Tag Archive: EPL

  1. പരിക്കിന്റെ വേദന സഹിച്ചാണ് ഓരോ മത്സരവും കളിക്കുന്നത്, വെളിപ്പെടുത്തലുമായി ബ്രസീലിയൻ താരം

    Leave a Comment

    കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി നിരവധി താരങ്ങളെ ടീമിലെത്തിച്ച് ഈ സീസണിനായി ഒരുങ്ങിയ ടോട്ടനം ഹോസ്‌പർ മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ടോട്ടനം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. എന്നാൽ ടീമിലെ പ്രധാന താരമായ ദേജൻ കുലുസേവ്സ്കി പരിക്കേറ്റു പുറത്തു പോയത് അവരുടെ ഫോമിനെ ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    സെപ്‌തംബർ പകുതി മുതൽ കുലുസേവ്സ്കി ടോട്ടനത്തിനായി കളിക്കുന്നില്ല. എന്നാൽ താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിയുന്നത് ബ്രസീലിയൻ താരം ലൂക്കാസ് മോറ ആ പൊസിഷനിൽ തിളങ്ങുന്നതു കൊണ്ടാണ്. പരിക്കു കാരണം രണ്ടു മാസത്തോളം കളത്തിനു വെളിയിലിരുന്ന താരം കഴിഞ്ഞ മാസമാണ് കളിക്കളത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഇപ്പോഴും താൻ പരിക്കിന്റെ വേദനകൾ സഹിച്ചാണ് കളിക്കുന്നതെന്നാണ് താരം പറയുന്നത്.

    “ഞാൻ തിരിച്ചു വന്നതിലും ടീമിനെ സഹായിക്കാൻ കഴിയുന്നതിലും വളരെ സന്തോഷമുണ്ട്. വളരെ കുറച്ച് മത്സരങ്ങളിൽ നിന്നും എന്റെ ഏറ്റവും മികച്ച ഫോം കണ്ടെത്താൻ കഴിയില്ല. പടിപടിയായി ഞാനവിടെയെത്തും. ഞാനിപ്പോഴും ചികിത്സ തുടരുന്നുണ്ട്. വേദനയും സഹിച്ച് എനിക്ക് കളിക്കാൻ കഴിയും, അത് കൈകാര്യം ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം മൈതാനത്ത് തുടരുകയും എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം ചെയ്യുകയുമാണ്. ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ച് വേദനയില്ലാതെ കളിക്കുകയെന്നത് പലപ്പോഴും അസാധ്യമാണ്.” ലൂകാസ് മൗറ പറഞ്ഞു.

    ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച ലൂക്കാസ് മൗറ ഒരു ഗോളോ അസിസ്റ്റോ ഇതുവരെയും നേടിയിട്ടില്ലെങ്കിലും ടീമിന്റെ മുന്നേറ്റനിരയെ സഹായിക്കാൻ താരത്തിന് കഴിയുന്നുണ്ട്. അതേസമയം മുപ്പതുകാരനായ താരത്തിന് ലോകകപ്പ് ടീമിൽ ഇടം ലഭിക്കാൻ യാതൊരു സാധ്യതയുമില്ല. നിരവധി മികച്ച താരങ്ങളാൽ ബ്രസീലിന്റെ മുന്നേറ്റനിര അനുഗ്രഹീതമാണെന്നതു തന്നെയാണ് അതിനു കാരണം.

  2. കോവിഡ് പടർന്നു പിടിക്കുന്നു, പ്രീമിയർ ലീഗിൽ വൻ പ്രതിസന്ധി

    Leave a Comment

    പ്രീമിയർ ലീഗ്‌ ഫുട്ബോളിന് കാണികളെ നഷ്ടമായതിനു പിന്നാലെ താരങ്ങളിലേക്കും കോവിഡ് പടർന്നു പിടിക്കുകയാണ്. പ്രീമിയർ ലീഗിലെ കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും സെൽഫ് ഐസൊലേഷനിലും ക്വാറന്റയിനിലും ഇരിക്കേണ്ടി വന്നതാണ് പ്രീമിയർ ലീഗിനു കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

    പ്രീമിയർ ലീഗ്‌ പുതിയ സീസൺ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ബാക്കിയുള്ളൂ. ഏതാനും ദിവസങ്ങൾക്കുമുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും താരത്തെ ഫ്രഞ്ച് ടീമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇനിയും പത്ത് ദിവസമെങ്കിലും ചുരുങ്ങിയത് പോഗ്ബ സെൽഫ് ഐസൊലേഷൻ തുടരണം. അതിനാൽ തന്നെ പുതിയ സീസണിന്റെ ആദ്യ കുറച്ചു മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.

