Tag Archive: KERALA BLASTERS

  1. സ്‌കോട്ടിഷ് ഡിഫെൻഡറുടെ സുഹൃത്ത് നൽകിയത് വലിയ സൂചന, ആ ട്രാൻസ്‌ഫർ യാഥാർത്ഥ്യത്തിനരികെ

    Leave a Comment

    അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ലെസ്‌കോവിച്ചിന് പകരക്കാരനെ കണ്ടെത്തിയതാണ് അഭ്യൂഹങ്ങളിൽ നിറയുന്നത്. ഓസ്‌ട്രേലിയൻ ലീഗ് ക്ലബായ ബ്രിസ്‌ബേൻ റോറിന്റെ താരമായ ടോം അൽഡ്രെഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്. ഫ്രീ ഏജന്റാകാൻ പോകുന്ന താരത്തിനായുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചിട്ടുണ്ട്.

    സ്‌കോട്ടിഷ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നു തന്നെയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്‌ത ഇൻസ്റ്റാഗ്രാം ഫോട്ടോക്ക് ബ്രിസ്‌ബെൻ റോറിന്റെ തന്നെ മറ്റൊരു പ്രതിരോധതാരമായ ജാക്ക് ഹിങ്‌ബെർട്ട് ഇട്ട കമന്റ് ഇക്കാര്യം വ്യക്തമാക്കുന്നു. കേരളത്തിൽ എല്ലാ സന്തോഷവും ലഭിക്കട്ടെയെന്ന ആശംസയാണ് താരത്തിന്റെ കമന്റ്.

    ഒരേ ക്ലബിൽ ഒരുമിച്ചു കളിക്കുന്ന, അടുത്ത സുഹൃത്തായ താരം ഇട്ട കമന്റിൽ നിന്നും ആൽഡ്രെഡ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെയെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. നിലവിൽ ക്ലബുമായുള്ള താരത്തിന്റെ കരാർ ഈ വരുന്ന ജൂണിലാണ് അവസാനിക്കാൻ പോകുന്നത്. അതിനു ശേഷം താരത്തിന്റെ സൈനിങ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കാനാവും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

    അൽഡ്രെഡുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾ വന്നപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിന്റെ അക്കൗണ്ടിലെത്തി ടീമിലേക്ക് സ്വാഗതം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഈ സീസണിൽ ഓസ്‌ട്രേലിയൻ ക്ലബിനായി ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ സാന്നിധ്യം ടീമിന് കരുത്തേകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  2. നാല് തവണയാണ് എനിക്കതു ചെയ്യേണ്ടി വന്നത്, സീസണിലെ ഏറ്റവും വലിയ തിരിച്ചടി വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച പ്രകടനത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത് എങ്കിലും അത് നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല. സീസണിന്റെ രണ്ടാം പകുതിയിൽ എത്തിയപ്പോൾ പരിക്കുകളുടെ തിരിച്ചടി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീഴുകയും ഒടുവിൽ ഒഡിഷയോട് പ്ലേ ഓഫിൽ തോറ്റു പുറത്തായി സീസൺ അവസാനിപ്പിക്കുകയും ചെയ്‌തു.

    ഒഡിഷാക്കെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പരിക്കുകൾ തന്നെയാണ് ടീമിന് തിരിച്ചടി നൽകിയതെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും വ്യക്തമാക്കിയത്. സീസണിൽ ഒന്നോ രണ്ടോ തവണ ടീമിനെ അഴിച്ചുപണിയേണ്ടി വന്നാൽ തന്നെ വളരെ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ അദ്ദേഹം നാല് തവണ തനിക്കത് ചെയ്യേണ്ടി വന്നുവെന്ന് വ്യക്തമാക്കി.

    “സീസണിന്റെ തുടക്കത്തിൽ നമ്മുടെ ശൈലി, ആക്രമണം, പ്രതിരോധം എന്നിവയെല്ലാം എങ്ങിനെ വേണം എന്നതിന്റെ തയ്യാറെടുപ്പുകൾ നടത്തും. എന്നാൽ പരിക്കുകൾ വരുന്നതോടെ ആ പദ്ധതിയെല്ലാം ഇല്ലാതാകും. നമുക്ക് ശൂന്യതയിൽ നിന്നും തുടങ്ങണം. ഒരു സീസണിൽ രണ്ടു തവണ അങ്ങിനെ ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാണെന്നിരിക്കെ നാല് തവണയാണ് എനിക്കത് ചെയ്യേണ്ടി വന്നത്.”

