Tag Archive: EPL

  1. ബെക്കാമിന്റെ കരിയിലകിക്കുകള്‍ അവസാനിക്കുന്നില്ല; വരവറിയിച്ച് ജൂനിയര്‍ ബെക്കാം കളത്തില്‍

    Leave a Comment

    ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തേയും മികച്ചതാരമാണ് ഡേവിഡ് ബെക്കാം. ഫ്രീകിക്ക് ഗോളുകളുടെ സുന്ദരനിമിഷങ്ങള്‍ ലോകഫുട്‌ബോളിന് സമ്മാനിച്ച താരം. ഇപ്പോഴിതാ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പിന്‍ഗാമിയായി മകന്‍ റോമിയോ ബെക്കാമും കാല്‍പന്തുകളിയില്‍ വരവറിയിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ബ്രെന്‍ഡ് ഫോര്‍ഡ് റിസര്‍വ് ടീം അംഗമായാണ് ഇരുപതുകാരനെത്തിയത്. അമേരിക്കന്‍ ക്ലബായ ഇന്റര്‍ മിയാമിയില്‍ നിന്ന് ലോണിലാണ് റോമിയോ ഇംഗ്ലീഷ് ക്ലബിലെത്തിയത്.

    ക്ലബിന് വേണ്ടി 26 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.ബ്രന്റ്‌ഫോര്‍ഡിന്റെ റിസര്‍വ്വ് ടീമിലേക്കാണ് മിഡ്ഫീല്‍ഡറായ യുവതാരമെത്തുക. ഇംഗ്ലണ്ട് ക്ലബിലേക്കുള്ള വരവ് പ്രതീക്ഷയോടെയാണ് കാണുന്നതെന്നാണ് റോമിയോ പറയുന്നത്. അവസരങ്ങള്‍ മികച്ചരീതിയില്‍ വിനിയോഗിച്ച് സീനിയര്‍ ടീമിലേക്കെത്തുകയാണ് ലക്ഷ്യം. ഇന്റര്‍ മിയാമിക്ക് വേണ്ടി രണ്ട് ഗോളുകളും 10 അസിസ്റ്റുമാണ് താരം നടത്തിയത്.ഡേവിഡ് ബെക്കാം സഹ ഉടമയായ ക്ലബാണ് ഇന്റര്‍ മിയാമി.


    കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് വേദിയില്‍ ഡേവിഡ് ബെക്കാമിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങളിലെല്ലാം ഗ്യാലറിയില്‍ പ്രോത്സാഹനവുമായി മുന്‍താരമെത്തി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് ടീം പുറത്തായപ്പോള്‍ ഹാരികെയിനും സംഘത്തിനും ആശ്വാസവാക്കുകളുമായി ബെക്കാമെത്തിയിരുന്നു. 1996 മുതല്‍ 2009 വരെ സീനിയര്‍ ടീമില്‍ കളിച്ച ബെക്കാം 115 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. പി.എസ്.ജി, എ.സി മിലാന്‍, റിയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

  2. ലിവര്‍പൂളിന് പുതുവര്‍ഷത്തില്‍ ഞെട്ടല്‍; ബ്രെന്‍ഡ് ഫോര്‍ഡിനെതിരെ തോല്‍ക്കുന്നത് 1938ന് ശേഷം

    Leave a Comment

    ലണ്ടന്‍: ഇതുപോലൊരു തോല്‍വി ചെമ്പടയുടെ ആരാധകര്‍ ഒരുകാലത്തും മറക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പുതുവര്‍ഷത്തിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്‍ഡ് ഫോര്‍ഡാണ് ലിവര്‍പൂളിനെ കീഴടക്കിയത്. ഇബ്രാഹീമ കൊണാട്ടയുടെ സെല്‍ഫ് ഗോളിലാണ് ബ്രെന്‍ഡ് ഫോര്‍ഡ് ലീഡ് നേടിയത്.

    ആദ്യപകുതിയുടെ 42ാംമിനിറ്റില്‍ യോനെ വിസയിലൂടെ ഗോള്‍നേട്ടം രണ്ടാക്കി ലിവറിനെ ഞെട്ടിച്ചു. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ലിവര്‍പൂള്‍ അന്‍പതാം മിനിറ്റില്‍ അലക്‌സ് ചേംബര്‍ െൈലനിന്റെ ഹെഡ്ഡര്‍ ഗോളില്‍ ഒരുഗോള്‍ തിരിച്ചടിച്ചു. സമനിലഗോളിനായി രണ്ടാപകുതിയില്‍ ബ്രെന്‍ഡ്‌ഫോര്‍ഡ് ബോക്‌സിലേക്ക് ചെമ്പട നിരന്തരം അക്രമണം നടത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. മികച്ച പ്രകടനവുമായി ഗോള്‍കീപ്പര്‍ ഡേവിഡ് റയയും വിജയത്തില്‍ നിര്‍ണായകമായി.


