Tag Archive: ISL

  1. ഗോവ പരിശീലകനു കരിയറിലെ വമ്പൻ നാണക്കേട് സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ്, ഇവാനു കീഴിൽ മറ്റൊരു നേട്ടം കൂടി

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം പ്രകടനത്തിലൂടെ കടന്നു പോവുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ടീമിന്റെ പ്രതീക്ഷകൾ കാത്തു സൂക്ഷിച്ചിട്ടുണ്ട്. രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ടീമിന്റെ മുന്നോട്ടു പോക്കിനു വലിയ രീതിയിലുള്ള ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.

    ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തിന് ശേഷം ചില റെക്കോർഡുകൾ നേടാനും ഗോവ പരിശീലകനായ മനോലോ മാർക്വസിന് ഒരു നാണക്കേട് സമ്മാനിക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ മാർക്വസ് ഇതുവരെ ഒരു ടീമിനൊപ്പവും ലീഗിൽ നാല് ഗോളുകൾ വഴങ്ങിയിട്ടില്ല. ആ നേട്ടമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ ഇല്ലാതായത്.

    കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചും ചില നേട്ടങ്ങൾ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കാനായി. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കുന്നത്. അതിനു പുറമെ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ആദ്യമായി ഒരു മത്സരത്തിൽ നാല് ഗോളുകളെന്ന നേട്ടവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

    ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നു മത്സരങ്ങൾ തോൽവി വഴങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുപോലെ ആവേശകരമായ വിജയം സ്വന്തമാക്കുന്നത്. അവസാന നിമിഷം വരെ പൊരുതിയ താരങ്ങൾക്ക് തന്നെയാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ടീമിലേക്ക് പുതിയതായി എത്തിയ ഫെഡോർ ചെർണിച്ച് അടക്കം മൂന്നു വിദേശതാരങ്ങൾ ഗോൾ കണ്ടെത്തിയത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

  2. ഈ വിജയം ടീമിലെ താരങ്ങൾ നേടിത്തന്നത്, ആഘോഷിക്കാൻ സമയമായിട്ടില്ലെന്ന് ഇവാൻ വുകോമനോവിച്ച്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നേടിയ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ടീമിലെ താരങ്ങൾക്ക് നൽകി ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്. പതിനേഴാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഐതിഹാസികമായ വിജയം സ്വന്തം മൈതാനത്ത് നേടിയത്.

    “മത്സരത്തിൽ വിജയം നേടാനുള്ള ആഗ്രഹവും അതിനുള്ള സ്വഭാവവും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാണിച്ചു, വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് മാത്രമാണ്. അവരുടെയും ആരാധകരുടെയും കാര്യത്തിൽ ഞാൻ വളരെയധികം സന്തോഷത്തിലാണ്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പ്രതികരിച്ചു.

    അതേസമയം മതിമറന്ന് ആഘോഷിക്കാനുള്ള സമയമായിട്ടില്ലെന്ന് ഇവാൻ വുകോമനോവിച്ച് ഓർമപ്പെടുത്തി. ഇനിയുള്ള ആറു മത്സരങ്ങൾ ആറു പ്രധാന ചുവടുകളാണെന്നും അവ ശ്രദ്ധയോടെ വെച്ച് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും ഇവാൻ പറഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് എവിടെയും എത്തിയിട്ടില്ലെന്നും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

    ഇന്നലത്തെ മത്സരത്തിൽ ഡൈസുകെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. അതിനു ശേഷം ദിമിത്രിയോസിന്റെ ഇരട്ടഗോളുകളും ഫെഡോർ സെർണിച്ച് നേടിയ മനോഹരമായ ഗോളും ടീമിന് വിജയം നേടിക്കൊടുത്തു. ഈ വിജയത്തോടെ ആരാധകർക്ക് ടീമിലുള്ള പ്രതീക്ഷ വർധിച്ചുവെന്ന കാര്യത്തിൽ സംശയമില്ല.

