Tag Archive: FIFA

  1. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിനെ വിലക്കി ഫിഫ, കാരണം പ്രീമിയർ ലീഗിൽ നിന്നുള്ള ട്രാൻസ്‌ഫർ

    Leave a Comment

    കഴിഞ്ഞ ലോകകപ്പിന് ശേഷമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുന്നത്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിട്ടുണ്ട്. സൗദി അറേബ്യൻ ഫുട്ബോളിലെ തന്നെ വലിയൊരു മാറ്റത്തിനാണ് ഇതിനായി തുടക്കമിട്ടതെന്ന കാര്യത്തിൽ സംശയമില്ല.

    റൊണാൾഡോക്ക് പിന്നാലെ സൗദി അറേബ്യൻ ക്ളബുകളിലേക്ക് യൂറോപ്പിൽ നിന്നുള്ള താരങ്ങൾ ഒഴുകുന്നുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കരിം ബെൻസിമ, എൻഗോളോ കാന്റെ, എഡ്വേർഡ് മെൻഡി, ഫിർമിനോ തുടങ്ങി നിരവധി താരങ്ങൾ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്. റൊണാൾഡോയുടെ ക്ലബായ അൽ നസ്‌റും യൂറോപ്പിൽ നിന്നുള്ള ഏതാനും താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.

    എന്നാൽ അൽ നസ്‌റിനെ സംബന്ധിച്ച് താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ ചെറിയൊരു തിരിച്ചടി സംഭവിച്ചിട്ടുണ്ട്. 2018ൽ നടന്ന ഒരു ട്രാൻസ്‌ഫറിന്റെ ഉടമ്പടികൾ പാലിക്കാത്തതു കാരണം സൗദി അറേബ്യൻ ക്ലബിനെതിരെ ഫിഫയുടെ വിലക്ക് വന്നിട്ടുണ്ട്. ലൈസ്റ്റർ സിറ്റിയിൽ നിന്നും അഹ്മദ് മൂസയെ സ്വന്തമാക്കിയ ഡീലാണ് ഇതിനു കാരണമായത്.

    റഷ്യൻ ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് അഹ്മദ് മൂസ അൽ നസ്റിൽ എത്തിയത്. എന്നാൽ താരത്തിന്റെ കരാറിലേ ഉടമ്പടികൾ പ്രകാരം നൽകാനുള്ള തുക അൽ നസ്ർ നൽകിയില്ലെന്ന് കാണിച്ചാണ് ലൈസ്റ്റർ സിറ്റി പരാതി നൽകിയത്. ഇതാണ് വിലക്കിനു കാരണമായത്. വിലക്കുള്ള സമയത്ത് പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ അൽ നസ്റിന് കഴിയില്ല.

    ഏതാണ്ട് നാല് ലക്ഷം പൗണ്ട് പിഴയായി അടച്ചാൽ വിലക്ക് നീക്കിക്കൊടുക്കും. നിലവിലെ സാഹചര്യത്തിൽ അൽ നസ്ർ ആ തുക നൽകാനാണ് സാധ്യത. ഇന്റർ മിലാനിൽ നിന്നും ബ്രോസവിച്ചിനെ ടീമിലെത്തിച്ച അൽ നസ്ർ മറ്റു ചില യൂറോപ്യൻ താരങ്ങളെക്കൂടി നോട്ടമിട്ടിട്ടുണ്ട്.

