Tag Archive: arsenal

  1. ആഴ്‌സനലിന്റെ കിരീടപ്രതീക്ഷകളെ തടഞ്ഞിട്ട എമിലിയാനോ മാസ്റ്റർക്ലാസ്സ്, ഹീറോയായി അർജന്റീന താരം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പടിക്കലെത്തി കലമുടക്കുകയാണ് കഴിഞ്ഞ സീസണിൽ ആഴ്‌സണൽ ചെയ്‌തത്‌. ഈ സീസണിലും അതവർ ആവർത്തിക്കുമെന്നാണ് ആസ്റ്റൺ വില്ലക്കെതിരായ ഇന്നലത്തെ മത്സരത്തോടെ വ്യക്തമായത്. വിജയം നേടിയിരുന്നെങ്കിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താമായിരുന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് തോൽവി വഴങ്ങി ആഴ്‌സണൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

    ആദ്യപകുതിയിൽ ആധിപത്യം പുലർത്തിയ ആഴ്‌സണലിനെതിരെ രണ്ടാം പകുതിയിൽ ഗംഭീര പ്രകടനം നടത്തിയാണ് ആസ്റ്റൺ വില്ല വിജയം നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെയാണ് ആസ്റ്റൺ വില്ല രണ്ടു ഗോളുകൾ നേടുന്നത്. ഇതോടെ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ആസ്റ്റൺ വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാനുള്ള പോരാട്ടത്തിലാണ്.

    ബെയ്‌ലി, വാറ്റ്കിൻസ് എന്നിവരാണ് ആസ്റ്റൺ വില്ലയുടെ ഗോളുകൾ നേടിയതെങ്കിലും അതുപോലെ തന്നെ മത്സരത്തിൽ ഹീറോയായ പ്രകടനമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയത്. നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ച ആഴ്‌സണലിനു മുന്നിൽ മതിൽ കെട്ടിയ പ്രകടനമാണ് താരം നടത്തിയത്. അതിൽ ട്രോസാഡിന്റെ ക്ലോസ് റേഞ്ച് ഷോട്ട് താരം അവിശ്വസനീയമായ രീതിയിലാണ് രക്ഷപ്പെടുത്തിയത്.

    ആകെ ബോക്‌സിന്റെ ഉള്ളിൽ നിന്നുമുള്ള മൂന്നു ഷോട്ടുകളാണ് എമിലിയാനോ മത്സരത്തിൽ തടഞ്ഞിട്ടത്. ഇത് വില്ലയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചു. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് കളിക്കുകയെന്ന തന്റെ താത്പര്യം എമിലിയാനോ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം പൊരുതുന്നതും അത് നേടിയെടുക്കാൻ വേണ്ടിയാണ്.

  2. “ഇങ്ങിനെയാണോ സൗഹൃദമത്സരം കളിക്കേണ്ടത്”- ആഴ്‌സണലിനോടുള്ള തോൽവിക്ക് ശേഷം പൊട്ടിത്തെറിച്ച് സാവി

    Leave a Comment

    ബാഴ്‌സലോണയുടെ ആദ്യത്തെ പ്രീ സീസൺ മത്സരം ഇന്ന് പൂർത്തിയായപ്പോൾ ആഴ്‌സണലിനോട് അവർ തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു തവണ ബാഴ്‌സലോണ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ച ആഴ്‌സണൽ ഒടുവിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയം നേടിയത്. പ്രീ സീസൺ മത്സരം എന്നതിലുപരിയായി ആവേശകരമായ മത്സരമായിരുന്നു നടന്നത്.

    റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ, ഫെറൻ ടോറസ് എന്നിവർ ബാഴ്‌സലോണക്കായി ഗോളുകൾ നേടിയപ്പോൾ ട്രോസാർഡിന്റെ ഇരട്ടഗോളുകളും സാക്ക, ഫാബിയോ വിയേര, ഹാവെർറ്റ്സ് എന്നിവരുടെ ഗോളുകളാണ് ആഴ്‌സലിന് വിജയം നേടിക്കൊടുത്തത്. പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ആഴ്‌സണലിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.

