Tag Archive: FIFA Club World Cup

  1. ലയണൽ മെസിക്ക് ശേഷം ഇതാദ്യം, റയൽ മാഡ്രിഡിനെ വിറപ്പിച്ച് അർജന്റീന താരം

    Leave a Comment

    ഒരിക്കൽ കൂടി ഖത്തർ ലോകകപ്പ് കിരീടം റയൽ മാഡ്രിഡിന്റെ കൈകളിലേക്ക് എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ കീഴടക്കിയാണ് റയൽ മാഡ്രിഡ് അഞ്ചാം തവണയും ക്ലബ് ലോകകപ്പ് കിരീടം തങ്ങളുടെ പേരിലാക്കിയത്. ഇതോടെ ഏറ്റവുമധികം ക്ലബ് ലോകകപ്പെന്ന നേട്ടത്തിലേക്ക് ഒന്നുകൂടി കൂട്ടിച്ചേർക്കാൻ റയൽ മാഡ്രിഡിനായി. മൂന്നു കിരീടങ്ങളുള്ള ബാഴ്‌സയാണ് രണ്ടാം സ്ഥാനത്ത്.

    ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ ഹിലാലിനെ കീഴടക്കിയത്. റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസും വാൽവെർദെയും രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ മറ്റൊരു ഗോൾ കരിം ബെൻസിമയാണ് സ്വന്തമാക്കിയത്. അതേസമയം അൽ ഹിലാലിനു വേണ്ടി റയൽ മാഡ്രിഡിനെ വിറപ്പിക്കുന്ന പ്രകടനം നടത്തി അർജന്റീന താരം ലൂസിയാനോ വിയേറ്റയും ഹീറോയായി. മറ്റൊരു ഗോൾ മാലി താരം മൂസ മരെഗയാണ് നേടിയത്.

    ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ലയണൽ മെസിക്കൊപ്പമെത്തുന്ന ഒരു നേട്ടവും മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ ലൂസിയാനോ വിയേറ്റ സ്വന്തമാക്കി. ക്ലബ് ലോകകപ്പ് ഫൈനലിൽ ലയണൽ മെസിക്ക് ശേഷം ഇരട്ടഗോളുകൾ നേടുന്ന അർജന്റീന താരമെന്ന നേട്ടമാണ് അൽ ഹിലാൽ താരം സ്വന്തമാക്കിയത്. 2011 ക്ലബ് ലോകകപ്പ് ഫൈനലിൽ നെയ്‌മർ അടക്കമുള്ള താരങ്ങൾ അണിനിരന്ന സാന്റോസിനെതിരെയാണ് ലയണൽ മെസി ഇരട്ടഗോളുകൾ നേടിയിട്ടുള്ളത്.

    ഇന്നലത്തെ മത്സരത്തിൽ പിറന്ന എട്ടു ഗോളുകളിൽ ആറെണ്ണവും സൗത്ത് അമേരിക്കൻ താരങ്ങളാണ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. ഈ മൂന്നു കളിക്കാരാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരങ്ങളിൽ ഒന്ന് മുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ എത്തിയതും. വിനീഷ്യസ് ജൂനിയർ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ വാൽവെർദെ രണ്ടാമതും ലൂസിയാനോ വിയേറ്റ മൂന്നാം സ്ഥാനത്തുമെത്തി.

  2. കേരളത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം

    Leave a Comment

    ഖത്തര്‍ ലോകകപ്പില്‍ തങ്ങളെ പിന്തുണച്ചതിന് കേരളത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം. ട്വിറ്ററിലൂടെയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിന് ഔദ്യോഗികമായി നന്ദി അറിയിച്ചത്. കേരള ഫുട്‌ബോള്‍ ആരാധകര്‍ക്ക് നല്‍കുന്ന അംഗീകരമായി മാറി ഈ നന്ദി പ്രകാശനം.

    ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവര്‍ക്ക് നന്ദി പറയുമ്പോള്‍ കേരളത്തിന്റെ പിന്തുണയ്ക്ക് സ്‌പെഷ്യല്‍ മെന്‍ഷന്‍ നല്‍കാനും അര്‍ജന്റീന മറന്നില്ല.