  2. ഇനി ഫുട്ബോളിൽ ഗോളടിമേളമാകും, ഓഫ്‌സൈഡ് നിയമത്തിൽ മാറ്റം തീരുമാനിച്ച് ഫിഫ

    Leave a Comment

    ഫുട്ബോളിനെ കാലാനുവർത്തിയായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് സ്വാഭാവികമാണ്. അതിനു പുറമെ തീരുമാനങ്ങൾ കുറ്റമറ്റതാക്കി മാറ്റുന്നതിനു വേണ്ടി സാങ്കേതികവിദ്യയും മൈതാനങ്ങളിൽ ഉപയോഗിക്കുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഫുട്ബോളിലെ ഓഫ്‌സൈഡ് നിയമത്തിൽ മാറ്റം വരുത്താൻ ഫിഫ അംഗീകാരം നൽകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    പന്ത് പാസ് നൽകുന്ന സമയത്ത് അറ്റാക്കിങ് പ്ലേയറുടെ ഗോളടിക്കാൻ അനുവദനീയമായ ശരീരഭാഗം ഡിഫെൻസിവ് ലൈനിനു മുന്നിൽ കടന്നാൽ ഓഫ്‌സൈഡായി കണക്കാക്കുമെന്നാണ് നിലവിലെ നിയമം. ഫോർവേഡ് പ്ലെയറുടെ കാൽപ്പാദത്തിന്റെ ഒരു ഭാഗം വരെ മുന്നിൽ കടന്നാലും ഇത്തരത്തിൽ ഓഫ്‌സൈഡായി കണക്കുകൂട്ടും. ഈ നിയമമാണ് ഫിഫ മാറ്റാനായി ഒരുങ്ങുന്നത്.

    പരിഷ്‌കരിക്കാൻ ഒരുങ്ങുന്ന നിയമപ്രകാരം ഇത്തരത്തിൽ ഏതെങ്കിലും ഒരു ശരീരഭാഗം ഡിഫെൻസിവ് ലൈനിനു മുന്നിൽ വന്നാൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടില്ല. മറിച്ച് അറ്റാക്കിങ് പ്ലെയറുടെ ശരീരം മുഴുവനും മുന്നിൽ വന്നെങ്കിലെ ഓഫ്‌സൈഡ് വിളിക്കുകയുള്ളൂ. അതിനർത്ഥം പന്ത് പാസ് ചെയ്യുന്ന സമയത്ത് ഒരു കാൽപ്പാദം എങ്കിലും ഡിഫെൻസിവ് ലൈനിനു പിന്നിലാണെങ്കിൽ അത് ഓഫ്‌സൈഡായി കണക്കു കൂട്ടില്ലെന്നാണ്.

    മുന്നേറ്റനിര താരങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് ഈ നിയമം. അതേസമയം ഇത് ഉടനെ എല്ലായിടത്തും നടപ്പിൽ വരുത്താൻ ഫിഫ ഉദ്ദേശിക്കുന്നില്ല. ഹോളണ്ട്, സ്വീഡൻ, ഇറ്റലി എന്നിവിടങ്ങളിൽ പരീക്ഷണം എന്ന നിലയിൽ നടപ്പിലാക്കി പരിശോധിച്ചതിനു ശേഷമേ ഇത് സ്ഥിരമാക്കൂ. എന്തായാലും നടപ്പിൽ വന്നാൽ ഡിഫെൻഡർമാർക്ക് പണി കൂടുമെന്നതിൽ സംശയമില്ല.

  3. ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാര പട്ടിക; സൗദി ക്ലബിലേക്ക് പോയ ക്രിസ്റ്റിയായ്ക്ക് ഇടമില്ല, ആരാധകര്‍ക്ക് ഞെട്ടല്‍

    Leave a Comment

    സൂറിച്ച്: പ്രമുഖതാരങ്ങളെല്ലാം ഇടംപിടിച്ച ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാര പട്ടികയില്‍ നിന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്. അടുത്തിടെ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ഒഴിവാക്കി റോണോ സൗദി ക്ലബ് അല്‍-നസറിലേക്ക് റെക്കോര്‍ഡ് തുകക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയെത്തിയ ഫിഫ പട്ടികയില്‍ നിന്നാണ് 37കാരനെ ഒഴിവാക്കിയത്. അര്‍ജന്റീന്‍ സൂപ്പര്‍താരം ലയണല്‍ മെസി പട്ടികയിലുണ്ട്.


