Tag Archive: Luis Suarez

  1. മെസി-സുവാരസ് സഖ്യം രക്ഷകരായി, തോൽ‌വിയിൽ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്റർ മിയാമി

    Leave a Comment

    കോൺകാഫ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരം കുറച്ച് സമയം മുൻപ് അവസാനിച്ചപ്പോൾ നാഷ്‌വിൽ എഫ്‌സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ലയണൽ മെസിയുടെ ഇന്റർ മിയാമി. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ഇന്റർ മിയാമി ഇഞ്ചുറി ടൈമിലാണ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടു സമനില നേടിയെടുത്തത്.

    സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നാഷ്‌വില്ലിനു മുന്നിലെത്താൻ നാല് മിനുട്ട് മാത്രം മതിയായിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ടീമിനായി ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയുടെ ആദ്യത്തെ മിനുട്ടിൽ തന്നെ താരം ടീമിനായി രണ്ടാമത്തെ ഗോളും നേടി. ഇതോടെ ഈ സീസൺ ആരംഭിച്ചതിനു ശേഷം ഇന്റർ മിയാമി ആദ്യത്തെ തോൽവി വഴങ്ങുമെന്നാണ് ഏവരും കരുതിയത്.

    എന്നാൽ തോറ്റു കൊടുക്കാൻ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് തയ്യാറല്ലായിരുന്നു. നാഷ്‌വില്ലിന്റെ രണ്ടാമത്തെ ഗോൾ പിറന്ന് ആറു മിനുട്ടിനു ശേഷം സുവാരസിന്റെ പാസിൽ നിന്നും മെസിയുടെ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ട് വല കുലുക്കി. അതിനു ശേഷം ഇന്റർ മിയാമി നടത്തിയ ശ്രമങ്ങൾ ഇഞ്ചുറി ടൈമിലെ സുവാരസിന്റെ ഗോളിലൂടെ ലക്‌ഷ്യം കണ്ടു.

    രണ്ടു പാദങ്ങളിലായി നടക്കുന്ന ചാമ്പ്യൻസ് കപ്പിൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ഇന്റർ മിയാമിക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ലയണൽ മെസി, സുവാരസ് സഖ്യം തന്നെയാണ് അവരുടെ പ്രതീക്ഷ. ലയണൽ മെസി കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിന് വേണ്ടി ഗോളുകളിൽ പങ്കാളിയായിരുന്നു. സുവാരസും രണ്ടു മത്സരങ്ങളായി ഗോളുകൾ കണ്ടെത്തുന്നുണ്ട്.

  2. മെസിയെ വെല്ലുന്ന പ്രകടനവുമായി സുവാരസ്, ഒട്ടും മോശമാക്കാതെ മെസിയും; ഗംഭീര വിജയവുമായി ഇന്റർ മിയാമി

    Leave a Comment

    അമേരിക്കൻ ലീഗിൽ മെസിയുടെയും സുവാറസിന്റെയും ഗംഭീരപ്രകടനത്തിന്റെ പിൻബലത്തിൽ ഇന്റർ മിയാമിക്ക് തകർപ്പൻ വിജയം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഒർലാൻഡോ സിറ്റിയെയാണ് ഇന്റർ മിയാമി കീഴടക്കിയത്. ലയണൽ മെസിയും ലൂയിസ് സുവാരസും മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയിരുന്നു.

    മെസിയെക്കാൾ മികച്ച പ്രകടനം സുവാരസ് നടത്തിയ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പുറമെ രണ്ട് അസിസ്റ്റും താരം സ്വന്തമാക്കി. മത്സരം പതിനൊന്നു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ജൂലിയൻ ഗ്രെസ്സലിന്റെ അസിസ്റ്റിൽ ലൂയിസ് സുവാരസ് രണ്ടു തവണയാണ് നിറയൊഴിച്ചത്. അതിനു ശേഷം ആദ്യപകുതിയിൽ തന്നെ തന്റെ നിസ്വാർത്ഥത വീണ്ടും കാണിച്ച സുവാരസ് റോബർട്ട് ടെയ്‌ലർ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.

