Tag Archive: mohammed Salah

  1. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്ല, നിരാശയടക്കാനാവാതെ മൊഹമ്മദ് സലാ

    Leave a Comment

    ഈ സീസണിൽ മോശം ഫോമിലായിരുന്ന ലിവർപൂൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാമെന്ന പ്രതീക്ഷയും അവർക്കുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്കെതിരെ വിജയം നേടിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള സാധ്യതയെല്ലാം ഇല്ലാതായി.

    അടുത്ത സീസണിൽ ലിവർപൂൾ യൂറോപ്പ ലീഗിലേക്ക് വീണത് വലിയ നിരാശയാണ് ടീമിലെ സൂപ്പർതാരമായ മൊഹമ്മദ് സലാക്ക് നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ച് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയില്ലെന്നുറപ്പായതോടെ താരം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ നിന്നും ഇത് വ്യക്തമാണ്.

    “ഞാൻ വളരെയധികം തകർന്നു പോയിരിക്കുകയാണ്. ഇതിനു യാതൊരു ഒഴികഴിവും പറയാൻ കഴിയില്ല. അടുത്ത  ലീഗിന് യോഗ്യത നേടാനുള്ള എല്ലാം ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും അതിൽ ഞങ്ങൾ പരാജയപ്പെട്ടു. ലിവർപൂൾ അതിനു യോഗ്യത നേടുന്നത് ഏറ്റവും ചെറിയ കാര്യമാണ്. പ്രചോദനം നൽകുന്ന ഒരു പോസ്റ്റ് ഇടുന്നത് നേരത്തെയാണെന്ന് അറിയാം, പക്ഷെ ഞങ്ങൾ നിങ്ങളെ നിരാശരാക്കിയതിനു സോറി.” സലാ കുറിച്ചു.

    വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മറ്റൊരു ക്ലബ് പുതിയ ശക്തികളായ ന്യൂകാസിൽ യുണൈറ്റഡാണ്‌. ലിവർപൂൾ ബ്രൈറ്റൻ എന്നിവർ യൂറോപ്പ ലീഗിന് യോഗ്യത നേടിയപ്പോൾ ഒരു മത്സരം ബാക്കി നിൽക്കെ ആസ്റ്റൺ വില്ല, ടോട്ടനം, ബ്രെന്റഫോഡ് എന്നിവർ കോൺഫറൻസ് ലീഗ് യോഗ്യതക്കായി പോരാടും.

  2. ലിവര്‍പൂളിന് വേണം ഗോളടിക്കുന്ന ആ പഴയ സലയെ; പ്രതീക്ഷയോടെ ആരാധകര്‍

    Leave a Comment

    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ തൊട്ടതെല്ലാം പിഴക്കുകയാണ് ലിവര്‍പൂളിന്. ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ പുതിയതാരങ്ങളെയെത്തിച്ചിട്ടും ഫോര്‍മേഷന്‍മാറ്റി പരീക്ഷിച്ചിട്ടുമൊന്നും രക്ഷയില്ല. തുടര്‍ തോല്‍വിയോടെ പ്രീമിയര്‍ലീഗില്‍ ഒന്‍പതാംസ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍.

    എഫ്.എ കപ്പില്‍ ബ്രൈട്ടനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റുപുറത്താകുകയും ചെയ്തു. സൂപ്പര്‍താരം മുഹമ്മദ് സലയുടെ മങ്ങിയ ഫോമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. മുന്‍സീസണുകളില്‍ ഗോളടിച്ച് കൂട്ടിയ ഈജിപ്തുകാരന്‍ ഓരോ മത്സരത്തിലും നിരാശപ്പെടുത്തുകയാണ്.