    അതേസമയം മത്സരത്തിന് ശേഷം ബാഴ്‌സലോണ പരിശീലകൻ സാവിയും ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ടയും തമ്മിൽ ചില സംസാരം നടന്നിരുന്നു. പ്രീ സീസൺ മത്സരമാണ് എന്നത് പരിഗണിക്കാതെ ആഴ്‌സണൽ കൂടുതൽ തീവ്രതയോടെയാണ് കളിച്ചതെന്നും സാവി പറഞ്ഞു. വിജയം നേടണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകുമെങ്കിലും ഇത്രയും കായികമായ മത്സരം പേരുകൾക്ക് ഇടയാക്കുമെന്നാണ് സാവി പറഞ്ഞത്.

    അതേസമയം സാവിയുടെ വാക്കുകൾക്ക് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെട്ട രംഗത്തു വന്നു. ഫുട്ബോൾ എന്നത് കളിക്കാരുടെ സ്വന്തമാണെന്നും മത്സരം തുടങ്ങുന്നത് മുതൽ ഏതു സമീപനം എടുക്കണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഫൗൾ ഉണ്ടാകുന്നത് മുതൽ മത്സരം തീവ്രമായി മാറുമെന്നും ആഴ്‌സണൽ പരിശീലകൻ വ്യക്തമാക്കി.

  3. ട്രാൻസ്‌ഫർ റെക്കോർഡുകൾ തകർത്ത് ആഴ്‌സണലിലേക്കൊരു മാസ് എൻട്രി, അടുത്ത സീസൺ പീരങ്കിപ്പടക്ക് സ്വന്തം

    Leave a Comment

    നിരവധി വർഷങ്ങൾക്ക് ശേഷം ആഴ്‌സണൽ ഗംഭീരപ്രകടനം പ്രീമിയർ ലീഗിൽ നടത്തിയ ഒരു സീസണായിരുന്നു കഴിഞ്ഞ തവണത്തേത്‌. കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും നിരവധി മാസങ്ങൾ പ്രീമിയർ ലീഗിന്റെ തലപ്പത്തിരുന്ന ആഴ്‌സണലിന് അവസാനമായപ്പോഴേക്കും പരിക്കുകൾ തിരിച്ചടി നൽകി രണ്ടാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. എന്നാൽ അടുത്ത സീസൺ അതിനെ മറികടക്കാൻ തന്നെയാണ് ഗണ്ണേഴ്‌സ്‌ ഒരുങ്ങുന്നത്.

    പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ ആദ്യ ഇലവനിലും ബെഞ്ചിലും മികച്ച താരങ്ങൾ കൂടിയേ തീരുവെന്ന് ബോധ്യമുള്ളതിനാൽ സ്‌ക്വാഡിനെ ശക്തമാക്കാനാണ് ആഴ്‌സണൽ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ബ്രിട്ടീഷ് ട്രാൻസ്‌ഫർ റെക്കോർഡ് തകർത്ത തുകക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് മധ്യനിര താരമായ ഡെക്ലൻ റൈസിനെ അവർ സ്വന്തമാക്കുകയുണ്ടായി. വെസ്റ്റ് ഹാമും താരവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

    105 മില്യൺ പൗണ്ടിനാണ് ഇംഗ്ലണ്ട് മധ്യനിര താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇത് ബ്രിട്ടീഷ് ക്ലബുകൾക്കിടയിലെ ഒരു ട്രാൻസ്‌ഫർ റെക്കോർഡാണ്. അതിനു പുറമെ ആഴ്‌സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറും റൈസിന്റേതു തന്നെയാണ്. ബെൻഫിക്കയിൽ നിന്നും എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയയതാണ് ഒരു പ്രീമിയർ ലീഗ് ക്ലബിന്റെ ഏറ്റവും ഉയർന്ന തുകയുടെ ട്രാൻസ്‌ഫർ.

