Tag Archive: INDIAN FOOTBALL

  1. വുകോമനോവിച്ച് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച് സ്റ്റിമാച്ച്, ഇതൊന്നും ചെയ്യാതെ ഇന്ത്യൻ ഫുട്ബോൾ വളരില്ല

    Leave a Comment

    ഏഷ്യൻ കപ്പിൽ ഇന്ത്യൻ ഫുട്ബോൾ ടീം ദയനീയമായ പ്രകടനം നടത്തി പുറത്തായതിന് പിന്നാലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലുള്ള പോരായ്‌മയെ വിമർശിച്ച് പരിശീലകൻ സ്റ്റിമാച്ച്. ഏഷ്യൻ കപ്പിലെ എല്ലാ മത്സരത്തിലും തോൽവി വഴങ്ങിയ ഇന്ത്യൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. ഒരു ഗോൾ പോലും നേടാൻ കഴിയാതെയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്നും പുറത്തു പോയത്.

    കഴിഞ്ഞ ദിവസം ഏഷ്യൻ കപ്പിലെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ഇഗോർ സ്റ്റിമാച്ച് ഇതുവരെ ഇന്ത്യയുടെ അണ്ടർ 18, അണ്ടർ 20, അണ്ടർ 23 ടീമുകൾ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടുകയുണ്ടായി. ആ കാറ്റഗറിയിലുള്ള ടീമുകൾ പോലും യോഗ്യത നേടാതെ സീനിയർ ടീം യോഗ്യത നേടിയത് നേട്ടമാണെന്നും അദ്ദേഹം പറയുന്നു.

    ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതാണ് അദ്ദേഹം ഇതിലൂടെ ചൂണ്ടിക്കാട്ടിയത്. യുവതാരങ്ങളെ മികച്ച രീതിയിൽ വളർത്തുന്നത് സീനിയർ ടീമിന്റെ വളർച്ചക്കും പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുപോലെ ഭൂരിഭാഗം ടീമുകളെയും അപേക്ഷിച്ച് ഇന്ത്യക്ക് തയ്യാറെടുപ്പിനു കുറഞ്ഞ സമയമേ ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യൻ ഫുട്ബോളിൽ യുവതാരങ്ങളെ വളർത്താൻ വേണ്ടത്ര പ്രവർത്തനങ്ങൾ ഇല്ലാത്തതിനെ കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. ക്ലബുകളും മറ്റും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്നും ഇല്ലെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളും ഇന്ത്യൻ സൂപ്പർ ലീഗും വളരെ മോശം അവസ്ഥയിലേക്ക് പോകാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  2. ഇന്ത്യൻ ഫുട്ബോൾ വലിയൊരു തകർച്ചയിലേക്ക് പോകുന്നു, രണ്ടു വർഷത്തിനുള്ളിൽ ഐഎസ്എല്ലിന്റെ നിലവാരം കുറയുമെന്ന് ഇവാൻ

    Leave a Comment

    ഇന്ത്യൻ ഫുട്ബോളിനും ഐഎസ്എല്ലിനും ശക്തമായ മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്ത്യൻ ഫുട്ബോളിൽ മികച്ച യുവതാരങ്ങളെ സൃഷ്‌ടിച്ചില്ലെങ്കിൽ സമീപഭാവിയിൽ തന്നെ അതിന്റെ നിലവാരം വലിയ തോതിൽ ഇടിയുമെന്നും കാലാനുസൃതമായ മുന്നേറ്റം ഇന്ത്യൻ ഫുട്ബോളിന് ഉണ്ടാകുന്നില്ലെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

    ഐഎസ്എല്ലിലെയും ഇന്ത്യൻ ഫുട്ബോളിലെയും ക്ലബുകൾ യുവതാരങ്ങളെ വാർത്തെടുക്കുന്നത് തുടർന്നില്ലെങ്കിൽ അതിന്റെ ആഘാതം വളരെ പെട്ടന്നു തന്നെയുണ്ടാകും, ചിലപ്പോൾ രണ്ടു വർഷത്തിനുള്ളിൽ തന്നെ. യുവതാരങ്ങൾ കൂടുതലായി ഉയർന്നു വന്നിട്ടില്ലെങ്കിലും ഐഎസ്എല്ലിന്റെ നിലവാരം കുറഞ്ഞു തുടങ്ങും, അത് ദേശീയ ടീമിനെയും ബാധിക്കുമെന്നുറപ്പാണ്.”

