Tag Archive: Asia Cup

  1. ഇത് ചരിത്രം, അവിശ്വസനീയ റെക്കോര്‍ഡുകള്‍ എറിഞ്ഞിട്ട് സിറാജ്

    Leave a Comment

    ഏഷ്യാ കപ്പ് ഫൈനലില്‍ സ്വപ്‌ന സമാനമായ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എറിഞ്ഞിട്ടത് ഒരുപിടി റെക്കോര്‍ഡുകള്‍. മത്സരത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ താരം ഒരു മെയ്ഡിനടക്കം 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്. ഇതോടെ ശ്രീലങ്ക 15.2 ഓവറില്‍ കേവലം 50 റണ്‍സിന് പുറത്താകുകയായിരുന്നു.

    തന്റെ രണ്ടാം ഓവറില്‍ നാല് മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയാണ് മുഹമ്മദ് സിറാജ് ഞെട്ടിത്. നാലാം ഓവറില്‍ ഒരു വിക്കറ്റ് കൂടി എടുത്ത് തന്റെ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയര്‍ത്തി. ഇതോടെ ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടം സിറാജ് സ്വന്തമാക്കി. കേവലം 16 പന്തുകളാണ് സിറാജിന് അഞ്ച് വിക്കറ്റ് തികക്കാന്‍ വേണ്ടി വന്നത്.

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചാമിന്ദ വാസിന്റെ പേരിലുളള റെക്കോര്‍ഡിനൊപ്പമാണ് സിറാജ് എത്തിയിരിക്കുന്നത്. 2003ല്‍ ബംഗ്ലാദേശിനെതിരെ വാസ് 16 പന്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

    കൂടാതെ ഇന്ത്യയ്ക്കായി ഒരോവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെ അപൂര്‍വ്വ നേട്ടവും ഈ ഹൈദരാബാദ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഒരു റണ്‍ മാത്രമാണ് വന്നത്. പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവര്‍. ആദ്യ പന്തില്‍ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തില്‍ റണ്‍സൊന്നുമില്ല. മൂന്നാം പന്തില്‍ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക (0) ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി.

    അടുത്ത പന്തില്‍ ധനഞ്ജയ ഡിസില്‍വ ബൗണ്ടറി നേടി. അവസാന പന്തില്‍ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു. അടുത്ത ഓവറില്‍ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറില്‍ ദസുന്‍ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

    കൂടാതെ മത്സരത്തില്‍ സിറാജ് ഏകദിനത്തില്‍ 50 അന്താരാഷ്ട്ര വിക്കറ്റും തികച്ചു. ഇതോടെ ഇന്ത്യയ്ക്കായി വേഗത്തില്‍ 50 വിക്കറ്റ് തികയ്ക്കുന്ന നാലാമത്തെ മാത്രം ബൗണ്ടറായി മാറി സിറാജ്. ബോള്‍ കണക്കാക്കുകയാണെങ്കില്‍ അജന്ത മെന്‍ഡിസിന് (847) ശേഷം വേഗത്തില്‍ 50 വിക്കറ്റ് നേട്ടത്തിലെത്തിയ താരമാണ് സിറാജ്. 1002 പന്താണ് സിറാജിന് 50 വിക്കറ്റ് തികയ്ക്കാന്‍ വേണ്ടി വന്നത്.

  2. നേപ്പാളിനെ ഇന്ത്യ ദത്തെടുക്കണം, രഞ്ജിയില്‍ അവരെ കളിപ്പിക്കണം, നിര്‍ദേശവുമായി ഇന്ത്യന്‍ താരം

    Leave a Comment

    ഏഷ്യാ കപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്കെതിരെ കളിക്കുകയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്ത നേപ്പാള്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. നേപ്പാളിലെ ക്രിക്കറ്റ് വളരേണ്ടത് ഇന്ത്യ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ഇതിനായി ആ ടീമിനെ ‘ദത്തെടുക്കണമെന്നും’ ആണ് ചോപ്ര പറയുന്നത.് ട്വിറ്ററിലൂടെയാണ് ആകാശ് ചോപ്ര ശ്രദ്ധേയമായ നീരീക്ഷണം.

