Tag Archive: Liverpool

  1. ക്ളോപ്പിനു പകരക്കാരനെ കണ്ടെത്തി ലിവർപൂൾ, സ്വന്തമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു

    Leave a Comment

    ഈ സീസണോടെ ലിവർപൂൾ വിടുമെന്ന് പ്രഖ്യാപിച്ച യാർഗൻ ക്ളോപ്പിനു പകരക്കാരനെ ലിവർപൂൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. 2015 മുതൽ ലിവർപൂൾ പരിശീലകനായ ക്ളോപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. തനിക്ക് ഊർജ്ജം കുറവായെന്നും ഒരു വർഷത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ക്ളോപ്പ് അതിനു കാരണമായി പറഞ്ഞത്.

    എന്തായാലും ക്ളോപ്പിന് പകരക്കാരനായി മികച്ചൊരു പരിശീലകനെ തന്നെ ലിവർപൂൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻ ലിവർപൂൾ താരവും നിലവിൽ ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനുമായ സാബി അലോൻസോയെയാണ് ക്ളോപ്പിന്റെ പകരക്കാരനായി പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിശീലകനായ അലോൻസോക്ക് കീഴിൽ മികച്ച ഫോമിലാണ് ലെവർകൂസൻ.

    നിലവിലെ യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകളിൽ ഇതുവരെ തോൽവിയറിയാത്ത ക്ലബ് അലോൺസോ നയിക്കുന്ന ലെവർകൂസൻ മാത്രമാണ്. ബയേൺ മ്യൂണിക്കിനെപ്പോലെ വമ്പൻ ക്ലബുകൾ ആധിപത്യം സ്ഥാപിക്കുന്ന ലീഗിലാണ് അലോൺസോ തന്റെ മാജിക്ക് കാണിക്കുന്നത്. അതിനു പുറമെ പരിമിതമായ വിഭവങ്ങളെ വെച്ച് മനോഹരമായ ഫുട്ബോൾ കളിക്കാനും അദ്ദേഹത്തിന് കഴിയുന്നു.

    എന്നാൽ ലിവർപൂളിന്റെ ഓഫറിനോട് അലോൺസോ ഇപ്പോൾ പ്രതികരിക്കാൻ സാധ്യതയില്ല. നിലവിൽ ബയേർ ലെവർകൂസനെ ജർമനിയിലെ ചാമ്പ്യന്മാരാക്കുന്നതിലാണ് താരം പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സീസൺ കഴിഞ്ഞതിനു ശേഷം അദ്ദേഹം ഓഫർ പരിഗണിച്ചേക്കും. ലിവർപൂളിൽ അഞ്ചു വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് അലോൺസോ.

  2. ലിവർപൂൾ സൂപ്പർതാരത്തിന്റെ മാതാപിതാക്കളെ കിഡ്‌നാപ്പ് ചെയ്‌തു, മാതാവിനെ രക്ഷപ്പെടുത്തി

    Leave a Comment

    ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു സംഭവത്തിൽ ലിവർപൂൾ മുന്നേറ്റനിര താരമായ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ കിഡ്‌നാപ്പ് ചെയ്‌തു. കഴിഞ്ഞ ദിവസം നടന്ന സംഭവം ഇപ്പോഴാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊളംബിയയിലെ ഒരു പട്ടണത്തിൽ വെച്ചാണ് സംഭവം നടന്നത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവർ രണ്ടു പേരെയും തടഞ്ഞു നിർത്തിയതിനു ശേഷം അതെ കാറിൽ തന്നെ അവരെ കടത്തിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

    നോർത്തേൺ കൊളംബിയയിലെ ലാ ഗുവാജിറാ പ്രവിശ്യയിൽ വെച്ചാണ് ലിവർപൂൾ താരത്തിന്റെ മാതാപിതാക്കളെ കടത്തിയത്. ഇവർ യാത്ര ചെയ്യുന്ന വാഹനത്തിന്റെ പുറകെ ഒരു മോട്ടോർസൈക്കിൾ പിന്തുടരുന്നതിന്റെ വീഡിയോ അടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊളംബിയൻ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലും രക്ഷപ്പെടുത്താനുള്ള നീക്കത്തിനും ശേഷം ലൂയിസ് ഡയസിന്റെ അമ്മയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അച്ഛന് വേണ്ടിയുള്ള തിരച്ചിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

