Tag Archive: FC Barcelona

  1. ബാഴ്‌സലോണക്ക് ഇരുട്ടടി, എംബാപ്പെക്ക് പകരക്കാരനായി ഡെംബലെ പിഎസ്‌ജിയിലേക്ക്

    Leave a Comment

    പുതിയ സീസണിനായി ഒരുങ്ങുന്ന ബാഴ്‌സലോണക്ക് തിരിച്ചടിയായി ടീമിന്റെ പ്രധാന താരമായ ഒസ്മാനെ ഡെംബലെ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. ഒരു വർഷം കൂടി മാത്രം ബാഴ്‌സലോണയുമായി കരാറുള്ള താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

    അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ എംബാപ്പെക്ക് പകരക്കാരനെന്ന നിലയിലാണ് ഒസ്മാനെ ഡെംബലെയെ പിഎസ്‌ജി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ അടിക്കടി ഉണ്ടാകുമെങ്കിലും കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താറുള്ള ഡെംബലെ ക്ലബ് വിടുന്നത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാണ്.

    2024ൽ ബാഴ്‌സലോണ കരാർ അവസാനിക്കാനിരിക്കുന്ന ഒസ്മാനെ ഡെംബലെയുടെ നിലവിലെ റിലീസിംഗ് ക്ലോസ് അമ്പതു മില്യൺ യൂറോയാണ്. എന്നാൽ ജൂലൈ മാസം അവസാനിക്കുന്നതോടെ റിലീസിംഗ് ക്ലോസ് നൂറു മില്യൺ യൂറോയായി വർധിക്കും. ഇത് കണക്കിലെടുത്താണ് താരത്തെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമിക്കുന്നത്. പിഎസ്‌ജി പരിശീലകൻ എൻറിക്കിന് ഡെംബലെയിൽ വളരെയധികം താത്പര്യവുമുണ്ട്‌.

    അതേസമയം ഡെംബലെയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ട്. ഇതിനു മുൻപും താരത്തിന് ബാഴ്‌സലോണ വിടാനുള്ള ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും സാവിയുടെ കീഴിൽ ബാഴ്‌സയിൽ തന്നെ തുടരാനാണ് ഡെംബലെ തീരുമാനിച്ചത്. സമാനമായൊരു തീരുമാനം താരം വീണ്ടും എടുക്കുമെന്നാണ് ബാഴ്‌സലോണ ആരാധകർ പ്രതീക്ഷിക്കുന്നത്.

  2. മെസിയുമായി കരാർ ധാരണയിൽ എത്തിയിരുന്നു, താരം ക്ലബ് വിടാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി ലപോർട്ട

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്ന കാര്യമെങ്കിലും അതല്ല സംഭവിച്ചത്. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെയാണ് തിരഞ്ഞെടുത്തത്. ഇന്ന് താരത്തിന്റെ സൈനിങ്‌ ഇന്റർ മിയാമി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്.

    അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാതിരിക്കാനുള്ള യഥാർത്ഥ കാരണം ക്ലബ് പ്രസിഡന്റായ ലപോർട്ട വെളിപ്പെടുത്തുകയുണ്ടായി. മെസിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനു വേണ്ടി കൂടുതൽ കാത്തിരിക്കാൻ താരം തയ്യാറായിരുന്നില്ല. സമ്മർദ്ദമില്ലാതെ ലീഗിൽ കളിക്കാനാണ് ലയണൽ മെസി ആഗ്രഹിച്ചിരുന്നത്.

    “ഞങ്ങൾ അംഗീകാരം നൽകിയിരുന്നു, എന്നാൽ ഓരോ കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ട്. കരാർ ഞങ്ങൾ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ലാ ലിഗ അനുമതി നൽകിയ സമയത്ത് ലയണൽ മെസിയുടെ പിതാവ് പറഞ്ഞത് പിഎസ്‌ജിയിൽ കഴിഞ്ഞ രണ്ടു വർഷം താരം ബുദ്ധിമുട്ടിയിരുന്നു, അതിനാൽ സമ്മർദ്ദമില്ലാതെ ലീഗിൽ കളിക്കാനാണ് ആഗ്രഹമെന്ന്. അത് മനസിലാക്കാൻ കഴിയുന്നതാണെന്ന് ഞാനും മറുപടി നൽകി.” ലപോർട്ട പറഞ്ഞു.

    ലയണൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനു സമയമെടുക്കുമെന്നതിനാൽ താരത്തോട് കാത്തിരിക്കാൻ ബാഴ്‌സ ആവശ്യപ്പെട്ടെങ്കിലും തന്റെ ഭാവി പെട്ടന്ന് തീരുമാനമാക്കാനാണ് മെസി ആഗ്രഹിച്ചത്. തീരുമാനം വൈകിച്ച് രണ്ടു വർഷം മുൻപ് ബാഴ്‌സലോണ വിടേണ്ടി വന്ന സാഹചര്യം ആവർത്തിക്കാൻ മെസി ഒരിക്കലും തയ്യാറായിരുന്നില്ല.

  3. ബ്രസീലിയൻ കടുവ ബാഴ്‌സലോണക്ക് സ്വന്തം, ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് കാറ്റലൻ ക്ലബ്

    Leave a Comment

    സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. പ്രധാനതാരങ്ങളിൽ പലർക്കും പരിക്ക് പറ്റിയത് ചാമ്പ്യൻസ് ലീഗിലെ ടീമിന്റെ പ്രകടനത്തെ ബാധിച്ചെങ്കിലും ലീഗും സൂപ്പർകപ്പും സ്വന്തമാക്കാൻ ക്ലബിന് കഴിഞ്ഞു. വരുന്ന സീസണിൽ കൂടുതൽ മികവ് കാട്ടാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ.

    അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തുന്നതിനായി പുതിയ താരങ്ങളെ സ്വന്തമാക്കുന്ന ബാഴ്‌സലോണ ബ്രസീലിൽ നിന്നുമൊരു താരത്തെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ താരമായ വിറ്റർ റോക്യൂവിനെയാണ് ബാഴ്‌സലോണ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. പതിനെട്ടുകാരനായ താരമാണ് റോക്യൂ.

    അതേസമയം ഇപ്പോൾ ടീമിലെത്തിച്ചെങ്കിലും അടുത്ത സീസണിലാവും താരം ബാഴ്‌സലോണയിൽ ചേരുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല്പതു മില്യൺ യൂറോയാണ് ബ്രസീലിയൻ താരത്തിന് ട്രാൻസ്‌ഫർ ഫീസായി നൽകിയിരിക്കുന്നത്. അതിനു പുറമെ ഇരുപത്തിയൊന്ന് മില്യൺ യൂറോ മൂല്യം വരുന്ന ആഡ് ഓണുകളും കരാറിൽ ബാഴ്‌സലോണ ഉൾപ്പെടുത്തിയിട്ടുണ്ട്.

    കരിയറിന്റെ അവസാനത്തിൽ എത്തി നിൽക്കുന്ന റോബർട്ട് ലെവൻഡോസ്‌കിക്ക് പകരക്കാരനാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് റോക്യൂ. ബ്രസീലിയൻ ക്ലബിനായി 66 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ പതിനെട്ടാം വയസിൽ തന്നെ താരം നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ടീമിലെ എത്തിച്ചതും താരത്തിന്റെ പ്രകടനം തന്നെയാണ്. ബ്രസീലിനു വേണ്ടിയും താരം അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

  4. നെയ്‌മർക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണം, പ്രതിഫലം കുറക്കാൻ തയ്യാറായി ബ്രസീലിയൻ താരം

    Leave a Comment

    ആറു വർഷങ്ങൾക്ക് മുൻപ് വിവാദങ്ങൾ ഉയർത്തിയ ട്രാൻസ്‌ഫറിലാണ് നെയ്‌മർ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ലയണൽ മെസിക്ക് ശേഷം ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകുമെന്ന് പ്രതീക്ഷിച്ച നെയ്‌മർ പക്ഷെ മെസിയുടെ നിഴലിൽ നിന്ന് മോചിതനായി ലോകഫുട്ബോളിൽ ഉയരങ്ങളിൽ എത്തുന്നതിനു വേണ്ടി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുകയായിരുന്നു.

    പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടത്തെ നാളുകൾ അത്ര സുഖകരമായ ഒന്നായിരുന്നില്ല. മികച്ച പ്രകടനം നടത്തിയെങ്കിലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കഴിയാത്തതും കളിക്കളത്തിലും പുറത്തും വിവാദനായകനായി മാറിയതും നെയ്‌മർക്ക് തിരിച്ചടിയായി. അതുകൊണ്ടെല്ലാം ആരാധകർക്ക് അപ്രിയനായി മാറിയ നെയ്‌മറെ ക്ലബിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ട് അവർ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.

    ആരാധകർ തന്റെ വീടിനു മുന്നിലടക്കം പ്രതിഷേധം നടത്തിയതിനാൽ സമ്മറിൽ പിഎസ്‌ജി വിടാനാണ് നെയ്‌മറും ഒരുങ്ങുന്നത്. ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ക്ലബ് താരത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനാണ് നെയ്‌മർ ആഗ്രഹിക്കുന്നത്. ഇതിനായി തന്റെ പ്രതിഫലം കുറക്കാൻ വരെ താരം തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.

    നെയ്‌മർ തങ്ങളുടെ പദ്ധതികളിൽ ഇല്ലെന്നാണ് സാവി മുൻപ് താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുമ്പോൾ വ്യക്തമാക്കിയത്. എന്നാൽ താരത്തെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ബാഴ്‌സലോണ ബോർഡിൽ തന്നെ റാൻഡ് അഭിപ്രായങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ താരത്തെ ബാഴ്‌സയ്ക്ക് തിരികെ നൽകാൻ പിഎസ്‌ജി തയ്യാറാകുമോ എന്ന് സംശയമാണ്. അതിനു പുറമെ എൻറിക്വ പരിശീലകനായി എത്തിയാൽ നെയ്‌മർ പിഎസ്‌ജിയിൽ എത്താനുള്ള സാധ്യതയുണ്ട്.

  5. മൂന്നു വർഷത്തെ കരാർ, മാഞ്ചസ്റ്റർ സിറ്റി താരത്തെ ബാഴ്‌സലോണ റാഞ്ചി

    Leave a Comment

    സാവിയുടെ കീഴിൽ പുതിയൊരു ബാഴ്‌സലോണ ടീം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ക്ലബിന്റെ പരിശീലകനായതിനു ശേഷം നിരവധി താരങ്ങളെ അദ്ദേഹം ഒഴിവാക്കിയെങ്കിലും അതിനു പകരക്കാരായി മികച്ച താരങ്ങളെ സ്വന്തമാക്കുകയും വാർത്തെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ സീസണിൽ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളിൽ പലരും സാവിയുടെ പരിശീലനമികവിന്റെ ഉദാഹരണങ്ങളാണ്.

    ചാമ്പ്യൻസ് ലീഗിൽ തിരിച്ചടികൾ നേരിട്ട ബാഴ്‌സലോണ അടുത്ത സീസണിൽ അതിനെ മറികടന്നു പോകാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ്. ഇതിന്റെ ഭാഗമായി മാഞ്ചസ്റ്റർ സിറ്റി താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. സിറ്റി മധ്യനിരയിൽ കളിക്കുന്ന ജർമൻ മധ്യനിര താരമായ ഇൽകെയ് ഗുൻഡോഗനാണു ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ സമ്മതമറിയിച്ചിരിക്കുന്നത്.

    ഈ സീസണോടെ ജർമൻ താരവും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള കരാർ അവസാനിക്കുകയാണ്. മികച്ച പ്രകടനം നടത്തുന്ന താരത്തിന് പുതിയ കരാർ മാഞ്ചസ്റ്റർ സിറ്റി വാഗ്‌ദാനം ചെയ്‌തെങ്കിലും ഗുണ്ടോഗൻ അത് നിരസിക്കുകയുണ്ടായി. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനായി മാഞ്ചസ്റ്റർ സിറ്റി വിടാനാണ് താരം ആഗ്രഹിക്കുന്നത്. ഫ്രീ ഏജന്റായ താരത്തിന് വേണ്ടി ബാഴ്‌സലോണ ഉടനെ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്‌തു.

    റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് ഗുൻഡോഗനു ബാഴ്‌സലോണ ഓഫർ ചെയ്‌തിരിക്കുന്നത്‌. അത് ഒരു വർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ട്. സെർജിയോ ബുസ്‌ക്വറ്റ്സ് ക്ലബ് വിട്ടതിനാൽ അതിനു പകരക്കാരനായി കളിക്കാൻ കഴിയുന്ന താരമാണ് ഗുൻഡോഗൻ. വളരെയധികം പരിചയസമ്പത്തുള്ള താരമായതിനാൽ ബാഴ്‌സലോണക്ക് ഗുണം ചെയ്യുന്ന ട്രാൻസ്‌ഫർ തന്നെയാണ് ജർമൻ താരത്തിന്റേത്.

  6. മെസിയുടെ നിർണായക തീരുമാനം ഉടനെ, പുതിയ വെളിപ്പെടുത്തലുമായി സാവി

    Leave a Comment

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ഖത്തർ ലോകകപ്പിനു പിന്നാലെ തന്നെ തുടങ്ങിയതാണ്. ലോകകപ്പിനു ശേഷം ഫ്രാൻസിലെ ഒരു വിഭാഗം ആരാധകർ എതിരായതോടെ ലയണൽ മെസി പിഎസ്‌ജിയിൽ ഇനി തുടരാനില്ലെന്ന തീരുമാനം എടുക്കുകയായിരുന്നു. കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ അപ്പുറത്ത് ആരംഭിക്കുകയും ചെയ്‌തു.

    ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ലാ ലിഗയുടെ അനുമതി വേണമെന്നിരിക്കെ അതിനുള്ള ശ്രമങ്ങളാണ് ബാഴ്‌സലോണ നടത്തുന്നത്. അതിനിടയിൽ മെസി തിരിച്ചു വരുമോയെന്നത് താരത്തിന്റെ തീരുമാനം പോലെയാണെന്ന് സാവി പറഞ്ഞത് ആരാധകരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. താരത്തെ തിരിച്ചെത്തിക്കാൻ സാവിക്ക് താൽപര്യക്കുറവുണ്ടോ എന്ന സംശയം പലരും ഉയർത്തിയെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം അതിനെയെല്ലാം നിഷേധിച്ചു.

    “അടുത്ത വാരത്തിൽ ലയണൽ മെസി തന്റെ ഭാവി തീരുമാനിക്കും. മെസി തിരിച്ചു വരാൻ ഞാനെന്റെ നൂറു ശതമാനം ഒക്കെ പറഞ്ഞിട്ടുണ്ട്. വരാൻ തീരുമാനിച്ചാൽ അവൻ ഞങ്ങളെ സഹായിക്കുമെന്ന് എനിക്കറിയാം. ഉയർന്ന തലത്തിൽ തുടരാൻ കഴിയുന്ന ഫുട്ബോൾ അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴുമുണ്ടെന്ന് ഉണ്ടെന്ന് ഞാൻ കരുതുന്നു”

    “നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് പോലെ താരം ബാഴ്‌സയിലേക്ക് വരുന്നതിനുള്ള വാതിലുകൾ തുറന്നു കിടക്കുന്നു. അത് നന്നായി നടക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. അവർ പറയുന്നത് അനുസരിച്ചാണെങ്കിൽ കരാറുമായി ബന്ധപ്പെട്ട് സങ്കീർണതകളുണ്ട്. പക്ഷെ അവസാത്തെ വാക്ക് പരിശീലകന്റേതാണെങ്കിൽ താരം വരാൻ ഞാൻ നൂറു ശതമാനം ഒക്കെ പറഞ്ഞിട്ടുണ്ട്.”

