Tag Archive: Brazil

  1. ബ്രസീലിയൻ സുൽത്താന്റെ കോപ്പ അമേരിക്ക മോഹം പൊലിയുന്നു, നെയ്‌മർ ടൂർണമെന്റ് കളിച്ചേക്കില്ല

    Leave a Comment

    ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്‌മർ ജൂനിയർ കളിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മർ ടൂർണമെന്റിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് ബ്രസീലിൽ നിന്നുള്ള വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്.

    നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്‌മർ ജൂനിയർ. അവർക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം പരിക്കിൽ നിന്നും പൂർണമായി മുക്തനാവാൻ ജൂലൈ ആകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ താരത്തിന് ടൂർണമെന്റ് നഷ്‌ടമാകും.

    കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നെയ്‌മർക്ക് വലിയ തിരിച്ചടി തന്നെയാണ്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ഇനിയൊരു കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ഇതുവരെ കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ലാത്ത നെയ്‌മർക്ക് ഇത് അവസാന അവസരമാണ്. അപ്പോഴാണ് പരിക്കിന്റെ ഭീഷണി വിടാതെ പിന്തുടരുന്നത്.

    ഇതിനു മുൻപ് 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റ് പരിക്ക് കാരണം നെയ്‌മർക്ക് നഷ്‌ടമായിരുന്നു. ആ കിരീടം ബ്രസീൽ സ്വന്തമാക്കുകയുമുണ്ടായി. ദേശീയ ടീമിനൊപ്പം വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ കഴിയാത്ത നെയ്‌മർക്ക് അതിനുള്ള അവസരമായിരുന്നു കോപ്പ അമേരിക്ക. എന്നാൽ പ്രതിഭയുള്ള താരത്തിനെ നിർഭാഗ്യം വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്.

  2. അർജന്റീനയോട് വീണ്ടും നാണംകെട്ട് ബ്രസീൽ, നിലവിലെ ചാമ്പ്യന്മാർ ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്ത്

    Leave a Comment

    ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അവസാനത്തെയും നിർണായകവുമായ പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒളിമ്പിക്‌സിന് യോഗ്യത നേടാൻ രണ്ടു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന വിജയം നേടിയതോടെ ബ്രസീൽ പുറത്താവുകയും അർജന്റീന യോഗ്യത നേടുകയും ചെയ്‌തു.

    ബ്രസീലിനെ സംബന്ധിച്ച് ഒരു സമനില നേടിയിരുന്നെങ്കിൽ ഒളിമ്പിക്‌സിന് യോഗ്യത ലഭിക്കുമായിരുന്നു എന്നിരിക്കെയാണ് അവർ അർജന്റീനയോട് തോൽവി വഴങ്ങി പുറത്തായത്. എഴുപത്തിയേഴാം മിനുട്ടിൽ ബാർക്കോ നൽകിയ ക്രോസിൽ നിന്നും ഹെഡറിലൂടെ ലൂസിയാണോ ഗോണ്ടോയാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്.

    മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ബ്രസീൽ പ്രതിരോധം അവരെ തടഞ്ഞു നിർത്തി. അൽമാഡയുടെ ഒരു ഷോട്ട് ആദ്യപകുതിയിൽ പോസ്റ്റിലടിച്ച് പുറത്തു പോയിരുന്നു. രണ്ടാം പകുതിയിൽ ബ്രസീലിനു ലഭിച്ച അവസരം അർജന്റീന കീപ്പറും രക്ഷപ്പെടുത്തി. അതിനു പിന്നാലെയാണ് അർജന്റീനയുടെ വിജയഗോൾ ഗോണ്ടോ നേടിയത്.

    ബ്രസീലിന്റെ ഭാവിതാരമായ എൻഡ്രിക്ക് മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പാരഗ്വായും രണ്ടാം സ്ഥാനക്കാരായി അർജന്റീനയും യോഗ്യത നേടിയപ്പോൾ ബ്രസീൽ മൂന്നാം സ്ഥാനക്കാരായി പുറത്തായി. ലോകകപ്പ് യോഗ്യത മത്സരം, അണ്ടർ 17 ലോകകപ്പ് എന്നിവയിൽ അർജന്റീനയോട് കീഴടങ്ങിയതിനു പിന്നാലെയാണ് ബ്രസീൽ ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിലും അർജന്റീനയോട് തോൽവി വഴങ്ങിയത്.