    ലയണൽ മെസിയുടെ രണ്ടു ഗോളുകളും വരുന്നത് രണ്ടാം പകുതിയിലാണ്. ആൽബ നടത്തിയ മനോഹരമായ ഒരു റണ്ണാണ് മെസിയുടെ ഗോളിൽ കലാശിച്ചത്. ആൽബ തന്നെ ഗോൾ ശ്രമം നടത്തിയെങ്കിലും അത് പോസ്റ്റിൽ തട്ടി തിരിച്ചു വന്നതിൽ നിന്നാണ് മെസി ഗോൾ നേടിയത്. അതിനു ശേഷം സുവാരസ് നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ മെസി ടീമിന്റെ അഞ്ചാമത്തെ ഗോളും കുറിച്ചു.

    മത്സരത്തിൽ വിജയം നേടിയതോടെ ഇന്റർ മിയാമി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുമായാണ് ഇന്റർ മിയാമി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പ്രീ സീസണിൽ മോശം പ്രകടനം നടത്തിയ ടീം സീസൺ ആരംഭിച്ചപ്പോൾ ഫോമിലെത്തിയെന്നാണ് ഇന്റർ മിയാമിയുടെ നിലവിലെ പ്രകടനം വ്യക്തമാക്കുന്നത്.

  3. തുടക്കം ഗംഭീരമാക്കി മെസിയും സുവാരസും, പുതിയ സീസണിൽ ഇന്റർ മിയാമിക്ക് വിജയത്തുടക്കം

    Leave a Comment

    എംഎൽഎസ് പുതിയ സീസൺ ഇന്ന് ആരംഭിച്ചപ്പോൾ ഇന്റർ മിയാമിക്ക് വിജയത്തുടക്കം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. ഇതോടെ പ്രീ സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ ഏഴിലും വിജയിക്കാൻ കഴിഞ്ഞില്ലെന്ന നാണക്കേടിന് ആശ്വാസം നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞുവെന്നതിൽ സംശയമില്ല.

    മത്സരത്തിൽ ടീമിലെ പ്രധാന താരങ്ങളായ ലയണൽ മെസിയും ലൂയിസ് സുവാരസും തിളങ്ങുകയുണ്ടായി. രണ്ടു പേർക്കും ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ഓരോ അസിസ്റ്റ് വീതം സ്വന്തമാക്കിയിരുന്നു. ലയണൽ മെസി തന്നെയാണ് ഇന്റർ മിയാമിയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. എംഎൽഎസിലെ ആദ്യത്തെ മത്സരം തുടർച്ചയായി പതിനാലു തവണ തോറ്റിട്ടില്ലെന്ന സാൾട്ട് ലേക്കിന്റെ റെക്കോർഡാണ് ഇന്റർ മിയാമി ഇല്ലാതാക്കിയത്.

    ആദ്യപകുതിയിൽ റോബർട്ട് ടെയ്‌ലറാണ് ഇന്റർ മിയാമിയുടെ ആദ്യത്തെ ഗോൾ നേടിയത്. ലയണൽ മെസി നൽകിയ അസിസ്റ്റിൽ ഗോൾകീപ്പറുടെ പിഴവ് കൂടി വന്നപ്പോൾ ഇന്റർ മിയാമി മുന്നിലെത്തി. അതിനു ശേഷം രണ്ടാം പകുതിയുടെ എൺപത്തിമൂന്നാം മിനുട്ടിൽ മെസി നടത്തിയ മുന്നേറ്റത്തിനൊടുവിൽ സുവാരസ് നൽകിയ അസിസ്റ്റിൽ ഡീഗോ ഗോമസാണ്‌ രണ്ടാമത്തെ ഗോൾ നേടിയത്.

    എംഎൽഎസിലെ ആദ്യത്തെ മത്സരത്തിൽ നേടിയ വിജയം ഇന്റർ മിയാമിക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്. കഴിഞ്ഞ സീസണിൽ അവസാനസ്ഥാനങ്ങളിൽ ആയിരുന്നു ഇന്റർ മിയാമി നിന്നിരുന്നത്. ഈ സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താമെന്നും കിരീടങ്ങൾ സ്വന്തമാക്കാമെന്നുമുള്ള പ്രതീക്ഷ ഇന്റർ മിയാമിക്കുണ്ട്.

