Tag Archive: Angel Di maria

  1. മെസിക്കും ഡി മരിയക്കും മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂ, തുറന്നടിച്ച് സ്‌കലോണി

    Leave a Comment

    തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടം ലക്ഷ്യമിട്ടു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് അർജന്റീന. ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം കഴിഞ്ഞ മൂന്നു വർഷത്തിൽ മൂന്നു പ്രധാന കിരീടങ്ങൾ നേടിയ അർജന്റീന ടീം ജൂണിൽ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയിലാണ്. കോപ്പ അമേരിക്കയിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമും അർജന്റീനയാണ്.

    ഖത്തർ ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഒട്ടുമിക്ക താരങ്ങളും ഇപ്പോഴും അർജന്റീന ടീമിനൊപ്പമുണ്ട്. കോപ്പ അമേരിക്കക്ക് ശേഷം പലരും വിരമിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അതിനൊപ്പം മികച്ച യുവതാരങ്ങൾ ഉയർന്നു വരികയും ചെയ്യുന്നുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ ടീമിൽ ഇടം പിടിക്കാനുള്ള പോരാട്ടം കടുത്തതാകുമെന്ന സൂചന നൽകിയ സ്‌കലോണി രണ്ടു താരങ്ങൾക്ക് മാത്രമേ കോപ്പ അമേരിക്ക ടീമിൽ സ്ഥാനമുറപ്പുള്ളൂവെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.

    “ഇപ്പോൾ ടീമിലുള്ള ഒരാൾക്കും കോപ്പ അമേരിക്ക സ്‌ക്വാഡിൽ സ്ഥാനം ഉറപ്പില്ല. ഉറപ്പുള്ള ഒരേയൊരാൾ നിലവിൽ ടീമിനൊപ്പമില്ല. അതാരാണെന്ന് നിങ്ങൾക്കറിയാമല്ലോ. അതിനു പുറമെ ഏഞ്ചൽ ഡി മരിയക്കും ടീമിൽ സ്ഥാനമുണ്ട്. ബാക്കിയുള്ളവർ കഠിനമായി അധ്വാനിച്ചാൽ മാത്രമേ ടീമിലെത്തൂ.” കോസ്റ്റാറിക്കക്കെതിരെ കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതിനു ശേഷം സ്‌കലോണി പറഞ്ഞു.

    നിരവധി താരങ്ങളാണ് അർജന്റീന ടീമിലേക്കുള്ള സ്ഥാനത്തിനായി പോരാടുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ അർജന്റീനക്കുണ്ട്. ഈ കോപ്പ അമേരിക്കക്ക് ശേഷം ചില താരങ്ങൾ വിരമിക്കാൻ സാധ്യതയുള്ളതിനാൽ ടൂർണമെന്റിന് ശേഷം അർജന്റീന ടീമിൽ വലിയൊരു അഴിച്ചുപണി പ്രതീക്ഷിക്കാം.

  2. തീരുമാനത്തിൽ മാറ്റമില്ല, അർജന്റീന ദേശീയ ടീമിനൊപ്പം തുടരാൻ പദ്ധതിയില്ലെന്ന് ഡി മരിയ

    Leave a Comment

    ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതിനു പിന്നാലെ ഡി മരിയ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് ഭൂരിഭാഗവും കരുതിയിരുന്നു. എന്നാൽ ലോകചാമ്പ്യന്മാർ എന്ന നിലയിൽ ദേശീയ ടീമിനൊപ്പം തുടരാനുള്ള ആഗ്രഹം കാരണം ഡി മരിയ ടീമിനൊപ്പം തന്നെ നിന്നു. വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് വരെ ദേശീയ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

    കോപ്പ അമേരിക്കക്ക് ശേഷം ഏഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനിടയിൽ മറ്റു ചില അഭ്യൂഹങ്ങൾ വന്നിരുന്നു. കോപ്പ അമേരിക്കക്ക് പിന്നാലെ നടക്കുന്ന ഒളിമ്പിക്‌സ് ടൂർണമെന്റിൽ മെസിയും ഡി മരിയയും അർജന്റീന ടീമിനൊപ്പം ഉണ്ടാകുമെന്നും ഒരു കിരീടത്തിനു കൂടി വേണ്ടി അവർ ഒരുമിച്ച് പൊരുതുമെന്നുമായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