  3. ഒളിമ്പിക്‌സിന് അർജന്റീനയോ ബ്രസീലോ ഉണ്ടാകില്ല, വിധി നിർണയിക്കാനുള്ള പോരാട്ടത്തിൽ ഇരുവരും മുഖാമുഖം

    Leave a Comment

    ലാറ്റിനമേരിക്കയിൽ നിന്നും ഒളിമ്പിക്‌സ് യോഗ്യതക്ക് വേണ്ടിയുള്ള മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി ഒരു റൌണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോട്ടോഫിനിഷിംഗിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സൗത്ത് അമേരിക്കയിലെ ഏറ്റവും കരുത്തരായ ടീമുകളായി വിലയിരുത്തപ്പെടുന്ന അർജന്റീന, ബ്രസീൽ എന്നീ ടീമുകളിലൊന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടില്ലെന്നുറപ്പായിട്ടുണ്ട്.

    യോഗ്യതക്ക് വേണ്ടിയുള്ള ഫൈനൽ സ്റ്റേജ് ഗ്രൂപ്പിൽ നാല് ടീമുകൾ രണ്ടു വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാല് പോയിന്റുമായി പാരഗ്വായും മൂന്നു പോയിന്റുമായി ബ്രസീലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. രണ്ടു പോയിന്റുള്ള അർജന്റീന മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രം നേടിയ വെനസ്വല നാലാം സ്ഥാനത്തുമാണ്.

    അവസാനത്തെ റൗണ്ടിൽ ബ്രസീൽ അർജന്റീനയെയും പാരഗ്വായ് വെനസ്വലയെയും നേരിടും. ബ്രസീലിനോട് തോൽവി വഴങ്ങിയാലും സമനില വഴങ്ങിയാലും അർജന്റീന ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്താകും. ബ്രസീലിനെ സംബന്ധിച്ച് വിജയവും സമനിലയും യോഗ്യത നേടാനുള്ള അവസരമൊരുക്കും. എന്നാൽ സമനില നേടിയാൽ അതിനു പാരഗ്വായ്-വെനസ്വല മത്സരത്തിന്റെ ഫലവും മുന്നേറുന്നതിൽ നിർണായകമായിരിക്കും.

    അടുത്ത മത്സരത്തിൽ സമനില നേടിയാൽ ബ്രസീലിനു നാല് പോയിന്റും അർജന്റീനക്ക് മൂന്നു പോയിന്റുമാകും. പാരഗ്വായ്-വെനസ്വല മത്സരത്തിൽ പാരഗ്വായ് വിജയം നേടുകയോ, മത്സരം സമനിലയിൽ അവസാനിക്കുകയോ ചെയ്‌താൽ പാരഗ്വായ് ഒന്നാം സ്ഥാനക്കാരായും ബ്രസീൽ രണ്ടാം സ്ഥാനക്കാരായും മുന്നേറും. അതേസമയം വെനസ്വല വിജയിച്ചാൽ ബ്രസീലിനും വെനസ്വലക്കും ഒരേ പോയിന്റാകുമെന്നതിനാൽ ഗോൾ വ്യത്യാസം പരിഗണിക്കപ്പെടും.

    ബ്രസീലിനു വിജയവും സമനിലയും സാധ്യത നൽകുമ്പോൾ അർജന്റീനക്ക് മുന്നേറാൻ വിജയം കൂടിയേ തീരൂ. അതല്ലെങ്കിൽ അവർ ബ്രസീലിനു പിന്നിലാകും പോയിന്റ് ടേബിളിൽ ഉണ്ടാവുക. അതുകൊണ്ടു തന്നെ മികച്ചൊരു പോരാട്ടം അവസാന മത്സരത്തിൽ പ്രതീക്ഷിക്കാം. എല്ലാ ടീമുകൾക്കും മുന്നേറാൻ അവസരമുണ്ടെന്നതാണ് അവസാന റൗണ്ടിനെ ആവേശകരമാക്കുന്നത്.