    അതിവേഗ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് സ്വന്തംകാണികള്‍ക്ക് മുന്നില്‍ ബ്രെന്‍ഡ്‌ഫോര്‍ഡ് മൂന്നാംഗോള്‍നേടിയത്. 84ാംമിനിറ്റില്‍ ബ്രാന്‍ എംബെമുവാണ് ലക്ഷ്യംകണ്ടത്. ഇബ്രാഹിമ കൊനാട്ടയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സെല്‍ഫ് ഗോള്‍വഴങ്ങുകയും പ്രതിരോധത്തില്‍ ദുര്‍ബല പ്രകടനം നടത്തുകയും ചെയ്ത കൊനാട്ട ലിവറിന്റെ ദുരന്തനായകനായി. 1938ന് ശേഷമാണ് ബ്രെന്‍ഡ് ഫോര്‍ഡ് ലിവര്‍പൂളിനെതിരെ വിജയംനേടുന്നതെന്ന പ്രത്യേകതയുണ്ട്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം തിരിച്ചുവരവ് നടത്തുന്ന പതിവ് രീതിയും ഇന്നലെ ആവര്‍ത്തിക്കാനായില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 2008ല്‍ വഴങ്ങിയ തോല്‍വിക്ക് ശേഷമാണ് ഹാഫ് ടെമിന് മുന്‍പ് രണ്ട് ഗോള്‍ വഴങ്ങിയശേഷം തോല്‍വി നേരിടുന്നത്.


    ഈസീസണില്‍ തോല്‍വിയും ജയവുമായി തുടരുന്ന മുന്‍ ചാമ്പ്യന്‍മാര്‍ നിലവില്‍ പോയന്റ് ടേബിളില്‍ ആറാംസ്ഥാനത്താണ്. 17 കളിയില്‍ എട്ട് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമടക്കം 28പോയന്റാണ് നേട്ടം. ഏഴാമതുള്ള ബ്രെന്‍ഡ് ഫോര്‍ഡിന് 18 കളിയില്‍ 26 പോയന്റുണ്ട്. പുതുവര്‍ഷത്തില്‍മൂന്ന് പോയന്റുമായി മുന്നേറാമെന്ന ഇംഗ്ലീഷ് വമ്പന്‍മാരുടെ പ്രതീക്ഷയാണ് അട്ടിമറി സംഘം തകര്‍ത്തത്. ഈസീസണില്‍ മികച്ചവിജയങ്ങള്‍കൈവരിച്ച ബ്രെന്‍ഡ് ഫോര്‍ഡ് മുന്നേറ്റനിര ഇതിനകം 30 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ലീഗില്‍ ആഴ്‌സനാലാണ് ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റിരണ്ടാമതും ന്യൂകാസില്‍ മൂന്നാമതുമാണ്. കഴിഞ്ഞദിവസം പുതുവര്‍ഷത്തില്‍ ആദ്യമാച്ചിനിറങ്ങിയ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയും ഞെട്ടി്ക്കുന്ന തോല്‍വിനേരിട്ടിരുന്നു.

  3. ദുരന്ത നായകനായി ലെസ്റ്റര്‍ താരം; നൂറ്റാണ്ടിന്റെ രക്ഷപ്പെടലുമായി ലിവര്‍പൂള്‍

    Leave a Comment

    ഒരുമത്സരത്തില്‍ രണ്ട് തവണ സെല്‍ഫ് ഗോള്‍വഴങ്ങുന്നത് അത്രവലിയകാര്യമല്ല. എന്നാല്‍ ഒരേതാരംതന്നെ രണ്ടുതവണയും സെല്‍ഫ് ഗോള്‍വഴങ്ങി സ്വന്തംടീമിന്റെ ദുരന്തനായകനായി മാറുന്നത് ഫുട്‌ബോളില്‍ അപൂര്‍വ്വമായിരിക്കും.

    ഇന്നലെ നടന്ന ലിവര്‍പൂള്‍-ലെസ്റ്റര്‍ സിറ്റി മത്സരത്തിലാണ് ഇത്തരമൊരു അപൂര്‍വ്വസംഭവമുണ്ടായത്. മത്സരത്തില്‍ 2-1നാണ് ലിവര്‍പൂള്‍ വിജയിച്ചത്. തോറ്റെങ്കിലും മത്സരത്തില്‍പിറന്ന മൂന്ന് ഗോളുംനേടിയത് ലെസ്റ്റര്‍ സിറ്റിതാരങ്ങളാണെന്നതാണ് പ്രത്യേകത.


    അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം പ്രതിരോധതാരം വോട്ട് ഫോസാണ് രണ്ട്തവണയും സെല്‍ഫ് ഗോള്‍ വഴങ്ങിയത്. നാലാംമിനിറ്റില്‍ ഇംഗ്ലീഷ്താരം കെയിര്‍നല്‍ ഡ്യൂസ്ബറി ഹാളിന്റെ ഗോളിലാണ് ലെസ്റ്റര്‍ മുന്നിലെത്തിയത്. 38,45 മിനിറ്റുകളിലാണ് വോട്ട്‌ഫേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ജയത്തോടെ ലിവര്‍പൂള്‍ ആറാംസ്ഥാനത്തേക്കുയര്‍ന്നു.


    അതേസമയം, ബ്രൈട്ടനെതിരെ ജയത്തോടെ ആഴ്‌സനല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 4-2നാണ് ഗണ്ണേഴ്‌സിന്റെ വിജയം. ബുക്കായോ സാക്കയുടെ(2) ഗോളിലാണ് ആ്‌ഴ്‌സനല്‍ ലീഡെടുത്തത്. 39ാം മിനിറ്റില്‍ മാര്‍ട്ടി ഒഡേഗാര്‍ഡിലൂടെ രണ്ടാംഗോള്‍ നേടി. കിയേറ്റയിലൂടെ(47) മൂന്നാമതും ലക്ഷ്യംകണ്ടു.ബ്രസീല്‍താരം ഗബ്രിയേല്‍ മാര്‍ട്ടിനലിയിലൂടെ(71) നാലാമതും വലകുലുക്കി ഗോള്‍പട്ടികപൂര്‍ത്തിയാക്കി. 65ാം മിനിറ്റില്‍ മിട്ടോമയിലൂടെയും 77ാംമിനിറ്റില്‍ ഫെര്‍ഗൂസനിലൂടെയും ഗോള്‍തിരിച്ചടിച്ച് തിരിച്ചുവരവിന് ബ്രൈട്ടന്‍ ശ്രമംനടത്തിയെങ്കിലും ആഴ്‌സനല്‍ കൃത്യമായി പ്രതിരോധിച്ച് മൂന്ന് പോയന്റ് സ്വന്തമാക്കി. നിലവില്‍ 43പോയന്റോടെ ബഹുദൂരം മുന്നിലാണ് ഗണ്ണേഴ്‌സ്. രണ്ടാംസ്ഥാനത്തുള്ള സിറ്റിക്ക് 36 പോയന്റാണുള്ളത്. ന്യൂകാസില്‍ യുണൈറ്റഡാണ് 34 പോയന്റുമായി മൂന്നാമത്.

     

  4. ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടുപിടിക്കുന്നു, ലോകകപ്പ് സൂപ്പര്‍താരങ്ങള്‍ക്കായി വലിയ പോരാട്ടം

    Leave a Comment

    ഖത്തര്‍ ലോകകപ്പിന് ശേഷം ട്രാന്‍സ്ഫര്‍ വിപണിയില്‍ ശക്തമായ ഇടപെടലുമായി ക്ലബുകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് പണമെറിഞ്ഞ് മുന്നിലുള്ളത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും നീക്കം നടത്തുന്നുണ്ടെങ്കിലും വലിയതുക മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല.

    നിലവില്‍ അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിന് വേണ്ടിയാണ് ശക്തമായ പോരാട്ടം. ബെനഫികതാരമായ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറിനായി ചെല്‍സിയാണ് മുന്നിലുള്ളത്. 120-130 മില്യണാണ് ലോകകപ്പിലെ യുവതാരമായി തെരഞ്ഞെടുത്ത എന്‍സോക്കായി ബെനഫിക മുന്നോട്ട് വെച്ചത്.

    മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും താരത്തിന് പിന്നാലെയുണ്ടെങ്കിലും സാധ്യത കൂടുതല്‍ ചെല്‍സിയ്ക്കാണ്. ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാന്‍ ലിവര്‍പൂളിന് പദ്ധതിയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിനകം തന്നെ വന്‍തുകമുടക്കി ബ്രസീല്‍താരം ആന്റണി, കാസമിറോയെയടക്കം ടീമിലെത്തിച്ചതോടെ ഇനി വന്‍തുകമുടക്കാനിടയില്ല.

    എന്‍കോളോ കാന്റെയ്ക്ക് പകരക്കാരനായാണ് എന്‍സോയെ ചെല്‍സി നോട്ടമിടുന്നത്. ഇതോടൊപ്പം ഈസീസണോടെ ഇറ്റാലിയന്‍ താരം ജോര്‍ജീജ്ജോ ക്ലബ് വിട്ടേക്കും. താരത്തിനുള്ള മികച്ച പകരക്കാരനായും 21കാരനെ ഇംഗ്ലീഷ് ക്ലബ് നോക്കികാണുന്നു. മുന്നേറ്റനിരയില്‍ ഐവറികോസ്റ്റ് താരം ഡേവിഡ് ഡാട്രോ ഫൊഫാനയുമായി ചെല്‍സി കഴിഞ്ഞദിവസം കരാറിലെത്തിയിരുന്നു.


    മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട നെതര്‍ലാന്‍ഡ് സ്‌ട്രൈക്കര്‍ കോഡി ഗാപ്‌കോയുമായി ലിവര്‍പൂള്‍ കഴിഞ്ഞദിവസം കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിന് വേണ്ടി യുണൈറ്റഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അത്‌ലറ്റിക്കോ ക്ലബിനും താരത്തെ കൈമാറുന്നതില്‍ പ്രശ്‌നമില്ല. അതേസമയം ഫെലിക്‌സിനായി ചെല്‍സിയും ആഴ്‌സനലും ശ്രമം നടത്തുന്നുണ്ട്. ഉക്രൈന്‍ യുവതാരം മൈഗ്യാലോ മുഡ്രിക്കിനായി ആഴ്‌സണല്‍ ശ്രമംനടത്തുകയാണ്.

  5. പ്രീമിയര്‍ലീഗില്‍ അതിവേഗം 20 ഗോള്‍; റെക്കോര്‍ഡുകള്‍ ഒന്നൊന്നായി ഹാലണ്ടിലേക്ക്

    Leave a Comment

    ലണ്ടന്‍: ലോകകപ്പ് ഇടവേളക്ക് ശേഷം നടന്ന ആദ്യമത്സരം ഗോളാഘോഷമാക്കി മാഞ്ചസ്റ്റര്‍സിറ്റി. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോള്‍ മികവിലാണ് ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സിറ്റി മറികടന്നത്. ലീഡ്‌സിനെതിരായ ഗോള്‍നേട്ടത്തോടെ പ്രീമിയര്‍ലീഗില്‍ ഏറ്റവും വേഗത്തില്‍ 20 ഗോളുകള്‍ സ്വന്തമാക്കുന്നതാരമെന്ന റെക്കോര്‍ഡും സ്വന്തംപേരിലാക്കി.

    14 മത്സരത്തില്‍ നിന്നാണ് നോര്‍വീജിയന്‍ താരം ഇത്രയും ഗോള്‍നേടിയത്. കൂടാതെ ചെല്‍സി, ക്രിസ്റ്റല്‍ പാലസ്, ആസ്റ്റണ്‍വില്ല, ബേര്‍ണ്‍ മൗത്ത്, വെസ്റ്റ്ഹാം, എവര്‍ട്ടണ്‍, വൂള്‍വ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, സതാംപ്ടണ്‍ ക്ലബുകള്‍ ഇതുവരെ മൊത്തം 20 ഗോള്‍നേടാതിരിക്കുമ്പോഴാണ് ഹാലണ്ട് ഒറ്റക്ക് 20 മറികടന്നത്.


    പ്രീമിയര്‍ലീഗ് പോയന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇതുവരെ 43 ഗോളുകളാണ് നേടിയത്. അതില്‍ പകുതിയും ഈ യുവതാരത്തിന്റെ വകയായിരുന്നു. മത്സരശേഷം പ്രീമിയര്‍ലീഗ് തിരിച്ചുവരവിലുള്ള ആത്മവിശ്വാസം താരം മാധ്യമങ്ങളോട് പങ്കുവെച്ചു.

    ലോകകപ്പില്‍ മറ്റു കളിക്കാര്‍ ഗോള്‍നേടുന്നത് പുറത്തുനിന്ന് കാണേണ്ടിവന്നത് തന്നെ പ്രകോപിപ്പിച്ചു. അത് തനിക്ക് ആത്മവിശ്വാസം നല്‍കി. ഒരുതരത്തില്‍തന്നെ അസ്വസ്ഥനാക്കിയെന്നും താരം പ്രതികരിച്ചു. ലോകകപ്പില്‍ നോര്‍വെയ്ക്ക് യോഗ്യതനേടാനായിരുന്നു. ഹാലണ്ടിന്റെ സിറ്റിയിലെ സഹതാരങ്ങളായിരുന്ന കെവിന്‍ ഡി ബ്രുയിനെയടക്കമുള്ളവര്‍ ലോകകപ്പില്‍ പങ്കെടുത്തിരുന്നു.


    നിലവില്‍ സിറ്റിയുടെ ഗോള്‍മെഷീനായ ഹാളണ്ടിന്റെ വരവ് ഇത്തവണ ചാമ്പ്യന്‍ലീഗ് കിരീടപോരാട്ടത്തിലടക്കം ക്ലബിന് പ്രതീക്ഷ നല്‍കുന്നു. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് ഈസീസണില്‍ താരത്തെ ഇംഗ്ലണ്ടിലെത്തിച്ചത്. ഉയരവും പന്തിലേക്ക് കുതിച്ച് ചാടി ഗോളാക്കാനുള്ള മികവും വേഗതയുമെല്ലാം താരത്തിന് അനുകൂലഘടകമാണ്.