    ഇംഗ്ലണ്ട് ടീമിലെ അഞ്ച് പ്രമുഖതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പരിശീലകൻ സൗത്ത് ഗേറ്റ് വെളിപ്പടുത്തിയിരുന്നു. എല്ലാ താരങ്ങളും ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ്. സൂപ്പർതാരങ്ങൾ അവധിക്കാലം ചിലവിടാൻ വിദേശരാജ്യങ്ങളിൽ പോയതാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിനിടയാക്കിയിരിക്കുന്നത്. അതേസമയം ചെൽസിയുടെ എട്ട് താരങ്ങൾ കോവിഡ് ഭീഷണി മൂലം ക്വാറന്റയിനിൽ ആണെന്ന് ലംപാർഡ് ഔദ്യോഗികമായി അറിയിച്ചിരുന്നു.

    സൂപ്പർതാരങ്ങളായ മേസൺ മൗണ്ട്, ടമ്മി എബ്രഹാം എന്നീ ഇംഗ്ലീഷ് താരങ്ങളും ഫികയോ ടോമോറി, ക്രിസ്ത്യൻ പുലിസിച്ച് എന്നിവർ സെൽഫ് ഐസൊലേഷനിലും ജോർജിഞ്ഞോ, ബാർക്ലി, എമേഴ്‌സൺ, ബാത്ഷ്വായി എന്നിവർ ക്വാറന്റയിനിലുമാണെന്നാണ് ലംപാർഡ് സ്ഥിരീകരിച്ചത്. കൂടാതെ ടോട്ടൻഹാം മിഡ്ഫീൽഡർ എൻഡോമ്പേലെക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആഴ്‌സണലിൽ എമിലിയാനോ മാർട്ടിനെസും നിരീക്ഷണത്തിലാണ്.

  3. പ്രീമിയര്‍ ലീഗ് 2020-21, ഫിക്‌സ്ചര്‍ പുറത്ത്, മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു

    Leave a Comment

    ചാംപ്യൻസ്‌ലീഗ് അതിന്റെ ഫൈനൽ മത്സരത്തിനടുത്തു നിൽക്കെ 2020/21 സീസണിലെ ആദ്യ ഫിക്‌സചർ പ്രീമിയർ ലീഗ് പുറത്ത് വിട്ടു. സെപ്റ്റംബർ പന്ത്രണ്ട്, പതിനാല് തിയ്യതികളിലാണ് ആദ്യറൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്.

    പന്ത്രണ്ടാം തിയ്യതി മാഞ്ചസ്റ്റർ യൂണൈറ്റഡിനും മാഞ്ചസ്റ്റർ സിറ്റിക്കും മത്സരങ്ങൾ നിശ്ചയിച്ചിരുന്നുവെങ്കിലും അവർ യൂറോപ്യൻ കോംപിറ്റീഷനുകളിൽ പങ്കെടുത്തിരുന്ന സമയമായതിനാൽ അവരുടെ മത്സരങ്ങൾ നീട്ടിവെച്ചിട്ടുണ്ട്. സിറ്റിക്ക് ചാമ്പ്യൻസ് ലീഗും യുണൈറ്റഡ് യൂറോപ്പ ലീഗുമായിരുന്നു കളിക്കേണ്ടിയിരിക്കുന്നത്. യുണൈറ്റഡിന് ബേൺലിയും സിറ്റിക്ക് ആസ്റ്റൺ വില്ലയുമാണ് ആദ്യറൗണ്ട് എതിരാളികൾ.

    നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്റെ ആദ്യഎതിരാളികൾ പ്രൊമോഷൻ കിട്ടിവന്ന ലീഡ്സ് യുണൈറ്റഡ് ആണ്. പത്തു വർഷങ്ങൾക്ക് ശേഷമാണ് ബിയൽസയുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് ലീഡ്സ് യുണൈറ്റഡ് തിരിച്ചു വരുന്നത്. പ്രീമിയർ ലീഗ് ആരാധകർക്ക് ആവേശം പകരുന്ന മത്സരമായി മാറാൻ ഇതിനു സാധിക്കും.അതേസമയം ആഴ്‌സണലിന് എതിരാളികൾ ഈ പ്രൊമോഷൻ ലഭിച്ച ഫുൾഹാം ആണ്. മൗറിഞ്ഞോയുടെ ടോട്ടൻഹാമിന് എവെർട്ടണായിരിക്കും  ന ആദ്യ എതിരാളികൾ.