    ബ്രസീല്‍താരം നെയ്മര്‍, ഫ്രാന്‍സ് യുവതാരം കിലിയന്‍ എംബാപെ, അര്‍ജന്റീനന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം, റയല്‍താരം കരീം ബെന്‍സേമ, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡിബ്രൂയ്ന്‍, എര്‍ലിംഗ് ഹാലന്‍ഡ്, മൊറോക്കോ താരം അചറഫ് ഹക്കീമി, പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, സെനഗലിന്റെ സാദിയോ മാനേ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച പുരുഷ താരങ്ങള്‍.
    അവസാന രണ്ട് തവണയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. വനിതകളില്‍ നിലവിലെ ജേതാവ് ബാഴ്‌സലോണയുടെ അലക്‌സിയ പ്യൂട്ടെല്ലാസ്, ചെല്‍സിയുടെ സാം കെര്‍, ആഴ്‌സണലിന്റെ ബേത്ത് മീഡ് തുടങ്ങിയവര്‍ ചുരുക്കപ്പട്ടികയിലുണ്ട്. അര്‍ജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലെത്തിച്ച പരിശീലകന്‍ ലിയോണല്‍ സ്‌കലോണി, റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിരീടംനേടികൊടുത്ത കാര്‍ലോ ആഞ്ചലോട്ടി, ഫ്രാന്‍സിനെ തുടര്‍ച്ചയായി രണ്ടാംലോകകപ്പിലും ഫൈനലിലെത്തിച്ച ദിദിയര്‍ ദെഷാപ്‌സ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, മൊറോക്കോയുടെ വാലിദ് റെഗ്രാഗുയി എന്നിവരാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.


    മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിനായി അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസ്, ബ്രസീലിന്റെ അലിസണ്‍ ബെക്കര്‍, മൊറോക്കോയുടെ യാസീന്‍ ബോനോ, ബെല്‍ജിയംതാരം തിബോത് കോര്‍ത്വ, എഡേഴ്‌സണ്‍ എന്നിവര്‍ ചുരുക്കപ്പട്ടികയിലെത്തി. ഫെബ്രുവരി മൂന്ന് വരെ ഫിഫ വെബ്‌സൈറ്റില്‍ വോട്ട് രേഖപ്പെടുത്താം. വോട്ടിംഗ് നാലായി വിഭജിച്ചിരിക്കുന്നു. ആരാധകര്‍, ദേശീയ ടീമുകളുടെ നായകന്‍മാര്‍, പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം വീതം. ഫെബ്രുവരി ഇരുപത്തിയേഴിനാണ് ഫിഫ ദി ബെസ്റ്റ് ജേതാക്കളെ പ്രഖ്യാപിക്കുക.


    ലോകകപ്പില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതാണ് റൊണാള്‍ഡോയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നാണ് പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും റോണോ പലപ്പോഴും മികച്ചപ്രകടനം പുറത്തെടുത്തില്ല. കഴിഞ്ഞതവണ പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്ന താരത്തെ ഒഴിവാക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിഷേധവുമയര്‍ത്തുന്നുണ്ട്. റെക്കോര്‍ഡ് തുകക്ക് സൗദി ക്ലബിലെത്തിയ ക്രിസ്റ്റിയാനോ ക്ലബിനുവേണ്ടി ആദ്യമത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്.

     

  4. ഫിഫ ഫുട്‌ബോളര്‍ പുരസ്‌കാരം; സാധ്യതാ പട്ടികയില്‍ ഈ താരങ്ങള്‍ മുന്നില്‍

    Leave a Comment

    ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് പിന്നാലെ ഫിഫയുടെ മികച്ചതാരമായി ആരുതെരഞ്ഞെടുക്കപ്പെടും. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കാനിരിക്കുന്ന അവാര്‍ഡിലേക്ക് പരിഗണിക്കുന്നവരില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയും ഫ്രാന്‍സ് സൂപ്പര്‍താരവും ഗോള്‍ഡന്‍ ബൂട്ട് ജേതാവുമായ കിലിയന്‍ എംബാപെയുമാണ് മുന്നിലുള്ളത്.

