Tag Archive: Juventus

  1. യുവന്റസിനെതിരെ തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റാലിയൻ ക്ലബിനു മുട്ടൻ പണി വരുന്നുണ്ട്

    Leave a Comment

    റയൽ മാഡ്രിഡ് വിട്ടതിനു ശേഷം മൂന്നു വർഷങ്ങൾ ഇറ്റാലിയൻ ക്ലബായ യുവന്റസിന് വേണ്ടി കളിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ടു ലീഗ് അടക്കം അഞ്ചു കിരീടങ്ങൾ അവർക്കൊപ്പം നേടാൻ പോർച്ചുഗൽ താരത്തിന് കഴിഞ്ഞു. എന്നാൽ പിന്നീട് യുവന്റസുമായുള്ള ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചതിനെ തുടർന്ന് റൊണാൾഡോ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു പോവുകയായിരുന്നു.

    പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കി സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനു വേണ്ടി കളിക്കുന്ന റൊണാൾഡോ തന്റെ മുൻ ക്ലബിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലാ ഗസറ്റ ഡെല്ല സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് തനിക്ക് നൽകാനുള്ള ശമ്പളത്തിന്റെ ബാക്കി നൽകിയിട്ടില്ലെന്നാണ് റൊണാൾഡോയുടെ പരാതി.

    2018 മുതൽ 2021 വരെയുള്ള വർഷങ്ങളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്നത്. ആ സമയത്ത് തന്നെയാണ് കോവിഡ് മഹാമാരി കാരണം കാണികൾ സ്റ്റേഡിയത്തിലേക്ക് വരാതെ ക്ലബുകൾ സാമ്പത്തിക പ്രതിസന്ധി നേരിട്ടത്. ഇതേതുടർന്ന് റൊണാൾഡോ അടക്കമുള്ള താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് താരത്തിന് വേതനം നൽകാൻ ബാക്കി വന്നതെന്നാണ് കരുതേണ്ടത്.

    റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് ഇരുപതു മില്യൺ യൂറോയോളം യുവന്റസ് താരത്തിന് നൽകാനുണ്ട്. ക്ലബിനെതിരെ നിയമനടപടി എടുക്കുമെന്ന് ഇറ്റലിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഓഫീസിൽ റൊണാൾഡോ അറിയിച്ചുവെന്നാണ് സൂചനകൾ. എന്തായാലും ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യുവന്റസ് ഈ പണം നൽകാനുള്ള സാധ്യത കുറവായതിനാൽ നടപടിയുണ്ടാകുമെന്നാണ് കരുതേണ്ടത്.

  2. അർജന്റീനയുടെ പ്രതിരോധഭടൻ ക്ലബ് വിട്ടേക്കും, ഓഫറുമായി വമ്പൻ ക്ലബ്

    Leave a Comment

    കഴിഞ്ഞ ഏതാനും വർഷങ്ങളായി അർജന്റീന പ്രതിരോധനിരയിലെ പ്രധാനപ്പെട്ട സാന്നിധ്യമാണ് ക്രിസ്റ്റ്യൻ റോമെറോ. അറ്റലാന്റയിൽ കളിക്കുന്ന സമയത്ത് സീരി എയിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അർജന്റീന ടീമിൽ സ്ഥിരമായി ഇടം നേടിയ താരം വന്നതിനു ശേഷമാണ് ദേശീയ ടീമിന്റെ പ്രതിരോധം ശക്തിപ്പെട്ടതെന്ന് ലയണൽ മെസി തന്നെ പറഞ്ഞിട്ടുണ്ട്.

    നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിലാണ് ക്രിസ്റ്റ്യൻ റോമെറോ കളിക്കുന്നത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മുൻ ക്ലബായ യുവന്റസാണ് ക്രിസ്റ്റ്യൻ റൊമേറോക്ക് വേണ്ടി ശ്രമം നടത്തുന്നത്.

