Tag Archive: Inter Milan

  1. എമിലിയാനോ മാർട്ടിനസിനായി വമ്പൻമാർ രംഗത്ത്, ഓഫർ തള്ളിക്കളഞ്ഞ് ആസ്റ്റൺ വില്ല

    Leave a Comment

    അർജന്റീന ദേശീയ ടീമിന്റെ ഹീറോയായ എമിലിയാനോ മാർട്ടിനസ് ഈ അവർക്കൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ക്ലബ് തലത്തിൽ വലിയ നേട്ടങ്ങളൊന്നും താരത്തിനില്ല. ആഴ്‌സണൽ വിട്ട എമിലിയാനോ കുറച്ചു വർഷങ്ങളായി ആസ്റ്റൺ വില്ലക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നതിനാലാണ് വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ താരത്തിന് കഴിയാതിരുന്നത്.

    യൂറോപ്യൻ ടൂർണമെന്റിൽ കളിക്കണമെന്നും കിരീടം സ്വന്തമാക്കണമെന്നുമുള്ള ആഗ്രഹം എമിലിയാനോ മാർട്ടിനസ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അതിനു താരത്തിന് വലിയൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

    ഇന്റർ മിലാൻ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഗോൾകീപ്പർ ആന്ദ്രേ ഒനാന ക്ലബ് വിട്ടു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയിരുന്നു. അതിനു പകരക്കാരനായി മികച്ചൊരു ഗോൾകീപ്പർക്കായി അവർ നടത്തുന്ന അന്വേഷണമാണ് എമിലിയാനോ മാർട്ടിനസിലേക്ക് എത്തിയത്. താരത്തിനായി പതിനഞ്ചു മില്യൺ യൂറോ അവർ ഓഫർ ചെയ്യുകയും ചെയ്‌തു.

    എന്നാൽ ഇന്റർ മിലാന്റെ ഓഫർ ആസ്റ്റൺ വില്ല തഴഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകകപ്പും ഫിഫ ബെസ്റ്റും സ്വന്തമാക്കിയ താരത്തിനായി കൂടുതൽ മികച്ച ഓഫറാണ് വില്ല പ്രതീക്ഷിക്കുന്നത്. ഇന്റർ മിലാൻ അതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ട്രാൻസ്‌ഫർ നടന്നാൽ തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരമാണ് എമിലിയാനോക്ക് ലഭിക്കുക.

  2. ഇങ്ങിനെയൊക്കെ അവസരങ്ങൾ തുലക്കാമോ, ലുക്കാക്കുവിന് നന്ദി പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി ആരാധകർ

    Leave a Comment

    ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റോഡ്രി നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി ആരാധകർ നന്ദി പറയുന്നത് സ്‌പാനിഷ്‌ താരത്തോട് മാത്രമല്ല. ഇന്റർ മിലൻറെ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിനോടും അവർ നന്ദി അറിയിക്കുന്നുണ്ട്. ഒരു ഗോളിന്റെ ലീഡ് മാത്രമുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ രണ്ടു ഗോളുകൾ നേടാൻ ഇന്റർ മിലാനു ലഭിച്ച അവസരമാണ് ബെൽജിയൻ താരം ഇല്ലാതാക്കിയത്.

    മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയതിനു പിന്നാലെയാണ് ഇന്റർ മിലാനു മികച്ചൊരു അവസരം ലഭിച്ചത്. ഒരു ഷോട്ട് പോസ്റ്റിലടിച്ചു തിരിച്ചു വന്നത് ഇന്റർ മിലാൻ താരം ഡിമാർക്കോ ഹെഡ് ചെയ്‌തു ഗോളാക്കാൻ ശ്രമിച്ചു. എന്നാൽ താരത്തിന്റെ മുന്നിൽ നിന്നിരുന്ന ലുക്കാക്കുവിന്റെ ദേഹത്തു തട്ടി അത് തിരിച്ചു വന്നു. ലുക്കാക്കുവിന് ഒഴിഞ്ഞു മാറാനുള്ള സമയം പോലും ലഭിച്ചില്ലെങ്കിലും താരമാണ് മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ചത്.

