Tag Archive: FC Barcelona

  1. മെസിയും ഏഞ്ചൽ ഡി മരിയയും ക്ലബ് തലത്തിലും ഒരുമിക്കാനുള്ള സാധ്യത വർധിക്കുന്നു

    Leave a Comment

    മുപ്പത്തിയഞ്ചു വയസ്സായെങ്കിലും ഇപ്പോഴും മികച്ച പ്രകടനമാണ് അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ നടത്തുന്നത്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അഴിഞ്ഞാടിയ താരം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അർജന്റീന നേടിയ മൂന്നു കിരീടങ്ങളുടെയും കലാശപ്പോരാട്ടത്തിൽ ഗോൾ നേടിയ താരം കൂടിയാണ് ഏഞ്ചൽ ഡി മരിയ.

    നിലവിൽ യുവന്റസിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. താരം അത് പുതുക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും യുവന്റസ് പോയിന്റ് വെട്ടിക്കുറക്കപ്പെട്ട് ഏഴാം സ്ഥാനത്തേക്ക് വീണതോടെ അതിനുള്ള സാധ്യത ഇല്ലാതായി. താരം വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    അതിനിടയിൽ ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും റാഫിന്യ വന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. എന്നാൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാൾ റാഫിന്യ ആണെന്നിരിക്കെ ഡി മരിയ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ വീണ്ടും തുറന്നിട്ടുണ്ട്.

    ബാഴ്‌സലോണയ്ക്ക് പുറമെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക, തുർക്കിഷ് ക്ലബായ ഗ്ളാത്സരെ, ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരാണ് ഡി മരിയക്കായി ശ്രമം നടത്തുന്നത്. മിഡിൽ ഈസ്റ്റ് ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ടെങ്കിലും നിലവിൽ യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള ഏഞ്ചൽ ഡി മരിയ ഓഫർ പരിഗണിക്കുന്നില്ല. അടുത്ത കോപ്പ അമേരിക്കയിൽ കളിക്കുകയാണ് താരത്തിന്റെ ലക്‌ഷ്യം.

  2. സാവിയുടെ ശുദ്ധികലശം, ബാഴ്‌സലോണയിൽ നിന്നും പുറത്തു പോയതു പതിനാറു താരങ്ങൾ

    Leave a Comment

    ബാഴ്‌സലോണ പരിശീലകനായി സാവി സ്ഥാനമേറ്റെടുക്കുമ്പോൾ ക്ലബിന്റെ അവസ്ഥ തീർത്തും പരിതാപകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലയണൽ മെസിയടക്കം നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ക്ലബ് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ കഴിയില്ലെന്ന സാഹചര്യമാണ് നേരിട്ടു കൊണ്ടിരുന്നത്. അതിനു പുറമെ വമ്പൻ പ്രതിഫലം കാരണം ക്ലബ് വിട്ടു പോകാതെ നിന്നിരുന്ന നിരവധി താരങ്ങളും ഉണ്ടായിരുന്നു.

    എന്നാൽ തന്റെ പദ്ധതി കൃത്യമായി അറിയാമായിരുന്ന സാവി അത് മെല്ലെ മെല്ലെ നടപ്പിലാക്കുന്ന കാഴ്‌ചയാണ്‌ കാണാൻ കഴിയുന്നത്. ടീമിന് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ സാവിക്ക് കഴിഞ്ഞപ്പോൾ ഒന്നര സീസണിനിപ്പുറം പതിനാറു താരങ്ങളാണ് ക്ലബ് വിട്ടു പോകുന്നത്. ഇതിൽ ഏതാനും താരങ്ങൾ ലോണിലാണ് പോയതെങ്കിലും അവരൊന്നും അടുത്ത സീസണിലും ക്ലബിലുണ്ടാകാൻ സാധ്യതയില്ല.