    ഇറ്റാലിയൻ ലീഗിൽ തങ്ങളുടെ ആധിപത്യം യുവന്റസിന് നഷ്‌ടമായിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഉണ്ടായിരുന്നെങ്കിലും പോയിന്റ് വെട്ടിക്കുറച്ചതിനെ തുടർന്ന് യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലുമില്ല. ഇന്റർ മിലാൻ ഉൾപ്പെടെയുള്ള ക്ലബുകൾ പ്രബലരായി മാറുന്ന സമയത്ത് തങ്ങളുടെ ആധിപത്യം തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യമാണ് യുവന്റസിന് മുന്നിലുള്ളത്.

    നേരത്തെ യുവന്റസിന്റെ താരമായിരുന്നു ക്രിസ്റ്റ്യൻ റോമെറോ. എന്നാൽ കില്ലിനി, ബൊനൂച്ചി തുടങ്ങിയ താരങ്ങളുണ്ടായിരുന്ന യുവന്റസിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ അറ്റ്ലാന്റയിലേക്ക് ലോണിൽ പോയ താരത്തെ പിന്നീടവർ സ്ഥിരം കരാറിൽ സ്വന്തമാക്കി. അതിനു ശേഷമാണ് താരം ടോട്ടനത്തിൽ എത്തുന്നത്. ഇറ്റാലിയൻ ലീഗിലെ പരിചയസമ്പത്ത് താരത്തിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

  3. കോപ്പ അമേരിക്ക കളിക്കാൻ ഏഞ്ചൽ ഡി മരിയയുണ്ടാകും, യുവന്റസ് കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു

    Leave a Comment

    കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നിവയിലെ കലാശപ്പോരാട്ടങ്ങളിലെല്ലാം ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ താരം നടത്തിയ പ്രകടനം ആ മത്സരം കണ്ട അർജന്റീന ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല.

    ഖത്തർ ലോകകപ്പിന് ശേഷം ഏഞ്ചൽ ഡി മരിയ വിരമിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ച കാര്യമെങ്കിലും കിരീടം നേടിയതോടെ ആ തീരുമാനം താരം വേണ്ടെന്നു വെച്ചു. 2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ അർജന്റീന ടീമിനൊപ്പം തുടരുകയാണ് ഡി മരിയയുടെ ലക്‌ഷ്യം. എന്നാൽ അതിനായി യൂറോപ്പിലെ ഏതെങ്കിലും ക്ലബിൽ കളിച്ച് മികച്ച പ്രകടനം നടത്തണമെന്നും അല്ലെങ്കിൽ സ്‌കലോണി പരിഗണിക്കില്ലെന്നും താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

    നിലവിൽ ഇറ്റാലിയൻ ക്ലബായ യുവന്റസിന്റെ താരമായ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. കരാർ അവസാനിച്ചാൽ താരം യൂറോപ്പ് വിടാനും അതിനൊപ്പം തന്നെ അർജന്റീനക്കായി ഇനി കളിക്കാനുമുള്ള സാധ്യതകളും ഇല്ലാതാകും. എന്നാൽ ഡി മരിയയുടെ കരാർ ഒരു വർഷത്തേക്ക് കൂടി യുവന്റസ് പുതുക്കാൻ ഒരുങ്ങുകയാണെന്നും അതിനു വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചുവെന്നുമാണ് ടൈക് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    അർജന്റീനയെ സംബന്ധിച്ച് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന കാര്യമാണ് ഏഞ്ചൽ ഡി മരിയ യുവന്റസിൽ തന്നെ തുടരുന്നത്. ഇതോടെ അടുത്ത കോപ്പ അമേരിക്കയിൽ താരം കളിക്കാനുള്ള സാധ്യത വർധിക്കും. ഈ സീസണിൽ എട്ടു ഗോളുകളും ഏഴ് അസിസ്റ്റുമായി മികച്ച പ്രകടനം നടത്തുന്ന താരം അടുത്ത സീസണിലും മികച്ച പ്രകടനം യൂറോപ്പിൽ തുടർന്നാൽ ഇനിയൊരു കിരീടം കൂടി അർജന്റീനക്ക് നേടിക്കൊടുക്കാൻ താരമുണ്ടാകും.