    “ഏഷ്യൻ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നോക്കൂ, ഇന്ത്യൻ ഫുട്ബോൾ ടീം രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കളിക്കാർ മുഴുവൻ സമയവും നിർത്താതെ ഓടിക്കളിച്ച് അവരുടെ പരമാവധി നൽകിയിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാൻ അവർക്ക് കഴിഞ്ഞതേയില്ല.” അദ്ദേഹം പറഞ്ഞു.

    മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോളിന് വളർച്ച ഉണ്ടാകുന്നില്ലെന്നും ഇവാൻ പറയുന്നു. ഇതിനു മുൻപ് നടന്ന ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ പ്രകടനം വെച്ചു നോക്കുമ്പോൾ ഇത്തവണ ഒരു ഗോൾ നേടാൻ പോലും ഇന്ത്യക്ക് കഴിഞ്ഞില്ലെന്നത് ടീം അതിനേക്കാൾ മോശം നിലയിലാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കുന്നതായും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

    വുകോമനോവിച്ചിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. യുവതാരങ്ങളെ മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. ചെറിയ തലമുറയിലെ താരങ്ങൾക്ക് ഏറ്റവും മികച്ച പരിശീലനം നൽകി വളർത്തിയെടുത്താൽ മാത്രമേ അവർക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുകയുള്ളൂ.

  3. ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ ശബ്‌ദമായി മാറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ, മറ്റു ക്ലബുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കരുത്ത്

    Leave a Comment

    കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കരുത്ത് ഇന്ത്യൻ ഫുട്ബോളിൽ മാത്രമല്ല, ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് 2014ൽ മാത്രം രൂപീകരിക്കപ്പെട്ട ക്ലബ് രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻ ഗ്രൂപ്പായി മാറിക്കഴിഞ്ഞു. എതിരാളികൾ തന്നെ അംഗീകരിക്കുന്ന ആരാധകക്കരുത്താണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.

    കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ സ്വന്തം ക്ലബിന് മാത്രമല്ലെന്നത് ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ മുഖവും ശബ്‌ദവുമായി അവരെ മാറ്റുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ കപ്പ് മത്സരങ്ങൾക്കായി ഖത്തറിൽ എത്തിയപ്പോൾ അവർക്ക് എയർപോർട്ടിൽ ആവേശകരമായ സ്വീകരണം നൽകാൻ മുന്നിൽ നിന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആയിരുന്നു.

    ഖത്തറിലെ മഞ്ഞപ്പട വിങ്ങാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തറിൽ ആവേശകരമായ സ്വീകരണം നൽകിയത്. ഏഷ്യൻ കപ്പിനെത്തിയ മറ്റൊരു ടീമിനും ഇത്രയും ആവേശകരമായ ഒരു സ്വീകരണം ലഭിച്ചിട്ടുണ്ടാകില്ല. ഇന്ത്യൻ ഫുട്ബോൾ ടീം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് വൈക്കിങ് ക്ലാപ്പോടു കൂടിയാണ് ആരാധകർ അവരെ സ്വീകരിച്ചത്. അത് മികച്ചൊരു അനുഭവമായിരുന്നു.

