Tag Archive: Ballon d’or

  1. അഴിമതിയിലൂടെയാണ് മെസിക്ക് ബാലൺ ഡി ഓർ ലഭിച്ചത്, ഗുരുതരമായ ആരോപണത്തിൽ അന്വേഷണം

    Leave a Comment

    ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെച്ചൊല്ലി വിവാദം കനക്കുന്നു. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം 2021ൽ ലയണൽ മെസിക്ക് ലഭിച്ച ബാലൺ ഡി ഓർ നേട്ടത്തിന്റെ പേരിലാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഈ ബാലൺ ഡി ഓർ പുരസ്‌കാരം മെസി അർഹിച്ചതല്ലെന്നും അഴിമതിയിലൂടെയാണ് അത് സ്വന്തമായതെന്നുമാണ് ആരോപണം.

    ബാഴ്‌സലോണക്കൊപ്പം ഒരു കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ മെസി 2021ൽ ആദ്യമായി അർജന്റീന ടീമിനൊപ്പം ഒരു കിരീടവും നേടിയിരുന്നു. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ സന്തോഷവുമായി ബാഴ്‌സയിൽ തിരിച്ചെത്തിയ താരത്തിന് പക്ഷെ ക്ലബ് വിടേണ്ടി വന്നു. തുടർന്നാണ് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിയിൽ കളിക്കുമ്പോഴാണ് മെസിയെ ബാലൺ ഡി ഓർ നേട്ടം തേടിയെത്തുന്നത്.

    എന്നാൽ ഈ ബാലൺ ഡി ഓർ നേട്ടം മെസിക്ക് നൽകാൻ പിഎസ്‌ജി സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം ഉയരുന്നത്. ആ സമയത്ത് ഫ്രാൻസ് ഫുട്ബോൾ ചീഫായ പാസ്‌കൽ ഫെരെയേ സ്വാധീനിക്കാനുള്ള കാര്യങ്ങൾ പിഎസ്‌ജി ചെയ്‌തുവെന്നും മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിലൂടെ ക്ലബിന്റെ മാർക്കറ്റ് വലുതാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021ലെ ബാലൺ ഡി ഓർ ലയണൽ മെസി അർഹിക്കുന്നില്ലെന്ന് നിരവധി പേർ ആ സമയത്തു തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലെവൻഡോസ്‌കിയാണ് അവാർഡ് അർഹിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതിനു തൊട്ടു മുൻപത്തെ വർഷം കോവിഡ് കാരണം ബാലൺ ഡി ഓർ ഒഴിവാക്കിയതിനാൽ ലെവൻഡോസ്‌കി അർഹിച്ച പുരസ്‌കാരം നഷ്‌ടമായിരുന്നു.

  2. ലോകകപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും എമിലിയാനോയോടുള്ള വൈരാഗ്യം മാറിയിട്ടില്ല, താരത്തെ കൂക്കിവിളിച്ച് ഫ്രഞ്ച് ആരാധകർ

    Leave a Comment

    ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. രണ്ടു പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ രക്ഷിച്ച എമിലിയാനോ മാർട്ടിനസിന്റെ മിന്നുന്ന പ്രകടനം ഫൈനൽ വിജയത്തിൽ നിർണായകമായിരുന്നു. അതിനു ശേഷം അർജന്റീന ആരാധകരുടെ ഹീറോയായി മാറിയെങ്കിലും പല ഭാഗത്തു നിന്നും എമിലിയാനോ മാർട്ടിനസിന്റെ പ്രവർത്തികൾക്ക് ഒരുപാട് വിമർശനം ഉണ്ടായി.

    ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിനിടെ നടത്തിയ ചേഷ്‌ടകളും ലോകകപ്പ് നേടിയതിനു ശേഷം എംബാപ്പയെ കളിയാക്കിയതുമെല്ലാമാണ് എമിലിയാനോ മാർട്ടിനസിനെതിരെ വിമർശനം ശക്തമായി വരാൻ കാരണമായത്. ലോകകപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ആ രോഷം ഇപ്പോഴും ഫ്രാൻസിലെ ആരാധകർക്ക് തീർന്നിട്ടില്ലെന്ന് ഇന്നലെ ബാലൺ ഡി ഓർ ചടങ്ങിനിടെയുണ്ടായ സംഭവത്തിൽ നിന്നും വ്യക്തമാണ്.

