Tag Archive: FC Barcelona

  1. മെസിക്ക് പകരക്കാരനായി അർജന്റീന താരം, ബാഴ്‌സലോണ നീക്കങ്ങൾ ആരംഭിച്ചു

    Leave a Comment

    മോശം സാഹചര്യങ്ങളിലൂടെയാണ് ബാഴ്‌സലോണ ഇപ്പോൾ കടന്നു പോകുന്നത്. സാമ്പത്തിക പ്രതിസന്ധി ബാധിച്ച ടീമിന്റെ ഈ സീസണിലെ പ്രകടനം മോശമാണ്. അതിനു പുറമെ പരിശീലകനായ സാവി ഈ സീസണിന് ശേഷം ക്ലബ് വിടുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെയും ടീമിനെ മെച്ചപ്പെടുത്താനുള്ള താരങ്ങളെയും ബാഴ്‌സക്ക് കണ്ടെത്തേണ്ടതുണ്ട്.

    ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം തകർച്ചയിലേക്ക് വീണ ക്ലബ്ബിനെ പിടിച്ചുയർത്താൻ അർജന്റീന താരത്തെ തന്നെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ക്ലബ് ആലോചിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബായ റോമയുടെ താരമായ പൗലോ ഡിബാലയെ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ബാഴ്‌സലോണ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

    പുതിയ താരങ്ങൾക്കായി വളരെ കുറഞ്ഞ തുക മാത്രമേ മുടക്കാൻ കഴിയൂവെന്നതാണ് ബാഴ്‌സലോണ ഡിബാലയെ ലക്ഷ്യമിടുന്നതിന്റെ കാരണം. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന ദിബാലയെ സ്വന്തമാക്കാൻ ഇറ്റലിക്ക് പുറത്തുള്ള ക്ലബുകൾ വെറും പന്ത്രണ്ടു മില്യൺ യൂറോ മുടക്കിയാൽ മതി. അതിനു പുറമെ താരത്തിന്റെ വേതനവും ബാഴ്‌സലോണയുടെ പരിധിയിൽ ഒതുങ്ങുന്നതാണ്.

    റോമയിൽ മികച്ച പ്രകടനമാണ് ഡിബാല നടത്തുന്നത്. ഡി റോസി പരിശീലകനായി എത്തിയതോടെ താരത്തിന്റെ നിലവാരം കൂടുതൽ ഉയർന്നിട്ടുണ്ടെന്ന കാര്യത്തിലും സംശയമില്ല. ഈ സീസണിൽ റോമ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ താരം ക്ലബ് വിടാനുള്ള സാധ്യത കുറയും. പ്രീമിയർ ലീഗിൽ നിന്നുള്ള ചില ക്ലബുകളും താരത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.

  2. മെസിയുടെ പിൻഗാമിയെ റാഞ്ചാനുള്ള ബാഴ്‌സലോണയുടെ ശ്രമം, അഭ്യൂഹങ്ങൾ നിഷേധിക്കാതെ സാവി

    Leave a Comment

    അടുത്തിടെ പൂർത്തിയായ അണ്ടർ 17 ലോകകപ്പിൽ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു അർജന്റീനയുടെ ക്ലൗഡിയോ എച്ചെവരി. അർജന്റീന സെമി ഫൈനലിൽ ജർമനിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി വഴങ്ങി പുറത്തു പോയെങ്കിലും അതിനു മുൻപ് ബ്രസീലിനെതിരെ നടന്ന മത്സരത്തിൽ ഹാട്രിക്ക് നേടിയാണ് എച്ചെവരി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ കേളീശൈലി മെസിയുമായി സാമ്യമുള്ളതായിരുന്നു.

    ആ മത്സരത്തിന് ശേഷം മെസിയുടെ പിൻഗാമിയെന്ന പലരും വാഴ്ത്തിയ താരം ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നു. ഇപ്പോൾ താരത്തിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ റിലീസിംഗ് ക്ലോസിനെക്കാൾ ഉയർന്ന തുകയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം സാവിയും എച്ചെവരിയെ പ്രശംസിച്ചു രംഗത്തു വന്നിരുന്നു.