  3. ഐഎസ്എല്ലിൽ അട്ടിമറികളുടെ കാലമാണ്, ബ്ലാസ്റ്റേഴ്‌സിന് കിരീടപ്രതീക്ഷകൾ അവസാനിപ്പിക്കാറായിട്ടില്ല

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തുകയും രണ്ടാമത്തെ പകുതിയിൽ മോശം ഫോമിലേക്ക് വീഴുകയും ചെയ്‌ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രധാന താരങ്ങളുടെ പരിക്കുകൾ അതിനൊരു വലിയ കാരണമായെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ തുടരുകയാണ്. ആരാധകർ ടീമിനെതിരെ പ്രതിഷേധവും നടത്തുന്നുണ്ട്.

    അതേസമയം തുടർച്ചയായ തോൽവികൾക്കിടയിലും കിരീടപ്രതീക്ഷകൾ ബ്ലാസ്റ്റേഴ്‌സ് കൈവിടേണ്ട കാര്യമില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗോവയെ അട്ടിമറിച്ചതോടെ തെളിഞ്ഞത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ കൂടിയാണ്. ഇപ്പോഴും ടീമിന്റെ കിരീടപ്രതീക്ഷകൾ സജീവമായി തന്നെ തുടരുന്നുണ്ട്.

    പതിനഞ്ചു മത്സരങ്ങൾ കളിച്ച് ഇരുപത്തിയാറു പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. അത്രയും മത്സരങ്ങൾ കളിച്ച് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒഡിഷയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും അഞ്ച് മാത്രമാണ്. അതുകൊണ്ടു തന്നെ പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന ടീമുകൾക്ക് ഒന്ന് കാലിടറിയാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ടു വരാനുള്ള അവസരമുണ്ട്.

    എന്നാൽ അതിനു ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടുകയെന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ കിരീടപ്രതീക്ഷകൾ ഇല്ലാതാകും. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിയാൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്താൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്. ഗോവക്കെതിരായ മത്സരം അതിനൊരു തുടക്കമാകട്ടെ എന്ന് പ്രതീക്ഷിക്കാം.

  4. യുവതാരങ്ങൾക്ക് ഏറ്റവുമധികം അവസരങ്ങൾ, മറ്റു ടീമുകൾക്ക് തൊടാൻ കഴിയാത്ത ഉയരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള താരങ്ങൾക്ക് ഏറ്റവുമധികം അവസരം നൽകിയ ടീമുകളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം ദി ബ്രിഡ്‌ജ്‌ ഫുട്ബോൾ പുറത്തുവിട്ട ലിസ്റ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. യുവതാരങ്ങൾക്ക് നൽകിയ മിനിറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്.

    1894 മിനുട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഇരുപത്തിയൊന്ന് വയസിൽ താഴെയുള്ള താരങ്ങൾ കളിച്ചിരിക്കുന്നത്. വിബിൻ മോഹനൻ, മുഹമ്മദ് അയ്‌മൻ, മൊഹമ്മദ് അസ്ഹർ, ഫ്രഡി എന്നിങ്ങനെ നാല് താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് അവസരം നൽകിയത്. ഈ താരങ്ങളെല്ലാം ചേർന്ന് മുപ്പത്തിയേഴു തവണ ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഈ സീസണിൽ കളത്തിലിറങ്ങി.

    ഏറ്റവുമധികം അവസരം ലഭിച്ചത് വിബിൻ മോഹനനാണ്. പതിനൊന്നു മത്സരങ്ങൾ കളിച്ച് 750 മിനുട്ട് കളത്തിലിറങ്ങിയ താരത്തിന് പിന്നിൽ 13 മത്സരങ്ങൾ കളിച്ച് 682 മിനുട്ടുകൾ കളിച്ച അയ്മൻ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. എട്ടു മത്സരങ്ങളിൽ നിന്നും 370 മിനുട്ടുകൾ കളിച്ച മുഹമ്മദ് അസ്ഹർ മൂന്നാം സ്ഥാനത്തും അഞ്ചു മത്സരങ്ങളിൽ നിന്നും 92 മിനുട്ടുകൾ കളിച്ച ഫ്രഡി നാലാമതും നിൽക്കുന്നു.