    പത്ത് വർഷമായി വെസ്റ്റ് ഹാമിൽ കളിക്കുന്ന റൈസ് കഴിഞ്ഞ സീസണിൽ ക്ലബിനൊപ്പം ആദ്യത്തെ കിരീടം നേടിയാണ് ക്ലബ് വിടുന്നത്. കോൺഫറൻസ് ലീഗ് കിരീടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് നേടിയ മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള റൈസിന് വേണ്ടി ശ്രമം നടത്തി എങ്കിലും താരം ആഴ്‌സണലിനെയാണ് തിരഞ്ഞെടുത്തത്. ഇതോടെ അടുത്ത സീസണിൽ കൂടുതൽ കരുത്തോടെയാണ് ആഴ്‌സണൽ കളത്തിലിറങ്ങുകയെന്ന കാര്യവും തീർച്ച

  4. ഇത്തവണ നഷ്‌ടമായ പ്രീമിയർ ലീഗ് അടുത്ത സീസണിൽ നേടണം, ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫറിനൊരുങ്ങി ആഴ്‌സണൽ

    Leave a Comment

    നിരവധി വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ആധിപത്യം പുലർത്തിയ ഒരു സീസണായിരുന്നു ഇത്തവണത്തേത്. കിരീടം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ലാപ്പിൽ കാലിടറിയ അവർക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പ്രീമിയർ ലീഗ് കിരീടം അടിയറവ് വെക്കേണ്ടി വന്നു. സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാതെയാണ് ആഴ്‌സണൽ സീസൺ അവസാനിപ്പിച്ചത്.

    ഈ സീസണിൽ നഷ്‌ടമായ കിരീടം അടുത്ത തവണ സ്വന്തമാക്കാൻ ഉറപ്പിച്ചു തന്നെയാണ് ആഴ്‌സണൽ മുന്നോട്ടു പോകുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന ടീം ക്ലബ് റെക്കോർഡ് തുകയുടെ ഓഫർ നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെസ്റ്റ്ഹാം യുണൈറ്റഡ് താരമായ ഡെക്ലൻ റൈസിന് വേണ്ടിയാണ് ആഴ്‌സണൽ വലിയ തുകയുടെ ഓഫർ നൽകിയിരിക്കുന്നത്.

    നേരത്തെ നിക്കോളാസ് പെപ്പയെ സ്വന്തമാക്കാൻ വേണ്ടിയാണ് ആഴ്‌സണൽ ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫർ നടത്തിയത്. എഴുപത്തിരണ്ട് മില്യൺ യൂറോയാണ് താരത്തിനായി 2019ൽ ആഴ്‌സണൽ മുടക്കിയത്. എന്നാൽ ഇപ്പോൾ റൈസിനായി ആഴ്‌സണൽ നൽകിയ അവസാനത്തെ ബിഡ് 90 മില്യൺ യൂറോ വരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതുവരെയും താരത്തിന്റെ കാര്യത്തിൽ വെസ്റ്റ്ഹാം തീരുമാനമൊന്നും എടുത്തിട്ടില്ല.

    ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന കളിക്കാരനാണ് റൈസ്. എന്നാൽ താരത്തെ സ്വന്തമാക്കുക ആഴ്‌സനലിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. നിലവിൽ മറ്റു ക്ലബുകൾ താരത്തിനായി സജീവമായ ശ്രമങ്ങൾ നടത്തുന്നില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് റൈസിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

  5. ഇനിയും പ്രീമിയർ ലീഗ് നേടാനാവും, ആത്മവിശ്വാസം കൈവിടാതെ അർടെട്ട

    Leave a Comment

    ഈ സീസണിന്റെ തുടക്കം മുതൽ പ്രീമിയർ ലീഗിൽ മുന്നിൽ നിന്നിരുന്ന ആഴ്‌സണൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ കഴിഞ്ഞ മത്സരത്തോടെ വളരെയധികം കുറഞ്ഞിട്ടുണ്ട്. ഇപ്പോഴും മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നുണ്ടെങ്കിലും അവർ രണ്ടു മത്സരം കുറവാണ് കളിച്ചതെന്നത് ആഴ്‌സണലിന് ഭീഷണിയാണ്.

    ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്‌സണലിനെതിരെ വിജയം നേടിയത്. കെവിൻ ഡി ബ്രൂയ്ൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ്, ഹാലാൻഡ്‌ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. പ്രതിരോധതാരം റോബ് ഹോൾഡിങ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ആഴ്‌സണലിന്റെ ആശ്വാസഗോൾ സ്വന്തമാക്കി.

    കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വ്യക്തമായ ആധിപത്യം ഇപ്പോഴുണ്ടെങ്കിലും ആഴ്‌സണലിന് ഇപ്പോഴും സാധ്യതയുണ്ടെന്നാണു പരിശീലകൻ അർടെട്ട പറയുന്നത്. “ഞാനങ്ങനെയാണ് കരുതുന്നത്. മികച്ച ടീമാണ് കഴിഞ്ഞ മത്സരം വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. രണ്ടു ടീമുകളും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരുന്നു.”

    “അസാധാരണമായൊരു ടീമിനെതിരെ അടിസ്ഥാനപരമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. ഞങ്ങളത് ചെയ്‌തില്ല, അതിനു ശിക്ഷ ലഭിക്കുകയും ചെയ്‌തു. ഈ സീസണിന്റെ തുടക്കത്തിലേ കണക്കുകൾ പ്രകാരം ഞങ്ങൾ ആറാമതോ ഏഴാമതോ എത്തുമെന്നായിരുന്നു. ഇനിയും അഞ്ചു മത്സരങ്ങൾ കളിക്കാനുണ്ട്. ഈ ലീഗിൽ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുള്ള എനിക്കറിയാം കാര്യങ്ങൾ എങ്ങിനെ മാറുമെന്ന്.” അദ്ദേഹം പറഞ്ഞു.

    അടുത്ത മൂന്നു മത്സരങ്ങൾ വളരെ പ്രധാനമാണെന്നും അതിൽ മികച്ച പ്രകടനം നടത്തിയാലേ തിരിച്ചു വരാൻ കഴിയുമോയെന്ന് മനസിലാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആഴ്‌സനലിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളിൽ ചെൽസി, ന്യൂകാസിൽ. ബ്രൈറ്റൻ എന്നിവർക്കെതിരെ നടക്കുന്ന മത്സരങ്ങൾ കടുപ്പമുള്ളതായിരിക്കാൻ സാധ്യതയുണ്ട്.

  6. ഹാഫ്‌വേ ലൈനിൽ നിന്നുമൊരു വണ്ടർസ്ട്രൈക്ക്, ആഴ്‌സണലിന്റെ മോഹങ്ങളവസാനിപ്പിച്ച അത്ഭുതഗോളിനു കയ്യടി

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നേടാൻ കുതിച്ചു കൊണ്ടിരിക്കുന്ന ആഴ്‌സണലിനു പക്ഷെ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ നിരാശയായിരുന്നു ഫലം. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടു പാദങ്ങളിലുമായി സമനില വഴങ്ങിയ ആഴ്‌സണൽ ഷൂട്ടൗട്ടിൽ സ്പോർട്ടിങ് ക്ലബിനോട് കീഴടങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായി. ഇതോടെ സീസണിൽ പ്രീമിയർ ലീഗ് കിരീടം മാത്രമേ ആഴ്‌സണലിന് പ്രതീക്ഷയുള്ളൂ.

    സ്പോർട്ടിങ്ങിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞതോടെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ആഴ്‌സണൽ. ഇന്നലെ നടന്ന മത്സരത്തിൽ മുന്നിലെത്തിയെങ്കിലും പിന്നീട് സമനില വഴങ്ങിയാണ് ആഴ്‌സണൽ ഷൂട്ടൗട്ടിൽ തോൽവി വഴങ്ങിയത്.

    അതേസമയം ആഴ്‌സണലിനെതിരെ സമനില നേടിയ ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. പോർച്ചുഗീസ് താരമായ പെഡ്രോ ഗോൻകാൽവസ് ഹാഫ്‌വേ ലൈനിൽ നിന്നുമുള്ള ഷോട്ടിലൂടെയാണ് ഗോൾ നേടിയത്. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച കീപ്പർമാരിൽ ഒരാളായ റാംസ്‌ഡെലിനെയാണ് താരം തന്റെ പെർഫെക്റ്റ് ഷോട്ടിലൂടെ പരാജയപ്പെടുത്തിയത്.