    ബാലൺ ഡി ഓർ ചടങ്ങിനായി പാരീസിൽ എത്തിയപ്പോൾ തന്നെ എമിലിയാനോ മാർട്ടിനസിനെതിരെ ആരാധകർ പ്രതിഷേധം നടത്തിയിരുന്നു. അതിനു ശേഷം മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി പുരസ്‌കാരം സ്വീകരിക്കാൻ താരം വന്നപ്പോൾ ലോകകപ്പ് ഫൈനലിൽ കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ തടഞ്ഞിട്ടത്തിന്റെ വീഡിയോ കാണിച്ചിരുന്നു. അപ്പോൾ സദ്ദസ്സിൽ നിന്നും വീണ്ടും കൂക്കുവിളികൾ ഉയരുകയുണ്ടായി.

    എമിലിയാനോ മാർട്ടിനസിനെതിരായ കൂക്കുവിളികളോട് കടുത്ത ഭാഷയിലാണ് പുരസ്‌കാരം നൽകിയ ദ്രോഗ്ബ പ്രതികരിച്ചത്. എന്നാൽ ആരാധകരുടെ പ്രതിഷേധത്തിലും കൂസലില്ലാതെയാണ് എമിലിയാണോ നിന്നത്. 2021ൽ അർജന്റീന ടീമിലെത്തി രണ്ടര വർഷത്തിനുള്ളിൽ ഒരു ഗോൾകീപ്പര്ക്ക് സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ തന്നെ സഹായിച്ച അതെ ആത്മവിശ്വാസം തന്നെയാണ് ഇന്നലെ എമിലിയാനോ പുറത്തെടുത്തത്. ജനുവരിയിൽ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ പുരസ്‌കാരം നേടിയതിനു പിന്നാലെയാണ് എമിലിയാനോ യാഷിൻ ട്രോഫിയും സ്വന്തമാക്കിയത്.

  3. മെസിയല്ലാതെ മറ്റാര്, ഫ്രാൻസിന്റെ മണ്ണിൽ വീണ്ടും അർജന്റീനയുടെ ആധിപത്യം

    Leave a Comment

    ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് ഉയർത്തിയ വെല്ലുവിളിയെ ഐതിഹാസികമായി മറികടന്നാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അതേ ഫ്രാൻസിൽ വെച്ചു നടന്ന ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ചടങ്ങിലും അർജന്റീന ആധിപത്യം പുലർത്തി. കഴിഞ്ഞ ദിവസം പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ബാലൺ ഡി ഓർ അടക്കമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് അവാർഡുകളാണ് അർജന്റീന താരങ്ങൾ സ്വന്തമാക്കിയത്.

    ലയണൽ മെസി മികച്ച പുരുഷതാരത്തിനുള്ള ബാലൺ ഡി ഓർ സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ നിർണായക പങ്കു വഹിച്ച താരങ്ങളാണ് ഇരുവരും. മെസി ടൂർണമെന്റിലെ രണ്ടാമത്തെ മികച്ച ടോപ് സ്കോററും മികച്ച താരവുമായപ്പോൾ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസായിരുന്നു.

    ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിനു ശേഷം അത് അർജന്റൈൻ ഇതിഹാസമായ ഡീഗോ മറഡോണക്കാണ്‌ ലയണൽ മെസി സമർപ്പിച്ചത്. അർജന്റീനയുടെ ലോകകപ്പ് വിജയം ഈ നേട്ടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ചുവെന്നു പറഞ്ഞ ലയണൽ മെസി പുരസ്‌കാരം അർജന്റീന ടീമിലെ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും പറഞ്ഞു. മറഡോണക്ക് ജന്മദിനാശംസകൾ നേർന്ന ലയണൽ മെസി ബാലൺ ഡി ഓർ താരത്തിനും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.