    ഡെസ്റ്റ് മിലാനിലേക്ക് ലോണിലും, റിക്കി പുയ്‌ജ് കരാർ പുതുക്കാതെ എംഎൽഎസിലേക്കും മെംഫിസ് അത്ലറ്റികോ മാഡ്രിഡിലേക്കും ഡെമിർ ഗലാത്സരയിലേക്കും നെറ്റോ ബോൺമൗത്തിലേക്കും ബ്രൈത്ത്വൈറ്റ് എസ്പാന്യോളിലേക്കും കുട്ടീന്യോ ആസ്റ്റൺ വിലയിലേക്കും ലെങ്ലറ്റ് ടോട്ടനത്തിലേക്കും ലൂക്ക് ഡി ജോംഗ് സെവിയ്യയിലേക്കും മിൻഗുയെസ സെവിയ്യയിലേക്കും ഉംറ്റിറ്റി ലെക്കേയിലേക്കും നിക്കോ വലൻസിയയിലേക്കും അബ്ദെ ഒസാസുനയിലേക്കും ഒബാമയാങ് ചെൽസിയിലേക്കും പോയി.

    ഇതിനു പുറമെ വെറ്ററൻ താരങ്ങളായ പിക്വ സീസണിനിടയിൽ ക്ലബ് വിട്ടു, ബുസ്ക്വറ്റസ്, ആൽബ എന്നിവർ ഈ സീസണിന് ശേഷം ക്ലബിലുണ്ടാകില്ല. ഡ്രസിങ് റൂമിനെ മുഴുവൻ ഇതോടെ തന്റെ വരുതിയിലേക്ക് കൊണ്ടുവരാൻ ഇതോടെ സാവിക്ക് കഴിയും. ഇതിനു മുൻപ് ടീമിലെ വമ്പൻ താരങ്ങൾ ഡ്രസിങ് റൂമിൽ ആധിപത്യം സ്ഥാപിക്കുന്ന രീതി സാവിക്ക് കീഴിൽ പൂർണമായും ഇല്ലാതായിട്ടുണ്ട്.

    പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും മികച്ച പ്രകടനം നടത്താൻ സാവിയുടെ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ സ്‌പാനിഷ്‌ സൂപ്പർകപ്പും ലീഗും ടീം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങിയതിനാൽ ചാമ്പ്യൻസ് ലീഗിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ വരുന്ന സമ്മറിൽ ടീമിന് ആവശ്യമുള്ള താരങ്ങളെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സാവിക്ക് അതിനും കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

  3. “വെറുമൊരു സഹതാരം മാത്രമല്ല നിങ്ങൾ”- ജോർദി ആൽബക്ക് ഹൃദയം കവരുന്ന സന്ദേശവുമായി ലയണൽ മെസി

    Leave a Comment

    കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണ താരം ജോർദി ആൽബ ഈ സീസണിനു ശേഷം ക്ലബ് വിടുകയാണെന്ന കാര്യം പ്രഖ്യാപിച്ചത്. ബാഴ്‌സലോണയുമായി ഒരു വർഷം കരാർ ബാക്കി നിൽക്കെയാണ് കരാർ ഒഴിവാക്കി ക്ലബ് വിടുകയാണെന്ന കാര്യം ഔദ്യോഗികമായി താരം അറിയിച്ചത്. വലൻസിയയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം പതിനൊന്നു വർഷം നീണ്ട ബാഴ്‌സലോണ കരിയറിനാണ് അവസാനം കുറിച്ചത്.

    ജോർദി ആൽബയെ ബാഴ്‌സലോണ ആരാധകർ ഓർക്കുന്നത് ലയണൽ മെസിയുമായുള്ള ഒത്തിണക്കത്തിന്റെ കൂടി പേരിലായിരിക്കും. ആൽബയുടെ റണ്ണിന് അളന്നു മുറിച്ചതു പോലെ മെസി നൽകുന്ന പാസുകളും ആൽബ മെസിക്കായി നൽകുന്ന ക്രോസുകളുമെല്ലാം ആരാധകർക്ക് മറക്കാൻ കഴിയില്ല. ബാഴ്‌സലോണ വിടാൻ തീരുമാനിച്ച ആൽബക്ക് ഹൃദയസ്പർശിയായ സന്ദേശം മെസി നൽകുകയും ചെയ്‌തു.