    ‘ഇന്ത്യ നേപ്പാള്‍ ക്രിക്കറ്റിനെ ഏറ്റെടുക്കുകയും അവരെ അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം വഹിക്കുകയും വേണം. ഇന്ത്യയുടെ എ ടീമിനെ നേപ്പാളിലേക്ക് അയക്കുക. കൂടാതെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ അവരെ ഉള്‍പ്പെടുത്തുകയും ചെയ്യുക. (ഇന്ത്യ-എ വിന്‍ഡീസില്‍ ഒരു മുഴുവന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു). നേപ്പാളുകാരുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം സമാനതകളില്ലാത്തതാണ്… കൂടാതെ അവര്‍ക്കും കഴിവുമുണ്ട്’ ആകാശ് ചോപ്ര പറയുന്നു,

     

    ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് നേപ്പാള്‍ പുറത്തെടുത്തത്. വിഖ്യാതമായ ഇന്ത്യന്‍ ബൗളിംഗ് നിരയെ ധീരമായി നേരിട്ട നേപ്പാള്‍ താരങ്ങള്‍ ആദ്യം ബാറ്റു ചെയ്ത്് 48.2 ഓവറില്‍ 230 റണ്‍സാണ് സ്വന്തമാക്കിയത്. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭര്‍ട്ടല്‍ (25 പന്തില്‍ 38) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

    ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഫീല്‍ഡിങ്ങില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ആദ്യ 5 ഓവറിനിടെ 3 ക്യാച്ചുകളാണ് കൈവിട്ടത്.

    എന്നാല്‍ ബാറ്റിംഗില്‍ ഇന്ത്യ കസറി. 10 വിക്കറ്റിന്റെ സമ്പൂര്‍ണ്ണ ജയം ആണ് ഇന്ത്യ സ്ന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.

    മഴ കളിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയമൊരുക്കിയത്. നായകന്‍ രോഹിത് ശര്‍മ്മ 74 റണ്‍സും ഗില്‍ 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തുടര്‍ന്ന് 231 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ കളിമുടക്കി.

    ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിതിന്റെയും ഗില്ലിന്റെയും കരുത്തില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

     

  3. ഭുംറ ടീം വിടാനുളള കാരണം പുറത്ത്, ധോണി ചെയ്ത ത്യാഗമോര്‍ത്ത് ക്രിക്കറ്റ് ലോകം

    Leave a Comment

    ഏഷ്യാ കപ്പില്‍ നേപ്പാളുമായുള്ള നിര്‍ണായക മല്‍സരത്തിനു മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ജസ്പ്രിത് ഭുംറ വിട്ടുനിന്നത് ഏറെ ഊഹാപോഹങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഭുംറയ്ക്ക് വീണ്ടും പരിക്കേറ്റോ എന്നതായിരുന്നു പ്രധാന ആശങ്ക.

    എന്നാല്‍ ഇപ്പോഴിതാ ഭുംറ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുളള കാരണം പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയും പ്രശസ്ത ആങ്കറുമായ സഞ്ജന ഗണേശന്റെ ആദ്യത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഭുംറ മുംബൈയിലേക്കു തിരികെ പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

    സൂപ്പര്‍ ഫോറിലേക്കു ഇന്ത്യ യോഗ്യത നേടിയാല്‍ ഭുംറ തിരിച്ചെത്തുമത്രെ. ഇതോടെ ഉടന്‍ തന്നെ ഭുംറയ്ക്ക് തിരിച്ച് ലങ്കയിലേക്ക് വിമാനം കയറേണ്ടി വരും.