    മെസി ബാലൺ ഡി ഓർ നേടിയപ്പോൾ വനിതകളിൽ സ്പെയിനൊപ്പം ലോകകപ്പ് നേടിയ ബാഴ്‌സലോണ താരമായ ഐറ്റാന ബോൺമാറ്റിയാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ജൂഡ് ബെല്ലിങ്‌ഹാമും നേടി. മികച്ച ഗോൾസ്കോറർക്കുള്ള അവാർഡ് ഹാലാൻഡ് സ്വന്തമാക്കിയപ്പോൾ ക്ലബ് ഓഫ് ദി ഇയർ ആയി മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും തിരഞ്ഞെടുക്കപ്പെട്ടു.

  4. ബാലൺ ഡി ഓർ വോട്ടിങ്ങിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്, വെളിപ്പെടുത്തലുമായി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ

    Leave a Comment

    ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം ഇന്ന് രാത്രിയാണ് പ്രഖ്യാപിക്കുക. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കടുത്ത പോരാട്ടം ബാലൺ ഡി ഓറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് നേടിയ ലയണൽ മെസി, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ സ്വന്തമാക്കിയ എർലിങ് ഹാലാൻഡ്, ലോകകപ്പിലെ ടോപ് സ്കോററും ഫൈനലിസ്റ്റുമായ കിലിയൻ എംബാപ്പെ എന്നിവരാണ് പുരസ്‌കാരത്തിനായി സാധ്യത കൽപ്പിക്കപ്പെടുന്നവർ.

    അതിനിടയിൽ ലയണൽ മെസി പുരസ്‌കാരം ഉറപ്പിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ അടക്കം പറഞ്ഞത് മെസി പുരസ്‌കാരം നേടുമെന്നാണ് സൂചനകൾ വരുന്നതെന്നാണ്. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതാണ് മെസിക്ക് മുൻ‌തൂക്കം നൽകിയതെന്നും താരത്തിന് ദ്രോഗ്ബ പുരസ്‌കാരം സമ്മാനിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

    അതേസമയം മെസിക്കാന് പുരസ്‌കാരമെന്ന് പൂർണമായും ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തലുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് വെളിപ്പെടുത്തിയത് പുരസ്‌കാരത്തിനായി വലിയ പോരാട്ടം നടക്കുന്നുണ്ടെന്നാണ്. പ്രഖ്യാപനം നടത്തുമ്പോഴേ വിജയിയെ ഉറപ്പിക്കാൻ കഴിയൂവെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

    ലോകകപ്പ് നേടിയ ലയണൽ മെസിയും ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ ഹാലാൻഡുമാണ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങൾ. മെസി പുരസ്‌കാരം നേടിയാൽ താരത്തിന് എട്ടാമത്തെ ബാലൺ ഡി സ്വന്തമാകാൻ പോകുന്നത്. മറ്റൊരു ഫുട്ബോൾ താരത്തിനും ഇത്രയധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഹാലാൻഡ് ആണെങ്കിൽ താരത്തിന്റെ കരിയറിൽ ആദ്യത്തെ ബാലൺ ഡി ഓർ ആയിരിക്കുമിത്.

  5. മെസിയല്ലാതെ മറ്റാര്, എട്ടാമത്തെ ബാലൺ ഡി ഓർ അർജന്റീന താരം തൂക്കി

    Leave a Comment

    ലയണൽ മെസിയെ സംബന്ധിച്ച് തന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ വർഷമായിരുന്നു 2022. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരം ദേശീയ ടീമിന് വേണ്ടിയും എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ വർഷം. 2021ൽ കോപ്പ അമേരിക്ക സ്വന്തമാക്കിയ ലയണൽ മെസി 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമ കിരീടവും അതിനു ശേഷം ഖത്തറിൽ വെച്ച് നടന്ന ലോകകപ്പ് കിരീടവും സ്വന്തമാക്കിയാണ് കരിയർ എല്ലാ അർത്ഥത്തിലും പൂർണതയിൽ എത്തിച്ചത്.

    ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ലയണൽ മെസി തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി സമ്മർദ്ദത്തിലായ അർജന്റീന പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കി കിരീടം നേടി. ടൂർണമെന്റിലെ സെക്കൻഡ് ടോപ് സ്കോററായ മെസിയുടെ മാന്ത്രികത പലപ്പോഴും കണ്ട ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും അർജന്റീന താരമായിരുന്നു.

    2022 ഖത്തർ ലോകകപ്പ് നേടിയ ലയണൽ മെസി അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി തന്നെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് മെസി തന്നെ ബാലൺ ഡി ഓർ നേടിയെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

    ഇത്തവണയും ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ മെസിയുടെ പേരിൽ എട്ടാമത്തെ ബാലൺ ഡി ഓർ നേട്ടമാണ് കുറിക്കപ്പെടാൻ പോകുന്നത്. കോപ്പ അമേരിക്ക നേടി ഏഴാമത്തെ ബാലൺ ഡി ഓർ നേടി സ്വന്തമാക്കിയപ്പോൾ തന്നെ ആ റെക്കോർഡ് ആരും മറികടക്കാൻ സാധ്യതയില്ലെന്ന് പലരും വിലയിരുത്തിയിരുന്നു. ഇപ്പോൾ അതിലേക്ക് മറ്റൊരു നേട്ടം കൂടി ചേർത്ത് വെച്ചിരിക്കുകയാണ് അർജന്റീന നായകൻ. അതേസമയം ബാലൺ ഡി ഓർ ഔദ്യോഗികപ്രഖ്യാപനം നടക്കുക തിങ്കളാഴ്ചയാണ്.

  6. ബാലൺ ഡി ഓർ മെസിക്കു തന്നെ, താരത്തിന് വിവരം ലഭിച്ചുവെന്നു വെളിപ്പെടുത്തി കുടുംബസുഹൃത്ത്

    Leave a Comment

    സമീപകാലത്ത് ഏറ്റവുമധികം മത്സരം നടക്കുക 2023 ബാലൺ ഡി ഓറിനു വേണ്ടിയായിരിക്കുമെന്നാണ് ആരാധകർ വിലയിരുത്തിയത്. ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസിക്കാണ്‌ കൂടുതൽ സാധ്യതയെന്ന് ഏവരും കരുതിയെങ്കിലും ക്ലബ് സീസൺ കഴിഞ്ഞതോടെ അതിൽ മാറ്റമുണ്ടായി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ നേടുകയും സീസണിൽ ഗംഭീരപ്രകടനം നടത്തുകയും ചെയ്‌ത എർലിങ് ഹാലാൻഡിന്റെ പേരും ശക്തമായി ഉയർന്നു വന്നു.

    സീസൺ കഴിഞ്ഞതോടെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്‌ ഹാലൻഡും മെസിയും തമ്മിലായിരിക്കും മത്സരമെന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത വന്നിരുന്നു. ലയണൽ മെസിക്കായിരിക്കും മുൻതൂക്കമെന്ന് പല നിരീക്ഷകരും വെളിപ്പെടുത്തിയെങ്കിലും ഹാലാൻഡ്‌ മെസിയെ മറികടക്കുമോയെന്ന ആശങ്ക പല ആരാധകർക്കും ഉണ്ടായിരുന്നു. എന്നാൽ അങ്ങിനെയൊരു സംശയത്തിന്റെ ആവശ്യമേ ഇല്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

    മെസിയുടെ കുടുംബസുഹൃത്തായ അലസാന്ദ്രോ ഡോസെറ്റിയാണ് ബാലൺ ഡി ഓറുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തു വിട്ടിരിക്കുന്നത്. ലയണൽ മെസിക്ക് തന്നെയാണ് പുരസ്‌കാരമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അവാർഡ് പ്രഖ്യാപിക്കാൻ ഇനിയും പതിനാറു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും ഫ്രാൻസ് ഫുട്ബോളിന്റെ മേധാവികൾ ലയണൽ മെസിക്കാണ് അവാർഡെന്ന കാര്യം താരത്തെ അറിയിച്ചിട്ടുണ്ടെന്നാണ് മെസിയുടെ കുടുംബസുഹൃത്ത് വ്യക്തമാക്കുന്നത്.