    “നിങ്ങൾ ഒരു സഹകളിക്കാരൻ എന്നതിനേക്കാൾ അപ്പുറം കളിക്കളത്തിൽ എന്റെ ഏറ്റവും മികച്ചൊരു കൂട്ടാളിയായിരുന്നു. അതിനു പുറമെ വ്യക്തിപരമായ നിലയിലും നമ്മൾ ഒരുപാട് ആസ്വദിച്ചത് സന്തോഷം നൽകുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞാൻ നല്ലത് നേരുന്നു, പുതിയ വഴി നിങ്ങൾക്ക് കൂടുതൽ വിജയങ്ങളും സന്തോഷവും നൽകട്ടെ. എല്ലാറ്റിനും നന്ദി, ആലിംഗനങ്ങൾ.” മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

    ബാഴ്‌സലോണക്കൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയാണ് ആൽബ തന്റെ കരിയർ അവസാനിപ്പിക്കുന്നത്. അതേസമയം ലയണൽ മെസി തിരിച്ചെത്താനുള്ള സാധ്യത നിലനിൽക്കുന്ന സമയത്താണ് ആൽബ ബാഴ്‌സലോണ വിടുന്നതെന്നത് പല ആരാധകർക്കും വിഷമമുണ്ടാക്കുന്നുണ്ട്. താരം ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും യൂറോപ്പിൽ തന്നെ തുടരാനുള്ള സാധ്യത കൂടുതലാണ്.

  4. പതിനൊന്നു വർഷത്തെ കരിയറിന് അവസാനം, ബുസ്‌ക്വറ്റ്‌സിന് പിന്നാലെ ജോർദി ആൽബയും ബാഴ്‌സലോണ വിടുന്നു

    Leave a Comment

    ഒന്നിനു പുറകെ ഒന്നായി ബാഴ്‌സലോണയുടെ വെറ്ററൻ താരങ്ങൾ ക്ലബിൽ നിന്നും വിടപറയുന്ന കാഴ്‌ചയാണ്‌ ഈ സീസണിൽ കാണാൻ കഴിയുന്നത്. ആദ്യം സീസണിനിടയിൽ ജെറാർഡ് പിക്വ ക്ലബ് വിട്ടതിനു ശേഷം സെർജിയോ ബുസ്‌ക്വറ്റ്സ് ഈ സീസണു ശേഷം ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ ലെഫ്റ്റ് ബാക്കായ ജോർഡി ആൽബയും ബാഴ്‌സലോണ വിടാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    പതിനൊന്നു വർഷം നീണ്ട ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ചാണ് ജോർദി ആൽബ ബാഴ്‌സലോണ വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ കരിയറിനിടയിൽ സാധ്യമായ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള ജോർദി ആൽബ ക്ലബ് വിടുമ്പോൾ തന്റെ പ്രതിഫലം വേണ്ടെന്നു വെച്ചുവെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

    ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായ ജോർദി ആൽബ വലൻസിയയിൽ നിന്നുമാണ് ക്ലബ്ബിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം ടീമിന്റെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഒരു പതിറ്റാണ്ട് നിറഞ്ഞു നിന്ന താരത്തിന് ഈ സീസണിൽ അവസരങ്ങൾ പരിമിതമായിരുന്നു. അലസാൻഡ്രോ ബാൾഡേ മികച്ച പ്രകടനം നടത്തി ആൽബയുടെ അവസരങ്ങൾ പരിമിതമാക്കി.

    ആൽബ ക്ലബ് വിടുന്നതോടെ ലയണൽ മെസി തിരിച്ചു വരാനുള്ള സാധ്യതകൾ വർധിച്ചുവെന്ന സൂചനകളുമുണ്ട്. നിലവിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ആൽബ പോകുന്നത് വേതനബിൽ കുറക്കാൻ സഹായിക്കും. ഇതിലൂടെ ലയണൽ മെസിയുടെ തിരിച്ചുവരവിനു അടിത്തറ പാകാം. അതേസമയം ആൽബ ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

    ബാഴ്‌സലോണക്കായി 458 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുള്ള ജോർദി ആൽബ 27 ഗോളുകൾ നേടുകയും 99 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. പതിനെട്ടു കിരീടങ്ങൾ ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയതിന് ആറു ലാ ലിഗയും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു. സ്പെയിനോപ്പം 2012ലെ യൂറോ കപ്പും താരം നേടിയിട്ടുണ്ട്.

