Tag Archive: EPL

  1. അടിച്ചുകൂട്ടിയത് 17 ഗോളുകള്‍, ഗോള്‍വേട്ടയില്‍ ഇതിഹാസങ്ങളെ ഞെട്ടിച്ച് ഗ്രീന്‍വുഡ്!

    Leave a Comment

    ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലക്ഷ്യമിട്ടിറങ്ങിയ ചുവന്ന ചെകുത്താന്മാർക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനോട് സമനിലകൊണ്ട് തൃപ്തിപെടേണ്ടിവന്നിരിക്കുകയാണ്. യുവതാരമായ മേസൺ ഗ്രീൻവുഡിന്റെ ഏക ഗോളിലാണ് യുണൈറ്റഡ് സമനില പിടിച്ചത്. മത്സരം സമനിലയിലായെങ്കിലും 18കാരനായ ഗ്രീൻവുഡ് ഈ സീസണിൽ നടത്തുന്ന പ്രകടനം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

    വെസ്റ്റ്ഹാമിനെതിരെയുള്ള ഗോളോടെ ഇതിഹാസതാരങ്ങളായ ജോർജ് ബെസ്റ്റിനും വെയ്ൻ റൂണിക്കുമൊപ്പമാണ് ഗ്രീൻവുഡിന്റെ ഗോൾവേട്ടയെത്തിനിൽക്കുന്നത്. ഈ സീസണിൽ ഇതുവരെ എല്ലാ കോംപിറ്റീഷനുകളിലുമായി 17 ഗോളുകളാണ് ഗ്രീൻവുഡ് നേടിയത്.

    1965-66 സീസണിൽ ജോർജ് ബെസ്റ്റും 1967-68 സീസണിൽ ബ്രയാൻ കിഡ്ഡും 2004-05 സീസണിൽ വെയ്ൻ റൂണിയും കൗമാരക്കാരായിരിക്കെ നേടിയതും 17 ഗോളുകൾ വീതമാണ്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു സീസണിൽ ഏറ്റവും അധികം ഗോളുകൾ നേടിയ കൗമാരക്കാരായ എലീറ്റ് താരങ്ങളുടെ പട്ടികയുടെ തലപ്പത്ത് ഗ്രീൻവുഡും ഇടം പിടിച്ചിരിക്കുകയാണ്.

    ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ ഗ്രീൻവുഡ് നേടിയത് 10 ഗോളുകളാണ്. 2004-05 സീസണിൽ വെയ്ൻ റൂണി 11 ഗോളുകളും 2012-13 സീസണിൽ റൊമേലു ലുക്കാക്കു 14 ഗോളുകളും നേടിയ ശേഷം പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു കൗമാരക്കാരൻ 10 ഗോളുകൾ നേടുന്നത്. എന്തായാലും ഈ കണക്കുകൾ സൂചിപ്പിപ്പിക്കുന്നത് ഗ്രീൻവുഡെന്ന കൗമാരപ്രതിഭ ഭാവിയിൽ യുണൈറ്റഡിൽ ചരിത്രം സൃഷ്ടിക്കുമെന്നു തന്നെയാണ്.

  2. ഗെയയെ പുറത്താക്കി ഹെൻഡേഴ്സനെ യുണൈറ്റഡ് ഒന്നാം നമ്പര്‍ ഗോളിയാക്കണം, തുറന്നടിച്ച പ്രീമിയർലീഗ് ഇതിഹാസം

    Leave a Comment

    ചെല്‍സിയുമായുള്ള എഫ്എ കപ്പ് മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഡേവിഡ് ഡി ഗെയയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സ്ഥാനത്തുനിന്നും ഒഴിവാക്കണന്ന് ആവശ്യപ്പെട്ട് പ്രീമിയര്‍ ലീഗ് ഇതിഹാസം അലന്‍ ഷിയറെ. ഡി ഗെയക്ക് പകരം ഷെഫീല്‍ഡ് യുണൈറ്റഡില്‍ ലോണില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡീന്‍ ഹെന്‍ഡേഴ്സണെ കൊണ്ടുവരണമെന്നാണ് അദ്ദേഹം പറയുന്നത്.

    ചെല്‍സിയുമായുള്ള മത്സരത്തില്‍ രണ്ട് അവസരങ്ങളില്‍ ഡി ഗെയ വരുത്തിയ വലിയ പിഴവുകള്‍ ഗോളില്‍ കലാശിക്കുകയായിരുന്നു. സേവ് ചെയ്യാവുന്ന ജിറൂഡിന്റെയും മേസണ്‍ മൗണ്ടിന്റെയും ഷോട്ടുകള്‍ ഡി ഗെയയുടെ കൈകളിലൂടെ ചോര്‍ന്നിരുന്നു.

