Tag Archive: ISL

  1. ദിമിയിലൂടെ ആ നേട്ടം ബ്ലാസ്റ്റേഴ്‌സിലെത്തുമോ, ഇനി ബാക്കിയുള്ളത് ഒരേയൊരു മത്സരം മാത്രം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയെങ്കിലും ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടത്തിന് വേണ്ടിയാണ്. നിലവിൽ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിലെ ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കുമോ എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിൽക്കുന്നത്.

    ഈ സീസണിൽ ഇതുവരെ പതിമൂന്നു ഗോളുകളാണ് ദിമിത്രിയോസ് നേടിയത്. മൂന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. ഒഡിഷ എഫ്‌സിയുടെ താരമായ റോയ് കൃഷ്‌ണക്കും അതെ ഗോളും അസിസ്റ്റുമാണെങ്കിലും ദിമി കുറവ് മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. റോയ് കൃഷ്‌ണ ഇരുപത്തിയഞ്ചു മത്സരങ്ങൾ കളിച്ചപ്പോൾ ദിമിത്രിയോസ് ഡയമെന്റക്കൊസ് വെറും പതിനേഴു മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്.

    ടോപ് സ്‌കോറർ പട്ടികയിൽ ദിമിത്രിയോസിനു പ്രധാന വെല്ലുവിളി മോഹൻ ബഗാൻ താരമായ ജേസൺ കുമ്മിങ്‌സാണ്. പതിനൊന്നു ഗോളുകൾ താരം നേടിയിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിൽ നടക്കുന്ന ഫൈനൽ മാത്രമാണ് ഇനി ബാക്കിയുള്ള മത്സരം. അതിൽ മൂന്നു ഗോളുകൾ നേടിയാൽ ദിമിത്രിയോസിനെ മറികടക്കാൻ മോഹൻ ബഗാൻ താരത്തിന് കഴിയും.

    എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണെന്നത് ദിമിത്രിയോസിനു പ്രതീക്ഷ നൽകുന്നു. ദിമിത്രിയോസ് ടോപ് സ്‌കോറർ പുരസ്‌കാരം സ്വന്തമാക്കിയാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ആദ്യമായി ആ നേട്ടമെത്തും. ഈ സീസണിൽ പല താരങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ ടീമിനെ നയിച്ച ദിമി ആ നേട്ടം അർഹിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  2. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകല്ലേ, സ്കോട്ടിഷ് ഡിഫെൻഡർക്ക് മുൻ ഐഎസ്എൽ താരത്തിന്റെ സന്ദേശം

    Leave a Comment

    ഈ സീസണിലെ നിരാശക്ക് ശേഷം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ അതിനു പകരക്കാരെ കണ്ടെത്തുകയെന്നതാണ് അതിൽ പ്രധാനം. ഈ സീസണോടെ ക്ലബ് വിടുമെന്ന് ഉറപ്പിച്ചിട്ടുള്ള ക്രൊയേഷ്യൻ പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുകയും ചെയ്‌തു.

    ഓസ്‌ട്രേലിയൻ ലീഗിൽ ബർസ്‌ബെൻ റോറിന്റെ താരമായ ടോം അൽഡ്രെഡാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്ന താരം. എന്നാൽ ആ ട്രാൻസ്‌ഫറിനു മുടക്കം വരുത്താനുള്ള ഇടപെടലും അതിനൊപ്പം സംഭവിക്കുന്നുണ്ട്. അഭ്യൂഹങ്ങൾ ഉയർന്ന സമയത്ത് തന്നെ മുൻ ഈസ്റ്റ് ബംഗാൾ താരമായ സ്‌കോട്ട് നെവിൽ അൽഡ്രെഡിന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട കമന്റ് ഇത് വ്യക്തമാക്കുന്നു.