    17 ഗോളുകളാണ് സീസണില്‍ ഇതുവരെ സലയില്‍ നിന്ന് വന്നത്. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ലീഗിലും ഏഴുഗോള്‍വീതം. പരിശീലകന്‍ ജാര്‍ഗന്‍ ക്ലോപ്പ് കളിശൈലിയില്‍ വരുത്തിയമാറ്റങ്ങള്‍ താരത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചതായാണ് വിലയിരുത്തല്‍. സെനഗല്‍താരം സാദിയോ മാനെ കഴിഞ്ഞസീസണോടെ ജര്‍മ്മന്‍ ക്ലബ് ബയേണിലേക്ക് കൂടുമാറിയതും മുന്നേറ്റത്തിന്റെ മൂര്‍ച്ചകുറക്കാന്‍ കാരണമായി. വമ്പന്‍തുക മുടക്കിയെത്തിച്ച മുന്നേറ്റതാരം ഡാര്‍വിന്‍ ന്യൂയ്‌നെസ് അവസരത്തിനൊത്തുയരാത്തതും തിരിച്ചടിയായി. പ്രതിരോധതാരം അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെ സ്ഥാനം മാറ്റി മധ്യനിരയില്‍ കളിപ്പിക്കുന്നതും ടീം ഫോര്‍മേഷനെ ബാധിച്ചു.


    കളിക്കളത്തില്‍ പന്ത് ലഭിക്കാതെ നില്‍ക്കുന്ന സലെയാണ് പലപ്പോഴും കാണുന്നത്. ബ്രൈട്ടനെതിരായ മത്സരത്തില്‍ ആത്മവിശ്വാസം നഷ്ടമായ നിലയിലായിരുന്നു താരം. രണ്ട് വര്‍ഷത്തിനിടെ തുടരെ നാല് മത്സരങ്ങളില്‍ സലെ ഗോള്‍നേടാനാവാതെ പോകുന്നതും ആദ്യമാണ്.

    ചാമ്പ്യന്‍സ് ലീഗിലടക്കം മുന്നേറാന്‍ ലിവര്‍പൂള്‍ നിരയില്‍ സലെ ഫോമിലേക്കുയരണം. പ്രീമിയര്‍ലീഗില്‍ ശരാശരിയാണെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ താരം ഗോള്‍കണ്ടെത്തുന്നത് ആരാധകര്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്. എന്നാല്‍ ഇതിന് അവസരമൊരുക്കാനും പ്രതിരോധത്തിലടക്കം ശക്തമായി നിലനില്‍ക്കാനും ഈ ലിവര്‍പൂള്‍ ടീമിന് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നാളെ പ്രീമിയര്‍ലീഗില്‍ വൂള്‍വ്‌സിനെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകര്‍ പ്രതീക്ഷവെക്കുന്നതും സലയുടെ ഫോമിലാണ്.

  3. റാമോസിനെ എന്റെ പിറന്നാളിന് പോലും ക്ഷണിക്കില്ല, സലായുടെ പരിക്കിന്റെ ഓർമ്മകൾ പങ്കുവെച്ച് ക്ളോപ്പ്‌

    Leave a Comment

    2018ൽ നടന്ന ചാമ്പ്യൻസ്‌ലീഗ് ഫൈനൽ മത്സരത്തിന്റെ തനിയാവർത്തനമെന്നോണമാണ് ഇത്തവണ ലിവർപൂൾ റയൽ മാഡ്രിഡിനെ ക്വാർട്ടർ ഫൈനലിൽ നേരിടാനൊരുങ്ങുന്നത്. 2018 ഫൈനലിൽ തോൽവിയേറ്റുവാങ്ങേണ്ടി വന്നത് ഒരു ലിവർപൂൾ ആരാധകനും മറക്കാനാവില്ലെന്നത് പോലെ തന്നെ പരിശീലകൻ യർഗൻ ക്ളോപ്പും മത്സരത്തിനു മുന്നോടിയായി ചാമ്പ്യൻസ്‌ലീഗ് ഓർമകൾ അയവിറക്കുകയാണ്. കളിയുടെ ഗതി തിരിച്ച മുഹമ്മദ്‌ സലായുടെ പരിക്കും ക്ളോപ്പിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല.

    സെർജിയോ റാമോസിന്റെ മാരകഫൗളിൽ സലായുടെ തോളെല്ലിന് പരിക്കേറ്റു പുറത്തു പോയത് ദേഷ്യം അടക്കാനാവാതെ നോക്കി നിൽക്കാനേ ക്ളോപ്പിനു സാധിച്ചുള്ളൂ. എന്നാൽ ഇത്തവണ അതിന്റെ പ്രതികാരം തീർക്കാനല്ല ലിവർപൂൾ ഇറങ്ങുന്നതെന്നാണ് ക്ളോപ്പിന്റെ പക്ഷം. അന്നത്തെ രാത്രി ഒരിക്കലും മറക്കില്ലെന്നും ആ സമയത്ത് റാമോസിനെ തന്റെ പിറന്നാളിന് പോലും ക്ഷണിക്കാൻ മനസു വരില്ലെന്ന അഭിപ്രായമാണ് ക്ളോപ്പ്‌ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞത്.