    അതിനു ശേഷം ബെൽജിയൻ താരം ഒരു സുവർണാവസരം വീണ്ടും തുലക്കുകയുണ്ടായി. എൺപത്തിയെട്ടാം മിനുട്ടിലായിരുന്നു അത്. ഇന്റർ മിലാൻ താരം നൽകിയ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്നും വലയിലെത്തിക്കാൻ ലുക്കാക്കുവിന് കഴിയുമായിരുന്നു. താരം ഹെഡർ ഉതിർത്തുവെങ്കിലും അത് പോസ്റ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് അടിക്കുന്നതിനു പകരം എഡേഴ്‌സണു നേരെയാണ് പോയത്. ബ്രസീലിയൻ താരം അത് രക്ഷപ്പെടുത്തുകയും ചെയ്തു.

    മത്സരത്തിൽ സീക്കോക്ക് പരിക്ക് പറ്റിയതിനാൽ പകരക്കാരനായാണ് ലുക്കാക്കു കളത്തിലിറങ്ങിയത്. ഇതിനു മുൻപും നിരവധി മത്സരങ്ങളിൽ അവസരങ്ങൾ തുലച്ചതിന്റെ പേരിൽ ലുക്കാക്കു വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. ലോകകപ്പിലെ മത്സരം അതിനൊരു ഉദാഹരണമാണ്. എന്തായാലും മാഞ്ചസ്റ്റർ സിറ്റി ആരാധകർ ബെൽജിയൻ താരത്തോട് നന്ദി പറയുകയാണ് മത്സരത്തിനു ശേഷം.

  3. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്, ആരു നേടും ചാമ്പ്യൻസ് ലീഗ് കിരീടം

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലുള്ള ആവേശകരമായ പോരാട്ടം ഇന്ന്. ക്ളബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുമ്പോൾ 2010നു ശേഷം ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഉയർത്തുകയാണ് ഇന്റർ മിലാന്റെ ലക്‌ഷ്യം. 2010നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടുന്ന ഇറ്റാലിയൻ ക്ലബ് ആവുകയെന്ന ലക്ഷ്യവും ഇന്റർ മിലാന്റെ മുന്നിലുണ്ട്.

    രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുന്നത്. ആഴ്‌സനലിനെ മറികടന്ന് പ്രീമിയർ ലീഗ് നേടിയ അവർ അതിനു ശേഷം ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും കീഴടക്കിയിരുന്നു.

    മാഞ്ചസ്റ്റർ സിറ്റിക്ക് മുൻതൂക്കമുണ്ടെങ്കിലും ഇന്റർ മിലാനെ എഴുതിത്തള്ളാൻ ആർക്കും കഴിയുകയില്ല. ഈ സീസണിൽ ഇറ്റാലിയൻ സൂപ്പർകപ്പും കോപ്പ ഇറ്റാലിയ കിരീടവും അവർ നേടിയിട്ടുണ്ട്. സീസണിന്റെ രണ്ടാം പകുതിയിൽ അതിഗംഭീര പ്രകടനം നടത്തിയ അവർ മികച്ച കുതിപ്പിലാണ്. ടീമിലെ താരങ്ങൾക്കെല്ലാം വലിയ ആത്മവിശ്വാസമുണ്ടെന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ഫൈനലിൽ വിയർക്കേണ്ടി വരുമെന്ന സൂചന തന്നെയാണ് നൽകുന്നത്.

    രണ്ടു ടീമുകളുടെയും സ്‌ട്രൈക്കർമാരാണ് ടീമുകളെ മുന്നോട്ടു നയിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിങ് ഹാലാൻഡ് റെക്കോർഡുകൾ തകർത്തെറിയുന്ന പ്രകടനം നടത്തുമ്പോൾ ലോകകപ്പിന് ശേഷം ലൗടാരോ മാർട്ടിനസ് മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ടീമുകളുടെ ടോപ് സ്കോറര്മാരായ ഈ താരങ്ങൾ ഏതു നിമിഷവും  തങ്ങളുടെ മികവ് പുറത്തെടുക്കാൻ കഴിയുന്ന അപകടകാരികളായതിനാൽ മത്സരഫലം പ്രവചിക്കാൻ കഴിയില്ല.