    ഷെഫീല്‍ഡ് യൂണൈറ്റഡിനു വേണ്ടി രണ്ടു വര്‍ഷമായി യുണൈറ്റഡില്‍ നിന്നും ലോണില്‍ കളിക്കുന്ന ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതും കൂടെ കണക്കിലെടുത്താണ് ഷിയറെര്‍ ഇങ്ങനൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.

    ‘എനിക്ക് തോന്നുന്നത് ഹെന്‍ഡേഴ്‌സണ്‍ നമ്പര്‍ വണ്‍ ആണെന്ന് തോന്നുമ്പോള്‍ അവനെ തിരിച്ചു വിളിക്കണമെന്നാണ്. നമ്പര്‍ വണ്‍ ആവുന്നത് വരെ ലോണില്‍ തന്നെ തുടരണം. പക്ഷെ ഇപ്പോള്‍ അതിനുള്ള സമയമായോ എന്ന് ചോദിച്ചാല്‍ അതെ എന്നാണെന്റെ ഉത്തരം’ അലന്‍ ഷിയറെര്‍ ബിബിസി വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

    പതിനാലാം വയസിലാണ് ഡീന്‍ ഹെന്‍ഡേഴ്‌സണ്‍ യൂണൈറ്റഡിലെത്തുന്നത്. യുണൈറ്റഡിന് വേണ്ടി സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറിയിട്ടില്ലെങ്കിലും ഷെഫീല്‍ഡ് യുണൈറ്റഡിനു വേണ്ടി ലോണില്‍ കളിക്കുന്ന താരം മികച്ചപ്രകടനമാണ് കാഴ്ചവെക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡ് ഒരു വര്‍ഷത്തേക്ക് കൂടി താരത്തിന്റെ ലോണ്‍ നീട്ടാനാണ് നീക്കമെങ്കിലും യുണൈറ്റഡ് പരിശീലകനായ സോല്‍ക്ഷേര്‍ താരത്തിനെ തിരിച്ചു വിളിച്ചു ഡി ഗേയുടെ നമ്പര്‍ വണ്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുമോയെന്നു കണ്ടറിയേണ്ടതുണ്ട്.

  3. പ്രീമിയർ ട്രാൻസ്ഫർ ജാലകം തുറക്കുന്നത് തീരുമാനിച്ചു, ചാമ്പ്യൻസ് ലീഗിനെ ബാധിച്ചേക്കും

    Leave a Comment

    ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ട്രാൻസ്ഫർ ജാലകം തുറക്കുന്നതിൽ പ്രീമിയർ ലീഗും ഇംഗ്ലീഷ് ഫുട്ബോൾ ലീഗും ചേർന്ന് തീരുമാനമെടുത്തു. ഈ മാസം ഇരുപത്തിയേഴിന് ആരംഭിക്കുന്ന ട്രാൻസ്ഫർ ജാലകം ഒക്ടോബർ പതിനേഴു വരെ തുടരാനാണ് തീരുമാനമായിരിക്കുന്നത്.

    അതേ സമയം മറ്റു ലീഗുകളിൽ നിന്നുള്ള ട്രാൻസ്ഫറുകൾ നടത്താൻ ഒക്ടോബർ അഞ്ചു വരെ മാത്രമേ കഴിയുകയുള്ളൂ. ആഭ്യന്തര ട്രാൻസ്ഫറുകൾ മാത്രമാണ് ഒക്ടോബർ 16 വരെ നടത്താനാവുക. യൂറോപ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ അതിനു മുൻപ് രജിസ്റ്റർ ചെയ്യണമെന്നതിനെ തുടർന്ന് യുവേഫ വച്ച നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.

    ട്രാൻസ്ഫർ കാലയളവിൽ രജിസ്റ്റർ ചെയ്യുന്ന താരങ്ങൾക്ക് ഉടൻ തന്നെ ക്ലബിനൊപ്പം കളിക്കാനിറങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങൾക്ക് പുതിയ ക്ലബിനൊപ്പം കളിക്കാനിറങ്ങാൻ അടുത്ത സീസൺ ആരംഭിക്കുന്നതു വരെ കാത്തിരുന്നേ മതിയാകൂ.