    “ഞങ്ങൾ ഇതിനെ ഒരു പ്രതികാരം തീർക്കാനുള്ള യാത്രയായിട്ടല്ല കരുതുന്നത്. മത്സരം ചാമ്പ്യൻസ്‌ലീഗ് ആയതു തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. ഞങ്ങൾക്ക് അടുത്ത റൗണ്ടിലേതേണ്ടതുണ്ട്. പക്ഷെ ഇതിനു 2018മായി ഇതിനൊരു ബന്ധവുമില്ല. അതിനു ശേഷം ആദ്യമായാണ് ഞങ്ങൾ റയൽ മാഡ്രിഡിനെ നേരിടുന്നതെന്നതുകൊണ്ട് തന്നെ ആ മത്സരം എന്റെ ഓർമയിലുണ്ട്.”

    “ഇത് ഞാൻ അന്നത്തെ മത്സരത്തിനു ശേഷവും പറഞ്ഞിരുന്നു. ആരോ എന്നോട് ചോദിക്കുകയുണ്ടായി അന്നത്തെ മത്സരത്തിനു ഒരാഴ്ചക്കു ശേഷം റാമോസിനെ എന്റെ പിറന്നാൾ പാർട്ടിക്ക് ക്ഷണിക്കുമോയെന്നു. അന്നായിരുന്നെങ്കിൽ ഞാൻ നോ എന്നു പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. തീർച്ചയായും അന്നു രാത്രിയിൽ നടന്നത് എനിക്കു തീരെ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു വിചിത്രമായ രാത്രിയായായിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്.” ക്ളോപ്പ്‌ പറഞ്ഞു

  4. സലായെ സ്വന്തമാക്കുകയെന്നത് ആദരവേകുന്ന കാര്യം, ബയേൺ ചീഫ് പറയുന്നു

    Leave a Comment

    ലിവർപൂളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ താരമാണ് മൊഹമ്മദ് സലാ. സലായെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്കിൻ്റെ താത്പര്യത്തെക്കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബയേൺ ചീഫായ കാൾ ഹെയ്ൻസ് റമ്മനി ഗ്ഗെ. സലായെ പോലുള്ള ഒരു താരത്തെ സ്വന്തമാക്കുകയെന്നത് ഞങ്ങളെ ആദരിക്കുന്നത് പോലെയാണെന്നാണ് റമ്മനിഗ്ഗെ അഭിപ്രായപ്പെട്ടത്. മെസിക്കും ക്രിസ്ത്യാനോക്കും സമാനനായ താരമാണ് സലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    സലാ തന്നെ മുമ്പൊരിക്കൽ ബാഴ്സയിലേക്കോ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. താരത്തെ സ്വന്തമാക്കാൻ നിലവിൽ പദ്ധതിയില്ലങ്കിലും ക്ലബ്ബിൻ്റെ റഡാറിൽ താരവും ഉൾപ്പെടുമെന്ന സൂചനയാണ് റമ്മനിഗ്ഗെ വ്യക്തമാക്കിയത്. ജർമൻ മാധ്യമമായ ടൈംസ്പോർട്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ” നിലവിൽ സലായെ വാങ്ങാൻ ഞങ്ങൾക്ക് പദ്ധതിയില്ല. പക്ഷേ സലായെ വാങ്ങാനാവുകയെന്നത് ഞങ്ങൾ ഒരു ആദരമായാണ് കണക്കാക്കുന്നത്. എൻ്റെ അഭിപ്രായത്തിൽ സലാ ഒരു ആഫ്രിക്കൻ മെസിയാണ്. ലോകത്തെ മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാനുള്ള മികവും തീർച്ചയായും അവനിലുണ്ട്. അവൻ നേടിയെടുത്തതിനെയെല്ലാം ബാഴ്സക്കും റയൽ മാഡ്രിഡിനും മെസിയും ക്രിസ്ത്യാനോയും നേടിയെടുത്തതുമായി താരതമ്യപ്പെടുത്താവുന്നതാണ്.” റമ്മനിഗ്ഗെ പറഞ്ഞു.