  5. ഞെട്ടിക്കുന്ന പ്രതിഫലം, ലയണൽ മെസിക്കായുള്ള ഓഫർ വർധിപ്പിച്ച് സൗദി അറേബ്യൻ ക്ലബ്

    Leave a Comment

    പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കില്ലെന്ന തീരുമാനം എടുത്തതോടെ താരവുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമാണ്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ അർജന്റീന താരത്തെ നിലനിർത്താൻ ഫ്രഞ്ച് ക്ലബിന് താൽപര്യമുണ്ടെങ്കിലും ലയണൽ മെസി അതിനു തയ്യാറായിട്ടില്ല. തൻറെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നത്.

    ബാഴ്‌സലോണ ലയണൽ മെസിക്കായി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധി അതിൽ തടങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്. ലാ ലീഗയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ മെസിയെ സ്വന്തമാക്കാൻ കഴിയൂ എന്നതിനാൽ അതിനായി ക്ലബ് കാത്തിരിക്കുകയാണ്. ലാ ലീഗയുടെ അനുമതി ലഭിച്ച് ബാഴ്‌സയുടെ ഓഫർ ലഭിക്കാനായി മെസിയും കാത്തിരിക്കയാണ്.

    അതിനിടയിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ മറ്റു ചില ക്ലബുകളും ശ്രമം നടത്തുന്നുണ്ട്. പ്രധാനമായും സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലാണ് ലയണൽ മെസിക്കായി ശ്രമം നടത്തുന്നത്. താരത്തിനായി നേരത്തെ അൽ ഹിലാൽ ഒരു ഓഫർ നൽകിയിരുന്നു. ഇപ്പോൾ ആ തുക വർധിപ്പിച്ച് പുതിയ ഓഫർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    സ്‌പാനിഷ്‌ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ സ്വന്തമാക്കാൻ 500 മില്യൺ യൂറോ പ്രതിവർഷം പ്രതിഫലമായി നൽകാമെന്നാണ് അൽ ഹിലാൽ ഓഫർ ചെയ്‌തിരിക്കുന്നത്‌. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിക്കുന്നതിന്റെ ഇരട്ടി പ്രതിഫലമാണ് ലയണൽ മെസിക്ക് വാഗ്ദാനം ചെയ്‌തിരിക്കുന്നത്‌.

    എന്നാൽ ലയണൽ മെസി ഈ വാഗ്‌ദാനം സ്വീകരിക്കാനുള്ള സാധ്യത കുറവാണ്. യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസിക്ക് താൽപര്യം. അതിനു പുറമെ ബാഴ്‌സയിലേക്ക് തിരിച്ചു പോകാനും താരം ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഓഫർ മെസി തള്ളുമെന്നുറപ്പാണ്.

     

  6. നെയ്‌മർക്ക് സ്നേഹം ബാഴ്‌സലോണയോടു തന്നെ, രഹസ്യമായി കിരീടാഘോഷങ്ങളിൽ പങ്കെടുത്ത് ബ്രസീലിയൻ താരം

    Leave a Comment

    ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയാണ് നെയ്‌മർ ആറു വർഷങ്ങൾക്കു മുൻപ് ബാഴ്‌സലോണ വിട്ടത്. ലയണൽ മെസിക്ക് ശേഷം ക്ലബിന്റെ പ്രധാന താരമാകുമെന്ന് ഏവരും പ്രതീക്ഷിച്ച നെയ്‌മർ പക്ഷെ റെക്കോർഡ് തുകയുടെ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറി. താരത്തെ ക്ലബിൽ നിലനിർത്താൻ പലരും ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് ബാഴ്‌സലോണ വിടുകയാണ് താരം ചെയ്‌തത്‌.

    പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തിൽ നെയ്‌മർ പിന്നീട് നിരാശപ്പെട്ടിരുന്നു. ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ പിഎസ്‌ജി താരത്തെ അപ്പോഴൊന്നും വിട്ടുകൊടുക്കാൻ തയ്യാറായില്ല. എന്നാൽ നെയ്‌മറും ബാഴ്‌സലോണയും തമ്മിലുള്ള ബന്ധം സുദൃഢമായി നിലനിൽക്കുന്നു എന്നാണു ഇപ്പോൾ മനസിലാക്കാൻ കഴിയുന്നത്.