    “വ്യക്തിപരമായി നോക്കിയാൽ എന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സീസണായിരുന്നു ഇത്. പത്ത് വർഷമായി ഒരു പരിശീലകനായി നിൽക്കാൻ തുടങ്ങിയിട്ട്. ഈ സീസൺ മുഴുവൻ നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്. നമുക്കത് കൃത്യമായി കൈകാര്യം ചെയ്തേ മതിയാകൂ.” ഇവാനാശാൻ പറഞ്ഞു.

    ഈ തിരിച്ചടികളുടെ ഇടയിലും ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിക്കെതിരെ പരിമിതമായ വിഭവങ്ങൾ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും മികച്ച പ്രകടനമാണ് നടത്തിയത്. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് വിജയം നേടാൻ കഴിയാതെ പോയത്. അതുകൊണ്ടു തന്നെ ഇവാനിൽ ഇനിയും പ്രതീക്ഷ വെക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

  3. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകല്ലേ, സ്കോട്ടിഷ് ഡിഫെൻഡർക്ക് മുൻ ഐഎസ്എൽ താരത്തിന്റെ സന്ദേശം

    Leave a Comment

    ഈ സീസണിലെ നിരാശക്ക് ശേഷം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ അതിനു പകരക്കാരെ കണ്ടെത്തുകയെന്നതാണ് അതിൽ പ്രധാനം. ഈ സീസണോടെ ക്ലബ് വിടുമെന്ന് ഉറപ്പിച്ചിട്ടുള്ള ക്രൊയേഷ്യൻ പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുകയും ചെയ്‌തു.

    ഓസ്‌ട്രേലിയൻ ലീഗിൽ ബർസ്‌ബെൻ റോറിന്റെ താരമായ ടോം അൽഡ്രെഡാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്ന താരം. എന്നാൽ ആ ട്രാൻസ്‌ഫറിനു മുടക്കം വരുത്താനുള്ള ഇടപെടലും അതിനൊപ്പം സംഭവിക്കുന്നുണ്ട്. അഭ്യൂഹങ്ങൾ ഉയർന്ന സമയത്ത് തന്നെ മുൻ ഈസ്റ്റ് ബംഗാൾ താരമായ സ്‌കോട്ട് നെവിൽ അൽഡ്രെഡിന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട കമന്റ് ഇത് വ്യക്തമാക്കുന്നു.

    View this post on Instagram

    A post shared by Tom Aldred (@tommyaldred)

    അൽഡ്രെഡിനൊപ്പം മുൻപ് ഒരുമിച്ച് കളിച്ചിട്ടുള്ള സ്‌കോട്ട് നെവിൽ ഒരു സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. താരം ഇട്ടിരിക്കുന്ന കമന്റ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകരുത്, പകരം ഈസ്റ്റ് ബംഗാളിലേക്ക് പോകൂവെന്നാണ്. തന്റെ സുഹൃത്ബന്ധം ഉപയോഗിച്ച് അൽഡ്രെഡിന്റെ ട്രാൻസ്‌ഫറിൽ ഇടപെടാനാണ് സ്‌കോട്ട് നെവിൽ ശ്രമം നടത്തുന്നത്.

    എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവിടെ തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്നുണ്ട്. അഭ്യൂഹം വന്നപ്പോൾ തന്നെ അൽഡ്രെഡിന്റെ അക്കൗണ്ടിൽ താരത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ആരാധകരുടെ കമന്റുകൾ നിറഞ്ഞിരുന്നു. അവർ തന്നെ മുൻ ഈസ്റ്റ് ബംഗാൾ താരത്തിന്റെ കമന്റിനുള്ള മറുപടിയും നൽകുന്നുണ്ട്.

