Author Archives: admin

  1. പോരാട്ടവീര്യം പോലും പാകിസ്ഥാന്‍ കാണിച്ചില്ല, പൊട്ടിത്തെറിച്ച് അഫ്രീദി

    Leave a Comment

    പാകിസ്ഥാനെതിരെ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് മുന്‍ പാക് നായകനും സൂപ്പര്‍ താരവുമായിരുന്നു ഷാഹിദ് അഫ്രീദി. കളിയില്‍ ജയവും തോല്‍വിയുമെല്ലാം സാദാരണമാണെങ്കിലും പാകിസ്ഥാന്‍ ചെറിയ പോരാട്ട വീര്യം പോലും പുറത്തെടുക്കാത്തതാണ് അഫ്രീദിയെ പ്രകോപിപ്പിക്കുന്നത്.

    ‘ജയിക്കുക അല്ലെങ്കില്‍ തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്, എന്നാല്‍ ഒരു പോരാട്ടം നടത്താതിരിക്കുക, വിജയിക്കാനുള്ള ഉദ്ദേശം കാണിക്കാതിരിക്കുക എന്നിവ മോശമാണ്’ അഫ്രീദി മത്സര ശേഷം എക്‌സില്‍ കുറിച്ചു.

    ഫീല്‍ഡിംഗിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പര്‍ ആയിരുന്നു. ഏകദിന റണ്ണുകളുടെ മറ്റൊരു സ്വപ്ന നാഴികക്കല്ല് പിന്നിട്ടതില്‍ കോഹ്ലിയേയും മികച്ച സെഞ്ച്വറി നേടിയ കെഎന്‍ രാഹുലിനേയും താന്‍ അഭിനന്ദിക്കുന്നതായും അഫ്രീദി പറഞ്ഞു. വമ്പന്‍ തോല്‍വിയിലും പാകിസ്താന്‍ തളരരുതെന്നും അടുത്ത മത്സരത്തില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ചത് ചെയ്യാന്‍ കഴിയുമെന്നും അഫ്രീദി സ്വന്തം ടീമിനെ ആശ്വസിപ്പിക്കുന്നു.

    ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പടുകൂറ്റന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് ചെയ്‌സ് ചെയ്ത പാകിസ്താന്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. ഇതോടെ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വിജയമാണ് കൊളംമ്പോയില്‍ സംഭവിച്ചിരിക്കുന്നത്.

  2. ഞങ്ങളല്ല, അവരാണ് ഹീറോകള്‍, നന്ദിപറഞ്ഞ് കോഹ്ലിയും രോഹിത്തും രാഹുലും

    Leave a Comment

    പാകിസ്ഥാനെതിരെ തകര്‍പ്പന്‍ നേടിയ ആവേശത്തിലാണല്ലോ ടീം ഇന്ത്യ. പ്രതികൂല കാലവസ്ഥ മൂലം രണ്ട് ദിവസം നീണ്ട് നിന്ന മത്സരത്തില്‍ 227 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വന്തമാക്കിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നന്ദി പറഞ്ഞ് രംഗതെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനടക്കമുളള താരങ്ങള്‍.

    ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ, സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഗ്രൗണ്ട് സ്റ്റാഫിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്.

    കൊളംമ്പോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിനല്‍ രണ്ട് ദിവസം മഴ പെയ്തിട്ടും കളി പൂര്‍ത്തിയാക്കാന്‍ ആയത് അവരുടെ മികവ് കൊണ്ടാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫിനെ സന്ദര്‍ശിച്ച് രോഹിത്ത് നേരിട്ട് നന്ദി പറയാനുളള മറന്നില്ല.

    ‘ഈ ഗെയിം സാധ്യമാക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് എല്ലാ ഗ്രൗണ്ട്‌സ്മാന്‍മാരോടും നന്ദി പറയുന്നു. അവര്‍ ഒരു മികച്ച ജോലി തന്നെ ചെയ്തു’ തന്റെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് വിരാട് കോഹ്ലി പറഞ്ഞു.

