Tag Archive: EPL

  1. മാഞ്ചസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്ക് വീഴ്ത്തിയ എമറിപ്പട, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പ്

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ അപ്രതീക്ഷിതമായ കുതിപ്പാണ് ആസ്റ്റൺ വില്ല നടത്തുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് വളരെയധികം പരിചയസമ്പത്തുള്ള ഉനെ എമറി മാനേജരായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി പടിപടിയായി ഉയർന്നു വരുന്ന ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസം കീഴടക്കിയത് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ്.

    ആസ്റ്റൺ വില്ലയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഗോളിന് മാത്രമാണ് വിജയിച്ചതെങ്കിലും മത്സരത്തിൽ വില്ലയുടെ സമ്പൂർണാധിപത്യമാണ് നടന്നത്. ഇരുപത്തിരണ്ടു ഷോട്ടുകൾ ആസ്റ്റൺ വില്ല ഉതിർത്തപ്പോൾ ആക്രമണഫുട്ബോൾ കളിക്കുന്നതിൽ പേരുകേട്ട ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി രണ്ടേ രണ്ടു ഷോട്ടുകൾ മാത്രമേ അടിച്ചുള്ളൂ. ഇതിൽ നിന്ന് തന്നെ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് നടത്തിയ പ്രകടനം എത്ര മികച്ചതാണെന്ന് വ്യക്തമാണ്.

    മത്സരത്തിൽ നിരവധി ഗംഭീര അവസരങ്ങൾ ആസ്റ്റൺ വില്ലക്ക് ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. അതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സനും മത്സരത്തിൽ മികച്ച പ്രകടനം നടത്തി. എഴുപത്തിനാലാം മിനുട്ടിൽ ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടുന്നത്. ആദ്യപകുതിയിൽ ഹാലാൻഡ് രണ്ടു ഷോട്ടുകൾ ഉതിർത്തെങ്കിലും അതെല്ലാം എമിലിയാണോ മാർട്ടിനസ് രക്ഷപ്പെടുത്തി.

    മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ല ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. വില്ലക്ക് മുപ്പത്തിരണ്ട് പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുപ്പതു പോയിന്റാണുള്ളത്. ആഴ്‌സണൽ മുപ്പത്തിയാറു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ ലിവർപൂൾ മുപ്പത്തിനാല് പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. വില്ലയുടെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്.

  2. ഒരൊറ്റ കുതിപ്പിൽ മറികടന്നത് ഏഴോളം താരങ്ങളെ, അവിശ്വസനീയ ഡ്രിബ്ലിങ്ങും അസിസ്റ്റുമായി ന്യൂകാസിൽ താരം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കരികിലേക്ക് ഒന്നുകൂടി അടുത്തിട്ടുണ്ട്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് എവർട്ടനെയാണ് ന്യൂകാസിൽ യുണൈറ്റഡ് മത്സരത്തിൽ കീഴടക്കിയത്. കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത ന്യൂകാസിൽ അതിന്റെ ബാക്കിയാണ് ഇന്നലെ പുറത്തെടുത്തത്.

    മത്സരത്തിനു ശേഷം വാർത്തകളിൽ നിറയുന്നത് ന്യൂകാസിൽ യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങായ അലക്‌സാണ്ടർ ഇസക്ക് നടത്തിയ ഡ്രിബ്ലിങ്ങും അസിസ്റ്റുമാണ്. മത്സരത്തിന്റെ എഴുപത്തിനാലാം മിനുട്ടിൽ പകരക്കാരനായാണ് ഇസക്ക് കളിക്കളത്തിൽ ഇറങ്ങിയത്. എൺപത്തിയൊന്നാം മിനുറ്റിൽ ജേക്കബ് മർഫി നേടിയ ഗോളിന് താരം നൽകിയ അസിസ്റ്റ് ആരാധകർക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒന്നായിരുന്നു.

    മധ്യവരക്കടുത്തു നിന്നും പന്തുമായി ഇടതുലൈനിനരികിലൂടെ കുതിച്ച ഇസക്ക് കോർണറിന്റെ അടുത്ത് വെച്ച് തന്നെ തടുക്കാൻ വന്ന മൂന്നു താരങ്ങളെ മറികടന്നത് അവിശ്വസനീയമായ കാഴ്‌ച തന്നെയായിരുന്നു. അതിനു ശേഷം ലൈനിനരികിലൂടെ രണ്ടു താരങ്ങളെ മറികടന്ന് ബോക്‌സിലേക്ക് കയറിയ താരം പന്ത് മർഫിക്ക് കൈമാറി. വലയിലേക്ക് അതൊന്നു തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ മർഫിക്ക് ഉണ്ടായിരുന്നുള്ളൂ. ന്യൂകാസിലിന്റെ നാലാമത്തെ ഗോളാണ് താരം നേടിയത്.