    ഹാലണ്ട് ഈ ഫോം തുടര്‍ന്നാല്‍ മെസിയുടേയും റൊണാള്‍ഡോയുടേയും ഗോള്‍നേട്ടം ഭാവിയില്‍ മറികടക്കുമെന്ന് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രുയിനെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പകുതിയോടടുക്കുമ്പോള്‍ കിരീടപോരാട്ടത്തില്‍ ആഴ്‌സനലാണ് മുന്നില്‍. 15 കളിയില്‍ 40 പോയന്റാണ് ഗണ്ണേഴ്‌സിന്റെ നേട്ടം. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 15 കളിയില്‍ 35 പോയന്റുണ്ട്. 33പോയന്റുമായി ന്യൂകാസില്‍ യുണൈറ്റഡ് തൊട്ടുപിന്നിലുണ്ട്. ടോട്ടനം നാലാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാമതുമാണ്.

  6. ഈ കുതിപ്പ് കിരീടത്തിലേക്കോ, പ്രീമിയര്‍ലീഗില്‍ ആഴ്‌സണല്‍ യൂത്ത് ഫെസ്റ്റിവല്‍

    Leave a Comment

    ലോകഫുട്‌ബോളിലെ വമ്പന്‍താരങ്ങളെ ടീമിലെത്തിച്ച് പ്രീമിയര്‍ലീഗും ചാമ്പ്യന്‍ലീഗും ലക്ഷ്യമിട്ട് ക്ലബുകള്‍ മുന്നോട്ട് പോകുമ്പോള്‍ ഒരുസംഘം യുവതാരങ്ങളെ അണിനിരത്തിയാണ് ആഴ്‌സണിലിന്റെ കുതിപ്പ്. ഏതെങ്കിലുമൊരു സൂപ്പര്‍താരത്തില്‍ കേന്ദ്രീകരിക്കുന്നതല്ല, മറിച്ച് ഗണ്ണേഴ്‌സില്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ഈസീസണിന്റെ തുടക്കത്തില്‍ കിരീടപോരാട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ടീമായിരുന്നില്ല ആഴ്‌സണല്‍.

    സമീപകാലത്തെ പ്രകടനംവിലയിരുത്തുമ്പോള്‍ നാലാമതോ അഞ്ചോമതോ ഫിനിഷ് ചെയ്യുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ വലിയ സംഖ്യചെലവഴിക്കാതെതന്നെ ലോക ഫുട്‌ബോളിലെ മികച്ചകളിക്കാരെ കൂടാരത്തിലെത്തിച്ച് പരിശീലകന്‍ മൈക്കിള്‍ അര്‍തേട്ടയും മാനേജ്‌മെന്റും നയംവ്യക്തമാക്കി. ബ്രസീല്‍താരങ്ങളായ ഗബ്രിയേല്‍ ജീസുസ്, മാര്‍ട്ടിനലി, ഇംഗ്ലണ്ട് യുവതാരം എഡ് കിയേറ്റ തുടങ്ങിയ മുന്നേറ്റനിരക്കാര്‍ക്കൊപ്പം ബുക്കായ സാക്കയും മധ്യനിരയില്‍ കളിമെനഞ്ഞ് സ്വിസ് താരം ഗ്രാനെറ്റ് ഷാക്കകൂടി ചേര്‍ന്നതോടെ അതിവേഗകുതിപ്പിന് ഇന്ധനമായി.


    13തവണ പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ 2003-04 സീസണിലാണ് അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. 14എഫ്.എ കിരീടം എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെത്തിച്ചിട്ടുണ്ട്. അവസാനം നേടിയതാവട്ടെ 2019-20 സീസണില്‍. ഇത്തവണ ടീമിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ക്ലബ് ആരാധകര്‍.

    നിലവില്‍ പ്രീമിയര്‍ലീഗ് സീസണ്‍ പകുതിയിലേക്കടുക്കുമ്പോള്‍ 15 കളിയില്‍ 13ജയവും ഒരുസമനിലയും ഒരുതോല്‍വിയുമടക്കം 40 പോയന്റുമായി പോയന്റ് ടേബിളില്‍ ഒന്നാമതാണ്. തൊട്ടുപിന്നിലുള്ള ന്യൂകാസില്‍ യുണൈറ്റഡിന് 16 കളിയില്‍ 9ജയവും ആറുതോല്‍വിയും ഒരുസമനിലയും സഹിതം 33 പോയന്റാണുള്ളത്.