    എച്ചെവരി വളരെയധികം പ്രതിഭയുള്ള താരമാണെന്നും ബ്രസീലിനെതിരെ നേടിയ ഹാട്രിക്ക് മാറ്റി നിർത്തിയാൽ പോലും ഒരു മത്സരത്തിൽ വ്യത്യാസമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുമാണ് സാവി പറഞ്ഞത്. ബാഴ്‌സലോണ താരത്തെ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് അത് ക്ലബിന്റെ സ്‌കൗട്ടിങ് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും സാവി പറഞ്ഞു. തനിക്ക് താൽപര്യം ബാഴ്‌സലോണയെയാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ താരമാണ് എച്ചെവരി.

    എച്ചെവരിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് താൽപര്യമെന്നത് അവർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ ബാഴ്‌സലോണ നൽകിയ ഓഫറിൽ ചെറിയൊരു കുഴപ്പമുണ്ട്. ഇരുപത്തിയഞ്ചു മില്യൺ യൂറോ നൽകാമെന്ന് പറയുന്നുണ്ടെങ്കിലും അത് തവണകളായി നൽകാനേ ക്ലബിന് കഴിയൂ. അതിനാൽ തന്നെ റിവർപ്ലേറ്റ് ആ ഓഫർ തള്ളിക്കളഞ്ഞ് മറ്റു ക്ലബുകളുടെ ഓഫർ പരിഗണിച്ചേക്കും. റിലീസിംഗ് ക്ലോസ് ഉയർത്താനുള്ള ശ്രമങ്ങളും റിവർപ്ലേറ്റ് നടത്തുന്നുണ്ട്.

  3. റയലിന്റെ പ്രാർത്ഥന സഫലമായില്ല, ബാഴ്‌സയെ വീഴ്ത്തി ജിറോണയുടെ കുതിപ്പ് തുടരുന്നു

    Leave a Comment

    സ്‌പാനിഷ്‌ ലീഗിൽ ജിറോണ ഫുട്ബോൾ ക്ലബിന്റെ അവിശ്വസനീയമായ കുതിപ്പ് തുടരുന്നു. ലീഗ് ആരംഭിച്ച് ഇതുവരെ ഒരു മത്സരത്തിൽ മാത്രം തോൽവി വഴങ്ങിയ അവർ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സലോണയെയാണ് കീഴടക്കിയത്. ബാഴ്‌സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ വിജയിച്ചത്. ആദ്യമായാണ് അവർ ബാഴ്‌സലോണയെ കീഴടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

    മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ഡോവ്ബികിലൂടെ മുന്നിലെത്തിയ ജിറോനക്കെതിരെ റോബർട്ട് ലെവൻഡോസ്‌കി പത്തൊൻപതാം മിനുട്ടിൽ സമനില ഗോൾ നേടിയെങ്കിലും ജിറോണ ആദ്യപകുതിയിൽ തന്നെ വീണ്ടും മുന്നിലെത്തി. മുൻ റയൽ മാഡ്രിഡ് താരമായ മിഗ്വൽ ഗുട്ടിറെസാണ് നാല്പതാം മിനുട്ടിൽ ജിറോണയെ മുന്നിലെത്തിച്ചത്. അതിനു ശേഷം എൺപതാം മിനുറ്റിൽ വലേറി ഫെർണാണ്ടസ് ജിറോണയുടെ ലീഡ് ഉയർത്തി.

    ഇഞ്ചുറി ടൈമിൽ ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണക്കായി ഒരു ഗോൾ മടക്കിയെങ്കിലും അതിനു പിന്നാലെ തന്നെ ജിറോണ നാലാമത്തെ ഗോൾ നേടി മത്സരം പൂർണമായും സ്വന്തമാക്കി. മത്സരത്തിൽ ജിറോനയാണ് വിജയം നേടിയതെങ്കിലും ബാഴ്‌സലോണക്കായിരുന്നു ആധിപത്യം. മുപ്പത്തിയൊന്നു ഷോട്ടുകളാണ് അവർ മത്സരത്തിൽ ഉതിർത്തത്. ബാഴ്‌സലോണ താരങ്ങൾ അഞ്ചോളം അവസരങ്ങൾ തുലച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മറ്റൊന്നായേനേ.