  4. വർഷങ്ങൾക്ക് ശേഷം മെസിയും സുവാരസും ഒരു ടീമിൽ ഇറങ്ങി, ഇന്റർ മിയാമിയുടെ ആദ്യ സൗഹൃദമത്സരം സമനിലയിൽ

    Leave a Comment

    ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നായ ലയണൽ മെസിയും ലൂയിസ് സുവാരസും വീണ്ടും ഒരുമിച്ചിറങ്ങി. മുൻപ് ബാഴ്‌സലോണയിൽ ഗംഭീര പ്രകടനം നടത്തിയ സഖ്യം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിക്ക് വേണ്ടി സൗഹൃദമത്സരത്തിലാണ് ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ഗ്രെമിയോക്ക് വേണ്ടി കളിച്ചിരുന്ന സുവാരസ് തന്റെ കരാർ അവസാനിച്ചതോടെ ഇന്റർ മിയാമിയിൽ ചേരുകയായിരുന്നു.

    എൽ സാൽവദോർ ടീമിനെതിരെ സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ലയണൽ മെസി, ലൂയിസ് സുവാരസ് എന്നിവർക്ക് പുറമെ സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവരും ഇറങ്ങിയിരുന്നു. ഒട്ടും പ്രാധാന്യമില്ലാത്ത മത്സരം ആയതിനാൽ തന്നെ മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രമാണ് ടീമിലെ പ്രധാന താരങ്ങളായ ഇവർ കളിച്ചത്.

    മുൻപ് ബാഴ്‌സലോണയിൽ ഒരുമിച്ച് കളിച്ച ഈ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം മത്സരത്തിൽ കണ്ടിരുന്നു. വളരെ മികച്ച രീതിയിലുള്ള മുന്നേറ്റങ്ങൾ താരങ്ങൾ നടത്തിയിരുന്നു. പഴയ കണക്ഷൻ ഇപ്പോഴും മോശം വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന മുന്നേറ്റങ്ങളായിരുന്നു അത്. നിരവധി തവണ ഇന്റർ മിയാമി ഗോളിലേക്ക് എത്തിയിരുന്നെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞിരുന്നില്ല.

    ഒരുപാട് നാളുകൾക്ക് ശേഷം ലയണൽ മെസി കളത്തിലിറങ്ങിയ മത്സരം ആരാധകർക്ക് ഒരു വിരുന്നു തന്നെ ആയിരുന്നു. മികച്ച മുന്നേറ്റങ്ങളും ഡ്രിബ്ലിങ്ങും ത്രൂ പാസുകളുമായി കളം നിറഞ്ഞു കളിക്കാൻ താരത്തിന് കഴിയുകയുണ്ടായി. കഴിഞ്ഞ സീസണിൽ പരിക്കും മറ്റുമെല്ലാം തിരിച്ചടി നൽകിയ മെസിയിൽ നിന്നും ഈ സീസണിൽ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം.

  5. ഇഞ്ചക്ഷനെടുക്കാതെ മകനോടൊപ്പം പോലും കളിക്കാൻ കഴിയില്ല, കടുത്ത വേദനയുടെ ദിനങ്ങളിൽ സുവാരസ്

    Leave a Comment

    ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ലൂയിസ് സുവാരസ് നിലവിൽ കളിക്കുന്നത് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ്. എന്നാൽ ഈ സീസണോടെ ബ്രസീലിയൻ ക്ലബിനൊപ്പമുള്ള കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം താരം എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീലിയൻ ക്ലബിന്റെ മൈതാനത്ത് അവസാനത്തെ മത്സരം താരം കളിക്കുകയും ആരാധകരോട് യാത്ര ചോദിക്കുകയും ചെയ്‌തു.