    ഹാഫ്‌വേ ലൈനിൽ വെച്ച് പൗലിന്യോ നൽകിയ പന്ത് സ്വീകരിച്ച ഗോൺകാലസ് അതുമായി ആഴ്‌സനലിന്റെ ഹാഫിലേക്ക് ഒന്ന് മുന്നേറിയതിനു ശേഷം നേരിട്ട് ഷൂട്ട് എടുത്തു. ആഴ്‌സണൽ ഗോൾകീപ്പർ മുന്നോട്ടു കയറി നിൽക്കുന്നത് മുതലെടുക്കാനുള്ള താരത്തിന്റെ ശ്രമം കൃത്യമായി വിജയിച്ചു. ആരോൺ പരമാവധി ശ്രമിച്ചെങ്കിലും ബാറിനടുത്തുകൂടി പന്ത് വലയിലേക്ക് കൃത്യമായി വീണു.

    മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഈ സീസനിലിനി പ്രീമിയർ ലീഗ് കിരീടം മാത്രമേ ആഴ്‌സണലിന് പ്രതീക്ഷയുള്ളൂ. അതിൽ തന്നെ അഞ്ചു പോയിന്റ് മാത്രം പിന്നിലുള്ള മാഞ്ചസ്റ്റർ സിറ്റി വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ യൂറോപ്പയിൽ നിന്നും പുറത്തായതോടെ ആഴ്‌സണലിന് പ്രീമിയർ ലീഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

  7. “ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദ”- എമിലിയാനോയെ നാണം കെടുത്തിയ ബ്രസീലിയൻ താരത്തിനെതിരെ വിമർശനം

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയും ആഴ്‌സണലും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ ആഴ്‌സണൽ രണ്ടു തവണ പിന്നിൽ നിന്നതിനു ശേഷം പൊരുതി വിജയം സ്വന്തമാക്കിയിരുന്നു. ഇഞ്ചുറി ടൈമിൽ നേടിയ രണ്ടു ഗോളുകളാണ് ആഴ്‌സണലിന് വിജയവും പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിലെ രണ്ടു ഗോളുകളിലും ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോക്ക് പങ്കുണ്ടായിരുന്നു. ഒരു സെൽഫ് ഗോൾ വഴങ്ങിയ താരം അതിനു പുറമെ അവസാന ഗോളിന് കാരണമായ പിഴവും വരുത്തി.

    അവസാന മിനിറ്റുകളിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ തിരിച്ചടിക്കാൻ എമിലിയാനോ മാർട്ടിനസും പോയിരുന്നു. എന്നാൽ താരത്തിന്റെ ലക്‌ഷ്യം നടന്നില്ല, ആഴ്‌സണൽ പ്രത്യാക്രമണം നടത്തി നാലാം ഗോൾ സ്വന്തമാക്കി വിജയം ഉറപ്പിച്ചു. എമിലിയാനോ മാർട്ടിനസ് നിസ്സഹായനായി നോക്കി നിൽക്കെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്‌സനലിനായി നാലാമത്തെ ഗോൾ നേടിയത്.

    ഗോൾ നേടുന്നതിനു മുൻപ് തന്നെ ഗബ്രിയേൽ മാർട്ടിനെല്ലി ആഘോഷം നടത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എമിലിയാനോ മാർട്ടിനസിന്റെ വിമർശകരെല്ലാം താരത്തിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു. എന്നാൽ മാർട്ടിനെല്ലിയുടെ പ്രവൃത്തി ഒട്ടും ഉചിതമായില്ലെന്നാണ് മുൻ ആസ്റ്റൺ വില്ല താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗാബി അബൊലഹോർ മത്സരത്തിന് ശേഷം പറഞ്ഞത്.