  4. താൽക്കാലിക പരിശീലകനെയും പുറത്താക്കി ബ്രസീൽ, പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉടനെയുണ്ടാകും

    Leave a Comment

    ബ്രസീൽ ഫുട്ബോൾ ടീം വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. 2002നു ശേഷം ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്നെ ഖത്തർ ലോകകപ്പിന് ശേഷം ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. അതിനെത്തുടർന്നാണ് കാർലോ ആൻസലോട്ടിയെ എത്തിച്ച് ടീമിന് പുതിയൊരു കരുത്ത് നൽകാനുള്ള ശ്രമം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തിയത്.

    എന്നാൽ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ പരിശീലകനു ചുമതല നൽകാൻ അവർ ഒരുങ്ങുന്നു. അതിനു മുന്നോടിയായി ബ്രസീൽ ഫുട്ബോൾ ടീമിന്റെ താൽക്കാലിക പരിശീലകനായിരുന്ന ഫെർണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം അവർ പുറത്താക്കിയിരുന്നു.

    ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലിന്റെ ചുമതല ഏറ്റെടുത്ത രണ്ടാമത്തെ താൽക്കാലിക പരിശീലകനായിരുന്നു ഫെർണാണ്ടോ ഡിനിസ്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെയും ദേശീയ ടീമിനെയും അദ്ദേഹം ഒരുമിച്ചാണ് പരിശീലിപ്പിച്ചിരുന്നത്. ഫ്ലുമിനൻസ് കോപ്പ ലിബർട്ടഡോഡ് കിരീടം നേടുകയും ക്ലബ് ലോകകപ്പ് ഫൈനൽ കളിക്കുകയും ചെയ്‌തെങ്കിലും ബ്രസീൽ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു.

    ആറു മത്സരങ്ങളിൽ ബ്രസീലിനെ നയിച്ച അദ്ദേഹത്തിന് കീഴിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ടീം വിജയം നേടിയത്. മൂന്നു മത്സരങ്ങളിൽ തോറ്റ ടീം ഒരെണ്ണത്തിൽ സമനില വഴങ്ങി. നിലവിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്താണ് ബ്രസീൽ. അതാണ് കോപ്പ അമേരിക്ക വരാനിരിക്കെ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചത്.

    റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകനെ ബ്രസീൽ കണ്ടെത്തിയിട്ടുണ്ട്. സാവോ പോളോ പരിശീലകനായ ഡോറിവാൽ ജൂനിയറാണ് അടുത്ത പരിശീലകനാവുകയെന്നാണ് റിപ്പോർട്ടുകൾ. അറുപത്തിയൊന്നു വയസുള്ള അദ്ദേഹം നിരവധി ബ്രസീലിയൻ ക്ലബുകൾക്കൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്.

  5. കോപ്പ അമേരിക്കയിൽ ബ്രസീലിനു മരണഗ്രൂപ്പ്, അർജന്റീനക്ക് പകരം വീട്ടാൻ അവസരം

    Leave a Comment

    കോപ്പ അമേരിക്ക 2024ലെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്ന് പുലർച്ചെ പൂർത്തിയായപ്പോൾ ബ്രസീൽ മരണഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് രണ്ടു തവണ അവരെ ഫൈനലിൽ കീഴടക്കിയ ചിലിയുടെ വെല്ലുവിളി അതിജീവിക്കേണ്ടി വരും. ജൂൺ ഇരുപതിന്‌ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യത്തെ മത്സരത്തിൽ അർജന്റീനയാണ് ഇറങ്ങുക.

    ഗ്രൂപ്പ് എയിൽ അർജന്റീനയുടെ എതിരാളികൾ ഒന്ന് ചിലിയാണ്. നിലവിൽ ചിലി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ഇവർക്ക് പുറമെ ലോകകപ്പ് യോഗ്യത റൗണ്ടിൽ അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന പെറുവും ചേരുന്നു. കാനഡ അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ ടീമുകളിലൊന്ന് ഈ ഗ്രൂപ്പിൽ ചേരും. ഇതിൽ കാനഡ നിരവധി മികച്ച താരങ്ങളടങ്ങിയ ടീമാണ്.

    ഗ്രൂപ്പ് ബിയിൽ നിന്നും ആര് വേണമെങ്കിലും മുന്നേറാനുള്ള സാധ്യതയുണ്ട്. കോൺകാഫിലെ കരുത്തരായ ടീമായ മെക്‌സിക്കോക്ക് പുറമെ സൗത്ത് അമേരിക്കയിൽ മികച്ച പ്രകടനം നടത്തുന്ന ഇക്വഡോർ, വെനസ്വല എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുണ്ട്. ഇവർക്കൊപ്പം നിരവധി പ്രീമിയർ ലീഗ് താരങ്ങൾ കളിക്കുന്ന ജമൈക്കയും ചേരുന്നത് ഗ്രൂപ്പ് ബിയേയും ഒരു മരണഗ്രൂപ്പാക്കി മാറ്റുന്നു.