    യുവതാരങ്ങൾക്ക് അവസരം നൽകിയ കാര്യത്തിൽ ലിസ്റ്റിൽ തുടർന്നുള്ള ടീമുകൾ ഇങ്ങിനെയാണ്‌. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (1362 മിനുട്ടുകൾ), ജംഷഡ്‌പൂർ എഫ്‌സി (1340 മിനുട്ടുകൾ), പഞ്ചാബ് എഫ്‌സി (1115 മിനുട്ടുകൾ), ചെന്നൈയിൻ എഫ്‌സി (992 മിനുട്ടുകൾ), ഹൈദരാബാദ് എഫ്‌സി (851 മിനുട്ടുകൾ), മോഹൻ ബഗാൻ (303 മിനുട്ടുകൾ), മുംബൈ സിറ്റി (199 മിനുട്ടുകൾ), എഫ്‌സി ഗോവ (118 മിനുട്ടുകൾ), ഒഡിഷ എഫ്‌സി (33 മിനുട്ടുകൾ)

  5. ഫെഡോർ ഷെർണിച്ച് വലിയൊരു വെല്ലുവിളി നേരിടേണ്ടി വരും, മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

    Leave a Comment

    അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിതമായി ടീമിലെത്തിച്ച താരമാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ഷെർണിച്ച്. യൂറോ യോഗ്യത മത്സരങ്ങൾ അടക്കമുള്ള വമ്പൻ പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുള്ള, വളരെയധികം പരിചയസമ്പന്നനായ താരത്തിന്റെ വരവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്.

    ഇന്നു രാത്രി ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഷെർണിച്ച് അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്. നിരവധി താരങ്ങൾക്ക് പരിക്കേറ്റു തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന ക്ലബ്ബിനെ നന്നായി നയിക്കാൻ ഷെർണിച്ചിനു കഴിയുമെന്ന പ്രതീക്ഷ ആരാധകരുടെ ഉള്ളിൽ ഉണ്ടെങ്കിലും അക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ടെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

    കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഷെർണിച്ച് മികച്ചൊരു താരമാണെന്നും ഒരുപാട് വർഷങ്ങളായി ലിത്വാനിയൻ ടീമിന്റെ നായകനായി തുടരുന്നതിൽ നിന്നും അത് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യൂറോപ്പിൽ നിന്നും വന്ന താരങ്ങൾ ഇന്ത്യയിൽ എത്തുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന വെല്ലുവിളി ഷെർണിച്ചിന് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി.

    യൂറോപ്പിലെ തണുപ്പുള്ള കാലാവസ്ഥയിൽ നിന്നും ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയിലേക്ക് വരുമ്പോഴുള്ള പ്രശ്‌നമാണ് വുകോമനോവിച്ച് ചൂണ്ടിക്കാട്ടുന്നത്. മൈനസ് പതിനഞ്ചിൽ നിന്നും പ്ലസ് മുപ്പതിലേക്ക് എത്തുമ്പോൾ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മികച്ച പ്രൊഫെഷനലായ ഷെർണിച്ചിന് അതിനു കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

    യൂറോപ്പിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്നത് കാണുന്നതിനാൽ തന്നെ ഷെർണിച്ചിനും അതിനു കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ബ്ലാസ്റ്റേഴ്‌സിൽ അത് പരിഹരിക്കാൻ ലിത്വാനിയന് താരത്തിന് കഴിയുമെന്നും ഏവരും കരുതുന്നു.

  6. മൂന്നു താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഒരാളെ നിലനിർത്തണമെന്ന് ആരാധകർ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലേക്ക് കടന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു താരങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതിനിടെയാണ് നിലവിൽ ടീമിലുള്ള മൂന്നു താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്.

    റിപ്പോർട്ടുകൾ പ്രകാരം ടീമിലെ മുന്നേറ്റനിര താരങ്ങളായ ബിദ്യാസാഗർ, ബ്രൈസ് മിറാൻഡ, പ്രതിരോധതാരം ഹോർമിപാം എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. എന്നാൽ ഈ മൂന്നു താരങ്ങളെയും ജനുവരിയിൽ തന്നെ ഒഴിവാക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇതിൽ ആദ്യത്തെ രണ്ടു താരങ്ങൾക്കും ഈ സീസണിൽ തീരെ അവസരങ്ങൾ ലഭിക്കുന്നില്ല.

    സീസണിന്റെ തുടക്കത്തിൽ ഡ്യൂറൻഡ് കപ്പിൽ ടീമിനായി ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ ബിദ്യാസാഗർ ആകെ ഒരു ഐഎസ്എൽ മത്സരത്തിൽ പകരക്കാരനായി ഒന്നോ രണ്ടോ മിനുട്ടുകൾ മാത്രമാണ് കളിച്ചിരിക്കുന്നത്. അതേസമയം മിറാൻഡ ഒരു മത്സരത്തിൽ പോലും ഇറങ്ങിയിട്ടില്ല. ഈ രണ്ടു താരങ്ങളും ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്.