    എന്തായാലും ബാഴ്‌സലോണ ജിറോണയെ തോൽപ്പിച്ചാൽ തങ്ങൾക്ക് ലീഗിൽ മുന്നിലേക്ക് വരാമെന്ന റയൽ മാഡ്രിഡ് ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. നിലവിൽ പതിനാറു മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി സിറ്റി ഗ്രൂപ്പിന്റെ ക്ലബായ ജിറോണ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് രണ്ടു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്. അത്ലറ്റികോ മാഡ്രിഡ് മൂന്നാമത് നിൽക്കുമ്പോൾ തോൽവിയേറ്റു വാങ്ങിയ ബാഴ്‌സലോണ നാലാം സ്ഥാനത്താണ്.

  4. അരങ്ങേറ്റത്തിൽ സെക്കൻഡുകൾക്കുള്ളിൽ ഗോൾ നേടി പതിനേഴുകാരൻ, തോൽവിയറിയാതെ ബാഴ്‌സലോണ

    Leave a Comment

    മികച്ച പ്രകടനം നടത്തുന്നതിനിടയിൽ പരിക്ക് ബാഴ്‌സലോണക്ക് വലിയ തിരിച്ചടികൾ നൽകാറുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനുള്ള പ്രധാന കാരണം പരിക്ക് തന്നെയായിരുന്നു. ഈ സീസണിലും പരിക്കിന്റെ തിരിച്ചടികൾ ബാഴ്‌സലോണ നേരിടുന്നുണ്ട്. നിലവിൽ ഡി ജോംഗ്, റാഫിന്യ, കൂണ്ടെ, ലെവൻഡോസ്‌കി, പെഡ്രി, സെർജി റോബർട്ടോ തുടങ്ങിയ താരങ്ങൾ പരിക്ക് കാരണം ടീമിന്റെ പുറത്താണ്.

    ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഈ താരങ്ങളൊന്നും ഇല്ലാത്തതിനാൽ യുവത്സരങ്ങളെ സാവിക്ക് ഇറക്കേണ്ടി വന്നിരുന്നു. ഫസ്റ്റ് ടീമിൽ ഇറങ്ങേണ്ട അഞ്ചോളം താരങ്ങൾ പരിക്ക് കാരണം പുറത്തിരുന്നതിനാൽ ബാഴ്‌സലോണ മത്സരത്തിൽ ഗോൾ നേടാനും വളരെയധികം ബുദ്ധിമുട്ടി. എന്നാൽ മികച്ച പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ലാ മാസിയ അക്കാദമി ഒരിക്കൽക്കൂടി ബാഴ്‌സലോണയെ സഹായിച്ചു. അക്കാദമി താരമാണ് എഴുപത്തിയൊമ്പതാം മിനുട്ടിൽ ടീമിന്റെ വിജയഗോൾ നേടുന്നത്.

    കഴിഞ്ഞ ലീഗ് മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്ന ബാഴ്‌സലോണ അക്കാദമി താരമായ മാർക് ഗുയോയെ എഴുപത്തിയൊമ്പതാം മിനുട്ടിലാണ് സാവി കളത്തിലിറക്കിയത്. അതിനു പിന്നാലെ പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സിന്റെ പാസ് പിടിച്ചെടുത്ത് താരം വലകുലുക്കി. ബാഴ്‌സലോണക്കായി അരങ്ങേറ്റത്തിൽ വെറും ഇരുപത്തിമൂന്നാം സെക്കന്റിലാണ് പതിനേഴുകാരനായ താരം ഗോൾ കണ്ടെത്തിയത്. ഈ ഗോളിന്റെ പിൻബലത്തിൽ ബാഴ്‌സലോണ നിർണായകമായ വിജയവും നേടി.

    മത്സരത്തിൽ വിജയിച്ചതോടെ ഈ സീസണിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. ഈ സീസണിൽ പത്ത് ലീഗ് മത്സരങ്ങൾ കളിച്ചതിൽ ഏഴു ജയവും മൂന്നു സമനിലയുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ടീം. ചാമ്പ്യൻസ് ലീഗിലെ രണ്ടു മത്സരങ്ങളിലും ടീം വിജയം സ്വന്തമാക്കി. ഇനി ഷാക്തറിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും.

