Tag Archive: Manchester United

  1. അർജന്റീന താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ, ഇരട്ടഗോളുകളുമായി ഗർനാച്ചോയുടെ മിന്നും പ്രകടനം

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ താരോദയമായി ഏവരും വാഴ്ത്തുന്ന ഗർനാചായുടെ മറ്റൊരു ഗംഭീര പ്രകടനത്തിന് കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ രണ്ടു ഗോളുകളും നേടിയത് അർജന്റീന താരമായിരുന്നു.

    ഈ സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ ഹൊയ്‌ലുണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയ മത്സരത്തിൽ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ആദ്യത്തെ ഗോൾ നേടിയ ഗർനാച്ചോ അതിനു ശേഷം മാക്റ്റോമിനി വഴിയൊരുക്കി മറ്റൊരു ഗോൾ കൂടി നേടി ടീമിന്റെ വിജയം മികച്ചതാക്കി.

    ഗോൾ നേടിയതിനു ശേഷം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രെഷൻ ഗർനാച്ചോ അനുകരിച്ചിരുന്നു. ഗർനാച്ചോ മാതൃകയാക്കേണ്ടത് റൊണാൾഡോയെ അല്ലെന്നും മെസിയെ ആണെന്നും താനായിരുന്നെങ്കിൽ മെസിയുടെ സെലിബ്രെഷനാകും അനുകരിക്കുകയെന്നും ഡി മരിയ പറഞ്ഞിരുന്നു. അതിനുള്ള മറുപടി കൂടിയായിരുന്നു ആ സെലിബ്രെഷൻ.

    മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഈ സീസണിൽ പ്രീമിയർ ലീഗിൽ അർജന്റീന താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. അതിനു പുറമെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. വെറും പത്തോമ്പത് വയസ് മാത്രം പ്രായമുള്ള താരം തന്റെ പ്രതിഭ വീണ്ടും വീണ്ടും തെളിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ഭദ്രമാണെന്ന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

  2. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിസന്ധി ഡിബാല അവസാനിപ്പിക്കുമോ, അർജന്റീന താരത്തിനെ റാഞ്ചാൻ ശ്രമം

    Leave a Comment

    ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ എല്ലാവരും ഉറ്റു നോക്കാൻ സാധ്യതയുള്ള താരമാണ് ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന ഡിബാല. ക്ലബുമായുള്ള കരാർ പ്രകാരം ജനുവരി പിറന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ലോസ് പതിമൂന്നു മില്യൺ യൂറോ ആയിട്ടുണ്ട്. ഇറ്റലിക്ക് പുറത്തുള്ള ഏതൊരു ടീമിനും താരത്തിന്റെ സമ്മതമുണ്ടെങ്കിൽ ഈ തുക നൽകി ദിബാലയെ സ്വന്തമാക്കാൻ കഴിയും.

    ദിബാലയുടെ ഈ സാഹചര്യം മനസിലാക്കി താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ അഴിച്ചുപണികൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ദിബാലയെപ്പോലൊരു താരം എത്തിയാൽ അവർക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല ഡിബാലക്ക് വേണ്ടി രംഗത്തുള്ള ക്ലബുകൾ. ഫ്രഞ്ച് ക്ലബായ പിഎസ്‌ജി, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബായ ടോട്ടനം, സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡ് എന്നിവർ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ഈ ക്ലബുകളെല്ലാം മുൻപും ദിബാലയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

    യുവന്റസിൽ നിന്നും റോമയിലേക്ക് ചേക്കേറിയ ദിബാല ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇപ്പോൾ തന്നെ ലീഗിൽ പത്തോളം ഗോളുകളിൽ താരം പങ്കാളിയായിട്ടുണ്ട്. സീസണിന്റെ ഇടയിൽ താരം ക്ലബ് വിടുമോയെന്ന കാര്യം ഉറപ്പില്ലെങ്കിലും അർജന്റീനക്കൊപ്പം ലോകകപ്പ് നേടി ആത്മവിശ്വാസത്തിൽ നിൽക്കുന്ന ദിബാലയെ സ്വന്തമാക്കാൻ കഴിഞ്ഞാൽ ഈ ടീമുകൾക്കതൊരു മുതൽക്കൂട്ടാണ്.

