Tag Archive: FC Barcelona

  1. ബാഴ്‌സലോണയിൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ആവശ്യം മുറുകുന്നു,

    Leave a Comment

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള വാർത്തയാണ് ഫുട്ബോൾ ആരാധകരെ ഇപ്പോൾ ആവേശം കൊള്ളിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പിഎസ്‌ജിയിൽ കളിക്കുന്ന ലയണൽ മെസി ക്ലബിനൊപ്പം ഒട്ടും തൃപ്തനല്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് താരം ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി വരുന്നത്.

    ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ബാഴ്‌സലോണ നേതൃത്വവും പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്തുന്നുണ്ടെന്നും സാധ്യമെങ്കിൽ അത് സംഭവിക്കുമെന്നാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റും ക്ലബിന്റെ പരിശീലകനായ സാവിയും വ്യക്തമാക്കിയത്.

    അതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള സമ്മർദ്ദം ബാഴ്‌സലോണ ആരാധകർ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിറോണയുമായി നടന്ന ലീഗ് മത്സരത്തിന്റെ പത്താം മിനുട്ടിൽ ലയണൽ മെസിയുടെ പേര് വിളിച്ചു കൊണ്ടുള്ള ചാന്റ് ബാഴ്‌സലോണ ആരാധകർ ഉയർത്തിയിരുന്നു. മെസിയെ തിരിച്ചെത്തിക്കണം എന്ന ആവശ്യമാണ് ഇതിലൂടെ അവർ ഉയർത്തുന്നത്.

    ഇത് ആദ്യമായല്ല ലയണൽ മെസിയെക്കുറിച്ചുള്ള ചാന്റുകൾ ബാഴ്‌സലോണ ആരാധകർ ഉയർത്തുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. പിഎസ്‌ജി ആരാധകർ മെസിയെ കൂക്കി വിളിക്കുമ്പോഴാണ് ബാഴ്‌സലോണ ആരാധകർ തങ്ങളുടെ ഇതിഹാസത്തിനായി ഓരോ മത്സരത്തിലും ആരവമുയർത്തുന്നത്.

    മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണയുടെ മുന്നിലുള്ള പ്രധാന തടസം ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാൽ അതിനെ മറികടക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. സ്‌പോൺസർഷിപ്പ് ഡീലുകൾ അടക്കമുള്ളവ ഉണ്ടാക്കിയെടുത്ത് മെസിയെ സ്വന്തമാക്കാമെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.

  2. എൽ ക്ലാസിക്കോ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണയെ കളിയാക്കി ജർമൻ ക്ലബ്

    Leave a Comment

    റയൽ മാഡ്രിഡിന് മേൽ ബാഴ്‌സലോണയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടെന്ന് തോന്നിപ്പിച്ച സീസണായിരുന്നു ഇതെങ്കിലും കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തോടെ അതിന് അവസാനമായി. എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ കീഴടക്കിയപ്പോൾ ഈ സീസണിൽ ഒരു കിരീടം കൂടി സ്വന്തമാക്കാമെന്ന കാറ്റലൻസിന്റെ പ്രതീക്ഷകൾ ഇല്ലാതായി.

    റയൽ മാഡ്രിഡിനെതിരെ ഈ വർഷം കളിച്ച മൂന്നു എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയം സ്വന്തമാക്കി എന്നതിനാൽ തന്നെ ബാഴ്‌സലോണ ആരാധകർ റയൽ മാഡ്രിഡിനെ ഒരുപാട് ട്രോളിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഗംഭീരവിജയം സ്വന്തമാക്കിയതോടെ ഈ കളിയാക്കലുകൾക്കെല്ലാം അതേ നാണയത്തിൽ മറുപടി റയൽ മാഡ്രിഡ് ആരാധകർ നൽകുന്നുണ്ട്.