  5. അർജന്റീന താരത്തിന് ആവശ്യക്കാർ വർധിക്കുന്നു, റയലും ബാഴ്‌സയും തമ്മിൽ പോരാട്ടം

    Leave a Comment

    റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ജൂലിയൻ അൽവാരസ് കഴിഞ്ഞ ലോകകപ്പിലാണ് ഹീറോ ആകുന്നത്. ലൗറ്റാറോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണതോടെ ലഭിച്ച അവസരം താരം കൃത്യമായി മുതലെടുത്തു. നാല് ഗോളുകൾ നേടി അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിക്കാനും താരത്തിനായി. ലോകകപ്പിന് ശേഷം അർജന്റീന ആരാധകരുടെ പ്രിയതാരമായി മാറാൻ അൽവാരസിനു കഴിഞ്ഞു.

    മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവാണെങ്കിലും മികച്ച പ്രകടനം നടത്താൻ അൽവാരസിനു കഴിഞ്ഞിരുന്നു. ഈ സീസണിൽ ടീമിന്റെ പ്രധാനതാരമായി മാറാനും അൽവാരസിനു കഴിഞ്ഞു. സ്‌ട്രൈക്കറായാണ് കളിക്കുന്നതെങ്കിലും ഒരേസമയം ഗോളുകൾ നേടാനും അവസരങ്ങൾ ഒരുക്കി നൽകാനും താരത്തിന് കഴിയുന്നുണ്ട്. സെറ്റ് പീസുകൾ എടുക്കുന്നതിലും മികവ് കാണിക്കുന്ന താരത്തിന്റെ വർക്ക് റേറ്റും അവിശ്വസനീയമായ രീതിയിലാണ്.

    ക്ലബിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരത്തിനായി ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌പാനിഷ്‌ ക്ളബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും താരത്തിന് വേണ്ടി സജീവമായ ശ്രമങ്ങളാണ് നടത്തുന്നത്. ഹാലാൻഡ് ടീമിലുള്ളതിനാൽ മാഞ്ചസ്റ്റർ സിറ്റിയിൽ സജീവമായ പരിഗണന ലഭിക്കാത്ത താരം ഓഫർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. സ്‌പാനിഷ്‌ ഫുട്ബോൾ താരത്തിന് ചേരുമെന്നതിലും സംശയമില്ല.

    എന്നാൽ ഈ ക്ലബുകൾക്ക് താത്പര്യമുണ്ടെങ്കിലും അൽവാരസിനെ സ്വന്തമാക്കുക ബുദ്ധിമുട്ടു തന്നെയാകും. 2028 വരെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുള്ള താരത്തിന് റിലീസിംഗ് ക്ലോസ് പോലുമില്ലാത്തതിനാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അനുമതിയില്ലാതെ സ്വന്തമാക്കുക പ്രയാസമാണ്. നിലവിൽ താരത്തെ വലിയ തുക നൽകി സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുമെങ്കിലും സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അത് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്.

  6. മെസിയുടെ രണ്ടു ബാഴ്‌സലോണ സഹതാരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മിയാമി ഒരുങ്ങുന്നു

    Leave a Comment

    ലയണൽ മെസി വന്നതിനു ശേഷം ഇന്റർ മിയാമി മികച്ച കുതിപ്പിലായിരുന്നു. നിരവധി മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ അവർ ആദ്യമായി ഒരു കിരീടവും സ്വന്തമാക്കി. എന്നാൽ മെസി എത്തുന്നതിനു മുൻപുള്ള മോശം പ്രകടനവും മെസിക്ക് പരിക്കേറ്റു പുറത്തിരുന്ന കളികളിലെ തോൽവിയും അവർക്ക് പ്ലേ ഓഫ് യോഗ്യത നഷ്‌ടപ്പെടാൻ കാരണമായി. അതിനാൽ ഈ ശനിയാഴ്‌ച നടക്കുന്ന മത്സരത്തോടെ ഇന്റർ മിയാമിയുടെ ഈ സീസണിന് അവസാനമാകും.

    അടുത്ത സീസണിൽ തുടക്കം മുതൽ തന്നെ മെസിയും താരത്തിന്റെ ഒപ്പമെത്തിയ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർഡി ആൽബയും ഉണ്ടാകുമെന്നതിനാൽ കൂടുതൽ മികവ് കാണിക്കാമെന്ന പ്രതീക്ഷ ഇന്റർ മിയാമിക്കുണ്ട്. അതിനു പുറമെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലയണൽ മെസിക്കൊപ്പം ബാഴ്‌സലോണയിൽ കളിച്ചിരുന്ന രണ്ടു താരങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് ഇന്റർ മിയാമി നടത്തുന്നത്.