    ലെയ്സെസ്റ്റർ സിറ്റിക്ക് വെസ്റ്റ്‌ബ്രോംവിച്ചാണ് എതിരാളികൾ. ന്യൂകാസിലിനെ വെസ്റ്റ്ഹാം യുണൈറ്റഡ് നേരിടും. ഈ മത്സരങ്ങൾ എല്ലാം തന്നെ സെപ്റ്റംബർ പന്ത്രണ്ട് ശനിയാഴ്ച്ചയാണ് നടക്കുന്നത്. അതേ സമയം രണ്ട് മത്സരങ്ങൾ മാത്രമാണ് തിങ്കളാഴ്ച നടക്കുന്നത്. ലംപാർഡിന്റെ ചെൽസിക്ക് ബ്രൈറ്റാണുമായിട്ടാണ് മത്സരം. അതേ സമയം വോൾവ്‌സ് ഷെഫീൽഡ് യുണൈറ്റഡിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളാണ് തിങ്കളാഴ്ച അരങ്ങേറുക.

  4. ലാലിഗയല്ല പ്രീമിയര്‍ ലീഗ്, മെസിയ്ക്ക് മുന്നറിയിപ്പുമായി ഹിഗ്വയ്ൻ

    Leave a Comment

    സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ തന്റെ അർജന്റീനൻ സഹതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസിന്റെ അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ.

    ബാഴ്സയിൽ അടിയന്തിരാവസ്ഥ നിലനിൽക്കെ മെസ്സി സിറ്റിയിലേക്ക് കൂടുമാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹിഗ്വയ്‌ൻ മെസ്സിക്ക് മുന്നറിയിപ്പെന്ന രീതിയിൽ ചില കാര്യങ്ങൾ പറഞ്ഞത്. ലാലിഗയെ പോലെയല്ല പ്രീമിയർ ലീഗെന്നും അവിടുത്തെ പ്രതിരോധം കടുത്തതാണെന്നും ഹിഗ്വയ്‌ൻ അഭിപ്രായപ്പെട്ടു. താൻ അവിടെ ബുദ്ധിമുട്ടിയിരുന്നുവെന്നും മെസ്സിക്കും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം മെസിക്ക് മുന്നറിയിപ്പു നൽകുന്നു.

    ” ഞാൻ പ്രീമിയർ ലീഗിൽ ഒരുപാട് ബുദ്ദിമുട്ടനുഭവിച്ചിരുന്നു. ആറു മാസം കൊണ്ട് അവിടുത്തെ കളി രീതികളുമായി ഇണങ്ങിച്ചേരാൻ ഞാൻ പ്രയാസമനുഭവിച്ചു. പ്രീമിയർ ലീഗ് ലാലിഗയെ പോലെയല്ല. അവിടുത്തെ ഡിഫൻഡേഴ്‌സ് വലിയ രീതിയിൽ ശാരീരികമായാണ് നേരിടുക. അതിന് ലാലിഗയിലെ പോലെ ഫൗളുകളോ ഫ്രീകിക്കുകളോ ഒന്നും തന്നെ ലഭിക്കുകയില്ല.”

    “അത് മെസ്സിയെ എത്രത്തോളം ബാധിക്കുമെന്ന് എനിക്ക് പറയാനാവില്ല. പക്ഷ മികച്ച താരമെന്ന നിലയിൽ ഈ തടസ്സങ്ങൾ അധികം അദ്ദേഹത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല” ഹിഗ്വയ്‌ൻ ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരം 2019-ൽ ചെൽസിക്ക് വേണ്ടി 18 മത്സരങ്ങളിൽ ലോണിൽ കളിച്ചിരുന്നു. അതിൽ നിന്നുള്ള അനുഭവങ്ങളാണ് ഹിഗ്വയ്ൻ പങ്കുവെച്ചത്.