    ബാലൺ ഡി ഓർ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ അത് നേടിയ താരത്തെ അറിയിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. തങ്ങൾക്കല്ല പുരസ്‌കാരം എന്നറിയാവുന്നതിനാൽ മെസിയും റൊണാൾഡൊയുമെല്ലാം ചടങ്ങിൽ നിന്നും വിട്ടുനിന്ന സംഭവം ഇതിനു മുൻപ് കണ്ടിട്ടുള്ളതുമാണ്. ഇത്തവണ ബാലൺ ഡി ഓർ നേടിയാൽ മെസി എട്ടാമത്തെ ബാലൺ ഡി ഓറാകും സ്വന്തമാക്കുക. ഈ റെക്കോർഡ് മറ്റൊരു താരം മറികടക്കുക വളരെ ബുദ്ധിമുട്ടായിരിക്കും എന്നുറപ്പാണ്.

  7. മെസിക്ക് ബാലൺ ഡി ഓർ നൽകരുത്, മത്സരമുണ്ടാകേണ്ടത് മറ്റു രണ്ടു താരങ്ങൾ തമ്മിലെന്നു ഫ്രഞ്ച് താരം

    Leave a Comment

    2023ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കയാണ്. ഇത്തവണ ബാലൺ ഡി ഓറിനായി കൂടുതൽ മത്സരം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പിൽ ഐതിഹാസിക പ്രകടനവുമായി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസിയും കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ട്രെബിൾ കിരീടം നേടിക്കൊടുത്ത എർലിങ് ഹാലൻഡും തമ്മിലായിരിക്കും മത്സരം. മറ്റു താരങ്ങൾ ഇവർക്ക് ഭീഷണിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.

    അതേസമയം ഫ്രഞ്ച് മധ്യനിര താരമായ അഡ്രിയാൻ റാബിയാട്ടിന് ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്‌തമായ അഭിപ്രായമാണുള്ളത്. ലയണൽ മെസി ഇത്തവണ ബാലൺ ഡി ഓർ നേടാൻ അർഹനല്ലെന്നാണ് റാബിയോട്ട് കരുതുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. മെസിയുടെയും റൊണാൾഡോയുടെയും സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന എംബാപ്പയും ഹാലൻഡും തമ്മിലാണ് മത്സരം നടക്കേണ്ടതെന്നാണ് റാബിയോട്ട് പറയുന്നത്.

    “ബാലൺ ഡി ഓർ ലഭിക്കാൻ പോകുന്നത് മെസിക്കാണെന്ന് ഞാൻ കേൾക്കുന്നു, പക്ഷേ സ്പോർട്ടിങ് ലെവലിൽ നോക്കുമ്പോൾ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും തമ്മിലായിരിക്കണം മത്സരം. അവയിലൊരാളിനെ പറയുന്നത് സങ്കീർണമായിരിക്കും, അത് പല കാര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഇതൊരിക്കലും ആരും സമ്മതിക്കാൻ പോകുന്നില്ല, പക്ഷെ അവർ തമ്മിലായിരിക്കും മത്സരമെന്ന് ഞാൻ കരുതുന്നു.” റാബിയോട്ട് പറഞ്ഞു.

    കഴിഞ്ഞ സീസണിൽ ഈ രണ്ടു താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ എംബാപ്പയുടെ പേര് റാബിയോട്ട് പറഞ്ഞത് സഹതാരമായതിനാൽ മാത്രമാണെന്ന് വ്യക്തമാണ്. മെസിയെ ഒഴിവാക്കിയത് അർജന്റീനയോട് ലോകകപ്പ് ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിയുടെ ക്ഷീണം കൊണ്ടാണെന്നും കരുതാവുന്നതാണ്. ബാലൺ ഡി ഓറിനു വേണ്ടിയുള്ള മത്സരം മെസിയും ഹാലൻഡും തമ്മിലായിരിക്കുമെന്നതിലും സംശയമില്ല.