    ബദ്ധവൈരികളായ പാകിസ്താനുമായുള്ള ആദ്യത്തെ ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനാല്‍ നേപ്പാളിനെതിരായ മത്സരം ഇന്ത്യയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. മത്സരം മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. പക്ഷെ കളിയില്‍ നേപ്പാള്‍ അട്ടിമറി ജയം കുറിക്കുകയാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.

    അതെസമയം പരിക്കു കാരണം 11 മാസത്തോളം പുറത്തിരുന്ന ശേഷമാണ് കഴിഞ്ഞ മാസത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഭുംറ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളെടുത്ത ബുംറ പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു പാകിസ്താന്റെ ഇന്നിങ്സ് ഒരോവര്‍ പോലും നടക്കാതെ പോയതിനാല്‍ ഭുംറയ്ക്കു ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല.

    ബുംറയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കും നേപ്പാളുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലെത്തുകയെന്നാണ് വിവരം.

    അതിനിടെ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ദേശീയ ടീം വിട്ട ഭുംറയ്ക്കെതിരേ സോഷ്യല്‍ മീഡിയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ദേശിയ ടീമിനേക്കാള്‍ വലുതല്ല കുടുബമെന്നും അതുകൊണ്ടു തന്നെ അദ്ദേഹം നേപ്പാളുമായുള്ള നിര്‍ണായകമായ മല്‍സരത്തില്‍ കളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു ധോണിയുടെ ഭാര്യ സാക്ഷിയുടെ പ്രസവം. പക്ഷെ മകള്‍ സിവയെ കാണാന്‍ നാട്ടിലേക്കു പോവാതെ ധോണി ദേശീയ ടീമിനൊപ്പം തുടരുകയായിരുന്നു. താന്‍ ദേശീയ ടീമിനോടൊപ്പം ഡ്യൂട്ടിയിലാണെന്നും സ്വന്തം ടീമിനെ മധ്യത്തില്‍ ഉപക്ഷിക്കില്ലെന്നുമായിരുന്നു അന്നു ധോണി പറഞ്ഞത്.

    അതെസമയം കോഹ്ലിയുടെ മാതൃകയാണ് ഭുംറ സ്വീകരിച്ചത്. 2018-19ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു കോലിയുടെ ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ ആദ്യത്തെ കുഞ്ഞിനു ജന്‍മം നല്‍കിയത്. ഈ സമയത്തു കോലിക്കു കീഴില്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുകയായിരുന്നു. കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം ആദ്യ ടെസ്റ്റില്‍ ഓസീസിനോടു നാണംകെട്ട തോല്‍വിയുമേറ്റു വാങ്ങി. ഈ ടെസ്റ്റിനു പിന്നാലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്മാറിയ കോഹ്ലി ഭാര്യയെ കാണാന്‍ ടീം വിട്ട് നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

  4. ഇഷാന്‍ കിഷന്‍ തകര്‍ത്തത് സഞ്ജുവടക്കം നാല് പേരുടെ ലോകകപ്പ് മോഹം, കൂട്ട കരിയര്‍ എന്‍ഡ്

    Leave a Comment

    ഏഷ്യാ കപ്പില്‍ പാകിസഥാനെതിരെ കിട്ടിയ അവസരം മുതലാക്കിയതോടെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലേക്ക് തന്റെ അവകാശവാദം വളരെ ഭംഗിയായി പൂര്‍ത്തികരിച്ചിരിക്കുകയാണ് യുവതാരം ഇഷാന്‍ കിഷന്‍. പാകിസ്ഥാനെതിരെ തകര്‍ച്ചയുടെ അങ്ങേയറ്റത്ത് നിന്നും ഹാര്‍ദ്ദിക്കിനൊപ്പം ചേര്‍ന്ന് ഇഷാന്‍ കിഷന്‍ ഇന്ത്യയ്ക്ക് പൊരുതാനുളള സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തി പൊന്നുംവിലയുളള 82 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്.

