Tag Archive: ISL

  1. കോപ്പലൊഴികെ മറ്റാർക്കും സാധിച്ചിട്ടില്ല, ഇന്നു ചരിത്രം തിരുത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമോ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു വമ്പൻ പോരാട്ടമാണ് ഇന്ന് രാത്രി നടക്കാൻ പോകുന്നത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും രണ്ടാം സ്ഥാനത്തു നിൽക്കുന്ന എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഈ സീസണിൽ ഒരു മത്സരവും തൊറ്റിട്ടില്ലാത്ത ഗോവയുടെ മൈതാനത്താണ് മത്സരം നടക്കുന്നത്.

    മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയൊരു നാണക്കേട് മാറ്റാനുണ്ട്. എഫ്‌സി ഗോവയുടെ മൈതാനത്ത് വളരെക്കാലമായി വിജയിച്ചിട്ടില്ലെന്ന നാണക്കേടാണ് മാറ്റാനുള്ളത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് വിജയിച്ചിരിക്കുന്നത് ഒരേയൊരു തവണയാണ്. സ്റ്റീവ് കൊപ്പൽ പരിശീലകനായിരിക്കുന്ന സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടീമിന്റെ വിജയം.

    ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടുവെങ്കിലും ഗോവയുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പരിശീലകനായ ആദ്യത്തെ സീസണിൽ രണ്ടു മത്സരങ്ങളിലും സമനിലയാണ് വഴങ്ങിയതെങ്കിൽ കഴിഞ്ഞ സീസണിൽ സ്വന്തം മൈതാനത്ത് വിജയവും ഗോവയുടെ മൈതാനത്ത് തോൽവിയുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫലങ്ങൾ.

    ഗോവക്കെതിരായ ഇതുവരെയുള്ള മുഴുവൻ റെക്കോർഡുകൾ നോക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമല്ല കാര്യങ്ങൾ. രണ്ടു ടീമുകളും തമ്മിൽ പതിനെട്ടു തവണ ഏറ്റുമുട്ടിയപ്പോൾ പത്ത് തവണയും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. നാല് മത്സരങ്ങളിൽ മാത്രം വിജയം നേടിയപ്പോൾ ബാക്കിയുള്ള നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.

    ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകളുണ്ട്. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. എന്നാൽ എവേ മത്സരങ്ങൾ കൂടുതൽ കളിക്കാത്തതിനാൽ ഒരു വമ്പൻ ടീമിനെതിരെയുള്ള മത്സരം എങ്ങിനെയാകുമെന്ന ആകാംഷ ആരാധകർക്കുണ്ട്. ഇതുവരെയുള്ള നാണക്കേട് മാറ്റാൻ ടീമിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

  2. ഇവാൻ ഓരോ താരങ്ങളുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പ്രശംസിച്ച് പെപ്ര

    Leave a Comment

    ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരതയാർന്ന പ്രകടനം നടത്താൻ തുടങ്ങിയതെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ രണ്ടു സീസണിലും മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഒന്നുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. താരങ്ങളുടെ പരിക്കും വിലക്കും നൽകിയ തിരിച്ചടികളുടെ ഇടയിലും ടീം മികച്ച പ്രകടനം നടത്തുന്നതും നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതുമെല്ലാം ഇതിന്റെ തെളിവാണ്.

    ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ഇടയിൽ ഇവാൻ വുകോമനോവിച്ച് ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും ഇത് ടീമിനായി മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ടീമിന്റെ മുന്നേറ്റനിര താരമായ പെപ്ര പറയുന്നത്. ഇവാനോടൊപ്പം ജോലി ചെയ്യുന്നത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും ടീമിലെ ഓരോ താരത്തിനും അദ്ദേഹം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും പെപ്ര പറഞ്ഞു.

