Tag Archive: Alvaro Morata

  1. ക്രിസ്ത്യാനോ റയലിലേക്കോ?, വെളിപ്പെടുത്തലുകളുമായി യുവന്റസ് സഹതാരം അൽവാരോ മൊറാട്ട

    Leave a Comment

    ചാമ്പ്യൻസ് ലീഗിൽ നിന്നും പോർട്ടോയോട് പൊരുതി യുവൻ്റസ് പുറത്തായതോടെ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട അഭ്യൂഹങ്ങളിലൊന്നാണ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ റയലിലേക്കുള്ള തിരിച്ചു വരവ്. ഏജൻ്റായ ഹോർഗെ മെൻഡസ് റയൽ മാഡ്രിഡുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളും ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ സിദാനും തിരിച്ചുവരവിനുള്ള സാധ്യതകളെക്കുറിച്ച് പോസിറ്റീവായ മറുപടികളാണ് നൽകിയത്.

    റയൽ മാഡ്രിഡിലേക്കുള്ള ക്രിസ്ത്യാനോയുടെ തിരിച്ചു വരവിനെക്കുറിച്ച് മുൻ റയൽ മാഡ്രിഡ് താരവും നിലവിലെ ക്രിസ്ത്യാനോയുടെ യുവൻറസ് സഹതാരവുമായ അൽവാരോ മൊറാട്ടക്കും പറയാനുള്ളത് മറ്റൊന്നല്ല. ജീവിതത്തിൽ എന്തും സംഭവിക്കാമെന്നാണ് മൊറാട്ടയുടെ പക്ഷം. നിലവിൽ സ്പെയിൻ സ്ക്വാഡിനൊപ്പമുള്ള താരം മത്സരങ്ങൾക്കു മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ക്രിസ്ത്യാനോയെക്കുറിച്ച് മനസ്സുതുറന്നത്.

    ” എനിക്ക് അക്കാര്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല. കാരണം ഞങ്ങൾ ഫുട്ബോളിനെക്കുറിച്ച് പരസ്പരം അധികം സംസാരിക്കാറില്ല. മത്സരങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ മാത്രമാണ് ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാറുള്ളത്. ജീവിതത്തിൽ എന്തും സംഭവിക്കാം. യുവൻ്റസിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ എനിക്കും അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങൾ ഇനിയും ആസ്വദിക്കാനായേക്കും.” മൊറാട്ട പറഞ്ഞു.

    യുവൻ്റസിൻ്റെ നിലവിലെ മോശം പ്രകടനത്തിൽ എല്ലാവർക്കും വിഷമമുണ്ടെന്നും ചാമ്പ്യൻസ്‌ലീഗ് നേടി പരിചയിച്ച ക്രിസ്ത്യാനോക്ക് ഇത്തരം പരാജയങ്ങൾ ശീലമല്ലെന്നും മൊറാട്ട പറഞ്ഞു. എന്നിരുന്നാലും യുവൻറസിൽ ക്രിസ്ത്യാനോ സന്തുഷ്ടനാണെന്നു തന്നെയാണ് മൊറാട്ട വെളിപ്പെടുത്തുന്നത്.

  2. മൊറാട്ടയുടെ ആ പിഴവ് എന്നെ രോഷാകുലനാക്കി, സമനിലയിൽ മൊറാട്ടയെ വിമർശിച്ച് പിർലോ

    Leave a Comment

    അറ്റലാന്റയുമായി നടന്ന സീരി എ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനു സമനിലത്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. യുവന്റസിനായി ഫെഡറികോ കിയേസയും അറ്റലാന്റക്കായി ഫ്രെവുലാറും ഗോൾ നേടിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോയുടെ പെനാൽറ്റി മിസ്സും അൽവാരോ മൊറാട്ടയുടെ ബാലിശമായ പിഴവുകളും യുവന്റസിനു മൂന്നു പോയിന്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

    സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ പെനാൽറ്റി മിസ്സാക്കി ലീഡ് നേടാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ചെങ്കിലും പരിശീലകൻ ആന്ദ്രേ പിർലോക്ക് കൂടുതൽ ദേഷ്യം തോന്നിയത് അൽവാരോ മൊറാട്ട തുറന്ന ഗോൾപോസ്റ്റിന് മുന്നിൽ വെച്ച് മികച്ച ഒരവസരം പാഴാക്കിയതിനാണ്. മധ്യനിരയിൽ നിന്നും ബോൾ പിടിച്ചെടുത്തു ക്വാഡ്രാഡോ നൽകിയ ത്രൂ ബോൾ പിടിച്ചെടുത്തു മുന്നേറിയ മൊറാട്ട പാസ്സ് റൊണാൾഡോയ്ക്ക് മറിച്ചു നൽകുകയായിരുന്നു.