    മത്സരത്തിൽ കല്ലം വിൽസൺ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോലിന്റൻ ഒരു ഗോൾ നേടി. വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗിൽ മൂന്നാം സ്ഥാനത്താണ്. അതേസമയം തന്നെ ക്ലബ് റെക്കോർഡ് ട്രാൻസ്ഫറിൽ ടീമിലെത്തിച്ചതിനു മികച്ച പ്രകടനത്തിലൂടെ തിരിച്ചു നൽകാൻ ഇസാക്കിന് കഴിയുന്നുണ്ട്. ഈ സീസണിൽ ആകെ പതിനൊന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പത്ത് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് റയൽ സോസിഡാഡിൽ നിന്നും സ്വീഡിഷ് താരം ന്യൂകാസിലിൽ എത്തിയത്.

  3. ഇനിയും പ്രീമിയർ ലീഗ് നേടാനാവും, ആത്മവിശ്വാസം കൈവിടാതെ അർടെട്ട

    Leave a Comment

    ഈ സീസണിന്റെ തുടക്കം മുതൽ പ്രീമിയർ ലീഗിൽ മുന്നിൽ നിന്നിരുന്ന ആഴ്‌സണൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ കഴിഞ്ഞ മത്സരത്തോടെ വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നുണ്ടെങ്കിലും അവർ രണ്ടു മത്സരം കുറവാണ് കളിച്ചതെന്നത് ആഴ്‌സണലിന് ഭീഷണിയാണ്.

    ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെതിരെ വിജയം നേടിയത്. കെവിൻ ഡി ബ്രൂയ്ൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഹാലാൻഡ്‌ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. പ്രതിരോധതാരം റോബ് ഹോൾഡിങ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്‌സണലിന്റെ ആശ്വാസഗോൾ സ്വന്തമാക്കി.

    കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തമായ ആധിപത്യം ഇപ്പോഴുണ്ടെങ്കിലും ആഴ്‌സണലിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണു പരിശീലകൻ അർടെട്ട പറയുന്നത്. “ഞാനങ്ങനെയാണ് കരുതുന്നത്. മികച്ച ടീമാണ് കഴിഞ്ഞ മത്സരം വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു.”

    “അസാധാരണമായൊരു ടീമിനെതിരെ അടിസ്ഥാനപരമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. ഞങ്ങളത് ചെയ്‌തില്ല, അതിനു ശിക്ഷ ലഭിക്കുകയും ചെയ്‌തു. ഈ സീസണിന്റെ തുടക്കത്തിലേ കണക്കുകൾ പ്രകാരം ഞങ്ങൾ ആറാമതോ ഏഴാമതോ എത്തുമെന്നായിരുന്നു. ഇനിയും അഞ്ചു മത്സരങ്ങൾ കളിക്കാനുണ്ട്. ഈ ലീഗിൽ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുള്ള എനിക്കറിയാം കാര്യങ്ങൾ എങ്ങിനെ മാറുമെന്ന്.” അദ്ദേഹം പറഞ്ഞു.

    അടുത്ത മൂന്നു മത്സരങ്ങൾ വളരെ പ്രധാനമാണെന്നും അതിൽ മികച്ച പ്രകടനം നടത്തിയാലേ തിരിച്ചു വരാൻ കഴിയുമോയെന്ന് മനസിലാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആഴ്‌സനലിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളിൽ ചെൽസി, ന്യൂകാസിൽ. ബ്രൈറ്റൻ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങൾ കടുപ്പമുള്ളതായിരിക്കാൻ സാധ്യതയുണ്ട്.

  4. പ്രീമിയര്‍ലീഗില്‍ വമ്പന്‍മാര്‍ക്ക് ഭീഷണി; കിരീടപോരാട്ടം കനക്കുന്നു, അപ്രതീക്ഷിത കുതിപ്പുമായി ചെറിയ ക്ലബുകള്‍

    Leave a Comment

    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ കിരീടപോരാട്ടം ശക്തമാകുമെന്ന് സൂചന നല്‍കി ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അടച്ച ശേഷമുള്ള ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍. നിലവില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍വി നേരിട്ടപ്പോള്‍ തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും വിജയിച്ചുകയറി. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവുംകൂടുതല്‍ തുക മുടക്കിയ ചെല്‍സിയ്ക്ക് വിജയംനേടാനുമായില്ല. ഇതോടെ സംഭവബഹുലമായ വീക്കെന്‍ഡാണ് കഴിഞ്ഞുപോയത്.