    ലയണൽ മെസി തന്റെ തീരുമാനം അടുത്ത വാരത്തിൽ അറിയിക്കുമെന്ന് തന്നെയാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസിയുടെ കാര്യത്തിൽ ലാ ലിഗ തിങ്കളാഴ്ച്ച തീരുമാനമെടുത്തേക്കും. അത് അനുകൂലമാണെങ്കിൽ താരം ബാഴ്‌സയിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  7. ബാഴ്‌സയുടെ ലയണൽ മെസി മോഹങ്ങൾ അവസാനിക്കുന്നു, പുതിയ തീരുമാനവുമായി അർജന്റീന താരം

    Leave a Comment

    ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തുടർച്ചയായി ബാഴ്‌സലോണ സന്ദർശിച്ച് ലയണൽ മെസിയും താരത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് ആവർത്തിച്ച് ബാഴ്‌സലോണ പ്രസിഡണ്ടും പരിശീലകൻ സാവിയുമെല്ലാം അതിനു കൂടുതൽ നിറം നൽകുകയും ചെയ്‌തു. മെസി വീണ്ടും ബാഴ്‌സലോണ ജേഴ്‌സിയണിയുമെന്ന് ആരാധകരും വിശ്വസിച്ചു.

    സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് ലയണൽ മെസിയെ സ്വന്തമാക്കാൻ നിരവധി മാറ്റങ്ങൾ ക്ലബിൽ കൊണ്ടു വരേണ്ടതുണ്ട്. വേതന ബിൽ കുറക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ ലാ ലിഗ മെസിയുടെ തിരിച്ചു വരവിനു അനുമതി നൽകുകയുള്ളൂ. അനുമതി ലഭിക്കാനുള്ള പദ്ധതികൾ ലാ ലിഗക്ക് മുന്നിൽ ക്ലബ് സമർപ്പിച്ചെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.

    ലീഗിന്റെ അനുമതി ലഭിച്ച് ബാഴ്‌സലോണ തനിക്ക് ഓഫർ വരുന്നതിനായി ലയണൽ മെസി കാത്തിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ താരത്തിന്റെ ആത്മവിശ്വാസവും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാഴ്‌സലോണയില്ലാതെ മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കുന്ന കാര്യം താരം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഓഫർ നൽകാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റുള്ള ഓഫറുകൾ താരം പരിഗണിക്കും.

    നിലവിൽ സൗദി ക്ലബായ അൽ ഹിലാലിൽ നിന്നുള്ള ഓഫറാണ് ലയണൽ മെസിയുടെ മുന്നിലുള്ളത്. എന്നാൽ അത് പരിഗണിക്കുന്നതിനെക്കുറിച്ച് ലയണൽ മെസി ചിന്തിക്കുന്നു പോലുമില്ല. യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള ലയണൽ മെസി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് കൂടുതൽ. മെസി ബാഴ്‌സലോണയെ പരിഗണിക്കുന്നില്ലെങ്കിൽ താരത്തിന് കൂടുതൽ ക്ലബുകൾ ഓഫർ നൽകാനുള്ള സാധ്യതയുണ്ട്.

  8. ബാഴ്‌സയിലെത്തിയാലും പഴയ മെസിയെ കാണാനാവില്ല, താരത്തിന്റെ പൊസിഷൻ മാറുമെന്ന സൂചന നൽകി സാവി

    Leave a Comment

    ലയണൽ മെസി ബാഴ്‌സയിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതലാണ്. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ താരത്തിനായി ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടീമിനെ സംബന്ധിച്ച് മെസിയെ സ്വന്തമാക്കുക കുറച്ച് സങ്കീർണമായ കാര്യം തന്നെയാണ്.

    മെസിയെ സ്വന്തമാക്കാൻ ലാ ലിഗയുടെ അനുമതി ബാഴ്‌സലോണയ്ക്ക് ആവശ്യമാണ്. അതു ലഭിക്കുന്നതിനു വേണ്ടി ക്ലബിന്റെ വേതനബിൽ അടക്കമുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബാഴ്‌സലോണ ശ്രമങ്ങൾ നടത്തുന്നുമുണ്ട്. അതേസമയം മെസി തിരിച്ചു വന്നാലും തന്റെ പഴയ പൊസിഷനിൽ കളിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണ പരിശീലകനായ സാവി നൽകിയത്.