    ഇതോടെ സെപ്റ്റംമ്പര്‍ അഞ്ചിന് ലോകകപ്പ് ടീം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയെന്ന് ഇഷാന്‍ കിഷന്‍ പറയാതെ പറഞ്ഞിരിക്കുകയാണ്. ലോകകപ്പ് ടീമിലേക്ക് ഉറ്റുനോക്കുന്ന കെഎല്‍ രാഹുലിനും സഞ്ജു സാംസണിനും ഏറെ തിരിച്ചടിയായിരിക്കുകയാണ് ഇഷാന്‍ കിഷന്റെ ഈ തകര്‍പ്പന്‍ ബാറ്റിംഗ്.

    ലോകകപ്പില്‍ ഇടംകൈയ്യനായ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ പരീക്ഷിക്കാനാകുന്നത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറികള്‍ നേടി ഇഷാന്‍ കിഷന്‍ താന്‍ അധിന്് യോഗ്യനാണെന്ന് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. പരിക്ക് മാറി ഇനി ടീമില്‍ തിരിച്ചെത്തിയാലും കെഎല്‍ രാഹുലിന്് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുക ഇനി വെല്ലുവിളിയായിരിക്കും.

    ഇഷാന്‍ കിഷന്റെ ഈ പ്രകടനം സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കെ എല്‍ രാഹുല്‍ തിരിച്ചെത്തില്ലെങ്കില്‍ ഒരു മധ്യനിര വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സഞ്ജുവിനെ ബിസിസിഐ പരിഗണിക്കുമായിരുന്നുവെന്ന പ്രതീക്ഷ ആരാധകരില്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ നേരിട്ട് പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരവും ലഭിച്ചേനെ. എന്നാല്‍ മധ്യനിരയിലെ ഇഷാന്‍ കിഷന്റെ പ്രകടനം ആ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

    ഇരുവേയും കൂടാതെ തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും ഇഷാന്റെ പ്രകനം വ്യക്തിപരമായി അത്ര സുഖകരമല്ല.
    മധ്യനിരയില്‍ ഇറങ്ങാന്‍ കഴിയുന്ന ഇടം കൈയന്‍ ബാറ്ററെന്ന മികവില്‍ ഏഷ്യാ കപ്പ് ടീമിലെത്തിയ തിലക് വര്‍മക്കും ഇനി പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാന്‍ പാടുപെടേണ്ടിവരും. ഏഷ്യാ കപ്പിലെ വരും മത്സരങ്ങളിലും കിഷന്‍ മികവ് തുടര്‍ന്നാല്‍ തിലകിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല.

    ഏകദിനത്തില്‍ മോശം റെക്കോര്‍ഡായിട്ടും ഏഷ്യാ കപ്പ് ടീമിലെത്തി സൂര്യകുമാര്‍ യാദവിനും ലോകകപ്പ് ടീമിലെത്തണമെങ്കില്‍ ഇനി പാടുപെടേണ്ടിവരും. വലംകൈയന്‍ ബാറ്ററായ സൂര്യയെക്കാള്‍ ഇടംകൈയന്‍ ബാറ്ററായ കിഷനെയാവും മധ്യനിരയില്‍ ടീം തെരഞ്ഞെടുക്കുക. പാക്കിസ്ഥാനെതിരെ ചെറിയ ഇന്നിംഗ്‌സെ കളിച്ചുള്ളൂവെങ്കിലും ശ്രേയസ് അയ്യര്‍ പുറത്തെടുത്ത മികവും സൂര്യക്ക് പ്ലേയിംഗ് ഇലവനിലെത്താന്‍ തടസമാവും. ശ്രേയസ് അയ്യരെയും കെ എല്‍ രാഹുലിനെയും മറികടന്ന് സൂര്യകുമാര്‍ യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

     

  5. രാഹുലിന് പുതിയ പരിക്കേറ്റു, ഏഷ്യാ കപ്പിനുണ്ടാകുമോ എന്ന് ഉടന്‍ തീരുമാനം

    Leave a Comment

    ഇന്ത്യന്‍ താരം കെഎല്‍ രാഹുലിന് പുതിയ പരിക്കേറ്റതായി റിപ്പോര്‍ട്ട്. കാലിനേറ്റ പരുക്കു ഭേദമായ രാഹുല്‍ ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടംനേടിയെങ്കിലും വീണ്ടും പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