    അടുത്തിടെ സലാ ക്ലബ്ബ് വിടാനുള്ള സാധ്യതയെ ക്ലോപ്പ് തള്ളിക്കളഞ്ഞിരുന്നു. ഇത് സാധാരണമായ ഒരു കാര്യമാണെന്നും ഏതെങ്കിലും മികച്ച ക്ലബ്ബുകളിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടോയെന്നു ചോദിച്ചതിന് ലളിതമായ ഉത്തരം നൽകിയതായിരിക്കാമെന്നും ക്ലോപ്പ് വ്യക്തമാക്കിയിരുന്നു. അത് തങ്ങളെ ബാധിക്കില്ലെന്നും ക്ളോപ്പ്‌ ചൂണ്ടിക്കാണിച്ചു.

  5. പോവണമെന്നാണെങ്കിൽ ആരെയും തടഞ്ഞു നിർത്താനാവില്ല, സലാ അഭ്യൂഹങ്ങളെക്കുറിച്ച് ക്ലോപ്പ് പ്രതികരിക്കുന്നു

    Leave a Comment

    ലിവർപൂൾ ആക്രമണനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഈജിപ്ഷ്യൻ സൂപ്പർതാരം മൊഹമ്മദ് സലാ. എന്നാൽ അടുത്ത കാലത്തായി ലിവർപൂളിലെ താരത്തിന്റെ അത്ര മികച്ചതായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ രാജ്യാന്തര ഫുട്ബോളിലെ സഹതാരവും സുഹൃത്തുമായ മൊഹമ്മദ്‌ അബൌത്രിക വെളിപ്പെടുത്തിയത്. സ്പാനിഷ് മാധ്യമമായ എഎസിനു നൽകിയ അഭിമുഖത്തിൽ ബാഴ്സയേയും റയൽ മാഡ്രിഡിനെയും ആരാധിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നു.

    ഇത് താരത്തിണ് ക്ലബ്ബ് വിടാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ലിവർപൂളിൽ താരം അസന്തുഷ്ടനാണെന്നു സുഹൃത്ത്‌ കൂടി പിന്നീട് വെളിപ്പെടുത്തിയതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി മാറുകയായിരുന്നു. എന്നാൽ താരത്തിന്റെ ഈ പ്രതികരണത്തോടും അഭ്യൂഹങ്ങളോടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകൻ യർഗൻ ക്ളോപ്പ്‌. പത്രസമ്മേളത്തിൽ സംസാരിക്കുമ്പോഴാണ് അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.

    “എനിക്ക് തോന്നുന്നത് ഇപ്പോൾ ലിവർപൂൾ വിടാനുള്ള കാരണമായി പറയാവുന്നത് ഇവിടുത്തെ കാലാവസ്ഥ മാത്രമാണ്. അല്ലാതെ വേറെന്താണ്? ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിലൊന്നാണ് ഇത്. ഞങ്ങൾ മികച്ചരീതിയിൽ തന്നെ ശമ്പളം നൽകുന്നുമുണ്ട്. ഞങ്ങൾക്ക് മികച്ച ഒരു സ്റ്റേഡിയവും വിശേഷപ്പെട്ട ആരാധകരുമുണ്ട്. “

    നമുക്കൊരിക്കലും ബലം പ്രയോഗിച്ചു ആളുകളെ നിലനിർത്താനായി സാധിക്കില്ല. അതാണ് പ്രധാനകാര്യം. ഞങ്ങൾ മാറ്റങ്ങൾ വരുത്തുകയും പുതിയ കളിക്കാരെ കൊണ്ടുവരുകയും ചെയ്യുന്നു. ഒരു താരത്തിനു പോകണമെന്ന് പറയുകയാണെങ്കിൽ അവരെ പിടിച്ചു നിർത്താൻ ഞങ്ങൾക്കാവില്ല. എന്നാൽ എന്ത് കൊണ്ടാണ് ഒരാൾക്ക് ഇവിടെ നിന്നും പോകാൻ ആഗ്രഹിക്കുന്നതെന്നാണ് എനിക്ക് മനസിലാവാത്തത്. ” ക്ളോപ്പ്‌ പറഞ്ഞു.