  3. കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തേക്ക്, സ്വന്തമാക്കാൻ യൂറോപ്യൻ വമ്പന്മാർ രംഗത്ത്

    Leave a Comment

    പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ബ്രസീലിയൻ താരം കസമീറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന ജനുവരി ജാലകത്തിൽ വിൽക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ കസമീറോ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ ആ നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പരിക്കിന്റെ ബുദ്ധിമുട്ടുകൾ താരം നേരിടുന്നത്.

    നവംബർ ആദ്യവാരത്തിലാണ് കസമീറോ അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മത്സരം കളിക്കുന്നത്. അതിനു ശേഷം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്ത താരത്തെ വിറ്റ് ജനുവരിയിൽ ടീമിനെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതിയിലാണ് പരിശീലകൻ എറിക് ടെൻ ഹാഗ്. സ്റ്റീവ് മക്ടോമിനായ് ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നതും ബാക്കപ്പായി മൊറോക്കൻ താരം അംറാബാത് ആ പൊസിഷനിൽ ഉണ്ടെന്നതും കൊണ്ടാണ് കസമീറോയെ വിൽക്കുന്ന കാര്യം അദ്ദേഹം ചിന്തിക്കുന്നത്.

    അതിനിടയിൽ താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ കസമീറോക്ക് വേണ്ടി ശ്രമം നടത്തിയ ക്ലബാണ് പിഎസ്‌ജി. എന്നാൽ റയൽ മാഡ്രിഡ് വിടാൻ തീരുമാനമെടുത്ത താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തിരഞ്ഞെടുത്തത്. ജനുവരിയിൽ ടീമിനെ ശക്തമാക്കുന്നതിനു വേണ്ടിയാണ് ലൂയിസ് എൻറിക് കസമീറോയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

    അതേസമയം റൊണാൾഡോയുടെ അടുത്ത സുഹൃത്തായ കസമീറോയെ സൗദി പ്രൊ ലീഗിൽ എത്തിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റിലുള്ള കസമീറോ യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പിഎസ്‌ജിയിലേക്ക് ചേക്കേറും. അതല്ലെങ്കിൽ വമ്പൻ തുകയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എത്താനാകും കസമീറോ ശ്രമിക്കുക.

  4. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതിസന്ധി രൂക്ഷം, ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാൻ സാധ്യത

    Leave a Comment

    എറിക് ടെൻ ഹാഗ് പരിശീലകനായ ആദ്യത്തെ സീസണിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടവും സ്വന്തമാക്കിയത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഈ സീസണിൽ കൂടുതൽ മികവ് കാണിക്കാൻ അവർക്ക് കഴിയുമെന്നാണ് ആരാധകർ കരുതിയതെങ്കിലും ഇതുവരെ ആ പ്രതീക്ഷ നിറവേറ്റാൻ ടീമിന് കഴിഞ്ഞിട്ടില്ല. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

    മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ടീമിലെ പ്രതിസന്ധി രൂക്ഷമായി മാറുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിശീലകനായ എറിക് ടെൻ ഹാഗും ടീമിലെ ഒരു കൂട്ടം താരങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു കൊണ്ടിരിക്കുകയാണ്. ഡച്ച് പരിശീലകന്റെ തന്ത്രങ്ങളിൽ അവർക്ക് സംശയങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    അതിനു പുറമെ അദ്ദേഹം താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും ടീമിനുള്ളിൽ അസ്വാരസ്യങ്ങളുണ്ട്. അവസരങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധസ്വരമുയർത്തിയ ജാഡൻ സാഞ്ചോയെ ടെൻ ഹാഗ് ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് താരത്തെ ഇത്തരത്തിൽ ഒഴിവാക്കുന്ന ടെൻ ഹാഗിന്റെ സമീപനം സ്വേച്ചാധിപത്യപരമാണെന്ന് താരങ്ങൾ കരുതുന്നു.

    ഡ്രസിങ് റൂമിലെ പകുതിയോളം താരങ്ങൾക്ക് ടെൻ ഹാഗിനോട് അസ്വസ്ഥതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിന്റെ ഫോമിനെയും അത് ബാധിക്കും. താരങ്ങൾ പരിശീലകനെതിരെ തിരിഞ്ഞാൽ അത് അദ്ദേഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാൻ തന്നെ കാരണമായേക്കും.