  4. മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടുന്നത് എളുപ്പമാകില്ല, മുന്നറിയിപ്പുമായി മുൻ പരിശീലകൻ

    Leave a Comment

    ഫുട്ബോൾ ആരാധകർ വളരെ ആവേശത്തോടു കൂടിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായി കിരീടം നേടാൻ ഇന്റർ മിലാനും രണ്ടാഴ്ച്ചക്ക് ശേഷം കളിക്കളത്തിൽ ഇറങ്ങുകയാണ്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കാണ് മുൻതൂക്കമെങ്കിലും ഇന്റർ മിലാനെ എഴുതിത്തള്ളാൻ കഴിയില്ല.

    ഈ രണ്ടു ടീമുകളെയും പരിശീലിപ്പിച്ച് അവർക്ക് ലീഗ് കിരീടം നേടിക്കൊടുത്തിട്ടുള്ള പരിശീലകനാണ് റോബർട്ടോ മാൻസിനി. നിലവിൽ ഇറ്റലിയുടെ പരിശീലകനായ അദ്ദേഹം കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഇന്റർ മിലാനെ എഴുതിത്തള്ളാൻ ഒരിക്കലും കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യൂറോപ്പിലെ മൂന്നു ഫൈനലുകളിലും ഇറ്റാലിയൻ ക്ലബുകൾ കിരീടം നേടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    “ഇറ്റാലിയൻ ക്ലബുകൾക്ക് മൂന്നു കിരീടങ്ങളും ലക്‌ഷ്യം വെക്കാം, അത് എളുപ്പമായിരിക്കില്ല, പക്ഷെ സാധ്യമായ കാര്യമാണ്. ഫൈനലുകളിൽ എത്തിയ സീരി എ ക്ലബുകളിൽ പന്ത്രണ്ടു പതിമൂന്നു ഇറ്റാലിയൻ താരങ്ങളുണ്ട്, അതൊരു പ്രധാനപ്പെട്ട കാര്യമാണ്. മാഞ്ചസ്റ്റർ സിറ്റി വിജയം നേടുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അവർക്കാണ് സാധ്യത കൂടുതൽ, എന്നാൽ മറ്റു ഫൈനലുകളെ പോലെ തന്നെ എല്ലാവര്ക്കും ഒരുപോലെയാണ് സാധ്യത.” മാൻസിനി പറഞ്ഞു.

    നിലവിലെ പ്രകടനം കണക്കാക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് മുൻ‌തൂക്കം. പ്രീമിയർ ലീഗ് നേടിയ അവർ ട്രിബിൾ കിരീടങ്ങളാണ് ലക്‌ഷ്യം വെക്കുന്നത്. എന്നാൽ ഇന്റർ മിലാനെ എളുപ്പത്തിൽ എഴുതിത്തള്ളാൻ കഴിയില്ല. ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന അവർ ലീഗിൽ മൂന്നാം സ്ഥാനത്താണെങ്കിലും രണ്ടു ഫൈനലുകൾ വിജയിച്ച് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

  5. ലൗടാരോ വീണ്ടും താരമായി, കോപ്പ ഇറ്റാലിയ കിരീടവും ഇന്റർ മിലാൻ സ്വന്തമാക്കി

    Leave a Comment

    ലൗടാരോ മാർട്ടിനസ് ഒരിക്കൽക്കൂടി മിന്നുന്ന പ്രകടനം നടത്തിയപ്പോൾ കോപ്പ ഇറ്റാലിയ കിരീടവും ഇന്റർ മിലാൻ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഫിയോറെന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഈ സീസണിലെ രണ്ടാമത്തെ കിരീടം ഇന്റർ മിലാൻ നേടിയത്. മത്സരത്തിൽ ഇന്റർ മിലാന്റെ രണ്ടു ഗോളുകളും നേടിയത് ലൗടാരോ മാർട്ടിനസ് ആയിരുന്നു.

    രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്റർ മിലാൻ ഞെട്ടിച്ച് മൂന്നാം മിനുട്ടിൽ ഫിയോറെന്റീനയാണ് മത്സരത്തിൽ മുന്നിലെത്തുക. അർജന്റീനയുടെ തന്നെ താരമായ നിക്കോളാസ് ഗോൺസാലസാണ് ഫിയോറെന്റീനക്കായി ഗോൾ കണ്ടെത്തിയത്. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. എട്ടു മിനുറ്റിനിടെ മൂന്ന് ഗോളുകൾ നേടി ഇന്റർ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

    ഇരുപത്തിയൊമ്പതാം മിനുട്ടിലാണ് ഇന്റർ മിലൻറെ ആദ്യത്തെ ഗോൾ പിറന്നത്. ഫിയോറെന്റീനയുടെ ഓഫ്‌സൈഡ് ട്രാപ്പ് പൊട്ടിച്ച ലൗടാരോ മനോഹരമായൊരു ഫിനിഷിംഗിലൂടെ സമനില ഗോൾ നേടി. അതിനു ശേഷം നിക്കോളോ ബാരല്ലയുടെ ക്രോസ് ഒരു തകർപ്പൻ അക്രോബാറ്റിക് ഫിനിഷിലൂടെ വലയിലെത്തിച്ച് ടീമിന്റെ വിജയഗോളും അർജന്റീന താരം കുറിച്ചു.

    ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നതെങ്കിലും രണ്ടു കിരീടങ്ങൾ നേടാൻ ഇതോടെ ഇന്റർ മിലാനായി. ഇറ്റാലിയൻ സൂപ്പർകപ്പ് നേടിയതിനു പുറമെയാണ് ഇന്റർ മിലാൻ കോപ്പ ഇറ്റാലിയ കിരീടവും സ്വന്തമാക്കിയത്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും ടീം കളിക്കുന്നുണ്ട്. അതേസമയം ഫിയോറെന്റീന കോൺഫറൻസ് ലീഗ് ഫൈനലിൽ പോരാടും.

  6. “ഫൈനലിൽ റയൽ മാഡ്രിഡ് വേണ്ട, മാഞ്ചസ്റ്റർ സിറ്റിയെ മതി”- ഇന്റർ മിലാൻ മേധാവി പറയുന്നു

    Leave a Comment

    ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കളിക്കാൻ പോകുന്നത്. 2010ൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ ടീം അതിനു ശേഷം മോശം ഫോമിലേക്ക് പോയി പിന്നീട് ഇറ്റാലിയൻ ഫുട്ബോളിന്റെ മുൻനിരയിലേക്ക് തിരിച്ചുവന്ന് ഇപ്പോൾ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും കളിക്കാൻ പോവുകയാണ്.

    ആധികാരികമായി തന്നെയാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയത്. സെമി ഫൈനലിൽ ഇറ്റലിയിലെ പ്രധാന എതിരാളികളായ എസി മിലാനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് രണ്ടു പാദങ്ങളിലുമായി ഇന്റർ തോൽപ്പിച്ചത്. ഫൈനലിൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ ആരെയാണ് തങ്ങൾക്ക് നേരിടാൻ ആഗ്രഹമെന്ന് ഇന്റർ മിലാൻ വൈസ് പ്രസിഡന്റ് സനേറ്റി വെളിപ്പെടുത്തി.

    “റയൽ മാഡ്രിഡിനെ ഒഴിവാക്കാനാണ് എന്റെ ആഗ്രഹം, കാരണം ഈ ടൂർണമെന്റ് അവർക്ക് വേണ്ടി ഉണ്ടാക്കിയതു പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ എത്തുകയെന്നതു തന്നെയാണ്. ബുദ്ധിമുട്ടേറിയ യാത്രയായിരുന്നു ഇത്, സെമി ഫൈനലുകളിൽ മിലാൻ ഡെർബി കളിക്കേണ്ടി വരുന്നത് എളുപ്പമല്ല. 2003ൽ ഞാൻ കളിച്ചപ്പോൾ തോറ്റു പോയിരുന്നു.” സനേറ്റി പറഞ്ഞു.