    View this post on Instagram

    A post shared by Tom Aldred (@tommyaldred)

    അൽഡ്രെഡിനൊപ്പം മുൻപ് ഒരുമിച്ച് കളിച്ചിട്ടുള്ള സ്‌കോട്ട് നെവിൽ ഒരു സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. താരം ഇട്ടിരിക്കുന്ന കമന്റ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പോകരുത്, പകരം ഈസ്റ്റ് ബംഗാളിലേക്ക് പോകൂവെന്നാണ്. തന്റെ സുഹൃത്ബന്ധം ഉപയോഗിച്ച് അൽഡ്രെഡിന്റെ ട്രാൻസ്‌ഫറിൽ ഇടപെടാനാണ് സ്‌കോട്ട് നെവിൽ ശ്രമം നടത്തുന്നത്.

    എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവിടെ തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്നുണ്ട്. അഭ്യൂഹം വന്നപ്പോൾ തന്നെ അൽഡ്രെഡിന്റെ അക്കൗണ്ടിൽ താരത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ആരാധകരുടെ കമന്റുകൾ നിറഞ്ഞിരുന്നു. അവർ തന്നെ മുൻ ഈസ്റ്റ് ബംഗാൾ താരത്തിന്റെ കമന്റിനുള്ള മറുപടിയും നൽകുന്നുണ്ട്.

  3. തിരിച്ചടികളുടെ ഇടയിലും അവസാനം വരെ പൊരുതി, ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടുത്തുന്നതായി. ഇന്നലെ നടന്ന പ്ലേ ഓഫിൽ ഒഡിഷയുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. എൺപത്തിയാറാം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ തോൽവി വഴങ്ങിയത്.

    മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലും തിരിച്ചടികൾ ഏറെയായിരുന്നു. നിരവധി താരങ്ങളുടെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും അതൊന്നും പ്ലേ ഓഫിലെ പ്രകടനത്തെ ബാധിച്ചില്ല.

    മത്സരത്തിൽ തുടക്കത്തിൽ ഒഡിഷ എഫ്‌സിക്കായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നു. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടവസരങ്ങൾ തുലച്ചു കളഞ്ഞത് ടീമിന് തിരിച്ചടിയായി. അതിനു പിന്നാലെയാണ് ഫെഡോർ ചെർണിച്ച് ടീമിനു വേണ്ടി ഗോൾ സ്വന്തമാക്കിയത്. എൺപത്തിയാറാം മിനുട്ട് വരെയും ബ്ലാസ്റ്റേഴ്‌സ് ആ ഗോളിൽ പിടിച്ചു നിന്നെങ്കിലും അതിനു ശേഷം ഒഡിഷ എഫ്‌സി സമനില ഗോൾ നേടി.

    എക്‌സ്ട്രാ ടൈമിലും ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ തുറന്നെടുത്തിരുന്നു. എന്നാൽ അതൊന്നും മുതലാക്കാൻ ടീമിന് കഴിഞ്ഞില്ല. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ അഭാവം, മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ ലാറ ശർമ പരിക്കേറ്റു പിൻവാങ്ങിയത്, നവോച്ച സിങ്ങിന്റെ സസ്‌പെൻഷൻ കാരണം ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്ക് ഇല്ലാതിരുന്നതെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചു.

    ഈ തിരിച്ചടികളുടെ ഇടയിലെല്ലാം ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നത് ഒരു പോസിറ്റിവാണ്. പ്ലേ ഓഫ് മത്സരത്തിൽ പുറത്തെടുക്കേണ്ട പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് കാണിച്ചു. അതിനു വേണ്ടി മികച്ച രീതിയിലുള്ള ഒരുക്കങ്ങളും ഇവാൻ വുകോമനോവിച്ച് നടത്തി. തോൽവിയേറ്റു വാങ്ങി പുറത്തു പോകുമ്പോഴും പ്രതിസന്ധികളുടെ ഇടയിൽ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദനാർഹം തന്നെയാണ്.