    ‘ഗ്രൗണ്ട്‌സ്മാനില്‍ നിന്നും മികച്ച പിന്തുണയായിരുന്നു ഈ കളിക്ക് ലഭിച്ചത്.. ഒരു ടീമെന്ന നിലയില്‍ അവര്‍ക്ക് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കളിക്കാന്‍ ആകുക എന്നത് പ്രധാനമായിരുന്നു. ഇവര്‍ പ്രയത്‌നിച്ച കാരണമാണ് ഈ മത്സരം സാധ്യമായത്’ രോഹിത് ശര്‍മ്മ പറഞ്ഞു.

    കെഎല്‍ രാഹുലും മത്സരം നടന്ന ക്രെഡിറ്റ് മുഴുവന്‍ ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫിനാണ് നല്‍കുന്നത്. ‘സുരക്ഷിതമായി കളിക്കാന്‍ ഈ മത്സരം സാധ്യമാക്കിയത് ഗ്രൗണ്ട് സ്റ്റാഫുകളുടെ കഠിനാധ്വാനാമാണ്. അവര്‍ ഞാന്‍ നന്ദി പറയുന്നു’ രാഹുല്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു.

     

  3. ഇന്ത്യയോട് കനത്ത തോല്‍വി, പാകിസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി

    Leave a Comment

    ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതോടെ ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്റെ നില പരുങ്ങലില്‍. ശ്രീലങ്കയ്‌ക്കെതിരെ അവശേഷിക്കുന്ന മത്സരത്തില്‍ ഫൈനലിലെത്താന്‍ ഇനി വലിയ വിജയം നേടേണ്ടി വരും.

    സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 10 ഓവറോളം ബാക്കി നിര്‍ത്തി പാകിസ്ഥാന്‍ വമ്പന്‍ ജയം നേടിയിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ട രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ 227 റണ്‍സിനാണ് തോറ്റത്. ഇതോടെ സൂപ്പര്‍ ഫോറില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും ശ്രീലങ്കക്കും പിന്നിലായി പാക്കിസ്ഥാന്‍.

    സൂപ്പര്‍ ഫോറില്‍ ഇനി നിലവിലെ ചാമ്പ്യന്‍മാരും സഹ ആതിഥേയരുമായ ശ്രീലങ്കക്കെതിരായ ഒരു മത്സരം മാത്രമാണ് പാക്കിസ്ഥാന് അവശേഷിക്കുന്നത്. ഈ മത്സരം ജയിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്താവും. ശ്രീലങ്കക്കാകട്ടെ ഇന്ന് ഇന്ത്യയുമായി സൂപ്പര്‍ ഫോര്‍ പോരാട്ടമുണ്ട്. ഈ മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റെടുക്കാം. എന്നാല്‍ ലങ്കയാണ് ജയിക്കുന്നതെങ്കില്‍ ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് ബംഗ്ലാദശിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും.

    പാക്കിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ് +4.560 ആണ്. ശ്രീലങ്കയുടേത് +0.420 വും പാക്കിസ്ഥാന്റേത് -1.892 വും ആണ്. ഇന്ന് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചാല്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ അവസാന മത്സരമാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുകയെന്ന് ചുരുക്കം.

    ഇന്ന് ഇന്ത്യക്കെതിരെ തോറ്റ് അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കൊപ്പം ശ്രീലങ്ക ഫൈനല്‍ കളിക്കും. എന്നാല്‍ ഇന്ന് ഇന്ത്യയെ ലങ്കയോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ വെറും ജയം കൊണ്ട് പാക്കിസ്ഥാന് ഫൈനലിലെത്താനാവില്ല.

    മഴ കളി മുടക്കുന്നതിനാല്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചാലും പോയന്റുകള്‍ പങ്കിടുമെന്നതിനാല്‍ ശ്രീലങ്കക്ക് ഫൈനല്‍ സാധ്യത കൂടും. ഇന്ന് ഇന്ത്യയോട് തോറ്റാല്‍ പോലും ശ്രീലങ്കക്ക് പാക്കിസ്ഥാനെതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഫൈനലിലെത്താമെന്ന് ചുരുക്കം.