    ഇന്റർ മിയാമി ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കളിക്കാരൻ മെസിയുടെ മുൻ ബാഴ്‌സലോണ സഹതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസാണ്. ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിലാണ് അവസാനമായി സുവാരസ് കളിച്ചത്. അവരുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരത്തെ വരുന്ന സീസണിന് മുന്നോടിയായിത്തന്നെ ടീമിലെത്തിക്കാൻ ഇന്റർ മിയാമിക്ക് കഴിയും. മെസിയും സുവാരസും ഒരുമിച്ച് കളിക്കുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

    മറ്റൊരു താരം ബാഴ്‌സലോണയിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന സെർജി റോബെർട്ടോയാണ്. നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയിട്ടും സാവിയുടെ ബാഴ്‌സലോണയിൽ സ്ഥിരമായി ഇടം ലഭിക്കാൻ താരത്തിന് കഴിയുന്നില്ല. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന താരം മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരോട് സംസാരിച്ചിട്ടുണ്ട്. ജൂണിൽ കരാർ അവസാനിക്കുന്ന താരം കൂടി ടീമിലെത്തിയാൽ ഇന്റർ മിയാമി കരുത്തുറ്റ ടീമായി മാറുമെന്നതിൽ സംശയമില്ല.

  7. നാല് മാസങ്ങളോളം മത്സരമുണ്ടാകില്ല, മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയേറുന്നു

    Leave a Comment

    ഇന്റർനാഷണൽ ബ്രേക്കിനിടെ ലയണൽ മെസിക്ക് പരിക്കേറ്റത് ഇന്റർ മിയാമിയെയാണ് കൂടുതൽ ബാധിച്ചത്. ലയണൽ മെസി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുകയും ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കുകയും ചെയ്‌ത ഇന്റർ മിയാമി താരത്തിന്റെ പരിക്കിനു ശേഷം പുറകോട്ടു പോയി. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ തോൽവി വഴങ്ങിയ ഇന്റർ മിയാമി എംഎൽഎസ് മത്സരങ്ങളിലും മോശം ഫോമിലായിരുന്നു.

    എഫ്‌സി സിൻസിനാറ്റിക്കെതിരെ അവസാനം നടന്ന മത്സരത്തിലാണ് ലയണൽ മെസി അവസാനമായി കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ തോൽവി വഴങ്ങി എംഎൽഎസ് പ്ലേ ഓഫിൽ നിന്നും ഇന്റർ മിയാമി പുറത്തായി. ഇതോടെ ഇനി ക്ലബ് തലത്തിൽ ഇന്റർ മിയാമിക്കൊപ്പം മെസി ഒരു മത്സരത്തിൽ ഇറങ്ങണമെങ്കിൽ ഫെബ്രുവരി വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ലയണൽ മെസിയുടെ ആരാധകർക്ക് വലിയ നിരാശയാണിതു നൽകുന്നത്.

    ഏതാനും മാസങ്ങൾ ക്ലബ് തലത്തിൽ മത്സരങ്ങൾ ഉണ്ടാകില്ലെന്നതിനാൽ ലയണൽ മെസി ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ബാഴ്‌സലോണയും താരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മെസിയെ ലോണിൽ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബാഴ്‌സലോണ നടത്തുന്നത്.

    അതേസമയം മെസിയെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് ബാഴ്‌സലോണക്ക് ഒട്ടും എളുപ്പമാകില്ല എന്നുറപ്പാണ്. ലയണൽ മെസി ബാഴ്‌സയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ഇന്റർ മിയാമി പരിശീലകനായ ടാറ്റ മാർട്ടിനോക്ക് അനുകൂലമായ നിലപാടല്ല. അതേസമയം ബാഴ്‌സലോണക്ക് മെസിക്ക് യാത്രയയപ്പ് നൽകാൻ ഒരു മത്സരത്തിന് സന്നദ്ധമാണെന്ന് ഇന്റർ മിയാമി അറിയിച്ചിട്ടുണ്ട്.