    ഇന്ത്യൻ ഫുട്ബോൾ ടീമിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന പിന്തുണ ഇതാദ്യമായല്ല. ഇതിനു മുൻപ് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം കുവൈറ്റിൽ വെച്ച് നടന്നപ്പോഴും മഞ്ഞപ്പട മികച്ച പിന്തുണയുമായി എത്തിയിരുന്നു. ഇന്ത്യയിൽ എന്ന പോലെ നടന്ന ആ മത്സരത്തിൽ ആരാധക പിന്തുണയോടെ ഇന്ത്യ വിജയം നേടുകയും ചെയ്‌തു.

    ഇത്തരം പ്രവൃത്തികളിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഫാൻ ബേസായി തങ്ങൾ മാറിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് തെളിയിക്കുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യയിലെ പല ക്ളബുകൾക്കും ഇത്രയും മികച്ചൊരു ഫാൻ ആക്റ്റിവിറ്റി സംഘടിപ്പിക്കാൻ കഴിയുന്നില്ലെന്നിരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിദേശരാജ്യങ്ങളിൽ പോലും തങ്ങളുടെ ശക്തി തെളിയിക്കുന്നത്.

  4. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യയെ മികച്ചതാക്കാൻ കഴിയും, ഉറപ്പു നൽകി ആഴ്‌സൺ വെങ്ങർ

    Leave a Comment

    ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങർ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നു അദ്ദേഹം അതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് എത്തിയത്. ഒഡിഷയിലെ ഭുവനേശ്വറിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി നിർമിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പോകുന്ന അദ്ദേഹം അതിനു പുറമെ ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം കാണുകയും ചെയ്യും.

    ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ദിവസം വെങ്ങർ സംസാരിക്കുകയുണ്ടായി. 140 കോടി ജനങ്ങളുള്ള ഇന്ത്യ ഫുട്ബോളിൽ ഇത്രയും പിന്നിലായി പോകുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും അതിൽ മാറ്റമുണ്ടാക്കാൻ തനിക്ക് വളരെയധികം താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളെല്ലാം ഇവിടെയുണ്ടെന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇന്ത്യൻ ഫുട്ബോളിനെ വളർച്ചയിലേക്ക് നയിക്കാൻ കഴിയുമെന്നും വെങ്ങർ പറയുന്നു.

    ഫുട്ബോളിൽ ജപ്പാന്റെ കുതിപ്പിനെയാണ് ഇക്കാര്യത്തിൽ വേങ്ങർ ഉദാഹരണമായി പറഞ്ഞത്. 1995ൽ ജപ്പാൻ ഫുട്ബോൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുമ്പോൾ താനും അതിനൊപ്പം ഉണ്ടായിരുന്നുവെന്നും മൂന്നു വർഷങ്ങൾക്കകം അവർ ലോകകപ്പ് കളിച്ചുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഇന്ത്യയിലും ഫുട്ബോൾ വളർത്താൻ കഴിയുമെന്നും അതിനു അഞ്ചു മുതൽ പതിനഞ്ചു വരെ പ്രായമുള്ള താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഫുട്ബോളിന്റെ സാങ്കേതികതയിൽ ഊന്നി അതിനെ വളർത്താനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന ഒന്നാണ്. വെങ്ങറുടെ വാക്കുകൾ വളരെയധികം പ്രതീക്ഷ ഇന്ത്യൻ ഫുട്ബോളിന് നൽകുന്നുമുണ്ട്. ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള രണ്ടാം റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെയാണ് നേരിടുന്നത്. അതിൽ വിജയം നേടിയാൽ കൂടുതൽ ആത്മവിശ്വാസം ഇന്ത്യൻ ടീമിനുണ്ടാകും.