    ജെറാർഡ് റൊമേറോയുടെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണയുടെ ലീഗ് കിരീടനേട്ടങ്ങളുടെ ആഘോഷത്തിൽ ബ്രസീലിയൻ താരവും പങ്കാളിയായിരുന്നു. എസ്പാന്യോളിനെതിരെ നടന്ന ലീഗ് മത്‌സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയതിനു പിന്നാലെയാണ് ബാഴ്‌സലോണ ലീഗ് കിരീടം സ്വന്തമാക്കിയത്.

    ലീഗ് കിരീടം നേടിയതിനു ശേഷം ബാഴ്‌സലോണ ഓപ്പൺ ബസ് പരേഡും അതിനു ശേഷം നൈറ്റ് ക്ലബിൽ ആഘോഷവും നടത്തിയിരുന്നു. നൈറ്റ് ക്ലബിലെ ആഘോഷത്തിലാണ് നെയ്‌മർ എത്തിയത്. ബാഴ്‌സലോണ ക്ഷണിച്ചതിനെ തുടർന്നാണ് താരം എത്തിയത്. രഹസ്യമായാണ് താരം എത്തിയത് എന്നതിനാൽ തന്നെ അതിന്റെ ചിത്രങ്ങൾ പോലും പുറത്തു വന്നിട്ടില്ല.

    അതേസമയം ബാഴ്‌സലോണക്ക് നെയ്മറെ സ്വന്തമാക്കാൻ യാതൊരു താല്പര്യവും ഇല്ല. ആഗ്രഹം ഉണ്ടെങ്കിൽ പോലും പിഎസ്‌ജിയുമായി കരാറുള്ള താരത്തെ സ്വന്തമാക്കാൻ അവർക്ക് കഴിയുകയുമില്ല. നിലവിൽ ലയണൽ മെസിയെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ ഒരുങ്ങുന്നത്.

  7. മെസിയോട് തിരിച്ചുവരാൻ ബാഴ്‌സലോണ താരം, ഏതറ്റം വരെയും പോകുമെന്ന് ലപോർട്ട

    Leave a Comment

    വലിയ പ്രതിസന്ധികളെ അതിജീവിച്ച ബാഴ്‌സലോണ ഒടുവിൽ പൊരുതിയാണ് ലീഗ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പോലും പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും സാവി പരിശീലകനായതിനു ശേഷം രണ്ടാം സ്ഥാനത്തേക്ക് കയറി വന്ന ടീം ഈ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കി. മികച്ച ഫോമിലുള്ള റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കിയാണ് ബാഴ്‌സലോണ ലീഗ് കിരീടം സ്വന്തമാക്കിയത്.

    ലീഗ് കിരീടം നേടിയതിന്റെ സന്തോഷത്തിനൊപ്പം ക്ലബിന്റെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസിയെ തിരിച്ചു വിളിക്കാനും ബാഴ്‌സലോണ താരങ്ങൾ മറന്നില്ല. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിലേക്ക് വന്ന ഫ്രാങ്ക് കെസി തന്റെ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ “നിങ്ങളെ മിസ് ചെയ്യുന്നു ലയണൽ മെസി” എന്നാണു കുറിച്ചത്. മുൻ നായകൻറെ മടങ്ങി വരവിനായി ക്ലബ് കാത്തിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

    അതേസമയം ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കി. ക്ലബ് കഴിവിന്റെ പരമാവധി അതിനായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബാഴ്‌സ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും പ്രസിഡന്റിന്റെ വാക്കുകൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നതാണ്.

    ഈ സീസണോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുമ്പോൾ താരം ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. മറ്റു ക്ലബുകളുടെ ഓഫറുകളെല്ലാം ഇപ്പോൾ പരിഗണിക്കാതിരിക്കുന്ന മെസി ബാഴ്‌സലോണ കൃത്യമായി പദ്ധതികൾ മുന്നോട്ടു നീക്കി തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാഴ്‌സലോണ താരങ്ങളും മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കയാണ്.