    ഫൈനലില്‍ കളിച്ച ഇരുടീമിനുമായി ഈ താരങ്ങളുടെ വ്യക്തിഗത മികവ് പ്രധാനമായിരുന്നു. ഫൈനലില്‍ ഹാട്രിക് അടക്കം എംബാപെ സ്വന്തമാക്കിയപ്പോള്‍ ഗോളടിച്ച് മെസിയും തിളങ്ങിയിരുന്നു.


    32 ടീമുകള്‍ മാറ്റുരച്ച ഖത്തര്‍ ലോകകപ്പിലെ പ്രകടനം പുരസ്‌കാരത്തിന് പ്രഥമപരിഗണനയാകുമെന്ന് ഫിഫ വ്യക്തമാക്കുന്നു. മെസിയ്ക്കും എംബാപ്പെക്കും പുറമെ ഒട്ടേറെ കളിക്കാര്‍ ലോകകപ്പിനെ അടയാളപ്പെടുത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാവും ഫിഫ മികച്ചതാരത്തെ തിരഞ്ഞെടുക്കുക.

    റയല്‍മാഡ്രിഡില്‍ അഞ്ചാമത് ചാമ്പ്യന്‍സ് ലീഗ് കിരീടവും ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാംസ്ഥാനത്തെത്തിച്ച പ്രകടനവും ലൂക്കാമോഡ്രിച്ചിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. മികച്ച താരത്തിന് പുറമെ പരിശീലകനായി അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി, ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാപ്‌സ്, മൊറോക്കോയെ സെമിയിലെത്തിച്ച് അത്ഭുതംതീര്‍ത്ത വലീദ് റെഗ്‌റാഗ്വി, റയല്‍മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലെത്തിച്ച കാര്‍ലോസ് അഞ്ചലോട്ടി തുടങ്ങിവരും പരിഗണനയിലുണ്ട്.

    ഫിഫ ലോകകപ്പിന് പുറമെ ബാലന്‍ഡിയോര്‍ പുരസ്‌കാരസാധ്യതാപട്ടികയും മെസിയും എംബാപെയും തന്നെയാണ് മുന്നില്‍. ലോകകപ്പ് നേട്ടത്തിന് പുറമെ ചാമ്പ്യന്‍സ് ലീഗ് കിരീടം പി.എസ്.ജിക്ക് വേണ്ടി നേടാനാകുമെന്ന ആത്മവിശ്വാസമാണ് മെസിക്കുള്ളത്.

    ക്ലബുമായുള്ള കരാര്‍ പുതുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മെസി,എംബാപെ,നെയ്മര്‍ തുടങ്ങി മികച്ച മുന്നേറ്റനിരയുണ്ടായിട്ടും കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ മികച്ച പ്രകടനത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഫ്രഞ്ച് ക്ലബ്. കഴിഞ്ഞ ബാലന്‍ഡിയോര്‍ പുരസ്‌കാരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമക്കാണ് ലഭിച്ചത്.

  5. 2026 ലോകകപ്പിൽ കളിക്കാൻ ഇന്ത്യക്കു കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

    Leave a Comment

    ഇന്ത്യയിലെ ഫുട്ബോൾ സ്നേഹമെന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഒരു ലോകകപ്പാണ് കടന്നു പോയത്. ഖത്തറിൽ ആർത്തിരമ്പിയ ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ കാണികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ആരാധകർക്ക് വലിയ അത്ഭുതമായിരുന്നു. ഫിഫ ഫാൻ ഫെസ്റ്റിവലിൽ വെച്ച് ഇന്ത്യയിലെ ആരാധകർ എവിടെയെന്ന് ഫിഫ പ്രസിഡന്റ് ചോദിച്ചപ്പോൾ ഉയർന്ന ആരവവും അതിനു തെളിവാണ്. ലോകകപ്പ് വിജയം നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക പേജ് ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബോൾ ആരാധകർക്ക് നന്ദി പറയുകയും ചെയ്‌തിരുന്നു.

    ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് സന്തോഷം നൽകുന്ന വാർത്തയുമായി എത്തുകയാണ് ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ. 2026ൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയതായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ അദ്ദേഹം ആരാധകരുടെ ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുന്ന സമയത്താണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യ 2026 ലോകകപ്പ് കളിക്കുമോയെന്നും ഞങ്ങളത് കാണാൻ കാത്തിരിക്കുന്നുവെന്നുമാണ് ഒരു ആരാധകൻ ചോദിച്ചത്.

    “അതിനു കഴിയുമെന്ന് ഞാൻ കരുതുന്നു. 2026 ലോകകപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് കളിക്കുന്നത് എന്നതിനാൽ ഇന്ത്യക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ ആരാധകർക്ക് എനിക്ക് ഉറപ്പു നൽകാൻ കഴിയുന്ന ഒരേയൊരു കാര്യം ഞങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ വളർച്ചക്കായി വലിയ നിക്ഷേപം നടത്തുന്നുണ്ട് എന്നതാണ്. വലിയൊരു രാജ്യമായ ഇന്ത്യയിൽ മികച്ച ഫുട്ബോൾ ടീമും ഫുട്ബോൾ മത്സരങ്ങളും വരേണ്ടത് തീർച്ചയായും ആവശ്യമാണ്.” അദ്ദേഹം ഇൻസ്റ്റഗ്രാം ആസ്‌ക് മി എ സംതിങ് സെഷനിൽ പറഞ്ഞു.

    ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇൻഫാന്റിനോയുടെ വാക്കുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫുട്ബോളിലെ എല്ലാ രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ചെറിയ രാജ്യങ്ങൾക്കും ഫുട്ബോളിൽ കൃത്യമായ ഇടം ലഭിക്കാനുള്ള പ്രയത്നങ്ങളും ഇൻഫാന്റിനോ നടത്തുന്നു. ഫിഫ കൃത്യമായി മേൽനോട്ടം വഹിച്ചാൽ ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പടവുകൾ താണ്ടുമെന്നതിൽ സംശയമില്ല. 2026 ലോകകപ്പിൽ കളിക്കുന്നത് ഇപ്പോഴും സ്വപ്‌നമാണെങ്കിലും ലോകകപ്പിൽ കളിക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം അത്ര ദൂരത്തല്ല.

  6. ഖത്തർ ലോകകപ്പ് ചരിത്രമായി, ഫുട്ബോളിൽ വിപ്ലവമാറ്റത്തിനൊരുങ്ങി ഫിഫ

    Leave a Comment

    ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്നു വിളിക്കാവുന്ന ടൂർണമെന്റാണ് ഖത്തറിൽ നടന്നത്. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ തന്നെ പല തവണ ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ ലോകകപ്പിന്റെ വലിയ വിജയം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതിലെ പ്രധാനമാറ്റം നാല് വർഷത്തിലൊരിക്കൽ നടന്നിരുന്ന ലോകകപ്പ് മൂന്നു വർഷത്തിലൊരിക്കൽ നടത്തുകയെന്നതാണ്. ഇതിനുള്ള നീക്കങ്ങൾ ഫിഫ ഉടനെ ആരംഭിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്.

    കായികപരമായും വാണിജ്യപരമായും ഖത്തർ ലോകകപ്പ് വലിയ വിജയമാണ് സൃഷ്‌ടിച്ചത്. കഴിഞ്ഞ റഷ്യൻ ലോകകപ്പിനെ അപേക്ഷിച്ച് 840 മില്യൺ പൗണ്ട് അധികവരുമാനം സൃഷ്‌ടിച്ച ലോകകപ്പ് ഇത്തവണ 6.2 ബില്യൺ യൂറോ വരുമാനമാണ് ഉണ്ടാക്കിയത്. സാധാരണ ജൂൺ മാസങ്ങളിൽ നടത്താറുള്ള ലോകകപ്പ് ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താനുള്ള തീരുമാനവും വലിയ മാറ്റങ്ങളുണ്ടാക്കി. ഇത് ഫുട്ബോളിനെ കൂടുതൽ ആഗോളീകരിക്കാനുള്ള ഫിഫയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരും.