    എന്നാൽ കഴിഞ്ഞ ദിവസം ഈ അഭ്യൂഹങ്ങൾ നിഷേധിച്ച് ഡി മരിയ തന്നെ രംഗത്തു വരികയുണ്ടായി. കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിൽ നിന്നും വിരമിക്കുമെന്നു പറഞ്ഞ തന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടീമിൽ അവസരം ലഭിക്കാൻ കാത്തിരിക്കുന്ന നിരവധി യുവതാരങ്ങൾക്ക് വേണ്ടി മാറിക്കൊടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ഇതോടെ കോപ്പ അമേരിക്ക ഡി മരിയയുടെ അവസാനത്തെ ടൂർണമെന്റ് ആകുമെന്ന് ഉറപ്പായി. അതേസമയം അടുത്ത ഒളിമ്പിക്‌സിൽ മെസി കളിക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. അർജന്റീന ടീമിനൊപ്പം കിരീടങ്ങൾ നേടാൻ മെസിക്ക് ആഗ്രഹമുണ്ട്. മഷറാനോയാണ് പരിശീലകൻ എന്നതിനാലും മെസി ഒളിമ്പിക്‌സിൽ കളിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

  3. കോർണർ കിക്കിൽ നിന്നും നേരിട്ടൊരു ഗോൾ, ഡി മരിയ വീണ്ടും അത്ഭുതമാകുന്നു

    Leave a Comment

    കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവയുടെ കലാശപ്പോരാട്ടത്തിൽ ഗോൾ നേടിയ താരം തന്റെ അവസാനത്തെ ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ആരും മറക്കാനിടയില്ല. ആ പ്രകടനത്തോടെ അർജന്റീന ആരാധകരുടെ ഹൃദയത്തിൽ ഡി മരിയ എന്നും ഇടം പിടിക്കും.

    കഴിഞ്ഞ സമ്മറിൽ യുവന്റസ് വിട്ട് പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയ ഡി മരിയ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോൾ ഇപ്പോൾ തരംഗമായി മാറുകയാണ്. ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗിനെതിരെ ബെൻഫിക്ക ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് ഡി മരിയ നേടിയത്. ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ആ വിജയത്തിലൂടെ യൂറോപ്പ ലീഗ് യോഗ്യത നേടാൻ ബെൻഫിക്കക്ക് കഴിഞ്ഞു.

    മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുട്ടിലാണ് ഡി മരിയയുടെ ഗോൾ പിറന്നത്. കോർണർ എടുത്ത താരം അത് പോസ്റ്റിലേക്ക് വളച്ചിറക്കുകയായിരുന്നു. ഡി മരിയയുടെ കോർണർ കുത്തിയകറ്റാൻ സാൽസ്ബർഗ് താരങ്ങൾ ശ്രമം നടത്തിയെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. സാൽസ്ബർഗ് താരങ്ങൾ ശ്രമിച്ചതിനാൽ തന്നെ ഗോൾ കീപ്പർക്കും പന്തിന്റെ ദിശ കൃത്യമായി മനസിലായില്ല. പന്ത് നേരെ വലയിലേക്ക് കയറി ടീമിന് ആദ്യത്തെ ഗോൾ സമ്മാനിക്കുകയായിരുന്നു.

    മത്സരത്തിൽ ഒരു ഗോളിന് പുറമെ ഒരു അസിസ്റ്റും സ്വന്തമാക്കിയ ഡി മരിയ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ ഉണ്ടായിട്ടും അടുത്ത കോപ്പ അമേരിക്കയിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെ ബെൻഫിക്കയിൽ തുടർന്ന ഡി മരിയ മികച്ച പ്രകടനമാണ് നടത്തുന്നത്. കോപ്പ അമേരിക്കയിൽ കൂടി പങ്കെടുത്ത് താരം ദേശീയ ടീമിൽ നിന്നും വിടവാങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  4. കോപ്പ അമേരിക്ക അവസാനത്തെ പോരാട്ടം തന്നെ, ദേശീയ ടീമിൽ നിന്നും വിരമിക്കാനുറപ്പിച്ച് ഡി മരിയ

    Leave a Comment

    കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിനു പ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത പോരാട്ടം കാഴ്‌ച വെച്ച താരം അതിനു ശേഷം വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ദേശീയ ടീമിനൊപ്പം തന്നെ തുടരുകയായിരുന്നു. ലോകചാമ്പ്യനായി ദേശീയ ടീമിനൊപ്പം കളിക്കാനാണ് ഡി മരിയ അർജന്റീനയിൽ തുടർന്നത്.