  8. ബാഴ്‌സലോണ താരങ്ങളെ ആക്രമിക്കാൻ ശ്രമിച്ച് എസ്‌പാന്യോൾ ആരാധകർ, കിരീടനേട്ടം ആഘോഷിക്കാൻ സമ്മതിച്ചില്ല

    Leave a Comment

    ബാഴ്‌സലോണ ലാ ലിഗ കിരീടം നേടിയതിനു പിന്നാലെ അപ്രതീക്ഷിത സംഭവങ്ങൾ. കിരീടം നേടിയത് മൈതാനത്ത് ആഘോഷിക്കുന്ന ബാഴ്‌സലോണ താരങ്ങളെ പ്രകോപിതരായ എസ്പാന്യോൾ ആരാധകർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

    രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും അലസാന്ദ്രോ ബാൾഡേ, ജൂൾസ് കൂണ്ടെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്‌സലോണയ്ക്ക് വിജയം നൽകിയത്. ബാഴ്‌സലോണ നാല് ഗോളുകൾ നേടിയതിനു ശേഷമാണ് എസ്പാന്യോൾ രണ്ടു ഗോൾ തിരിച്ചടിച്ചത്.

    പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ആവേശം നൽകിയ കിരീടനേട്ടമാണ് ഉണ്ടായത്. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ നേടിയ കിരീടം താരങ്ങൾ മൈതാനത്തിറങ്ങി ആഘോഷിക്കുകയായിരുന്നു. അവർക്കിടയിലേക്ക് പൊടുന്നനെ എസ്പാന്യോൾ ആരാധകർ ഇറങ്ങിയതോടെ ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടിപ്പോയി.

    ബാഴ്‌സലോണ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയെങ്കിലും എവിടേക്കും എസ്പാന്യോൾ ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചു. കസേരകൾ ഉൾപ്പെടെ അവർ വലിച്ചെറിയുകയും ചെയ്‌തു. സ്റ്റേഡിയം സെക്യൂരിറ്റി വളരെ ബുദ്ധിമുട്ടിയാണ് താരങ്ങളെ സംരക്ഷിച്ച് എസ്പാന്യോൾ ആരാധകരെ ഒതുക്കി നിർത്തിയത്.

    ബാഴ്‌സലോണ കിരീടം നേടിയപ്പോൾ തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന എസ്പാന്യോൾ തോൽവിയോടെ രണ്ടാം ഡിവിഷനിലേക്ക് പോകാനുള്ള സാധ്യത വർധിച്ചു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത് എന്നാണു കരുതേണ്ടത്. എന്തായാലും ബാഴ്‌സലോണ താരങ്ങൾക്കും ആരാധകർക്കും മറക്കാൻ പറ്റാത്ത സംഭവമാണ് നടന്നത്.

  9. യൂറോപ്പ് വിടാനൊരുങ്ങി ബാഴ്‌സലോണ, തടയില്ലെന്ന് ഹാവിയർ ടെബാസ്

    Leave a Comment

    ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ ബാഴ്‌സലോണ അടുത്ത സീസണിൽ യൂറോപ്പ് വിട്ട് മറ്റേതെങ്കിലും ലീഗിൽ കളിക്കാൻ തീരുമാനിച്ചാൽ തടയില്ലെന്ന് ലാ ലിഗ പ്രസിഡന്റായ  ഹാവിയർ ടെബാസ്. നെഗ്രയ്‌ഗ കേസ് കാരണം ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്ക് വരാനുള്ള സാധ്യതയുള്ളതു കൊണ്ട് അവർ യൂറോപ്പ് വിടുമെന്ന റിപ്പോർട്ടുകൾ ഉള്ളതിനാലാണ് ടെബാസ് തന്റെ തീരുമാനം പറഞ്ഞത്.

    കഴിഞ്ഞ മാനേജ്‌മെന്റുകളുടെ കാലത്ത് റഫറിയിങ് ഫെഡറേഷന് നിശ്ചിത കാലയളവിൽ നിശ്ചിത തുക നൽകിയെന്ന ആരോപണമാണ് ബാഴ്‌സലോണ നേരിടുന്നത്. ഇതിൽ യുവേഫ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും. അങ്ങിനെയെങ്കിൽ യൂറോപ്പ് വിട്ട് മറ്റു ഭൂഖണ്ഡത്തിലേക്ക് ചേക്കേറുന്ന കാര്യം അവർ ആലോചിക്കുന്നുണ്ട്.