    ട്രാൻസ്ഫർ ജാലകം നടക്കുന്ന ഓഗസ്റ്റിൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് തുടങ്ങിയ മത്സരങ്ങൾ നടക്കുന്നുണ്ട്. അതിനെ ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം. എന്നാൽ ട്രാൻസ്ഫർ ജാലകം നേരത്തെ തുറക്കുന്നത് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ കളിക്കുന്ന താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന വിമർശനം ഉയരുന്നുണ്ട്.

  4. സിറ്റിക്ക് കിട്ടാൻ പോകുന്നത് മുട്ടൻ പണി! അന്വേഷണം പുനരാരംഭിക്കുന്നു

    Leave a Comment

    ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫനല്‍കിയ രണ്ട് വര്‍ഷത്തെ വിലക്ക്കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ഓഫ് സ്പോര്‍ട് നീക്കിയെങ്കിലും കൂടുതല്‍ വിമര്‍ശനങ്ങള്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ നിന്നുംഉയര്‍ന്നിരുന്നു. എന്നാല്‍സിറ്റിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങളുമായി പ്രീമിയര്‍ ലീഗ് മുന്നോട്ടുവന്നിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍സൂചിപ്പിക്കുന്നത്

    കഴിഞ്ഞ തിങ്കളാഴ്ചയാണ് സിറ്റിക്കെതിരെ യുവേഫ ചുമത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് നീക്കിയത്. ഇതോടെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടരാന്‍ സിറ്റിക്ക് കഴിയും. സിറ്റിക്കെതിരായി വന്ന യൂവേഫയുടെ ആരോപണങ്ങള്‍ തെളിയിക്കപ്പെടാത്തതിനാലും സമയബന്ധിതമല്ലാത്തതിനാലും സിഎഎസ് പാനല്‍ തള്ളിക്കളയുകയായിരുന്നു.

    അതായത് അഞ്ച് വര്‍ഷത്തിന് മുമ്പേ നടന്ന ആരോപണങ്ങള്‍ക്ക് യൂവേഫക്ക് വിലക്ക് നല്‍കാനാവില്ലെന്നുമാണ് കോര്‍ട്ട് ഓഫ് അര്‍ബ്രിട്രേഷന്‍ ഓഫ് സ്പോര്‍ട്വിധിപ്രസ്താവനയില്‍ നിരീക്ഷിച്ചത്. എന്നാല്‍ പ്രീമിയര്‍ലീഗില്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സമയബന്ധിതമായ ഒരു നിയന്ത്രങ്ങളുമില്ലാത്തതിനാല്‍ സിറ്റിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

    യുവേഫ വിലക്ക് നീങ്ങിയതോടെ സിറ്റി അടുത്ത സീസണിലേക്ക് കൂടുതല്‍ പണമിറക്കി താരങ്ങളെ വാങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പുതിയതായി പ്രീമിയര്‍ ലീഗിന്റെ അന്വേഷണം കൂടി വരുന്നതോടെ ക്ലബ്ബിന്റെ പ്രീമിയര്‍ ലീഗിലെ ഭാവി എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടി വരും. എന്തായാലും തിങ്കളാഴ്ച വന്ന പ്രീമിയര്‍ ലീഗ് അന്വേഷങ്ങളെക്കുറിച്ച് സിറ്റി ഇതു വരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല

  5. ടോട്ടനം താരത്തിന്റെ സഹോദരനെ കൊലപ്പെടുത്തി, ഫുട്ബോൾ ലോകം ഞെട്ടലിൽ

    Leave a Comment

    ടോട്ടനം ഹോസ്പർ താരമായ സെർജി ഓറിയറിന്റെ സഹോദരനെ വെടിവെച്ചു കൊലപ്പെടുത്തി. ഫ്രാൻസിൽ നിന്നുള്ള വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയാറുകാരനായ ക്രിസ്റ്റഫെ ഓറിയർ ഇന്നു പുലർച്ചെ അഞ്ചു മണിക്കാണ് വെടിയേറ്റു മരിച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

    വെടിയേറ്റ ക്രിസ്റ്റഫെ ആശുപത്രിയിൽ വച്ചാണു മരണമടഞ്ഞത്. കൊലപാതകി ഒളിവിലാണെന്നും അയാളെ സംബന്ധിച്ച യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നുമാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശവാസികളാണ് സംഭവം പോലീസിനെ വിവരമറിയിച്ചത്.

