Tag Archive: Chelsea

  1. ചെൽസിയുടെ ഉദയം പ്രീമിയർ ലീഗ് കാണും, മുന്നറിയിപ്പുമായി പെപ് ഗ്വാർഡിയോള

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്നത്. തങ്ങളുടെ മൈതാനത്ത് കളിക്കാനെത്തിയ കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളെ ഒട്ടും പേടിക്കാതെ കളിച്ച ചെൽസി യുവനിര മത്സരത്തിൽ സമനില നേടിയെടുത്തു. രണ്ടു ടീമുകളും ആക്രമണ ഫുട്ബോൾ കളിച്ച മത്സരത്തിൽ നാല് ഗോളുകൾ വീതമാണ് ടീമുകൾ നേടിയത്. ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ സമനിലഗോൾ പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

    മത്സരത്തിന് ശേഷം ചെൽസിയെ വളരെയധികം പ്രശംസിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള സംസാരിച്ചത്. ചെൽസി അപകടകാരികളായ ടീമാണെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഭാവിയിൽ അവർ കരുത്തുറ്റ ഒരു സംഘമായി മാറുമെന്നു പറഞ്ഞു. ലിവർപൂൾ, ആഴ്‌സണൽ ടീമുകൾക്കെതിരെ അവർ മികച്ച പ്രകടനം നടത്തിയതും സമനില നേടിയതും അതിന്റെ തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രീമിയർ ലീഗിലെ ശക്തികേന്ദ്രമാകാനുള്ള ചെൽസിയുടെ പദ്ധതികൾ ശരിയായ ദിശയിലാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

    അതേസമയം മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും പെപ് ഗ്വാർഡിയോള ഒട്ടും നിരാശനല്ല. ഇന്റർനാഷണൽ ബ്രേക്കിലേക്ക് ടീം പോകുന്നത് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായിട്ടാണെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാമ്പ്യൻസ് ലീഗിൽ ടീം പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത എതിരാളികൾ ലിവർപൂളാണ്.

    അതേസമയം ചെൽസിയുടെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ക്ലബ് ഇനി മുതൽ ശരിയായ ദിശയിലൂടെ മുന്നോട്ടു പോയി പഴയ പ്രതാപം തിരിച്ചെടുക്കുമെന്ന് ഏവരും കരുതുന്നു. യുവതാരങ്ങളുടെ പരിചയക്കുറവ് ചില മത്സരങ്ങളിൽ തിരിച്ചടി നൽകാറുണ്ടെങ്കിലും അടുത്ത സീസണാകുമ്പോഴേക്കും മികച്ചൊരു സ്‌ക്വാഡായി അവരെ പോച്ചട്ടിനോ മാറ്റിയെടുക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

  2. ക്വാർട്ടുവക്കൊത്ത പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്, ട്രാൻസ്‌ഫർ പ്രഖ്യാപിച്ചു

    Leave a Comment

    സീസൺ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പരിക്കേറ്റു പുറത്തായ ബെൽജിയൻ ഗോൾകീപ്പർ തിബോ ക്വാർട്ടുവക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. ചെൽസിയുടെ സ്‌പാനിഷ്‌ ഗോൾകീപ്പറായ കെപ്പ അരിസബലാഗയെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. താരത്തെ ലോണിൽ ടീമിലെത്തിച്ച വിവരം റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

    സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ക്വാർട്ടുവക്ക് പരിക്കേറ്റത്. അതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ താരത്തിന് ഏപ്രിൽ വരെ പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബെൽജിയൻ താരമെന്നിരിക്കെയാണ് അതിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താൻ ക്ലബ് ശ്രമം നടത്തിയത്.

    സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ക്ലബിൽ നിന്നും 2018ൽ റെക്കോർഡ് ട്രാൻസ്‌ഫറിലാണ് കേപ്പ ചെൽസിയിലേക്ക് ചേക്കേറിയത്. എന്നാൽ തന്റെ മൂല്യത്തിന് അനുസരിച്ചുള്ള പ്രകടനം ചെൽസിയിൽ നടത്താൻ താരത്തിന് കഴിഞ്ഞില്ല. താരത്തിന്റെ മോശം പ്രകടനം കാരണം സ്വന്തമാക്കിയ മെൻഡി പിന്നീട് ടീമിലെ പ്രധാന ഗോൾകീപ്പറായി ഉയർന്നു വരികയും ചെയ്‌തിരുന്നു. എന്നാൽ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നേട്ടങ്ങൾ കെപ്പ സ്വന്തമാക്കിയിട്ടുണ്ട്.