    ഇന്ന് ഇന്ത്യയോട് കനത്ത തോല്‍വി വഴങ്ങിയാല്‍ ശ്രീലങ്കയുടെ ഫൈനല്‍ സാധ്യത തുലാസിലാവും. അങ്ങനെ വന്നാല്‍-പാക്കിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം ഇരു ടീമുകള്‍ക്കും നിര്‍ണായകമാകും.

     

  4. ഭുംറയോ സിറാജോ ആകില്ല, ഉറപ്പിച്ചോ ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ ഇയാളായിരിക്കും

    Leave a Comment

    ലോറണ്‍സ് മാത്യൂ

    They cant play him..
    ടെസ്റ്റില്‍ ഇംഗ്ലണ്ടിലെ ഒരു മത്സരം ഒഴികെ ബാക്കി എല്ലാ കളികളിലും നല്ല പ്രകടനം കാഴ്ചവെച്ചു.. എന്നിട്ടും ഓള്‍ റൗണ്ടര്‍ വേണം എന്ന പേരില്‍ അക്‌സറിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു…

    ആര്‍സിബി കോട്ടയില്‍ ലിമിറ്റഡ് ഓവര്‍സില്‍ ചാഹാല്‍ കുല്‍ദീപിന് പകരം കൂടുതല്‍ പരിഗണിക്കപ്പെട്ടു… കുല്‍ച ഒരുമിച്ചു കളിച്ച മത്സരങ്ങളില്‍ പോലും ചാഹാലിനെക്കാള്‍ മികച്ച സ്‌പെല്ലുകള്‍ ഉണ്ടായിട്ടുള്ളത് കുല്‍ദീപില്‍ നിന്നാണ്… വേള്‍ഡ് കപ്പില്‍ ഒരു കളി നല്ലപോലെ തല്ലു വാങ്ങി…ഒരൊറ്റ മോശം ഐപിഎല്‍ സീസണ്‍ കാരണം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു…

    കോഹ്ലിയുടെ ക്യാപ്റ്റന്‍സി പോയതോടെ ചാഹാല്‍ പരിഗണിക്കപ്പെടുന്നത് കുറയുകയും കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തു (ചാഹാല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ അവഗണിക്കപെടുന്നു എന്ന സത്യം അംഗീകരിക്കുന്നു)…പക്ഷെ, ചാഹാലിനോപ്പമോ അതിനേക്കാള്‍ മുകളിലോ പ്രതിഭ ഉള്ള താരമാണ് കുല്‍ദീപ്…

    ഒരു കാര്യം കൂടെ ഉണ്ട്… ചാഹാല്‍ എടുക്കുന്ന കൂടുതല്‍ വിക്കറ്റുകളും ഔട്ട് ഫീല്‍ഡില്‍ അല്ലെങ്കില്‍ ബൗണ്ടറി ലൈനില്‍ വരുന്ന ക്യാച്ചുകള്‍ ആണ്… എന്നാല്‍ കുല്‍ദീപ് എടുക്കുന്ന ഭൂരിഭാഗം വിക്കറ്റുകളും പ്രോപ്പര്‍ വിക്കെറ്റ് ടേക്കിങ് ബോള്‍സില്‍ വരുന്നതാണ്… ഇന്ന് തന്നെ എടുത്ത 5 വിക്കറ്റില്‍ നാലും പ്രോപ്പര്‍ ബോളുകളില്‍ കിട്ടിയ വിക്കറ്റുകള്‍ ആയിരുന്നു..

    ബാറ്റിംഗിലും ഫീല്‍ഡിങ്ങിലുമൊക്കെ ചാഹാലിനെക്കാള്‍ മുന്‍തൂക്കം കുല്‍ദീപിനുണ്ട്.. എല്ലാരും ഷമി, ബുമ്ര, സിറാജ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ കുല്‍ദീപ് ആയിരിക്കും…

     

  5. ഭുംറയുടെ കൈയ്യിലെ പട്ടീസ് ഊരിപ്പിച്ച് ഇമാം, വിക്കറ്റെടുത്ത് മറുപടി കൊടുത്ത് ഭുംറ