    എന്തിനു വേണ്ടിയാണ് ഇവരെ കിഡ്‌നാപ്പ് ചെയ്‌തത്‌ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതുപോലെയുള്ള സംഭവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് കൊളംബിയ. മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ അവിടെ പണത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടു പോകൽ വ്യാപകമായി നടക്കാറുണ്ട്. അതുപോലെ എന്തെങ്കിലും ഉന്നം വെച്ചാണോ ഇത്തരത്തിൽ ചെയ്‌തതെന്ന്‌ ഇതുവരെയും വ്യക്തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പോലീസ് പുറത്തു വിടുന്നില്ല.

    അന്വേഷണം നടത്താനായി പോലീസ് ഒരു പ്രത്യേക ടീമിനെ വിനിയോഗിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ ശ്രദ്ധ ലഭിച്ച ഒരു വിഷയമാണ് എന്നതിനാൽ തന്നെ ഊർജ്വസ്വലമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2022ൽ പോർട്ടോയിൽ നിന്നും ലിവർപൂളിൽ എത്തിയ ലൂയിസ് ഡയസ് ദേശീയ ടീമിലെ പ്രധാന താരമാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ലയണൽ മെസിക്കൊപ്പം ടോപ് സ്‌കോറർ സ്ഥാനം നേടിയത് ലൂയിസ് ഡയസായിരുന്നു.

  3. ചെൽസിക്ക് ഷോക്ക് നൽകി ലിവർപൂളിന്റെ റെക്കോർഡ് ഓഫർ, പ്രീമിയർ ലീഗ് സൂപ്പർതാരം ലിവർപൂളിലേക്ക്

    Leave a Comment

    കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ജാലകം മുതൽ ചെൽസി നോട്ടമിട്ടിരുന്ന ഇക്വഡോർ താരമായ മൊയ്‌സസ് കൈസഡോയെ ലിവർപൂൾ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നു. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തുന്നത് പ്രകാരം ഇംഗ്ലീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തുകയായ 110 മില്യൺ പൗണ്ടാണ് താരത്തിനായി ലിവർപൂൾ ഓഫർ ചെയ്‌തിരിക്കുന്നത്‌. താരത്തിന്റെ ക്ലബായ ബ്രൈറ്റൻ ഓഫർ സ്വീകരിക്കാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    താരത്തിനായി ചെൽസിയും ലിവർപൂളും സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. താരത്തിനായി ചെൽസി നൽകിയ ഉയർന്ന ഓഫർ നൂറു മില്യൺ പൗണ്ട് ആയിരുന്നു. എന്നാൽ ലിവർപൂൾ അതിനേക്കാൾ ഉയർന്ന തുകയായ 110 മില്യൺ പൗണ്ട് ഓഫർ ചെയ്‌തതോടെയാണ്‌ ഇക്വഡോർ താരം ക്ളോപ്പിന്റെയും സംഘത്തിന്റെയും ഒപ്പം ചേരാനുള്ള അവസരമൊരുങ്ങിയത്.

    ദി അത്ലറ്റികിന്റെ ജേർണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റീൻ റിപ്പോർട്ട് ചെയ്യന്നത് പ്രകാരം താരവുമായുള്ള പേഴ്‌സണൽ കരാറുകൾ മാത്രമാണ് ഇനി ധാരണയിൽ എത്താറുള്ളത്. ഇന്ന് താരത്തിന്റെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും ചെൽസി തന്നെ സ്വന്തമാക്കും എന്ന പ്രതീക്ഷിച്ച താരത്തെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ ലിവർപൂൾ സ്വന്തം തട്ടകത്തിലെത്തിച്ചത്.