    എന്നാൽ അർജന്റീന ടീമിൽ തന്റെ അവസാനത്തെ നാളുകൾ അടുത്ത് കഴിഞ്ഞുവെന്നാണ് ഡി മരിയ പറയുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ദേശീയ ടീമിനോട് വിടപറയുമെന്നു താരം വ്യക്തമാക്കുന്നു. ക്ലബ് തലത്തിൽ അതിനു ശേഷവും കളിക്കുമെങ്കിലും കോപ്പ അമേരിക്കക്ക് ശേഷം താരം അർജന്റീന ജേഴ്‌സി അണിയുകയില്ല.

    “കോപ്പ അമേരിക്ക ടൂർണമെന്റ് ഞാൻ അവസാനമായി അർജന്റീന ജേഴ്‌സി അണിയുന്ന അവസരമായിരിക്കും. എന്റെ ചങ്കിൽ നിറഞ്ഞു നിൽക്കുന്ന വേദനയോടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യത്തോട് ഞാൻ വിട പറയാൻ പോവുകയാണ്. ആ ജേഴ്‌സി അണിഞ്ഞതും ആ ജേഴ്‌സിയിൽ വിയർപ്പ് നിറച്ചതും അതിനെ അനുഭവിച്ചതും വളരെയധികം അഭിമാനത്തോടെ തന്നെയായിരുന്നു.” ഡി മരിയ കഴിഞ്ഞ ദിവസം കുറിച്ചു.

    അർജന്റീന ടീമിൽ എത്തിയതിനു ശേഷം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ഡി മരിയ അതിലെല്ലാം നിർണായക പങ്കു വഹിക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ മൂന്നു കിരീടനേട്ടങ്ങളുടെ കലാശപ്പോരാട്ടത്തിലും ഗോളുകൾ നേടിയ താരം കൂടിയാണ് ഡി മരിയ. നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ കളിക്കുന്ന താരം ദേശീയ ടീമിനെ ജേഴ്‌സിയിൽ നിന്നും വിടപറയുന്നത് ആരാധകർക്ക് വലിയ നിരാശ നൽകുന്ന കാര്യമാണ്.

  5. വിരമിക്കാനുള്ള സമയമടുത്തു, അപ്രതീക്ഷിതമായ പ്രഖ്യാപനവുമായി ഏഞ്ചൽ മരിയ

    Leave a Comment

    അർജന്റീന ആരാധകരെ സംബന്ധിച്ച് എക്കാലത്തെയും വലിയ ഇതിഹാസമാണ് ഏഞ്ചൽ ഡി മരിയ. ടീമിന്റെ ഉയർച്ചകളിലും താഴ്‌ചകളിലും കൂടെയുണ്ടായിരുന്ന താരം രണ്ടു കോപ്പ അമേരിക്ക ടൂർണ്ണമെന്റിന്റെയും ഒരു ലോകകപ്പിന്റെയും ഫൈനലിൽ ടീമിന്റെ തോൽ‌വിയിൽ കരഞ്ഞു മടങ്ങിയതാണ്. എന്നാൽ അതിലൊന്നും തളരാതെ പൊരുതിയ താരം തന്റെ മുപ്പത്തിയഞ്ചാം വയസിൽ ദേശീയ ടീമിനൊപ്പം എല്ലാ നേട്ടങ്ങളും സ്വന്തമാക്കുകയും അതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു.

    2021 മുതലിങ്ങോട്ട് അർജന്റീന നേടിയ മൂന്നു കിരീടങ്ങളുടെയും കലാശപ്പോരാട്ടത്തിൽ ഏഞ്ചൽ ഡി മരിയ ഗോൾ നേടിയിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ താരം നടത്തിയ പ്രകടനം അർജന്റീന ആരാധകർ ഒരിക്കലും മറക്കാത്തതാണ്. ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അർജന്റീന ടീമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർജന്റൈൻ താരം തന്റെ വിരമിക്കൽ എന്നായിരിക്കും എന്നു വ്യക്തമാക്കുകയുണ്ടായി.