  4. പുതിയ ക്ലബ്ബിനെ തിരഞ്ഞെടുത്ത് സിദാൻ, പിഎസ്‌ജിയെ തഴഞ്ഞു

    Leave a Comment

    റയൽ മാഡ്രിഡിൽ വളരെ ചെറിയ കാലഘട്ടം കൊണ്ട് തന്നെ അസാമാന്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് സിനദിൻ സിദാൻ. രണ്ടു തവണകളായി നാലര വർഷത്തോളം റയൽ മാഡ്രിഡ് പരിശീലകനായ സിദാൻ മൂന്നു ചാമ്പ്യൻസ് ലീഗും രണ്ടു ലീഗുമടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

    റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രണ്ടു വർഷങ്ങൾക്ക് മുൻപേ ഒഴിഞ്ഞ സിദാൻ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കാൻ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കാമെന്നാണ് സിദാൻ കരുതിയിരുന്നത്. എന്നാൽ ലോകകപ്പിന് ശേഷം ദെഷാംപ്‌സിന് തന്നെ വീണ്ടും കരാർ നൽകിയതോടെ സിദാന്റെ മോഹം  പൊലിഞ്ഞു.

    അടുത്ത സീസണിൽ ക്ലബ് പരിശീലകനായി തിരിച്ചെത്താനിരിക്കുന്ന സിദാൻ തന്റെ ക്ലബ്ബിനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താൻ മുൻപ് കളിച്ചിട്ടുള്ള ഇറ്റാലിയൻ ക്ലബായ യുവന്റസാണ് സിദാൻ ചേക്കേറാൻ ആഗ്രഹിക്കുന്നത്. യുവന്റസിനായി 212 മത്സരങ്ങൾ കളിച്ച താരമാണ് സിദാൻ.

    ചെൽസി, പിഎസ്‌ജി എന്നീ ക്ലബുകൾ സിദാന് വേണ്ടി ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ഇപ്പോൾ പരിശീലിപ്പിക്കാൻ സിദാനു താൽപര്യമില്ല. പിഎസ്‌ജിയുടെ ഓഫർ പൂർണമായും തഴഞ്ഞില്ലെങ്കിലും തന്റെ മുൻ ക്ലബിനാണ് സിദാൻ പരിഗണന കൊടുക്കുന്നത്.

    എന്നാൽ സിദാന്റെ ആഗ്രഹം നടക്കുമോയെന്നത് സംശയമാണ്. നിലവിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന യുവന്റസ് യൂറോപ്പ ലീഗിൽ സെമിയിൽ എത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് കിരീടം നേടി ലീഗിൽ നല്ലൊരു പൊസിഷനിൽ ഫിനിഷ് ചെയ്‌താൽ അല്ലെഗ്രി തന്നെ തുടരാനാണ് സാധ്യത.

  5. ഇനിയും കാത്തിരിക്കാനാവില്ല; ഫ്രാന്‍സ് സൂപ്പര്‍താരത്തെ കൈവിടാന്‍ ഇറ്റാലിയന്‍ ക്ലബ്

    Leave a Comment

    റോം: പരിക്ക് കാരണം മാസങ്ങളായി കളത്തിന് പുറത്തായ ഫ്രഞ്ച് മധ്യനിരതാരം പോള്‍ പോഗ്‌ബെയെ കൈവിടാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ് യുവന്റസ്. പരിക്കിന്റെ പിടിയിലായതിനാല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതിരുന്ന 29കാരന്‍ കഴിഞ്ഞസീസണില്‍ സീരി എയില്‍ യുവന്റസിന് വേണ്ടി ഒരുമത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ വരെ 2.9 മില്യണ്‍ പൗണ്ടാണ് പോഗ്ബക്ക് ക്ലബ് നല്‍കിയത്. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവുംമോശം ഫോമിലാണ് യുവന്റസുള്ളത്. പോയന്റ് പട്ടികയില്‍ 13ാം സ്ഥാനത്തുള്ള ക്ലബ് 20 കളിയില്‍ 11 വിജയംമാത്രമാണ് സ്വന്തമാക്കിയത്.