    കൈസഡോ ലിവർപൂളിൽ എത്തുന്നതോടെ കഴിഞ്ഞ സീസണിൽ ബ്രൈറ്റണിൽ കളിച്ച രണ്ടു താരങ്ങളെയാണ് ക്ളോപ്പ് സ്വന്തം തട്ടകത്തിലെത്തിച്ചത്. നേരത്തെ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്കു വഹിച്ച മാക് അലിസ്റ്ററെ ടീമിലെത്തിച്ചതിനു പിന്നാലെയാണ് കൈസഡോയെയും സ്വന്തമാക്കിയത്. നിരവധി താരങ്ങൾ ക്ലബ് വിട്ടെങ്കിലും അടുത്ത സീസണിൽ ലിവർപൂൾ തിളങ്ങുമെന്ന് ഈ സൈനിങ്ങിലൂടെ വ്യക്തമാണ്.

  4. ലിവർപൂളിൽ വമ്പൻ അഴിച്ചുപണി, ക്ലബ് വിട്ടത് പതിനൊന്നു താരങ്ങൾ

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വലിയ അഴിച്ചുപണിക്കൊരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. കഴിഞ്ഞ സീസണിൽ ടോപ് ഫോർ നേടാൻ കഴിയാതിരുന്ന ക്ലബ് ഇത്തവണ വലിയ മാറ്റത്തിനായാണ് തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായി സീനിയർ ടീമിൽ ഉണ്ടായിരുന്നതടക്കം പതിനൊന്നു താരങ്ങൾ കഴിഞ്ഞ ദിവസം ക്ലബ് വിട്ടു. കരാർ അവസാനിച്ചതോടെയാണ് ഈ താരങ്ങൾ ലിവർപൂൾ വിട്ടത്.

    ഇതിൽ നാല് താരങ്ങൾ ക്ലബ് വിടുന്ന കാര്യം ക്ലബ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ടീമിന്റെ നായകനായിരുന്ന ജെയിംസ് മിൽനറാണ് ഇതിൽ പ്രധാനപ്പെട്ട ഒരു താരം. ലിവർപൂളിനായി 230 മത്സരങ്ങൾ കളിച്ച് സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരം തന്റെ മുപ്പത്തിയേഴാം വയസിലാണ് ക്ലബിൽ നിന്നും വിടപറയുന്നത്. താരം ബ്രൈറ്റണിലേക്ക് ചേക്കേറുകയും ചെയ്‌തു.

    ടീം മറ്റൊരു താരം 2015 മുതൽ ക്ലബിനൊപ്പമുള്ള ബ്രസീലിയൻ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയാണ്. പുതിയ താരങ്ങൾ മുന്നേറ്റനിരയിൽ എത്തിയതോടെ അവസരങ്ങൾ കുറഞ്ഞ ഫിർമിനോ സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനു പുറമെ ക്ലബിനൊപ്പം നിരവധി വർഷങ്ങളായുള്ള ചേംബർലൈൻ, നബി കെയ്റ്റ എന്നീ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തു പോയിട്ടുണ്ട്.

    ഇതിനു പുറമെ ടീം വിട്ട താരങ്ങളെല്ലാം അക്കാദമിയിൽ നിന്നുള്ളവരാണ്. ജാക്ക് ബിയേൺ, ലിയാം ഹ്യൂഗ്‌സ്, ചാർളി ഹയെസ് ഗ്രീൻ, ഓസ്‌കാർ കെല്ലി, ഫിഡൽ ഓ റൂർക്കേ, ഒലുഡാരെ ഓലുൻഫുന്വ, ഇവാൻ റോബർട്ട് എന്നിവരാണ് ക്ലബ് വിട്ടിരിക്കുന്നത്. നിലവിൽ അർജന്റീന താരമായ മാക് അലിസ്റ്ററിന്റെ സൈനിങ്‌ മാത്രമാണ് ലിവർപൂൾ ഇതിനു പകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

  5. ഇതിനു മുകളിൽ പറക്കാൻ റയൽ മാഡ്രിഡിന് കഴിയുമോ, എംബാപ്പക്കായി വമ്പൻ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്

    Leave a Comment

    എംബാപ്പെ ടീമിന്റെ ഭാവിയാകുമെന്നു പ്രതീക്ഷിച്ച പിഎസ്‌ജിക്കു വലിയ തിരിച്ചടി നൽകിയാണ് ഇനി ക്ലബുമായി കരാർ പുതുക്കാനില്ലെന്ന് താരം വ്യക്തമാക്കിയത്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്നതിനാൽ അതിനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചിട്ടുണ്ട്.

    റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് തനിക്ക് താൽപര്യമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള താരമാണ് എംബാപ്പെ. നേരത്തെ കരാർ അവസാനിക്കുന്ന സമയത്ത് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ശ്രമവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ പിഎസ്‌ജി വിടുന്ന താരം ലോസ് ബ്ലാങ്കോസിൽ തന്നെ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

    എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾക്ക് അപ്രതീക്ഷിതമായ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് താരത്തിനായി പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഫിഫയുടെ ഒരു ഏജന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. താരത്തിനായി മുന്നൂറു മില്യൺ യൂറോ അവർ ഓഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    അതിനു പുറമെ മറ്റു ചില ലീഗുകളിൽ നിന്നുള്ള ക്ലബുകളും എംബാപ്പെക്കു വേണ്ടി ശ്രമം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റയൽ മാഡ്രിഡ് ഈ സമ്മറിൽ മറ്റു സൈനിംഗുകൾ നടത്തില്ലെന്ന് ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് പറഞ്ഞത് ഈ സീസണിൽ എംബാപ്പക്കായി റയൽ മാഡ്രിഡ് ശ്രമം നടത്തില്ലെന്ന സൂചനയാണ് നൽകുന്നത്.

    എന്നാൽ എംബാപ്പയെ ഫ്രീ ഏജന്റായി നഷ്‌ടപെടുത്താൻ പിഎസ്‌ജി തയ്യാറാകില്ല. അതിനാൽ തന്നെ ഈ സമ്മറിൽ താരത്തെ ലിവർപൂളിന് നൽകാൻ അവർ സമ്മർദ്ദം ചെലുത്തിയേക്കും. റയൽ മാഡ്രിഡിനു താരത്തെ നഷ്‌ടപ്പെടാൻ കഴിയില്ലെന്നതിനാൽ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ അവരും ശ്രമം നടത്തും.

  6. റയൽ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമാകില്ല, എംബാപ്പക്കു വേണ്ടി വെല്ലുവിളിയുയർത്താൻ ക്ലബുകൾ രംഗത്ത്

    Leave a Comment

    അടുത്ത സീസണിനു ശേഷം പിഎസ്‌ജി കരാർ അവസാനിക്കുന്നതോടെ അത് പുതുക്കാനില്ലെന്ന് കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വർഷങ്ങളായി ക്ലബിനൊപ്പം തുടരുന്ന താരത്തിന്റെ ഈ തീരുമാനത്തോടെ ഈ സീസണിൽ തന്നെ എംബാപ്പയേ വിൽക്കേണ്ടി വരുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്‌ടമാകും.

    എംബാപ്പയുടെ ഈ തീരുമാനം റയൽ മാഡ്രിഡിനാണ് കൂടുതൽ ഗുണകരമാകുന്നത്. കരിം ബെൻസിമ  അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനു പകരക്കാരനായി എംബാപ്പയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. എംബാപ്പെക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നേരത്തെ മുതൽ തന്നെ ആഗ്രഹമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

    എന്നാൽ റയൽ മാഡ്രിഡിന് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിലെ സൂചനകൾ പ്രകാരം റയൽ മാഡ്രിഡ് മാത്രമല്ല ഫ്രഞ്ച് താരത്തിനായി രംഗത്തുള്ളത്. പ്രീമിയർ ലീഗ് ക്ലബുകളാണ് എംബാപ്പെക്ക് വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ക്ളബുകളാണ് നിലവിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