  5. ചുമച്ചാല്‍ ഇനി ചുവപ്പ് കാര്‍ഡ്, പുതിയ ഫുട്‌ബോള്‍ നിയമം വരുന്നു

    Leave a Comment

    ലണ്ടന്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഫുട്‌ബോള്‍ കളി മൈതാനത്ത് ചില കര്‍ശന നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോകിചിക്കുകയാണ് ലോകം മുഴുവനുമുളള വിവിധ കായിക ബോഡികള്‍. ഇതില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ശ്രദ്ധേയമായ ഒരു തീരുമാനമവുമായി രംഗത്തെത്തിയിരിക്കുകയാണ്.

    കളത്തില്‍ ഒരു താരം എതിര്‍ത്താരത്തിന് സമീപത്ത് നിന്നോ അല്ലെങ്കില്‍ ഓഫീഷ്യല്‍സിന് സമീപത്ത് വച്ചോ മനപ്പൂര്‍വ്വം ചുമയ്ക്കുകയാണെങ്കില്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് കാര്‍ഡുകള്‍ കാണിക്കാനുള്ള അനുമതി നല്‍കി. അനാവശ്യമായ വാക്കുകള്‍ പ്രയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഇനിമുതല്‍ ഇത്തരം നീക്കങ്ങള്‍.

    ദൂരെ നിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. അതേസമയം കളിക്കിടെ മൈതാനത്ത് കളിക്കാര്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

    നേരത്തെ ഫുട്‌ബോള്‍ കളിക്കളത്തിലെ സബ്‌സ്റ്റിറ്യൂട്ട് മൂന്നില്‍ നിന്നും അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലം കളിക്കാര്‍ക്കുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഫിഫ സ്ബസ്റ്റിറ്റിയൂട്ടുകളുടെ എണ്ണം അഞ്ചായി പുതുക്കിയത്.

  6. കുട്ടീന്യോ ട്രാൻസ്ഫറിൽ അതിനിർണായക വെളിപ്പെടുത്തൽ നടത്തി താരത്തിന്റെ ഏജന്റ്

    Leave a Comment

    ഈ സീസണു ശേഷം ബാഴ്സ ഒഴിവാക്കാനൊരുങ്ങുന്ന താരങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീന്യോയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി താരത്തിന്റെ ഏജന്റ് കിയ ജൂറബ്ചിയാൻ. ബാഴ്സലോണ വിട്ടാൽ കുട്ടീന്യോക്ക് ചേക്കേറാൻ താൽപര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കുന്ന പ്രീമിയർ ലീഗ് ക്ലബുകളെ ആവേശം കൊള്ളിക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.

    നിലവിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിൽ ലോണിലാണ് താരം കളിക്കുന്നത്. ബയേണിനു താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ആഗ്രഹമില്ലാത്തതിനാൽ ഈ സീസണു ശേഷം താരം ബാഴ്സയിലേക്കു തിരിച്ചെത്തും. തങ്ങളുടെ ശൈലിയുമായി ഒത്തു പോകാൻ ഇതുവരെ കഴിയാത്ത, കനത്ത പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കി മറ്റു താരങ്ങൾക്കുള്ള ഫണ്ടു കണ്ടെത്താനുള്ള ശ്രമത്തിലാണ് കറ്റലൻ ക്ലബ്.

    “ചാമ്പ്യൻസ് ലീഗ് ആരംഭിക്കാനിരിക്കെ ഒരു ടീമുമായും ഇപ്പോൾ കരാറിലെത്താൻ കുട്ടീന്യോക്കു കഴിയില്ല. ചാമ്പ്യൻസ് ലീഗിനു ശേഷം അദ്ദേഹത്തിന് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്താൻ ആഗ്രഹമുണ്ടെന്നത് രഹസ്യമല്ല. അതേസമയം ബാഴ്സയിൽ തന്നെ കുട്ടിന്യോ തുടരാനുള്ള സാധ്യതയുമുണ്ട്.” താരത്തിന്റെ ഏജന്റ് പറഞ്ഞു.

    നിരവധി ക്ലബുകൾ താരത്തിനു വേണ്ടി രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആഴ്സനലാണ് കുട്ടീന്യോയെ സ്വന്തമാക്കാൻ ഏറ്റവുമധികം ശ്രമം നടത്തുന്നത്. ചെൽസി, ലൈസ്റ്റർ, ടോട്ടനം, ന്യൂകാസിൽ ടീമുകളും താരത്തിനു പിന്നാലെയുണ്ട്.