    അതേസമയം ഹോർമിപാമിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആലോചിച്ചേ തീരുമാനം എടുക്കുകയുള്ളൂ. വിദേശ സെന്റർബാക്കുകളുടെ സഖ്യം വന്നതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന ടീമിൽ നിന്നും താരത്തെ ഒഴിവാക്കുന്നത് ചിലപ്പോൾ തിരിച്ചടി നൽകിയേക്കും. അതിനാൽ അടുത്ത സമ്മറിൽ താരത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതൽ.

  7. ബ്ലാസ്റ്റേഴ്‌സിനോടുള്ള തോൽവിക്ക് പിന്നാലെ മോഹൻ ബഗാൻ പരിശീലകൻ പുറത്ത്, പകരക്കാരനെ തീരുമാനിച്ചു

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സിനോട് തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകനെ പുറത്താക്കി കൊൽക്കത്ത ക്ലബായ മോഹൻ ബഗാൻ. സ്‌പാനിഷ്‌ പരിശീലകനായ യുവാൻ ഫെറാൻഡോയെ പുറത്താക്കിയ വിവരം മോഹൻ ബഗാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെറാൻഡോക്ക് പകരം മുൻ പരിശീലകനും നിലവിൽ ടെക്‌നിക്കൽ ഡയറക്റ്ററുമായ അന്റോണിയോ ലോപ്പസ് ഹബാസ് ടീമിനെ പരിശീലിപ്പിക്കും.

    കഴിഞ്ഞ സീസണിൽ മോഹൻ ബഗാന് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും ഡ്യൂറൻഡ് കപ്പും നേടിക്കൊടുത്ത പരിശീലകനാണ് ഫെറാൻഡോ. അതിനു മുൻപ് ഗോവ പരിശീലകനായിരുന്ന അദ്ദേഹത്തിന് കീഴിൽ ടീം ഡ്യൂറൻഡ് കപ്പും നേടിയിരുന്നു. ഈ സീസണിൽ തുടക്കം മികച്ചതായിരുന്നുവെങ്കിലും പിന്നീട് ടീം മോശം ഫോമിലേക്ക് വീണതാണ് ഫെറാണ്ടോ പുറത്താകാൻ കാരണമായത്.

    ഐഎസ്എല്ലിലും ഏഷ്യൻ കപ്പിലുമായി നടന്ന കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ആറെണ്ണത്തിലും തോൽവി വഴങ്ങിയ മോഹൻ ബഗാൻ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. അവസാന മൂന്നു മത്സരങ്ങളിലും മോഹൻ ബഗാൻ തോറ്റു. അതിൽ എഫ്‌സി ഗോവ. കേരള ബ്ലാസ്റ്റേഴ്‌സ് എന്നിവരുമായി സ്വന്തം മൈതാനത്ത് നടന്ന മത്സരങ്ങളിൽ വളരെ മോശം പ്രകടനമാണ് മോഹൻ ബഗാൻ നടത്തിയത്.

    ഫെറാൻഡോക്ക് പകരം മോഹൻ ബഗാന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത അന്റോണിയോ ലോപ്പസ് എടികെ ടീമിന്റെ പരിശീലകനായിരിക്കുമ്പോൾ രണ്ടു തവണ ഐഎസ്എൽ കിരീടം നേടിയിട്ടുണ്ട്. ക്ലബിന്റെ നിലവിലെ മോശം അവസ്ഥ മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പത്ത് മത്സരങ്ങൾ കളിച്ച മോഹൻ ബഗാൻ നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.

  8. അൽവാരോ വാസ്‌ക്വസ് സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ റദ്ദാക്കി, അടുത്ത ലക്‌ഷ്യം കേരള ബ്ലാസ്റ്റേഴ്‌സോ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്ന അൽവാരോ വാസ്‌ക്വസ് കളിച്ചു കൊണ്ടിരുന്ന സ്‌പാനിഷ്‌ ക്ലബുമായുള്ള കരാർ റദ്ദാക്കി. സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബായ പൊൻഫെർഡിനയുമായുള്ള കരാറാണ് താരം റദ്ദാക്കിയത്. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് തേടുന്നതിനിടെയാണ് അൽവാരോ തന്റെ ക്ലബ് വിടുന്നതെന്ന് ശ്രദ്ധേയമാണ്.