    ഇവാൻ നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് പറയാൻ പെപ്രയെക്കാൾ മികച്ചൊരു താരമില്ല. ഘാന താരം നിരവധി മത്സരങ്ങളിൽ ഗോളടിക്കാൻ പരാജയപ്പെട്ടിട്ടും അതിന്റെ പേരിൽ ആരാധകരുടെ വിമർശനം നേരിട്ടിട്ടും ഇവാൻ താരത്തെ സ്ഥിരമായി തന്റെ ടീമിൽ ഇറക്കിയിരുന്നു. അതിനുള്ള പ്രതിഫലം കഴിഞ്ഞ മത്സരത്തിൽ നൽകിയ താരം ഒരു ഗോൾ അടിക്കുകയും ഒരു ഗോളിനുള്ള പെനാൽറ്റി നേടുകയും ചെയ്‌ത്‌ ടീമിന്റെ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ചു.

    മുന്നേറ്റനിരയിൽ തനിക്കൊപ്പം ഇറങ്ങുന്ന ദിമിത്രിയോസ്, ലൂണ എന്നിവരുടെ സാന്നിധ്യവും തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് പെപ്ര പറഞ്ഞു. വളരെയധികം പരിചയസമ്പത്തുള്ള ഈ താരങ്ങൾ തനിക്ക് മെച്ചപ്പെടാൻ അവസരം നൽകുന്നുണ്ടെന്നും അവരിൽ നിന്നും ഒരുപാട് പഠിക്കുന്നുണ്ടെന്നും പെപ്ര പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ പ്രപ്രയുടെ കൂടുതൽ മികച്ച പ്രകടനം അടുത്ത മത്സരത്തിൽ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

  3. ബ്ലാസ്റ്റേഴ്‌സിന്റെ അടിതെറ്റിച്ച മാറ്റങ്ങൾ, ആ സാഹസം എന്തിനായിരുന്നുവെന്ന് ഇവാൻ പറയുന്നു

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത് ആവേശകരമായ രീതിയിലായിരുന്നു. ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു പകുതികളിലുമായി രണ്ടു ഗോളുകൾ നേടിയാണ് മത്സരത്തിൽ സമനില നേടിയത്. ഇതോടെ സ്വന്തം മൈതാനത്തെ അപരാജിത കുതിപ്പ് നിലനിർത്താനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

    എന്നാൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോളുകൾ ടീമിലെ താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു. മൂന്നു ഗോളുകളിലും പ്രതിരോധതാരങ്ങളുടെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. അതിനു കാരണമായത് ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇവാൻ വരുത്തിയ മാറ്റമായിരുന്നു. മികച്ച പ്രകടനം നടത്തിയിരുന്ന ഡൈസുകെ, പ്രീതം കൊട്ടാൽ എന്നിവരെ പുറത്തിരുത്തി ഇവാൻ അതിനു പകരം പ്രബീർ ദാസ്, രാഹുൽ കെപി എന്നിവരെ ഇറക്കി തന്റെ വിജയഫോർമുലയെ തന്നെ മാറ്റിക്കളഞ്ഞു.

    ഈ മാറ്റം താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തെ ബാധിച്ചതാണ് ടീമിന്റെ സന്തുലിതാവസ്ഥ താളം തെറ്റാൻ കാരണമായത്. അതേസമയം മികച്ച പ്രകടനം നടത്തുകയായിരുന്ന ടീമിൽ വരുത്തിയ മാറ്റമൊന്നും ആശാനെ ബാധിച്ചില്ല. ടീമിലെ താരങ്ങളായ രാഹുൽ, ഇഷാൻ, ലെസ്‌കോവിച്ച് എന്നിവരെല്ലാം അവസരങ്ങൾ ലഭിക്കേണ്ട താരങ്ങളാണെന്നും അവരെ എല്ലാ മത്സരത്തിനും തയ്യാറെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലൈനപ്പിൽ മാറ്റം വരുത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