    വരുന്ന സീസണിൽ ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലാണ് സുവാരസ് കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് ഉറപ്പിക്കാൻ കഴിയില്ലെന്ന സൂചന താരം കഴിഞ്ഞ ദിവസം നൽകി. ഫിറ്റ്നസ് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ഇഞ്ചക്ഷൻ എടുത്തതിനു ശേഷമാണ് താൻ കളിക്കാൻ ഇറങ്ങുന്നതെന്നും കഴിഞ്ഞ സീസൺ മുഴുവൻ അങ്ങിനെയാണ് കളിച്ചതെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നടത്തിയത്.

    ഓരോ മത്സരത്തിന്റെയും ദിവസങ്ങൾക്ക് മുൻപ് താൻ മൂന്നു ഗുളിക വീതം കഴിക്കാറുണ്ടെന്നും മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇഞ്ചക്ഷൻ എടുക്കാറുണ്ടെന്നുമാണ് താരം പറയുന്നത്. അത് ചെയ്‌തില്ലെങ്കിൽ വേദന കാരണം കളിക്കാൻ കഴിയില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം ഫൈവ്‌സ് കളിക്കാൻ പോലും കഴിയില്ലെന്നും താരം പറയുന്നു. തന്റെ മകൻ ഒപ്പം കളിക്കാൻ ആവശ്യപ്പെടുന്ന സമയത്ത് അതിനു പോലും തനിക്ക് കഴിയാറില്ലെന്നും സുവാരസ് വ്യക്തമാക്കി.

    കഠിനമായ വേദന സഹിച്ചാണ് സുവാരസ് കളിക്കളത്തിൽ തുടരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. തനിക്ക് വിശ്രമം ആവശ്യമാണെന്ന് പറയുന്ന താരം ഇതേ നിലയിൽ അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. അതേസമയം ഈ സീസണിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. പതിനഞ്ചു ഗോളും പതിനൊന്ന് അസിസ്റ്റും സ്വന്തമാക്കിയ സുവാരസിന് കീഴിൽ ഗ്രെമിയോ ലീഗിൽ നാലാമതാണ്.

  6. മെസിയുടെ രണ്ടു ബാഴ്‌സലോണ സഹതാരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മിയാമി ഒരുങ്ങുന്നു

    Leave a Comment

    ലയണൽ മെസി വന്നതിനു ശേഷം ഇന്റർ മിയാമി മികച്ച കുതിപ്പിലായിരുന്നു. നിരവധി മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ അവർ ആദ്യമായി ഒരു കിരീടവും സ്വന്തമാക്കി. എന്നാൽ മെസി എത്തുന്നതിനു മുൻപുള്ള മോശം പ്രകടനവും മെസിക്ക് പരിക്കേറ്റു പുറത്തിരുന്ന കളികളിലെ തോൽവിയും അവർക്ക് പ്ലേ ഓഫ് യോഗ്യത നഷ്‌ടപ്പെടാൻ കാരണമായി. അതിനാൽ ഈ ശനിയാഴ്‌ച നടക്കുന്ന മത്സരത്തോടെ ഇന്റർ മിയാമിയുടെ ഈ സീസണിന് അവസാനമാകും.

    അടുത്ത സീസണിൽ തുടക്കം മുതൽ തന്നെ മെസിയും താരത്തിന്റെ ഒപ്പമെത്തിയ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർഡി ആൽബയും ഉണ്ടാകുമെന്നതിനാൽ കൂടുതൽ മികവ് കാണിക്കാമെന്ന പ്രതീക്ഷ ഇന്റർ മിയാമിക്കുണ്ട്. അതിനു പുറമെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലയണൽ മെസിക്കൊപ്പം ബാഴ്‌സലോണയിൽ കളിച്ചിരുന്ന രണ്ടു താരങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് ഇന്റർ മിയാമി നടത്തുന്നത്.