    രാഹുലിന് പരിശീലനത്തിനിടെ ചെറുതായി പരുക്കേറ്റെന്നും ഏഷ്യാ കപ്പിലെ ആദ്യ 2 മത്സരങ്ങള്‍ നഷ്ടമാകുമെന്നും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. നേരത്തേ കാലിനേറ്റ പരുക്കുമായി ഇപ്പോഴത്തെ പരുക്കിനു ബന്ധമില്ലെന്നാണ് ദ്രാവിഡ് അറിയിച്ചു.

    ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്കു യാത്ര തിരിച്ചെങ്കിലും രാഹുല്‍ ടീമിനൊപ്പം പോയില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ തുടരും.

    സെപ്റ്റംബര്‍ നാലിന് ഫിറ്റ്‌നസ് വിലയിരുത്തിയശേഷം ടൂര്‍ണമെന്റിലെ കെ.എല്‍.രാഹുലിന്റെ പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ദ്രാവിഡ് പറഞ്ഞു. നാളെ പാക്കിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ നാലിന് ഇന്ത്യ നേപ്പാളിനെയും നേരിടും.

  6. ലങ്കയിലേക്ക് വരാതെ ഒരു പ്രധാന ഇന്ത്യന്‍ താരം, ആശങ്ക ഇരട്ടിക്കുന്നു

    Leave a Comment

    ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി. ബംഗളൂരുവില്‍ ആറ് ദിവസത്തെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ഇ്ന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ തലസ്ഥാനമായി കൊളംമ്പോയില്‍ വിമാനമിറങ്ങിയത്. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലുള്ള 17 അംഗ സ്‌ക്വാഡിലെ 16 താരങ്ങളാണ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്. ബാക്ക് അപ്പ് പ്ലെയറായ സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

    ടീമിലെ പ്രധാന താരങ്ങളിലൊരാളായ കെഎല്‍ രാഹുല്‍ ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. പരിക്ക് പൂര്‍ണ്ണമായും മാറാത്ത പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പ്രത്യേക പരിചരണത്തിലാണ് രാഹുല്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

    പാകിസ്ഥാനും നേപ്പാളിനും എതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകും എന്ന് ഇന്നലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ നാലിനാണ് ബിസിസിഐ മെഡിക്കല്‍ സംഘം തീരുമാനം കൈക്കൊള്ളുക.

    ഇന്ത്യന്‍ ടീമിന്റെ ലങ്കയിലേക്കുള്ള വരവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാന് എതിരായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

    അതേസമയം പരിക്ക് മാറി ശ്രേയസ് അയ്യര്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ടീമിന് കൃത്യമായ തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്.

    ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ)

     

  7. പാകിസ്ഥാന്‍ തകരുന്നു, ഞെട്ടിച്ച് നേപ്പാളിന്റെ തുടക്കം

    Leave a Comment

    ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ ഞെട്ടിച്ച് സ്വപ്‌ന സമാനമായ തുടക്കവുമായി നേപ്പാള്‍. ആദ്യ ആറ് ഓവറിനുളളില്‍ തന്നെ പാകിസ്ഥാനി ഓപ്പണര്‍മാരെ പുറത്താക്കാന്‍ നേപ്പാള്‍ ടീമിനായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

    അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒട്ടും പരിചയ സമ്പന്നരല്ലെങ്കിലും അച്ചടക്കത്തോടെ കൃത്യമായ ലൈനിലും ലെംഗ്ത്തിലുമാണ് നേപ്പാളി ബൗളര്‍മാരുടെ പന്തേറ്. മത്സരത്തിന്റെ 5.3 ഓവറില്‍ ഫഖര്‍ സമാന്‍ ആണ് ആദ്യം പുറത്തായത്. 20 പന്തില്‍ മൂന്ന് ഫോറടക്കം 14 റണ്‍സെടുത്ത ഫഖര്‍ സമാനെ കരണ്‍ കെസ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ കൈകളിലെത്തുകയായിരുന്നു.