  6. ലിവർപൂളിൽ അസന്തുഷ്ടൻ, സലായെ വിൽക്കാനുള്ള നീക്കങ്ങൾ ലിവർപൂൾ ആരംഭിച്ചുവെന്നു ഈജിപ്ഷ്യൻ സഹതാരം

    Leave a Comment

    ലിവർപൂളിനായി മികച്ച പ്രകടനം നടത്തുന്ന സൂപ്പർതാരമാണ് മൊഹമ്മദ് സലാ. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ക്ലോപ്പിന്റെ  ലിവർപൂളിന്റെ ആക്രമണനിരയിലെ അവിഭാജ്യ ഘടകമാണ് ഈ ഇരുപത്തെട്ടുകാരൻ. എന്നാൽ അടുത്തിടെയായി ലിവർപൂളിൽ താരം അസന്തുഷ്ടനാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ അഭ്യൂഹങ്ങൾക്ക് അടിത്തറയേകി സലായുടെ ഈജിപ്ഷ്യൻ  അന്താരാഷ്ട സഹതാരമായ മൊഹമ്മദ്‌ അബൗട്രികയുടെ പ്രസ്താവനകളും പുറത്തുവന്നിരിക്കുകയാണ്.

    ലിവർപൂളിൽ താരം അസന്തുഷ്ടനാണെന്നും മിച്ചിലാന്റുമായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനു ശേഷമാണ് സലാ കൂടുതൽ അസന്തുഷ്ടനായി കാണപ്പെട്ടതെന്നാണ് അബൗട്രിക വെളിപ്പെടുത്തുന്നത്. താരത്തിനു പകരമായി ട്രെന്റ് അലക്സാണ്ടർ അർണോൾഡിനു ക്യാപ്റ്റൻ സ്ഥാനം നൽകിയതാണ് സലായെ ചൊടിപ്പിച്ചതെന്നാണ് അബൗട്രിക വെളിപ്പെടുത്തുന്നത്. ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഞാൻ സലായുടെ ലിവർപൂളിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചു വിളിച്ചപ്പോൾ അവൻ ദുഃഖിതനായാണ് കാണപ്പെട്ടത്. പക്ഷെ അതൊന്നും അവന്റെ പ്രകടനത്തെ ബാധിക്കാറില്ല. സലാ ലിവർപൂളിൽ സന്തോഷവാനല്ലെന്നു എനിക്കറിയാം. എന്തുകൊണ്ടാണ് അസന്തുഷ്ടനാവാനുണ്ടായ കാരണമെന്നു അവനെന്നോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് രഹസ്യമായ കാര്യമാണ്. എനിക്കു പരസ്യമായി വെളിപ്പെടുത്താനാവില്ല. ഒരു കാരണമായി പറയാവുന്നത് മിച്ചിലാന്റിനെതിരെ ക്യാപ്റ്റനാക്കാതിരുന്നത് സലായിൽ ദേഷ്യമുണ്ടാക്കിയിട്ടുണ്ടെന്നതാണ്.”

    ഇപ്പോഴത്തെ പ്രകടനത്തിൽ സലാ ഒരു റയൽ മാഡ്രിഡ് അല്ലെങ്കിൽ ബാഴ്സ താരമായിരുന്നുവെങ്കിൽ തീർച്ചയായും ബാലൺ ഡിയോർ ലഭിച്ചിട്ടുണ്ടാവും. ഒരു സ്പാനിഷ് ന്യൂസ്‌പേപ്പർ ബാഴ്‌സലോണയെയോ റയൽ മാഡ്രിഡിനെയും പറ്റി സലായോട് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്റെ അഭിപ്രായത്തിൽ സാമ്പത്തികമായ കാരണത്താൽ ലിവർപൂൾ സലായെ വിൽക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ്. സലായുടെ തീരുമാനത്തെ എനിക്കു ഒരു സ്വാധീനവുമില്ല.  അദ്ദേഹമെന്റെ സുഹൃത്തും സഹോദരനുമാണ്. എന്താണ് തനിക്കു നല്ലതെന്നു മനസിലാക്കാനുള്ള ബുദ്ധിയൊക്കെ അവനുണ്ട്. ” അബൗട്രിക പറഞ്ഞു.