  5. ജ്യോത്സൻ പറഞ്ഞാൽ സ്റ്റിമാച്ച് അനുസരിക്കും, ഇന്ത്യൻ പരിശീലകൻ വിവാദത്തിൽ

    Leave a Comment

    ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ച് സ്‌ക്വാഡ് തീരുമാനം അടക്കമുള്ള കാര്യങ്ങളിൽ ജ്യോത്സന്റെ സഹായം തേടുന്നുവെന്ന് റിപ്പോർട്ടുകൾ. ന്യൂ ഇന്ത്യൻ എക്സ്പ്രെസ്സാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സുപ്രധാന വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടുന്നതിനു മുൻപ് ജ്യോത്സനു ലഭിക്കുന്നുണ്ടെന്നും അദ്ദേഹമാണ് അതിൽ മാറ്റങ്ങൾ നിർദ്ദേശിക്കാറുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    ഇന്ത്യൻ ഫുട്ബോൾ ടീം ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഒരു ജ്യോതിഷിയെ നിയമിച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വമ്പൻ തുകയാണ് ഇദ്ദേഹത്തിന് പ്രതിഫലമായി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവാദങ്ങൾ ഉണ്ടായതിനു പിന്നാലെയാണ് പരിശീലകൻ തന്നെ സഹായം തേടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ തന്നെയാണ് സ്റ്റിമാച്ചിന് ഈ ജ്യോതിഷിയെ പരിചയപ്പെടുത്തി നൽകിയത്.

    2022 ജൂണിൽ അഫ്‌ഗാനിസ്ഥാനെതിരെ നടന്ന ഏഷ്യ കപ്പ് മത്സരത്തിന് ഏതാനും ദിവസങ്ങൾ മുൻപ് ജ്യോത്സനു ടീം ലൈനപ്പ് സ്റ്റിമാച്ച് നൽകിയെന്നും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇദ്ദേഹം നിർദ്ദേശിച്ച മാറ്റങ്ങളുടെ ഭാഗമായി രണ്ടു പ്രധാന താരങ്ങളെ അന്നത്തെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും സൂചനകളുണ്ട്. താരങ്ങളുടെ പരിക്ക്, സബ്സ്റ്റിറ്റ്‌യൂഷൻ തുടങ്ങിയ കാര്യങ്ങളിലും ജ്യോതിഷിയുടെ ഇടപെടൽ ഉണ്ടാകും.

    2023ൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ നിന്നും മികച്ച പ്രകടനമാണ് ഉണ്ടായത്. മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയ ഇന്ത്യ തങ്ങളേക്കാൾ മികച്ച ടീമുകളെ അട്ടിമറിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പടവുകൾ താണ്ടുകയാണെന്ന് ആരാധകർ ഒന്നടങ്കം വിശ്വസിക്കുമ്പോഴാണ് ഇതുപോലെയുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇത് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം നിരാശരാക്കുന്ന കാര്യമാണ്.

  6. ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ഫുട്ബോൾ ടീമില്ല, കായികമന്ത്രാലയവും എഐഎഫ്എഫും രണ്ടു തട്ടിൽ

    Leave a Comment

    ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഈ വർഷം കളിച്ച മൂന്നു ടൂർണമെന്റുകളിലും അവർ കിരീടം സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബോൾ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇന്ത്യയിൽ മാത്രം മത്സരങ്ങൾ കളിപ്പിക്കുന്നതിനു പകരം മറ്റു രാജ്യങ്ങളിൽ കൂടുതൽ മികച്ച ടീമിനെതിരെ കളിപ്പിക്കണമെന്ന് പരിശീലകൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

    എന്നാൽ അതിനു നേരെ വിരുദ്ധമായ നിലപാടാണ് ഇന്ത്യൻ സ്പോർട്ട്സ് മിനിസ്ട്രിയുടെതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കേണ്ടെന്ന തീരുമാനമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ചിരിക്കുന്നത്.