    അടുത്ത ഓവറില്‍ പാകിസ്ഥാന് രണ്ടാമത്തെ വിക്കറ്റും നഷ്ടമായി 14 പന്തില്‍ അഞ്ച റണ്‍സെടുത്ത ഇമാലും ഹഖ് റണ്ണൗട്ട് ആയി പുറത്താകുകയായിരുന്നു. ഇല്ലാത്ത റണ്‍സിനായി ഓടിയ ഇമാമിനെ പൗഡേല്‍ നേരിട്ടുളള ഏറില്‍ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ് വാനുമാണ് പാക് നിരയില്‍ ക്രീസില്‍.

    നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇതാദ്യമായാണ് നേപ്പാള്‍ ഏഷ്യാ കപ്പ് കളിക്കാനെത്തുന്നത്. ഇന്ത്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് കളിക്കുന്നത്.

    പാകിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

    നേപ്പാള്‍: കുശാല്‍ ഭുര്‍ട്ടേല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡേല്‍, ആരിഷ് ഷെയ്ഖ്, കുശാല്‍ മല്ല, ദിപേന്ദ്ര സിംഗ് ഐറി, ഗുല്‍ഷന്‍ ജാ, സോംഫാല്‍ കാമി, സന്ദീപ് ലാമിച്ചാനെ, ലളിത് രാജ്ബന്‍ഷി

  8. ഇഷാനെ മധ്യനിരയില്‍ കളിപ്പിക്കാനാകില്ല, സഞ്ജു ഇന്ത്യന്‍ ടീമിലേക്ക്‌

    Leave a Comment

    ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ഒരുക്കം തകൃതിയായി നടക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പിനെ മ്ലാനമാക്കിയ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. സൂപ്പര്‍ താരം കെഎല്‍ രാഹുല്‍ പാകിസ്ഥാനെതിരെ അടക്കം ആദ്യ രണ്ട് മത്സരത്തില്‍ കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. പരിക്കില്‍ നിന്ന് രാഹുല്‍ പൂര്‍ണ്ണമായി മുക്തമാകാന്‍ ഒരാഴ്ച്ച കൂടി വിശ്രമം അവശ്യമാണെന്നാണ് ദ്രാവിഡ് അറിയിച്ചത്. ഏകദിന ലോകകപ്പ് പരിഗണിച്ചാണ് ഈ തീരുമാനം.

    ‘ആളുകള്‍ നമ്മളൊരുപാട് പരീക്ഷണം നടത്തുന്നതായി ആരോപിക്കുന്നു. എന്നാല്‍ 18-20 മാസങ്ങള്‍ക്ക് മുമ്പ്, 4, 5 നമ്പറുകളിലേക്ക് ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് എനിക്ക് പറയാമായിരുന്നു. എല്ലായ്‌പ്പോഴും കെഎല്‍, പന്ത്, അയ്യര്‍ എന്നിവര്‍ക്കിടയിലായിരുന്നു മത്സരം, പക്ഷേ നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ഒരുപോലെ പരിക്കേറ്റു’ ദ്രാവിഡ് നിസഹായാവസ്ഥ വ്യക്തമാക്കി.

     

    ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് രാഹുല്‍ പുറത്തായ സ്ഥിതിയ്ക്ക് ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക എന്നത് കനമുളള ഒരു ചോദ്യമായി മാറിയിരിക്കുന്നു. രാഹുലിന് പകരം ടീമിലുളള ഇഷാന്‍ കിഷനാണോ, ബക്ക് അപ്പ് പ്ലെയറായി സ്‌ക്വാഡിലുളള സഞ്ജു സാംസനാണോ കീപ്പറാകുക എന്നതാണ് ചോദ്യം.