  8. അവിശ്വനീയം ഈ തിരിച്ചുവരവ്, എട്ടു മിനുട്ടിൽ മൂന്നു ഗോൾ നേടി ബാഴ്‌സയുടെ വിജയം

    Leave a Comment

    സെൽറ്റ വിഗോക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. എൺപതാം മിനുട്ട് വരെയും രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ബാഴ്‌സലോണ അതിനു ശേഷം ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളുടെ മികവിൽ എട്ടു മിനുറ്റിനിടെ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം നേടിയത്. ഇതോടെ ലീഗിലെ അപരാജിത കുതിപ്പ് തുടരാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു.

    മത്സരത്തിന്റെ പത്തൊൻപതാം മിനുട്ടിൽ തന്നെ സെൽറ്റ മുന്നിലെത്തിയിരുന്നു. മുപ്പത്തിയാറാം മിനുട്ടിൽ പരിക്കേറ്റു ഫ്രാങ്കി ഡി ജോംഗ് പുറത്തു പോയത് ബാഴ്‌സലോണയെ ബാധിച്ചു. ആദ്യപകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി മത്സരം തിരിച്ചു പിടിക്കാൻ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും എഴുപത്തിയാറാം മിനുട്ടിൽ മറ്റൊരു ഗോൾ നേടി സെൽറ്റ ബാഴ്‌സയെ ഞെട്ടിച്ചു.

    രണ്ടു ഗോൾ നേടിയതോടെ അത്ര നേരം സെൽറ്റയുടെ കപ്പിത്താനായിരുന്ന അസ്‌പാസിനെ പരിശീലകൻ പിൻവലിച്ചത് മത്സരത്തിൽ നിർണായകമായി. അതിനു പുറമെ റാഫിന്യയുടെ വിങ്ങിൽ നിന്നും മധ്യനിരയിലേക്കുള്ള മുന്നേറ്റങ്ങളും ബാഴ്‌സലോണയ്ക്ക് അവസരങ്ങൾ തുറന്നു നൽകി. അങ്ങിനെ എൺപത്തിയൊന്നാം മിനുട്ടിൽ ഫെലിക്‌സിന്റെ പാസിൽ നിന്നും ലെവൻഡോസ്‌കി ആദ്യത്തെ ഗോൾ നേടി.

    രണ്ടാമത്തെ ഗോൾ നാല് മിനിറ്റിനകം വന്നു. ജോവോ കാൻസലോ ബോക്‌സിലേക്ക് നൽകിയ പന്ത് യാതൊരു പിഴവും കൂടാതെ ലെവൻഡോസ്‌കി വലയിലെത്തിക്കുകയായിരുന്നു. വീണ്ടും നാല് മിനുട്ടിനു ശേഷം ബാഴ്‌സലോണ വിജയഗോളും നേടി. ഗാവി ബോക്‌സിലേക്ക് നൽകിയ മനോഹരമായ ബോൾ ജോവോ കാൻസലോയാണ് വലയിലേക്ക് തിരിച്ചു വിട്ടത്.

    മത്സരത്തിൽ വിജയം നേടിയതോടെ അപരാജിത കുതിപ്പ് തുടരുന്ന ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആറു മത്സരങ്ങളിൽ അഞ്ചു ജയവും ഒരു സമനിലയുമാണ് ബാഴ്‌സലോണ നേടിയത്. അതേസമയം ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറും

  9. മെസി പോയതിനു ശേഷം ആദ്യ ഫ്രീകിക്ക് ഗോൾ നേടി ബാഴ്‌സലോണ, വിജയം അഞ്ചു ഗോളുകൾക്ക്

    Leave a Comment

    ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം ആദ്യമായി ഫ്രീകിക്ക് ഗോൾ നേടി ബാഴ്‌സലോണ. ഇന്നലെ റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ സ്‌പാനിഷ്‌ താരം ഫെറൻ ടോറസാണ് ബാഴ്‌സലോണക്കായി ഫ്രീകിക്കിൽ നിന്നും ഗോൾ നേടിയത്. ബാഴ്‌സലോണ സ്വന്തം മൈതാനത്ത് സമ്പൂർണമായ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ടീമിന്റെ വിജയം.

    ലയണൽ മെസി ക്ലബ് വിടുന്നതിനു മുൻപ് 2021ലാണ് ബാഴ്‌സലോണ ഇതിനു മുൻപ് ഫ്രീകിക്ക് ഗോൾ നേടുന്നത്. അതിനു ശേഷം ഇതുവരെ നിരവധി താരങ്ങൾ ബാഴ്‌സലോണക്കായി ഫ്രീകിക്കുകൾ എടുത്തിട്ടുണ്ടെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. മെസി അനായാസം ഫ്രീകിക്ക് ഗോളുകൾ അടിച്ചു കൂട്ടുമ്പോൾ ഇക്കാര്യം ചർച്ചയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തോടെ അതിനു പരിഹാരമായി.

    ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണ നിറഞ്ഞാടുകയായിരുന്നു. പെഡ്രി, അറോഹോ തുടങ്ങിയ താരങ്ങൾ പുറത്തിരുന്നിട്ടും ഗംഭീര പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. പുതിയതായി ലോണിൽ ടീമിലേക്ക് വന്ന പോർച്ചുഗൽ താരങ്ങളായ ജോവോ ഫെലിക്‌സ്, ജോവോ കാൻസലോ എന്നിവർ ഗോൾ നേടിയപ്പോൾ റാഫിന്യ, ലെവൻഡോസ്‌കി തുടങ്ങിയവർ മറ്റു ഗോളുകൾ സ്വന്തമാക്കി. ലെവൻഡോസ്‌കി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.

    വിജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്നും പതിമൂന്നു പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡിന് ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമുണ്ട്. ഇന്നലത്തെ മത്സരത്തിലെ വിജയത്തോടെ ഈ സീസണിൽ മുന്നേറ്റമുണ്ടാക്കാനും ചാമ്പ്യൻസ് ലീഗ് അടക്കമുള്ളവക്കായി പൊരുതാനും ശേഷിയുണ്ടെന്ന് ബാഴ്‌സലോണ തെളിയിച്ചു.

  10. ലൂണയെക്കാൾ കുറഞ്ഞ ശമ്പളം, ആരാധകരെ ഞെട്ടിച്ച് ഫെലിക്‌സിന്റെ ബാഴ്‌സലോണ ട്രാൻസ്‌ഫർ

    Leave a Comment

    വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ജോവോ ഫെലിക്‌സിനു പക്ഷെ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും ക്ലബിനൊപ്പം തിളങ്ങാൻ കഴിഞ്ഞില്ലായിരുന്നു. സിമിയോണിയുടെ പദ്ധതികളിൽ പതറിയ താരം കഴിഞ്ഞ ജനുവരിയിൽ ചെൽസിയിലേക്ക് ലോൺ കരാറിൽ ചേക്കേറിയെങ്കിലും അവിടെയും തിളങ്ങാനാവാതെ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

    അത്ലറ്റികോ മാഡ്രിഡിൽ തനിക്ക് തിളങ്ങാൻ കഴിയില്ലെന്ന് ബോധ്യമുള്ള താരം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള താൽപര്യം പ്രകടിപ്പിക്കുകയുണ്ടായി. താരത്തെ വിട്ടു കൊടുക്കാൻ അത്ലറ്റികോ മാഡ്രിഡിന് താൽപര്യമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് അതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം താരത്തെ ലോണിൽ ടീമിലെത്തിക്കാൻ ബാഴ്‌സക്ക് കഴിഞ്ഞു.

    ഫെലിക്‌സിന്റെ ബാഴ്‌സലോണ ട്രാൻസ്‌ഫർ സാധ്യമാക്കിയത് താരം തന്റെ പ്രതിഫലം വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ തയ്യാറായതാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പെഡ്രോ മോറോട്ടയുടെ റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ വെറും നാല് ലക്ഷം യൂറോ മാത്രമാണ് ഫെലിക്‌സിനു പ്രതിഫലമായി ലഭിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയാൻ ലൂണക്ക് പോലും ഒരു സീസണിൽ ഇതിനേക്കാൾ പ്രതിഫലം ലഭിക്കുന്നുണ്ടെന്നതാണ് വാസ്‌തവം.

    തന്റെ ചെറുപ്പം മുതൽ ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്ന് ജോവോ ഫെലിക്‌സ് വെളിപ്പെടുത്തിയിരുന്നു. താരത്തെ സംബന്ധിച്ച് തന്റെ ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്‌ഫർ. ബെൻഫിക്കയിൽ മിന്നുന്ന ഫോമിൽ കളിച്ച താരത്തിന് അതിനു കഴിയുമെന്ന് തന്നെയാണ് ആരാധകരും കരുതുന്നത്.