Tag Archive: ISL

  1. ജാപ്പനീസ് സമുറായ് അടുത്ത സീസണിലുണ്ടാകില്ല, ഡൈസുകെ ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിനു മുന്നോടിയായി ടീമിലെത്തിച്ച ജാപ്പനീസ് താരമായ ഡൈസുകെ സകായി അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നു റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോ സീസണിന് മുൻപേ തന്നെ പരിക്കേറ്റു പുറത്തായപ്പോൾ പകരക്കാരനായാണ് ഡൈസുകെ സകായിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

    മുന്നേറ്റനിരയിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരം ഭേദപ്പെട്ട പ്രകടനമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. പതിനേഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിൽ എഫ്‌സി ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചു വരവിനു തുടക്കമിട്ട തകർപ്പൻ ഫ്രീകിക്ക് ഗോളും ഉൾപ്പെടുന്നു.

    ഇവനാശാന്റെ പദ്ധതികളിൽ കുറച്ചുകൂടി പിൻവലിഞ്ഞു കളിക്കേണ്ടി വന്നത് ഡൈസുകെയുടെ മുഴുവൻ മികവും പുറത്തെടുക്കുന്നതിനു തടസമായിട്ടുണ്ടെങ്കിലും ടീമിനായി സാധ്യമായതെല്ലാം താരം നൽകിയിട്ടുണ്ട്. ജോഷുവ പരിക്കിൽ നിന്നും മുക്തനാകുന്നതും അടുത്ത സീസണിലേക്കായി നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതുമെല്ലാം ഡൈസുകെയുടെ ഭാവിയെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

    ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയ ഡൈസുകെ ബ്ലാസ്റ്റേഴ്‌സ് വിടുകയാണെങ്കിൽ എവിടേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. അതേസമയം ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ നിന്നും ഓഫർ വന്നാൽ താരം അത് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐഎസ്എല്ലിൽ പരിചയമുള്ളതിനാൽ തന്നെ താരത്തിന് ഓഫറുകൾ വരാനുള്ള സാധ്യതയുണ്ട്.

  2. എത്രയും വേഗത്തിൽ ദേശീയ ടീമിലെത്തിക്കേണ്ട താരം, വിബിൻ മോഹനനെ പ്രശംസിച്ച് ഐഎം വിജയൻ

    Leave a Comment

    ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും സീനിയർ ടീമിലേക്ക് ഉയർന്നു വന്ന താരങ്ങളിൽ ഒരാളായ വിബിൻ മോഹനൻ മിന്നുന്ന പ്രകടനമാണ് ടീമിനായി നടത്തുന്നത്. വെറും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരത്തിന്റെ പന്തടക്കവും വിഷനും പൊസിഷനിംഗ് മികവുമെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്. കഴിഞ്ഞ മത്സരത്തിൽ ടീമിനായി ഒരു ഗോൾ നേടാനും വിബിനു കഴിഞ്ഞിരുന്നു.

    ഈ സീസണിൽ വിബിൻ നടത്തുന്ന പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതേസമയം ഇന്ത്യയുടെ അണ്ടർ 23 ടീമിൽ താരം ഇടം നേടിയിട്ടുണ്ട്. അതേസമയം വിബിനെ ഇന്ത്യയുടെ സീനിയർ ടീമിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പറയുന്നത്.

    “ദേശീയ ടീമിലേക്കുള്ള വിബിൻ മോഹനന്റെ പ്രവേശനം ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം. കൂടുതൽ മത്സരങ്ങൾ കളിച്ച് താരത്തിന് പരിചയസമ്പത്ത് വരേണ്ടതുണ്ട്. അത് വന്നാൽ ദേശീയ ടീമിന് ലഭിക്കുന്ന മികച്ച പ്രതിഭകളിൽ ഒരാളായിരിക്കും വിബിൻ.” മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുമ്പോൾ വിബിൻ മോഹനൻ പറഞ്ഞു.

    കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നതിനു മുൻപ് ഐഎം വിജയൻ അടക്കമുള്ളവർ പരിശീലനം നൽകുന്ന മലപ്പുറം പോലീസ് അക്കാദമിയിലെ താരമായിരുന്നു വിബിൻ മോഹനൻ. അതിനു ശേഷം താരം ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15 ടീമിലേക്ക് പ്രവേശനം നേടുകയുണ്ടായി. ഇന്ത്യൻ ടീമിലേക്കും താരമെത്തുന്ന കാലം വിദൂരമല്ലെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  3. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുന്നു, രണ്ടു പരിശീലകർ പകരക്കാരായി പരിഗണനയിൽ

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഐഎഫ്‌റ്റി മീഡിയയാണ് ഇക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ഇവാൻ വുകോമനോവിച്ചിനു കീഴിലാണ് ബ്ലാസ്റ്റേഴ്‌സ് സ്ഥിരതയുള്ള പ്രകടനം നിലനിർത്താൻ തുടങ്ങിയത്.

    റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഏതാനും ക്ലബുകളിൽ നിന്നും ഇവാൻ വുകോമനോവിച്ചിന് ഓഫറുകൾ വന്നിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്ന് സൂചനകളിൽ നിന്നും വ്യക്തമാണ്. ബ്ലാസ്റ്റേഴ്‌സ് അല്ലാതെ ഇന്ത്യയിൽ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കു പാലിക്കുന്ന അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനൊപ്പം ഇന്ത്യയും വിടുകയാണ്.

    ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഐഎസ്എൽ ടീമുകളെ പരിശീലിപ്പിക്കുന്ന രണ്ടു മാനേജർമാരെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ചർച്ചകൾ നടത്തുന്ന ഈ രണ്ടു പരിശീലകർ ആരൊക്കെയാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

    മോശം ഫോമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരമായി പ്ലേ ഓഫ് കളിക്കാൻ തുടങ്ങിയത് ഇവാൻ പരിശീലകനായി എത്തിയതിനു ശേഷമാണ്. ആദ്യത്തെ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതുവരെ ഒരു കിരീടം ടീമിന് സ്വന്തമാക്കി നൽകിയിട്ടില്ലാത്ത അദ്ദേഹത്തിന് ഈ സീസണിൽ അതിനു കഴിയട്ടെയെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

  4. ലെസ്‌കോവിച്ചിന് പകരക്കാരനെത്തും, മറ്റൊരു വമ്പൻ താരത്തെക്കൂടി നോട്ടമിട്ടു കേരള ബ്ലാസ്റ്റേഴ്‌സ്

    Leave a Comment

    സീസണിൽ മോശം പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത് അടുത്ത സീസണിലേക്ക് ലക്ഷ്യമിട്ടുള്ള താരങ്ങളിലൂടെയാണ്. നിലവിൽ എഫ്‌സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

    ഐഎസ്എല്ലിൽ രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന താരത്തിനായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങളെ സന്തോഷത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. എന്നാൽ സദൂയി മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്ന താരമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മുംബൈ സിറ്റിയുടെ സ്‌പാനിഷ്‌ ഡിഫൻഡർ തിരിയേയും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുന്നുണ്ട്.

    കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് ഈ സീസണോടെ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. സദൂയിയുടെ വരവാണ് അതിനു കാരണമെന്നാണ് കരുതിയതെങ്കിലും അതല്ല വാസ്‌തവം. തിരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത് ടീം വിടുന്ന ലെസ്‌കോവിച്ചിന് പകരക്കാരനെന്ന നിലയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    ഇതിനു മുൻപേ തന്നെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തിയ താരമാണ് തിരി. ജംഷഡ്‌പൂറിനു വേണ്ടി കളിച്ചിരുന്ന സമയത്ത് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും പിന്നീട് എടികെ മോഹൻ ബഗാനിലേക്കാണ് ചേക്കേറിയത്. ഇപ്പോൾ വീണ്ടുമൊരിക്കൽ കൂടി താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നതിന്റെ അരികിൽ എത്തിയിരിക്കുകയാണ്.

  5. മൊറോക്കൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്കു തന്നെ, കരാർ ചർച്ചകൾ അവസാന ഘട്ടത്തിൽ

    Leave a Comment

    എഫ്‌സി ഗോവയുടെ മൊറോക്കൻ താരമായ നോവ സദൂയിയെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്ന വാർത്തകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പടരുന്നുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് ഗോവയിൽ തുടരാൻ താൽപര്യമില്ല. ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള അവസരം മുതലെടുക്കാനുള്ള പദ്ധതിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.