    നേരത്തെ നെയ്മര്‍ ജൂനിയറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. കേരളത്തിലുയര്‍ത്തിയ ഒരു കട്ടൗട്ടിന്റെ ചിത്രം പങ്കുവെച്ചാണ് നെയ്മര്‍ കേരളത്തിന് നന്ദി പറഞ്ഞത്.

    മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും മൂന്ന് ഗോള്‍വീതമാണ് ഇരുടീമും നേടിയത്. ഇതാണ് മത്സരം പെനാല്‍റ്റിയിലേക്ക് മാറിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

    ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി.

  3. അര്‍ജന്റീനയുടെ തലവരമാറ്റിയ ആശാന്‍; പതിവ് രീതിയെ പൊളിച്ചെഴുതിയ സ്‌കലോണിയന്‍ തന്ത്രങ്ങള്‍

    Leave a Comment

    ദോഹ: ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ചതാരമായിട്ടും ലയണല്‍മെസിയ്ക്ക് പൂവണിയാത്തതായി ഒരുസ്വപ്‌നമുണ്ട്… 2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് കിരീടം. 2014ല്‍ നിന്ന് 2022ല്‍ വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ മെസിയും സംഘവും ഒരുങ്ങുമ്പോള്‍ അന്നത്തേയും ഇന്നത്തേയും ടീമില്‍ അടിമുടിമാറ്റമാണുള്ളത്. ഇതിന് കാരണക്കാരന്‍ ലയണല്‍ സ്‌കലോണിയെന്ന പരിശീലകനാണ്.

    മെസിയെ തളച്ചാല്‍ അര്‍ജന്റീനയെ വീഴ്ത്താമെന്ന പൊതുരീതി മാറ്റിയെഴുതിയതാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനാധാരം. സൂപ്പര്‍താരത്തിനുള്ള പ്രാധാന്യം കുറയ്ക്കാതെ ബോക്‌സിനരികിലായി കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളിന് നിര്‍ണായകസ്ഥാനം നല്‍കിയും 44കാരന്‍ നീലപടയുടെ കളിശൈലി മാറ്റിയെഴുതി. മെസി അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തിയത് ഇതിന്റെ റിസല്‍ട്ടായി കണക്കാക്കാം. ഡീപോള്‍ മധ്യനിരയിലെ നീലപടയുടെ എഞ്ചിനായി ഓരോകളിയിലും മികവ് തുടരുകയും ചെയ്യുന്നു.


    ഡിപോളിനൊപ്പം മധ്യനിരയിലെ പ്രധാനിയായിരുന്ന ജിയോവാനി ലൊസെല്‍സോ പരിക്കുമൂലം ലോകകപ്പ് ടീമില്‍നിന്ന് പുറത്തായിട്ടും പകരംതാരങ്ങളെ അണിനിരത്തി. ജൂലിയന്‍ അല്‍വാരെസ്, ലിയാന്‍ഡ്രോ പരദെസ്, മക് അലിസ്റ്റര്‍, എണ്‍സോ ഫെര്‍ണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്‌കലോണിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കുതിപ്പ്. പഴയപടകുതിര എയ്ഞ്ചല്‍ ഡി മരയിയെ ആവശ്യമുള്ളപ്പോള്‍ എതിര്‍ഗോള്‍മുഖത്തേക്ക് ഇറക്കിവിടുകയും ചെയ്യുന്നു. പ്രതിരോധത്തില്‍ ഒട്ടമെന്‍ഡിക്കൊപ്പം യുവതാരം ക്രിസ്റ്റ്യന്‍ റൊമേറോയുടെ സാന്നിധ്യവും ടീമിന് കരുത്താണ്.

    സൗദിഅറേബ്യക്കെതിരെ തീര്‍ത്തുംനിറംമങ്ങിയ ക്രിസ്റ്റന്‍ റൊമേറോയ്ക്ക് ആത്മവിശ്വാസം നല്‍കി ടീമിന്റെ അവിഭാജ്യതാരമാക്കി മാറ്റിയെടു്ത്തതും കോച്ചിന്റെനേട്ടമാണ്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ അസാമാന്യ പ്രകടനവും മുതല്‍ക്കൂട്ടാണ്.