    സ്പൈനിലേക്ക് തിരിച്ചുവരുന്നത് കെപ്പയെ സംബന്ധിച്ച് കരിയറിൽ വീണ്ടും ഉയർച്ചയുണ്ടാക്കാനുള്ള അവസരം കൂടിയാണ്. റയൽ മാഡ്രിഡിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ താരത്തിനത് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത വർഷം യൂറോ കപ്പ് നടക്കാനിരിക്കെ സ്പെയിൻ ദേശീയ ടീമിലെ പ്രധാന കീപ്പറായി മാറാനും കെപ്പയെ ഈ നീക്കം സഹായിക്കും.

  3. വേണ്ടത് പിഎസ്‌ജി വിടാൻ തയ്യാറാണെന്ന വാക്കു മാത്രം, നെയ്‌മറെ റാഞ്ചാൻ തയ്യാറെടുത്ത് പ്രീമിയർ ലീഗ് ക്ലബ്

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള പ്രധാന താരങ്ങളിൽ ഒരാളാണ് നെയ്‌മർ. 2017 മുതൽ പിഎസ്‌ജി താരാമാണെങ്കിലും ക്ലബുമായി അത്ര സുഖത്തിലല്ലായിരുന്നു നെയ്‌മർ. കഴിഞ്ഞ സീസണിൽ ആരാധകർ വീടിനു മുന്നിൽ പ്രകടനം നടത്തിയതോടെ പിഎസ്‌ജി വിടാനുള്ള പദ്ധതിയിലാണ് നെയ്‌മർ. ബ്രസീലിയൻ താരത്തെ ഒഴിവാക്കാൻ തന്നെയാണ് പിഎസ്‌ജിക്കും താൽപര്യം.

    എന്നാൽ പിഎസ്‌ജി പരിശീലകനായി മുൻ ബാഴ്‌സലോണ മാനേജർ ലൂയിസ് എൻറിക് എത്തിയതും എംബാപ്പെ കരാർ പുതുക്കാതെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ സാധ്യതയുള്ളതും നെയ്‌മറുടെ പിഎസ്‌ജിയിലെ നാളുകൾ നീട്ടാൻ സഹായിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ബ്രസീലിയൻ താരമോ ക്ലബോ തീരുമാനമൊന്നും എടുത്തിട്ടില്ല. ട്രെയിനിങ് ആരംഭിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

    അതിനിടയിൽ നെയ്‌മറെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി സജീവമാക്കിയിട്ടുണ്ട്. താരം പിഎസ്‌ജി വിടുകയാണെങ്കിൽ ഉടനെ തന്നെ ചെൽസിയിലേക്ക് എത്തിക്കാനല്ല നീക്കങ്ങൾ നടത്താമെന്നാണ് അവർ കരുതുന്നത്. പിഎസ്‌ജിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്താൽ താരത്തിനായുള്ള നീക്കങ്ങളും ചെൽസി ആരംഭിക്കും.

    ചെൽസിയുടെ പുതിയ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ പിഎസ്‌ജിയിൽ നെയ്‌മറെ പരിശീലിപ്പിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്ത് താരത്തെ ടീമിലെത്തിക്കാമെന്നാണ് അവർ കണക്കു കൂട്ടുന്നത്. എന്നാൽ വരുന്ന സീസണിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെന്നത് ട്രാൻസ്‌ഫർ നീക്കങ്ങളിൽ തിരിച്ചടിയായി മാറാനുള്ള സാധ്യതയുണ്ട്.

  4. അർജന്റീന താരത്തെ ടീമിലെത്തിക്കാൻ ബ്രസീലിന്റെ വല്യേട്ടൻ രംഗത്ത്, നീക്കങ്ങൾ ആരംഭിച്ചു

    Leave a Comment

    കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകം മുതൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ നടക്കുന്നത്. നിരവധി വമ്പൻ സൈനിംഗുകൾ കഴിഞ്ഞ രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിൽ അവർ നടത്തി. അതിനു ശേഷം താരങ്ങളെ ഒഴിവാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ടീമിലെ പ്രധാനികളായ പല താരങ്ങളും മറ്റു ക്ളബുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.