    ഇന്റർ മിയാമി ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കളിക്കാരൻ മെസിയുടെ മുൻ ബാഴ്‌സലോണ സഹതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസാണ്. ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിലാണ് അവസാനമായി സുവാരസ് കളിച്ചത്. അവരുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരത്തെ വരുന്ന സീസണിന് മുന്നോടിയായിത്തന്നെ ടീമിലെത്തിക്കാൻ ഇന്റർ മിയാമിക്ക് കഴിയും. മെസിയും സുവാരസും ഒരുമിച്ച് കളിക്കുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

    മറ്റൊരു താരം ബാഴ്‌സലോണയിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന സെർജി റോബെർട്ടോയാണ്. നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയിട്ടും സാവിയുടെ ബാഴ്‌സലോണയിൽ സ്ഥിരമായി ഇടം ലഭിക്കാൻ താരത്തിന് കഴിയുന്നില്ല. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന താരം മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരോട് സംസാരിച്ചിട്ടുണ്ട്. ജൂണിൽ കരാർ അവസാനിക്കുന്ന താരം കൂടി ടീമിലെത്തിയാൽ ഇന്റർ മിയാമി കരുത്തുറ്റ ടീമായി മാറുമെന്നതിൽ സംശയമില്ല.

  7. ദൗർഭാഗ്യം വേട്ടയാടി സുവാരസ്, വിരമിക്കാനൊരുങ്ങി യുറുഗ്വായ് സൂപ്പർതാരം

    Leave a Comment

    ലയണൽ മെസിയുടെ ഇന്റർ മിയാമി ട്രാൻസ്‌ഫറിനു ശേഷം ഏവരും പ്രതീക്ഷിച്ച കാര്യമാണ് താരത്തിന്റെ അടുത്ത സുഹൃത്തായ ലൂയിസ് സുവാരസും അമേരിക്കൻ ക്ലബിൽ എത്തുമെന്ന്. കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഒപ്പം കളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന സുവാരസിന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ഈ സീസണിലല്ലെങ്കിൽ അടുത്ത സീസണിൽ രണ്ടു താരങ്ങളും ഒരുമിക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചു.

    എന്നാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് അമേരിക്കൻ ലീഗിൽ ഒരുമിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലൂയിസ് സുവാരസ് വളരെ പെട്ടന്ന് തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാൽമുട്ടിനേറ്റ പരിക്കാണ് സുവാരസ് തീരുമാനമെടുക്കാൻ കാരണം.

    സൂചനകൾ പ്രകാരം സുവാരസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി വേദന സഹിച്ചാണ് കളിക്കളത്തിൽ തുടരുന്നത്. എന്നാൽ ഈ സീസൺ കഴിയുന്നത് വരെ അങ്ങിനെ തുടരാൻ കഴിയില്ലെന്നാണ് താരം ക്ലബ്ബിനെ അറിയിച്ചത്. അതുകൊണ്ടു തന്നെ സീസൺ കഴിയുന്നതിനു മുൻപ് തന്നെ വിരമിക്കാനാണ് താരം ഉദ്ദേശിക്കുന്നത്. കുടുംബവുമായെല്ലാം സംസാരിച്ചാവും സുവാരസ് ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കുക.

    ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് ലയണൽ മെസിയും സുവാരസും തമ്മിലുള്ള ഒത്തിണക്കം വളരെ പ്രശസ്‌തമായ ഒന്നായിരുന്നു. കളിക്കളത്തിലും പുറത്തും അവർ മികച്ച സൗഹൃദമാണ് നിലനിന്നിരുന്നത്. അതുകൊണ്ടു തന്നെ ഇരുവരും ഒരുമിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഇല്ലെന്നതിനൊപ്പം സുവാരസ് അടുത്ത കോപ്പ അമേരിക്കയിലും കളിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

  8. മെസിക്ക് പിന്നാലെ ഇന്റർ മിയാമിയിലേക്കോ, നിലപാട് വ്യക്തമാക്കി ലൂയിസ് സുവാരസ്

    Leave a Comment

    ലയണൽ മെസിയുടെ അടുത്ത സുഹൃത്താണ് യുറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ്. ലിവർപൂളിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം ആരംഭിച്ച സൗഹൃദം കളിക്കളത്തിലും പുറത്തും ഏറ്റവും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അവർക്ക് കഴിഞ്ഞു. നിസ്വാർത്ഥമായി കളിക്കുന്ന ഈ താരങ്ങൾ അതിന്റെ പേരിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു.