    “ലയണൽ മെസിക്ക് നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയും. ഫാൾസ് നയൻ, വിങ്ങർ, ഫൈനൽ തേർഡിലേക്ക് പാസുകൾ നൽകുന്ന മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിലെല്ലാം ലയണൽ മെസിക്ക് കളിക്കാൻ കഴിയും. ലയണൽ മെസി ഏറെക്കുറെ ഒരു മിഡ്‌ഫീൽഡർ തന്നെയാണ്. മധ്യനിര താരമാകാനുള്ള എല്ലാ കഴിവുകളും താരത്തിനുണ്ട്.” സാവി പറഞ്ഞത് ഡിയാരിയോ സ്പോർട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

    ലയണൽ മെസിയെ മധ്യനിരയിൽ കളിപ്പിക്കാനുള്ള പദ്ധതിയാണ് ബാഴ്‌സലോണക്കുള്ളതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സാവി തന്നെ അതുമായി ബന്ധപ്പെട്ടു കൃത്യമായ സൂചനകൾ നൽകിയിരിക്കുകയാണ്. അതേസമയം മെസിയെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ ഇതുവരെയും മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ല. ഉടനെ തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  9. മെസിയും ഏഞ്ചൽ ഡി മരിയയും ക്ലബ് തലത്തിലും ഒരുമിക്കാനുള്ള സാധ്യത വർധിക്കുന്നു

    Leave a Comment

    മുപ്പത്തിയഞ്ചു വയസ്സായെങ്കിലും ഇപ്പോഴും മികച്ച പ്രകടനമാണ് അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ നടത്തുന്നത്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അഴിഞ്ഞാടിയ താരം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അർജന്റീന നേടിയ മൂന്നു കിരീടങ്ങളുടെയും കലാശപ്പോരാട്ടത്തിൽ ഗോൾ നേടിയ താരം കൂടിയാണ് ഏഞ്ചൽ ഡി മരിയ.

    നിലവിൽ യുവന്റസിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. താരം അത് പുതുക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും യുവന്റസ് പോയിന്റ് വെട്ടിക്കുറക്കപ്പെട്ട് ഏഴാം സ്ഥാനത്തേക്ക് വീണതോടെ അതിനുള്ള സാധ്യത ഇല്ലാതായി. താരം വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

    അതിനിടയിൽ ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും റാഫിന്യ വന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. എന്നാൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാൾ റാഫിന്യ ആണെന്നിരിക്കെ ഡി മരിയ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ വീണ്ടും തുറന്നിട്ടുണ്ട്.

    ബാഴ്‌സലോണയ്ക്ക് പുറമെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക, തുർക്കിഷ് ക്ലബായ ഗ്ളാത്സരെ, ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരാണ് ഡി മരിയക്കായി ശ്രമം നടത്തുന്നത്. മിഡിൽ ഈസ്റ്റ് ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ടെങ്കിലും നിലവിൽ യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള ഏഞ്ചൽ ഡി മരിയ ഓഫർ പരിഗണിക്കുന്നില്ല. അടുത്ത കോപ്പ അമേരിക്കയിൽ കളിക്കുകയാണ് താരത്തിന്റെ ലക്‌ഷ്യം.

  10. സാവിയുടെ ശുദ്ധികലശം, ബാഴ്‌സലോണയിൽ നിന്നും പുറത്തു പോയതു പതിനാറു താരങ്ങൾ

    Leave a Comment

    ബാഴ്‌സലോണ പരിശീലകനായി സാവി സ്ഥാനമേറ്റെടുക്കുമ്പോൾ ക്ലബിന്റെ അവസ്ഥ തീർത്തും പരിതാപകരമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലയണൽ മെസിയടക്കം നിരവധി താരങ്ങളെ ഒഴിവാക്കേണ്ടി വന്ന ക്ലബ് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ കഴിയില്ലെന്ന സാഹചര്യമാണ് നേരിട്ടു കൊണ്ടിരുന്നത്. അതിനു പുറമെ വമ്പൻ പ്രതിഫലം കാരണം ക്ലബ് വിട്ടു പോകാതെ നിന്നിരുന്ന നിരവധി താരങ്ങളും ഉണ്ടായിരുന്നു.