    ഏഴ് പോയന്റിന്റെ വ്യക്തമായ ലീഡ് തുടരാനായാല്‍ ചരിത്രനേട്ടമാണ് ഈ യുവസംഘത്തെ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 32 പോയന്റുമായി മൂന്നാമതും ടോട്ടനം 30പോയന്റുമായി നാലാമതുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാംസ്ഥാനത്തും ലിവര്‍പൂള്‍ ആറാമതുമുണ്ട്.

    സ്പാനിഷുകാരനായ പരിശീലകന്‍ അര്‍തേട്ടയുടെ പിഴക്കാത്ത തന്ത്രങ്ങളാണ് ടീമിന്റെ മുന്നേറ്റത്തിന് കരുത്ത്. 2019 മുതല്‍ ഈ മുന്‍ സ്‌പെയിന്‍താരം ആഴ്‌സനല്‍ പരിശീലകസ്ഥാനത്തുണ്ട്. ലോകകപ്പിന്റെ ഒരുമാസത്തെ ഇടവേളക്ക് ശേഷം നടന്ന ആദ്യമത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തകര്‍ത്തത്.

    ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നിട്ട് നിന്നശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടു പതിറ്റാണ്ടിലധികം ആഴ്‌സണലിനൊപ്പമുണ്ടായിരുന്ന ഇതിഹാസപരിശീലകന്‍ ആഴ്‌സന്‍ വെങര്‍ മത്സരം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് വെങര്‍ സ്വന്തംടീമിന്റെ കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആഴ്‌സണല്‍ ആരാധകരെ അഭിവാദ്യം ചെയ്യാനും പരിശീലകന്‍ മറന്നില്ല. 31ന് രാത്രി 11മണിക്ക് ബ്രൈട്ടനുമായാണ് അടുത്തമത്സരം.

  7. അടിതെറ്റാതെ വമ്പന്‍മാര്‍; ആവശപോരാട്ടത്തോടെ പ്രീമിയര്‍ലീഗ് റിട്ടേണ്‍സ്

    Leave a Comment

    ലോകകപ്പ് ഇടവേളകഴിഞ്ഞ് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ വമ്പന്‍ക്ലബുകള്‍ക്ക് വിജയതുടക്കം. നിലവില്‍ പോയന്റ് ടേബിളില്‍ ഒന്നാംസ്ഥാനക്കാരായ ആഴ്‌സനല്‍ വെ്‌സ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ലിവര്‍പൂള്‍ ഇതേ സ്‌കോറിന് ആസ്റ്റണ്‍ വില്ലയേയും കീഴടക്കി.

    ഒന്നാംസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് നയം വ്യക്തമാക്കിയ ഗണ്ണേഴ്‌സ് ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. 53ാം മിനുറ്റില്‍ ബുക്കായ സാക്കയും 58ാം മിനുറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും 69ാം മിനുറ്റില്‍ എഡ്ഡീ നെക്കേത്തിയായും ലക്ഷ്യം കണ്ടു. പെനാല്‍റ്റിയിലൂടെ സൈദ് ബെന്‍ റഹ്മയാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസഗോള്‍ നേടിയത്.


    ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആസ്റ്റണ്‍ വില്ലയെ തോല്‍പിച്ചത്. സൂപ്പര്‍താരം മുഹമ്മദ് സലയിലൂടെ അഞ്ചാം മിറ്റില്‍ മുന്നിലെത്തി. 37ാം മിനിറ്റില്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കും 81ാം മിനുറ്റില്‍ സ്‌റ്റെഫാനും ഗോള്‍ആഘോഷിച്ചു. 59ാം മിനുറ്റില്‍ ഓല്ലീ വാറ്റ്കിന്‍സിന്റെ വകയായിരുന്നു ആസ്റ്റണിന്റെ ഏക ഗോള്‍.

    മത്സരത്തിലുടനീളം ലിവര്‍പൂളിനെ നിരന്തരം വിറപ്പിച്ച ആസ്റ്റണ്‍വില്ല ഫിനിഷിംഗിലെ പോരായ്മയാണ് തിരിച്ചടിയായത്. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ലിവര്‍ എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഭീഷണിസൃഷ്ടിച്ചു. 15 കളിയില്‍ 25 പോയിന്റുമായി ആറാം സ്ഥാനക്കാരാണ് ലിവര്‍പൂള്‍.

    മറ്റുമത്സരത്തില്‍ ടോട്ടനത്തെ ബ്രെന്റ്‌ഫോര്‍ഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ നേടി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം സമനില പിടിച്ചത്. ലീഗില്‍ 30 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ന്യൂകാസില്‍ യുണൈറ്റഡ് ലീഗില്‍ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എവര്‍ട്ടനെ വോള്‍വ്‌സും(2-1) ക്രിസ്റ്റല്‍പാലസിനെ ഫുള്‍ഹാമും(3-0) സതാംപ്റ്റണെ െ്രെബറ്റനും(3-1) തോല്‍പ്പിച്ചു.