    ഏഷ്യൻ ഗെയിംസിൽ ടീം ഇനങ്ങളിൽ പങ്കെടുക്കാൻ ഏഷ്യൻ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തിനുള്ളിൽ ഉണ്ടാകണം എന്ന മാനദണ്ഡമാണ് മന്ത്രാലയം നൽകുന്നത്. എന്നാൽ ഇന്ത്യയുടെ നിലവിലെ ഏഷ്യൻ റാങ്കിങ് പതിനെട്ടാണ്. അതിനാൽ ടീമിനെ അയക്കാൻ പറ്റില്ലെന്നാണ് മന്ത്രാലയം പറയുന്നത്. എന്നാൽ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കാനുള്ള സമ്മർദ്ദം ചെലുത്തുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നു.

    അണ്ടർ 23 താരങ്ങളെയാണ് ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കുക. അണ്ടർ 23 അല്ലാത്ത മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. നിലവിൽ ഫുട്ബോളിന്റെ എല്ലാ കാറ്റഗറിയിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഏഷ്യൻ ഗെയിംസ് പോലെയുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് ഫുട്ബോളിന്റെ വളർച്ചക്ക് ഗുണമേ ചെയ്യൂവെന്ന കാര്യത്തിൽ സംശയമില്ല.

  7. ഇന്ത്യൻ ലോകകപ്പ് കളിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം, തുറന്നടിച്ച് പരിശീലകൻ സ്റ്റിമാച്ച്

    Leave a Comment

    ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായതിനു ശേഷം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനു കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. ഈ വർഷത്തിൽ കളിച്ച മൂന്നു ടൂർണമെന്റുകളിലും കിരീടം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അതിൽ കരുത്തരായ കുവൈറ്റിലെ തോൽപ്പിച്ചു നേടിയ സാഫ് കപ്പും ഉൾപ്പെടുന്നു.

    എന്നാൽ ഇന്ത്യൻ ഫുട്ബോൾ ഇനിയും മാറേണ്ടതുണ്ടെന്നും അതിനായി നിരവധി കാര്യങ്ങളിൽ മാറ്റം വരേണ്ടതുണ്ടെന്നുമാണ് ഇഗോർ സ്റ്റിമാച്ച് പറയുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചില മോശം സ്വഭാവം ഇന്ത്യൻ താരങ്ങൾക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഗോളിലേക്ക് ഷോട്ടുതിർക്കേണ്ട സമയത്ത് വരെ പാസ് നൽകാൻ ശ്രമിക്കുന്നത് അതിന്റെ തെളിവാണെന്നും വളരെ പെട്ടന്ന് തന്നെ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറയുന്നു.

    ഇന്ത്യൻ സൂപ്പർലീഗ് ചുരുങ്ങിയത് പതിനാറു ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റായി നടത്തണമെന്നാണ് സ്റ്റിമാച്ച് മുന്നോട്ടു വെക്കുന്ന പ്രധാനപ്പെട്ട ആവശ്യം. അതിനൊപ്പം ഫുട്ബോൾ സീസണിന്റെ ദൈർഘ്യം വർധിപ്പിച്ച് എട്ടു മാസമായി നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടു പ്രധാനപ്പെട്ട ലീഗുകൾ നടത്തണമെന്നും ഇന്ത്യൻ കളിക്കാർക്ക് ക്ലബിൽ പരിഗണന ഉറപ്പു വരുത്തണമെന്നും അദ്ദേഹം മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങളാണ്.

    ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മനോഗതി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 120 മിനുട്ടും ഒരേ തീവ്രതയോടെ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയുന്നത് നല്ലൊരു അടയാളമാണെന്നും ഇപ്പോഴത്തെ മുന്നോട്ടു പൊക്കിൽ ഒരു ചുവടു പിഴച്ചാൽ എതിരാളികളുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ഇവിടെ മാത്രം കളിക്കാതെ മറ്റു രാജ്യങ്ങളിൽ പോയി മത്സരങ്ങൾ കളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

  8. ഒരു വർഷത്തിനുള്ളിൽ നേടിയത് മൂന്നു കിരീടങ്ങൾ, അവിശ്വസനീയ കുതിപ്പിൽ ഇന്ത്യൻ ഫുട്ബോൾ

    Leave a Comment

    സാഫ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുവൈറ്റിന്റെ വെല്ലുവിളിയെ മറികടന്ന് ഇന്ത്യയാണ് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം നേടിയത്. സെമി ഫൈനലിലും ഫൈനലിലും ഇന്ത്യയുടെ രക്ഷകനായത് ഗോൾകീപ്പർ ഗുർപ്രീത് ആയിരുന്നു.