  7. സിറ്റിയ്ക്ക് മുന്നറിയിപ്പ്, മാഞ്ചസറ്റര്‍ യുണൈറ്റഡും ഇന്ത്യയിലേക്ക്

    Leave a Comment

    ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അടുത്ത വര്‍ഷം പ്രീ സീസണ്‍ മത്സരങ്ങളുടെ ഭാഗമായി ലോകത്ത് ഏറ്റവും ആരാധകരുളള ടീമുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ത്യയിലെത്തും. മാഞ്ചസ്റ്റര്‍ ക്ലബിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ റിച്ചാര്‍ഡ് അര്‍നോള്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

    ഇന്ത്യ സന്ദര്‍ശിക്കാന്‍ ഈ സീസണില്‍ തന്നെ ക്ലബിന് പദ്ധതിയുണ്ടായിരുന്നത്രെ. എന്നാല്‍ കോവിഡ് 19 മഹാമാരി മൂലം അടുത്തവര്‍ഷത്തേക്ക് ഈ പദ്ധ നീട്ടുകയായിരുന്നെന്നും ്അദ്ദേഹം അറിയിച്ചു.

    കഴിഞ്ഞ വര്‍ഷത്തിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഓസ്‌ട്രേലിയ, ഏഷ്യ ഭൂകണ്ഡങ്ങളില്‍ വെച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇത്തവണ അത് ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ക്ലബ് മേധാവികള്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് എല്ലാം തകിടം മറിക്കുകയായിരുന്നു. ഇതോടെ ഈ വര്‍ഷത്തെ പ്രീ സീസണ്‍ ടൂര്‍ മുഴുവനായും ഒഴിവാക്കപ്പെക്കുകയായിരുന്നു.

    എന്നാല്‍ അടുത്ത വര്‍ഷങ്ങളിലെ പ്രീ സീസണ്‍ ഇന്ത്യയില്‍ കളിക്കുമെന്ന് എഡ് വുഡ്വാര്‍ഡുമായി അടുത്ത ബന്ധമുള്ള റിച്ചാര്‍ഡ് അര്‍ണോള്‍ഡ് വ്യക്തമാക്കി. പ്രീമിയര്‍ ലീഗിന് മികച്ച ആരാധകവൃന്ദമുള്ള ഇന്ത്യയില്‍ പ്രീ സീസണ്‍ കളിക്കുന്ന ആദ്യത്തെ പ്രീമിയര്‍ ലീഗ് ക്ലബായി മാറാനാണ് യുണൈറ്റഡ് ഒരുങ്ങുന്നതെന്ന് അദ്ദേഹം ശിവനാടാര്‍ ഫൗണ്ടേഷനോട് സംസാരിക്കുമ്പോള്‍ പറഞ്ഞു.

    നേരത്തെ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി ഐഎസ്എല്ലില്‍ ഒരു ക്ലബിനെ തന്നെ സ്വന്തമാക്കിയിരുന്നു. മുംബൈ സിറ്റി എഫ്‌സിയെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഉടമസ്ഥരായ സിറ്റി ഗ്രൂപ്പ് വന്‍ തുകമുടക്കി വാങ്ങിച്ചത്. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് ഇന്ത്യയിലേക്ക് കളിക്കാനായി വരുന്നത്.

  8. ചരിത്രമെഴുതി ജെയ്മി വാര്‍ഡി, ഗോള്‍ഡണ്‍ ബൂട്ടിനൊപ്പം അവിശ്വസനീയ റെക്കോര്‍ഡും

    Leave a Comment

    മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലൈസസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡി ഈ വര്‍ഷത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് സ്വന്തമാക്കി. 23 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ വാര്‍ഡി അടിച്ചുകൂട്ടിയത്. 22 ഗോളുകളുമായി ആഴ്‌സണലിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബമയാങാന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    ഇതോടെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഏറ്റവും പ്രായംകൂടിയ താരം എന്ന നേട്ടം ജെയ്മി വാര്‍ഡി സ്വന്തമാക്കി. താരത്തിനു 33 വയസാണ്. 22 ഗോളുകളുമായി സതാംപ്ടണ്‍ താരം ഡാനി ഇങ്സ് മൂന്നാമതെത്തിയപ്പോള്‍ 20 ഗോളുകളുമായി സിറ്റി വിങ്ങര്‍ റഹീം സ്റ്റെര്‍ലിങ്ങാണ് നാലാം സ്ഥാനത്തുള്ളത്.

    ജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാമായിരുന്ന യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ ലെസ്റ്ററിന് രണ്ട് ഗോളിന് തോല്‍ക്കാനായിരുന്നു വിധി. വാര്‍ഡിക്ക് ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗോള്‍വേട്ടക്കാരില്‍ ലൈസസ്റ്റര്‍ സിറ്റി താരത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തോറ്റെങ്കിലും അഞ്ചാംസ്ഥാനത്തു തുടര്‍ന്ന ലൈസസ്റ്റര്‍ യൂറോപ്പ ലീഗിനു യോഗ്യത നേടി.

    1992-93 സീസണില്‍ ടോട്ടനത്തിനു വേണ്ടി കളിച്ച ടെഡി ഷെറിങ്ങാം ആണ് വാര്‍ഡിക്കു മുമ്പേ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടിയ ഏറ്റവും പ്രായമേറിയ താരം. അദ്ദേഹത്തിനും 33 വയസായിരുന്നു. ഈ നൂറ്റാണ്ടില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് കളിക്കാരനും ജെയ്മി വാര്‍ഡിയാണ്. കെവിന്‍ ഫിലിപ്പും ഹാരി കെയ്നുമാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ ബൂട്ട് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.

  9. ലാംപാർഡ് ഇനിയും പഠിക്കാനുണ്ട്! ഫുട്‌ബോളിലെ മാന്യത പഠിപ്പിച്ച് ക്‌ളോപ്പ്

    Leave a Comment

    ലിവര്‍പൂളുമായുള്ള മത്സരത്തിനിടെ ചെല്‍സി പരിശീലകനായ ഫ്രാങ്ക് ലാംപാര്‍ഡും ലിവര്‍പൂള്‍ സ്റ്റാഫുകളും തമ്മില്‍ ഏറ്റുമുട്ടിയത് വലിയ വര്‍ത്തായയിരുന്നു. കിരീടം നേടിയിട്ടും ലിവര്‍പൂള്‍ സ്റ്റാഫുകളുടെ അഹങ്കാരം നല്ലതിനല്ലെന്ന് മത്സര ശേഷം ലാംപാര്‍ഡ് തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്‌ളോപ്പ്.

    പ്രീമിയര്‍ലീഗ് നേടിയതിലും അഞ്ച് ഗോളിന്റെ മികച്ച വിജയത്തിലും മാനസികമായി തകര്‍ന്നതുകൊണ്ടാണ് തങ്ങള്‍ അഹങ്കാരം കാണിക്കുകയാണെന്നു ലാംപാര്‍ടിന് തോന്നിയതെന്ന് ജര്‍ഗന്‍ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു. മത്സരം നടക്കുന്ന സമയത്തെ വാഗ്വാദങ്ങളോട് താന്‍ സഹകരിക്കുമെങ്കിലും ഫൈനല്‍ വിസിലിനു ശേഷം നടന്നത് ശരിയായ കാര്യമല്ലെന്നും ക്‌ളോപ്പ് കൂട്ടിച്ചേര്‍ത്തു.

    മത്സരത്തിനിടെ ചെല്‍സി താരം മാതിയോ കോവസിച്ചും സാഡിയോ മാനേയുമായി നടന്ന പ്രശ്‌നത്തിനിടെ ലാംപാര്‍ഡും ക്‌ളോപ്പും തമ്മില്‍ പരസ്പരം ചൂടന്‍ വാഗ്വാദങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മത്സരശേഷം ലിവര്‍പൂള്‍ സ്റ്റാഫുകളുടെ പെരുമാറ്റത്തിന് മറുപടിയായി കൂടുതല്‍ അഹങ്കരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് ലാംപാര്‍ഡ് അഭിപ്രായപ്പെട്ടത്.