    പുതിയ പരിശീലകനായ പോച്ചട്ടിനോയുടെ നിർദ്ദേശപ്രകാരം ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കുന്നതിനു പുറമെ പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കാനും ചെൽസി ശ്രമം നടത്തുന്നുണ്ട്. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ പ്രധാന ലക്ഷ്യമായ താരം ഇറ്റാലിയൻ ക്ലബായ റോമയിൽ കളിക്കുന്ന അർജന്റീന താരം ഡിബാലയാണ്. താരത്തെ ടീമിലെത്തിക്കാൻ പോച്ചട്ടിനോക്ക് വലിയ താൽപര്യമുണ്ട്.

    കഴിഞ്ഞ ദിവസം ബ്രസീലിന്റെ പ്രതിരോധതാരമായ തിയാഗോ സിൽവ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ചെൽസി താരമായ സിൽവ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സിൽ വെച്ച് ഡിബാലയെ കണ്ടിരുന്നു. ചെൽസിയിലേക്ക് വരുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡിബാലയോട് അന്വേഷണം നടത്തിയെന്നും എന്നാൽ താരം മറുപടി ഒന്നും നൽകിയില്ലെന്നുമാണ് സിൽവ പറഞ്ഞത്. താരം വന്നാൽ അത് ക്ലബിന് നേട്ടമാകുമെന്നും സിൽവ പറഞ്ഞു.

    കഴിഞ്ഞ ലോകകപ്പിൽ അർജന്റീനക്കൊപ്പം കിരീടം സ്വന്തമാക്കിയ ഡിബാല ക്ലബ് തലത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. റോമയെ യൂറോപ്പ ലീഗ് ഫൈനലിലെത്തിക്കാൻ താരം പങ്കു വഹിച്ചിരുന്നു. റോമ ആരാധകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും ഡിബാല ക്ലബിനൊപ്പം തുടരുമെന്ന കാര്യത്തിൽ ഉറപ്പില്ല. പന്ത്രണ്ടു മില്യൺ യൂറോ മാത്രമാണ് റിലീസ് ക്ലോസെന്നത് താരത്തെ വാങ്ങാൻ വരുന്ന ക്ളബുകൾക്കും അനുകൂലമായ ഘടകമാണ്.

  5. പണമല്ല തനിക്ക് പ്രധാനം, സൗദി ക്ലബിന്റെ വമ്പൻ ഓഫർ നിരസിച്ച് ഡിബാല

    Leave a Comment

    പരിക്കിന്റെ പ്രശ്‌നങ്ങൾ വലച്ചിരുന്നെങ്കിലും അർജന്റീന താരമായ ദിബാലയെ സംബന്ധിച്ച് മികച്ച സീസണായിരുന്നു കടന്നു പോയത്. ക്ലബിനൊപ്പം കിരീടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്പ ലീഗ് ഫൈനലിലേക്ക് ടീമിനെ നയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടുന്നതിൽ പ്രധാന പങ്കു വഹിക്കാനും താരത്തിന് കഴിഞ്ഞു.

    റോമ ആരാധകരുടെ മനസ് കവരാൻ ഡിബാലക്ക് കഴിഞ്ഞെങ്കിലും അടുത്ത സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വെറും പന്ത്രണ്ടു മില്യൺ യൂറോയാണ് താരത്തിന്റെ റിലീസിംഗ് ക്ലോസ്. ഡിബാലയുമായി ധാരണയിൽ എത്തിയാൽ ഏതു ക്ലബിനും ഈ തുക നൽകി അർജന്റീന താരത്തെ സ്വന്തമാക്കാൻ കഴിയും.

    അതിനിടയിൽ ഡിബാലയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ശ്രമം നടത്തിയിരുന്നു. റിലീസിംഗ് ക്ലോസായ കുറഞ്ഞ തുക നൽകി താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് അൽ ഹിലാൽ നടത്തിയത്. എന്നാൽ ഡിബാല ഈ നീക്കം വേണ്ടെന്നു വെക്കുകയായിരുന്നു. യൂറോപ്പിൽ തന്നെ തുടരാനാണ് അർജന്റീന താരത്തിന് താൽപര്യം.