  8. ബാലൺ ഡി ഓർ അന്തിമപട്ടികയിൽ റൊണാൾഡോയില്ല, ഇരുപതു വർഷത്തിനു ശേഷം ഇതാദ്യം

    Leave a Comment

    കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന റൊണാൾഡോ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള ലിസ്റ്റിൽ നിന്നും പുറത്ത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള മുപ്പതു പേരുടെ അന്തിമ പട്ടിക പുറത്തു വിട്ടതിൽ റൊണാൾഡോ ഉൾപ്പെട്ടിട്ടില്ല. ഖത്തർ ലോകകപ്പിന്റെ ഫൈനൽ കളിച്ച അർജന്റീനയുടെയും ഫ്രാന്സിന്റെയും താരങ്ങളാണ് ലിസ്റ്റിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

    കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി സീസണിന്റെ പകുതി വരെ കളിച്ച റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയത്. അതിനു ശേഷം ഖത്തർ ലോകകപ്പിൽ പോർചുഗലിനായി ഇറങ്ങിയ താരത്തിനു അവിടെയും തിളങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ അവിടെ ഗോളുകൾ അടിച്ചു കൂട്ടിയെങ്കിലും ഒരു കിരീടം പോലുമില്ലാത്ത സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌.

    കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിക്കുമ്പോൾ റൊണാൾഡോ ലിസ്റ്റിൽ നിന്നും പുറത്തു പോയതിൽ അത്ഭുതമൊന്നും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. അതേസമയം ലോകകപ്പിൽ ഫൈനൽ കളിച്ച അർജന്റീനയിലെയും ഫ്രാൻസിലെയും നാല് താരങ്ങൾ ലിസ്റ്റിലുണ്ട്. മെസി, ലൗറ്റാറോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയിൽ നിന്നും പട്ടികയിലുള്ളത്.

    അതേസമയം ഫ്രാൻസിൽ നിന്നും എംബാപ്പെ, കൊളോ മുവാനി, ഗ്രീസ്മാൻ, ബെൻസിമ എന്നിവരാണുള്ളത്. ഇതിൽ ബെൻസിമ ലോകകപ്പ് കളിച്ചിരുന്നില്ല. ബ്രസീലിൽ നിന്നും വിനീഷ്യസ് ജൂനിയർ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത്തവണ മെസി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുമെന്നാണ് ഏവരും വിലയിരുത്തുന്നത്.

  9. കിരീടങ്ങളുടെ എണ്ണം നോക്കിയല്ല, വ്യക്തിഗത മികവിനാണ് ബാലൺ ഡി ഓർ നൽകേണ്ടതെന്ന് ഫ്രാൻസ് ഫുട്ബോൾ ചീഫ്

    Leave a Comment

    ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങളുടെ എണ്ണമെടുത്താൽ നിരവധി പേരുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസിയാണ് ഏറ്റവും സാധ്യതയുള്ള താരമായി കരുതപ്പെടുന്നതെങ്കിലും അതിനു പുറമെ ഫ്രഞ്ച് താരമായ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേട്ടം സ്വന്തമാക്കിയ എർലിങ് ഹാലാൻഡ് എന്നിവരെല്ലാം ബാലൺ ഡി ഓർ സാധ്യതയുള്ള താരങ്ങളായി ഏവരും വിലയിരുത്തുന്നു.