    ഇവാന്റെ ഉദ്ദേശം നല്ലതായിരുന്നെങ്കിലും അത് ടീമിന് പ്രതികൂലമായാണ് വന്നതെന്ന കാര്യത്തിൽ സംശയമില്ല. ചെന്നൈയിൻ എഫ്‌സിയിൽ നിന്നും ഇതുപോലെയൊരു പ്രകടനം അദ്ദേഹം പ്രതീക്ഷിച്ചില്ലെന്നാണ് കരുതേണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വിള്ളൽ ചെന്നൈ താരങ്ങൾ കൃത്യമായി മുതലെടുത്തതോടെ അവർ മുന്നിലെത്തി. എന്നാൽ അതിൽ പതറാതെ തിരിച്ചു വരാൻ ടീമിന് കഴിഞ്ഞുവെന്നത് വലിയൊരു നേട്ടം തന്നെയാണ്.

  4. ഒടുവിൽ വിമർശനങ്ങൾക്ക് മറുപടി, ആദ്യഗോൾ നേടി ടീമിന്റെ തിരിച്ചുവരവിനു കാരണക്കാരനായ പെപ്ര

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിലും ഇറങ്ങിയെങ്കിലും ഒരു ഗോൾ പോലും നേടാൻ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ക്വാമേ പെപ്രക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗോൾ നേടുക മാത്രമല്ല, തോൽവി ഉറപ്പിച്ചു നിന്നിരുന്ന ടീമിന്റെ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ചത് ഘാന താരമാണ്. ഗോൾ നേടാത്തതിന്റെ പേരിൽ തന്നെ വിമർശിച്ചിരുന്നവർക്കെല്ലാം മറുപടി നൽകാനും താരത്തിനായി.

    മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയ ചെന്നൈയിൻ എഫ്‌സിക്കെതിരെ പതിനൊന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടിയപ്പോൾ അതിനു വേണ്ട പെനാൽറ്റി നേടിക്കൊടുത്തത് പെപ്ര ആയിരുന്നു. ചെന്നൈ താരത്തെ പ്രെസ് ചെയ്‌തു പന്ത് നേടിയെടുത്ത താരം മുന്നേറുന്നതിനിടെ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ദിമിത്രിസ് അത് ഗോളാക്കി മാറ്റുകയും ചെയ്‌തു.

    അതിനു പിന്നാലെ ചെന്നൈ രണ്ടു ഗോളുകൾ കൂടി നേടിയപ്പോൾ പതറിയ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനുള്ള ഊർജ്ജം നൽകിയതും പെപ്ര ആയിരുന്നു. മുപ്പത്തിയെട്ടാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നുള്ള ഇടംകാൽ ഷോട്ടിലൂടെ താരം സ്‌കോർ 2-3 എന്ന നിലയിലെത്തിച്ചു. ഇതോടെ മത്സരത്തിൽ തിരിച്ചു വരാമെന്ന പ്രതീക്ഷ ടീമിന് വന്നു. രണ്ടാം പകുതിയിൽ തകർപ്പനൊരു ഗോൾ നേടി ദിമിത്രിസ് ടീമിനെ ഒപ്പമെത്തിച്ച് ആ പ്രതീക്ഷ നിറവേറ്റുകയും ചെയ്‌തു.

    മത്സരത്തിൽ വിജയം നേടാൻ ഒരു സുവർണാവസരം സൃഷ്ടിക്കാനും പെപ്രക്ക് കഴിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ പന്ത് നേടിയെടുത്ത താരം അത് ലൂണക്ക് നൽകുമ്പോൾ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ലൂണയുടെ ഷോട്ട് പുറത്തേക്കാണ് പോയത്. ആ ഗോൾ നേടിയിരുന്നെങ്കിൽ പെപ്രയാകുമായിരുന്നു ശരിക്കും ഹീറോ. അതിനു കഴിഞ്ഞില്ലെങ്കിലും ഇന്നലത്തെ മത്സരം താരത്തിന് വലിയ രീതിയിൽ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