    എന്തായാലും ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികൾ വിജയം കാണുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം നോവ സദൂയിയും ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടത്തുന്ന കരാർ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഒരു ചുവടു കൂടി മുന്നോട്ടു പോയാൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    അതിനിടയിൽ താരവുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയെന്ന വാർത്തകളും വരുന്നുണ്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും മൊറോക്കൻ താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറിനെ വളരെ താല്പര്യത്തോടെയാണ് പരിഗണിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. താരം ടീമിലെത്തിയാൽ അത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊരു മുതൽക്കൂട്ടുമായിരിക്കും.

    രണ്ടു വർഷമായി ഐഎസ്എല്ലിലുള്ള സദൂയി ആദ്യത്തെ സീസണിൽ പതിനെട്ടു ഗോളുകളിലാണ് പങ്കാളിയായത്. ഈ സീസണിൽ ആ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെങ്കിലും അഞ്ചു ഗോളും രണ്ട് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ലെഫ്റ്റ് വിങ്ങാണ് പ്രധാനപ്പെട്ട പൊസിഷനെങ്കിലും മധ്യനിരയിലടക്കം കളി മെനയാൻ കഴിവുള്ള താരം തന്നെയാണ് സദൂയി.

  6. ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധമാണിത്, തകരുന്നതിന്റെ പ്രധാനകാരണം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ആരാധകർക്ക് ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. അതിനുള്ള പ്രധാന കാരണം അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയിട്ടും അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ ടീം നേടിയ വിജയമാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികവ് അതിനു ശേഷം വലിയ രീതിയിൽ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

    എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർന്നു വീഴുന്നതാണ് കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സൂപ്പർകപ്പിൽ നാല് ഗോളുകൾ വഴങ്ങിയ ടീം ഐഎസ്എല്ലിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഗോൾ വഴങ്ങി നാല് മത്സരങ്ങളിൽ തോൽവി നേരിടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ച് വെളിപ്പെടുത്തുകയുണ്ടായി.

    “എൻറെ അഭിപ്രായത്തിൽ ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധമുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. എന്നാൽ നമ്മളെല്ലാവരും മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം പ്രതിരോധമെന്നത് അതിനു നിയോഗിക്കപ്പെട്ട നാല് താരങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല. ടീമിലെ എല്ലാവർക്കും അതിനു ചുമതലയുണ്ട്. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് വലിയൊരു വെല്ലുവിളിയായി.” ഡ്രിൻസിച്ച് പറഞ്ഞു.

    കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിരവധി താരങ്ങളാണ് ഈ സീസണിൽ പരിക്കേറ്റു പുറത്തു പോയത്. ഐബാൻ ഡോഹലിംഗ്, അഡ്രിയാൻ ലൂണ, പെപ്ര, സച്ചിൻ സുരേഷ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായി സീസൺ മുഴുവൻ പുറത്തായിട്ടുണ്ട്. അതിനു പുറമെ കഴിഞ്ഞ മത്സരങ്ങളിൽ മാർകോ ലെസ്‌കോവിച്ചിന് പരിക്ക് പറ്റിയതും ടീമിനെ ബാധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.

  7. ആ കൂട്ടുകെട്ട് ഒരിക്കലും മറക്കാനാവില്ല, ആദ്യ സീസണിലെ ഓർമ്മകൾ പങ്കുവെച്ച് അഡ്രിയാൻ ലൂണ

    Leave a Comment

    ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്. അഡ്രിയാൻ ലൂണ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നീ താരങ്ങൾ മിന്നുന്ന പ്രകടനം നടത്തിയ ആ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയെങ്കിലും ഹൈദരാബാദ് എഫ്‌സിയോട് തോൽവിയേറ്റു വാങ്ങുകയായിരുന്നു.

    ആ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തിയ ഈ മൂന്നു താരങ്ങളിൽ അഡ്രിയാൻ ലൂണ മാത്രമാണ് ഇപ്പോൾ ടീമിനൊപ്പമുള്ളത്. നിലവിൽ പരിക്കേറ്റു വിശ്രമിക്കുന്ന താരം കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ ഈ കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ആ സീസണിലെ കൂട്ടുകെട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത് എന്തുകൊണ്ടാണെന്ന് താരം വെളിപ്പെടുത്തി.

    “അൽവാരോയും പെരേര ഡയസും ഉണ്ടായിരുന്ന ആദ്യത്തെ സീസണിൽ ഞങ്ങൾ എപ്പോഴും സംസാരിച്ചിരുന്നത് സ്‌പാനിഷിലായിരുന്നു. ഒരുമിച്ച് സമയം ചിലവഴിച്ച് ഞങ്ങൾ മൈതാനത്തും പുറത്തും ഒരുപാട് സമയം ആസ്വദിച്ചിരുന്നു. ഞങ്ങൾ ഒരേ ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ തന്നെ അവർക്കൊപ്പമുള്ള സമയം ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു.” അഡ്രിയാൻ ലൂണ പറഞ്ഞു.

    ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മറക്കാനാവാത്ത ഒരു സീസണായിരുന്നു ഇവർ മൂന്നു പേരും ഉണ്ടായിരുന്നപ്പോഴത്തേത്. എന്നാൽ ഈ കൂട്ടുകെട്ട് നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കഴിഞ്ഞില്ല. അതിനു തൊട്ടടുത്ത സീസണിൽ അഡ്രിയാൻ ലൂണ മാത്രമാണ് ടീമിനൊപ്പം തുടർന്നത്. അന്ന് ആ കൂട്ടുകെട്ട് നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ തന്നെ കിരീടങ്ങൾ സ്വന്തമാക്കിയേനെ.

  8. ഒഡിഷയുടെ തോൽ‌വിയിൽ പ്രതീക്ഷകൾ വർധിക്കുന്നു, കിരീടം ബ്ലാസ്റ്റേഴ്‌സിന് അകലെയല്ല

    Leave a Comment

    ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ ഷീൽഡ് നേടാൻ കഴിയുമെന്ന പ്രതീക്ഷകൾ ഇല്ലാതായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സി ചെന്നൈയിൻ എഫ്‌സിയോട് കീഴടങ്ങിയതോടെ അത് വീണ്ടും സജീവമായിട്ടുണ്ടെന്നതാണ് വാസ്‌തവം.

    അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് നിലവിൽ പതിനേഴു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊമ്പത് പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഒഡിഷയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ആറു പോയിന്റ് മാത്രമാണ്. ഒഡിഷക്ക് പുറമെ മുംബൈ സിറ്റി, മോഹൻ ബഗാൻ, എഫ്‌സി ഗോവ എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള വെല്ലുവിളി.

    ഇതിൽ പ്രധാന വെല്ലുവിളി ഉയർത്തുന്ന ടീമുകളിൽ ഒന്നായ മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിനു മത്സരമുണ്ട്. അതിൽ വിജയിച്ചാൽ ടീമിന്റെ പ്രതീക്ഷകൾ സജീവമാകും. പിന്നീട് രണ്ടു മത്സരങ്ങളെങ്കിലും ഈ ടീമുകൾ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന് കിരീടത്തിലേക്ക് അടുക്കാൻ കഴിയും.

    ബ്ലാസ്റ്റേഴ്‌സിന് ഇനി അഞ്ചു മത്സരങ്ങൾ സീസണിൽ ബാക്കിയുള്ളപ്പോൾ ഒഡിഷക്ക് നാലും മുംബൈ സിറ്റിക്ക് അഞ്ചും മോഹൻ ബഗാൻ, ഗോവ എന്നിവർക്ക് ആറും മത്സരങ്ങൾ കളിക്കാനുണ്ട്. മോഹൻ ബഗാൻ, ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എന്നിവരാണ് കേരളത്തിന്റെ ഇനിയുള്ള എതിരാളികൾ. ഇതിൽ മോഹൻ ബഗാൻ ഒഴികെയുള്ളവർ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കരുത്ത് കുറഞ്ഞ ടീമുകളാണ്.

    സീസണിൽ ആറാം സ്ഥാനം ലക്ഷ്യമിട്ട് നിരവധി ക്ലബുകൾ പൊരുതുന്നുണ്ട്. ഇന്നലെ ചെന്നൈയിൻ എഫ്സിയുടെ വിജയം അത് വ്യക്തമാക്കുന്നു. അതിനാൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ടീമുകൾ പോയിന്റ് നഷ്‌ടപ്പെടുത്താനുള്ള സാധ്യതയുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

  9. ബ്ലാസ്റ്റേഴ്‌സിന് തോൽവിയെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല, ജയം നേടി ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിലെത്താൻ ബെംഗളൂരു

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ അത് രണ്ടു ടീമുകൾക്കും വളരെ നിർണായകമായ മത്സരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാനുള്ള സാധ്യതകൾ നിലനിർത്താൻ വേണ്ടി കളിക്കുമ്പോൾ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിൽ പ്ലേ ഓഫ് സ്പോട്ടിലേക്ക് എത്തുകയെന്നതാണു ബെംഗളൂരുവിന്റെ ലക്‌ഷ്യം.