  4. ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുത്ത്, ടീമിലെ താരങ്ങൾ മാനസികമായി ഒരുങ്ങിയെന്ന് മൊഹമ്മദ് അയ്‌മൻ

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതും. സീസണിൽ മികച്ച തുടക്കം ലഭിക്കുകയും ആദ്യപകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു വരികയും ചെയ്‌ത ടീമിപ്പോൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫോം ഇല്ലാതാവാൻ കാരണമെന്നത് വ്യക്തമാണ്. ആദ്യപകുതിയിലെ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചത്.

    നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ ഒഡിഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടാനുള്ള സാധ്യത വളരെ കുറവാണ്. പരിക്കിന്റെ പിടിയിലുള്ള നിരവധി താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഒഡിഷ എഫ്‌സിക്ക് അവരുടെ പ്രധാന താരങ്ങളെല്ലാം ലഭ്യമാണ്. എങ്കിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം നേടാമെന്ന പ്രതീക്ഷ ടീമിനുണ്ട്. കഴിഞ്ഞ ദിവസം ടീമിന്റെ താരമായ മൊഹമ്മദ് അയ്‌മനും ഇതാണ് സൂചിപ്പിച്ചത്.

    “ടീമിലെ താരങ്ങളുടെ മാനസികാവസ്ഥയെല്ലാം വളരെ പോസിറ്റിവാണ്. ഇത് പ്ലേ ഓഫ് മത്സരമാണെന്നതിനാൽ തന്നെ ഒരു കളി മാത്രമേയുണ്ടാകൂ. അതിൽ ഞങ്ങൾക്ക് വിജയം നേടണം. ഞങ്ങളതിനു വേണ്ടി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്.” ഇന്നലെ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൊഹമ്മദ് അയ്‌മൻ പറഞ്ഞു.

    പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട പ്രതീക്ഷ പരിശീലകൻ ഇവാൻ വുകോമനോവിച്ചിൽ തന്നെയാണ്. ആദ്യത്തെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെതിരായ മത്സരത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സ് പുറത്താകാൻ കാരണം. ഇത്തവണ ഇവാന് ബ്ലാസ്‌റ്റേഴ്‌സിനെ വിജയിപ്പിക്കാൻ കഴിയുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

  5. ഐഎസ്എൽ സെമി മത്സരങ്ങളുടെ ചിത്രവും തെളിഞ്ഞു, മുന്നേറിയാലും ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കി. ഷീൽഡ് നേട്ടത്തിന് ഒരു സമനില മാത്രം മതിയായിരുന്നു മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ഷീൽഡ് സ്വന്തമാക്കിയത്.

    മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും മുംബൈ സിറ്റി രണ്ടാം സ്ഥാനത്തും വന്നതോടെ ഐഎസ്എൽ സെമി ഫൈനലുകളുടെ ചിത്രവും തെളിഞ്ഞിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ സിറ്റിയും നേരിട്ട് സെമി ഫൈനലിലേക്ക് മുന്നേറുമ്പോൾ മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേ ഓഫ് കളിച്ച് അതിൽ വിജയം നേടിയാലാണ് സെമിയിലേക്ക് മുന്നേറുക.

    മൂന്നാം സ്ഥാനത്തുള്ള ഗോവ ആറാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിയെ പ്ലേ ഓഫിൽ നേരിടുമ്പോൾ ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മറ്റൊരു പ്ലേ ഓഫ് നടക്കുന്നത്. ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടുന്ന ടീം സെമിയിൽ മോഹൻ ബഗാനെ നേരിടുമ്പോൾ അടുത്ത പ്ലേ ഓഫിൽ വിജയിക്കുന്ന ടീം മുംബൈ സിറ്റിയെ സെമിയിൽ നേരിടും.

    കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്ലേ ഓഫ് പോരാട്ടം തന്നെ വളരെ കടുപ്പമേറിയ ഒന്നാണ്. അതിൽ നിന്നും മുന്നേറിയാലും സെമിയിൽ മോഹൻ ബഗാനെ മറികടക്കാൻ ടീമിന് കഴിഞ്ഞേക്കില്ല. പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന് വിലങ്ങുതടിയായി നിൽക്കുന്ന പ്രധാന പ്രശ്‌നം. എന്നാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിനാൽ തന്നെ എല്ലാം മറന്നു പൊരുതാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

  6. ഒറ്റയടിക്ക് നാല് താരങ്ങളെ നഷ്‌ടമായേക്കും, ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്‌സിന് തീക്കളി

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ അവസാനത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുകയാണ്. ഈ സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും മോശം ഫോമിലുള്ള ഹൈദരാബാദ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്ലേ ഓഫിന് മുൻപുള്ള ഒരു തയ്യാറെടുപ്പ് എന്നതിനപ്പുറം മത്സരത്തിന് യാതൊരു പ്രാധാന്യവുമില്ല.

    എന്നാൽ ഈ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മുന്നോട്ടുപോക്കിൽ ഒരുപാട് സ്വാധീനം ചെലുത്താൻ കഴിയുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്നത്തെ മത്സരത്തിൽ പരിശീലകന്റെയും താരങ്ങളുടെയും ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കാണ് സസ്‌പെൻഷൻ വാങ്ങി പ്ലേ ഓഫിൽ കളിക്കാനുള്ള സാധ്യത പൂർണമായും ഇല്ലാതാവുക.

    ടീമിന്റെ പ്രതിരോധതാരമായ പ്രീതം കോട്ടാൽ, ഫുൾ ബാക്കായ സന്ദീപ് സിങ്, മധ്യനിരയിലെ മലയാളി താരമായ മുഹമ്മദ് അസ്ഹർ എന്നിവരെല്ലാം മൂന്നു മഞ്ഞക്കാർഡുകൾ വാങ്ങിയിട്ടുണ്ട്. ഒരു മഞ്ഞക്കാർഡ് കൂടി നേടിയാൽ അവർക്ക് അടുത്ത മത്സരത്തിൽ സസ്പെഷൻ ലഭിക്കും. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ ഈ താരങ്ങളെ ഇറക്കുന്നത് സാഹസം തന്നെയാണ്.

    കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയിരുന്നു. ഈ മത്സരം ദുർബലമായ ടീമിനെതിരെയാണ് എന്നതിനാൽ റിസ്‌കുള്ള താരങ്ങളെ മുഴുവൻ അദ്ദേഹം ഒഴിവാക്കാനോ അല്ലെങ്കിൽ ഏതാനും മിനുട്ടുകൾ മാത്രം ഇറക്കാനോ ആണ് സാധ്യത. എന്തായാലും ഈ താരങ്ങൾ കളത്തിലുള്ള സമയത്തെല്ലാം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്ക തന്നെയാണ്.

  7. ക്യാപ്റ്റൻ ലിത്വാനിയയും പ്ലേഓഫ് കളിക്കാനുണ്ടായേക്കില്ല, ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി വർധിക്കുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ ലിത്വാനിയൻ സ്‌ട്രൈക്കർ ഫെഡോർ ചെർണിച്ചും പരിക്കിന്റെ പിടിയിലാണ്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ വിദേശസ്‌ട്രൈക്കർമാർ ഇല്ലാതെ കളിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

    ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെഡോർ ചെർണിച്ചിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പറ്റിയിരിക്കുന്നത്. ഫുട്ബോൾ താരങ്ങളെ സംബന്ധിച്ച് ഗുരുതരമായ പരിക്കാണ് ഹാംസ്ട്രിങ് ഇഞ്ചുറി. പരിക്ക് ഗുരുതരമാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

    അതേസമയം ഫെഡറിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. ചെറിയ പരിക്കാനെങ്കിൽ താരം പെട്ടന്ന് തന്നെ ഫിറ്റ്നസ് വീണ്ടെടുത്തേക്കും. പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കാൻ ഒരാഴ്‌ച ബാക്കിയുള്ളതിനാൽ അത്രയും സമയം ലഭിക്കും. അതേസമയം പരിക്ക് സാരമുള്ളതാണെങ്കിൽ ഈ സീസണിലിനി ഫെഡോർ കളിക്കാനുള്ള സാധ്യതയില്ല.