    അതിനിടയിൽ അർജന്റീന താരത്തെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അർജന്റൈൻ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോക്ക് താരത്തെ ടീമിലെത്തിക്കാൻ വലിയ താൽപര്യമുണ്ട്. എന്നാൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലെന്നതിനാൽ ഈ ഓഫറിനെ ഡിബാല പരിഗണിക്കുമോയെന്നു തീർച്ചയില്ല.

  6. സിയച്ചിന്റെ അൽ നസ്ർ ട്രാൻസ്‌ഫർ കുളമായി, നഷ്‌ടം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും

    Leave a Comment

    മൊറോക്കൻ താരമായ ഹക്കിം സിയച്ചിന്റെ ട്രാൻസ്‌ഫർ ഡീലിൽ അപ്രതീക്ഷിത തിരിച്ചടി. ചെൽസിയിൽ നിന്നും സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയായെങ്കിലും മെഡിക്കൽ പരിശോധനയിൽ താരത്തിന് പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രാന്സ്ഫർ നീക്കങ്ങളിൽ അൽ നസ്ർ ക്ലബിന് സംശയമുള്ളത്.

    ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതു കൊണ്ടും പുതിയ താരങ്ങളെ അവർ സ്വന്തമാക്കിയതിനെ തുടർന്നുമാണ് ഹക്കിം സിയാച്ചിനെ അവർ വിൽക്കാനുള്ള തീരുമാനമെടുത്തത്. ചെൽസിയിൽ നിന്നും അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫറിനു താരത്തിന് പൂർണ സമ്മതവുമായിരുന്നു. എന്നാൽ മുട്ടുകാലിനു പരിക്കിന്റെ പ്രശ്‌നങ്ങൾ ഉള്ളതിനാൽ അൽ നസ്ർ ട്രാൻസ്‌ഫർ നീക്കങ്ങളിൽ സംശയിച്ചു നിൽക്കുകയാണ്.

    സിയാച്ചിന്റെ അൽ നസ്ർ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത കുറവാണെന്നു തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു മുൻപ് നടത്തിയ മെഡിക്കൽ പരിശോധനയിലും സമാനമായ കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ അത് കാര്യമാക്കാതെ പിഎസ്‌ജി ട്രാൻസ്‌ഫർ നീക്കങ്ങളുമായി മുന്നോട്ടു പോയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ അവിടെയും തടസം നിന്നു.

    സിയാച്ചിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ നടക്കാതെ വന്നത് അൽ നസ്‌റിന്റെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും വലിയ തിരിച്ചടിയാണ്. മുന്നേറ്റനിരയിൽ അവസരങ്ങൾ ഒരുക്കാൻ കഴിവുള്ള താരമായ സിയച്ച് ഗോളവസരങ്ങൾ സൃഷ്‌ടിക്കാൻ മിടുക്കനാണ്. ഗോളുകൾ അടിച്ചു കൂട്ടാൻ തന്നെ സഹായിക്കുന്ന ഒരു താരത്തിന്റെ അഭാവം റൊണാൾഡോക്ക് വീണ്ടും നേരിടേണ്ടി വരുമെന്നുറപ്പാണ്.

  7. റൊണാൾഡോക്ക് അവസരങ്ങൾ ഒരുക്കി നൽകാൻ വമ്പൻ സൈനിങ്‌ നടത്തി അൽ നസ്ർ

    Leave a Comment

    സൗദി അറേബ്യൻ ക്ലബുകൾ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങളെ ഒന്നൊന്നായി ടീമിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഖത്തർ ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയതോടെയാണ് ഇതിനു തുടക്കമായത്. റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയപ്പോൾ സീസൺ കഴിഞ്ഞതോടെ അൽ ഇത്തിഹാദ് കരിം ബെൻസിമയെയും സ്വന്തമാക്കി.

    ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവസരങ്ങൾ ഒരുക്കി നൽകാൻ മറ്റൊരു വമ്പൻ സൈനിങ്‌ നടത്താൻ അൽ നസ്ർ ഒരുങ്ങുകയാണ്. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ മൊറോക്കൻ താരമായ ഹക്കിം സിയച്ചുമായി അൽ നസ്ർ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. 2026 വരെയാണ് താരവുമായി കരാർ ധാരണയിൽ എത്തിയിട്ടുള്ളത്.