  4. ഇത്രയധികം പിന്തുണ കൊടുത്തിട്ട് തിരിച്ചു കിട്ടിയതെന്താണ്, ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാറിചിന്തിക്കണമെന്ന് സന്ദേശം

    Leave a Comment

    ഇവാൻ വുകോമനോവിച്ച് പരിശീലകനായ മൂന്നു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചെങ്കിലും ഒരിക്കൽപോലും ഒരു കിരീടം സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞില്ല. ഒരു ഐഎസ്എൽ ക്ലബിലും മറ്റൊരു പരിശീലകനും തുടർച്ചയായി ഇത്രയും വർഷം ഉണ്ടായിട്ടില്ല. അടുത്ത സീസണിലും ഇവാൻ വുകോമനോവിച്ച് തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് തുടരുമെന്ന കാര്യത്തിലും സംശയമില്ല.

    പ്ലേ ഓഫിൽ ഒഡിഷയോട് തോൽവി വഴങ്ങി പുറത്തായതിന് പിന്നാലെ എതിർടീം ആരാധകർ വരെ ഇവാന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു നിർദ്ദേശം നൽകാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരാൾ കുറിച്ചത് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനമെന്നത് ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനേക്കാൾ സുരക്ഷിതമായ ഒന്നാണെന്നാണ്.

    ടീമിനോട് കാണിക്കുന്ന ആത്മാർഥത പ്രശംസനീയമായ ഒന്നാണെങ്കിലും പല കാര്യങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാറി ചിന്തിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു കിരീടം നേടാൻ മൂന്നു വർഷത്തെ സമയം കൊണ്ടും സാധിച്ചില്ലെങ്കിൽ ഇനിയുമൊരു വർഷം കൂടി അതിനു നൽകുന്നത് ബുദ്ധിപരമായ കാര്യമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

    എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുറകോട്ടു പോക്കിന് കാരണം ഇവാൻ വുകോമനോവിച്ച് മാത്രമെന്നു കരുതാൻ കഴിയില്ല. ഐഎസ്എല്ലിൽ ആധിപത്യം സ്ഥാപിക്കാൻ എല്ലാ ടീമുകളും ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ വിജയം നേടണമെങ്കിൽ മികച്ച താരങ്ങൾ ആവശ്യമാണ്. എന്നാൽ അക്കാര്യത്തിൽ നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ബ്ലാസ്‌റ്റേഴ്‌സിനില്ല.

    ഈ സീസണിൽ തന്നെ അക്കാദമിയിൽ നിന്നും വന്ന താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്. പരിചയസമ്പത്ത് കുറഞ്ഞ ഈ താരങ്ങളെ കൂടുതൽ ആശ്രയിച്ചതും പല പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയതും ടീമിനെ ബാധിച്ചു. ഇതൊന്നും മുൻകൂട്ടി കണ്ട് കെട്ടുറപ്പുള്ള ഒരു സ്‌ക്വാഡിനെ ഒരുക്കി നൽകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.

  5. അടുത്ത സീസണിൽ എവിടെയാകും, ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന് അഭ്യൂഹമുള്ള താരത്തിന്റെ പ്രതികരണം

    Leave a Comment

    ഈ സീസൺ നിരാശയോടെ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏതൊക്കെ താരങ്ങളെ ഒഴിവാക്കണമെന്നും സ്വന്തമാക്കേണ്ട പുതിയ താരങ്ങൾ ആരൊക്കെയാണെന്നും എന്നതിനെക്കുറിച്ച് നേതൃത്വത്തിന് ധാരണയുണ്ടെന്നാണ് കരുതേണ്ടത്. ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് കുറേക്കൂടി വ്യക്തത വരാനുള്ളത്.

    അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് ഒരു വമ്പൻ വിദേശതാരത്തെ സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സീസണോടെ എഫ്‌സി ഗോവയുമായുള്ള കരാർ അവസാനിക്കുന്ന നോവ സദൂയിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെന്ന് പറയപ്പെടുന്ന താരം. കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയെങ്കിലും ഭാവിയെക്കുറിച്ച് വ്യക്തത വരുത്താൻ തയ്യാറായില്ല.