    “കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ഞാൻ അർജന്റീന ടീമിൽ നിന്നും വിരമിക്കും. അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. അർജന്റീന ടീമിലെ എന്റെ സമയം കഴിഞ്ഞിരിക്കുന്നു. പിഎസ്‌ജിയിൽ ആയിരിക്കുമ്പോൾ ഞാൻ മെസിയെ കെട്ടിപ്പുണർന്ന് പറഞ്ഞു. നിങ്ങൾക്കൊപ്പം ക്ലബ് തലത്തിൽ ഒരുമിച്ച് കളിക്കാനും ദിവസവും കാണാനും ഒരുമിച്ച് പരിശീലനം നടത്താനും കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് എന്ന്.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഡി മരിയ പറഞ്ഞു.

    നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയ മികച്ച പ്രകടനമാണ് നടത്തുന്നത്. പരിക്ക് കാരണം ഇന്റർനാഷണൽ ബ്രേക്കിൽ താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഫിറ്റ്നസ് ഉണ്ടെങ്കിൽ അർജന്റീന ടീമിൽ സ്ഥാനം ഉറപ്പുള്ള താരം കോപ്പ അമേരിക്ക സമയത്ത് പരിക്ക് പറ്റരുതേ എന്നാണു ആരാധകർ ആഗ്രഹിക്കുന്നത്. കോപ്പ അമേരിക്കയിൽ കളിക്കാൻ വേണ്ടിയാണ് സൗദിയുടെ ഓഫർ തഴഞ്ഞ് താരം യൂറോപ്പിൽ തന്നെ തുടർന്നത്.

  6. ഒളിമ്പിക്‌സ് ടീമിനൊപ്പം മെസിയും ഡി മരിയയും വേണം, പ്രത്യേക നിയമം അർജന്റീന ഉപയോഗിച്ചേക്കും

    Leave a Comment

    ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ചേർന്ന് അർജന്റീനക്കായി ആദ്യത്തെ നേട്ടം സ്വന്തമാക്കുന്നത് 2008ലാണ്. ഒളിമ്പിക്‌സിൽ സ്വർണ്ണമെഡലാണ് രണ്ടു താരങ്ങളും ചേർന്ന് നേടിയത്. അതിനുശേഷം അർജന്റീന ടീമിന്റെ ഉയർച്ചകളിലും താഴ്‌ചകളിലുമെല്ലാം ഒരുമിച്ചു നിന്ന ഈ താരങ്ങൾ കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഇനി നേടാനൊന്നും ബാക്കിയില്ല. ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ചൊരു കൂട്ടുകെട്ടായി അവർ മാറിയിട്ടുണ്ട്.

    ഒരു ഒളിമ്പിക്‌സ് നേട്ടത്തിലൂടെ ഒരുമിച്ച് തുടക്കം കുറിച്ച ഇരുവർക്കും ഒരു ഒളിമ്പിക്‌സ് നേട്ടത്തിലൂടെ തന്നെ അതിനു അവസാനം കുറിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 2024 ഒളിമ്പിക്‌സിൽ അർജന്റീന ടീമിനു വേണ്ടി രണ്ടു താരങ്ങളും കളിക്കണമെന്നാണ് അർജന്റീന യൂത്ത് ടീമിന്റെ പരിശീലകനായ ഹാവിയർ മഷറാനോ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു.

    ഒളിമ്പിക്‌സിന് അർജന്റീന യോഗ്യത നേടുകയാണെങ്കിൽ മെസി, ഡി മരിയ തുടങ്ങിയ താരങ്ങളും ടീമിനൊപ്പമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മഷറാനോ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടത് ഈ താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരെയും അതിനു സമ്മതിപ്പിക്കാൻ നിരവധി വർഷങ്ങൾ അവർക്കൊപ്പം കളിച്ച മഷറാനോക്ക് കഴിയുമെന്നതിൽ സംശയമില്ല.

    അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം ഈ രണ്ടു താരങ്ങളും ദേശീയ ടീമിൽ നിന്നും വിടപറയാനുള്ള സാധ്യത നിലനിൽക്കെയാണ് അവരെ ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നത്. അണ്ടർ 23 താരങ്ങളാണ് ഒളിമ്പിക്‌സ് കളിക്കുകയെങ്കിലും അതിനേക്കാൾ പ്രായം കൂടിയ മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന നിയമം ഉപയോഗിക്കാനാണ് അർജന്റീന ഒരുങ്ങുന്നത്.

    അടുത്ത വർഷത്തെ ഒളിമ്പിക്‌സ് ടൂർണമെന്റ് പാരീസിൽ വെച്ചാണ് നടക്കുന്നത്. ഫ്രഞ്ച് ടീമിനൊപ്പം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് എംബാപ്പെ അറിയിച്ചിരുന്നു. അങ്ങിനെയാണെങ്കിൽ ഒരിക്കൽക്കൂടി മെസിയും എംബാപ്പയും നേർക്കുനേർ വരാനുള്ള സാധ്യതയുണ്ട്.

  7. സൗദിയിൽ നിന്നും വന്നത് ചിന്തിക്കാൻ കഴിയാത്ത ഓഫർ, വേണ്ടെന്നു വെച്ചതിന്റെ കാരണം വെളിപ്പെടുത്തി ഏഞ്ചൽ ഡി മരിയ

    Leave a Comment

    ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് കിരീടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ അതിന്റെ കലാശപ്പോരാട്ടത്തിലെല്ലാം ഏഞ്ചൽ ഡി മരിയ ഗോളുകൾ നേടിയിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീന ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയതും താരം തന്നെ.

    യുവന്റസ് താരമായിരുന്ന ഏഞ്ചൽ ഡി മരിയ കരാർ അവസാനിച്ചതോടെ അത് പുതുക്കാൻ തയ്യാറായില്ല. തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറുകയായിരുന്നു താരം. നിരവധി താരങ്ങൾ സൗദി അറേബ്യയിലേക്ക് വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ ചേക്കേറിയ സമയത്ത് ഡി മരിയക്കും സൗദിയിൽ നിന്നും ഓഫർ ഉണ്ടായിരുന്നു. എന്നാൽ താരം അത് വേണ്ടെന്നു വെക്കുകയായിരുന്നു.

    കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും തനിക്ക് വന്ന ഓഫറിനെക്കുറിച്ച് ഡി മരിയ വെളിപ്പെടുത്തുകയുണ്ടായി. “സൗദി അറേബ്യയിൽ നിന്നും ഒന്നല്ല, ഒരുപാട് വിളികളാണ് എന്നെ തേടിയെത്തിയത്. അവർ ഓഫർ ചെയ്‌ത പ്രതിഫലം വിശ്വസിക്കാൻ കഴിയാത്തതാണ്. എന്നാൽ ഞാൻ എന്റെ ഹൃദയം കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. എനിക്ക് ബെൻഫിക്കയിലേക്ക് തിരിച്ചു വരാനായിരുന്നു ആഗ്രഹം.” ഡി മരിയ പറഞ്ഞു.

    അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഏഞ്ചൽ ഡി മരിയ സൗദിയുടെ ഓഫർ തഴഞ്ഞത്. ഡി മരിയ മാത്രമല്ല സൗദി ഓഫർ നൽകിയ അർജന്റീന താരങ്ങളെല്ലാം അത് തഴഞ്ഞിരുന്നു. പണത്തേക്കാൾ അർജന്റീന ടീമാണ് തങ്ങൾക്ക് വലുതെന്ന് ഇതിലൂടെ താരങ്ങൾ തെളിയിച്ചു. അർജന്റീന താരങ്ങളെല്ലാം യൂറോപ്പിൽ തുടർന്നപ്പോൾ ലയണൽ മെസി മാത്രം ഇന്റർ മിയാമിയിലേക്ക് ചേക്കേറി.