    റെക്കോര്‍ഡ് തുകക്ക് ടീമിലെത്തിച്ച എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള താരങ്ങളെ ആദ്യവാസാനം കളത്തിലിറക്കിയിട്ടും ചെല്‍സി ഫുള്‍ഹാമിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ടോപ്പില്‍ നില്‍ക്കുന്ന ആഴ്‌സനലിനെ 18ാംസ്ഥാനത്തുള്ള എവര്‍ട്ടനാണ് അട്ടിമറിച്ചത്. പ്രമുഖതാരങ്ങളെയെല്ലാം കളത്തിലിറക്കിയിട്ടും തോല്‍വിനേരിട്ടത് ആഴ്‌സനലിന് ലീഗില്‍ ശുഭസൂചനയല്ല നല്‍കുന്നത്. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. വോള്‍വ്‌സിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് ലിവര്‍പൂള്‍ വീണ്ടും ദുരന്തമായി.


    പോയന്റ് ടേബിളില്‍ നിലവില്‍ പത്താംസ്ഥാനത്താണ് ലിവര്‍. പ്രമുഖതാരങ്ങളെല്ലാം ചെമ്പടക്കായി ഇറങ്ങിയിട്ടും ഫോമിലേക്ക് തിരിച്ചെത്താനായില്ല. ഈസീസണില്‍ മിന്നുംഫോമിലുള്ള ന്യൂകാസിലിനും ഈആഴ്ച നിരാശയുടേതായി. വെസ്റ്റ്ഹാമാണ് സമനിലയില്‍തളച്ചത്. ഇരുടീമുകളും ഓരോഗോള്‍വീതമാണ് നേടിയത്. ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം മത്സരമായിരുന്നു. ആഴ്ചയിലെ അവസാന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിറ്റിക്ക് അടിതെറ്റി. ഹാരികെയിനിന്റെ ഗോളിലാണ് സ്വന്തം മൈതാനത്ത് ടോട്ടനം കരുത്ത്കാട്ടിയത്. ഇതോടെ ആഴ്‌സനലുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള സുവര്‍ണാവസരം പെപ് ഗ്വാര്‍ഡിയോളക്കും സംഘത്തിനും നഷ്ടമായി.


    നിലവില്‍ 20 കളിയില്‍ 16 വിജയവുമായി 50പോയന്റാണ് ആഴ്‌സനലിന്റെ സമ്പാദ്യം. ഒരുമത്സരം കൂടുതല്‍കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 45പോയന്റാണുള്ളത്. 21 കളിയില്‍ 13 ജയമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 42പോയന്റുമായി തൊട്ടുപിന്നിലുണ്ട്. ന്യൂകാസില്‍ യുണൈറ്റഡ് 40പോയന്റുമായി നാലാമതും ടോട്ടനം 39 പോയന്റുമായി അഞ്ചാമതും നില്‍ക്കുന്നു. ഇനിയുള്ള ആഴ്ചയിലെ വിജയപരാജയങ്ങള്‍ ഗ്രൂപ്പില്‍ വലിയ മാറ്റംവരുത്തുമെന്നതിനാല്‍ മത്സരം കടുത്തതാകുമെന്നുറപ്പായി.

     

     

  5. പ്രീമിയര്‍ലീഗില്‍ നവാസിന്റെ അത്യുഗ്രന്‍ തിരിച്ചുവരവ്, പി.എസ്.ജിയുടെ നഷ്ടം

    Leave a Comment

    ലണ്ടന്‍: പി.എസ്.ജിയില്‍ അവസരം ലഭിക്കാതെപോയ ഗോള്‍കീപ്പര്‍ കൈലിയന്‍ നവാസ് ക്ലബ് കൂടുമാറിയ ആദ്യമത്സരത്തില്‍തന്നെ വരവറിയിച്ചു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിലെത്തിയ താരം അരങ്ങേറ്റ മത്സരത്തില്‍തന്നെ നാല് സേവുകളുമായി ടീമിന്റെ രക്ഷകനായി.

    മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കുകയും ചെയ്തു. 14ാം മിനിറ്റില്‍ ബ്രെണ്ണന്‍ ജോണ്‍സനാണ് മത്സരത്തിലെ ഏകഗോള്‍നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന നോട്ടിംഗ്ഹാം പ്രീമിയര്‍ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി.

    ലോണിലാണ് പി.എസ്.ജിയില്‍ നിന്ന് 36കാരന്‍ ഗോള്‍കീപ്പര്‍ ഇംഗ്ലണ്ടിലെത്തിയത്. ഇറ്റാലിയന്‍താരം ഡോണറൂമയാണ് പി.എസ്.ജിയുടെ ഒന്നാംഗോള്‍കീപ്പര്‍. ഇതോടെ അവസരങ്ങള്‍ കുറഞ്ഞ നവാസിനെ ലോണില്‍ വില്‍ക്കാന്‍ ക്ലബ് തയാറാകുകയായിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നാണ് കോസ്റ്ററിക്കന്‍ താരം പാരീസിലെത്തിയത്.

    ലീഡ്‌സ് യുണൈറ്റഡിന്റെ ഷോട്ടുകളെ കൃത്യമായി തടുത്തിട്ട നവാസ് ആരാധകരുടെ മനംകവര്‍ന്നു. ഉജ്ജ്വലപ്രകടനവുമായി കളിയിലെ താരമായും നവാസ് തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ 24പോയന്റുമായി 13ാംസ്ഥാനത്തെത്തി. 2014-19 സീസണില്‍ റയലിനായി 104 മത്സരങ്ങളിലാണ് ഇറങ്ങിയത്. ചാമ്പ്യന്‍സ് ലീഗ്, ലാഗീഗയടക്കമുള്ള ട്രോഫികളും നേടി. ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടിയോസിന്റെ വരവോടെ സ്ഥാനം നഷ്ടമായ നവാസ് പിന്നീട് പി.എസ്.ജിയിലേക്ക് ചേക്കേറുകയായിരുന്നു. 71കളിയിലാണ് പി.എസ്.ജിയില്‍ ഇറങ്ങിയത്. ദേശീയടീമില്‍ 110 മത്സരങ്ങളും പൂര്‍ത്തിയാക്കി.

  6. ജനുവരി ട്രാന്‍സ്ഫറില്‍ നേട്ടം ആര്‍ക്കൊക്കെ?, ചാമ്പ്യന്‍സ് ലീഗ് കണ്ണംനട്ട് ക്ലബുകള്‍

    Leave a Comment

    ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന് ശേഷം നടക്കുന്ന ട്രാന്‍സ്ഫര്‍ വിപണി എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങളുടെ വിപണിമൂല്യം ഉയരുകയും ക്ലബുകള്‍ പണമെറിഞ്ഞ് സ്വന്തമാക്കുകയും ചെയ്യുന്നു. ഇത്തവണത്തെ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലും ഇതിന് മാ്റ്റമൊന്നുമുണ്ടായില്ല. ഫുട്‌ബോള്‍ മത്സരംപോലെ അവസാന മണിക്കൂര്‍ വരെ മാറിമറിയുന്നതായിരുന്നു ട്രാന്‍സ്ഫര്‍ വിപണിയും. 12.1 കോടി പൗണ്ട്(131 ദശലക്ഷം ഡോളര്‍)പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കയില്‍ നിന്ന് അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ ചെല്‍സി വാങ്ങിയതാണ് ഏറ്റവുംവലിയ കൈമാറ്റം. ഇംഗ്ലീഷ് ടീമുകള്‍ മാത്രം 831 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്.


    ലീഗില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് താരങ്ങളെ ടീമിലെത്തിച്ചതും ചെല്‍സിയാണ്. എന്‍സോക്ക് പുറമെ മിഖായേല്‍ മുദ്രിക്, ബെനോയിറ്റ് ബാദിയഷില്‍, ഡേവിഡ് ഫൊഫാന, ആന്‍േ്രഡ സാന്റോസ്, ജാവോ ഫെലിക്‌സ്, നാനി മദുവേകെ, മാലോ ഗസ്‌റ്റോ എന്നിവരെയാണ് നീലപട സ്വന്തമാക്കിയത്. ലിവര്‍പൂളും ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിര്‍ണായകനീക്കങ്ങള്‍ നടത്തിയിരുന്നു. നെതര്‍ലാന്‍ഡ് സ്‌ട്രൈക്കര്‍ കോഡി ഗാപ്‌കോയെയാണ് ചെമ്പട സ്വന്തമാക്കിയത്.