  7. സലാക്ക് ബാഴ്സയിലും കൂമാനു സലായിലും താത്പര്യമുണ്ട്, വെളിപ്പെടുത്തലുമായി അയാക്സ് ഇതിഹാസം

    Leave a Comment

    ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാക്ക് ബാഴ്സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തി മുൻ ഡച്ച് താരം. മുൻ ഡച്ച് താരവും അയാക്സ് ഇതിഹാസവുമായ സാക്ക് സ്വാർട്ട് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാന് സലായിൽ താത്പര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

    “കൂമാന് സലായെ വേണമെന്ന കാര്യം എനിക്കറിയാം.അത്പോലെ തന്നെ സലാക്കും ബാഴ്സലോണയെ ആവിശ്യമുണ്ട്. ഈ വിവരങ്ങൾ എവിടുന്ന് എനിക്ക് കിട്ടി എന്ന കാര്യമൊന്നും ഞാൻ വെളിപ്പെടുത്തുന്നില്ല. പക്ഷെ എനിക്കറിയാം.” സ്വാർട്ട് ഇംഗ്ലീഷ് മാധ്യമമായ ഡസൗണ് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

    നിലവിൽ ലിവർപൂളിന്റെ കൂമാന്റെ പ്രിയ മധ്യനിര താരം വൈനാൾഡത്തിന് ശ്രമത്തിലാണ് ബാഴ്സലോണ. എന്നാൽ ലിവർപൂൾ താരത്തിനെ വിടുന്ന മട്ടില്ല. ലിവർപൂളിന്റെ സൂപ്പർതാരം സാഡിയോ മാനേയിലും ബാഴ്സക്ക് താത്പര്യമുണ്ടായിരുന്നു. സാമ്പത്തികപരമായ തടസ്സങ്ങളാണ് ഈ ട്രാൻസ്ഫറുകൾക്ക് വിലങ്ങുതടിയാവുന്നത്. ഇതിനോടൊപ്പമാണ് സലായുടെ അഭ്യൂഹവും കടന്നു വരുന്നത്.

    ഉസ്മാൻ ഡെംബലെയും സലാഹിനെയും കൈമാറ്റം നടത്താനും ബാഴ്സലോണ ശ്രമിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഡെംബലെക്ക് പുറമെ പണവും ബാഴ്സ വാഗ്ദാനം ചെയ്‌തേക്കും എന്നാൽ ജർഗെൻ ക്ലോപ് സലായെ വിട്ടു തരാനുള്ള സാധ്യതകൾ വളരെ കുറവാണ്. ക്ലബ് വിടാനൊരുങ്ങുന്ന ലൂയിസ് സുവാരസിന്റെ പകരക്കാരനായി ഒരു സ്‌ട്രൈക്കറെ കണ്ടെത്താൻ ബാഴ്സ ശ്രമങ്ങളിൽ ലുവറ്റാറോ മാർട്ടിനെസ്-ഡീപേ എന്നീ പേരുകൾക്കൊപ്പമാണ് ഇപ്പോൾ സലായുടെ പേരും ഉയർന്നുവരുന്നത്

  8. ലീഡ്‌സിനെതിരെ ഹാട്രിക്ക്, റെക്കോർഡിട്ട് പ്രീമിയർ ലീഗിനു തുടക്കം കുറിച്ച് സലാ

    Leave a Comment

    2020-21 പ്രീമിയർലീഗ്  സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്ക് പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലാ. 16 വർഷത്തെ ഇടവേളയ്ക്കു ശേഷം അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയേൽസക്കു കീഴിൽ പ്രീമിയർ ലീഗിലേക്ക് വൻതിരിച്ചുവരവ് നടത്തിയ ലീഡ്സ് യുണൈറ്റഡിനെ  മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തറപറ്റിച്ചത്. തിരിച്ചുവരവ് ഒട്ടും മോശമാക്കാതെ തന്നെയാണ് ലീഡ്‌സും കളിച്ചു മുന്നേറിയത്.