    എംബാപ്പയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയാണെന്നതാണെന്ന് മുൻപ് തന്നെ വ്യക്തമാക്കിയത് റയൽ മാഡ്രിഡിന് അനുകൂലമായ ഘടകമാണ്. എന്നാൽ നേരത്തെ റയൽ മാഡ്രിഡിനെ തഴഞ്ഞതിന്റെ പേരിൽ  എംബാപ്പക്ക് ആരാധകരിൽ നിന്നും പ്രതിഷേധം ഉണ്ടായിരുന്നു. അത് വീണ്ടും ഉയർന്നു വരികയാണെങ്കിൽ മറ്റു ക്ളബുകളെ താരം പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

  7. ലിവർപൂളിന് ലോട്ടറി, പത്താം നമ്പർ ജേഴ്‌സിയിൽ അർജന്റീന താരം

    Leave a Comment

    ഈ സീസൺ അവസാനിച്ചതോടെ നിരവധി താരങ്ങളാണ് ലിവർപൂൾ വിട്ടു പോയത്. മധ്യനിരയിൽ നിന്നും മൂന്നു താരങ്ങൾ വിടപറഞ്ഞതിനു പുറമെ മുന്നേറ്റനിരയിൽ നിന്നും ബ്രസീലിയൻ താരം ഫിർമിനോയും ക്ലബ് വിട്ടു. നബി കെയ്റ്റ, ചേംബർലൈൻ, ജെയിംസ് മിൽനർ എന്നിവരാണ് മധ്യനിരയിൽ നിന്നും ക്ലബ് വിട്ടത്.

    പകരക്കാരനായി ഒരു തകർപ്പൻ സൈനിങ്‌ പൂർത്തിയാക്കിയതായി ലിവർപൂൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ലോകകപ്പ് നേടിയ അർജന്റീന ടീമിൽ ഗംഭീര പ്രകടനം നടത്തിയ അലക്‌സിസ് മാക് അലിസ്റ്ററെയാണ് ലിവർപൂൾ സ്വന്തമാക്കിയത്. ബ്രൈറ്റണിൽ നിന്നാണ് ഇരുപത്തിനാലുകാരനായ താരത്തെ ലിവർപൂൾ ടീമിലെത്തിച്ചത്.

    ലിവർപൂളിലെ സംബന്ധിച്ച് ലോട്ടറിയാണ് മാക് അലിസ്റ്ററിന്റെ ട്രാൻസ്‌ഫർ. റിലീസിംഗ് തുക നൽകിയാണ് താരത്തെ റെഡ്‌സ് സ്വന്തമാക്കിയത്. നേരത്തെ എഴുപതു മില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ലോസെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് മുപ്പത്തിയഞ്ചു മില്യൺ യൂറോയാണെന്ന് പുറത്തു വന്നിട്ടുണ്ട്. ഇത്രയും കുറഞ്ഞ തുകക്ക് ഇതുപോലൊരു മികച്ച താരത്തെ ലഭിച്ചത് വലിയ നേട്ടമാണ്.

    മാഞ്ചസ്റ്റർ യുണൈറ്റഡും മാക് അലിസ്റ്റാർക്കായി ശ്രമങ്ങൾ നടത്തിയെങ്കിലും ലിവർപൂളിലേക്ക് ചേക്കേറാനുള്ള താരത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. ക്ലബിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് മാക് അലിസ്റ്റർ അണിയുക. കഴിഞ്ഞ സീസണിൽ ബ്രൈറ്റണു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ മാക് അലിസ്റ്റർ പത്തു ഗോളുകൾ മധ്യനിരയിൽ കളിച്ച് നേടിയിട്ടുണ്ട്.

  8. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളില്ല, നിരാശയടക്കാനാവാതെ മൊഹമ്മദ് സലാ

    Leave a Comment

    ഈ സീസണിൽ മോശം ഫോമിലായിരുന്ന ലിവർപൂൾ ഒരു ഘട്ടം കഴിഞ്ഞപ്പോൾ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തി വന്നിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാമെന്ന പ്രതീക്ഷയും അവർക്കുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിക്കെതിരെ വിജയം നേടിയതോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള സാധ്യതയെല്ലാം ഇല്ലാതായി.