    ‘ഞങ്ങള്‍ അഹങ്കാരികളല്ല, ഫ്രാങ്ക് തീര്‍ച്ചയായും അപ്പോള്‍ മത്സരബുദ്ധിയുള്ള മനസികാവസ്ഥായിലായിരുന്നു. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. മത്സരസമയത്ത് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും പറയാം, പക്ഷെ മത്സരശേഷം എനിക്ക് എല്ലാം അതോടെ തീര്‍ന്നു. അദ്ദേഹം ജയിക്കാന്‍ വേണ്ടിയാണു വന്നത് കൂടാതെ ചാമ്പ്യന്‍സ് ലീഗിനു വേണ്ടി പോയിന്റ് നേടാനും. പക്ഷെ അവസാനവിസിലിനു ശേഷം എല്ലാം അവസാനിപ്പിക്കണമെന്നു ഫ്രാങ്ക് പഠിക്കണം. ഫ്രാങ്ക് അത് ചെയ്തില്ല. അവനു ഒരുപാടു പഠിക്കാനുണ്ട്. അവനൊരു യുവപരിശീലകനാണ്.’ ക്‌ളോപ്പ് അഭിപ്രായപ്പെട്ടു.

  10. ആര് വീഴും, ആര് വാഴും? ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി ചോരചീന്തും പോരാട്ടം

    Leave a Comment

    ലിവർപൂൾ പ്രീമിയർലീഗ് കിരീടം നേടിയെങ്കിലും ലീഗിൽ ഇനിയും മികവുറ്റ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങാൻ പോവുന്നത്. രണ്ടാം സ്ഥാനമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ലൈസസ്‌റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ വമ്പന്മാർക്ക് ചാമ്പ്യന്‍സ് ലീഗിലേക്കു യോഗ്യത നേടിക്കൊടുക്കുന്ന നിർണായക മത്സരങ്ങളാണ് വരാൻ പോവുന്നത്.

    മൂന്നു ടീമുകൾക്കും ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അന്തിമഫലങ്ങൾ ആദ്യ നാലിലാരൊക്കെയുണ്ടാകുമെന്നതിനു നിർണായകമാകും. ഏറ്റവും മികച്ച പോരാട്ടം നടക്കുക യഥാക്രമം മൂന്നും അഞ്ചും സ്ഥാനത്തു തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ലൈസസ്‌റ്റർ സിറ്റിയും തമ്മിലായിരിക്കുമെന്നു തീർച്ചയാണ്.

    ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന ലൈസസ്‌റ്ററിന്റെ ജെയ്മി വാർഡിയും പുത്തൻ താരോദയമായ ബ്രൂണോ ഫെർണാണ്ടസും ഈ മത്സരത്തിലെ നിർണായകതാരങ്ങളായി മാറാവുന്ന പ്രതിഭകളാണ് .

    പ്രീമിയർ ലീഗിലെ കറുത്തകുതിരകളായ വോൾവർഹാംപ്‌റ്റനെന്ന വൂൾവ്സിനെ നേരിടുന്ന ചെൽസിക്കും ഇത് കടുത്ത പരീക്ഷണമാണ് വരാനിരിക്കുന്നത്. നിർണായക മത്സരത്തിൽ ലിവര്പൂളിനോട് 5-3നു തോറ്റതാണ് ചെൽസിക്ക് വിനയായത്. യുണൈറ്റഡും ലൈസസ്‌റ്ററും പരസ്പരം കൊമ്പുകോർക്കുന്നതിനാൽ ചെൽസിക്ക് സമനില കൊണ്ടുതന്നെ യോഗ്യത നേടാനാവും. എന്നാൽ പരാജയമറിഞ്ഞാൽ ലൈസസ്‌റ്ററിന്റെ തോൽവിക്ക് കാത്തിരിക്കേണ്ടി വരും.

    ചെൽസിയെ പോലെ തന്നെ യൂണൈറ്റഡിനും ആദ്യനാലിൽ തുടരാൻ സമനിലയിലൂടെ ഒരു പോയിന്റ് മതിയാകുമെങ്കിലും തോറ്റാൽ വൂൾവ്സിന്റെ അട്ടിമറിവിജയത്തിനു കാത്തിരിക്കേണ്ടി വരും. അഞ്ചാംസ്ഥാനത്തുള്ള ലൈസസ്‌റ്ററിനു യുണൈറ്റഡിനെതിരെ വിജയം അനിവാര്യമാണ്. അഥവാ ചെൽസി തോൽക്കുകയാണെങ്കിൽ യുണൈറ്റഡിതിരെ സമനില കൊണ്ട് തന്നെ യോഗ്യത നേടാനാവും.