    അഡ്രിയാൻ ലൂനക്കൊപ്പം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് അൽവാരോ വാസ്‌ക്വസ്. ആദ്യത്തെ സീസണിൽ ക്ലബ്ബിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. എന്നാൽ ആ സീസൺ കഴിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട അൽവാരോ എഫ്‌സി ഗോവയിലേക്ക് ചേക്കേറി.

    എന്നാൽ എഫ്‌സി ഗോവക്കൊപ്പം തന്റെ മികച്ച പ്രകടനം ആവർത്തിക്കാൻ അൽവാരോക്ക് കഴിഞ്ഞില്ല. അതിനെ തുടർന്ന് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ താരം ഐഎസ്എൽ വിട്ടു സ്പൈനിലേക്ക് തിരിച്ചു പോയി. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരണമെന്ന് അൽവാരോ വാസ്‌ക്വസ് വളരെയധികം ആഗ്രഹിച്ചിരുന്നു എങ്കിലും അതിനുള്ള സാധ്യതകൾ ഇല്ലായിരുന്നു.

    എന്നാൽ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ താരം തിരിച്ചെത്താനുള്ള സാധ്യത വർധിച്ചിട്ടുണ്ട്. ലൂണക്ക് പകരക്കാരനായി ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന, ടീമുമായി ഒത്തിണക്കമുള്ള ഒരു താരത്തെയാണ് വേണ്ടതെന്ന് ഇവാൻ പറഞ്ഞിരുന്നു. ഈ പ്രൊഫൈലിൽ വരുന്ന കളിക്കാരനാണ് അൽവാരോ എങ്കിലും ലൂണയെപ്പോലെ ഒരു മിഡ്‌ഫീൽഡറല്ല സ്‌പാനിഷ്‌ താരം.

    അൽവാരോ വാസ്‌ക്വസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിട്ട് താരം പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം മറ്റേതെങ്കിലും ഐഎസ്എൽ ക്ലബിലേക്കും താരം ചേക്കേറാൻ സാധ്യതയുണ്ട്.

  9. എതിരാളികൾക്ക് നരകം സമ്മാനിക്കുന്ന കൊച്ചി സ്റ്റേഡിയം, മുംബൈ സിറ്റിയെ വീഴ്ത്തിയത് ഈ ആരാധകപിന്തുണ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. പന്തടക്കത്തിൽ മുംബൈ സിറ്റിയാണ് മുന്നിൽ നിന്നതെങ്കിലും ആദ്യപകുതിയിൽ തന്നെ രണ്ടു മികച്ച ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം വന്ന മുംബൈ സിറ്റിയുടെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു കൊണ്ടാണ് വിജയം സ്വന്തമാക്കിയത്.

    ഈ വിജയത്തിൽ കൊച്ചിയിലെ മൈതാനത്തേക്ക് ഒഴുകിയെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിനു മണിക്കൂറുകൾക്ക് മുൻപേ തന്നെ കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറി നിറഞ്ഞു കവിഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നടത്തിയ ഒരുക്കങ്ങൾ വ്യക്തമാക്കിയിരുന്നു. അതിനു പുറമെ മത്സരത്തിലുടനീളം ആരാധകർ ടീമിന് പിന്തുണ നൽകി.

    മുംബൈ സിറ്റി താരങ്ങളുടെ മനോവീര്യം തകർക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മനോവീര്യം ഉയർത്താനും നിരവധി ചാന്റുകളാണ് മത്സരത്തിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പാടിയത്. സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ട ഈ ചാന്റുകൾ മത്സരത്തിൽ ആധിപത്യം നേടാൻ ടീമിനെ സഹായിക്കുകയും ചെയ്‌തു. ആരാധകർ ഒന്നു പതുങ്ങിയ സമയത്ത് താരങ്ങൾ തന്നെ ചാന്റുകൾ തുടരാൻ ആവശ്യപ്പെടുന്നതും കണ്ടിരുന്നു.