    “ഇതല്ല എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാനുള്ള ശരിയായ സമയമെന്നു കരുതുന്നു. ഞാൻ ശ്രദ്ധ കൊടുക്കുന്നത് എന്റെ ടീമിനും വരാനിരിക്കുന്ന മത്സരത്തിനുമാണ്. ഭാവിയിൽ എന്തു തന്നെ സംഭവിച്ചാലും നിലവിൽ ടീമിന് ഏറ്റവും മികച്ചത് നൽകാനാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്.” ചെന്നൈയിൻ എഫ്‌സിയുമായി നടക്കുന്ന മത്സരത്തിനു മുന്നോടിയായി സംസാരിക്കേ അദ്ദേഹം പറഞ്ഞു.

    ഈ സീസണിൽ പതിനൊന്നു ഗോളുകളും അഞ്ച് അസിസ്റ്റുകളും ഗോവക്കായി സ്വന്തമാക്കിയ താരം ടീമിനെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. അതേസമയം താരം ബ്ലാസ്റ്റേഴ്‌സുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്നത് ഏറെക്കുറെ ഉറപ്പിച്ച കാര്യമാണ്. ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന മുൻ ഗോവൻ താരം ഐബാൻ ഇത് സംബന്ധിച്ച വ്യക്തമായ സൂചന മുൻപ് നൽകിയിരുന്നു.

  6. ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി, ലെസ്‌കോവിച്ചിന് പകരക്കാരനെ കണ്ടെത്തി ക്ലബ് നേതൃത്വം

    Leave a Comment

    നിരാശയോടെ ഈ സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസൺ കഴിയുന്നതോടെ പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതിൽ പ്രധാനി മൂന്നു വർഷമായി ടീമിനൊപ്പമുള്ള മാർകോ ലെസ്‌കോവിച്ചാണ്. കരാർ അവസാനിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്‌സ് അത് പുതുക്കി നൽകില്ലെന്ന് വ്യക്തമായിട്ടുണ്ട്.

    എന്തായാലും മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ലീഗിൽ ബ്രിസ്‌ബേൻ റോറിനു വേണ്ടി കളിക്കുന്ന മുപ്പത്തിമൂന്നു വയസുകാരനായ ടോം ആൽഡ്രെഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഓസ്‌ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

    ഇംഗ്ലീഷ് താരമായ ടോം 2019ലാണ് ഓസ്‌ട്രേലിയൻ ലീഗിലെത്തി ബ്രിസ്‌ബേൻ റോറിന്റെ താരമാകുന്നത്. അതിനു മുൻപ് ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിരുന്ന ക്ലബായ വാട്ട്ഫോഡിന് വേണ്ടി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് താരമാണെങ്കിലും ബ്രിസ്‌ബേൻ റോറിനു വേണ്ടിയാണ് താരം കൂടുതൽ മത്സരം കളിച്ചിട്ടുള്ളത്.

    ഈ സീസണോടെ ഓസ്‌ട്രേലിയൻ ക്ലബുമായുള്ള കരാർ അവസാനിക്കാൻ പോകുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ചെറിയൊരു വെല്ലുവിളിയുണ്ട്. ഓസ്‌ട്രേലിയയിൽ തന്നെയുള്ള മറ്റൊരു ക്ലബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സും ആൽഡ്രെഡിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

  7. തിരിച്ചടികളുടെ ഇടയിലും അവസാനം വരെ പൊരുതി, ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടുത്തുന്നതായി. ഇന്നലെ നടന്ന പ്ലേ ഓഫിൽ ഒഡിഷയുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. എൺപത്തിയാറാം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ തോൽവി വഴങ്ങിയത്.

    മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലും തിരിച്ചടികൾ ഏറെയായിരുന്നു. നിരവധി താരങ്ങളുടെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും അതൊന്നും പ്ലേ ഓഫിലെ പ്രകടനത്തെ ബാധിച്ചില്ല.

    മത്സരത്തിൽ തുടക്കത്തിൽ ഒഡിഷ എഫ്‌സിക്കായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നു. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടവസരങ്ങൾ തുലച്ചു കളഞ്ഞത് ടീമിന് തിരിച്ചടിയായി. അതിനു പിന്നാലെയാണ് ഫെഡോർ ചെർണിച്ച് ടീമിനു വേണ്ടി ഗോൾ സ്വന്തമാക്കിയത്. എൺപത്തിയാറാം മിനുട്ട് വരെയും ബ്ലാസ്റ്റേഴ്‌സ് ആ ഗോളിൽ പിടിച്ചു നിന്നെങ്കിലും അതിനു ശേഷം ഒഡിഷ എഫ്‌സി സമനില ഗോൾ നേടി.