    ഖത്തർ ലോകകപ്പിന്റെ വിജയം ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങളിൽ പ്രധാന ടൂർണമെന്റുകൾ നടത്താൻ ഫിഫക്ക് കൂടുതൽ താല്പര്യമുണ്ടാക്കും. നവംബർ, ഡിസംബർ മാസങ്ങളിലെ ലോകകപ്പ് ക്ലബ് സീസണിന്റെ ഇടയിൽ നടക്കുന്നതിനാൽ പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ടൂർണമെന്റിന്റെ ബാധിച്ചില്ല. പരിക്ക് സ്വാഭാവികമായ രീതിയിൽ തന്നെയുണ്ടായപ്പോൾ മത്സരങ്ങളുടെ നിലവാരം വർധിക്കുകയും ചെയ്‌തു.

    ലോകകപ്പ് ടൂർണമെന്റുകൾക്കിടയിലെ ദൈർഘ്യം കുറക്കാൻ ഫിഫ നേരത്തെ തന്നെ ശ്രമം നടത്തുന്നുണ്ട്. ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങർ രണ്ടു വര്ഷം കൂടുമ്പോൾ ലോകകപ്പെന്ന പദ്ധതി ഇതിനു മുൻപ് മുന്നോട്ടു വെക്കുകയുണ്ടായി. എന്നാൽ ഇതിനെ വിവിധ കോൺഫെഡറേഷനുകൾ ശക്തമായി എതിർത്തതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതിയും യൂറോ കപ്പ് അടക്കമുള്ള ടൂർണമെന്റുകളെ ബാധിക്കാൻ സാധ്യതയുണ്ട്.

    മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതി ഫിഫ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും അത് നടപ്പിലാവാൻ 2030 കഴിയും. അതുവരെയുള്ള ഇന്റർനാഷണൽ ടൂർണമെന്റുകൾ ഇപ്പോൾ തന്നെ തീരുമാനമായിട്ടുണ്ട്. ജിയാനി ഇഫാന്റിനോ 2031 വരെ ഫിഫ പ്രസിഡന്റായി തുടരും എന്നതിനാൽ ഫിഫയുടെ ഈ തീരുമാനം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

  7. ഫുട്ബോളിലെ യൂറോപ്യൻ മേധാവിത്വത്തിനു വെല്ലുവിളി, പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ച് ഫിഫ

    Leave a Comment

    ഫുട്ബോളിൽ വളരെക്കാലമായി തുടരുന്ന യൂറോപ്യൻ ആധിപത്യത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളുമായി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ബദലാവാൻ കഴിയുന്ന തരത്തിൽ ക്ലബ് ലോകകപ്പ് നടത്തുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. മൂന്നു വർഷം കൂടുമ്പോൾ 32 ടീമുകളെ ഉൾപ്പെടുത്തിയാണ് ഫിഫ ക്ലബ് ലോകകപ്പ് നടത്താനൊരുങ്ങുന്നത്. 2025 മുതൽ ആരംഭിക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷന് ഖത്തർ ലോകകപ്പിന്റെ സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ തുടക്കമാകും.

    നിലവിൽ ആറു കോൺഫെഡറേഷനിൽ നിന്നും ഏഴു ക്ലബുകൾ മാത്രമാണ് ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നത്. വർഷാവർഷം നടക്കാറുള്ള ഈ ടൂർണമെന്റിന് യൂറോപ്പിൽ നിന്നുള്ള പ്രതിനിധി മാത്രം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. എന്നാൽ പുതിയ ക്ലബ് ലോകകപ്പിൽ മുപ്പത്തിരണ്ട് ടീമുകളാണ് എന്നതിനാൽ ഓരോ ക്ലബുകളും ഗ്രുപ്പ് ഘട്ടം മുതൽ കളിക്കേണ്ടി വരും. യൂറോപ്പിലെ വമ്പൻ ക്ലബുകളുമായി മറ്റു ഫുട്ബോൾ കോൺഫെഡറേഷനുകളിലെ ക്ലബുകൾക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