  5. റൊണാൾഡോ ആരാധകൻ ഇങ്ങിനെയൊരു ഗോൾ അടിച്ചില്ലെങ്കിലാണ് അത്ഭുതം, അർജന്റീന താരത്തിന്റെ അവിശ്വസനീയ ഗോൾ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം പിറന്നത് അവിശ്വസനീയ ഗോൾ. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന താരമായ ഗർനാച്ചോ നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിലാണ് ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തിയ ഗോൾ അർജന്റീന താരം നേടിയത്. നിരവധി മത്സരങ്ങൾക്ക് ശേഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടുന്ന ആദ്യത്തെ ഗോൾ കൂടിയായിരുന്നു അത്.

    മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ ബാക്ക് ലൈനിൽ നിന്നും വന്ന പാസ് സ്വീകരിച്ച റാഷ്‌ഫോഡ് അത് ദാലട്ടിനു നൽകി. പോർച്ചുഗൽ താരത്തിന്റെ ക്രോസ് വന്നത് ബോക്‌സിൽ നിൽക്കുകയായിരുന്ന ഗർനാച്ചോയുടെ അരികിലേക്ക്. താരം അതൊരു ബൈസിക്കിൾ കിക്കിലൂടെ വലയുടെ മൂലയിലേക്ക് പായിച്ചപ്പോൾ എവർട്ടൺ ഗോൾകീപ്പർക്ക് അതിൽ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു പെർഫെക്റ്റ് ബൈസിക്കിൾ ഗോളാണ് ഗർനാച്ചോ നേടിയത്.

    ഗോൾ നേടിയതിനു ശേഷം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാഡോയുടെ ട്രേഡ്‌മാർക്ക് സെലിബ്രെഷൻ താരം അനുകരിക്കുകയും ചെയ്‌തു. ഈ ഗോൾ പുഷ്‌കാസ് അവാർഡ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ആ നേട്ടം സ്വന്തമാക്കിയാൽ ലയണൽ മെസിക്ക് പോലും നേടാനാവാത്ത അവാർഡാണ് അർജന്റീന താരത്തെ തേടിയെത്തുക. എറിക് ലമേല മാത്രമാണ് ഇതിനു മുൻപ് അർജന്റീനയിൽ നിന്ന് പുഷ്‌കാസ് നേടിയിട്ടുള്ളത്.

    അർജന്റീന ടീമിൽ തന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ഈ ഗോളിലൂടെ താരത്തെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയുടെ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ താരം ഉണ്ടായിരുന്നില്ല. മികച്ച ഫോമിലല്ല കളിക്കുന്നത് എന്നതായിരുന്നു അതിനു കാരണമായി അർജന്റീന പരിശീലകൻ പറഞ്ഞത്. ഈ ഫോം നിലനിർത്താൻ കഴിഞ്ഞാൽ കോപ്പ അമേരിക്കക്കുള്ള ടീമിൽ ഗർനാച്ചോക്ക് സ്ഥാനമുറപ്പിക്കാൻ കഴിയും.

  6. പഴി കേട്ടിരുന്നവർ ഹീറോകളായി, ചാമ്പ്യൻസ് ലീഗിൽ നിർണായക വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

    Leave a Comment

    കഴിഞ്ഞ സീസണിൽ എറിക് ടെൻ ഹാഗിനു കീഴിൽ പ്രതീക്ഷ നൽകുന്ന പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയെങ്കിലും ഈ സീസണിൽ അതാവർത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മോശം പ്രകടനത്തിന്റെ പേരിലും മത്സരങ്ങൾക്കിടയിൽ വരുത്തുന്ന പിഴവുകളുടെ പേരിലും പുതിയതായി ടീമിലെത്തിയ ഗോൾകീപ്പർ ഒനാന ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധതാരമായ ഹാരി മാഗ്വയറും സമാനമായ വിമർശനം ഒരുപാട് കാലമായി ഏറ്റുവാങ്ങുന്നുണ്ട്.

    എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വളരെ നിർണായകമായ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയപ്പോൾ ഈ രണ്ടു താരങ്ങളുമാണ് ടീമിന്റെ ഹീറോകളായത്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഡാനിഷ് ക്ലബായ എഫ്‌സി കൊബാനിഹാവനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമാക്കിയിട്ടുണ്ട്.

    ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. രണ്ടു ക്ലബുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ എഴുപത്തിരണ്ടാം മിനുട്ടിലാണ് മഗ്വയർ ഗോൾ നേടുന്നത്. ഒരു കോർണറിനു ശേഷം ക്രിസ്റ്റ്യൻ എറിക്‌സൺ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലേക്ക് എത്തിച്ചാണ് മഗ്വയർ ടീമിന്റെ വിജയഗോൾ കുറിച്ചത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയ താരം ഈ മത്സരത്തിലും ടീമിന്റെ ഹീറോയായി.

    ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒനാനയും ഇന്നലെ ഹീറോ ആയിരുന്നു. മത്സരത്തിന്റെ അവസാനത്തെ മിനിറ്റുകളിൽ ഡാനിഷ് ക്ലബിന് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഈ പെനാൽറ്റി തടുത്തിട്ട് വിജയം ഉറപ്പിക്കാൻ സഹായിച്ച ഒനന മത്സരത്തിലുടനീളം കിടിലൻ സേവുകളും നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരവും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള ബയേൺ ഒന്നാമതും നാല് പോയിന്റുള്ള ഗലാത്സരെ രണ്ടാമതുമാണ്.

  7. എട്ടു വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ, നടത്തിയത് മാൻ ഓഫ് ദി മാച്ച് പ്രകടനം

    Leave a Comment

    പ്രധാന പ്രതിരോധതാരങ്ങൾക്ക് പരിക്ക് പറ്റിയതിനാൽ ഇന്നലെ ബേൺലിയുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കുകളായി കളിച്ചത് ലിൻഡ്‌ലോഫും ജോണി ഇവാൻസുമായിരുന്നു. മുപ്പത്തിയഞ്ചുകാരനായ ജോണി ഇവാൻസിനെ ഫസ്റ്റ് ഇലവനിൽ കണ്ടപ്പോൾ ആരാധകർ നെറ്റി ചുളിച്ചെങ്കിലും എട്ടു വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

    മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന് സീനിയർ ടീമിൽ നിരവധി വർഷങ്ങൾ കളിച്ച ഇവാൻസ് അതിനു ശേഷം വെസ്റ്റ് ബ്രോം, ലൈസ്റ്റർ സിറ്റി എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റം നടത്തിയതിനു ശേഷം ക്ലബിനൊപ്പം ഉണ്ടായിരുന്ന ഒൻപതു വർഷങ്ങളിൽ നിരവധി ക്ലബുകളിൽ ലോണിൽ കളിച്ച താരം അതിനു ശേഷമാണ് വെസ്റ്റ് ബ്രോമിലെത്തിയത്. പിന്നീട് ലൈസ്റ്റർ സിറ്റിയുടെ പ്രധാന താരമായിരുന്ന ഇവാന്സിനെ ഈ സമ്മറിലാണ് റെഡ് ഡെവിൾസ് തിരികെയെത്തിച്ചത്.

    തന്റെ മുൻ തട്ടകത്തിലേക്കുള്ള തിരിച്ചുവരവിൽ ഗംഭീര പ്രകടനമാണ് ജോണി ഇവാൻസ് നടത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ താരം നേടിയ ഗോൾ നിഷേധിക്കപ്പെട്ടെങ്കിലും അതിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് നേടിയ വോളി ഗോളിന് ഒരു ലോങ്ങ് പാസിലൂടെ അസിസ്റ്റ് നൽകിയത് താരമാണ്. അതിനു പുറമെ 90 ശതമാനത്തിലധികം പാസുകൾ പൂർത്തിയാക്കിയ താരം നേരിട്ട എല്ലാ ഡുവൽസും വിജയിക്കുകയും ചെയ്‌തു.

    മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇരുനൂറാമത്തെ മത്സരമാണ് താരം കളിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഈ മത്സരം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയാണ് സമ്മാനിച്ചതെന്നും ഓരോ നിമിഷവും താൻ ആസ്വദിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. മത്സരത്തിൽ ഇവാൻസ് അസിസ്റ്റ് നൽകിയ ഒരേയൊരു ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമുള്ള ടീമിന്റെ ആദ്യത്തെ ജയം കൂടിയാണിത്.