    ഫെഡോർ കൂടി പുറത്തായാൽ ഒരു വിദേശസ്‌ട്രൈക്കർ പോലുമില്ലാത്ത ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് മത്സരങ്ങൾ കളിക്കേണ്ട അവസ്ഥയാണുള്ളത്. നിലവിൽ ടീമിലുള്ള സ്‌ട്രൈക്കർമാരായ ദിമിത്രിയോസ്, പെപ്ര, ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിറ്റയെ പൂർണമായതും ആശ്രയിക്കേണ്ട സാഹചര്യമാണ് ടീമിനുള്ളത്.

  8. ക്യാപ്റ്റൻ ഈസ് ബാക്ക്, അഡ്രിയാൻ ലൂണ ഹൈദെരാബാദിനെതിരെ കളിക്കാൻ സാധ്യത

    Leave a Comment

    നിരവധി മാസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണ തിരിച്ചു വരവിനരികെ. ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് നടക്കുന്ന ഈ മത്സരത്തിൽ ഏതാനും മിനുട്ടുകൾ അഡ്രിയാൻ ലൂണ കളിച്ചേക്കുമെന്നാണ് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയത്.

    ഡിസംബറിലാണ് അഡ്രിയാൻ ലൂണക്ക് പരിക്കേറ്റത്. അതിനു ശേഷം ശസ്ത്രക്രിയ നടത്തി നാട്ടിലേക്ക് തിരിച്ചു പോയ താരം മാർച്ചിൽ തിരിച്ചെത്തി. തുടർന്ന് തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ നടത്തിയ താരം പ്ലേ ഓഫിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന കാര്യം അറിയില്ലെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞതെങ്കിലും ആശങ്കകൾ ഒഴിഞ്ഞുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

    “ഇന്നു നടക്കുന്ന ട്രൈനിങ്ങിനു ശേഷമേ ഞങ്ങൾ ലൂണ ഹൈദെരാബാദിനെതിരെ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ. ഏതാനും മിനുട്ടുകൾ കളിക്കുന്നതിനു വേണ്ടി താരം ഞങ്ങൾക്കൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. എന്നാൽ ലൂണ ഇപ്പോൾ തന്നെ മൂന്നു മഞ്ഞക്കാർഡുകൾ നേടിയിട്ടുണ്ടെന്ന കാര്യം ഞങ്ങൾ മറന്നിട്ടില്ല.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

    അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്‌സിന് കരുത്തേകുമെന്ന കാര്യത്തിൽ സംശയമില്ല. പരിക്കേറ്റു പുറത്തു പോകുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും ഗോളുകളിൽ പങ്കാളിയായ താരം അഡ്രിയാൻ ലൂണയായിരുന്നു. അതുകൊണ്ടു തന്നെ താരം തിരിച്ചുവരുമെന്ന് ഉറപ്പായതോടെ പ്ലേ ഓഫിൽ നിന്നും മുന്നേറാമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

  9. പ്ലേ ഓഫിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കണം, പുതിയ പദ്ധതികളുമായി ഇവാനാശാൻ

    Leave a Comment

    ജംഷഡ്‌പൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. രണ്ടു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ഫിനിഷിങ്ങിലെ പോരായ്‌മ തന്നെയാണ് തിരിച്ചടി നൽകിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു പോയിന്റ് കൂടി വേണ്ട ബ്ലാസ്റ്റേഴ്‌സ് നിർണായക പോരാട്ടങ്ങൾ ആകുമ്പോഴേക്ക് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കുന്നു.

    ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് കളിച്ചിരുന്നത്. അങ്ങിനെ കളിക്കുമ്പോൾ പ്രത്യാക്രമണങ്ങൾ കൃത്യമായി സംഘടിപ്പിക്കണമെങ്കിലും അതിനു ടീമിന് കൃത്യമായി കഴിഞ്ഞിരുന്നില്ല. പാസുകൾ മുറിയുന്നതും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തിന്റെ കുറവും സീസണിന്റെ അവസാനമായതു കൊണ്ടുള്ള തളർച്ചയുമെല്ലാം കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു.