    മാഞ്ചസ്റ്റര്‍ സിറ്റി മാക്‌സിമോ പെറോന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജാക് ബട്‌ലാന്‍ഡ്, വൂഡ് വെഗ്ഹൂസ്റ്റ്, മാര്‍സല്‍ സബിസ്റ്റര്‍ എന്നിവരെ സൈന്‍ ചെയ്യിച്ചു. നിലവില്‍ പ്രീമിയര്‍ലീഗില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനല്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡ്, ചെല്‍സിതാരം ജോര്‍ജീന്യോ, ജേകബ് കിവിയര്‍ എന്നീതാരങ്ങളുമായി കരാറിലെത്തി.

    നിലവില്‍ പ്രീമിയര്‍ലീഗില്‍ തട്ടിതടയുന്ന ചെല്‍സി ലീഗിലേക്ക് ശക്തമായി തിരിച്ചുവരവിനാണ് സൈനിംഗിലൂടെ ശ്രമിക്കുന്നത്. എന്‍കോളോ കാന്റെ ഉള്‍പ്പെടെ പ്രമുഖതാരങ്ങളുടെ പരിക്കാണ് ചെല്‍സിക്ക് തിരിച്ചടിയായത്. എന്നാല്‍ പുതിയതാരങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ഈമാസം നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ മുന്നേറുകയും ലക്ഷ്യമിടുന്നു.

  7. ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോര്‍ഡ് തുക മുടക്കി ചെല്‍സി; പ്രീമിയര്‍ലീഗില്‍ ലക്ഷ്യം നിരവധി

    Leave a Comment

    ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അവസാനിച്ചതോടെ കൂടുതല്‍ തുക മുടക്കിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സി. എട്ട് താരങ്ങളെയാണ് അടുത്തിടെ നീലപട സ്വന്തംകൂടാരത്തിലെത്തിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയില്‍ നിന്ന് അര്‍ജന്റീനന്‍ ലോകകപ്പ് ഹീറോ എന്‍സോ ഫെര്‍ണാണ്ടസിനെ സൈന്‍ ചെയ്യിപ്പിച്ചതാണ്. 121 മില്യണ്‍ യൂറോയാണ് യുവതാരത്തിനായി ചെല്‍സി മുടക്കിയത്.


    കൂടുതല്‍ താരങ്ങള്‍ എത്തിയതോടെ പ്രീമിയര്‍ ലീഗിലെ പത്താം സ്ഥാനത്തു നിന്ന് മുകളിലേക്ക് കയറാനാകുമെന്നാണ് മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയുടെ പ്രതീക്ഷ. ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി അവസാന ശ്രമം കൂടി നടത്തുക എന്നതാവും ചെല്‍സിയുടെ ഇനിയുള്ള ലക്ഷ്യം.

    അമേരിക്കയിലെ ടോഡി ബോഹ്ലി ചെല്‍സിയുടെ ഉടമയായതോടെ കഴിഞ്ഞ ട്രാന്‍സ്ഫര്‍ മുതല്‍ നിരവധി താരങ്ങളെയാണ് പുതുതായി ടീമിലെത്തിച്ചത്. പരിശീലകസ്ഥാനത്തുനിന്ന് ടോമസ് ടുഷേലിനെ മാറ്റി ഗ്രഹാം പോട്ടറിനെ എത്തിക്കുകയും ചെയ്തു. ഭാവിയിലേക്കുള്ള ടീം ലക്ഷ്യമിട്ട് കൂടുതല്‍ യുവതാരങ്ങളെയാണ് സൈന്‍ ചെയ്യിച്ചത്. ഈ സീസണിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന യൂറോപ്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡും ഇന്നലെ എന്‍സോയെ സ്വന്തമാക്കിയതിലൂടെ ചെല്‍സിക്ക് സ്വന്തമായി.

    ഈ സീസണില്‍ 280 മില്യണ്‍ ഡോളറാണ് കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചെല്‍സി ചെലവഴിച്ചത്. ആര്‍സനല്‍ ലക്ഷ്യംവച്ചിരുന്ന ഉക്രൈന്‍ താരം മൈക്കലോ മുഡ്രിച്ചിനെ 88 മില്യണ്‍ നല്‍കിയാണ് ടീമിലെടുത്തത്. 33 മില്യണ്‍ നല്‍കി ബെനോട്ട് ബഡിയാഷില്‍, ലോണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ജാവോ ഫെലിക്‌സ്, ബ്രസീല്‍ യുവതാരം ആന്‍ട്രോ സാന്റോസ്, ഐവറികോസ്റ്റ് യുവതാരം ഡേവിഡ് ഫൊഫാന, ചുകുമെക, ഒബമെയാംഗ്, ഫ്രാന്‍സ് മുന്നേറ്റതാരം എന്‍കുന്‍കു തുടങ്ങി ഒട്ടേറെ കളിക്കാരെയാണ് ടീമിലെത്തിച്ചത്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലും പ്രീമിയര്‍ലീഗിലും മികച്ച പ്രകടനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.