    2010ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമിന്റെ നായകൻ കൂടിയായിരുന്നു അർജന്റീന മുൻ താരമായ സനേറ്റി. ഈ സീസണിലും ലൗടാരോ മാർട്ടിനസ് എന്ന അർജന്റീന താരത്തിന്റെ കരുത്തിലാണ് ഇന്റർ മിലാൻ മുന്നോട്ടു കുതിക്കുന്നത്. എന്നാൽ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ആയാലും റയൽ മാഡ്രിഡ് ആയാലും കൂടുതൽ വിജയസാധ്യത അവർക്ക് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

  7. തന്റെ മികവിന് ലയണൽ മെസിയും കാരണക്കാരൻ, ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിനു ശേഷം ലൗടാരോ മാർട്ടിനസ്

    Leave a Comment

    2010ൽ മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് കിരീടം ഇന്റർ മിലാൻ നേടിയതിനു ശേഷം പിന്നീടൊരു ഇറ്റാലിയൻ ക്ലബ് പോലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. എന്നാൽ ആ നാണക്കേട് തിരുത്താനുള്ള അവസരം ഇത്തവണ വന്നിട്ടുണ്ട്. 2010ൽ കിരീടം സ്വന്തമാക്കിയ ഇന്റർ മിലാൻ കഴിഞ്ഞ ദിവസം എസി മിലാനെ സെമി ഫൈനൽ രണ്ടാം പാദത്തിലും കീഴടക്കി ഫൈനലിൽ പ്രവേശിക്കുകയുണ്ടായി.

    ഇന്റർ മിലൻറെ കുതിപ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത് അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ്‌. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അവിടെ നേടിയ കിരീടവിജയത്തിൽ ആത്മവിശ്വാസം നേടി ക്ലബ്ബിലേക്ക് വന്ന താരം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ വിജയം നേടിയപ്പോൾ ലൗടാരോ മാർട്ടിനസാണ്‌ ഗോൾ നേടിയത്.

    ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഖത്തർ ലോകകപ്പിലെ വിജയവും അർജന്റീന നായകനായ ലയണൽ മെസിയും തനിക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ടെന്നാണ് ലൗടാരോ മാർട്ടിനസ് മത്സരത്തിന് ശേഷം പറഞ്ഞത്. ഈ സീസണിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകളിലാണ് പങ്കാളിയായത്.

    “ഞാൻ മാനസികമായി വളരെയധികം വളർന്ന സീസണാണിത്. എന്നെയതിന് സഹായിക്കുന്ന ടീമംഗങ്ങൾ എനിക്കൊപ്പമുണ്ട്. മെസിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു, എല്ലാത്തിലും അവൻ എന്നെ സഹായിച്ചു. ലോകകപ്പ് നിങ്ങളുടെ കൈകളിൽ ഏറ്റുവാങ്ങുന്നത് ഒരു പ്രത്യേകതയാണ്, അതിൽ നിന്ന് ടീമിനെ നയിക്കുന്നതിന് കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. ക്യാപ്റ്റൻ ആകുന്നത് ഒരു പ്രത്യേകതയാണ്, ഈ സായാഹ്നം എനിക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും.” താരം പറഞ്ഞു.

    ലൗടാരോ മാർട്ടിനസിനെ ഇന്റർ മിലാൻ ടീമിന്റെ നായകനാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്റർ മിലാൻ സിഇഓ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ സീസണിന് ശേഷം അർജന്റീന താരത്തിന് വേണ്ടി നിരവധി ക്ലബുകൾ രംഗത്തു വരുമെന്ന് ഉറപ്പുള്ളതിനാൽ താരം ഇറ്റലിയിൽ തന്നെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

     

  8. അർജന്റീന താരത്തിന്റെ വെടിച്ചില്ലു ഗോൾ, ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ഇന്റർ മിലാൻ

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ വിജയം നേടി ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ സെമി ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറ്റലിയിലെ തന്നെ ക്ലബായ എസി മിലാനെ ഒരു ഗോളിനാണു ഇന്റർ മിലാൻ കീഴടക്കിയത്. ആദ്യപാദത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയം നേടിയ ഇന്റർ രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്തും ആധികാരികമായ പ്രകടനം നടത്തിയാണ് വിജയവും ഫൈനൽ പ്രവേശനവും നേടിയത്.

    ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയ എസി മിലാനു വിജയം അനിവാര്യമായ ഒന്നായിരുന്നെങ്കിലും അതിനവർക്ക് യാതൊരു അവസരവും ലഭിച്ചില്ലെന്നതാണ് സത്യം. ഇന്റർ മിലാൻ ആക്രമണത്തിലും പ്രതിരോധത്തിലും എസി മിലാനെ നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തിയപ്പോൾ ആകെ ഒരു ഷോട്ട് മാത്രമേ അവർക്ക് ഗോളിലേക്ക് ഉതിർക്കാൻ കഴിഞ്ഞുള്ളൂ. ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് ഇന്റർ നടത്തിയത്.

    രണ്ടാം പകുതിയിലാണ് എസി മിലാനു തിരിച്ചു വരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കിയ ഗോൾ പിറന്നത്. പകരക്കാരനായി ലുക്കാക്കു ഇറങ്ങിയതിനു ശേഷം ഇന്ററിന്റെ നീക്കങ്ങൾക്ക് ഒന്നുകൂടി ശക്തി പ്രാപിച്ചു. ലുക്കാക്കുവും ലൗടാരോയും ബോക്‌സിനുള്ളിൽ നടത്തിയ നീക്കത്തിന് ശേഷം ലൗടാറോയുടെ ഗ്രൗണ്ടർ ഷോട്ട് എസി മിലാൻ ഗോളിയെ കീഴടക്കുകയായിരുന്നു. അതോടെ സാൻസിറൊ സ്റ്റേഡിയം ആനന്ദത്തിൽ ആറാടി.

    സീരി എയിൽ മൂന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാൻ നടത്തിയ കുതിപ്പ് അവിശ്വസനീയമാണ്. 2010ൽ മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയ ഇന്റർ മിലാൻ അതിനു ശേഷം ആദ്യമായാണ് ഫൈനൽ കളിക്കുന്നത്. 2010ൽ ഇന്റർ നേടിയതിനു ശേഷം മറ്റൊരു ഇറ്റാലിയൻ ക്ലബും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. ഫൈനലിൽ റയൽ മാഡ്രിഡ് അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ആയിരിക്കും ഇന്ററിന്റെ എതിരാളികൾ.

  9. മൂന്നു മിനുറ്റിനിടെ രണ്ടു ഗോളുകൾ, പതിമൂന്നു വർഷത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിനരികെ ഇന്റർ മിലാൻ

    Leave a Comment

    എസി മിലാനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടി ഇന്റർ മിലാൻ. മിലൻറെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്. ഇതോടെ കഴിഞ്ഞ സീസണിൽ ലീഗ് വിജയച്ചതിനു പുറമെ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാമെന്ന മിലൻറെ മോഹം ഇല്ലാതായി.

    മത്സരത്തിന്റെ ആദ്യപകുതിയിൽ ഗംഭീരപ്രകടനമാണ് ഇന്റർ മിലാൻ നടത്തിയത്. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തപ്പോൾ എട്ടാം മിനുട്ടിൽ തന്നെ മുപ്പത്തിയാറ് വയസുള്ള എഡിൻ സീക്കോ ഇന്റർ മിലാനെ ഒരു വോളി ഷോട്ടിലൂടെ മുന്നിലെത്തിച്ചു. അതിനു പിന്നാലെ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ താരമായ മിഖിറ്റാറിയൻ കൂടി ഗോൾ നേടിയതോടെ ഇന്ററിന്റെ നില ഭദ്രമായി.

    ആദ്യപകുതിയിൽ ഇന്റർ മിലാന് അനുകൂലമായി ഒരു പെനാൽറ്റി റഫറി അനുവദിക്കുമെങ്കിലും വീഡിയോ റഫറി അത് ഒഴിവാക്കും. രണ്ടാം പകുതിയിൽ തിരിച്ചു വരാൻ വേണ്ടി മിലാൻ തങ്ങളുടെ പരമാവധി ശ്രമം നടത്തുമെങ്കിലും വിജയിക്കാനാവില്ല. ആദ്യപകുതിയിൽ ഇന്റർ മിലാൻ മികച്ച പ്രകടനം നടത്തിയപ്പോൾ രണ്ടാം പകുതിയിൽ മിലാനാണ് കൂടുതൽ മികച്ചു നിന്നത്. അതിനിടയിൽ സെക്കോക്ക് ലഭിച്ച ഒരവസരം മൈഗൻ രക്ഷപ്പെടുത്തുകയും ചെയ്‌തു.