  5. ഈ ആരാധകർ അതർഹിക്കുന്നു, ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടിക്കൊടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇവാൻ വുകോമനോവിച്ച്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടക്കുമ്പോൾ ആരാധകരുടെ കരുത്തിൽ ഇന്ത്യയിലെ മറ്റു ക്ലബുകൾക്കൊന്നും തൊടാൻ കഴിയാത്ത കരുത്തുമായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനുള്ള നിരാശ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ്. മൂന്നു തവണ ഫൈനലിൽ എത്താൻ കഴിഞ്ഞെങ്കിലും മൂന്നു തവണയും തോൽവി വഴങ്ങാനായിരുന്നു ടീമിനു യോഗം. കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം ട്രോളുകൾ ഏറ്റു വാങ്ങുന്നതും കിരീടമില്ലാത്തതിന്റെ പേരിലാണ്.

    ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം ടീമിന്റെ പ്രകടനത്തിൽ മുൻപൊന്നും ഇല്ലാത്ത തരത്തിലുള്ള ഒരു സ്ഥിരതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം സ്വന്തമാക്കി നൽകുക തന്റെ പ്രധാന ലക്ഷ്യമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

    “ഐഎസ്എല്ലിലെ എല്ലാവരുടെയും ആഗ്രഹം ട്രോഫി നേടണമെന്നാണ്. ഞങ്ങൾ അതിനെക്കുറിച്ച് സ്വപ്‌നം കാണുന്നു, അത് ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു എന്നത് ഞങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണ്. ഈ ആരാധകർ എല്ലാ സീസണിലും കിരീടസാധ്യത അർഹിക്കുന്നു. നമ്മൾ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, കൊച്ചിയിലേക്ക് കിരീടം കൊണ്ടുവരാനും ആ ആവേശം അനുഭവിക്കാനും ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യും.” ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.

    ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അഞ്ചു മത്സരങ്ങളിലും വിജയം നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ നാല് വിജയങ്ങൾ സ്വന്തം മൈതാനത്താണ്. അതുകൊണ്ടാണ് സ്വന്തം മൈതാനത്ത് ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷയുള്ളതും. ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഗിൽ ഒന്നാം സ്ഥാനത്തെത്തും.

  6. ഇതുവരെ കണ്ടതല്ല ഇനി വരാനിരിക്കുന്നത്, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ആരാധകർക്കും മുന്നറിയിപ്പ്

    Leave a Comment

    ഈ സീസണിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന രീതിയിലുള്ള ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ അഞ്ചെണ്ണത്തിലും വിജയം സ്വന്തമാക്കി. ഒരെണ്ണത്തിൽ തോൽവിയും ഒന്നിൽ സമനിലയും വഴങ്ങിയ അവർ നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ കുറവ് മത്സരങ്ങളാണ് കാലിച്ചതെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് സന്തോഷമുണ്ട്.

    എന്നാൽ നിലവിലെ കുതിപ്പിൽ മതിമറന്ന് ആഘോഷിക്കാൻ കഴിയില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. ഡിസംബർ, ജനുവരി മാസങ്ങൾ പൊതുവെ ലീഗിൽ നിർണായകമാണെന്നു മുൻപ് തന്നെ പറഞ്ഞിട്ടുള്ള ഇവാൻ അടുത്ത മാസം വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങളാണെന്ന മുന്നറിയിപ്പ് നൽകി. ഇനിയും പതിനഞ്ചു മത്സരങ്ങൾ കളിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

    ഇവാന്റെ മുന്നറിയിപ്പ് വളരെ ഗൗരവമുള്ള ഒന്നാണ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ച ടീമുകളെ വെച്ചു നോക്കുമ്പോൾ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണവും വളരെ ബുദ്ധിമുട്ടേറിയ എതിരാളികളാണ്. നാളെ ചെന്നൈയിൻ എഫ്‌സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം കളിക്കേണ്ടത് നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഗോവയെയാണ്. അതിനു ശേഷം അവസാന സ്ഥാനത്തു കിടക്കുന്ന പഞ്ചാബിനെയും കരുത്തരായ മോഹൻ ബഗാനെയും ടീം നേരിടണം.