  8. പൂരം കൊടിയേറാന്‍ കഥകളി, തെയ്യം, ചെണ്ടമേളം; പ്രീമിയര്‍ ലീഗ് പോസ്റ്ററില്‍ തിളങ്ങി മലയാളം

    Leave a Comment

    ലണ്ടന്‍: ഒരുമാസം നീണ്ട ലോകകപ്പ് ഇടവേളക്ക് ശേഷം പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും സജീവമാകുകയാണ്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ പ്രിയക്ലബുകള്‍ ഗോളടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. മലയാളികളുടെ ഫുട്‌ബോള്‍ ആരാധന ഖത്തര്‍ലോകകപ്പ് സമയത്ത് ലോകംമുഴുവന്‍ കണ്ടതാണ്.

    കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറിന്റേയും ക്രിസ്റ്റ്യാനോയുടേയും കൂറ്റന്‍കട്ടൗട്ടുകള്‍ അതിരുകള്‍ ഭേദിച്ച് ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ പ്രീമിയര്‍ലീഗിന്റെ തിരിച്ചുവരവിലും കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നു.


    പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് കേരളത്തിലെ സാംസ്‌കാരിക ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തി മനോഹര ഗ്രാഫിക്‌സോടെയുള്ള ചിത്രം പോസ്റ്റ് ചെയ്തത്. പ്രീമിയര്‍ലീഗ് തിരിച്ചുവരുന്നു എന്ന ക്യാപ്ഷനിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

    കേരളത്തിലെ കലാരൂപങ്ങളായ കഥകളിയും തെയ്യവും ചെണ്ടകൊട്ടുമെല്ലാം ഉള്‍കൊള്ളിച്ച ഉത്സവപ്രീതീതിയിലുള്ള പോസ്റ്ററില്‍ ഹാരികെയിനും ബുക്കായോ സാക്കെയും ബ്രൂണോ ഫെര്‍ണാണ്ടസും നൃത്തംചെയ്യുന്നതും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. പോസ്റ്റ് ചെയ്ത് മിനറ്റുകള്‍ക്കകം കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.


    നേരത്തെ പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ഫിഫ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തിരുന്നു.അര്‍ജന്റീനയും ബ്രസീലുമടക്കമുള്ള രാജ്യങ്ങളിലും ഈ ചിത്രം വൈറലായി. ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ പിന്തുണച്ച കേരളത്തിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജന്റീന ഔദ്യോഗിക പേജില്‍ പോസ്റ്റിട്ടിരുന്നു. ബ്രസീല്‍സൂപ്പര്‍താരം നെയ്മറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ലോകകപ്പ് ഇടവേളക്ക് ശേഷം ബ്രെന്‍ഡ് ഫോര്‍ഡ്-ടോട്ടന്‍ഹാം മത്സരത്തോടെയാണ് പ്രീമിയര്‍ലീഗിന് തുടക്കമാകുക. മറ്റുപ്രധാന മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല ലിവപൂളിനെ നെരിടും. നാളെ പുലര്‍ച്ചെ 1.30ന് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്ന ആഴ്‌സണല്‍ വെസ്റ്റ്ഹാമിനെ നേരിടും.

     

  9. ടീമുകള്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി, പ്രീമിയര്‍ലീഗ് ഫിക്ചറിനെതിരെ ടോട്ടനം പരിശീലകന്‍

    Leave a Comment

    ലണ്ടന്‍: ലോകകപ്പ് കഴിഞ്ഞ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് എട്ട് ദിവസംമാത്രം ഇടവേളനല്‍കിയ നടപടിക്കെതിരെ ടോട്ടന്‍ഹാം പരിശീലകന്‍ അന്റോണിയോ കോണ്ടെ രംഗത്ത്. ഫിറ്റ്‌നസും പരിക്കുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് താരങ്ങള്‍ മുക്തരാവേണ്ടതുണ്ട്. ഇതിന് ആവശ്യമായ സമയം അനുവദിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

    ടോട്ടനം ക്ലബില്‍ നിന്ന് ലോകകപ്പ് കളിച്ച 12 താരങ്ങളില്ലാതെയാണ് ഇന്ന് ബ്രേന്‍ഫോര്‍ഡിനെതിരായ മത്സരത്തിലിറങ്ങുകയെന്നും കോണ്ടെ പറഞ്ഞു. ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്, അര്‍ജന്റീനന്‍ പ്രതിരോധതാരം ക്രിസ്റ്റന്‍ റൊമേരോ എന്നിവര്‍ ഇറങ്ങില്ലെന്ന് ഉറപ്പായി. ഉറുഗ്വെ താരം റോഡ്രിഗോ ബെന്റന്‍ഗര്‍, ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാലിസണ്‍, ലൂകാസ് മുറെ തുടങ്ങിയവര്‍ പരിക്കിന്റെ പിടിയിലാണ്. ബ്രസീല്‍ താരം മൂന്നാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.