    അടുത്ത സീസണിൽ ലിവർപൂൾ യൂറോപ്പ ലീഗിലേക്ക് വീണത് വലിയ നിരാശയാണ് ടീമിലെ സൂപ്പർതാരമായ മൊഹമ്മദ് സലാക്ക് നൽകിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ച് ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയില്ലെന്നുറപ്പായതോടെ താരം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ നിന്നും ഇത് വ്യക്തമാണ്.

    “ഞാൻ വളരെയധികം തകർന്നു പോയിരിക്കുകയാണ്. ഇതിനു യാതൊരു ഒഴികഴിവും പറയാൻ കഴിയില്ല. അടുത്ത  ലീഗിന് യോഗ്യത നേടാനുള്ള എല്ലാം ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിലും അതിൽ ഞങ്ങൾ പരാജയപ്പെട്ടു. ലിവർപൂൾ അതിനു യോഗ്യത നേടുന്നത് ഏറ്റവും ചെറിയ കാര്യമാണ്. പ്രചോദനം നൽകുന്ന ഒരു പോസ്റ്റ് ഇടുന്നത് നേരത്തെയാണെന്ന് അറിയാം, പക്ഷെ ഞങ്ങൾ നിങ്ങളെ നിരാശരാക്കിയതിനു സോറി.” സലാ കുറിച്ചു.

    വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ മറ്റൊരു ക്ലബ് പുതിയ ശക്തികളായ ന്യൂകാസിൽ യുണൈറ്റഡാണ്‌. ലിവർപൂൾ ബ്രൈറ്റൻ എന്നിവർ യൂറോപ്പ ലീഗിന് യോഗ്യത നേടിയപ്പോൾ ഒരു മത്സരം ബാക്കി നിൽക്കെ ആസ്റ്റൺ വില്ല, ടോട്ടനം, ബ്രെന്റഫോഡ് എന്നിവർ കോൺഫറൻസ് ലീഗ് യോഗ്യതക്കായി പോരാടും.

  9. നാല് താരങ്ങൾ പുറത്തേക്ക്, പകരക്കാരനായി അർജന്റീന താരത്തെ റാഞ്ചി ലിവർപൂൾ

    Leave a Comment

    ഈ സീസൺ അവസാനിക്കുന്നതോടെ നാല് താരങ്ങളാണ് ലിവർപൂൾ വിടാനായി തയ്യാറെടുക്കുന്നത്. മധ്യനിരയിൽ കളിക്കുന്ന താരങ്ങളായ നബി കെയ്റ്റ, ചേംബർലൈൻ, ജെയിംസ് മിൽനർ എന്നിവർക്കൊപ്പം മുന്നേറ്റനിരയിലെ ബ്രസീലിയൻ താരമായ ഫിർമിനോയും ക്ലബ് വിടുമെന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്.

    മധ്യനിരയിൽ നിന്നും ഇത്രയും വലിയൊരു കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നതിനാൽ അതിനു പകരം പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം നടത്തുന്നുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയ അലക്‌സിസ് മാക് അലിസ്റ്ററാണ് ലിവർപൂളിന്റെ ലിസ്റ്റിലുള്ള പ്രധാന താരങ്ങളിലൊരാൾ.

    മാക് അലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കുന്നതിന്റെ അരികിലെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിനാലു വയസുള്ള അർജന്റീന താരം ലിവർപൂളിലേക്ക് ചേക്കേറുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്.

    എഴുപതു മില്യൺ യൂറോയോളം അർജന്റീന താരത്തിനായി ലിവർപൂൾ നൽകേണ്ടി വരും. ടീമിലെ പ്രധാന താരങ്ങളിൽ പലരും ഈ സീസണു ശേഷം ഉണ്ടാകുമെന്നതിനാൽ തുക നൽകാൻ ലിവർപൂൾ ഒരുക്കമാണ്. അതേസമയം ലിവർപൂളിനോട് സമ്മതം അറിയിച്ചെങ്കിലും ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല.