    തുടർച്ചയായ മൂന്നു തോല്വികൾക്ക് ശേഷം എഫ്‌സി ഗോവക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങാൻ പോകുന്നത്. എന്നാൽ ബെംഗളൂരുവിന്റെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയൊരു പ്രതിസന്ധിയുണ്ട്. അത് ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഇതുവരെ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്.

    ഇന്നത്തെ മത്സരം വിജയിച്ച് ആ നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാൽ നിലവിൽ ഒൻപതാം സ്ഥാനത്തുള്ള ബെംഗളൂരുവിനു ഇന്ന് വിജയം നേടിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടു പിന്നിലെത്താം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് വിജയം ആവശ്യമാണെന്നതിനാൽ കടുത്ത പോരാട്ടം തന്നെ അവർ നടത്താനുള്ള സാധ്യതയുണ്ട്.

    അതേസമയം ഇന്നത്തെ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയാൽ ബ്ലാസ്‌റ്റേഴ്‌സിനു ഷീൽഡ് മോഹങ്ങൾ പൂർണമായും ഉപേക്ഷിക്കേണ്ടി വരും. പ്ലേ ഓഫിലേക്ക് കയറി കിരീടത്തിനായി പൊരുതാനേ ടീമിന് അവസരമുണ്ടാകൂ. എന്തായാലും കഴിഞ്ഞ മത്സരത്തിൽ നേടിയ മികച്ച വിജയം അവർക്ക് ആത്മവിശ്വാസമാണ്. ബെംഗളൂരുവും കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത്.

  10. അഞ്ചു ടീമുകൾക്ക് ഐഎസ്എൽ കിരീടസാധ്യത, പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്‌സും

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയും എഫ്‌സി ഗോവയും സമനിലയിൽ പിരിഞ്ഞതോടെ ലീഗ് കിരീടപ്പോരാട്ടം ഒന്നുകൂടി മുറുകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ലീഗിൽ ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്ന എല്ലാ ടീമുകൾക്കും കിരീടം നേടാൻ കഴിയും. അതുകൊണ്ടു തന്നെ അവസാനറൌണ്ട് പോരാട്ടങ്ങൾ കൂടുതൽ ആവേശകരമായി മാറുമെന്നുറപ്പാണ്.

    ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിജയം കൈവിട്ടതോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് മുംബൈക്ക് നഷ്‌ടമായത്. നിലവിൽ പതിനാറു മത്സരങ്ങളിൽ നിന്നും മുപ്പത്തിരണ്ട് വീതം പോയിന്റ് സ്വന്തമാക്കി ഒഡിഷയും മുംബൈ സിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു മത്സരം കുറവ് കളിച്ച് മുപ്പത് പോയിന്റുമായി മോഹൻ ബാഗാൻ മൂന്നാം സ്ഥാനത്തുണ്ട്.

    പതിനാറു മത്സരങ്ങൾ വീതം കളിച്ച് ഇരുപത്തിയൊമ്പത് പോയിന്റുമായി എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നു. ഈ ടീമുകൾക്കെല്ലാം കിരീടസാധ്യതയുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനി മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരവും ജംഷഡ്‌പൂർ, നോർത്ത്ഈസ്റ്റ് എന്നിവർക്കെതിരെയുള്ള എവേ മത്സരവുമാണ് കടുപ്പമേറിയ പോരാട്ടങ്ങൾ. അതടക്കം ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ കിരീടം നേടാൻ സാധ്യതയുണ്ട്.

    മറ്റു ടീമുകളെല്ലാം പോയിന്റ് നഷ്‌ടപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ കൂടുതൽ നൽകുന്നു. കാരണം ചെറിയ ക്ലബുകൾക്കെതിരെയുള്ള പോരാട്ടവും ഇനി വളരെ കടുപ്പമേറിയതാകും. ആറാം സ്ഥാനത്തു നിൽക്കുന്ന ജംഷഡ്‌പൂർ മുതൽ പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ എഫ്‌സിക്ക് വരെ പ്ലേ ഓഫിലേക്കുള്ള ആറാം സ്ഥാനത്തെത്താൻ കഴിയുമെന്നതിനാൽ എല്ലാ ക്ലബുകളും വമ്പൻ പോരാട്ടം തന്നെയാകും നടത്തുക.