    ഇതിന് ആദ്യ ഉത്തരം സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും എന്നതാണ്. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ ഇന്ത്യന്‍ ടീമില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല എന്നതാണ് ടീം മാനേജുമെന്റ് നേരിടുന്ന തലവേദന. ഇഷാന്‍ കിഷന്‍ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ആണ്, രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, കിഷനെ എവിടെയാണ് കളിപ്പിക്കുക. കാന്‍ഡിയില്‍ പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിന് മുമ്പ് ഇന്ത്യന്‍ മാനേജ്മെന്റിന് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്ന ചോദ്യമാണിത്.

    മറുവശത്ത് സഞ്ജു സാംസണ്‍ ആകട്ടെ നാലാമനായും അഞ്ചാമനായും മൂന്നാമാനായുമെല്ലാം ഏകദിനത്തില്‍ ഇതിനോടകം കഴിവ് തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു മധ്യനിര ബാറ്ററെന്ന നിലയില്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാം. പക്ഷെ അങ്ങനെയെങ്കില്‍ രാഹുലിന് ഏഷ്യാ കപ്പില്‍ പൂര്‍ണ്ണ വിശ്രമം അനുവദിച്ച് സഞ്ജുവിനെ പ്രധാന ടീമിലേക്ക് ഉള്‍പ്പെടുത്തേണ്ടി വരും. അതിന് മാനേജുമെന്റ് എത്രത്തോളം സന്നദ്ധമാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

  9. പ്രധാന ബൗളര്‍മാരെല്ലാം പുറത്ത്, ഒടുവില്‍ 11 പേരെ കണ്ടെത്തി!, ലങ്കന്‍ ടീം പ്രഖ്യാപിച്ചു

    Leave a Comment

    ഏഷ്യാ കപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തങ്ങളുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ശ്രീലങ്കന്‍ ടീം. പരിക്ക് വലയ്ക്കുന്ന ടീം പ്രധാന താരങ്ങളായ പേസര്‍ ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ലഹിരു കുമാര, ദില്‍ഷന്‍ മധുഷങ്ക എന്നിവരില്ലാതെയാണ് ഏഷ്യകപ്പിനിറങ്ങുന്നത്.

    15 അംഗ ടീമിനെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ദസുന്‍ ഷനകയാണ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഉപനായകനായും ടീമിലുണ്ട്. പതും നിസങ്ക, ദിമുത് കരുണരത്‌ന, ചരിത് അസരങ്ക എന്നിവരാണ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍.

    ധനഞ്ജയ ഡിസില്‍വയും ചമിക കരുണരത്‌നയും ടീമിലെ ഓള്‍റൗണ്ടര്‍മാരാണ്. കസുന്‍ രജിത, പതിരംഗ, പ്രമോദ് മധുഷന്‍, ബിനുര ഫെര്‍ണാണ്ടോ എന്നിവരാണ് പേസ് ബൗളര്‍മാര്‍. താരമേന്യേ പുതുമുഖങ്ങളാണ് എല്ലാ ബൗളര്‍മാരും. ഹസരങ്കയുടെ അഭാവത്തില്‍ മഹേഷ് തീക്ഷണയും ധഷന്‍ ഹേമന്ദയും ദുനിത് വെല്ലലിഗുമാണ് സ്പിന്നര്‍മാര്‍.

    ഇതോടെ ശ്രീലങ്കന്‍ ബൗളിംഗ് ബൗളിംഗ് ആക്രമണം കടലാസില്‍ ഒതുങ്ങും. ടീമിലെ നിര്‍ണായക താരങ്ങളായ പേസര്‍ ദുഷ്മന്ത ചമീര, വാനിന്ദു ഹസരങ്ക, ലഹിരു കുമാര എന്നിവര്‍ക്കാണ് നേരത്തെ പരിക്കേറ്റത്. ഇതില്‍ ഹസരങ്ക ആദ്യ ഒന്ന്, രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെങ്കിലും പിന്നീട് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മറ്റു താരങ്ങളുടെ കാര്യത്തില്‍ ഈ പ്രതീക്ഷയും ഇല്ല.