    ലയണൽ മെസി യൂറോപ്പ് വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതോടെ ഉയർന്ന അഭ്യൂഹങ്ങളിൽ ഒന്നാണ് ലൂയിസ് സുവാരസും താരത്തിനൊപ്പം ചേരുമെന്ന്. അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ചതിനു പിന്നാലെ യൂറോപ്പ് വിട്ട ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് താരം മെസിക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമായത്.

    എന്നാൽ താൻ ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം സുവാരസ് പൂർണമായും നിഷേധിക്കുകയാണ് ചെയ്‌തത്‌. “ആ അഭ്യൂഹങ്ങൾ തെറ്റായതും അസാധ്യമായതുമാണ്. ഞാൻ ഗ്രെമിയോയിൽ വളരെ സന്തോഷവാനാണ്, എനിക്കവരുമായി 2024 വരെ കരാറുമുണ്ട്.” ലൂയിസ് സുവാരസ് പ്രതികരിച്ചു.

    നിലവിൽ ഗ്രെമിയോയുമായി കരാർ നിലനിൽക്കുന്നതിനാൽ തന്നെ ലൂയിസ് സുവാരസിനെ സ്വന്തമാക്കുക ഇന്റർ മിയാമിക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ സുവാരസ് അല്ലാതെ മറ്റു ബാഴ്‌സലോണ താരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് പദ്ധതിയുണ്ട്. സീസൺ കഴിഞ്ഞതോടെ ബാഴ്‌സലോണ വിട്ട സെർജിയോ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ സാധ്യതയുള്ളത്.

  9. വലിയ സൂചന നൽകി സുവാരസ്, ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ

    Leave a Comment

    ലയണൽ മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബാഴ്‌സലോണ ആരാധകർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം മുൻപ് ക്ലബ് വിട്ട ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിച്ചതോടെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമം തുടങ്ങിയത്. പിഎസ്‌ജി പുതിയ കരാർ മെസിക്ക് വാഗ്‌ദാനം ചെയ്‌തെങ്കിലും ആരാധകർ എതിരായതോടെ താരം അത് നിഷേധിക്കുകയായിരുന്നു.

    മെസി പിഎസ്‌ജി കരാർ പുതുക്കാതെ വന്നതോടെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചു. ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോവുകയാണെങ്കിലും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തന്നെ വരുമെന്ന സൂചനകൾ മെസിയുടെ അടുത്ത സുഹൃത്തായ സുവാരസ് നൽകിയത്.

    ലയണൽ മെസിയും ലൂയിസ് സുവാരസും ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്ത് അവർ ഗോളുകൾ ആഘോഷിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ബാഴ്‌സലോണ പോസ്റ്റ് ചെയ്‌തിരുന്നു. അതു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഷെയർ ചെയ്‌ത സുവാരസ് അതിൽ ലയണൽ മെസിയെ മെൻഷൻ ചെയ്‌തതിനു ശേഷം “ബാക്ക്” എന്ന സ്റ്റിക്കർ ഇട്ടതാണ് താരം മെസി തിരിച്ചു വരുമെന്ന വലിയ സൂചന നൽകിയെന്ന് ആരാധകർ വിശ്വസിക്കാൻ കാരണം.

    ലയണൽ മെസിയുടെ അടുത്ത സുഹൃത്താണ് ലൂയിസ് സുവാരസെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. മെസിയുടെ സ്വകാര്യജീവിതത്തിലെ പല കാര്യങ്ങളും സുവാരസിന് അറിയുന്നുമുണ്ടാകാം. അതുകൊണ്ടു തന്നെ താരം നൽകിയ സൂചന മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നതിൽ വ്യക്തത വരുത്തുന്നുവെന്നാണ് ആരാധകർ കരുതുന്നത്. ബാഴ്‌സലോണ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

     