    ഇവാൻസിന്റെ മികച്ച പ്രകടനം കണക്കിലാക്കി തന്നെ തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ബ്രൂണോ ഫെർണാണ്ടസ് താരത്തിന് കൈമാറിയിരുന്നു. മത്സരത്തിന് ശേഷം എറിക് ടെൻ ഹാഗും താരത്തെ വളരെയധികം പ്രശംസിക്കുകയുണ്ടായി. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

  8. കടുത്ത തീരുമാനമെടുക്കാൻ ഡി ഗിയ, മുപ്പത്തിരണ്ടാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ചേക്കും

    Leave a Comment

    പന്ത്രണ്ടു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറായിരുന്ന ഡേവിഡ് ഡി ഗിയ ഈ സമ്മറിലാണ് ക്ലബ് വിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി പലപ്പോഴും മിന്നുന്ന പ്രകടനം നടത്തുകയും അതുപോലെ അബദ്ധങ്ങൾ വരുത്തി വെച്ച് വിമർശനങ്ങൾ നേരിടുകയും ചെയ്‌തിരുന്ന താരത്തിന്റെ കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിട്ടത്. കരാർ പുതുക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നെങ്കിലും അവസരങ്ങൾ കുറയുമെന്നതിനാൽ താരം അത് നിരസിച്ചു.

    മുപ്പത്തിമൂന്നാം വയസിലേക്ക് കടക്കുന്ന ഡി ഗിയയെ തേടി നിരവധി ഓഫറുകൾ വന്നിരുന്നു. എന്നാൽ താരത്തെ തേടിയെത്തിയ ഓഫറുകൾ സൗദി അറേബ്യയിൽ നിന്നും അപ്രധാന ക്ലബുകളിൽ നിന്നുമായിരുന്നു. എന്നാൽ ടോപ് ഫുട്ബോളിൽ തുടരാനുള്ള ആഗ്രഹം കാരണം അതെല്ലാം സ്‌പാനിഷ്‌ താരം നിരസിച്ചു. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചിരിക്കെ ഇപ്പോൾ ഒരു ക്ലബിലും ചേരാതെ ഫ്രീ ഏജന്റായി തുടരുകയാണ് ലോകത്തിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പർമാരിൽ ഒരാളായ താരം.

    യൂറോപ്പിലെ മികച്ച ക്ലബുകളിൽ നിന്നും ഓഫറുകൾ ഇല്ലാത്തതിനാൽ കരിയറിലെ ഏറ്റവും നിർണായകമായ തീരുമാനം എടുക്കാൻ താരം ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മികച്ച ക്ലബുകൾ ജനുവരിയിലും തനിക്കായി രംഗത്തു വന്നില്ലെങ്കിൽ മുപ്പത്തിരണ്ടുകാരനായ താരം ഈ സീസണിൽ ചിലപ്പോൾ ഫുട്ബോൾ കരിയർ തന്നെ അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇക്കാര്യം വ്യക്തമാക്കുന്നു.

    മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ്, എഫ്എ കപ്പ്, രണ്ടു ലീഗ് കപ്പ് യൂറോപ്പ ലീഗ് എന്നിവ നേടിയ താരം രണ്ടു തവണ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കുന്നത്. തന്നെ ഒഴിവാക്കിയ രീതിയിൽ താരത്തിന് നിരാശയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

  9. മികച്ച ടീമുകളോട് മുട്ടിടിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രതീക്ഷകൾ നഷ്‌ടമായി ആരാധകർ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ടോപ് ഫോർ ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങുകയാണുണ്ടായത്. പ്രീമിയർ ലീഗിൽ കുറച്ചു വർഷങ്ങളായി മികച്ച കുതിപ്പ് കാണിക്കുന്ന ടീമായ ബ്രൈറ്റനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. സ്വന്തം മൈതാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രൈറ്റനോട് തോൽവി വഴങ്ങിയത്.

    ബ്രൈറ്റൻ പരിശീലകനായ റോബർട്ടോ ഡി സെർബിയയുടെ തന്ത്രങ്ങൾക്ക് പകരം വെക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നുമുണ്ടായിരുന്നില്ല. മത്സരത്തിൽ മേധാവിത്വം പുലർത്താനും കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തി ഗോളുകൾ കണ്ടെത്താനും ബ്രൈറ്റണു കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യത്തെ കുറച്ചു മിനുട്ടുകൾ മാത്രമാണ് മേധാവിത്വം ഉണ്ടായിരുന്നത്.