    ഇതിനു പുറമെ ഒരു വേൾഡ് സീരീസ് നടത്താനും ഫിഫ പദ്ധതിയിടുന്നുണ്ട്. ഓരോ ഫുട്ബോൾ കോൺഫെഡറേഷനിലെയും നാല് വീതം ടീമുകളെ ഉൾപ്പെടുത്തി മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിലാണ് ഇത് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ വനിതകളുടെ ക്ലബ് ലോകകപ്പ് ആരംഭിക്കാനും ഫിഫ പദ്ധതിയിടുന്നു. ഇതിന്റെ പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഇതേക്കുറിച്ചുള്ള അന്തിമരൂപവും എന്നു മുതലാണ് ആരംഭിക്കുക എന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്തായാലും വലിയ മാറ്റങ്ങൾക്ക് തന്നെയാണ് അദ്ദേഹം ഫുട്ബോൾ ലോകത്ത് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.

    പുതിയ ക്ലബ് ലോകകപ്പും വേൾഡ് സീരീസും ഫുട്ബോളിൽ പല ചെറിയ രാജ്യങ്ങൾക്കും അവിടത്തെ ക്ലബുകൾക്കും വമ്പൻ ടീമുകളുമായി പൊരുതാനുള്ള അവസരം ഒരുക്കുന്ന ഒന്നാണ്. ഇത് അതാത് രാജ്യങ്ങളിലെ ഫുട്ബോൾ വളർച്ചയെ പരിപോഷിപ്പിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു. ഇതിനെതിരെ ഉയരാൻ സാധ്യതയുള്ള പ്രധാന വിമർശനം തുടർച്ചയായ മത്സരങ്ങളുടെ ഷെഡ്യൂളാണ്. നേരത്തെ സൂപ്പർലീഗ് ആരംഭിക്കാനുള്ള പദ്ധതികൾ മത്സരങ്ങൾ കൂടുതൽ വരുന്ന കാരണം പറഞ്ഞ് എതിർത്ത ക്ലബുകളും താരങ്ങളും ഫിഫയുടെ പുതിയ തീരുമാനത്തിനെതിരെ നിൽക്കാൻ സാധ്യതയുണ്ട്.

     

  8. ഖത്തർ ലോകകപ്പിൽ പണമൊഴുകും, ഓരോ ടീമിനും ലഭിക്കുന്ന സമ്മാനത്തുക അറിയാം

    Leave a Comment

    ഖത്തർ ലോകകപ്പ് ഇന്നാരംഭിക്കാനിരിക്കെ ഓരോ ഫുട്ബോൾ പ്രേമിയും അതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും തമ്മിലാണ് ലോകകപ്പിലെ ആദ്യത്ത മത്സരം നടക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30നാണു രണ്ടു ടീമുകളും ലോകകപ്പിന്റെ വേദിയിൽ ഏറ്റുമുട്ടുക. ഒരേയൊരു മത്സരം മാത്രമേ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം നടക്കുന്നുള്ളൂ.

    അതേസമയം വമ്പൻ തുകയാണ് ടൂർണമെന്റിന്റെ സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കാൻ പോകുന്നത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് സമ്മാനത്തുകയിൽ വർദ്ധനവുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയാലും ടീമുകൾക്ക് വലിയ തുക തന്നെ ലഭിക്കും. ഏതാണ്ട് മൂവായിരത്തിയഞ്ഞൂറു കോടി രൂപയിലധികമാണ് ഖത്തർ ലോകകപ്പിലെ ടീമുകൾക്ക് നൽകാനുള്ള തുകയായി ഫിഫ കണക്കാക്കിയിരിക്കുന്നത്.