  8. വീണ്ടും ഫൈനലിൽ ഗോളടിച്ച് ഡി മരിയ, ബെൻഫിക്കക്ക് കിരീടത്തോടെ സീസണിന് തുടക്കം

    Leave a Comment

    നിർണായക മത്സരങ്ങളിൽ ഗോൾവേട്ട തുടർന്ന് അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയ. കഴിഞ്ഞ ദിവസം പോർട്ടൊക്കെതിരെ നടന്ന പോർച്ചുഗീസ് സൂപ്പർകപ്പിൽ ബെൻഫിക്ക രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ ആദ്യത്തെ ഗോൾ നേടിയത് ഡി മരിയ ആയിരുന്നു. ഇതോടെ ബെൻഫിക്കയിലേക്കുള്ള രണ്ടാമത്തെ വരവിൽ കിരീടത്തോടെ തുടക്കമിടാൻ താരത്തിന് കഴിഞ്ഞു.

    യൂറോപ്പിൽ ഏഞ്ചൽ ഡി മരിയയുടെ കരിയർ ആരംഭിക്കുന്നത് ബെൻഫിക്കയിലൂടെയാണ്. അവിടെ നിന്നുമാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. അടുത്ത കോപ്പ അമേരിക്ക ടൂർണമെന്റ് ലക്ഷ്യമിട്ട് യൂറോപ്പിൽ തന്നെ തുടർന്ന ഡി മരിയ ടീമിലെത്തിയത് മുതൽ മികച്ച പ്രകടനം നടത്തുന്നു. പ്രീ സീസൺ മത്സരങ്ങളടക്കം ആറു കളികളിൽ നിന്നും നാല് ഗോളുകൾ താരം നേടിക്കഴിഞ്ഞു.

    കഴിഞ്ഞ സീസണിൽ ബെൻഫിക്കക്ക് പോർച്ചുഗീസ് ലീഗിൽ വെല്ലുവിളിയുയർത്തിയ പോർട്ടൊക്കെതിരായ മത്സരം അറുപതാം മിനുട്ട് വരെയും ഗോൾരഹിതമായിരുന്നു. എന്നാൽ അറുപത്തിയൊന്നാം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡി മരിയ ടീമിനെ മുന്നിലെത്തിച്ചു. ഏഴു മിനുട്ടിനു ശേഷം പീറ്റർ മൂസ കൂടി ഗോൾ കണ്ടെത്തിയതോടെ ബെൻഫിക്ക വിജയവും കിരീടവും ഉറപ്പിച്ചു.

    മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടി മറ്റൊരു അർജന്റീന താരമായ നിക്കോളാസ് ഓട്ടമെൻഡിയും തിളങ്ങി. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ബെൻഫിക്ക പോർച്ചുഗീസ് ലീഗ് നേടുകയും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കളിക്കുകയും ചെയ്തിരുന്നു. എൻസോ ഫെർണാണ്ടസ്, ഗോൻകാലോ റാമോസ് എന്നിവർ ടീം വിട്ടെങ്കിലും ഈ സീസണിലും മികച്ച പ്രകടനം പ്രതീക്ഷിക്കാമെന്ന് ബെൻഫിക്ക തെളിയിച്ചു.

  9. ഡി മരിയ ഞങ്ങളുടെ ഇതിഹാസതാരം, പ്രഖ്യാപനവുമായി റയൽ മാഡ്രിഡ്

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റി നിർത്തിയാൽ കളിച്ച ടീമുകളിലെല്ലാം തന്റെ അടയാളങ്ങൾ സ്ഥാപിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ലയണൽ മെസിയെപ്പോലെ തന്നെ അർജന്റീന ടീമിനൊപ്പം ഒരുപാട് വർഷങ്ങൾ കിരീടമില്ലാതെ നിന്ന താരം ഒടുവിൽ ദേശീയ ടീമിനൊപ്പം സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. ഇതോടെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായി ഡി മരിയയും ഇടം പിടിച്ചിട്ടുണ്ട്.

    കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയതിൽ പ്രധാന പങ്കു വഹിക്കാൻ ഏഞ്ചൽ ഡി മരിയക്ക് കഴിഞ്ഞിരുന്നു. മൂന്നു കിരീടങ്ങൾക്കുള്ള കലാശപ്പോരാട്ടത്തിലും താരം ഗോളുകൾ നേടുകയും ചെയ്‌തു. അതുകൊണ്ടു തന്നെയാണ് അർജന്റീന ആരാധകർക്ക് താരം പ്രിയപ്പെട്ടതായും തങ്ങളുടെ ഇതിഹാസമായും മാറുന്നത്.