    ഏറെ പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് പോള്‍ പോഗ്ബയെ ടീമിലെത്തിച്ചത്. എന്നാല്‍ ക്ലബിന് വേണ്ടി യാതൊരു സംഭാവനയും നല്‍കാന്‍ ഫ്രഞ്ച് താരത്തിനായില്ല. പരിക്കില്‍ നിന്ന് അടുത്തൊന്നും മുക്തമാകില്ലെന്ന് വ്യക്തമായതോടെയാണ് കടുത്തതീരുമാനത്തിലേക്ക് നീങ്ങാന്‍ ക്ലബിനെ പ്രേരിപ്പിച്ചത്. വില്‍പന നടന്നില്ലെങ്കില്‍ ലോണില്‍ നല്‍കാനും ലക്ഷ്യമിടുന്നു.

    2026 വരെ പോള്‍പോഗ്ബയ്ക്ക് യുവന്റസുമായി കരാറുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പാണ് കാല്‍മുട്ടിന് പരിക്കേറ്റത്. ഫ്രാന്‍സ് ലോകകപ്പ് സംഘത്തില്‍ നിന്ന് പുറത്തായ പോഗ്ബക്ക് പിന്നീട് ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്താനുമായില്ല. നേരത്തെ യുണൈറ്റഡില്‍ കളിച്ചപ്പോഴും പരിക്ക് അലട്ടിയിരുന്നു. 2022 ഏപ്രിലിലാണ് അവസാനമായി കളത്തിലിറങ്ങിയത്. ഖത്തര്‍ ലോകകപ്പിന് തൊട്ടുമുന്‍പായി പോഗ്ബക്കെ പുറമെ എന്‍കോളോ കാന്റെ, എന്‍കുന്‍കു, കിംബെംബെ,ബെന്‍സെമെ തുടങ്ങി നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. കാന്റെയും എന്‍കുന്‍കുവും ഇതുവരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

  6. മൂന്നാം സ്ഥാനത്തു നിന്നും പത്താം സ്ഥാനത്തേക്ക് വീണ് യുവന്റസ്, പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചു

    Leave a Comment

    സമാനതകളില്ലാത്ത തിരിച്ചടി നേരിട്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. നിലവിൽ സീരി എയിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ക്ലബിന്റെ പതിനഞ്ചു പോയിന്റുകൾ കുറക്കാൻ കഴിഞ്ഞ ദിവസം ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തു. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് യുവന്റസ്. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാമെന്ന യുവന്റസിന്റെ മോഹങ്ങൾ ഇതോടെ ഇല്ലാതായിട്ടുണ്ട്.

    സാമ്പത്തിക ഇടപാടുകളിൽ വന്ന വീഴ്‌ചയാണ്‌ യുവന്റസിനെതിരെയുള്ള ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നടപടിക്ക് കാരണമായത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന് അവർ സ്ഥിരീകരിച്ചു. യുവന്റസ് ക്ലബിനെതിരായ നടപടിക്ക് പുറമെ ക്ലബിന്റെ പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിക്ക് ഇരുപത്തിനാല് മാസത്തെ വിലക്കും മുൻ സ്പോർട്ടിങ് ഡയറക്റ്റർ ആയിരുന്ന ഫാബിയോ പാറ്ററിസിക്ക് മുപ്പതു മാസത്തെ വിലക്കും നൽകിയിട്ടുണ്ട്.

    യുവന്റസ് പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിയും വൈസ് പ്രസിഡന്റായിരുന്ന പാവൽ നെദ്വേദും ബോർഡ് അംഗങ്ങളും കഴിഞ്ഞ നവംബറിൽ രാജി വെച്ചതിനു പിന്നാലെയാണ് ശിക്ഷാനടപടികൾ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ നടത്തിയ തിരിമറി കാരണം താരങ്ങളുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ ഇവർ ലാഭിച്ചുവെന്നത് ഇതിലെ പ്രധാന കുറ്റകൃത്യമാണ്. ഇതിനു പുറമെയും നിരവധി പിഴവുകൾ യുവന്റസിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്ന് സീരി എ ലീഗൽ പ്രോസിക്യൂട്ടർ കണ്ടെത്തി.