    മത്സരത്തിൽ തനിക്ക് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന നിമിഷം മാർട്ടിനെല്ലി ഗോൾ അടിക്കുന്നതിനു മുൻപേ തന്നെ അത് ആഘോഷിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ ടാപ്പിൻ ഗോൾ അടിക്കുന്നതിനു മുൻപ് ഇത്രയും ആഘോഷം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഒരു മാസത്തോളം ഇത് അസംബന്ധമാണ് താരത്തിന് തോന്നുമെന്നും ഒപ്പം കളിക്കുന്നവരോടുള്ള അപമര്യാദയാണിതെന്നും അദ്ദേഹം അറിയിച്ചു.

    അതേസമയം മത്സരം മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഗാബിക്കുള്ളത്. രണ്ടു ടീമുകളും നന്നായി പൊരുതിയെന്നും ആദ്യപകുതിയിൽ ഒന്നു പുറകോട്ടു പോയ ആഴ്‌സണൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിൽ വിജയിച്ചതോടെ ആഴ്‌സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു.

  8. എമിലിയാനോ മാർട്ടിനസിന്റെ മണ്ടത്തരത്തിൽ ഗോൾ വഴങ്ങി, വിമർശനവുമായി ഉനെ എമറി

    Leave a Comment

    ആഴ്‌സണലും ആസ്റ്റൺ വില്ലയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം സംഭവബഹുലമായിരുന്നു. സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ല രണ്ടു തവണ ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ആഴ്‌സണൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ആസ്റ്റൺ വില്ലക്കായി വാറ്റ്കിൻസ്, കുട്ടീന്യോ എന്നിവർ ഗോൾ നേടിയപ്പോൾ ആഴ്‌സനലിനായി സാക്ക, സിൻചെങ്കോ, മാർട്ടിനെല്ലി എന്നിവർക്ക് പുറമെ എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോളും ഉണ്ടായിരുന്നു.

    അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹീറോയായ എമിലിയാനോ മാർട്ടിനസിനെതിരെ മത്സരത്തിന് ശേഷം ട്രോളുകൾ ഉയർന്നു വരുന്നുണ്ട്. ആസ്റ്റൺ വില്ലയും ആഴ്‌സണലും രണ്ടു ഗോളുകൾ നേടി സമനിലയിൽ നിൽക്കുന്ന സമയത്ത് ഇഞ്ചുറി ടൈമിലാണ് എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോൾ പിറക്കുന്നത്. അത് തടുക്കാൻ കഴിയാത്ത ഒരു ദൗർഭാഗ്യമായി കണക്കാക്കാമെങ്കിലും അതിനു ശേഷം താരം കാണിച്ച അബദ്ധം മറ്റൊരു ഗോളിനും കാരണമായി.

    തൊണ്ണൂറ്റിയാറാം മിനുട്ടിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ നേടാൻ എമിലിയാനോ മാർട്ടിനസും ആഴ്‌സണൽ ബോക്സിൽ എത്തിയിരുന്നു. എന്നാൽ കോർണറിനു പിന്നാലെ ആസ്റ്റൺ വില്ല ആരംഭിച്ച പ്രത്യാക്രമണത്തിൽ നിന്നും അവർ ഗോൾ നേടി. ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്. സ്വന്തം പോസ്റ്റിലേക്ക് ഓടിയെത്താൻ എമിലിയാനോ ശ്രമിച്ചെങ്കിലും താരം നിസ്സഹായനായി നോക്കി നിൽക്കെ ഗോൾകീപ്പറില്ലാത്ത പോസ്റ്റിലേക്ക് മാർട്ടിനെല്ലി പന്തെത്തിക്കുകയായിരുന്നു.

    മത്സരത്തിന് ശേഷം കോർണറിനായി ആഴ്‌സണൽ ബോക്‌സിലെത്തിയ എമിലിയാനോയെ ഉനെ എമറി വിമർശിക്കുകയുണ്ടായി. തന്റെ ഗോൾകീപ്പറോട് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗോളടിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം നൂറിൽ ഒരിക്കൽ മാത്രം അങ്ങിനെ ഗോൾ നേടാൻ ഗോൾകീപ്പർക്ക് കഴിയുമ്പോൾ ഇരുപതിൽ പത്ത് തവണയും അത് വഴിയുള്ള പ്രത്യാക്രമണത്തിൽ നിന്നും ഗോൾ വഴങ്ങുമെന്നും പറഞ്ഞു. 2-3നു തോൽക്കുന്നതിനേക്കാൾ മോശമാണ് 2-4നു തോൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങിയ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് വഴങ്ങിയിരിക്കുന്നത്. ആഴ്‌സണലിന് പുറമെ ലൈസ്റ്റർ സിറ്റിക്കെതിരെയും നാല് ഗോൾ വഴങ്ങിയ താരം മാഞ്ചസ്റ്റർ സിറ്റിയോട് മൂന്നു ഗോളും വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും ആസ്റ്റൺ വില്ല പരാജയപ്പെടുകയും ചെയ്‌തു.