    ആതിഥേയരായ അമേരിക്കയാണ് ഗ്രൂപ്പ് സിയിലെ ഒരു പ്രധാനികൾ. അവർക്കൊപ്പം കഴിഞ്ഞ രണ്ടു മാസത്തിനിടെ ബ്രസീലിനെയും അർജന്റീനയെയും തോൽപ്പിച്ച് കരുത്ത് കാട്ടിയ യുറുഗ്വായും ചേരുന്നുണ്ട്. ഇവർക്ക് പുറമെ പനാമ, ബൊളീവിയ എന്നീ ടീമുകൾ കൂടി ഗ്രൂപ്പിലുണ്ട്. ഈ ഗ്രൂപ്പിൽ നിന്നും അമേരിക്കയും യുറുഗ്വായും തന്നെയാണ് മുന്നേറാൻ സാധ്യത.

    മരണഗ്രൂപ്പായി കരുതപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ ബ്രസീലിനൊപ്പം കൊളംബിയയുണ്ട്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിനെ കീഴടക്കിയ ടീമാണ് കൊളംബിയ. ഇവർക്കൊപ്പം പ്രീമിയർ ലീഗിലെ മികച്ച താരങ്ങൾ കളിക്കുന്ന പാരഗ്വായ് കൂടി ചേരുന്നതോടെയാണ് ഗ്രൂപ്പ് ഡി മരണഗ്രൂപ്പായി അറിയപ്പെടുന്നത്. ഇവർക്കൊപ്പം ഹോണ്ടുറാസ് അല്ലെങ്കിൽ കോസ്റ്റാറിക്ക കൂടി ചേരുന്നതോടെ ഗ്രൂപ്പ് പൂർണമാകും.

  6. ബ്രസീലിനു വലിയ വീഴ്‌ച സംഭവിച്ചപ്പോൾ അർജന്റീന തന്നെ തലപ്പത്ത്, പോർച്ചുഗലും വീണു

    Leave a Comment

    പുതുക്കിയ ഫിഫ റാങ്കിങ് നിലവിൽ വന്നപ്പോൾ ലോകകപ്പിനു മുൻപ് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീലിനു വമ്പൻ വീഴ്‌ച. കഴിഞ്ഞ ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീൽ രണ്ടു സ്ഥാനങ്ങൾ ഇടിഞ്ഞ് അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. കഴിഞ്ഞ നാല് ലോകകപ്പ് യോഗ്യത മത്സരത്തിലും വിജയം നേടാൻ കഴിയാതിരുന്നതാണ് ബ്രസീലിനു തിരിച്ചടി നൽകിയത്. അതിൽ മൂന്നെണ്ണത്തിലും അവർ തോൽവിയും വഴങ്ങി.

    ലോകകപ്പിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് കയറിയ അർജന്റീന തന്നെയാണ് തലപ്പത്തു നിൽക്കുന്നത്. യുറുഗ്വായ്‌ക്കെതിരെ വഴങ്ങിയ തോൽവി അവരെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. ഫ്രാൻസ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ ബ്രസീലിന്റെ വീഴ്‌ച ഇംഗ്ലണ്ട്, ബെൽജിയം എന്നീ ടീമുകൾക്കാണ് ഗുണം ചെയ്‌തത്‌. രണ്ടു ടീമുകളും ഒരു സ്ഥാനം മുകളിലേക്ക് കയറി ബ്രസീലിനു മുന്നിലായി മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുകയാണ്.

    ടോപ് ടെന്നിൽ പോർച്ചുഗൽ ഒരു സ്ഥാനം പുറകോട്ടു പോയി ഏഴാം സ്ഥാനത്ത് എത്തിയതാണ് അവിശ്വസനീയമായ കാര്യം. ലോകകപ്പിലെ തോൽവിക്ക് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച അവർ യൂറോ യോഗ്യത റൗണ്ടിൽ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ദുർബലരായ എതിരാളികൾക്കെതിരെയാണ് മത്സരം എന്നതാവാം അവർ പുറകോട്ടു പോവാൻ കാരണമായത്. ഹോളണ്ട് ആറാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ സ്പെയിൻ, ഇറ്റലി ക്രൊയേഷ്യ എന്നിവർ എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.