    നിലവിൽ ടോപ് സിക്‌സിൽ കിടക്കുന്ന ടീമുകൾക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനവും ചെറിയ ആശങ്ക ഉണ്ടാക്കുന്നതാണ്. മുംബൈ സിറ്റി, ഒഡിഷ, നോർത്ത്ഈസ്റ്റ് എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചിരിക്കുന്നത്. അതിൽ ഒഡിഷക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരിക്കുന്നത്. ടോപ് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് തെളിയിക്കേണ്ട മാസം കൂടിയാണ് വരാനിരിക്കുന്നത്.

  7. ലൂണയുടെ അത്ഭുതങ്ങൾ തുടരുന്നു, എല്ലാവരെയും പിന്നിലാക്കി മറ്റൊരു നേട്ടം കൂടി സ്വന്തം

    Leave a Comment

    അഡ്രിയാൻ ലൂണയെപ്പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്നേഹിച്ച മറ്റൊരു താരം ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. ടീമിൽ എത്തിയതിനു ശേഷം ഇതുവരെ തന്റെ ഏറ്റവും മികച്ച പ്രകടനം നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ സീസണിൽ ടീമിന്റെ നായകനായി ലൂണയെ തിരഞ്ഞെടുത്തത്. അതിനു ശേഷം ഉത്തരവാദിത്വം വർധിച്ച താരം ടീമിനായി തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല.

    ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിൽ ഒരെണ്ണത്തിലൊഴികെ ബാക്കി എല്ലാറ്റിലും ടീമിനായി ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും അതിനുള്ള ബഹുമതി താരത്തെ തേടി വരികയും ചെയ്‌തിരിക്കുന്നു. കഴിഞ്ഞ ദിവസം ഐഎസ്എൽ ഒക്ടോബർ പ്ലേയർ ഓഫ് ദി മന്തിനെ തിരഞ്ഞെടുത്തപ്പോൾ അത് സ്വന്തമാക്കിയത് അഡ്രിയാൻ ലൂണയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലൂണ ഈ പുരസ്‌കാരം നേടിയത്.

    കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സ്ഥാനത്തു മിന്നും പ്രകടനം നടത്തുന്ന സച്ചിൻ സുരേഷ്, എഫ്‌സി ഗോവയുടെ താരമായ ജയ് ഗുപ്‌ത, ജംഷഡ്‌പൂർ എഫ്‌സി ഗോൾകീപ്പറും മലയാളിയുമായ രഹനേഷ് ടിപി എന്നിവരെ പിന്നിലാക്കിയാണ് അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനത്തു വന്നത്. താരം ടീമിനായി നടത്തിയ പ്രകടനം പരിഗണിക്കുമ്പോൾ അർഹിച്ച പുരസ്‌കാരം തന്നെയാണിത്. കഴിഞ്ഞ മത്സരത്തിലും ടീമിന്റെ വിജയഗോളിന് അസിസ്റ്റ് നൽകിയത് ലൂണയായിരുന്നു.