  9. ചുവടുകൾ പിഴച്ച് ആഴ്‌സണൽ, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച കുതിപ്പുമായി മുന്നോട്ടു പോവുകയായിരുന്ന ആഴ്‌സണലിന് ചുവടുകൾ പിഴക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങിയതോടെ ലീഗിലെ ഒന്നാം സ്ഥാനം ആഴ്‌സണലിന് നഷ്‌ടമായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആഴ്‌സനലിന്റെ മൈതാനത്ത് വിജയം നേടിയതോടെ ഇരുപത്തിമൂന്നു മത്സരങ്ങളിൽ 51 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്താണ്. അതെ പോയിന്റുള്ള ആഴ്‌സണൽ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത് എന്നതിനാൽ സിറ്റിയെ മറികടക്കാൻ അവർക്ക് അവസരമുണ്ട്.

    ഇന്നലെ നടന്ന മത്സരത്തിൽ ആദ്യപകുതിൽ ചുവടുറപ്പിക്കാൻ പ്രയാസപ്പെട്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് മുന്നിലെത്തിയത്. ഇരുപത്തിനാലാം മിനുട്ടിൽ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്ൻ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടുന്നത്. എന്നാൽ ആദ്യപകുതി അവസാനിക്കും മുൻപ് തന്നെ ആഴ്‌സണൽ സമനില ഗോൾ കണ്ടെത്തി. നാല്‌പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്കയാണ് ആഴ്‌സലിന്റെ സമനിലഗോൾ നേടിയത്.

    എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നുകൂടി ശക്തമായി പൊരുതി. എഴുപത്തിരണ്ടാം മിനുട്ട് വരെ മത്സരം സമനിലയിൽ തന്നെ കുരുങ്ങി മുന്നോട്ട് പോയെങ്കിലും ജാക്ക് ഗ്രീലിഷ് അതിനു ശേഷം ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എൺപത്തിരണ്ടാം മിനുട്ടിൽ ഡി ബ്രൂയ്‌ന്റെ അസിസ്റ്റിൽ ഏർലിങ് ഹാലാൻഡ് മൂന്നാം ഗോൾ നേടിയതോടെ സിറ്റി വിജയമുറപ്പിച്ചു. ഈ സീസണിൽ ഹാലാൻഡ് നേടുന്ന ഇരുപത്തിയാറാമത്തെ ലീഗ് ഗോളാണ് ഇന്നലെ പിറന്നത്.

    കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ആഴ്‌സണൽ ഒരെണ്ണത്തിൽ പോലും വിജയം നേടിയിട്ടില്ല. സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ടീമിന്റെ ഇപ്പോഴത്തെ മോശം പ്രകടനം വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. അതേസമയം ആഴ്‌സനലിനെ മറികടക്കാൻ മികച്ച പ്രകടനം നടത്തണമെന്ന് ബോധ്യമുള്ള മാഞ്ചസ്റ്റർ സിറ്റി അതിനായി ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. എന്തായാലും പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം ഇനി ആവേശം നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

  10. പ്രീമിയര്‍ലീഗില്‍ വമ്പന്‍മാര്‍ക്ക് ഭീഷണി; കിരീടപോരാട്ടം കനക്കുന്നു, അപ്രതീക്ഷിത കുതിപ്പുമായി ചെറിയ ക്ലബുകള്‍