    അതേസമയം കുവൈറ്റിനെതിരായ മത്സരത്തിൽ വിജയം നേടുകയും ഖത്തറിനെതിരെ തോൽക്കുകയും ചെയ്‌ത ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നിലവിൽ 102ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ഏഷ്യൻ റാങ്കിങ്ങിൽ കരുത്തരായ ജപ്പാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ലോകറാങ്കിങ്ങിൽ അവർ പതിനേഴാം സ്ഥാനത്താണുള്ളത്. ഇറാൻ, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവരാണ് ഏഷ്യൻ റാങ്കിങ്ങിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

  7. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്നറിയിച്ച് ഹൊസെ മൗറീന്യോ

    Leave a Comment

    ബ്രസീൽ ദേശീയ ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് വളരെയധികം അതൃപ്‌തിയുള്ള സമയമാണിപ്പോൾ. 2002 ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം പിന്നീടൊരു ലോകകപ്പ് ഫൈനൽ പോലും കാണാൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന ബ്രസീലിനു കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ലോകകപ്പിൽ ഖത്തറിൽ വെച്ച് സൗത്ത് അമേരിക്കയിൽ ബ്രസീലിന്റെ പ്രധാന എതിരാളികളായ അർജന്റീന കിരീടം നേടുക കൂടി ചെയ്‌തതോടെ ആ വിമർശനങ്ങൾ ഒന്നുകൂടി ശക്തമായി.

    ബ്രസീൽ ടീമിൽ വലിയൊരു മാറ്റം കൊണ്ടു വരുന്നതിനായി യൂറോപ്പിൽ നിന്നുള്ള പരിശീലകരെയാണ് അവർ ഇനി പരിഗണിക്കുന്നതെന്ന് കുറച്ചു കാലമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ പരിശീലകനാവാനുള്ള കരാർ ഒപ്പു വെച്ചുവെന്നും വാർത്തകൾ ശക്തമാണ്. അതിനിടയിൽ ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് പോർച്ചുഗീസ് മാനേജർ ഹോസെ മൗറീന്യോ അറിയിച്ചുവെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.

    റാഫേൽ റൈസാണ് മൗറീന്യോ ബ്രസീലിന്റെ പരിശീലകനാവാൻ തയ്യാറാണെന്ന് അറിയിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായ അദ്ദേഹം ഇനി തനിക്ക് യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫർ വരാനുള്ള സാധ്യതയില്ലെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് ദേശീയ ടീമിലെ വമ്പന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, തുടങ്ങിയ വമ്പന്മാരെ മൗറീന്യോ പരിശീലിപ്പിച്ചിട്ടുണ്ട്.

    എന്നാൽ മൗറീന്യോ വരുന്നതിൽ ബ്രസീലിന്റെ ആരാധകർക്ക് വലിയ താൽപര്യം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അമിതമായി പ്രതിരോധത്തിലൂന്നി കളിക്കുന്ന മൗറീന്യോയുടെ ശൈലി ബ്രസീലിയൻ ഫുട്ബോളുമായി ചേർന്നു പോകുന്നതല്ല. അതുകൊണ്ടു തന്നെ ആൻസലോട്ടി തന്നെയാകും അവരുടെ പ്രധാന പരിഗണന. എന്നാൽ ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡിൽ തുടരാൻ തീരുമാനിച്ചാൽ ചിലപ്പോൾ മൗറീന്യോക്ക് നറുക്ക് വീഴാനുള്ള സാധ്യതയുണ്ട്.

  8. തുടർച്ചയായ മൂന്നാം തോൽവി, താളം കണ്ടെത്താൻ കഴിയാതെ ബ്രസീൽ

    Leave a Comment

    ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്ന ബ്രസീൽ പക്ഷെ ആ പ്രതീക്ഷകളെ നിറവേറ്റിയില്ല. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തായ ബ്രസീലിനെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ വന്ന ടീമാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ പുറത്തായത്. ടീമിൽ വലിയൊരു മാറ്റം വേണമെന്ന് ഭൂരിഭാഗം ആരാധകരും വാദിച്ചു.