    സീസണിന്റെ ആദ്യമത്സരത്തിൽ തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് ഇംഗ്ലീഷ് വമ്പൻമാർക്ക് മുന്നറിയിപ്പു നൽകുകയാണ് സലാ. 1988-89  സീസണിൽ ആദ്യമത്സരത്തിൽ  ജോൺ ആൽഡ്രിഡ്ജ്  ചാൾട്ടണെതിരെ നേടിയ ഹാട്രിക്കിന് ശേഷം മുഹമ്മദ് സലായാണ്  ആദ്യമത്സരത്തിൽ ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന ആദ്യ താരം.  ഈ ഹാട്രിക്ക് നേട്ടത്തോടെ പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ ഇടംപിടിക്കാനും സലായ്ക്ക് സാധിച്ചിരിക്കുകയാണ്.

    മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം  വെയ്ൻ റൂണിയുടെ റെക്കോർഡ് ആണ് മുഹമ്മദ് സലാ മറികടന്നിരിക്കുന്നത്. സലാ ലിവർപൂളിന് വേണ്ടി ഗോൾ നേടിയ 35 മത്സരങ്ങളിലും ലിവർപൂളിന് വിജയം നേടാനായതെന്നതാണ് ചരിത്രത്താളുകളിൽ ഇടം പിടിച്ചത്. റൂണി  ഗോൾ നേടിയ 34 മത്സരങ്ങളും യുണൈറ്റഡിന് വിജയം നേടാനായെന്നത് പ്രീമിയർ ലീഗിലെ മുൻ  റെക്കോർഡായിരുന്നു. ആ റെക്കോർഡാണ് ഇന്നലത്തെ ഹാട്രിക്കോടെ സലാ മറികടന്നത്.വിജയത്തിനുശേഷം ലീഡ്‌സിന്റെ പോരാട്ടവീര്യത്തെക്കുറിച്ച് സംസാരിക്കാനും സലാ മറന്നില്ല

    ” വളരെ ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു ഇത്. പ്രത്യേകിച്ച് ഫാൻസിന്റെ അഭാവത്തിൽ കളിക്കുന്നതിനാൽ.  അവരുടെ പാസിങ് മികച്ചതായിരുന്നു. അവരുടെ കളിയിലെ സമ്മർദ്ദം വളരെ മികച്ചതായിരുന്നു.  ഞങ്ങൾക്ക് മികച്ചൊരു മത്സരമായിരുന്നു ഇത്. ഞങ്ങളൊരിക്കലും മൂന്നു ഗോളുകൾ വഴങ്ങരുതായിരുന്നു. എങ്കിലും മൊത്തത്തിൽ ഞങ്ങൾക്ക് നന്നായി കളിക്കാനായി. അവർ ബുദ്ധിമുട്ടേറിയ ടീം തന്നെയായിരുന്നു. സാഹചര്യങ്ങളോട് നന്നായി പ്രതികരിച്ചു. അവർ മൂന്നു ഗോളുകൾ നേടിയെന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് അർത്ഥം.” സലാ മത്സരശേഷം പറഞ്ഞു.

  9. പുത്തൻ ഹെയർസ്‌റ്റൈലുമായി മുഹമ്മദ് സലാഹ്, അമ്പരന്ന് ആരാധകലോകം

    Leave a Comment

    ലിവർപൂളിന്റെ ശ്രദ്ധേയമായ പ്രീമിയർ ലീഗ് കിരീടനേട്ടത്തിനു ശേഷം അവധിക്കാലം ആഘോഷിക്കുകയാണ് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലാഹ്. എന്നാൽ തന്റെ പുതുമയുള്ള മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാമിലിട്ടു ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് മുഹമ്മദ് സലാഹ്.

    തന്റെ തനതു ഹെയർസ്റ്റൈലായ ആഫ്രോയിൽ നിന്നും വ്യത്യസ്തമായി നീളം കുറഞ്ഞ മുടിയുമായി ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ലിവർപൂളിലെ തന്റെ സഹതാരങ്ങളും പുതിയ ഹെയർസ്റ്റൈലിനെക്കുറിച്ച് അത്ഭുതത്തോടെ അഭിനന്ദിച്ചും കളിയാക്കികൊണ്ടുമുള്ള അഭിപ്രായങ്ങൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.

    View this post on Instagram

    ????