    Leave a Comment

    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ കിരീടപോരാട്ടം ശക്തമാകുമെന്ന് സൂചന നല്‍കി ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അടച്ച ശേഷമുള്ള ആദ്യ ആഴ്ചയിലെ മത്സരങ്ങള്‍. നിലവില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ആഴ്‌സനലും രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും തോല്‍വി നേരിട്ടപ്പോള്‍ തൊട്ടുപിന്നിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനവും വിജയിച്ചുകയറി. ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറ്റവുംകൂടുതല്‍ തുക മുടക്കിയ ചെല്‍സിയ്ക്ക് വിജയംനേടാനുമായില്ല. ഇതോടെ സംഭവബഹുലമായ വീക്കെന്‍ഡാണ് കഴിഞ്ഞുപോയത്.


    റെക്കോര്‍ഡ് തുകക്ക് ടീമിലെത്തിച്ച എന്‍സോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെയുള്ള താരങ്ങളെ ആദ്യവാസാനം കളത്തിലിറക്കിയിട്ടും ചെല്‍സി ഫുള്‍ഹാമിനെതിരെ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ ടോപ്പില്‍ നില്‍ക്കുന്ന ആഴ്‌സനലിനെ 18ാംസ്ഥാനത്തുള്ള എവര്‍ട്ടനാണ് അട്ടിമറിച്ചത്. പ്രമുഖതാരങ്ങളെയെല്ലാം കളത്തിലിറക്കിയിട്ടും തോല്‍വിനേരിട്ടത് ആഴ്‌സനലിന് ലീഗില്‍ ശുഭസൂചനയല്ല നല്‍കുന്നത്. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. വോള്‍വ്‌സിനോട് ഏകപക്ഷീയമായ മൂന്ന് ഗോളിന് തോറ്റ് ലിവര്‍പൂള്‍ വീണ്ടും ദുരന്തമായി.


    പോയന്റ് ടേബിളില്‍ നിലവില്‍ പത്താംസ്ഥാനത്താണ് ലിവര്‍. പ്രമുഖതാരങ്ങളെല്ലാം ചെമ്പടക്കായി ഇറങ്ങിയിട്ടും ഫോമിലേക്ക് തിരിച്ചെത്താനായില്ല. ഈസീസണില്‍ മിന്നുംഫോമിലുള്ള ന്യൂകാസിലിനും ഈആഴ്ച നിരാശയുടേതായി. വെസ്റ്റ്ഹാമാണ് സമനിലയില്‍തളച്ചത്. ഇരുടീമുകളും ഓരോഗോള്‍വീതമാണ് നേടിയത്. ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം മത്സരമായിരുന്നു. ആഴ്ചയിലെ അവസാന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിറ്റിക്ക് അടിതെറ്റി. ഹാരികെയിനിന്റെ ഗോളിലാണ് സ്വന്തം മൈതാനത്ത് ടോട്ടനം കരുത്ത്കാട്ടിയത്. ഇതോടെ ആഴ്‌സനലുമായുള്ള പോയന്റ് വ്യത്യാസം കുറക്കാനുള്ള സുവര്‍ണാവസരം പെപ് ഗ്വാര്‍ഡിയോളക്കും സംഘത്തിനും നഷ്ടമായി.


    നിലവില്‍ 20 കളിയില്‍ 16 വിജയവുമായി 50പോയന്റാണ് ആഴ്‌സനലിന്റെ സമ്പാദ്യം. ഒരുമത്സരം കൂടുതല്‍കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് 45പോയന്റാണുള്ളത്. 21 കളിയില്‍ 13 ജയമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 42പോയന്റുമായി തൊട്ടുപിന്നിലുണ്ട്. ന്യൂകാസില്‍ യുണൈറ്റഡ് 40പോയന്റുമായി നാലാമതും ടോട്ടനം 39 പോയന്റുമായി അഞ്ചാമതും നില്‍ക്കുന്നു. ഇനിയുള്ള ആഴ്ചയിലെ വിജയപരാജയങ്ങള്‍ ഗ്രൂപ്പില്‍ വലിയ മാറ്റംവരുത്തുമെന്നതിനാല്‍ മത്സരം കടുത്തതാകുമെന്നുറപ്പായി.