    എക്‌സ്ട്രാ ടൈമിലും ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ തുറന്നെടുത്തിരുന്നു. എന്നാൽ അതൊന്നും മുതലാക്കാൻ ടീമിന് കഴിഞ്ഞില്ല. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ അഭാവം, മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ ലാറ ശർമ പരിക്കേറ്റു പിൻവാങ്ങിയത്, നവോച്ച സിങ്ങിന്റെ സസ്‌പെൻഷൻ കാരണം ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്ക് ഇല്ലാതിരുന്നതെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചു.

    ഈ തിരിച്ചടികളുടെ ഇടയിലെല്ലാം ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നത് ഒരു പോസിറ്റിവാണ്. പ്ലേ ഓഫ് മത്സരത്തിൽ പുറത്തെടുക്കേണ്ട പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് കാണിച്ചു. അതിനു വേണ്ടി മികച്ച രീതിയിലുള്ള ഒരുക്കങ്ങളും ഇവാൻ വുകോമനോവിച്ച് നടത്തി. തോൽവിയേറ്റു വാങ്ങി പുറത്തു പോകുമ്പോഴും പ്രതിസന്ധികളുടെ ഇടയിൽ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദനാർഹം തന്നെയാണ്.

  8. ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുത്ത്, ടീമിലെ താരങ്ങൾ മാനസികമായി ഒരുങ്ങിയെന്ന് മൊഹമ്മദ് അയ്‌മൻ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതും. സീസണിൽ മികച്ച തുടക്കം ലഭിക്കുകയും ആദ്യപകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു വരികയും ചെയ്‌ത ടീമിപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫോം ഇല്ലാതാവാൻ കാരണമെന്നത് വ്യക്തമാണ്. ആദ്യപകുതിയിലെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചത്.

    നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കിന്റെ പിടിയിലുള്ള നിരവധി താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഒഡിഷ എഫ്‌സിക്ക് അവരുടെ പ്രധാന താരങ്ങളെല്ലാം ലഭ്യമാണ്. എങ്കിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം നേടാമെന്ന പ്രതീക്ഷ ടീമിനുണ്ട്. കഴിഞ്ഞ ദിവസം ടീമിന്റെ താരമായ മൊഹമ്മദ് അയ്‌മനും ഇതാണ് സൂചിപ്പിച്ചത്.

    “ടീമിലെ താരങ്ങളുടെ മാനസികാവസ്ഥയെല്ലാം വളരെ പോസിറ്റിവാണ്. ഇത് പ്ലേ ഓഫ് മത്സരമാണെന്നതിനാൽ തന്നെ ഒരു കളി മാത്രമേയുണ്ടാകൂ. അതിൽ ഞങ്ങൾക്ക് വിജയം നേടണം. ഞങ്ങളതിനു വേണ്ടി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്.” ഇന്നലെ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൊഹമ്മദ് അയ്‌മൻ പറഞ്ഞു.

    പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട പ്രതീക്ഷ പരിശീലകൻ ഇവാൻ വുകോമനോവിച്ചിൽ തന്നെയാണ്. ആദ്യത്തെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ മത്സരത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സ് പുറത്താകാൻ കാരണം. ഇത്തവണ ഇവാന് ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിക്കാൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

  9. മുന്നിലുള്ളത് ഇതുവരെ സ്വന്തമാക്കാനാവാത്ത രണ്ടു നേട്ടങ്ങൾ, കലിംഗയിൽ ഇവാന്റെ ലക്‌ഷ്യം ചെറുതല്ല

    Leave a Comment

    ഐഎസ്എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഒഡിഷ എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്. കടലാസിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ കരുത്തുറ്റ ടീമാണ് ഒഡിഷ എഫ്‌സി. അതിനു പുറമെ ഒഡിഷയുടെ മൈതാനത്താണ് മത്സരം നടക്കുന്നതെന്നതും ടീമിലെ താരങ്ങളുടെ പരിക്കുമെല്ലാം ബ്ലാസ്റ്റേഴ്‌സിനു വലിയ പ്രതിസന്ധി നൽകുന്ന കാര്യങ്ങളാണ്.