    മത്സരത്തിന് ശേഷം അടുത്ത മത്സരം മുതൽ റൊട്ടേഷൻ സമ്പ്രദായം കൊണ്ടുവരുമെന്നും അഞ്ചോ ആറോ താരങ്ങൾക്ക് വരെ മാറ്റമുണ്ടാകുമെന്നുമാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ഇത് അവസരങ്ങൾ കുറഞ്ഞ താരങ്ങൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം നൽകുകയും തളർച്ചയുള്ള താരങ്ങൾക്ക് വിശ്രമത്തിനു അവസരം നൽകുകയും ചെയ്യുമെന്നതിനാൽ ഗുണം ചെയ്യുന്ന കാര്യമാണ്.

    ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത്. അതിൽ നിന്നും ടീമിന് വേണ്ടത് ഒരേയൊരു പോയിന്റ് മാത്രവും. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഇവാൻ വുകോമനോവിച്ചിന്റെ പരീക്ഷണങ്ങളാവും ബ്ലാസ്റ്റേഴ്‌സിൽ നടക്കുക. അതിൽ നിന്നും പ്ലേ ഓഫ് ആരംഭിക്കുമ്പോഴേക്കും മികച്ചൊരു ഫോർമേഷനും ഒരു ടീമിനെയും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കാം.

  10. പെപ്രയടക്കം രണ്ടു താരങ്ങൾ കൂടി തിരിച്ചുവരാനുള്ള കഠിനശ്രമത്തിൽ, പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളി മാറുമോ

    Leave a Comment

    ഈ സീസണിന്റെ ആദ്യപകുതി മികച്ച പ്രകടനം നടത്തി ഒന്നാം സ്ഥാനത്തു നിന്നിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ അവിടെ നിന്നും താഴെയിറങ്ങുന്നതാണ് കണ്ടത്. പ്രധാന താരങ്ങളുടെ പരിക്കുകൾ തിരിച്ചടി നൽകിയപ്പോൾ രണ്ടാം പകുതിയിൽ കളിച്ച ആറിൽ അഞ്ചു മത്സരവും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. എഫ്‌സി ഗോവക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

    ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ ഫോം ആരാധകർക്ക് നിരാശ നൽകുന്ന ഒന്നാണെങ്കിലും ടീമിന് പ്ലേ ഓഫ് പ്രതീക്ഷ സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പ്രധാന താരങ്ങളുടെ പരിക്കാണ് തിരിച്ചടി നൽകുന്നതെങ്കിൽ പ്ലേ ഓഫ് ആരംഭിക്കുമ്പോഴേക്കും അതിൽ മാറ്റമുണ്ടാക്കാനും കഴിയും. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച് എന്നിവരെല്ലാം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

    ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകി പരിക്കേറ്റ രണ്ടു താരങ്ങൾ ജിം സെഷനും ആരംഭിച്ചിട്ടുണ്ട്. ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരിൽ ഒരാളായ ക്വാമേ പെപ്ര, സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്കേറ്റു പുറത്തു പോയ ലെഫ്റ്റ് ബാക്കായ ഐബാൻ ഡോഹ്ലിങ് എന്നിവരാണ് സെഷൻ ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഐബാൻ ഉടനെ തന്നെ പരിശീലനം ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

    ടീമിനായി മികച്ച പ്രകടനം നടത്തുന്ന സമയത്താണ് പെപ്രക്ക് പരിക്ക് പറ്റിയത്. ഈ രണ്ടു താരങ്ങളും ഈ സീസണിൽ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും പ്ലേ ഓഫിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുത്താൽ അതിനുള്ള സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ പ്രധാന താരങ്ങളെല്ലാം തിരിച്ചെത്തി കൂടുതൽ കരുത്തുറ്റ ഒരു കേരള ബ്ലാസ്‌റ്റേഴ്‌സിനെയാകും പ്ലേ ഓഫിൽ കാണാൻ കഴിയുക.