    അയാക്‌സിൽ നിന്നുമാണ് ഹക്കിം സിയച്ച് ചെൽസിയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. ആകെ ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച താരം അതിൽ അധികമത്സരത്തിലും പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ഇതാണ് മൊറോക്കൻ താരം ചെൽസി വിടാനുള്ള തീരുമാനമെടുക്കാൻ കാരണമായത്. ജനുവരിയിൽ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള അവസരം താരത്തിന് ഉണ്ടായിരുന്നെങ്കിലും ട്രാൻസ്‌ഫർ നീക്കങ്ങൾ പൂർത്തിയായില്ല.

    എട്ടു മില്യൺ യൂറോയാണ് സിയച്ചിനായി അൽ നസ്ർ മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. അവസരങ്ങൾ ഒരുക്കി നൽകാനും ക്രോസുകൾ നൽകാനും കഴിയുന്ന മികച്ച പ്ലേ മേക്കർമാരിൽ ഒരാളായ മൊറോക്കൻ താരത്തിന്റെ സാന്നിധ്യം അൽ നസ്റിന് കരുത്താണ്. അടുത്ത സീസണിൽ റൊണാൾഡോക്ക് കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടാനും കിരീടങ്ങൾ നേടാനും താരം സഹായിക്കുമെന്നാണ് കരുതേണ്ടത്.

  8. റയൽ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമാകില്ല, എംബാപ്പക്കു വേണ്ടി വെല്ലുവിളിയുയർത്താൻ ക്ലബുകൾ രംഗത്ത്

    Leave a Comment

    അടുത്ത സീസണിനു ശേഷം പിഎസ്‌ജി കരാർ അവസാനിക്കുന്നതോടെ അത് പുതുക്കാനില്ലെന്ന് കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വർഷങ്ങളായി ക്ലബിനൊപ്പം തുടരുന്ന താരത്തിന്റെ ഈ തീരുമാനത്തോടെ ഈ സീസണിൽ തന്നെ എംബാപ്പയേ വിൽക്കേണ്ടി വരുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്‌ടമാകും.

    എംബാപ്പയുടെ ഈ തീരുമാനം റയൽ മാഡ്രിഡിനാണ് കൂടുതൽ ഗുണകരമാകുന്നത്. കരിം ബെൻസിമ  അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനു പകരക്കാരനായി എംബാപ്പയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. എംബാപ്പെക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നേരത്തെ മുതൽ തന്നെ ആഗ്രഹമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

    എന്നാൽ റയൽ മാഡ്രിഡിന് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിലെ സൂചനകൾ പ്രകാരം റയൽ മാഡ്രിഡ് മാത്രമല്ല ഫ്രഞ്ച് താരത്തിനായി രംഗത്തുള്ളത്. പ്രീമിയർ ലീഗ് ക്ലബുകളാണ് എംബാപ്പെക്ക് വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ക്ളബുകളാണ് നിലവിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

    എംബാപ്പയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയാണെന്നതാണെന്ന് മുൻപ് തന്നെ വ്യക്തമാക്കിയത് റയൽ മാഡ്രിഡിന് അനുകൂലമായ ഘടകമാണ്. എന്നാൽ നേരത്തെ റയൽ മാഡ്രിഡിനെ തഴഞ്ഞതിന്റെ പേരിൽ  എംബാപ്പക്ക് ആരാധകരിൽ നിന്നും പ്രതിഷേധം ഉണ്ടായിരുന്നു. അത് വീണ്ടും ഉയർന്നു വരികയാണെങ്കിൽ മറ്റു ക്ളബുകളെ താരം പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

  9. ചെൽസിയുടെ ദുരവസ്ഥക്ക് അവസാനമില്ല, തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

    Leave a Comment

    വമ്പൻ താരങ്ങളെ സ്വന്തമാക്കുകയും നിരവധി പരിശീലകരെ മാറ്റി നിയമിക്കുകയും ചെയ്‌തിട്ടും ഈ സീസണിൽ ചെൽസിയുടെ ദുരവസ്ഥക്ക് അവസാനമില്ല. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. ഇതോടെ കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത്.

    ജനുവരിയിൽ വമ്പൻ തുക മുടക്കി ടീമിലെത്തിച്ച മുഡ്രിച്ച് മികച്ചൊരു അവസരം തുലച്ചതിനു പിന്നാലെ കസമീറോയുടെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തുക. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് താരം ഗോൾ കണ്ടെത്തുന്നത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സാഞ്ചോയുടെ അസിസ്റ്റിൽ ആന്റണി മാർഷ്യൽ ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നില ഭദ്രമാക്കി.