    ഫ്രഞ്ച് നഗരമായ ടുളുസെയിൽ വച്ചു നടന്ന സംഭവം ഒരു നൈറ്റ് ക്ലബിന്റെ പരിസരത്താണ് ഉണ്ടായത്. അതു കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കൊലപാതകിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

    ഫ്രാൻസിലെ ഒരു ചെറിയ ക്ലബിനു വേണ്ടി സെർജി ഓറിയറുടെ സഹോദരൻ കളിക്കുന്നുണ്ട്. ഇന്നലെ ആഴ്സനലിനെതിരായ മത്സരത്തിൽ സെർജി കളിക്കാനിറങ്ങിയിരുന്നു. ഐവറി കോസ്റ്റ് നായകനായ സെർജി ഓറിയർ മുൻപ് പിഎസ്ജിക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

  6. ചെൽസിക്ക് അടിപതറുന്നു, സൂപ്പർതാര ട്രാൻസ്ഫർ നടക്കില്ല

    Leave a Comment

    ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോടു തോൽവി വഴങ്ങിയത് കനത്ത തിരിച്ചടിയാണു ചെൽസിക്കു സമ്മാനിച്ചത്. നിലവിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നുണ്ടെങ്കിലും അടുത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലൈസ്റ്ററും വിജയം നേടുകയാണെങ്കിൽ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തന്നെ ഇല്ലാതാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

    ചാമ്പ്യൻസ് ലീഗിലേക്കുള്ള വാതിലുകൾ ചെൽസിക്കു മുന്നിൽ അടഞ്ഞാൽ ബയേർ ലെവർകൂസൻ താരമായ കായ് ഹാവേർട്സിനെ ടീമിലെത്തിക്കാനുള്ള ചെൽസിയുടെ ശ്രമത്തിനും അതു തിരിച്ചടിയാണ്. ഇരുപത്തിയൊന്നുകാരനായ താരം ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ലെങ്കിൽ ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ തള്ളിക്കളയുമെന്നാണ് സ്പോർട് ബിൽഡ് റിപ്പോർട്ടു ചെയ്യുന്നത്.

    നൂറു മില്യൺ യൂറോയോളം റിലീസിങ്ങ് ക്ളോസുള്ള താരത്തെ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങി നിൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലഭിച്ച ട്രാൻസ്ഫർ വിലക്കും ഹസാർഡ് അടക്കമുള്ള താരങ്ങളെ വിറ്റ തുകയും കണക്കാക്കിയാൽ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് വൻതുക മുടക്കാനാകുമെങ്കിലും ഹാവേർട്സ് ട്രാൻസ്ഫർ ചാമ്പ്യൻസ് ലീഗ് യോഗ്യതയെ അടിസ്ഥാനമാക്കി തന്നെയായിരിക്കും.

    നിലവിൽ മുപ്പത്തിയഞ്ചു മത്സരങ്ങൾ കളിച്ച് അറുപതു പോയിന്റുമായാണ് ചെൽസി മൂന്നാമതു നിൽക്കുന്നത്. ഒരോ മത്സരം കുറച്ചു കളിച്ച് അൻപത്തിയൊൻപതും അൻപത്തിയെട്ടും പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ് ലൈസ്റ്ററും മാഞ്ചസ്റ്റർ യുണൈറ്റഡും. ഇനി ഏതാനും മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ പോരാട്ടം കനത്ത ചൂടിലേക്കാണു നീങ്ങുന്നത്.

  7. ലിവര്‍പൂളിന് വീണ്ടും തിരിച്ചടി, ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ച് ബേണ്‍ലി

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് ജയം നേടാനായില്ല. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ ബേണ്‍ലി എഫ്സി സമനിലയില്‍ തളക്കുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

    മത്സരത്തില്‍ ലിവര്‍പൂളിനായി സ്‌കോട്ടിഷ് ഫുള്‍ബാക്ക് ആന്‍ഡി റോബര്‍ട്‌സണ്‍ ആദ്യ പകുതിയില്‍ തന്നെ ലീഡ് നല്‍കിയെങ്കിലും ബേണ്‍ലി എഴുപതാം മിനിറ്റില്‍ ജേ റോഡ്രിഗസിലൂടെ മറുപടി നല്‍കുകയായിരുന്നു.

    ഈ സമനില പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് പോയന്റ് എന്ന ലക്ഷ്യത്തിന് ലിവര്‍പൂളിന് തിരിച്ചടിയായി. നേരത്തെ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിന് ലിവര്‍പൂള്‍ തോല്‍വിയും വഴങ്ങിയിരുന്നു.