    എന്നാൽ ബാഴ്‌സലോണയെ ട്രോളുന്നത് റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ലെന്നതാണ് രസകരമായ കാര്യം. ഇന്നലത്തെ മത്സരത്തിന് ശേഷം ജർമൻ ക്ലബായ ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടും ബാഴ്‌സലോണയെ കളിയാക്കി രംഗത്തു വന്നിരുന്നു. “വെളുത്ത നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ ടീമിന് പാർട്ടിക്കുള്ള സമയമാണിപ്പോൾ, നമ്മളിത് നേരത്തെ കണ്ടിട്ടുണ്ട്” എന്നാണു ജർമൻ ക്ലബ് കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഓർമിപ്പിച്ച് പറഞ്ഞത്.

    കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഫ്രാങ്ക്ഫർട്ട് ക്ലബിനെതിരെ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയാണ് ബാഴ്‌സലോണ പുറത്തായത്. ക്യാമ്പ് നൂവിലെ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ ജർമൻ ക്ലബിന്റെ ആരാധകർ ബാഴ്‌സയുടെ മൈതാനം സ്വന്തം മൈതാനം പോലെയാക്കി മത്സരത്തിൽ വിജയം നേടിയത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്‌തിരുന്നു.

    എന്തായാലും സെമി ഫൈനലിൽ പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ ഒരു കിരീടമോഹം പൊലിഞ്ഞു. ലാ ലിഗ പോയിന്റ് ടേബിളിൽ റയലിനേക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിൽ നിൽക്കുന്ന ടീമിന് ഇനി ലീഗ് കിരീടം മാത്രമാണ് ലക്‌ഷ്യം വെക്കാൻ കഴിയുക.

  3. ബാഴ്‌സലോണ ആരാധകർക്ക് മെസിയെ തിരിച്ചെത്തിക്കണം, ക്യാമ്പ് നൂവിൽ താരത്തിനായി ആർപ്പുവിളികൾ

    Leave a Comment

    കോപ്പ ഡെൽ റെയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒന്നായിരുന്നു. ആദ്യപാദത്തിൽ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയെങ്കിലും രണ്ടാം പാദത്തിൽ നാല് ഗോളുകൾ തിരിച്ചടിച്ച് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതോടെ ഡൊമസ്റ്റിക് ഡബിൾ സ്വന്തമാക്കാമെന്ന ബാഴ്‌സയുടെ പ്രതീക്ഷകൾ പൂർണമായും ഇല്ലാതായി.

    അതേസമയം ബാഴ്‌സലോണ ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം ഇന്നലെ നടന്ന മത്സരത്തിൽ സംഭവിച്ചു. മത്സരത്തിനിടെ ലയണൽ മെസിക്ക് വേണ്ടി ക്യാമ്പ് നൂവിൽ ആരാധകർ ആർപ്പുവിളികൾ ഉയർത്തി. ലയണൽ മെസി പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ബാഴ്‌സലോണ ആരാധകർ താരത്തെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ടത്.

    മത്സരത്തിന്റെ പത്താമത്തെ മിനുട്ടിലായിരുന്നു ലയണൽ മെസിക്കായി ആരാധകർ ചാന്റ് നടത്തിയത്. ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്‌സി പ്രതീകമായി കാണിച്ചാണ് ആ സമയം ആരാധകർ തിരഞ്ഞെടുത്തത്. ക്യാമ്പ് നൂ മുഴുവൻ മെസിയുടെ പേര് ഉച്ചത്തിൽ ഉയർന്നത് അർജന്റീന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവു കൂടിയാണ്.

    ലയണൽ മെസി ഈ സീസണോടെ പിഎസ്‌ജി വിടാനുള്ള സാധ്യത വളരെ അധികമാണ്. ഫ്രാൻസിൽ മെസിക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ മെസിക്കെതിരെ പിഎസ്‌ജി ആരാധകർ തിരിഞ്ഞതുമെല്ലാം ഇതിനു കാരണമാണ്. ക്ലബ് മുന്നോട്ടു വെച്ച ഓഫർ മെസി ഇതുവരെ സ്വീകരിക്കാനും തയ്യാറായിട്ടില്ല.