    ഗ്രൂപ്പ് ഘട്ടത്തിലെത്തി ഓരോ ടീമുകൾക്കും എഴുപത്തിനാല് കോടി രൂപ സമ്മാനമായി ലഭിക്കും. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയാലും വെറും കയ്യോടു കൂടി ആർക്കും മടങ്ങേണ്ടി വരില്ല. പ്രീ ക്വാർട്ടറിൽ എത്തുമ്പോൾ തുകയിൽ വീണ്ടും വർദ്ധനവുണ്ടാകും. 106 കോടി രൂപയാണ് ഓരോ ടീമിനും ലഭിക്കുക. ക്വാർട്ടറിൽ എത്തുന്ന ടീമുകൾക്ക് 138 കോടി രൂപയും ഫിഫ സമ്മാനത്തുകയായി നൽകും.

    സെമി ഫൈനലിൽ എത്തുന്ന ടീമുകളുടെ സമ്മാനത്തുക ഒറ്റയടിക്ക് 204 കോടി രൂപയായി വർധിക്കും. മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപ ലഭിക്കുമ്പോൾ രണ്ടാം സ്ഥാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് 245 കോടി രൂപയാണ്. ലോകകപ്പിൽ വിജയം നേടുന്ന ടീമിന്റെ തുക അതിനേക്കാൾ കൂടുതലാണ്. 344 കോടി രൂപയാണ് ഖത്തർ ലോകകപ്പ് ഉയർത്തുന്ന ടീമിനെ കാത്തിരിക്കുന്നത്.

  9. ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്, ലോകകപ്പ് നഷ്ടമാകും, കനത്ത തിരിച്ചടി

    Leave a Comment

    ഓള്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷനെ (എഐഎഫ്എഫ്) വിലക്കി ഫുട്‌ബോള്‍ ടീമുകളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമാകും.

    അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം. എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താല്‍ക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

    ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് വനിതാ ലോകകപ്പ് നടക്കാനിരുന്നത്. 2020-ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ്-19 പാന്‍ഡെമിക് മൂലം മാറ്റിവെക്കുകയുമായിരുന്നു. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.

    ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്ന് ഫിഫ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാനാകില്ല.

     

  10. ഫിഫയുടെ പച്ചക്കൊടി, പാകിസ്ഥാന് ലോട്ടറി

    Leave a Comment

    പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് സന്തോഷവാര്‍ത്തയുമായി ഫിഫ. പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷന് മേല്‍ ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഫിഫ തീരുമാനിച്ചു. വ്യാഴാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം ഫിഫ പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചത്.

    മൂന്നാം കക്ഷി ഇടപെടലിന് (അണ്‍ഡ്യൂ തേര്‍ഡ് പാര്‍ട്ടി ഇന്റര്‍ഫിയറന്‍സ്) പിന്നാലെയാണ് പി.എഫ്.എപിന് സസ്പെന്‍ഷന്‍ നേരിടേണ്ടി വന്നത്. 2021ല്‍ ഫിഫ ഏര്‍പ്പെടുത്തിയ നോര്‍മലൈസേഷന്‍ കമ്മിറ്റിയുമായി നടന്ന തര്‍ക്കമാണ് പാകിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഷനിലേക്ക് നയിച്ചത്.

    2018ല്‍ അഷ്ഫാഖ് ഹുസൈന്‍ ഷായെ പി.എഫ്.എഫ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഫിഫ തയ്യാറാവാതെ വന്നതോടെ ഹുസൈന്‍ ഷാ നോര്‍മലൈസേഷന്‍ കമ്മിറ്റിയെ ആസ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഫിഫ കടുത്ത നടപടികളിലേക്ക് കടന്നത്.

    നോര്‍മലൈസേഷന്‍ കമ്മിറ്റി പി.എഫ്.എഫിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നും ഫെഡറേഷന്റെ സാമ്പത്തിക സ്ഥിതി നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥയിലാണെന്നും തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാനെതിരെയുള്ള നടപടിയില്‍ നിന്നും പിന്‍മാറിയതെന്ന് ഫിഫ അറിയിച്ചു.

    നോര്‍മലൈസേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ അവരുടെ കാര്യങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തിയാലോ പി.എഫ്.എഫിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരിക്കുന്നത്.