    ബേണ്‍ലിക്ക് ഈ സമനില അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമാക്കി നിര്‍ത്താന്‍ സഹായിക്കും. 50 പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബേണ്‍ലി ഇപ്പോള്‍ ഉള്ളത്. ആറാമതുള്ള വോള്‍വ്‌സിന് 52 പോയന്റ് മാത്രമെ ഉള്ളൂ. അതുകൊണ്ട് തന്നെ യൂറോപ്പ ലീഗ് യോഗ്യതക്കായുള്ള പോരാട്ടം കനക്കും.

  8. നികത്താനാവാത്ത പിഴവുകൾ, വീഡിയോ റഫറിക്ക് തെറ്റുപറ്റിയെന്ന് പ്രീമിയർ ലീഗ്

    Leave a Comment

    ഇന്നലെ നടന്ന പ്രീമിയർ ലീഗിലെ മൂന്നു മത്സരങ്ങളിലും വീഡിയോ റഫറിയിങ്ങിൽ തെറ്റുകൾ സംഭവിച്ചുവെന്നു വ്യക്തമാക്കി പ്രീമിയർ ലീഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിനും സതാംപ്ടണും അനുകൂലമായി പെനാൽട്ടി നൽകിയതും ടോട്ടനം ഹോസ്പറിനു പെനാൽട്ടി നിഷേധിച്ചതുമെല്ലാം വീഡിയോ റഫറിക്കു സംഭവിച്ച പിഴവുകൾ ആയിരുന്നുവെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കി.

    ബ്രൂണോ ഫെർണാണ്ടസിനെ ആസ്റ്റൺ വില്ല താരം ഫൗൾ ചെയ്തതിനാണു യുണൈറ്റഡിനു പെനാൽട്ടി ലഭിച്ചത്. എന്നാൽ ഫെർണാണ്ടസാണു ഫൗൾ ചെയ്തതെന്ന് പ്രീമിയർ ലീഗ് വ്യക്തമാക്കി. സതാംപ്ടണും എവർട്ടണും തമ്മിൽ നടന്ന മത്സരത്തിൽ ഗോമസ് സൈന്റ്സ് താരം വാർഡ് പ്രൗസിനെ ഗോമസ് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി തെറ്റായ തീരുമാനമാണെന്നും പ്രീമിയർ ലീഗ് സമ്മതിച്ചു.

    നേരെ വിപരീതമാണ് ടോട്ടനവും ബോൺമൗത്തും തമ്മിലുള്ള മത്സരത്തിൽ സംഭവിച്ചത്. മത്സരത്തിൽ ഹാരി കേനിനെ ബോക്സിൽ വീഴ്ത്തിയതിനു സ്പർസിനു പെനാൽട്ടി ലഭിക്കേണ്ടതായിരുന്നു എന്നും പക്ഷേ വീഡിയോ റഫറി അതു പരിശോധിച്ച് തെറ്റായ തീരുമാനമാണ് എടുത്തതെന്നും പ്രീമിയർ ലീഗ് വെളിപ്പെടുത്തി.

    ഏറെ വിവാദമുയർത്തുന്ന കാര്യങ്ങളാണ് പ്രീമിയർ ലീഗിന്റെ വെളിപ്പെടുത്തൽ. റഫറിയിംഗ് പിഴവുകൾ പരിഹരിക്കാനുള്ള വീഡിയോ റഫറിയിംഗ് സംവിധാനത്തിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മത്സരങ്ങൾക്കു ശേഷം മൊറീന്യോ രൂക്ഷ വിമർശനവും നടത്തിയിരുന്നു.

  9. സിറ്റിയുടെ ‘ഗാർഡ് ഓഫ് ഓണർ’ ഞങ്ങൾക്കാവശ്യമില്ല!, തുറന്നു പറഞ്ഞ് ക്ലോപ്പ്

    Leave a Comment

    കഴിഞ്ഞ തവണത്തെ ജേതാക്കളും പുതിയ ചാമ്പ്യന്മാരും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പിന്റെ അഭിപ്രായത്തില്‍ സിറ്റി തങ്ങള്‍ക്ക് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കേണ്ട കാര്യമില്ല എന്നാണ്. കഴിഞ്ഞ ദിവസം സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള ലിവര്‍പൂളിനെ ഞങ്ങള്‍ ‘ഗാര്‍ഡ് ഓഫ് ഓണര്‍’ കൊടുത്ത് ആദരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കുറിച്ചാണ് ക്ലോപ്പിന്റെ പ്രതികരണം.