    മുന്‍ കോച്ച് ഹോര്‍ജെ സാമ്പവോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്‌കലോണി. 2018 ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റതോടെ സാമ്പവോളി രാജിവെച്ചതോടെ സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താല്‍ക്കാലിക ചുമതലയേല്‍പ്പിക്കുകയായിരുന്നു. തുടക്കം മികച്ചതായിരുന്നില്ല. എന്നാല്‍ ഫൈറ്റിംഗ് ടീമായി, കോപ്പ അമേരിക്ക കിരീടംനേടിയെടുക്കുന്ന സംഘമായി വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കലോണിയുടെ നിലക്കാത്ത ചുവടുകളുണ്ട്. 2019 സെമിയില്‍ ബ്രസീലിനോട് കീഴടങ്ങിയശേഷം 36 കളികളില്‍ തോല്‍വിയറിയാതെയാണ് ഖത്തറിലെത്തിയത്. ഇതിനിടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് 2021ലെ കോപ്പ അമേരിക്കയും നേടി. ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയിലും മുത്തമിട്ടു.

     

     

  4. യുഗാന്ത്യം, ലോക കിരീടംനേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ താരം സെര്‍ജിയോ ബുസ്‌കെറ്റ്സ് വിരമിച്ചു

    Leave a Comment

    മാഡ്രിഡ്: സ്‌പെയിന്‍ ദേശീയടീം ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് വിരമിച്ചു. 2010 ലോകകപ്പ് നേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ അംഗമായ മധ്യനിരതാരം 15വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറാണ് അവസാനിപ്പിച്ചത്. ബുസ്‌കെറ്റ്‌സിന്റെ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയോടെയെത്തിയ സ്‌പെയിന്‍ ടീം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായിരുന്നു.

    ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ജര്‍മ്മനിയെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അടിതെറ്റി. പരിശീലകന്‍ ലൂയിസ് എന്റിക്വെ നേരത്തെ രാജിപ്രഖ്യാപിച്ചിരുന്നു.


    2010 ലോകകപ്പിന് പുറമെ 2012 യൂറോകിരീടം നേടിയ ടീമിലും അംഗമായിരുന്നു. ഇതുവരെ 143 മത്സരങ്ങളാണ് ഈ ബാഴ്‌സലോണന്‍താരം കളിച്ചത്. ദേശീയടീമിനോട് വിടപറഞ്ഞെങ്കിലും ക്ലബ് കരിയര്‍ അവസാനിപ്പിക്കുന്നതായി പറഞ്ഞിട്ടില്ല. 2010 ലോകകപ്പ് നേടിയ ടീമില്‍ ഗോള്‍കീപ്പര്‍ ഇകര്‍ കാസിയസ്(167), സെര്‍ജിയോ റാമോസ്(180) മാത്രമാണ് ബുസ്‌ക്കെറ്റ്‌സിനേക്കാള്‍ മത്സരം കളിച്ചത്. ദേശീയ ടീമിനൊപ്പമുള്ള ഈ നീണ്ടയാത്ര അവിസ്മരണീയമായിരുന്നുവെന്നും വലിയ അംഗീകാരമാണെന്നും 34കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി പറഞ്ഞു.

    2018 മുതല്‍ ബാഴ്‌സലോണ സീനിയര്‍ ടീം അംഗമായ ബുസ്‌കെറ്റ്‌സ് 463 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും സ്‌കോര്‍ ചെയ്തു. സ്പാനിഷ് മധ്യനിരയിലെ വിശ്വസ്തനായ താരം ലോകത്തിലെ ഏറ്റവുംമികച്ച മധ്യനിരതാരമായാണ് അറിയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്പാനിഷ് ലീഗുമടക്കം നിരവധി ട്രോഫികള്‍ ബാഴ്‌സലോണക്ക് നേടികൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചതാരമാണ് ബുസ്‌കെറ്റ്‌സ്.