    A post shared by Mohamed Salah (@mosalah) on

    “പറയാനാഗ്രഹമില്ലെങ്കിലും പറയുകയാണ്. നീയെന്റെ ഹെയർസ്റ്റൈൽ കോപ്പിയടിച്ചു. എന്നാലും പുതുമയുണ്ട് സഹോദരാ” ഓക്സ്ലാഡ്‌ ചേംബർലൈൻ സലായുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

    എന്നാൽ ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ കയ്യടിക്കുന്ന ഇമോജികളാണ് ആരാധനയോടെ സലായുടെ പുതിയമാറ്റത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

    ലിവർപൂളിന്റെ യുവതാരം കർട്ടിസ് ജോൺസ് “എനിക്കിഷ്ടപ്പെട്ടു സഹോദരാ” എന്നതിനൊപ്പം ചിരിക്കുന്ന ഇമോജികളും കുറിച്ചപ്പോൾ ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കർ “ഒടുവിൽ”എന്ന് മാത്രമാണ് ചിത്രത്തിനടിയിൽ കുറിച്ചത്. എന്തായാലും പുതുമയുള്ള സലായുടെ ഹെയർസ്റ്റൈൽ ലിവർപൂൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

  10. ഇപിഎല്ലില്‍ ഇനി ലിവര്‍പൂളിന്റെ മൃഗീയാധിപത്യം, തുറന്ന് പറഞ്ഞ് സലാഹ്

    Leave a Comment

    മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയതിന്റെ ആവേശത്തിലാണ് ലിവര്‍പൂളും ഒപ്പം ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹും. എന്നാല്‍ ഇതുകൊണ്ടൊന്നും നിര്‍ത്താന്‍ ഇനി തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സലാഹ് അവകാശപ്പെടുന്നത്.

    ഇനിയും തങ്ങള്‍ക്ക് തുടര്‍ച്ചയായി പ്രീമിയര്‍ ലീഗ് കിരീടം നേടാനാവുമെന്നും ഇഗ്ലീഷ് ഫുട്ബോളില്‍ ലിവേര്‍പൂളിന്റെ ആധിപത്യം നിലനിര്‍ത്താനാവുമെന്നും സലാഹ് വിലയിരുത്തുന്നു. ലിവര്‍പൂളിന് ഇനിയൊരു പ്രീമിയര്‍ ലീഗ് കിരീടം നേടാതിരിക്കാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും സലാഹ് കൂട്ടിചേര്‍ത്തു.

    മുപ്പതു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച ചെല്‍സിക്കെതിരെ അധികാരിക വിജയം നേടിയാണ് ക്‌ളോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍വലകുലുക്കിയ സലാഹ് അടുത്ത സീസണെപ്പറ്റി കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോഴേ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്.

    ’30 വര്‍ഷത്തിനു ശേഷം ഈ ക്ലബിനൊപ്പം പ്രീമിയര്‍ ലീഗ് കിരീടം നേടിയത് വലിയൊരു അനുഭൂതിയാണ്. ഒരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അടുത്ത സീസണിലേക്കും ഇതേ ആവേശം ഞങ്ങള്‍ക്കാവശ്യമുണ്ട്. കാരണം അടുത്ത സീസണ്‍ നേടുകയെന്നത് ശ്രമകരമായ ജോലിയാണ്. മറ്റു ടീമുകള്‍ കിരീടം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും’ സലാഹ് പറയുന്നു.

    ‘എന്തുകൊണ്ടാണ് രണ്ടോ മൂന്നോ ലീഗ് കിരീടം ഇനിയും നേടാന്‍ ലിവര്‍പൂളിന് നേടാന്‍ കഴിയില്ലെന്ന് പറയുന്നതെന്ന് എനിക്കറിയില്ല എന്നാല്‍ വിജയിക്കാനുള്ള ആഗ്രഹമുള്ളിടത്തോളം അടുത്ത സീസണിലും മികച്ച രീതിയില്‍ തന്നെ പോരാടി വിജയം നേടാനാവും’ സലാഹ് ബിബിസിയുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

    ഇടവേളയ്ക്കു ശേഷം സെപ്റ്റംബര്‍ 12 മുതല്‍ ആരംഭിക്കുന്ന അടുത്ത സീസണില്‍ മികച്ച രീതിയില്‍ തന്നെ ലിവര്‍പൂളിന് മുന്നേറാന്‍ കഴിയുമെന്നാണ് സലാഹ് പ്രതീക്ഷിക്കുന്നത്.