    അതേസമയം മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം നടത്തുന്നുണ്ട്. ക്ലബ് സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും സ്‌പോൺസർഷിപ്പ് ഡീലുകൾ വെച്ച് അതിനെ മറികടക്കാൻ കഴിയുമോയെന്നാണ് ബാഴ്‌സലോണ നേതൃത്വം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.

  4. ബെൻസിമ മാജിക്കിൽ ബാഴ്‌സലോണ തകർന്നടിഞ്ഞു, റയൽ മാഡ്രിഡ് ഫൈനലിൽ

    Leave a Comment

    കരിം ബെൻസിമ നിറഞ്ഞാടിയ കോപ്പ ഡെൽ റേ സെമി ഫൈനൽ രണ്ടാംപാദ മത്സരത്തിൽ ബാഴ്‌സലോണയെ കീഴടക്കി റയൽ മാഡ്രിഡ് ഫൈനലിൽ. ആദ്യാപാദത്തിൽ റയൽ മാഡ്രിഡിന്റെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ  ബാഴ്‌സലോണ രണ്ടാംപാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.

    മത്സരത്തിൽ മൂന്നു ഗോളുകൾ നേടിയ ഫ്രഞ്ച് താരം കരിം ബെൻസിമയാണ് റയൽ മാഡ്രിഡിനെ തകർത്തു കളഞ്ഞത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ റയൽ വയ്യഡോളിഡിനെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ കരിം ബെൻസിമ കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെയും ആ നേട്ടം ആവർത്തിച്ചു. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ മറ്റൊരു ഗോൾ നേടിയത്.

    രണ്ടു ടീമുകളും ഒപ്പത്തിനൊപ്പമാണ് ആദ്യപകുതിയിൽ പൊരുതിയതെങ്കിലും ഗോൾ അകന്നു നിന്നു. എൽ ക്ലാസിക്കോ മത്സരത്തിന്റെ ചൂട് നിറഞ്ഞു നിന്നിരുന്ന മത്സരത്തിൽ താരങ്ങൾ തമ്മിലുള്ള വാക്കേറ്റമെല്ലാം അടിക്കടി ഉണ്ടായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡ് ഒരു പ്രത്യാക്രമണത്തിൽ നിന്നും നേടിയ ഗോളാണ് മത്സരം അവരുടേതാക്കി മാറ്റിയത്. വിനീഷ്യസാണ് ഗോൾ നേടിയത്.

    ആദ്യപകുതിയിലെ ഗോളിന്റെ ആവേശത്തിൽ രണ്ടാം പകുതിക്കിറങ്ങിയ റയൽ മാഡ്രിഡ് തുടക്കത്തിൽ തന്നെ ഒരു ഗോൾ നേടി. പിന്നീട് കൃത്യമായ ഇടവേളകളിൽ രണ്ടു ഗോളുകൾ കൂടി നേടി ബെൻസിമ ടീമിന് വിജയവും ഫൈനൽ പ്രവേശനവും ഉറപ്പിച്ചു. രണ്ടാമത്തെ ഗോൾ കൂടി വീണതോടെ തളർന്നു പോയ ബാഴ്‌സലോണക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായിരുന്നില്ല.

    പരിക്കിന്റെ പ്രശ്‌നങ്ങൾ ബാഴ്‌സലോണയെ വളരെയധികം ബാധിച്ചിരുന്നു. ടീമിലെ പ്രധാന താരങ്ങളായ പെഡ്രി, ക്രിസ്റ്റൻസെൻ, ഫ്രാങ്കീ ഡി ജോംഗ്, ഡെംബലെ തുടങ്ങിയ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതു കാരണം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. അതേസമയം അത് മുതലെടുത്തു കളിച്ച റയൽ മാഡ്രിഡ് കൃത്യമായി തങ്ങളുടെ പദ്ധതി നടപ്പിലാക്കി.