    സാഫ് ചാമ്പ്യൻഷിപ്പ് വിജയത്തോടെ ഈ വർഷം പിറന്നതിനു ശേഷം മൂന്നാമത്തെ കിരീടമാണ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുന്നത്. ഇന്ത്യൻ ടീം ആദ്യം നേടിയ ത്രിരാഷ്ട്ര സീരീസ് ആയിരുന്നു. കിർഗിസ്ഥാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ കളിച്ച ടൂർണമെന്റ് മാർച്ചിലാണ്‌ നടന്നത്. മ്യാൻമറിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി.

    അതിനു ശേഷം കഴിഞ്ഞ മാസം നടന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിലും ഇന്ത്യ കിരീടം നേടി. ലെബനൻ, വനൗട്ട്, മംഗോളിയ ടീമുകൾ കളിച്ച ടൂർണമെന്റിൽ ലെബനനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. അതിനു പുറമെയാണ് ലെബനൻ, കുവൈറ്റ് എന്നീ ടീമുകളുടെ വെല്ലുവിളി മറികടന്ന് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയത്.

    ഇന്ത്യൻ ഫുട്ബോൾ വലിയ മുന്നേറ്റമാണുണ്ടാക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ചില ടൂർണമെന്റുകളിൽ എതിരാളികൾ ദുർബലരാണെങ്കിലും ലെബനൻ, കുവൈറ്റ് എന്നീ ടീമുകൾ ഇന്ത്യക്കൊപ്പമോ ഇന്ത്യയെക്കാളോ കറുത്ത് കാണിക്കുന്നവരാണ്. എന്തായാലും ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് ഇന്ത്യ കാഴ്‌ച വെക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

  9. അഭിനന്ദനവുമായി ഇന്ത്യൻ ടീമും ആരാധകരും, കുവൈറ്റ് മടങ്ങിയത് മനസു നിറഞ്ഞ്

    Leave a Comment

    സാഫ് ചാമ്പ്യൻഷിപ്പിൽ കുവൈറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി. ബെംഗളൂരുവിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കുവൈറ്റിന് തൊട്ടു പിന്നിലായിരുന്നു ഇന്ത്യയെങ്കിലും കലാശപ്പോരാട്ടത്തിൽ അവരെ കീഴടക്കാൻ കഴിഞ്ഞു. രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്.

    ഇന്ത്യയിൽ ഫുട്ബോൾ ആവേശം കൂടി വരുന്നതിന്റെ ലക്ഷണങ്ങൾ കൃത്യമായി കാണിച്ചു തന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ നടന്നത്. ആദ്യം മുതൽ അവസാനം വരെ കാണികൾ ഇന്ത്യൻ ടീമിനായി ആർപ്പു വിളിച്ചു. പതിനാലാം മിനുട്ടിൽ ഗോൾ വഴങ്ങേണ്ടി വന്നിട്ടും ഇന്ത്യയെ തിരിച്ചുവരാൻ പ്രേരിപ്പിച്ചത് ആരാധകരുടെ അകമഴിഞ്ഞ പിന്തുണ തന്നെയാണ്.