  10. അർജന്റീനയെ മാതൃകയാക്കി ബ്രസീലിനു ലോകകപ്പ് നേടാനാകും, ലൂയിസ് സുവാരസ് പറയുന്നു

    Leave a Comment

    ലയണൽ സ്‌കലോണിയുടെ കീഴിൽ 2018 മുതൽ അർജന്റീന ആരംഭിച്ച പ്രൊജക്റ്റിന്റെ ഭാഗമായാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ടീം സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം. ലയണൽ മെസിയെ കേന്ദ്രമാക്കി താരത്തിന് ചുറ്റും പൊരുതുന്ന ഒരു ടീമിനെ ഉണ്ടാക്കിയാണ് സ്‌കലോണി തന്റെ പദ്ധതികൾ നടപ്പിലാക്കിയത്. അത് കൃത്യമായി നടപ്പിലാക്കിയ താരങ്ങൾ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചു.

    2002നു ശേഷം ഒരു ലോകകപ്പ് കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് ബ്രസീൽ. എന്നാൽ ബ്രസീൽ അർജന്റീനയെ മാതൃകയാക്കിയാൽ ലോകകപ്പ് നേടാൻ കഴിയുമെന്നാണ് മുൻ ബാഴ്‌സലോണ താരമായ ലൂയിസ് സുവാരസ് പറയുന്നത്. അതിനായി മെസിയെ കേന്ദ്രീകരിച്ച് അർജന്റീന പദ്ധതികൾ ഒരുക്കിയതു പോലെ നെയ്‌മറെ കേന്ദ്രീകരിച്ച് ബ്രസീൽ ഒരു ടീമിനെ ഒരുക്കണമെന്ന് താരം പറയുന്നു.

    “മുപ്പത്തിയഞ്ചാം വയസ്സിലെ മെസി ശ്രമിക്കുകയും തനിക്കു വേണ്ടത് നേടിയെടുക്കുകയും ചെയ്‌തു. ബ്രസീലിനു അടുത്ത ലോകകപ്പ് എഡിഷനിൽ കിരീടം നേടണമെങ്കിൽ അവർ അർജന്റീന മെസിയെ കേന്ദ്രീകരിച്ചു കളിച്ചതു പോലെ ചെയ്യുകയാണ് വേണ്ടത്. നെയ്‌മർക്ക് ചുറ്റും കളിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ ഉണ്ടാക്കി ടീമിനെ ഒരുക്കുക.”  സുവാരസ് പറഞ്ഞു.

    “നെയ്‌മർക്ക് ചുറ്റും അധ്വാനിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ കൃത്യമായി അണിനിരത്താൻ കഴിഞ്ഞാൽ ബ്രസീൽ വിജയിക്കും. കാരണം ആ സമയത്ത് നെയ്‌മർക്ക് മുപ്പത്തിനാല് വയസുള്ള നെയ്‌മർക്കത് നല്ല രീതിയിൽ ചെയ്യാൻ കഴിയും. ഇത് ബ്രസീലിനു ചെയ്യാൻ കഴിയുന്ന കാര്യമാണ്. ബ്രസീലിനു വിജയം നേടണമെങ്കിൽ എല്ലാ താരങ്ങളും ഒരുമിച്ച് നിന്ന് നെയ്‌മർക്ക് ചുറ്റും പ്രവർത്തിക്കണം.” സുവാരസ് വ്യക്തമാക്കി.

    ലോകകപ്പിന് ശേഷം ബ്രസീൽ ഒരു സ്ഥിരം പരിശീലകനെ നിയമിച്ചിട്ടില്ല. അണ്ടർ 20 ടീമിന്റെ പരിശീലകനായ റാമോൺ മെനസസിനെ താൽക്കാലിക പരിശീലകനായി നിയമിക്കയാണ് ഇപ്പോൾ ചെയ്‌തിട്ടുള്ളത്‌. ഈ സീസണു ശേഷം കാർലോ ആൻസലോട്ടി ബ്രസീലിന്റെ പരിശീലകനായി വരുമെന്നാണ് റിപ്പോർട്ടുകൾ.