  5. ഫുട്ബോളിലെ യൂറോപ്യൻ മേധാവിത്വത്തിനു വെല്ലുവിളി, പുതിയ ടൂർണമെന്റ് പ്രഖ്യാപിച്ച് ഫിഫ

    Leave a Comment

    ഫുട്ബോളിൽ വളരെക്കാലമായി തുടരുന്ന യൂറോപ്യൻ ആധിപത്യത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ കഴിയുന്ന പ്രഖ്യാപനങ്ങളുമായി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ബദലാവാൻ കഴിയുന്ന തരത്തിൽ ക്ലബ് ലോകകപ്പ് നടത്തുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. മൂന്നു വർഷം കൂടുമ്പോൾ 32 ടീമുകളെ ഉൾപ്പെടുത്തിയാണ് ഫിഫ ക്ലബ് ലോകകപ്പ് നടത്താനൊരുങ്ങുന്നത്. 2025 മുതൽ ആരംഭിക്കുന്ന ഈ ടൂർണമെന്റിന്റെ ആദ്യത്തെ എഡിഷന് ഖത്തർ ലോകകപ്പിന്റെ സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ തുടക്കമാകും.

    നിലവിൽ ആറു കോൺഫെഡറേഷനിൽ നിന്നും ഏഴു ക്ലബുകൾ മാത്രമാണ് ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്നത്. വർഷാവർഷം നടക്കാറുള്ള ഈ ടൂർണമെന്റിന് യൂറോപ്പിൽ നിന്നുള്ള പ്രതിനിധി മാത്രം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. എന്നാൽ പുതിയ ക്ലബ് ലോകകപ്പിൽ മുപ്പത്തിരണ്ട് ടീമുകളാണ് എന്നതിനാൽ ഓരോ ക്ലബുകളും ഗ്രുപ്പ് ഘട്ടം മുതൽ കളിക്കേണ്ടി വരും. യൂറോപ്പിലെ വമ്പൻ ക്ലബുകളുമായി മറ്റു ഫുട്ബോൾ കോൺഫെഡറേഷനുകളിലെ ക്ലബുകൾക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

    ഇതിനു പുറമെ ഒരു വേൾഡ് സീരീസ് നടത്താനും ഫിഫ പദ്ധതിയിടുന്നുണ്ട്. ഓരോ ഫുട്ബോൾ കോൺഫെഡറേഷനിലെയും നാല് വീതം ടീമുകളെ ഉൾപ്പെടുത്തി മാർച്ചിലെ ഇന്റർനാഷണൽ ബ്രേക്കിലാണ് ഇത് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനു പുറമെ വനിതകളുടെ ക്ലബ് ലോകകപ്പ് ആരംഭിക്കാനും ഫിഫ പദ്ധതിയിടുന്നു. ഇതിന്റെ പ്രഖ്യാപനം നടത്തിയെന്നല്ലാതെ ഇതേക്കുറിച്ചുള്ള അന്തിമരൂപവും എന്നു മുതലാണ് ആരംഭിക്കുക എന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്തായാലും വലിയ മാറ്റങ്ങൾക്ക് തന്നെയാണ് അദ്ദേഹം ഫുട്ബോൾ ലോകത്ത് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്.

    പുതിയ ക്ലബ് ലോകകപ്പും വേൾഡ് സീരീസും ഫുട്ബോളിൽ പല ചെറിയ രാജ്യങ്ങൾക്കും അവിടത്തെ ക്ലബുകൾക്കും വമ്പൻ ടീമുകളുമായി പൊരുതാനുള്ള അവസരം ഒരുക്കുന്ന ഒന്നാണ്. ഇത് അതാത് രാജ്യങ്ങളിലെ ഫുട്ബോൾ വളർച്ചയെ പരിപോഷിപ്പിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു. ഇതിനെതിരെ ഉയരാൻ സാധ്യതയുള്ള പ്രധാന വിമർശനം തുടർച്ചയായ മത്സരങ്ങളുടെ ഷെഡ്യൂളാണ്. നേരത്തെ സൂപ്പർലീഗ് ആരംഭിക്കാനുള്ള പദ്ധതികൾ മത്സരങ്ങൾ കൂടുതൽ വരുന്ന കാരണം പറഞ്ഞ് എതിർത്ത ക്ലബുകളും താരങ്ങളും ഫിഫയുടെ പുതിയ തീരുമാനത്തിനെതിരെ നിൽക്കാൻ സാധ്യതയുണ്ട്.