    കഴിഞ്ഞ കുറച്ചു സീസണുകളായി മോശം ഫോമിൽ കളിച്ചു കൊണ്ടിരുന്ന യുവന്റഡ് അല്ലെഗ്രിയുടെ കീഴിൽ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന സമയത്താണ് ഇതുപോലെയൊരു തിരിച്ചടി അവർക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. പോയിന്റ് നഷ്‌ടമായത് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതിനൊപ്പം ജനുവരിയിൽ അവരെ ക്ലബുകൾ റാഞ്ചാനുള്ള സാധ്യതയുമുണ്ട്. ഈ സീസനിലിനി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയുമെന്ന പ്രതീക്ഷയും യുവന്റസിനുണ്ടാകില്ല.

     

  7. കോപ്പ ഇറ്റാലിയ കിരീടവിജയം, കിരീടനേട്ടത്തിൽ ചരിത്രം തിരുത്തിക്കുറിച്ച് ക്രിസ്ത്യാനോ

    Leave a Comment

    അറ്റലാന്റയുമായി നടന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. അറ്റലാന്റക്കായി മാലിനോവ്സ്കി ഗോൾ നേടിയപ്പോൾ യുവൻ്റസിനായി ദേജൻ കുലുസേവ്സ്കിയും ഫെഡറിക്കോ കിയേസ വിജയഗോൾ കണ്ടെത്തുകയായിരുന്നു. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് ഗോളുകളൊന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു.

    ഇത്തവണ ലീഗ് കിരീടം നിലനിർത്താനായില്ലെങ്കിലും രണ്ടു വർഷമായി കൈവിട്ടു പോയ കോപ്പ ഇറ്റാലിയ കിരീടം തിരിച്ചു പിടിക്കാനായത് ആശ്വാസമായിട്ടുണ്ട്. പിർലോയുടെ യുവൻ്റസ് പരിശീലക ജീവിതത്തിലെ രണ്ടാമത്തെ കിരീടമാണിത്.

    യുവൻ്റസിലെത്തിയതിനു ശേഷം കോപ്പ ഇറ്റാലിയ കിരീടം കൂടി നേടിയതോടെ മൂന്ന് വ്യത്യസ്ത ലീഗുകളിൽ മൂന്നു ആഭ്യന്തരകിരീടങ്ങളും നേടുന്ന ഏക താരമെന്ന നേട്ടം ക്രിസ്ത്യാനോക്ക് സ്വന്തമായിരിക്കുകയാണ്. ഇതോടെ തൻ്റെ കരിയറിലെ 42ആം കിരീടത്തിലാണ് ക്രിസ്ത്യാനോ മുത്തമിടുന്നത്.

    കോപ്പ ഇറ്റാലിയ കിരീടം സ്വന്തമാക്കിയെങ്കിലും പിർേലോയുടെ യുവന്റസിലെ നിലനിൽപ് അത്ര തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇത്തവണ ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാനായില്ലെങ്കിൽ യുവന്റസിൽ നിന്നും പിർലോക്ക് പുറത്തു പോകേണ്ടി വരുമെന്നാണ് അഭ്യൂഹങ്ങൾ. യോഗ്യത നേടാനായില്ലെങ്കിൽ ക്രിസ്ത്യാനോയും ക്ലബ്ബ് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  8. യുവന്റസ്‌- ഇന്റർ തീപാറും പോരാട്ടം ഇന്ന്‌, ചാമ്പ്യൻസ്‌ലീഗ് യോഗ്യതയുറപ്പിക്കാൻ ക്രിസ്ത്യാനോയും സംഘവും

    Leave a Comment

    സീരി എയിൽ നിർണായകമായ യുവന്റസ്-ഇന്റർമിലാൻ പോരാട്ടം ഇന്ന്‌ രാത്രി ഇന്ത്യൻ സമയം 9.30ക്ക് നടക്കും. യുവന്റസിന്റെ ചാമ്പ്യൻസ്‌ലീഗ് മോഹങ്ങൾക്ക് ഊർജമേകാൻ ഇന്ന്‌ വിജയം അനിവാര്യമാണ്. നിലവിൽ നാപോളിക്ക് പിറകിൽ അഞ്ചാം സ്ഥാനത്തു തുടരുന്ന യുവന്റസ് പോയിന്റ് പട്ടികയിൽ 3 പോയിന്റ് പിറകിലാണുള്ളത്.

    റോമയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ഇന്റർമിലാൻ ടുറിനിൽ യുവന്റസിനെ നേരിടാനൊരുങ്ങുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റോമയെ സ്വന്തം തട്ടകത്തിൽ ഇന്റർ തകർത്തു വിട്ടത്. അന്റോണിയോ കൊണ്ടേയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് ഇന്റർ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

    എന്നാൽ സീരി എയിൽ ഈ സീസണിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന സസൂളോയെ തകർത്ത ആത്മവിശ്വാസത്തോടെയാണ് യുവന്റസ് സ്വന്തം തട്ടകത്തിൽ ഇന്നിറങ്ങുന്നത്. എസി മിലാനുമായുള്ള തോൽവിക്കു ശേഷം ഗോളടിയിലേക്ക് തിരിച്ചു വന്ന ക്രിസ്ത്യാനോ യുവന്റസിനായി തന്റെ നൂറാം ഗോൾ സ്വന്തമാക്കിയിരുന്നു. ഇന്ററിനു പിന്നാലെ എല്ലാ മത്സരങ്ങളും വിജയിച്ച് ചാമ്പ്യൻസ്‌ലീഗ് യോഗ്യത ഉറപ്പിക്കാനാവുമെന്ന് തന്നെയാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്.

    സാധ്യതാ ലൈനപ്പ്

    യുവന്റസ്:- ഷെസ്നി, അലക്സ്‌ സാൻഡ്രോ,കിയെല്ലിനി, ഡിലിറ്റ്,ഡാനിലോ,കിയേസ, റാബിയോട്ട്,ആർതർ, ക്വാഡ്രാഡോ,ക്രിസ്ത്യാനോ ഡിബാല.
    ഇന്റർ:-ഹാൻഡനോവിച്ച്,സ്‌ക്രിനിയർ, ഡി വ്രിജ്,ബാസ്തോണി,ഹക്കിമി, ബാരെല്ല, ബ്രോസോവിച്ച്,എറിക്സൻ, പെരിസിച്ച്,ലൗറ്റാരോ, ലുക്കാക്കു

  9. സസൂളൊക്കെതിരെ മിന്നും ജയം, യുവന്റസിൽ ഗോൾവേട്ടയിൽ ചരിത്രനേട്ടം കുറിച്ച് ക്രിസ്ത്യാനോ

    Leave a Comment

    സീരി എയിൽ സസൂളോക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്‌. യുവന്റസിനായി ഗോൾ നേടാനായതോടെ ക്രിസ്ത്യാനോ റൊണാൾഡോ ഗോൾവേട്ടയിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

    യുവന്റസിനായി ഏറ്റവും വേഗത്തിൽ നൂറു ഗോളുകൾ നേടിയ താരമെന്ന ചരിത്ര നേട്ടത്തിനാണ് ക്രിസ്ത്യാനോ ഉടമയായിരിക്കുന്നത്. വെറും മൂന്നു സീസണുകൾക്കുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമായ കാര്യമാണ്. മുൻ യുവന്റസ് താരങ്ങളായ ഒമർ ഇ. സിവോരിയുടെയും റോബർട്ടോ ബാജിയോയുടെയും റെക്കോർഡാണ് ക്രിസ്ത്യാനോ തകർത്തത്.