    എന്നാൽ മുന്നിലേക്ക് കയറിവന്നു ഗോൾകീപ്പർ മുന്നേറ്റത്തെ തടയാൻ ശ്രമിച്ചതോടെ പന്ത് റൊണാൾഡോയുടെ വരുതിയിൽ നിന്നും മൊറാട്ടക്ക് തന്നെ ലഭിക്കുകയായിരുന്നു. എന്നാൽ മൊറാട്ട അവസരം മുതലാക്കുന്നതിനു പകരം ബാക്ക് ഹീലിനു വേണ്ടി ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് തുറന്ന പോസ്റ്റിലേക്ക് പോവാതെ അകന്നു പോവുകയായിരുന്നു. അബദ്ധം മനസിലാക്കിയ മൊറാട്ട ലൈൻ റഫറിയെ നോക്കിയെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് താഴ്ന്നു തന്നെ നിൽക്കുകയായിരുന്നു.

    ഈ പിഴവിനെ ചൂണ്ടിക്കാട്ടിയാണ് പിർലോ മത്സരശേഷം മൊറാട്ടയെ വിമർശിച്ചത്. ” മൊറാട്ടയുടെ ആ പിഴവ് എന്നെ വളരെ രോഷാകുലനാക്കി. ഇത് ഞങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഈ അവസരങ്ങൾ ഒരു പക്ഷെ മത്സരത്തെ മറ്റൊരു ഗതിയിലേക്ക് മാറ്റിമറിച്ചേനെ. ഒരാൾക്ക് ശരിയായ തീരുമാണെടുക്കാനുള്ള കഴിവാണ് വേണ്ടത്. ആ സമയത്ത് അവനുണ്ടായിരുന്നില്ല. അവൻ മികച്ച മത്സരമാണ് കളിച്ചതെന്നത് മാറ്റി നിർത്തിയാൽ ചില സമയത്ത് ഗോളുകൾ നേടാൻ കഴിയാതെ പോവുന്നത് സംഭവിക്കാവുന്ന കാര്യങ്ങളാണ്. “പിർലോ പറഞ്ഞു

  3. സൂപ്പർസ്‌ട്രൈക്കറെ തട്ടകത്തിലെത്തിച്ച് യുവന്റസ്, ഡിബാലക്കും ക്രിസ്ത്യാനോക്കുമൊപ്പം കളിക്കും

    Leave a Comment

    ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്‌ വിട്ട അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്‌ന്റെ സ്ഥാനത്തേക്ക് പുതിയ സ്‌ട്രൈക്കറെ അന്വേഷിച്ചു  കൊണ്ടിരിക്കുകയായിരുന്നു യുവന്റസ് പരിശീലകനായ പിർലോ. റോമ താരം എഡിൻ ജെക്കോയുമായാണ് യുവന്റസുമായി ബന്ധപ്പെട്ട് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നത്.

    എന്നാൽ ആ തീരുമാനം മാറ്റി മറ്റൊരു സൂപ്പർ സ്‌ട്രൈക്കറെ ടീമിലെത്തിച്ചിരിക്കുകയാണ് യുവന്റസ്. നിലവിൽ അത്‌ലെറ്റിക്കോ മാഡ്രിഡ്‌ താരവും മുൻ യുവന്റസ് താരവുമായിരുന്ന അൽവാരോ മൊറാട്ടയാണ് ഇനി യുവന്റസിന്റെ അക്രമണനിരയിൽ ഉണ്ടാവുക. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇറ്റാലിയൻ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

    ലോണിലാണ് താരം യുവന്റസിലേക്ക് ചേക്കേറുന്നത്. പിന്നീട് താരത്തെ വാങ്ങാനുള്ള അവസരവുമുണ്ട്. അത്‌ലെറ്റിക്കോ മാഡ്രിഡിൽ സ്ഥാനം കണ്ടെത്താനാവാതെ വിഷമിക്കുന്ന താരം ജൂണിൽ മത്സരങ്ങൾ പുനരാരംഭിച്ച ശേഷം പന്ത്രണ്ട് മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് താരം കളിക്കാനായത്. പലപ്പോഴും താരത്തേക്കാൾ ഡിയഗോ കോസ്റ്റക്കാണ് സിമിയോണി മുൻഗണന നൽകിയത്.