    മധ്യനിരയിലെ പ്രധാനതാരം ജോര്‍ജീന്യോയെയും മൊറോക്കോയുടെ ഹക്കിം സിയെച്ചിനേയും വില്‍ക്കുകയും ചെയ്തു. പ്രതിരോധതാരം ഫൊഫാന, റീല്‍ ജെയിംസ്, ചില്‍വെല്‍, എന്‍കോളോ കാന്റെ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ പരിക്ക്മൂലം പുറത്താണ്. ഇവര്‍കൂടിയെത്തുന്നതോടെ മികച്ച ബെഞ്ച് സ്‌ട്രൈംഗ്ത്തുള്ള ടീമായി ചെല്‍സി മാറും. നിലവില്‍ പോയന്റ് ടേബിളില്‍ ചെല്‍സി പത്താംസ്ഥാനത്താണ്. ഇരുപത് കളിയില്‍ എട്ട് ജയംമാത്രമാണ് സ്വന്തമാക്കാനായത്. അഞ്ച് കളി സമനിലയായപ്പോള്‍ ഏഴ് കളിയില്‍ പരാജയപ്പെട്ടു.


    മുന്‍ സീസണ്‍ അപേക്ഷിച്ച് ഗോളടിക്കുന്നതിലുംടീം പിന്നോക്കം പോയി. ഇതുവരെ 22 ഗോളുകള്‍മാത്രമാണ് നേടിയത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് നോക്കുകള്‍ ഇതു ശരാശരിയ്ക്കും താഴെയാണ്.മധ്യനിരയിലെ കരുത്ത് ചോര്‍ന്നതാണ് ഇംഗ്ലീഷ് ക്ലബിന് തിരിച്ചടിയായത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ വരവോടെ മു്‌ന്നേറ്റനിര ശക്തിപ്പെടുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍. ബെനഫിക്ക ജേഴ്‌സിയില്‍ കളിച്ച 29 മത്സരങ്ങളില്‍ നാലു ഗോളുകളും ഏഴ് അസിസ്റ്റുമാണ് എന്‍സോയുടെ പേരിലുള്ളത്. പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായും എന്‍സോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  8. ടീമിനെ ഒറ്റക്ക് നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഒരാള്‍ക്കേ കഴിയൂ; അഗ്യൂറോയുടെ പ്രിയതാരം ഇതാണ്

    Leave a Comment

    പ്രീമിയര്‍ലീഗ് സീസണ്‍ ആരംഭിച്ചതു മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി മിന്നും പ്രകടനമാണ് നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡ് നടത്തുന്നത്. പലപ്പോഴും ടീമിന്റെ വിജയശില്‍പിയാകാനും ചുരുങ്ങിയ മത്സരങ്ങള്‍ക്കുള്ളില്‍ യുവതാരത്തിനായി. എന്നാല്‍ താരത്തിന്റെ ഈ പ്രകടനമൊന്നും മതിയാകില്ല ലീഗ് മത്സരങ്ങള്‍ വിജയിക്കാനെന്നാണ് അര്‍ജന്റീനനയുടേയും മാഞ്ചസ്റ്റര്‍ സിറ്റിയുടേയും മുന്‍താരം സെര്‍ജിയോ അഗ്യൂറോ പറയുന്നത്.

    ഹാലന്‍ഡ് മാത്രം വിചാരിച്ചാല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ കഴിയില്ല എന്നാണ് അഗ്വേറോ പറയുന്നത്. അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഒറ്റയ്ക്ക് ഒരു ടീമിന് ലീഗ് കിരീടം നേടിക്കൊടുക്കല്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


