന്‍ എന്റെ മകനൊപ്പം പ്ലേസ്റ്റേഷനില്‍ ബാഴ്സലോണ-നാപോളി മത്സരം കളിക്കുമ്പോള്‍ അദ്ദേഹത്തെ തടയാന്‍ കഴിഞ്ഞേക്കും. അതുമല്ലെങ്കില്‍ ഞാന്‍ മിലാനില്‍ കളിക്കുന്ന കാലത്ത് ഇന്നത്തേക്കാള്‍ പത്തോ പതിനഞ്ചോ കിലോ ഭാരം കുറവുള്ള സമയമാണെങ്കില്‍ ശ്രമിക്കാമായിരുന്നു’ ഗട്ടൂസോ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ കഴിവുകളില്‍ വിശ്വാസം പുലര്‍ത്തിക്കൊണ്ട് ബാഴ്‌സലോണക്കെതിരെ കളിക്കാനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.