    മത്സരത്തിൽ ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച കുവൈറ്റും ആരാധകരുടെ അഭിനന്ദനം വാങ്ങിയാണ് സ്റ്റേഡിയം വിട്ടത്. ആദ്യം ഇന്ത്യൻ ടീമിലെ താരങ്ങൾ ഒരുമിച്ച് കുവൈറ്റ് ടീമിന് അഭിനന്ദനം നൽകി. അതിനു ശേഷം ആരാധകർ ഒന്നടങ്കം കയ്യടിച്ച് ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ഇത് കുവൈറ്റിന് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

    ഫിഫ റാങ്കിങ്ങിൽ ഇരുപത്തിനാലാം സ്ഥാനത്തു വരെയെത്തിയ ചരിത്രമുള്ള കുവൈറ്റ് മികച്ച ടീമാണ്. അവർക്കെതിരെ നേടിയ വിജയം ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. ഈ വർഷത്തിൽ മൂന്നാമത്തെ കിരീടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഇത് ഇത്യൻ ഫുട്ബോളിനും ഉണർവ് നൽകുന്നു.

  10. തുടക്കം മുതൽ അവസാനം വരെ കോട്ടകെട്ടി, ഇന്ത്യയുടെ വിജയം ഗുർപ്രീതിനു അവകാശപ്പെട്ടത്

    Leave a Comment

    സാഫ് ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനൽ പോരാട്ടം ആരാധകർക്ക് ആവേശകരമായ അനുഭവമാണ് നൽകിയത്. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയ മത്സരത്തിൽ പക്ഷെ ഗോളുകളൊന്നും പിറന്നില്ല. എക്‌സ്ട്രാ ടൈമും പിന്നിട്ടു ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇന്ത്യ വിജയം നേടി സാഫ് ചാമ്പ്യൻഷിപ്പ് സെമിയിലേക്ക് കടന്നത്.

    ഇന്ത്യയുടെ വിജയത്തിൽ നന്ദി പറയേണ്ടത് ടീമിന്റെ ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധുവിനോടാണ്. തുടക്കം മുതൽ ഒടുക്കം നടന്ന ഷൂട്ടൗട്ടിൽ വരെ താരത്തിന്റെ ചോരാത്ത കൈകൾ ഇന്ത്യൻ ടീമിന്റെ രക്ഷക്കായി എത്തി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു വൺ ഓൺ വൺ അവസരം ലെബനന് ലഭിച്ചത് രക്ഷപ്പെടുത്തിയാണ് താരം തുടക്കമിട്ടത്.

    അതിനു ശേഷം ഇന്ത്യ മുൻ‌തൂക്കം നേടിയ മത്സരത്തിൽ പിന്നീട് ഗുർപ്രീത് രക്ഷക്കായി എത്തുന്നത് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപായിരുന്നു. ലെബനൻ നായകൻ എടുത്ത ഫ്രീ കിക്ക് എല്ലാവരും ഗോളാകുമെന്നു തന്നെയാണ് ഉറപ്പിച്ചത്. എന്നാൽ ഇടതുവശത്തേക്ക് പറന്നു ചാടിയ ഗുർപ്രീത് മികച്ച മെയ്‌വഴക്കത്തോടെ അത് തട്ടിയകറ്റിയത് ലെബനൻ താരങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

    അതിനു ശേഷവും ലെബനൻ നടത്തിയ മുന്നേറ്റങ്ങളെ ഇന്ത്യൻ പ്രതിരോധവും ഗുർപ്രീതും ചേർന്ന് തടഞ്ഞു നിർത്തി. ഷൂട്ടൗട്ടിൽ ലെബനൻ താരമെടുത്ത ആദ്യത്തെ ഫ്രീ കിക്ക് തന്നെ സേവ് ചെയ്‌ത താരം ഇന്ത്യക്ക് ആത്മവിശ്വാസം നൽകി. അതിനു ശേഷം ഇന്ത്യൻ താരങ്ങൾ എല്ലാ കിക്കുകളും ഗോളാക്കി മാറ്റുകയും നാലാമത്തെ കിക്കെടുത്ത ലെബനൻ താരം തുലക്കുകയും ചെയ്‌തതോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.