    “ബാഴ്‌സലോണയാണ് അതിൽ തീരുമാനം എടുക്കേണ്ടത്. വരുമാനം ഉണ്ടാക്കാനും നഷ്‌ടങ്ങൾ നികത്താനുമാണ് അവർ ഇത് ചെയ്യുന്നതെങ്കിൽ എനിക്കതിൽ കുഴപ്പമൊന്നുമില്ല. മറ്റൊരു ചാമ്പ്യൻസ് ലീഗിനെ കുറിച്ചാണ് ഞാനിതു പറയുന്നത്. നിയമപരമായി മറ്റൊരു രാജ്യത്തെ ലീഗിൽ കളിക്കാൻ അവർക്ക് കഴിയില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.” ടെബാസ് കഴിഞ്ഞ ദിവസം മാർക്കയോട് പറഞ്ഞു.

    യുവേഫയുടെ അന്വേഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് ബാഴ്‌സലോണയിപ്പോൾ. അതിൽ കുറ്റവിമുക്തരാക്കപ്പെട്ടാൽ ബാഴ്‌സലോണ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലുണ്ടാകും, അതല്ലെങ്കിൽ ബാഴ്‌സക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം കേസന്വേഷണത്തിന്റെ ഗതി ബാഴ്‌സയ്ക്ക് അനുകൂലമാണ്.

  10. തോറ്റമ്പി റയൽ മാഡ്രിഡ്, കിരീടത്തിനു ഒരു വിജയം മാത്രമകലെ ബാഴ്‌സലോണ

    Leave a Comment

    ലാ ലിഗയിൽ വീണ്ടും അടിപതറി റയൽ മാഡ്രിഡ്. റയൽ സോസിഡാഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് കിരീടം ബാഴ്‌സലോണക്ക് മുന്നിൽ അടിയറവ് വെച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്. അതേസമയം ഒസാസുനക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അവസാനമിനുട്ടുകളിൽ വിജയഗോൾ നേടി ബാഴ്‌സലോണ ലീഗ് വിജയത്തിന് അരികിലെത്തി.

    റയൽ സോസിഡാഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു റയൽ മാഡ്രിഡ് വഴങ്ങിയത്. മുൻ റയൽ മാഡ്രിഡ് താരമായ ടകേഫുസെ കുബോയാണ് സ്വന്തം മൈതാനത്ത് റയൽ സോസിഡാഡിന്റെ ആദ്യത്തെ ഗോൾ നേടിയത്. അതിനു ശേഷം കാർവാഹാൾ ചുവപ്പുകാർഡ് നേടിയതോടെ റയൽ മാഡ്രിഡിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു.

    ആൻഡർ ബാരനെക്സ്റ്റി കൂടി ഗോൾ നേടിയതോടെ റയൽ സോസിഡാഡ് മത്സരത്തിൽ വിജയമുറപ്പിച്ചു. കഴിഞ്ഞ മൂന്നു മത്സരത്തിനിടെ റയൽ മാഡ്രിഡ് വഴങ്ങുന്ന രണ്ടാമത്തെ തോൽവിയാണു ഇന്നലത്തെ മത്സരത്തിൽ ഉണ്ടായത്. ലൂക്ക മോഡ്രിച്ച്, കരിം ബെൻസിമ എന്നീ താരങ്ങളുടെ അഭാവം റയൽ മാഡ്രിഡിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.

    അതേസമയം പത്തു പേരായി ചുരുങ്ങിയിട്ടും ഒസാസുന നടത്തിയ പോരാട്ടവീര്യത്തെ അവസാന മിനിറ്റുകളിൽ മറികടന്നാണ് ബാഴ്‌സലോണ വിജയം നേടിയത്. ജോർഡി ആൽബയാണ് എൺപത്തിനാലാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടിയത്. ഇതോടെ റയൽ മാഡ്രിഡിനെക്കാൾ പതിനാലു പോയിന്റ് മുന്നിലാണ് ബാഴ്‌സലോണ. എസ്പാന്യോളുമായി നടക്കുന്ന അടുത്ത മത്സരത്തിൽ വിജയം നേടിയ ബാഴ്‌സലോണ ലീഗ് വിജയികളാകും.