    രണ്ടാം പകുതിയിൽ എഴുപത്തിമൂന്നാം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമത്തെ ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ ഗോൾ കുറിച്ചതിനു പിന്നാലെ അഞ്ചു മിനുട്ടിനു ശേഷം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർമാരിൽ ഒരാളായ മാർക്കസ് റാഷ്‌ഫോഡ് ടീമിന്റെ ലീഗ് വീണ്ടുമുയർത്തി. ചെൽസിയുടെ ആശ്വാസഗോൾ ജനുവരിയിൽ ലോണിൽ ടീമിലെത്തിയ ജോവോ ഫെലിക്‌സിന്റെ വകയായിരുന്നു.

    ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലത്തെ വിജയത്തോടെ അത് നേടിയെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഇല്ലാതാവുകയും ചെയ്തു. അതേസമയം തോൽവിയോടെ പന്ത്രണ്ടാം സ്ഥാനത്താണ് ചെൽസി നിൽക്കുന്നത്.

  10. ചെൽസി പരിശീലകനായതിനു പിന്നാലെ മൂന്ന് അർജന്റീന താരങ്ങളെ ടീമിലെത്തിക്കാൻ പോച്ചട്ടിനോ

    Leave a Comment

    വമ്പൻ സൈനിംഗുകൾ നിരവധി നടത്തിയിട്ടും പരിശീലകരെ മാറിമാറി പരീക്ഷിച്ചു നോക്കിയിട്ടും ഈ സീസണിൽ ചെൽസി തകർന്നടിഞ്ഞു പോവുകയാണുണ്ടായത്. നിലവിൽ പോയിന്റ് ടേബിളിൽ ആദ്യപത്ത് സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ പോലും ചെൽസിക്കില്ല. ഈ സാഹചര്യങ്ങളെ മറികടന്ന് അടുത്ത സീസണിൽ മികച്ചൊരു ടീമിനെ സൃഷ്‌ടിക്കാനാണ് അർജന്റൈൻ പരിശീലകൻ പോച്ചട്ടിനോയെ നിയമിച്ചിരിക്കുന്നത്.

    ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്ത പോച്ചട്ടിനോയുടെ ആദ്യത്തെ ജോലി ടീമിൽ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കുകയെന്നതാണ്. നിരവധി കളിക്കാരെ വാങ്ങിയ ചെൽസി അതിനൊപ്പം ഒഴിവാക്കലുകൾ നടത്തിയിട്ടില്ല. അതു ടീമിന് ഒട്ടും സന്തുലിതാവസ്ഥ ഇല്ലാത്ത സാഹചര്യം സൃഷ്‌ടിച്ചിട്ടുണ്ട്. അത് പരിഹരിച്ചാൽ മാത്രമേ തന്റെ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ പോച്ചട്ടിനോക്ക് കഴിയുകയുള്ളൂ.

    അതേസമയം അടുത്ത സീസണിൽ ടീമിലേക്ക് പുതിയ മൂന്നു താരങ്ങളെ എത്തിക്കാൻ പരിശീലകനായ പോച്ചട്ടിനോക്ക് താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീന താരങ്ങളായ ലൗടാരോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, മാക് അലിസ്റ്റർ എന്നിവരെ എത്തിക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്. നിലവിൽ മറ്റൊരു അർജന്റീന താരമായ എൻസോ ഫെർണാണ്ടസ് ടീമിലുണ്ട് ഇവർ നാല് പേരും ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടാൻ പങ്കു വഹിച്ച താരങ്ങളാണ്.

    പണം വാരിയെറിയാൻ യാതൊരു മടിയുമില്ലാത്ത ചെൽസിക്ക് ഈ താരങ്ങളെ സ്വന്തമാക്കാൻ ഒരു മടിയുമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇല്ലെന്നത് ക്ലബിന് തിരിച്ചടിയാണ്. ഈ താരങ്ങളെല്ലാം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ അടുത്ത സീസണിലും ആഗ്രഹിക്കുന്നുണ്ടാകും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നതിനിടെ അരികിലാണ് ലൗടാരോ. എമിലിയാനോയും യൂറോപ്യൻ കിരീടത്തിനായി പോരാടാനാണ് ആഗ്രഹിക്കുന്നത്. അതേസമയം മാക് അലിസ്റ്റർ ലിവർപൂളിൽ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.