    എസി മിലാനെതിരെ കഴിഞ്ഞ ഏതാനും മത്സരങ്ങളായി കൃത്യമായ ആധിപത്യം പുലർത്തുന്ന ഇന്റർ മിലാൻ വിജയത്തോടെ തങ്ങളുടെ ഫൈനൽ സാധ്യത വർധിപ്പിച്ചു. സ്വന്തം മൈതാനത്തു വെച്ചാണ് രണ്ടാം പാദം നടക്കുന്നതെന്നത് അവർക്ക് കൂടുതൽ ആത്മവിശ്വാസമാണ്. 2010ൽ മൗറീന്യോ പരിശീലകനായിരിക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് നേടിയതിനു ശേഷം പിന്നീടിപ്പോഴാണ് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്.

  10. ലോകകപ്പിൽ പതറിയെങ്കിലും ക്ലബിൽ ഉജ്ജ്വല ഫോമിൽ, ലൗടാരോയെ നോട്ടമിട്ട് പ്രീമിയർ ലീഗ് വമ്പൻമാർ

    Leave a Comment

    ഖത്തർ ലോകകപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനു കഴിഞ്ഞിരുന്നില്ല. ഒരു ഗോൾ പോലും ടൂർണമെന്റിൽ നേടാൻ കഴിയാതിരുന്ന താരം പല സുവർണാവസരങ്ങളും നഷ്‌ടമാക്കുകയും ചെയ്‌തു. എന്നാൽ ലോകകപ്പ് വിജയത്തിന് ശേഷം ക്ലബിൽ തിരിച്ചെത്തിയ താരം ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്.

    ലോകകപ്പിന് ശേഷം ഏറ്റവുമധികം ഗോളുകൾ നേടിയ അർജന്റീന താരങ്ങളിൽ മുന്നിലുള്ള വ്യക്തിയാണ് ലൗടാരോ മാർട്ടിനസ്. ഇതുവരെ പതിനഞ്ചു ഗോളുകൾ താരം ടീമിനായി നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വെറോണക്കെതിരെ ഇന്റർ മിലാൻ ആറു ഗോളിന്റെ വിജയം നേടിയപ്പോൾ അതിൽ രണ്ടു ഗോളും ഒരു അസിസ്റ്റും അർജന്റീന താരത്തിന്റെ വകയായിരുന്നു.

    ഈ സീസണിൽ മുപ്പത്തിരണ്ട് ഗോളുകളിൽ പങ്കാളിയായ താരത്തിന്റെ ഫോം കാരണം പ്രീമിയർ ലീഗ് ക്ലബുകൾക്ക് താൽപര്യം വന്നിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ താരത്തിൽ നോട്ടമുള്ള ഒരു ക്ലബെന്ന് കാൽസിയോമെർകാടോ റിപ്പോർട്ട് ചെയ്യുന്നു. ഒരു മികച്ച സ്‌ട്രൈക്കറെ തേടുന്ന അവർ ലൗടാരോ മാർട്ടിനസിനു വേണ്ടി ആന്റണി മാർഷ്യലിനെ വിട്ടുകൊടുക്കാൻ തയാറാണ്.

    ലൗറ്റാരോയിൽ താൽപര്യമുള്ള മറ്റൊരു ക്ലബ് ടോട്ടനം ഹോസ്പരാണ്. അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കുന്ന ഹാരി കേൻ ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് കേനിനിയും ലക്ഷ്യമിടുന്നത്. ഹാരി കേൻ ക്ലബ് വിട്ടാൽ അതിനു പകരമാണ് ലൗടാരോയെ സ്വന്തമാക്കാൻ ടോട്ടനം ശ്രമിക്കുന്നത്.

    അതേസമയം 2010നു ശേഷം ഇന്റർ മിലാനു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലൗടാരോ മാർട്ടിനസ്. ചാമ്പ്യൻസ് ലീഗ് സെമിയിലെത്തി അവർ ലീഗിലെ ആറാം സ്ഥാനക്കാരായ എസി മിലാനെയാണ് നേരിടുന്നത്. സെമിയിൽ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയോ റയൽ മാഡ്രിഡോ ആയിരിക്കും ഇന്റർ മിലാന്റെ ഫൈനലിലെ എതിരാളികൾ.