    ഇരുപതാം മിനുട്ടിൽ ഡാനി വെൽബെക്കിലൂടെ മുന്നിലെത്തിയ ബ്രൈറ്റൻ രണ്ടാം പകുതിയിൽ പാസ്‌കൽ ഗ്രോസിലൂടെ ലീഡുയർത്തി. അതിനു ശേഷം ജോവോ പെഡ്രോ കൂടി ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കയ്യിൽ നിന്നും മത്സരം പൂർണമായും കൈവിട്ടു. പകരക്കാരനായിറങ്ങിയ യുവതാരം ഹാനിബാൾ മേബിരി നേടിയ ഗോൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരാശ്വാസം.

    മുന്നേറ്റനിരക്ക് കൃത്യതയും മൂർച്ചയും ഇല്ലാത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലത്തെ മത്സരത്തിൽ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന്. പ്രധാന സ്‌ട്രൈക്കറായി കളിച്ച ഹോളുണ്ടിലേക്ക് പന്ത് ധാരാളം എത്തുന്നുണ്ടായിരുന്നില്ല. അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ് ബാക്കുകൾ ഡിഫെൻസിൽ മോശമായിരുന്നു. അത് ബ്രൈറ്റണിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.

    ഇതോടെ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അതിൽ മൂന്നെണ്ണത്തിലും തോൽവി വഴങ്ങി. ടോട്ടനം, ആഴ്‌സണൽ, ബ്രൈറ്റൻ എന്നീ ടീമുകൾക്കെതിരെ തോൽവി നേരിട്ടതോടെ ഈ സീസണിൽ ടോപ് ഫോർ ക്ലബിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് ആരാധകർ കരുതുന്നത്. എന്തായാലും ഈ ടീമിനെ മികച്ച പ്രകടനം നടത്തിക്കാൻ പരിശീലകൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും.

  10. ഗ്രീൻവുഡ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്താൻ സാധ്യത, ഒരവസരം കൂടി നൽകണമെന്ന് താരങ്ങൾ

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി വാഗ്‌ദാനമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് മേസൺ ഗ്രീൻവുഡിനെതിരെ ലൈംഗികപീഡനം അടക്കമുള്ള ആരോപണങ്ങൾ വരുന്നത്. കാമുകിയെ ആക്രമിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്‌ത താരത്തെ ക്ലബ് കഴിഞ്ഞ പതിനെട്ടു മാസങ്ങൾക്ക് മുൻപ് സസ്പെൻഡ് ചെയ്യുകയുമുണ്ടായി. നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാതെ നിൽക്കുകയാണ് ഇരുപത്തിയൊന്നുകാരനായ ഇംഗ്ലീഷ് താരം.

    അതേസമയം താരത്തിന്റെ പേരിലുള്ള കേസുകളെല്ലാം നിലവിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കേസുകൾ ഒഴിവാക്കപ്പെട്ടെങ്കിലും എങ്കിലും ഇതുവരെ മറ്റൊരു ക്ലബ്ബിലേക്ക് താരം ചേക്കേറിയിട്ടില്ല. അതുകൊണ്ടു തന്നെ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ട താരത്തിന് വീണ്ടുമൊരു അവസരം നൽകണമെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്.

    മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾക്ക് തന്നെ ഗ്രീൻവുഡിനെ തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ടെന്നാണ് ക്ലബുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. കോടതിയുടെ തീരുമാനം ഇക്കാര്യത്തിൽ വരാനുണ്ടെങ്കിലും താരത്തെ പിന്തുണക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻവുഡിന്റെ കൂടെ നിൽക്കാൻ അവർ തയ്യാറുമാണ്.

    ക്ലബ് സസ്‌പെൻഡ് ചെയ്‌തെങ്കിലും ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറുള്ള താരമാണ് ഗ്രീൻവുഡ്‌. 2025 വരെ നീണ്ടുനിൽക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനും കഴിയും. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരം നൽകിയില്ലെങ്കിൽ മറ്റുള്ള ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ നിരവധി ഓഫറുകൾ താരത്തിനായി വരുന്നുണ്ട്.