  5. റയൽ മാഡ്രിഡ് താരം ബാഴ്‌സലോണയിലേക്ക് കൂടു മാറുമോ, നിർണായക വെളിപ്പെടുത്തൽ

    Leave a Comment

    ഈ സീസണിൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനമല്ല റയൽ മാഡ്രിഡ് നടത്തുന്നത്. ലീഗിൽ ബാഴ്‌സലോണയെക്കാൾ പന്ത്രണ്ടു പോയിന്റ് പിന്നിലായ ടീം കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദത്തിലും ബാഴ്‌സലോണക്കെതിരെ തോൽവി വഴങ്ങി. ചാമ്പ്യൻസ് ലീഗാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് കൂടുതൽ പ്രതീക്ഷ പുലർത്താൻ കഴിയുന്ന ഒരു കിരീടം. കോപ്പ ഡെൽ റേയിലും പ്രതീക്ഷകൾ അവശേഷിക്കുന്നുണ്ട്.

    അടുത്ത സീസൺ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. ടീമിലുള്ള നിരവധി താരങ്ങളെ ഒഴിവാക്കി പുതിയൊരു തലമുറയെ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. വരുന്ന സമ്മറിൽ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് മാർകോ അസെൻസിയോ.

    ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കിയിട്ടില്ല. മെച്ചപ്പെട്ട ഓഫർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായിട്ടില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. അതുകൊണ്ടു തന്നെ ഫ്രീ ഏജന്റാകുന്ന താരത്തെ സ്പെയിനിലെ ചിരവൈരികളായ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് താരങ്ങൾ ചേക്കേറുന്നത് അപൂർവമാണെന്നിരിക്കെ ഇത് വാർത്താപ്രാധാന്യം തേടുകയും ചെയ്‌തു.

    എന്നാൽ അസെൻസിയോ റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്പെയിനിലെ മാധ്യമമായ കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് താരം ചിന്തിച്ചിട്ടു പോലുമില്ല. അതേസമയം താരം റയൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള സാധ്യതകളും കുറവാണ്.

    ഫ്രീ ഏജന്റായതിനാൽ തന്നെ അസെൻസിയോയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് താൽപര്യം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അസെൻസിയോ ബാഴ്‌സയുടെ ലക്ഷ്യമായിരിക്കില്ല. ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സ നടത്തുന്നതിനാൽ തന്നെ അതെ പൊസിഷനിൽ കളിക്കുന്ന അസെൻസിയോക്കായി അവർ ശ്രമം നടത്താൻ സാധ്യതയില്ല.

  6. മെസി മാത്രമല്ല, മറ്റൊരു മുൻ താരവും ബാഴ്‌സയിലേക്ക് മടങ്ങിയെത്തും

    Leave a Comment

    ലയണൽ മെസിയുടെ ഭാവിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയൊന്നും വന്നിട്ടില്ല. ഖത്തർ ലോകകപ്പിൽ ഗംഭീര പ്രകടനം നടത്തി കിരീടം നേടിയതിനു പിന്നാലെയാണ് മെസി ഇങ്ങിനെയൊരു സാഹചര്യം നേരിടുന്നത്. പിഎസ്‌ജി താരത്തിന് പുതിയ കരാർ വാഗ്‌ദാനം ചെയ്‌തെങ്കിലും ആരാധകർ തനിക്കെതിരാണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് മെസി അതിൽ തീരുമാനമൊന്നും എടുക്കാത്തത്.

    അതിനിടയിൽ ചില നിബന്ധനകൾ സ്വീകരിച്ചാൽ താരത്തെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമം നടത്തുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തിരിച്ചു വരാനുള്ള ആഗ്രഹം അറിയിക്കുക, ക്ലബിന്റെ പദ്ധതികൾ അനുസരിച്ചായിരിക്കും ടീമിലെ സ്ഥാനം, പ്രതിഫലം വെട്ടിക്കുറക്കുക എന്നീ ഉപാധികളാണ് മെസിക്ക് മുന്നിൽ ബാഴ്‌സലോണ വെച്ചത്.

    ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ ഈ ഉപാധികൾ മെസി അംഗീകരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. തന്റെ പിതാവിനോട് ബാഴ്‌സയുമായി കരാർ ചർച്ചകൾ ആരംഭിക്കാൻ മെസി ആവശ്യപ്പെട്ടുവെന്നും മാധ്യമങ്ങൾ പറയുന്നു. ലയണൽ മെസി തന്റെ മുൻ ക്ലബ്ബിലേക്ക് തിരികെ വരാനുള്ള സാധ്യതകൾ വർധിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    ലയണൽ മെസി മാത്രമല്ല, കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ട ഗാബോൺ സ്‌ട്രൈക്കർ പിയറി എമറിക്ക് ഒബാമയെങ്ങും ക്ലബ്ബിലേക്ക് സമ്മറിൽ തിരിച്ചെത്തിയേക്കും. ചെൽസിയിൽ അവസരങ്ങൾ ഇല്ലാത്ത താരത്തിന് സാവിക്ക് കീഴിൽ വീണ്ടും കളിക്കാൻ ആഗ്രഹമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ടീമിലെത്തിയ താരം ഗംഭീര പ്രകടനം നടത്തിയിരുന്നു. അടുത്തിടെ നടന്ന എൽ ക്ലാസിക്കോ മത്സരം കാണാനും ഒബാമയാങ് എത്തിയിരുന്നു.

    അതേസമയം മെസിയെ എത്തിക്കാൻ ബാഴ്‌സലോണ എന്ത് ചെയ്യുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. നിലവിൽ തന്നെ സാമ്പത്തികപ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ബാഴ്‌സലോണക്കെതിരെ ലാ ലിഗയും യുദ്ധം നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ബാഴ്‌സയുടെ നീക്കങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

  7. ബാഴ്‌സലോണയുടെ മൈതാനത്ത് മുഴങ്ങിയത് മെസിയുടെ പേര്, താരത്തെ തിരിച്ചെത്തിക്കാനുള്ള ആവശ്യം ശക്തമാകുന്നു

    Leave a Comment

    ബാഴ്‌സലോണയിൽ തന്നെ വിരമിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച കളിക്കാരനാണ് മെസിയെങ്കിലും വളരെ അപ്രതീക്ഷിതമായി താരം ക്ലബ് വിടുകയാണുണ്ടായത്. ലയണൽ മെസിക്കും ബാഴ്‌സലോണക്കും താൽപര്യം ഇല്ലായിരുന്നെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തെ ഒഴിവാക്കാൻ കാരണമായത്. ബാഴ്‌സലോണയിൽ നിന്നും മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു.

    പിഎസ്‌ജിയിൽ രണ്ടു സീസൺ പൂർത്തിയായെങ്കിലും ലയണൽ മെസി ക്ലബിൽ ഒട്ടും സംതൃപ്തനല്ല. ഈ സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെ അത് പുതുക്കാൻ തയ്യാറായിട്ടുമില്ല. ഈ സീസണ് ശേഷം ലയണൽ മെസി പിഎസ്‌ജി വിട്ട് മറ്റേതെങ്കിലും യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ ശക്തമായി വരുന്നുണ്ട്.