    ലോകകപ്പ് ടീമുകളിലില്ലാത്ത താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയംനേടാനാകുമെന്ന പ്രതീക്ഷയിലാണ് ടോട്ടനം പരിശീലകന്‍. ലോകകപ്പിന് ശേഷം ഇന്നുമുതലാണ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

    പോയന്റ് ടേബിളില്‍ ഒന്നാമതുള്ള ആഴ്‌സണല്‍, മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ എന്നിവരെല്ലാം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ടോട്ടനത്തിന് പുറമെ മറ്റുക്ലബുകളും താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്‍ പ്രതിസന്ധിയിലാണ്.

    പ്രധാനതാരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ പകരക്കാരെ കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യമാണ് പരിശീലകനും ടീം മാനേജ്‌മെന്റിനുമുള്ളത്. ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായടീമിലെ അംഗങ്ങളും ക്ലബ് പരിശീലകനത്തിലെത്തിയിരുന്നില്ല.

    അവധിയാഘോഷം കഴിഞ്ഞ കഴിഞ്ഞദിവസംമാത്രമാണ് ടീം സൂപ്പര്‍താരങ്ങള്‍ എത്തിയത്. നിലവില്‍ 14 മത്സരങ്ങളില്‍ 37 പോയന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. 14 കളിയില്‍ 26 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ന്യൂകാസില്‍ മൂന്നാമതുമാണ്. ടോട്ടനം നാലാംസ്ഥാനം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് അഞ്ചാംസ്ഥാനത്ത്.

  10. ഇനി ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ പൊടിപൂരം, ടോട്ടനവും ലിവര്‍പൂളും നാളെ കളത്തില്‍

    Leave a Comment

    ലോകകപ്പ് ഫുട്‌ബോള്‍തീര്‍ത്ത ഒരുമാസകാലത്തെ ഇടവേളകഴിഞ്ഞ് ക്ലബ് ഫുട്‌ബോള്‍ നാളെ മുതല്‍ സജീവമാകുന്നു. നവംബര്‍ 13ന് ഫുള്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് താല്‍കാലികമായി നിര്‍ത്തിയത്.

    പിന്നീട് ഖത്തറിന്റെ മണ്ണില്‍ താരങ്ങള്‍ പരസ്പരം ഏറ്റമുട്ടുകയും ചെയ്തു. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അര്‍ജന്റീന കപ്പുയര്‍ത്തിയതോടെ ലോകമാമാങ്കത്തിന് പരിസമാപ്തിയായി. ക്രിസ്മസ് അവധിക്ക് ശേഷം താരങ്ങളെല്ലാം ക്ലബ് ക്യാമ്പില്‍ പരിശീലനത്തിനെത്തിതുടങ്ങി.


    നാളെ മുതല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തുരുളാന്‍ പോവുമ്പോള്‍ ടെന്‍ഷന്‍ മുന്‍നിരക്കാര്‍ക്ക് തന്നെയാണ്. 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സനല്‍ 37 ലും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 32 ലും നില്‍ക്കുകയാണ്.

    15 മല്‍സരങ്ങളില്‍ നിന്നായി 30 പോയിന്റ് സമ്പാദിച്ച ന്യൂകാസില്‍ യുനൈറ്റഡാണ് മൂന്നാമത്. സീസണില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് ന്യൂകാസില്‍. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ച ഹാരി കെയിന്‍ കളിക്കുന്ന ടോട്ടനം 29 പോയന്റുമായി നാലാമതുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 14 കളിയില്‍ 26 പോയന്റുമായി അഞ്ചാമതും ലിവര്‍പൂള്‍ 14 മത്സരങ്ങളില്‍ നിന്നായി 22 പോയന്റുമായി ആറാമതുമാണ്.

    21 പോയന്റുള്ള ബ്രൈട്ടനും ചെല്‍സിയും ഏഴും എട്ടും സ്ഥാനത്താണ്. ചെല്‍സിക്കും യുണൈറ്റഡിനും ലിവര്‍പൂളിനും പോയന്റ് ടേബിളില്‍ മുന്നേറാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ ടോട്ടന്‍ഹാം ബ്രെന്‍ഡ്‌ഫോര്‍ഡിനെ നേരിടും.

    മറ്റുമത്സരങ്ങളിലായി സതാംപ്റ്റണ്‍ ബ്രൈട്ടനേയും ലെസ്റ്റര്‍ ന്യൂകാസിലിനേയും ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനേയും എവര്‍ട്ടണ്‍ വോള്‍വ്‌സിനേയും നേരിടും. ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ല പോരാട്ടം രാത്രി 11മണിക്കാണ്.