    അതേസമയം ഏഞ്ചൽ ഡി മരിയ അർജന്റീനയുടെ മാത്രം ഇതിഹാസമല്ല, തങ്ങളുടേത് കൂടിയാണ് എന്ന പ്രഖ്യാപനം റയൽ മാഡ്രിഡ് നടത്തിയിട്ടുണ്ട്. ക്ലബിന്റെ എക്കാലത്തെയും ഇതിഹാസങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ദിവസം ഡി മരിയയെയും അവർ ഉൾപ്പെടുത്തി. റയൽ മാഡ്രിഡിനെപ്പോലെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിൽ നാല് വർഷം കളിച്ച ഡി മരിയക്ക് ഇതൊരു വലിയ അംഗീകാരം തന്നെയാണ്.

    2010 മുതൽ 2014 വരെ റയൽ മാഡ്രിഡിനൊപ്പം ഏഞ്ചൽ ഡി മരിയ ഉണ്ടായിരുന്നു. കാർലോ ആൻസലോട്ടി പരിശീലകനായിരുന്ന സമയത്ത് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ ക്ലബിന്റെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു ഡി മരിയ. അന്നത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിയിലെ താരമായ ഏഞ്ചൽ ഡി മരിയ അർഹിച്ച ബഹുമതി തന്നെയാണ് റയൽ മാഡ്രിഡ് നൽകിയത്.

  10. റൊണാൾഡോയെ നിഷ്പ്രഭമാക്കിയ സ്‌കില്ലുമായി ഏഞ്ചൽ ഡി മരിയ, അൽ നസ്റിന് വീണ്ടും വമ്പൻ തോൽവി

    Leave a Comment

    പുതിയ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസൺ മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയോട് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമായ അൽ നസ്ർ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നസ്ർ തോൽവി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സെൽറ്റ വിഗോയോട് അഞ്ചു ഗോളുകൾക്ക് തോറ്റ അൽ നസ്‌റിന്റെ തുടർച്ചയായ രണ്ടാമത്തെ തോൽവിയായിരുന്നു ഇന്നലത്തേത്.

    മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനുട്ടിൽ തന്നെ ബെൻഫിക്കയിലേക്ക് തിരിച്ചെത്തിയ ഏഞ്ചൽ ഡി മരിയ ക്ലബ്ബിനെ മുന്നിലെത്തിച്ചു. മനോഹരമായ ഗോളാണ് താരം നേടിയത്. ബെൻഫിക്കയിലേക്ക് തിരിച്ചു വന്നതിനു ശേഷം കളിച്ച രണ്ടാമത്തെ മത്സരത്തിലും ഗോൾ നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം പോർച്ചുഗൽ താരം ഗോൺകാലോ റാമോസ് നേടിയ ഇരട്ടഗോളിൽ ആദ്യപകുതിയിൽ തന്നെ ബെൻഫിക്ക മൂന്നു ഗോളുകൾക്ക് മുന്നിലെത്തും.

    ആദ്യപകുതിയിൽ അൽ നസ്ർ ഒരു ഗോൾ തിരിച്ചടിക്കുമെങ്കിലും രണ്ടാം പകുതിയിൽ ബെൻഫിക്ക ഒരു ഗോൾ കൂടി നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഏഞ്ചൽ ഡി മരിയ റൊണാൾഡോയെ വട്ടം കറക്കിയ ഒരു സ്‌കിൽ പുറത്തെടുത്തത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഡി മരിയയെ തടുക്കാൻ കഴിയാത്ത റൊണാൾഡോയാണോ മെസിയുമായി ഏറ്റുമുട്ടാൻ പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

    പ്രീ സീസണിൽ റൊണാൾഡോ കളിച്ച രണ്ടാമത്തെ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയ അൽ നസ്ർ റൊണാൾഡോ ഇറങ്ങിയ രണ്ടു മത്സരത്തിലും തോൽവി വഴങ്ങി. റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞതുമില്ല. ഇനി പിഎസ്‌ജി, ഇന്റർ മിലാൻ എന്നിവരുമായി അൽ നസ്ർ ഏറ്റുമുട്ടും.