    എന്നാൽ കിരീടനേട്ടങ്ങൾ കൂടുതലുള്ളതിനാൽ ബാലൺ ഡി ഓർ സാധ്യത വർധിക്കും എന്നു കരുതാൻ കഴിയില്ലെന്നാണ് പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ ചീഫ് ഇൻ എഡിറ്റർ പറയുന്നത്. മുൻ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലെ താരങ്ങൾക്ക് ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്നതിൽ മുൻ‌തൂക്കം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൽ മാറ്റം വരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    “ഓരോ താരത്തിന്റെയും വ്യക്തിഗത പ്രകടനമാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള നിർണായകമായ ഘടകമായും ആദ്യമായി പരിഗണിക്കേണ്ടതുമായ കാര്യം. ബാലൺ ഡി ഓർ പുരസ്‌കാരത്തിനുള്ള വോട്ടിങ് നൽകുന്നതിനു മുൻപ് തന്നെ വോട്ടിങ് കമ്മിറ്റിയെ ഞങ്ങൾ ഇക്കാര്യം അറിയിക്കും.” കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഫ്രാൻസ് ഫുട്ബോൾ ചീഫായ വിൻസെന്റ് ഗാർസിയ വ്യക്തമാക്കി.

    വ്യക്തിഗത പ്രകടനം എടുത്തു നോക്കിയാലും ലയണൽ മെസി തന്നെയാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവുമധികം സാധ്യതയുള്ള താരമായി നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ അർജന്റീനക്കും പിഎസ്‌ജിക്കും വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തിയത്. അതുകൊണ്ടു തന്നെ എട്ടാം തവണയും അർജന്റീന താരം തന്നെ പുരസ്‌കാരം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  10. ബാലൺ ഡി ഓറിൽ മെസിക്ക് പുതിയൊരു എതിരാളി, അർഹതയുണ്ടെന്ന് ആരാധകർ

    Leave a Comment

    ഖത്തർ ലോകകപ്പിൽ അവിസ്‌മരണീയമായ പ്രകടനമാണ് ലയണൽ മെസി നടത്തിയത്. അർജന്റീന ടീമിനെ മുന്നിൽ നിന്ന് നയിച്ച താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കുകയും അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകുകയും ചെയ്‌തു. ഇതോടെ അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം മെസിക്ക് തന്നെയെന്ന് എല്ലാവരും വിധിയെഴുതി.

    ലോകകപ്പിന് ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിക്ക് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞിരുന്നില്ല. അതിനു പിന്നാലേ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് അടക്കം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയതോടെ ടീമിന്റെ ഗോളാടിയന്ത്രമായ ഏർലിങ് ഹാലാൻഡിനു ബാലൺ ഡി ഓർ ലഭിക്കുമെന്ന് പലരും വിധിയെഴുതി. എന്നാൽ അപ്പോഴും ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ മെസി തന്നെയായിരുന്നു മുന്നിൽ.

    കഴിഞ്ഞ ദിവസം സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയതോടെ മറ്റൊരു താരം കൂടി ബാലൺ ഡി ഓർ അർഹിക്കുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌പാനിഷ്‌ താരമായ റോഡ്രിയാണ് ആരാധകർ പൊക്കിപ്പിടിക്കുന്ന താരം. ഈ സീസണിൽ റോഡ്രി സ്വന്തമാക്കിയ നേട്ടങ്ങളാണ് അതിനു കാരണം.

    മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേട്ടങ്ങൾ സ്വന്തമാക്കിയ റോഡ്രി ചാമ്പ്യൻസ് ലീഗിലെ മികച്ച താരം, ചാമ്പ്യൻസ് ലീഗ് ഫൈനലിലെ താരം എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിനു പുറമെ യുവേഫ നേഷൻസ് ലീഗ് ഫൈനലിലെ താരവും റോഡ്രിയാണ്. ഇതാണ് താരത്തെ ബാലൺ ഡി ഓർ നേട്ടത്തിനായി ഉയർത്തിക്കാട്ടാനുള്ള പ്രധാന കാരണം.

    എന്നാൽ ലോകകപ്പ് നേട്ടമാണ് ബാലൺ ഡി ഓറിനു പ്രധാനമായും പരിഗണിക്കുകയെന്നാണ് ഏവരും വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ മെസിക്ക് തന്നെ പുരസ്‌കാരം ലഭിക്കുമെന്നും പറയുന്നു. ചിലപ്പോൾ ആദ്യ മൂന്നു സ്ഥാനക്കാരിൽ ഒരാളായി റോഡ്രി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.