    അതിനിടയിൽ കഴിഞ്ഞ ദിവസം ക്യാമ്പ് നൂവിൽ വെച്ച് നടന്ന ജെറാർഡ് പിക്വയുടെ ഫുട്ബോൾ ടൂർണമെന്റായ കിങ്‌സ് ലീഗിന്റെ ഫൈനലിനിടെ മെസിയുടെ ചാന്റുകൾ ഉയർന്നു കേട്ടിരുന്നു. മത്സരം കാണാനെത്തിയ തൊണ്ണൂറായിരത്തോളം വരുന്ന ആരാധകരാണ് മെസിയുടെ പേര് ആർത്തു വിളിച്ചത്. മെസി തിരിച്ചെത്താൻ അവർ എത്രത്തോളം ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

    ജെറാർഡ് പിക്വയുടെ നേതൃത്വത്തിൽ നടക്കുന്ന ഫാൻസി ഫുട്ബോൾ ടൂർണമെന്റാണ് കിങ്‌സ് ലീഗ്. വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തി ഫുട്ബോളും വിനോദവും സമന്വയിപ്പിച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ഇത് കാണാൻ ബാഴ്‌സലോണ പ്രസിഡന്റും ലയണൽ മെസിയുടെ സഹോദരനും എത്തിയപ്പോഴാണ് മെസി വിളികളാൽ ക്യാമ്പ് ന്യൂ മുഖരിതമായത്.

    ബാഴ്‌സലോണ ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങൾ വളരെ ശക്തമാണിപ്പോൾ. അത് നടക്കണമെങ്കിൽ ക്ലബ്ബിലേക്ക് തിരിച്ചെത്താൻ മെസിക്ക് താൽപര്യം ഉണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. ആരാധകരുടെ ഈ സ്നേഹം മെസിക്ക് തിരിച്ചെത്താൻ ഊർജ്ജം പകരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അത് സംഭവിക്കണേയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  8. മെസിയോട് ക്ഷമാപണം നടത്തി ലപോർട്ട, ബാഴ്‌സയുടെ വാതിലുകൾ താരത്തിന് മുന്നിൽ തുറക്കുന്നു

    Leave a Comment

    ഒട്ടും ആഗ്രഹിച്ച രീതിയിലല്ല ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. കോപ്പ അമേരിക്ക കിരീടം നേടിയതിന്റെ സന്തോഷത്തിൽ ബാഴ്‌സയിൽ തിരിച്ചെത്തിയ താരം അറിയുന്നത് തന്റെ കരാർ പുതുക്കാൻ ക്ലബിന് കഴിയില്ലെന്നാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബാഴ്‌സലോണ ഇക്കാര്യം താരത്തെ അറിയിച്ചത്. അപ്രതീക്ഷിതമായ ഈ സംഭവത്തിൽ പതറിയ മെസി പിന്നീട് പിഎസ്‌ജിയിലേക്ക് ചേക്കേറുകയായിരുന്നു.

    ബാഴ്‌സലോണ മെസിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ആരാധകർ അപ്പോൾ മുതൽ വളരെയധികം അതൃപ്‌തരായിരുന്നു. ക്ലബ് പ്രസിഡന്റായ ലപോർട്ടയും ടീമിലെ പ്രധാന താരമായിരുന്ന പിക്വയും ചേർന്നാണ് മെസിയെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്തായാലും മെസിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു തനിക്ക് തെറ്റു പറ്റിയെന്ന് ലപോർട്ട കഴിഞ്ഞ ദിവസം സമ്മതിച്ചു.

    “ഒരു പ്രസിഡന്റ് എന്ന നിലയിൽ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കിയ രീതിയിൽ എനിക്കുള്ള പേര് അത്ര നല്ലതല്ല. ചില സമയങ്ങളിൽ നമുക്ക് ആഗ്രഹമില്ലെങ്കിൽ പോലും ഇതുപോലെയുള്ള തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാകും. ലയണൽ മെസിക്കറിയാം ബാഴ്‌സയുടെ വാതിലുകൾ എപ്പോഴും ക്ലബിന് മുന്നിൽ തുറന്നു കിടക്കുമെന്ന്. താരവുമായുള്ള ബന്ധം മികച്ചതാക്കാൻ ഇനി ശ്രമിക്കണം. നമുക്ക് നോക്കാം.” ലപോർട്ട പറഞ്ഞു.

    ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാൻ വിസമ്മതിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ലപോർട്ടയുടെ ഈ പ്രതികരണം. താരം ബാഴ്‌സയിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ ഇത് വർധിപ്പിക്കുന്നു. എന്നാൽ ക്ലബിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നത് ബാഴ്‌സയ്ക്ക് വലിയ വെല്ലുവിളിയാണ്. ബാഴ്‌സയില്ലെങ്കിൽ മെസി ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ചോദ്യവും ആരാധകർ ഉയത്തിക്കൊണ്ടിരിക്കുന്നു.

  9. മെസിയെ പിഎസ്‌ജി അർഹിക്കുന്നില്ല, ഞങ്ങൾക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുകയാണെന്ന് ബാഴ്‌സലോണ താരം

    Leave a Comment

    പിഎസ്‌ജിയിൽ ലയണൽ മെസിക്ക് മോശം കാലമാണിപ്പോൾ. ലോകകപ്പിന് മുൻപ് മികച്ച പ്രകടനം താരം നടത്തിയെങ്കിലും ലോകകപ്പിന് ശേഷം ഫ്രാൻസിലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും തുടർച്ചയായ രണ്ടാമത്തെ വർഷവും പിഎസ്‌ജി പ്രീ ക്വാർട്ടറിൽ പുറത്തു പോയതോടെ ആരാധകപ്പട പ്രത്യക്ഷമായി തന്നെ മെസിക്കെതിരെ നിന്നു.

    കഴിഞ്ഞ ദിവസം റെന്നസുമായി നടന്ന ലീഗ് മത്സരത്തിനു മുൻപ് മെസിയുടെ പേര് സ്റ്റേഡിയത്തിൽ അന്നൗൻസ് ചെയ്‌തപ്പോൾ കൂക്കിവിളിച്ചാണ് ആരാധകർ സ്വീകരിച്ചത്. ഇതോടെ താരം ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ തീർച്ചയായിട്ടുണ്ട്. ആരാധകരുടെ പിന്തുണയില്ലാതെ ക്ലബിൽ കളിക്കാൻ മെസി ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല.

    അതിനിടയിൽ ലയണൽ മെസിയെ ബാഴ്‌സലോണയിലേക്ക് തിരികെയെത്താൻ ക്ഷണിച്ച് ക്ലബിന്റെ താരമായ സെർജി റോബർട്ടോ രംഗത്തെത്തി. മെസിയുടെ തിരിച്ചുവരവിനെ രണ്ടു കൈകളും നീട്ടി സ്വീകരിക്കുന്നുവെന്ന് പറഞ്ഞ താരം അതേക്കുറിച്ച് അവസാന തീരുമാനം എടുക്കേണ്ടത് താരവും പരിശീലകനും പ്രസിഡന്റുമാണെന്നും പറഞ്ഞു.

    ഇതിനു പുറമെ ടീമിലെ എല്ലാ താരങ്ങളും മെസിക്കായി കാത്തിരിക്കുകയാണെന്നും പിഎസ്‌ജി താരത്തെ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നും റോബർട്ടോ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷമാണ് പിഎസ്‌ജി ആരാധകർ മെസിക്കെതിരെ തിരിഞ്ഞതെന്നും ഇത്രയും ഉയർന്ന തലത്തിൽ നിൽക്കുന്ന ഒരു താരത്തോടെ ചെയ്യുന്നത് ശരിയായ കാര്യങ്ങളല്ലെന്നും താരം കൂട്ടിച്ചേർത്തു.

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ താരത്തെ സ്വന്തമാക്കാൻ കഴിയുമോയെന്നു കണ്ടറിയേണ്ടതാണ്. ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റേത് ക്ലബിലേക്കാവും മെസി ചേക്കേറുകയെന്നും ആരാധകർ ഉറ്റുനോക്കുന്നു.