    അതേസമയം നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞാൽ അത് ബ്ലാസ്റ്റേഴ്‌സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും വലിയ നേട്ടമാണ്. ഒഡിഷ എഫ്സിയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിട്ടില്ല. ആ റെക്കോർഡ് തിരുത്താനുള്ള ഒരു അവസരം കൂടിയാണിത്.

    കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ചരിത്രത്തിൽ ഇന്ന് വരെ ഒരു പാദമായി നടന്ന പ്ലേ ഓഫ് മത്സരത്തിൽ വിജയം നേടിയിട്ടില്ല. ഒഡിഷക്കെതിരായ മത്സരം ഒരു പാദമായാണ് നടക്കുന്നത് എന്നതിനാൽ തന്നെ അതിൽ വിജയിച്ചാൽ ആ ആദ്യമായി ആ നേട്ടവും സ്വന്തമാകും. അങ്ങിനെ രണ്ടു പ്രധാന നേട്ടങ്ങൾ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനും ഇവാനും അവസരമുണ്ട്.

    ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേ ഓഫ് കളിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യത്തെ സീസണിൽ ഫൈനൽ വരെ എത്തിയെങ്കിലും കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ മത്സരത്തിൽ പ്രതിഷേധമുയർത്തി ഇറങ്ങിപ്പോയതാണ് ടീം പുറത്താകാൻ കാരണം. ഇവാന്റെ തന്ത്രങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ആരാധകർ.

  10. അഡ്രിയാൻ ലൂണ കളിക്കുമെങ്കിലും ചെറിയൊരു പ്രശ്‌നമുണ്ട്, ഇവാൻ വുകോമനോവിച്ച് പറയുന്നു

    Leave a Comment

    ഒഡിഷ എഫ്‌സിക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ടീമിനൊപ്പം പരിശീലനം ആരംഭിച്ച അഡ്രിയാൻ ലൂണ മത്സരത്തിനിറങ്ങാൻ തയ്യാറാണെങ്കിലും മുഴുവൻ സമയവും കളിക്കാൻ കഴിയില്ലെന്നാണ് ഇവാൻ പറയുന്നത്.

    കഴിഞ്ഞ ഡിസംബറിലാണ് അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായത്. ഈ സീസൺ മുഴുവൻ താരത്തിന് നഷ്‌ടമാകുമെന്നാണ് കരുതിയതെങ്കിലും നേരത്തെ തിരിച്ചെത്താൻ ലൂണക്കായി. എന്നാൽ ഡിസംബറിൽ പരിക്കേറ്റു പുറത്തു പോയ താരം അതിനു ശേഷം ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്നതാണ് താരത്തെ മുഴുവൻ സമയം ഇറക്കാനുള്ള പ്രധാന ബുദ്ധിമുട്ടായി ഇവാൻ പറയുന്നത്.

    “അഡ്രിയാൻ ലൂണ ടീമിനൊപ്പമുണ്ട്. അദ്ദേഹം ഒരുപാട് സമയത്തിന് ശേഷമാണ് തിരിച്ചു വരുന്നതെന്നത് ഞങ്ങൾ പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണ്. അതിനാൽ തന്നെ തൊണ്ണൂറു മിനുട്ടും കളിക്കാൻ ലൂണക്ക് കഴിയില്ല. എന്നാൽ അടുത്ത മത്സരത്തിൽ ഒരുപാട് നാളുകൾക്ക് ശേഷം ലൂണ കളത്തിലിറങ്ങും, സന്തോഷത്തോടെ അത് നിങ്ങളെ അറിയിക്കുന്നു.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

    ഒരുപാട് നാളുകൾക്ക് ശേഷം കളത്തിലിറങ്ങുകയാണ് എന്നതിനാൽ തന്നെ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ ഇടം പിടിക്കാനുള്ള സാധ്യതയില്ലെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞതിൽ നിന്നും മനസിലാക്കേണ്ടത്. രണ്ടാം പകുതിയിലാവും താരത്തെ കളത്തിലിറക്കുക. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ കടുപ്പമേറിയ മത്സരമാകും ഒഡിഷക്കെതിരെയുള്ളത്.