    ഖത്തർ ലോകകപ്പിൽ പകരക്കാരനായി ഇറങ്ങി പിന്നീട് ടീമിലെ പ്രധാന താരമായി മാറിയ കളിക്കാരനാണ് മാക് അലിസ്റ്റർ. ഫൈനലിലെ ഒരു അസിസ്റ്റും പോളണ്ടിനെതിരായ ഒരു ഗോളും താരം സ്വന്തമാക്കി. ഈ സീസണിൽ ബ്രൈറ്റണിനു വേണ്ടി പത്ത് ഗോളുകളും മധ്യനിരയിൽ കളിക്കുന്ന താരം നേടിയിട്ടുണ്ട്.

  10. ഹാട്രിക്ക് അസിസ്റ്റുമായി സലാ, മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ സമ്മർദ്ദം വർധിപ്പിച്ച് ലിവർപൂൾ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയവുമായി ലിവർപൂൾ. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ലൈസ്റ്റർ സിറ്റിയെയാണ് ലിവർപൂൾ കീഴടക്കിയത്. മൊഹമ്മദ് സലാ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കിയ മത്സരത്തിൽ കുർട്ടിസ് ജോൺസ്‌ രണ്ടു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ അലക്‌സാണ്ടർ അർണോൾഡിന്റെ വകയായിരുന്നു.

    കളി തുടങ്ങി അര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൂന്നു മിനുട്ടിന്റെ വ്യത്യാസത്തിൽ മധ്യനിര താരമായ കുർട്ടിസ് ജോൺസ് ലിവർപൂളിനു വേണ്ടി രണ്ടു ഗോൾ നേടിയിരുന്നു. മത്സരം ലൈസ്റ്റർ സിറ്റിയുടെ മൈതാനത്താണ് നടന്നതെങ്കിലും ആധിപത്യം സ്ഥാപിച്ചത് ലിവർപൂൾ ആയിരുന്നു. ഇതേതുടർന്ന് ആദ്യപകുതി കഴിഞ്ഞപ്പോൾ ആരാധകർ ടീമിനെ കൂക്കി വിളിക്കുകയും ചെയ്‌തു.

    രണ്ടാംപകുതിയിലും ലിവർപൂൾ തന്നെയാണ് ആധിപത്യം പുലർത്തിയത്. റൈറ്റ് ബാക്ക് പൊസിഷനിൽ നിന്നും മധ്യനിരയിലേക്ക് പരിവർത്തനം ചെയ്‌ത്‌ കളിച്ച് മികച്ച പ്രകടനം നടത്തുന്ന അലക്‌സാണ്ടർ അർണോൾഡ് എഴുപത്തിയൊന്നാം മിനുട്ടിൽ മറ്റൊരു ഗോൾ കൂടി നേടിയതോടെ ലൈസ്റ്ററിന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

    മൊഹമ്മദ് സലാ മൂന്നു ഗോളുകൾക്കും വഴിയൊരുക്കി താനിപ്പോഴും അതിഗംഭീര ഫോമിലാണെന്ന് തെളിയിച്ചു. മൂന്ന് അസിസ്റ്റുകൾ സ്വന്തമാക്കിയതോടെ പ്രീമിയർ ലീഗ് ഇതിഹാസങ്ങളായ എറിക് കന്റോണ, പോൾ സ്‌കോൾസ്, ദ്രോഗ്ബ, ഓസിൽ, ഹസാർഡ്, മാട്ട തുടങ്ങിയ താരങ്ങളേക്കാൾ അസിസ്റ്റ് ഇപ്പോൾ സലായുടെ പേരിലുണ്ട്.

    മത്സരത്തിൽ വിജയം നേടിയതോടെ ടോപ് ഫോറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ലിവർപൂളിന് കഴിഞ്ഞു. ഇനി ലിവർപൂളിന് രണ്ടും മറ്റു ടീമുകൾക്ക് മൂന്നും മത്സരങ്ങൾ കളിക്കാൻ ബാക്കി നിൽക്കെ ടീമുകൾ തമ്മിൽ ഒരു പോയിന്റ് വ്യത്യാസം മാത്രമേയുള്ളു. മറ്റു ടീമുകൾ രണ്ടു മത്സരങ്ങളിൽ വിജയം കൈവിട്ടാൽ ലിവർപൂൾ ടോപ് ഫോറിലേക്ക് വരും.