  10. റഫറി ബാഴ്‌സലോണക്ക് വേണ്ടി കളിച്ചു? എൽ ക്ലാസിക്കോ തോൽ‌വിയിൽ സംശയങ്ങളുണ്ടെന്ന് റയൽ മാഡ്രിഡ് പരിശീലകൻ

    Leave a Comment

    ഓരോ എൽ ക്ലാസിക്കോ മത്സരവും വിവാദങ്ങളുടെ അകമ്പടിയോടെയാണ് മിക്കവാറും അവസാനിക്കാറുള്ളത്. ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായതിനാൽ തന്നെ അതിനു കിട്ടുന്ന ശ്രദ്ധയും അതിന്റെ ആവേശവും വലുതായതു കൊണ്ടാണ് ചെറിയ സംഭവങ്ങളുടെ പേരിൽ തന്നെ വിവാദങ്ങൾ ഉണ്ടാകുന്നത്. ഇന്നലെ നടന്ന എൽ ക്ലാസിക്കോ മത്സരവും അതിൽ നിന്നും വിഭിന്നമല്ല.

    കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് ആദ്യം മുന്നിലെത്തിയെങ്കിലും അതിനു ശേഷം ഇടവേളക്കു തൊട്ടു മുൻപേയും മത്സരം തീരുന്നതിനു മുൻപുള്ള എക്‌സ്ട്രാ ടൈമിലും ഗോളുകൾ നേടി ബാഴ്‌സലോണ വിജയം നേടി. ഇതോടെ സ്‌പാനിഷ്‌ ലീഗിൽ റയൽ മാഡ്രിഡിനെക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ നിൽക്കുന്നത്.

    അതേസമയം എൺപത്തിയൊന്നാം മിനുട്ടിൽ മാർകോ അസെൻസിയോ നേടിയ ഗോളിനെ ചൊല്ലിയാണ് വിവാദമുണ്ടാകുന്നത്. അസെൻസിയോ നേടിയ ഗോൾ വീഡിയോ റഫറി ഓഫ്‌സൈഡ് കണ്ടെത്തി നിഷേധിക്കുകയായിരുന്നു. എന്നാൽ ബാഴ്‌സലോണ താരം ഇന്റർഫിയർ ചെയ്‌ത പന്താണ് താരത്തിന് ലഭിച്ചതെന്നതിനാൽ ഗോൾ നിലനിൽക്കുമെന്നാണ് ആരാധകർ വാദിക്കുന്നത്.

    മത്സരത്തിന് ശേഷം റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിയും ഇതേപ്പറ്റി സംശയം പ്രകടിപ്പിച്ചു. മികച്ച പ്രകടനം നടത്തിയ റയൽ മാഡ്രിഡ് ആ ഒരു തീരുമാനത്തിലാണ് തോൽവി വഴങ്ങിയതെന്നും അതിൽ തങ്ങൾക്ക് സംശയങ്ങൾ ഇപ്പോഴുമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. റയൽ മാഡ്രിഡ് മികച്ച പ്രകടനമാണ് നടത്തിയതെന്നും ഈ സീസണിൽ കിരീടങ്ങൾ നേടാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

    മത്സരത്തിൽ വിജയം നേടിയതോടെ ബാഴ്‌സലോണ ലീഗ് കിരീടം നേടാനുള്ള സാധ്യത വർധിപ്പിച്ചു. ഈ സീസണിലിനി പന്ത്രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബാഴ്‌സലോണ പന്ത്രണ്ടു പോയിന്റ് മുന്നിലുള്ളത്. ഇതിനെ മറികടക്കാൻ റയൽ മാഡ്രിഡിന് കഴിയണമെങ്കിൽ നാല് മത്സരങ്ങളിലെങ്കിലും ബാഴ്‌സലോണ തോൽവി വഴങ്ങണം. ഈ സീസണിലിതു വരെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് റയൽ മാഡ്രിഡ് തോറ്റിരിക്കുന്നത്.