    ഗാര്‍ഡിയോളയും കൂട്ടരും ഇങ്ങനെ ഒരു ചടങ്ങ് നടത്തുമെന്ന് തനിക്കു തോന്നുന്നില്ലെന്ന് ക്ലോപ്പ് പറയുന്നു. അതും അവരുടെ കിരീടം നഷ്ടപ്പെടുത്തിയവര്‍ക്ക് ഇങ്ങനെ ആദരം നല്‍കുമെന്ന് വിശ്വസിക്കാനാകില്ലെന്നും ക്ലോപ്പ് പറഞ്ഞു. ‘ജര്‍മന്‍ ലീഗില്‍ ഇങ്ങനെ ഒരു കാര്യം എനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഓര്‍ക്കുന്നില്ല’ വീഡിയോ പ്രസ്സ് കോണ്‍ഫറന്‍സിലൂടെ ക്ലോപ്പ് പറയുന്നു.

    മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ഇംഗ്ലണ്ടിലെ ചാമ്പ്യന്‍മാരാക്കുന്നത്. സിറ്റിയുമായി 23 പോയന്റിന്റെ വലിയ വ്യത്യാസത്തില്‍ സീസണില്‍ എഴു കളികള്‍ ബാക്കി നില്‍ക്കെയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍മാരായത്.

    ഇംഗ്ലീഷ് പാരമ്പര്യം നല്ലതാണെങ്കിലും ഞങ്ങള്‍ക്ക് ഫുട്‌ബോളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ക്ലോപ്പ് അവര്‍ത്തിച്ചു. ‘സിറ്റിയുമായുള്ള കളിയില്‍ കഠിനമായി പരിശ്രമിക്കുകയും നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താലേ വിജയിക്കാനാവുകയുള്ളൂ. ഫൈനല്‍ വിസിലിനു കാതോര്‍ക്കുന്ന ഒരു മത്സരമായി ഇതിനെ കാണാനാവില്ല. ഇത് ശരിക്കും ഒരു മികച്ച ഫുട്‌ബോള്‍ മത്സരമായിരിക്കും’ ക്ലോപ്പ് സിറ്റിയുമായുള്ള മത്സരത്തെക്കുറിച്ച് പറഞ്ഞു.

  10. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം

    Leave a Comment

    ഇന്ത്യ സന്ദര്‍ശിക്കാനുളള ആഗ്രഹം തുറന്ന് പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിന്‍ മെന്‍ഡി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബ്രോഡ്കാസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുന്നതിനിടേയാണ് അപ്രതീക്ഷിതമായി ഇന്ത്യ സന്ദര്‍ശിക്കാനുളള ആഗ്രഹം മെന്‍ഡി തുറന്ന് പറഞ്ഞത്.

    ഇന്ത്യയിലെ പ്രീമിയര്‍ ലീഗ് ആരാധകരുടെ ക്ഷണം കാത്തിരിക്കുകയാണെന്നും ഇന്ത്യയ്ക്കാര്‍ ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നുമാണ് മെന്‍ഡി പറഞ്ഞത്.

    ‘ലോക്ഡൗണ്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും നല്ലതായിരുന്നു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഫുട്‌ബോളിന്റെ മടങ്ങിവരവ് അവര്‍ ആസ്വദിക്കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു. അവിടെ ഒരുപാട് ഫുട്‌ബോള്‍ ആരാധകരുണ്ട്. ആളുകള്‍ എപ്പോഴാണ് എന്നെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ഞാന്‍, കാരണം ഇന്ത്യ ഒരു മനോഹരമായ രാജ്യമാണ്’ 25 കാരനായ മെന്‍ഡി പറഞ്ഞു.

    കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന താരമാണ് ബെഞ്ചമിന്‍ മെന്‍ഡി. അഞ്ച് വര്‍ഷത്തെ കരാറില്‍ 2017 ജൂലൈയില്‍ ലിഗാ 1 ടീം മൊണാക്കോയില്‍ നിന്നാണ് മെന്‍ഡി സിറ്റിയിലെത്തിയത്.

    ഇതോടെ ഭാവിയില്‍ മെന്‍ഡിയെ ഐഎസ്എല്ലിലും കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ സിറ്റി ആരാധകര്‍. ശതകോടികള്‍ മൂല്യമുളള താരത്തെ നിലവില്‍ ഇന്ത്യയില്‍ കളിപ്പാക്കാന്‍ ഒരു ക്ലബ് വിചാരിച്ചാലും സാധിക്കില്ല.