    ആരാധകരും മറ്റുള്ള വിദഗ്‌ദരും ചേർന്നാണ് ഈ പുരസ്‌കാരത്തിനുള്ള താരത്തെ കണ്ടെത്തുന്നത് എന്നതിനാൽ തന്നെ ഇതിന്റെ മൂല്യം വളരെ വലുതാണ്. കഴിഞ്ഞ മാസം രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് ടീമിനായി അഡ്രിയാൻ ലൂണ നേടിയത്. യുറുഗ്വായ് താരത്തിന്റെ മികച്ച പ്രകടനം ഈ സീസണിൽ കിരീടം നേടാമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

  8. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കാൻ തന്നെയാണ് ഹൈദരാബാദിന്റെ പദ്ധതി, പ്രതികരണവുമായി പരിശീലകൻ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുകയാണ്. നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിയാണ്. മുൻപ് ഐഎസ്എൽ നേടിയ ടീമാണെങ്കിലും നിലവിൽ മോശം ഫോമിലുള്ള ഹൈദരാബാദിനെ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

    എന്നാൽ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണുള്ളതെന്നാണ് അവരുടെ പരിശീലകനായ താങ്‌ബോയ് സിങ്‌ടോ പറയുന്നത്. രണ്ടു വർഷത്തോളം കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്ന അദ്ദേഹം പറയുന്നത് ഇന്റർനാഷണൽ ബ്രേക്ക് ടീമിന്റെ തിരിച്ചുവരവിന് സഹായിക്കുമെന്നാണ്. ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ടീം വിജയം നേടിയില്ലെങ്കിലും അതിനു ശേഷം നടന്ന മത്സരങ്ങളിൽ സമനില നേടിയത് ഒരു നല്ല സൂചനയാണെന്നാണ്.

    കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയ രീതിയിലുള്ള പിന്തുണയെ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ താരങ്ങൾക്കെല്ലാം വലിയ ആരാധകപ്പടയെ അഭിമുഖീകരിച്ച് പരിചയമുണ്ടെന്നും സിങ്‌ടോ പറയുന്നു. മാനസികമായും ശാരീരികമായും താരങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്നും ടീമിന്റെ പദ്ധതികൾ എല്ലാ രീതിയിലും തയ്യാറായെന്നും സിങ്‌ടോ വെളിപ്പെടുത്തി. മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

    ബ്ലാസ്റ്റേഴ്‌സിനെതിരെ എന്നും നിലനിൽക്കുന്ന ഒരു ഓർമ ഉണ്ടാക്കുകയാണ് കൊച്ചിയിൽ ഹൈദെരാബാന്റെ ലക്‌ഷ്യം. ഈ സീസണിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് അവർക്ക് മാറ്റേണ്ടതുണ്ട്. അതേസമയം ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അത് തുടരാനാണ് കൊച്ചിയിൽ ഇറങ്ങുന്നത്. ആരാധകരുടെ കരുത്തിൽ അതിനു കഴിയുമെന്ന വിശ്വാസം അവർക്കുണ്ട്.

  9. വിപ്ലവമാറ്റത്തിനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ, VAR നടപ്പിലാക്കാനുള്ള തീരുമാനവുമായി AIFF

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ റഫറിമാരുടെ പിഴവുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. കഴിഞ്ഞ സീസണിലാണ് അത് മൂർഛിച്ചത്. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സി നേടിയ ഗോൾ റഫറി തെറ്റായി വിധിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മൈതാനം വിട്ടു പോയി. അതിനു പിന്നാലെ റഫറിമാർക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. ഐഎസ്എൽ ഫൈനലിലും തെറ്റുകൾ ആവർത്തിച്ചതോടെ വിമർശനങ്ങൾ ഒന്നുകൂടി ശക്തമാവുകയും ചെയ്‌തു.

    കഴിഞ്ഞ സീസണിൽ തന്നെ വീഡിയോ റഫറിയിങ് സംവിധാനം ഐഎസ്എല്ലിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിരുന്നു. വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാമെന്ന് ഐഎസ്എൽ അധികൃതർ പറഞ്ഞെങ്കിലും അത് യാഥാർഥ്യമായില്ല. ഈ സീസണിലും റഫറിമാരുടെ പിഴവുകൾ സ്ഥിരമായതോടെ ആരാധകർ പ്രതിഷേധം ശക്തമാക്കി. എന്തായാലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

    പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിലെ ഒന്ന്. രണ്ട് ഡിവിഷൻ ലീഗുകളായ എഐഎസ്എല്ലിലും ഐ ലീഗിലും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എന്നാൽ പെട്ടന്നു തന്നെ ഇത് നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. അതിനു സമയമെടുക്കുമെന്നതിനാൽ 2025-26 സീസൺ മുതൽ വീഡിയോ റഫറിയിങ് സംവിധാനം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ റഫറിയിങ് സംവിധാനം വന്നാൽ അതിനുള്ള ക്രെഡിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. റഫറിമാരുടെ പിഴവുകൾ വരുന്ന ഓരോ സമയത്തും അവർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തിയിരുന്നത്. എന്തായാലും ഈ സംവിധാനം വരട്ടെയെന്നാണ് ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്. ഐ ലീഗിലും ഈ സംവിധാനം ഉണ്ടാകുന്നത് ആരാധകർക്ക് ഇരട്ടി മധുരമാകും നൽകുക.

  10. യൂറോപ്യൻ ക്ലബിനെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സിലെത്തിയ ഇഷാൻ പണ്ഡിറ്റ, വമ്പൻ വെളിപ്പെടുത്തൽ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം ആവേശത്തോടെ സ്വീകരിച്ച ഒരു താരമായിരുന്നു ഇഷാൻ പണ്ഡിറ്റ. നിലവിൽ ഐഎസ്എല്ലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സ്‌ട്രൈക്കർമാരിൽ മികച്ച താരങ്ങളിൽ ഒരാളായ ഇഷാൻ പണ്ഡിറ്റ ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്. ദിമിത്രിസ്, പെപ്ര എന്നീ താരങ്ങൾ സ്ട്രൈർക്കർമാരായി ഉള്ളതിനാൽ ഇഷാൻ പണ്ഡിറ്റക്ക് ടീമിൽ അവസരങ്ങൾ വളരെ കുറവാണ്.

    ഇപ്പോൾ താരം ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് വന്ന ഒരു വമ്പൻ ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ. ഈ സീസണിൽ ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാരണാസി കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ ക്ലബായ ഇന്റർ കാശിയാണ് താരത്തിനായി ശ്രമം നടത്തിയത്. മികച്ച ഓഫറാണ് ഇഷാൻ പണ്ഡിറ്റക്കു മുന്നിൽ അവർ വെച്ചത്.

    റിപ്പോർട്ടുകൾ പ്രകാരം ഇന്റർ കാശിയിൽ നിന്നും യൂറോപ്യൻ ഫുട്ബോളിൽ എത്താനുള്ള അവസരം ഇഷാൻ പണ്ഡിറ്റക്ക് ഉണ്ടായിരുന്നു. ഐ ലീഗിലെ ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ താരം നേടിയാൽ സ്പെയിനിന്റെ അടുത്തുള്ള രാജ്യമായ അണ്ഡോറയിലെ ടോപ് ടയർ ടീമായ ഇന്റർ ഡി എസ്കെലെഡ്‌സിൽ കളിക്കാനുള്ള അവസരം താരത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇഷാൻ പണ്ഡിറ്റ ആ ഓഫർ വേണ്ടെന്നു വെക്കുകയായിരുന്നു.

    തന്റെ യൂത്ത് കരിയറിൽ സ്പെയിനിലെ നിരവധി ടീമുകൾക്കായി കളിച്ചിട്ടുള്ള ഇഷാൻ പണ്ഡിറ്റ പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നതും സ്പെയിനിൽ തന്നെയാണ്. എന്നാൽ വീണ്ടും അവിടേക്ക് പോകാനുള്ള അവസരം ലഭിച്ചപ്പോൾ അത് തഴഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാനുള്ള ആഗ്രഹം കൊണ്ടു തന്നെയാണെന്ന് വ്യക്തമാണ്. നിലവിൽ അവസരങ്ങൾ കുറവാണെങ്കിലും താരം തിളങ്ങുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.