    എന്നാൽ തന്റെ പദ്ധതി കൃത്യമായി അറിയാമായിരുന്ന സാവി അത് മെല്ലെ മെല്ലെ നടപ്പിലാക്കുന്ന കാഴ്‌ചയാണ്‌ കാണാൻ കഴിയുന്നത്. ടീമിന് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കാൻ സാവിക്ക് കഴിഞ്ഞപ്പോൾ ഒന്നര സീസണിനിപ്പുറം പതിനാറു താരങ്ങളാണ് ക്ലബ് വിട്ടു പോകുന്നത്. ഇതിൽ ഏതാനും താരങ്ങൾ ലോണിലാണ് പോയതെങ്കിലും അവരൊന്നും അടുത്ത സീസണിലും ക്ലബിലുണ്ടാകാൻ സാധ്യതയില്ല.

    ഡെസ്റ്റ് മിലാനിലേക്ക് ലോണിലും, റിക്കി പുയ്‌ജ് കരാർ പുതുക്കാതെ എംഎൽഎസിലേക്കും മെംഫിസ് അത്ലറ്റികോ മാഡ്രിഡിലേക്കും ഡെമിർ ഗലാത്സരയിലേക്കും നെറ്റോ ബോൺമൗത്തിലേക്കും ബ്രൈത്ത്വൈറ്റ് എസ്പാന്യോളിലേക്കും കുട്ടീന്യോ ആസ്റ്റൺ വിലയിലേക്കും ലെങ്ലറ്റ് ടോട്ടനത്തിലേക്കും ലൂക്ക് ഡി ജോംഗ് സെവിയ്യയിലേക്കും മിൻഗുയെസ സെവിയ്യയിലേക്കും ഉംറ്റിറ്റി ലെക്കേയിലേക്കും നിക്കോ വലൻസിയയിലേക്കും അബ്ദെ ഒസാസുനയിലേക്കും ഒബാമയാങ് ചെൽസിയിലേക്കും പോയി.

    ഇതിനു പുറമെ വെറ്ററൻ താരങ്ങളായ പിക്വ സീസണിനിടയിൽ ക്ലബ് വിട്ടു, ബുസ്ക്വറ്റസ്, ആൽബ എന്നിവർ ഈ സീസണിന് ശേഷം ക്ലബിലുണ്ടാകില്ല. ഡ്രസിങ് റൂമിനെ മുഴുവൻ ഇതോടെ തന്റെ വരുതിയിലേക്ക് കൊണ്ടുവരാൻ ഇതോടെ സാവിക്ക് കഴിയും. ഇതിനു മുൻപ് ടീമിലെ വമ്പൻ താരങ്ങൾ ഡ്രസിങ് റൂമിൽ ആധിപത്യം സ്ഥാപിക്കുന്ന രീതി സാവിക്ക് കീഴിൽ പൂർണമായും ഇല്ലാതായിട്ടുണ്ട്.

    പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും മികച്ച പ്രകടനം നടത്താൻ സാവിയുടെ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ സ്‌പാനിഷ്‌ സൂപ്പർകപ്പും ലീഗും ടീം സ്വന്തമാക്കിയിട്ടുണ്ട്. പരിക്കിന്റെ തിരിച്ചടികൾ ഏറ്റുവാങ്ങിയതിനാൽ ചാമ്പ്യൻസ് ലീഗിൽ ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ വരുന്ന സമ്മറിൽ ടീമിന് ആവശ്യമുള്ള താരങ്ങളെ എത്തിക്കാനുള്ള ശ്രമം നടത്തുന്ന സാവിക്ക് അതിനും കഴിയുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.