    കൊച്ചിയിലെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ ഏറ്റവും മികച്ച പിന്തുണകളിൽ ഒന്നായിരുന്നു ഇന്നലെ കണ്ടതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിരവധി ടിഫോകളാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉയർത്തിയത്. ആരാധകരുടെ ഈ അവിശ്വസനീയമായ പിന്തുണയ്ക്ക് അതുപോലെ തന്നെ തിരിച്ചു നൽകിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പോരാടി മത്സരത്തിൽ മികച്ച വിജയവും സ്വന്തമാക്കി.

  10. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ട്രാൻസ്‌ഫർ മൂല്യം കുതിച്ചുയരുന്നു, ഇത് ക്ലബിന് അഭിമാനനേട്ടം

    Leave a Comment

    ട്രാൻസ്‌ഫർ മാർക്കറ്റിന്റെ ഏറ്റവും പുതിയ ട്രാൻസ്‌ഫർ അപ്‌ഡേറ്റ് പുറത്തു വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂല്യത്തിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം മൂല്യം വർധിച്ച പത്ത് താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ അഞ്ചു പേരും ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്. ഇതിൽ രണ്ടു ബ്ലാസ്റ്റേഴ്‌സ് അക്കാദമി താരങ്ങളുമുണ്ടെന്നത് വലിയൊരു നേട്ടം തന്നെയാണ്.

    ഏറ്റവുമധികം മൂല്യം വർധിച്ചത് ഗോവ താരമായ ജയ് ഗുപ്‌തയുടെയാണ്. താരത്തിന്റെ മൂല്യം 1.2 കോടി വർധിച്ചപ്പോൾ അതിനു തൊട്ടു പിന്നിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ സച്ചിൻ സുരേഷ് നിൽക്കുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തുന്ന താരത്തിന്റെ മൂല്യം ഒരു കോടി രൂപ വർധിച്ച് ഒരു കോടി ഇരുപതു ലക്ഷമായി മാറിയിട്ടുണ്ട്.

    View this post on Instagram

    A post shared by Transfermarkt 🇮🇳 (@transfermarkt.co.in)

    സച്ചിൻ സുരേഷിന് തൊട്ടു പിന്നിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോണ്ടിനെഗ്രോ ഡിഫൻഡർ മീലൊസ് ഡ്രിഞ്ചിച്ച് ഉണ്ട്. താരത്തിന്റെ മൂല്യവും ഒരു കോടി രൂപ വർധിച്ച് 2.8 കോടി രൂപയായി ഉയർന്നു. ഇതിനു പുറമെ അയ്‌മൻ ദിമിത്രിയോസ് എന്നിവരുടെ മൂല്യം എൺപതു ലക്ഷം വെച്ച് ഉയർന്നിട്ടുണ്ട്. ഒരു കോടി രൂപയും 4.8 കോടി രൂപയുമാണ് യഥാക്രമം ഇവരുടെ നിലവിലെ മൂല്യം.

    ആദ്യ പത്തിലെത്തിയ മറ്റൊരു താരം ജാപ്പനീസ് ഫോർവേഡ് ഡൈസുകെയാണ്. താരത്തിന്റെ മൂല്യം അറുപതു ലക്ഷം വർധിച്ച് 2.2 കോടിയായി ഉയർന്നു. നേട്ടമുണ്ടാക്കിയ മറ്റൊരു താരം മലയാളിയായ വിബിൻ മോഹനനാണ്. നാൽപതു ലക്ഷം മൂല്യം ഉയർന്ന വിബിന്റെ നിലവിലെ മൂല്യം 1.8 കോടി രൂപയാണ്. ആദ്യ ഇരുപത് പേരുടെ ലിസ്റ്റിൽ ആറു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്.

    ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാൻ കഴിയുന്ന നേട്ടം മൂല്യം ഉയർന്ന താരങ്ങളിൽ പതിനഞ്ചു പേരുടെ ലിസ്റ്റ് എടുത്താൽ അതിൽ മൂന്ന് അക്കാദമി താരങ്ങളുണ്ടെന്നതാണ്. സച്ചിൻ, അയ്‌മൻ, വിബിൻ എന്നിവരാണ് ഈ മൂന്നു താരങ്ങൾ. ഇത് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മികച്ച അക്കാദമികളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്‌സിനെ മാറ്റുന്നു.