    പരിശീലന മത്സരത്തിനിടെയാണ് മധുഷങ്കയ്ക്കു പരിക്കേറ്റത്. ഏഷ്യാ കപ്പിനു പുറമേ താരത്തിന്റെ സേവനം ലോകകപ്പിലും ലങ്കയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Sri Lanka squad for the 2023 Asia Cup

    Dasun Shanaka (Captain), Pathum Nissanaka, Dimuth Karunaratne, Kusal Janith Perera, Kusal Mendis (Vice Captain), Charith Asalanka, Dhananjaya de Silva, Sadeera Samarawickrama, Maheesh Theekshana, Dunith Wellalage, Matheesha Pathirana, Kasun Raji

  10. ഏഷ്യകപ്പ് ടീമില്‍ നാടകീയ മാറ്റം, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു

    Leave a Comment

    ഏഷ്യകപ്പിനൊരുങ്ങുന്ന 17 അംഗ പാകിസ്ഥാന്‍ ടീമിലേക്ക് യുവ ബാറ്റര്‍ സൗദ് ഷക്കീലിനെ കൂടി ഉള്‍പ്പെടുത്തി. പാക് ടീമിലുണ്ടായിരുന്ന ത്വയ്യിബ് താഹിറിന് പകരക്കാരനായാണ് ഇടംകൈയ്യന്‍ ബാറ്റര്‍ കൂടിയായ സൗദ് ഷക്കീലിനെ സ്വകാഡില്‍ ഉള്‍പ്പെടുത്തിയത്. ത്വയ്യിബ് താഹിര്‍ ട്രാവലിംഗ് ബാക്ക് അപ്പ് ആയി ടീമിനൊപ്പമുണ്ടാകും.

    പാകിസ്ഥാനായി ആറ് ഏകദിന മത്സരം മാത്രം കളിച്ചിട്ടുളള താരമാണ് സൗദ് ഷക്കീല്‍. പാകിസ്ഥാന്റെ അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ സൗദ് ഷക്കീല്‍ ടീമിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ സൗദ് ഷക്കീല്‍ കളിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മികച്ച തുടക്കത്തിന് ശേഷം ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെ ഷക്കീല്‍ ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു.

    പാകിസ്ഥാന്റെ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിലാണ് സൗദ് ഷക്കീലിനെ ലോകം ശ്രദ്ധിച്ചത്. 28കാരനായ ഷക്കീല്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കാന്‍ കാരണമായത് ഷക്കീലിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു.

    ഏകദിനത്തില്‍ അഞ്ച് ഇന്നിംഗ്‌സ് മാത്രം കളിച്ചിട്ടുളള ഷക്കീല്‍ ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 76 റണ്‍സാണ് ആകെ നേടിയിട്ടുളളത്. ഇംഗ്ലണ്ടിനെതിരെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സൗദ് ഷക്കീല്‍ വരുന്നതോടെ റിസര്‍വ്വ് ബെഞ്ചിലേക്ക് പോയ ത്വയ്യിബ് ത്വാഹിര്‍ ഇതുവരെ പാകിസ്ഥാനായി ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. മൂന്ന് ടി20 മത്സരങ്ങള്‍ താഹിര്‍ പാകിസ്ഥാനായി കളിച്ചിട്ടുണ്ട്.

    അഫ്ഗാനെതിരെ കൊളംമ്പോയില്‍ നടന്ന ഏകദിന പരമ്പര 3-0ത്തിനാണ് പാകിസ്ഥാന്‍ തൂത്തുവാരിയത്. മൂന്നാം ഏദിനത്തില്‍ 59 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ 209 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

    അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ് വാന്‍ ആണ് കളിയിലെ താരം. ഇമാമുല്‍ ഹഖ് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.