    ലോകകപ്പിനു ശേഷം ബ്രസീൽ ടീമിൽ ഒരു ഉടച്ചു വാർക്കൽ ഏവരും പ്രതീക്ഷിച്ചെങ്കിലും ബ്രസീലിന്റെ മോശം ഫോം തുടരുന്നത് ആരാധകർക്ക് വലിയ നിരാശയാണ്. ലോകകപ്പിനു ശേഷം മൂന്നു സൗഹൃദ മത്സരങ്ങൾ അടക്കം ഒൻപത് മത്സരങ്ങൾ കളിച്ച ബ്രസീൽ അതിൽ ആകെ വിജയം നേടിയിരിക്കുന്നത് മൂന്നെണ്ണത്തിൽ മാത്രമാണ്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ അഞ്ചെണ്ണത്തിലും ടീം തോൽവി വഴങ്ങി. ബ്രസീലിന്റെ വിജയങ്ങൾ മുഴുവൻ ദുർബലരായ ടീമുകൾക്കെതിരെയുമായിരുന്നു.

    ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് അർജന്റീനയോടും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ തോൽവി വഴങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തേക്ക് വീണ ബ്രസീൽ ആദ്യമായാണ് സ്വന്തം മൈതാനത്ത് ഒരു ലോകകപ്പ് യോഗ്യത മത്സരം തോൽക്കുന്നത്. പല താരങ്ങളും പരിക്കിന്റെ പിടിയിലാണെങ്കിലും ടീമിന്റെ നിലവിലെ ഫോം പ്രതീക്ഷിച്ചതിലും മോശമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

    അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ ഈ മോശം പ്രകടനം ആരാധകർക്ക് വളരെ നിരാശ ഉണ്ടാക്കുന്നതാണ്. അർജന്റീന ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയും യുറുഗ്വായ്, കൊളംബിയ തുടങ്ങിയ ടീമുകൾ കരുത്ത് വീണ്ടെടുക്കുകയും ചെയ്യുന്ന സമയത്താണ് ഏറ്റവുമധികം പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ബ്രസീൽ മോശം ഫോമിലേക്ക് വീഴുന്നത്. കോപ്പ അമേരിക്കക്കു മുൻപ് ആൻസലോട്ടി വരുമോ എന്നത് മാത്രമാണ് ബ്രസീലിന് പ്രതീക്ഷ നൽകുന്ന കാര്യം.

  9. ആരാധാകാരോട് ചെയ്‌തതിനു ഇരട്ടിയായി തിരിച്ചു നൽകി അർജന്റീന, മാരക്കാനയിൽ ബ്രസീൽ വീണ്ടും വീണു

    Leave a Comment

    കോപ്പ അമേരിക്ക ഫൈനലിനു ശേഷം മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അൽപ്പസമയം മുൻപ് പൂർത്തിയായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഒട്ടമെന്റി അർജന്റീനയുടെ ഒരേയൊരു ഗോൾ നേടിയപ്പോൾ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിലും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു.

    ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ അകാരണമായി ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷം കാരണം മത്സരം അനിശ്ചിതത്വത്തിലായിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ചതിൽ പ്രതിഷേധവുമായി അർജന്റീന ടീം ലോക്കർ റൂമിലേക്ക് മടങ്ങിയതിനെ തുടർന്ന് മത്സരം റദ്ദാക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ രംഗം ശാന്തമായതോടെ അർജന്റീന ടീം തിരിച്ചു വരികയും അര മണിക്കൂർ വൈകി മത്സരം വീണ്ടും ആരംഭിക്കുകയുമായിരുന്നു.

    മത്സരത്തിന്റെ ആദ്യപകുതി തീർത്തും കായികപരമായിരുന്നു. ബ്രസീൽ കടുത്ത ഫൗളുകൾ പുറത്തെടുത്ത് പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചതിനാൽ അർജന്റീനക്ക് അവസരങ്ങൾ കുറവായിരുന്നു. റാഫിന്യ ആദ്യപകുതിയിൽ ചുവപ്പുകാർഡ് നേടാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മാർട്ടിനെല്ലിയുടെ ഒരു തകർപ്പൻ ഷോട്ട് റോമെറോ രക്ഷപ്പെടുത്തിയത് അർജന്റീനക്കും ആശ്വാസമായി. അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും നൽകിയില്ല.