    ഇരുവർക്കും 100 ഗോളുകൾ തികയ്ക്കാൻ 4 സീസണിലധികം വേണ്ടി വന്നുവെന്നതാണ് വസ്തുത. യുവന്റസിനായി വെറും 131 മത്സരങ്ങളിൽ നിന്നാണ് 100 ഗോൾ നേടിയതെന്നത് താരത്തിന്റെ ഗോളടി മികവിനെ തുറന്നു കാട്ടുന്ന ഒന്നാണ്. വ്യത്യസ്ത ലീഗിൽ മൂന്നു ക്ലബ്ബുകൾക്കായും രാജ്യത്തിനായും 100 ഗോളുകൾ നേടുന്ന താരമാവാൻ ക്രിസ്ത്യാനോക്ക് സാധിച്ചിരിക്കുകയാണ്. ഇതേ മത്സരത്തിൽ തന്നെ പൗലോ ഡിബാലയും യുവന്റസിനായി 100 ഗോളെന്ന നേട്ടത്തിനുടമയായി.

    യുവന്റസിനായി 100 ഗോളെന്ന ചരിത്ര നേട്ടത്തിനുടമയാകുന്ന യൂറോപ്യൻ അല്ലാത്ത ആദ്യ താരമാണ് പൗലോ ഡിബാല. മത്സരത്തിൽ വിജയിക്കനായതോടെ ചാമ്പ്യൻസ്‌ലീഗ് യോഗ്യതക്ക് വേണ്ടി ഇനിയുള്ള മൂന്നു മത്സരങ്ങൾ കൂടി യുവന്റസിനു വിജയിക്കേണ്ടതുണ്ട്. ഒപ്പം നാലാം സ്ഥാനത്തുള്ള നാപോളിയുടെ പോയിന്റ് നഷ്ടപ്പെടുകയും വേണം.

  10. യുവന്റസിനെ മൂന്നിൽ മുക്കി മിലാൻ, യൂറോപ്പ കളിക്കേണ്ടി വരുമോ?

    Leave a Comment

    സ്വന്തം തട്ടകമായ ടുറിനിൽ വെച്ചു നടന്ന സീരീ എ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എസി മിലാനോട് യുവന്റസിനു തോൽവിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ നേടാനാവാതെ നിറം മങ്ങിയപ്പോൾ തോൽവിയോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് യുവന്റസ്.

    ആദ്യപകുതിയുടെ അവസാനത്തിൽ തന്നെ ബ്രാഹിം ഡയസിലൂടെ മിലാൻ മുന്നിലെത്തിയതാണ് മത്സരത്തിൽ വഴിത്തിരിവായത്‌. രണ്ടാം പകുതിയിൽ മികച്ച ആക്രമണം തുടർന്ന മിലാനു യുവന്റസ് താരം കിയെല്ലിനിയുടെ ഹാൻഡ്‌ബോളിന് ലഭിച്ച പെനാൽറ്റി മധ്യനിരതാരം കെസ്സി പാഴാക്കിയത് തിരിച്ചടിയായി മാറി.

    എന്നാൽ അധികം വൈകാതെ തന്നെ മിലാൻ മുന്നേറ്റതാരം ആന്ദ്രേ റെബിച്ചിന്റെ തകർപ്പൻ ലോങ്ങ്‌ റേഞ്ചർ ശ്രമം വലയിലെത്തിയതോടെ മിലാൻ കളിയിൽ ആധിപത്യം നേടുകയായിരുന്നു. കളിയിലേക്ക് തിരിച്ചെത്താനുള്ള യുവന്റസിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയേകി ടോമോരിയിലൂടെ മിലാൻ ലീഡ് ഉയർത്തിയതോടെ യുവന്റസിനു തോൽവി സമ്മതിക്കേണ്ടി വരികയായിരുന്നു.

    അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ഇനി ബാക്കിയുള്ള നാലു മത്സരങ്ങളും യുവന്റസിനു നിർണായകമായിരിക്കുകയാണ്. ഒപ്പം നാലാം സ്ഥാനത്തുള്ള നാപോളി പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. ചാമ്പ്യൻസ്‌ലീഗ് യോഗ്യത നേടാൻ എല്ലാ മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയിലാണ് യുവന്റസ്.