    സുവാരസിനെക്കൂടി എത്തിക്കുന്നതോടെ അവസരങ്ങൾ ഇല്ലാതാവുമെന്ന തിരിച്ചറിവാണ് താരത്തെ ക്ലബ്‌ വിടാൻ പ്രേരിപ്പിച്ചത്. 63 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ യുവന്റസ് ജേഴ്സിയിൽ നേടാൻ താരത്തിനായിരുന്നു. രണ്ട് ലീഗ് കിരീടങ്ങൾ നേടാനും 2015-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മൊറാട്ടയുടെ പങ്ക് വലുതായിരുന്നു. ഏതായാലും റയൽ മാഡ്രിഡിൽ ഒന്നിച്ചു കളിച്ച ക്രിസ്ത്യാനോയും മൊറാട്ടയും വീണ്ടും ഒന്നിക്കുകയാണ്.

  4. സുവാരസ് വന്നില്ലെങ്കിൽ മറ്റൊരു സൂപ്പർ താരത്തെ നോട്ടമിട്ട് യുവന്റസ്, വരുന്നത് ഹിഗ്വയ്‌നിന്റെ പകരക്കാരൻ

    Leave a Comment

    മെസിക്കൊപ്പം ബാഴ്സ വിട്ടേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രധാനിയായിരുന്നു ലൂയിസ് സുവാരസ്. പുതിയ അഭ്യൂഹങ്ങളനുസരിച്ച് സുവാരസ് കൂടുമാറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് യുവന്റസാണ്. എങ്കിലും മെസ്സി ക്ലബ്ബിൽ തുടരാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ സുവാരസ് തീരുമാനം മാറ്റിയേക്കുമെന്നും റിപ്പോർട്ടുകൾ സജീവമാണ്. അങ്ങനെ ബാഴ്സയിൽ തന്നെ തുടരുകയാണെങ്കിൽ പകരക്കാരനെ നോട്ടമിട്ടിരിക്കുകയാണ് യുവന്റസ്‌.

    മുൻ യുവന്റസ് താരവും പിർലോയുടെ സഹതാരവുമായിരുന്ന സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാട്ടയെയാണ് പിർലോ നോട്ടമിട്ടിരിക്കുന്നത്. നിലവിൽ അത്ലറ്റികോ മാഡ്രിഡിന്റെ താരമായ മൊറാട്ടയെ ക്ലബ് വിടുന്ന ഹിഗ്വയ്‌ന്റെ പകരക്കാരനായാണ് കൊണ്ടുവരുന്നത്. 2014 മുതൽ 2016വരെ യുവന്റസിൽ കളിച്ച താരമാണ് മൊറാട്ട. ആ കാലയളവിൽ മൊറാട്ട യുവന്റസിനായി 93 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിരുന്നു.

    2014-ൽ റയൽ മാഡ്രിഡിൽ നിന്ന് 15.8 മില്യൺ പൗണ്ടിനായിരുന്നു താരം യുവന്റസിലേക്ക് ചേക്കേറിയത്. രണ്ട് വർഷക്കാലം യുവന്റസിൽ ചിലവഴിച്ച താരം രണ്ട് സിരി എ കിരീടം ടീമിന് നേടികൊടുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ യുവന്റസിനെ എത്തിക്കുന്നതിലും മൊറാട്ടയുടെ പങ്കു വലുതായിരുന്നു.

    പിന്നീട് റയൽ മാഡ്രിഡിലേക്ക് മടങ്ങിയ താരം ചെൽസിയിലും ഒടുവിൽ അത്ലറ്റികോ മാഡ്രിഡിലും എത്തിച്ചേരുകയായിരുന്നു. നിലവിൽ 2023 വരെ അത്ലറ്റികോ മാഡ്രിഡുമായി മൊറാട്ടക്ക് കരാറുണ്ട്. നിലവിൽ 61 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും താരം അത്ലറ്റികോ മാഡ്രിഡിനായി നേടിയിട്ടുണ്ട്. സുവാരസ് യുവന്റസിന്റെ ഓഫർ നിരസിച്ചാൽ മൊറാട്ടയെ ടീമിൽ എത്തിക്കാനാണ് പിർലോയുടെ പദ്ധതി.