    പ്രീമിയര്‍ ലീഗില്‍ അതിവേഗത്തില്‍ 20ഗോള്‍നേടുന്ന താരമായി ഇതിനകം റെക്കോര്‍ഡ് പുസ്തകത്തില്‍ ഹാലന്‍ഡ് ഇടംപിടിച്ചുകഴിഞ്ഞു. 19 മത്സരങ്ങളിലാണ് ഇതുവരെ കളിച്ചത്. 25 ഗോളുകളും മൂന്ന് അസിസ്റ്റുകളും ഇതിനകം നേടികഴിഞ്ഞു. എന്നാല്‍ പോയന്റ് ടേബിളില്‍ ആഴ്‌സനലിന് താഴെ രണ്ടാമതാണ് സിറ്റി. നിലവില്‍ 5 പോയിന്റിന്റെ വ്യക്തമായ ലീഡ് സിറ്റിക്കുമേല്‍ ആഴ്‌സണലിനുണ്ട്. ഒരു മത്സരം കുറച്ചാണ് ആഴ്‌സണല്‍ കളിച്ചിട്ടുള്ളത്. ലീഗിലേക്ക് തിരിച്ചുവരാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് മെസിയേയും ഹാലന്‍ഡിനേയും താരതമ്യപ്പെടുത്തി അഗ്യൂറോ രംഗത്തെത്തിയത്.


    അതേസമയം, 22 വയസ് പ്രായംമാത്രമുള്ള ഹാലന്‍ഡ് ഇതേ ഫോംതുടര്‍ന്നാല്‍ പലറെക്കോര്‍ഡുകളും കടപുഴകുമെന്നുറപ്പാണ്. ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നാണ് ഈസീസണില്‍ സിറ്റി താരത്തെ സൈന്‍ചെയ്യിച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ 4കളിയില്‍ നിന്ന് അഞ്ച് ഗോളും ഇഎഫ്എല്‍കപ്പില്‍ ഒരുഗോളും നേടിയിട്ടുണ്ട്. ദേശീയടീമില്‍ 23 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് സ്‌കോര്‍ചെയ്തിട്ടുള്ളത്.

  9. ടോട്ടനത്തെയും തോല്‍പിച്ച് പ്രീമിയര്‍ലീഗ് കിരീടത്തിലേക്കോ ഗണ്ണേഴ്‌സ്; കണക്കുകള്‍ പറയുന്നതിങ്ങനെ

    Leave a Comment

    2014ന് ശേഷം ടോട്ടന്‍ഹാമിന്റെ ഹോംഗ്രൗണ്ടില്‍ വിജയംകൈവരിക്കാനായത് ആഴ്‌സനലിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സീസണിലെ ഹോം, എവേമാച്ചില്‍ ആധികാരിക വിജയംനേടിയത് കണക്കുകളിലും ഗണ്ണേഴ്‌സിന് ആത്മവിശ്വാസംനല്‍കുന്നു.ടോട്ടനെത്തെ ഹോമിലും എവേയിലും തോല്‍പിച്ച സീസണില്‍ പ്രീമിയര്‍ലീഗ് കിരീടം നേടിയ ചരിത്രമുണ്ടെന്നതാണ് പ്രതീക്ഷനല്‍കുന്നത്.

    ഈ സീസണിലും കിരീടപോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് ആഴ്‌സനല്‍. രണ്ടാംസ്ഥാനത്തുള്ള സിറ്റിയേക്കാള്‍ എട്ട് പോയന്റ് വ്യത്യാസമാണ് ഗണ്ണേഴ്‌സിനുള്ളത്. 2003-04 സീസണിലാണ് അവസാനമായി കിരീടംനേടിയത്. ഒരുമത്സരം പോലും തോല്‍ക്കാതെയായിരുന്നു അന്നത്തെ തേരോട്ടം. ഈ സീസണില്‍ 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ ഇതുവരെ ഒരുമാച്ചില്‍മാത്രമാണ് എതിരാളികള്‍ക്ക് കീഴടക്കാനായത്.


    ഇന്നലെ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിനെ കീഴടക്കിയത്.ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാഡിന്റെ ഗോളിന് പുറമെ ടോട്ടനം ഹോട്‌സ്പര്‍ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിലൂടെ ആഴ്‌സണലും സെല്‍ഫ് ഗോളും നേടി. ഗോള്‍ സ്‌കോറര്‍ മാര്‍ട്ടിന്‍ ഒഡെഗാഡിനെ കൂടാതെ ഫോര്‍വേഡുകളായ ബുക്കയോ സാക്ക, എഡ്ഡി എന്‍കെറ്റിയ, ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്ഡേല്‍ എന്നിവരും മത്സരത്തില്‍ ആഴ്സണലിനായി മികച്ച പ്രകടനം നടത്തി. ഹാരി കെയിന്റെയടക്കം ഗോളെന്നുറപ്പിച്ച മികച്ച ഷോട്ടുകളാണ് ആരോണ്‍ റാംസി രക്ഷപ്പെടുത്തിയത്.


    മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ ആരാധകരുടെ മോശം പെരുമാറ്റവുമുണ്ടായി. പകരക്കാരനായി ഇറങ്ങിയ ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസണ്‍ ആഴ്സണല്‍ ഗോള്‍കീപ്പര്‍ റാംസ്ഡെയ്ലുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. മാച്ച് ഒഫീഷ്യലുകളും മറ്റ് ആഴ്സണല്‍ കളിക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ടോട്ടന്‍ഹാം ഹോട്സ്പര്‍ ആരാധകന്‍ ആരോണ്‍ റാംസ്‌ഡേലിനെ കൈയ്യേറ്റംചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി കളിക്കാരെ സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റുകയായിരുന്നു.

  10. അതി ദയനീയം ചെല്‍സി, വരുന്നവരും പോകുന്നവരുമെല്ലാം കൊട്ടുന്നു; ജാവോ ഫെലിക്‌സിന് അരങ്ങേറ്റത്തില്‍ ചുവപ്പ് കാര്‍ഡും വിലക്കും

    Leave a Comment

    പുതിയതാരങ്ങളെ ഉള്‍പ്പെടുത്തിയും ഫോര്‍മേഷനില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിയും പ്രീമിയര്‍ലീഗ് ഫുട്‌ബോളിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ചെല്‍സിയുടെ ശ്രമങ്ങളെല്ലാം പരാജയമാകുന്നു. ഓരോ മത്സരം കഴിയുത്തോറും തീര്‍ത്തും ദുര്‍ബലമായി മുന്‍ ചാമ്പ്യന്‍മാര്‍. ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങിയതോടെ ചെല്‍സി പോയന്റ് പട്ടികയില്‍ മുന്നോട്ട് വരാനുള്ള വഴികളടയുന്നു.


    അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞദിവസം മാത്രം ലോണില്‍ ടീമിലെത്തിച്ച യുവതാരം ജാവോ ഫെലിക്‌സിന് ആദ്യഇലവനില്‍ സ്ഥാനം നല്‍കിയെങ്കിലും മാറ്റംകൊണ്ടുവരാനായില്ല. ആദ്യകളിയില്‍തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങിയ ഫെലിക്‌സ് മൂന്ന് മത്സരങ്ങളില്‍ വിലക്കും നേരിട്ടു. വില്യനിലൂടെ 25ാം മിനിറ്റില്‍ ഫുള്‍ഹാം മുന്നിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ചെല്‍സി പ്രതിരോധതാരം കുലിബാലി സമനിലപിടിച്ചു. ഇതിനിടെ 58ാം മിനിറ്റില്‍ മാരകഫൗള്‍ ചെയ്ത ഫെലിക്‌സിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. ഫെലിക്‌സ് മടങ്ങിയതോടെ താളംതെറ്റിയ നീലപട രണ്ടാംഗോള്‍വഴങ്ങി മത്സരവും മൂന്ന് പോയന്റും നഷ്ടപ്പെടുത്തി. കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തുടരെ രണ്ട് മത്സരങ്ങളിലും ചെല്‍സി തോറ്റിരുന്നു. തുടര്‍തോല്‍വിയോടെ ചെല്‍സി പരിശീലകന്‍ ഗ്രഹാംപോട്ടറിന്റെ രാജിക്കായി മുറവിളിയുയര്‍ന്നിട്ടുണ്ട്.


    2006ന് ശേഷം ആദ്യമായാണ് ചെല്‍സി ഫുള്‍ഹാമിനെതിരെ തോല്‍ക്കുന്നത്. ജയത്തോടെ പോയന്റ് ടേബിളില്‍ 19 കളിയില്‍ ഒന്‍പത് ഗോളും നാല് സമനിലയും ആറുതോല്‍വിയുമായി 31 പോയന്റുമായി ഫുള്‍ഹാം ആറാംസ്ഥാനത്തേക്കുയര്‍ന്നു. 18 കളിയില്‍ ഏഴ് ജയവും നാല് സമനിലയും ഏഴ് തോല്‍വിയുമടക്കം 25 പോയന്റുള്ള ചെല്‍സി പത്താമതാണ്. ആഴ്‌സനലാണ് 44 പോയന്റുമായി ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ന്യൂകാസില്‍ മൂന്നാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാംസ്ഥാനത്തുംനില്‍ക്കുന്നു. ടോട്ടനമാണ് അഞ്ചാമത്.