    രണ്ടാം പകുതിയിൽ മാർട്ടിനെല്ലിക്ക് ബ്രസീലിനെ മുന്നിലെത്തിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എമിലിയാനോ ടീമിന്റെ രക്ഷകനായി. അതിനു പിന്നാലെ ഓട്ടമെന്റി മികച്ചൊരു ഹെഡറിലൂടെ അർജന്റീനക്കു വേണ്ടി ഗോൾ നേടി. അതിനു പിന്നാലെ പകരക്കാരനായി ഇറങ്ങിയ ജോലിന്റൻ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ തകർന്നു. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്‌തതിനാണ് റഫറി ചുവപ്പുകാർഡ് നൽകിയത്.

    ഇതോടെ തുടർച്ചയായ നാലാമത്തെ യോഗ്യത മത്സരത്തിലാണ് ബ്രസീൽ വിജയം കൈവിടുന്നത്. അർജന്റീനയോട് തോറ്റതോടെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്താണ് ബ്രസീൽ നിൽക്കുന്നത്. അർജന്റീന പതിനഞ്ചു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ യുറുഗ്വായ് പതിമൂന്നു പോയിന്റുമായി രണ്ടാമത് നിൽക്കുന്നു.

  10. വിജയക്കുതിപ്പിലുള്ള അർജന്റീന പേടിക്കണം, പുതിയ വജ്രായുധവുമായി ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

    Leave a Comment

    ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിലും തോൽവി വഴങ്ങാതെയാണ് അർജന്റീന കുതിക്കുന്നത്. ആ കുതിപ്പിൽ ലോകകപ്പ് സ്വന്തമാക്കിയ അവർ ടൂർണമെന്റിന് ശേഷം അവിശ്വസനീയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ലോകകപ്പിന് ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടിയ അവർ അതിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്നത് അർജന്റീന അവിശ്വസനീയയായ ഫോമിലാണെന് വ്യക്തമാക്കുന്നു.

    അർജന്റീനയുടെ കുതിപ്പിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അവസാനമാകുമോ എന്നാണു ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ കരുത്തുറ്റ ടീമുകളുമായാണ് അർജന്റീന കളിക്കേണ്ടത്. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും വിജയം നേടിയ അർജന്റീനക്ക് യഥാർത്ഥ പരീക്ഷ ഈ മത്സരങ്ങളാണ്. അതേസമയം അർജന്റീനക്കെതിരെ ഇറക്കാനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്.

    പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവത്തിലും മികച്ചൊരു സ്‌ക്വാഡിനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ഡിനിസ് പ്രഖ്യാപിച്ചിരിക്കുന്നത്. റൊണാൾഡോയുടെ പിൻഗാമി എന്നറിയപ്പെടുന്ന പതിനേഴു വയസുള്ള എൻഡ്രിക്കാണ് ടീമിലേക്ക് വന്നിട്ടുള്ള പ്രധാനപ്പെട്ട താരം. പതിനെട്ടു വയസാകുമ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ കരാർ ഒപ്പിട്ടിട്ടുള്ള താരത്തിന്റെ വരവിനെ ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനു പുറമെ പോർട്ടോയുടെ പെപ്പെ, ബ്രൈറ്റണിന്റെ ജോവോ പെഡ്രോ എന്നിവരും ടീമിലെത്തിയിട്ടുണ്ട്.

    ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ).

    ഡിഫൻഡർമാർ: എമേഴ്‌സൺ റോയൽ (ടോട്ടൻഹാം), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), റെനാൻ ലോഡി (ഒളിമ്പിക് മാർസെ), ബ്രെമർ (യുവന്റസ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), നിനോ (ഫ്ലൂമിനൻസ്), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ).

    മിഡ്‌ഫീൽഡർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്), റോഡ്രിഗോ (റിയൽ മാഡ്രിഡ്).

    ഫോർവേഡുകൾ: എൻഡ്രിക്ക് (പാൽമീറസ്), ഗബ്രിയേൽ ജീസസ് (ആഴ്‌സണൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), ജോവോ പെഡ്രോ (ബ്രൈറ്റൺ), പൗളീഞ്ഞോ (അറ്റ്ലറ്റിക്കോ മിനെറോ), പെപെ (പോർട്ടോ), റാഫിൻഹ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).