    Leave a Comment

    ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ മത്സരത്തില്‍ പടുകൂറ്റന്‍ ജയം നേടാനായ സന്തോഷത്തിലാണ് ടീം ഇന്ത്യ. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ കേവലം 128 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

    മത്സരത്തില്‍ പാക് ബാറ്റിംഗിനിടെ ചില രസകരമായ സംഭവങ്ങളുണ്ടായി. തന്നെ വെള്ളം കുടിപ്പിച്ച ജസ്പ്രിസ് ഭുംറയോട് പാക് ഓപ്പണര്‍ ഇമാമുല്‍ ഹഖ് കൈമുട്ടിലിട്ട സ്റ്രാപ്പ്‌സ് ഊരി മാറ്റുമോയെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇമാമുല്‍ ഹഖിന്റെ അഭ്യര്‍ത്ഥന ഉടന്‍ ചെവിക്കൊണ്ട ഭുംറ കൈമുട്ടിലിട്ട സ്ട്രിപ്പ് ഊരി അമ്പയര്‍ക്ക് കൊടുക്കുകയും ചെയ്തു.

    പിന്നീട് തൊട്ടടുത്ത ഓവറില്‍ ഇമാമുല്‍ ഹഖിന്റെ വിക്കറ്റും ഭുംറ പിഴുതെടുത്തു. 18 പന്തില്‍ ഒന്‍പത് റണ്‍സെടുത്ത ഇമാമിനെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കെകളില്‍ എത്തിക്കുകയയായിരുന്നു ഭുംറ. ആ കാഴ്ച്ച കാണാം

    ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറെ നാളുകള്‍ക്ക് ശേഷമുളള മടങ്ങി വരവ് ആഘോഷിക്കാനും ഭുംറയ്ക്കായി. മത്സരത്തില്‍ അഞ്ച് ഓവര്‍ എറിഞ്ഞ ഭുംറ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

     

  6. കോഹ്ലിയും രാഹുലും തകര്‍ത്തത് ആ പാക് പ്രൗണ്ട് റെക്കോര്‍ഡ്

    Leave a Comment

    പാകിസ്ഥാനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം സ്വന്തമാക്കാന്‍ ആയ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ 128 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി റിസര്‍വ്വ് ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കെഎല്‍ രാഹുലും വിരാട് കോഹ്ലിയും കാഴ്ച്ചവെച്ചത്.

    ഇരുവരുടെയും സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യമായി പാകിസ്ഥാന് മുന്‍പില്‍ ഉയര്‍ത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇരുവരും കുറിച്ചിരിക്കുകയാണ്.

    മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്നുകൊണ്ടാണ് ഇരുവരും ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് കുറിച്ചത്. കോഹ്ലി 94 പന്തില്‍ പുറത്താകാതെ 122 റണ്‍സ് നേടിയപ്പോള്‍ കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ 235 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു.

    ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2012 ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 224 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് ഹഫീസ്, നാസിര്‍ ജംഷീദ് സഖ്യത്തെയാണ് കോഹ്ലിയും കെ എല്‍ രാഹുലും മറികടന്നത്.

    ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും പാക് സഖ്യം തന്നെയാണ് ഉള്ളത്. 2004 ല്‍ ഹോങ്കോങിനെതിരെ 223 റണ്‍സ് കൂട്ടിചേര്‍ത്ത ഷോയിബ് മാലിക്ക് യൂനിസ് ഖാന്‍ സഖ്യവും ഈ ഏഷ്യ കപ്പില്‍ നേപ്പാളിനെതിരെ 214 റണ്‍സ് കൂട്ടിചേര്‍ത്ത ബാബര്‍ അസം ഇഫ്തിഖാര്‍ അഹമ്മദ് സഖ്യവുമാണ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ളത്. 2014 ല്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരെ 213 റണ്‍സ് കൂട്ടിചേര്‍ത്തു കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് അഞ്ചാം സ്ഥാനത്തുള്ളത്.

     

  7. നാണംകെട്ട് പാകിസ്ഥാന്‍, ഇന്ത്യയോട് പടുകൂറ്റന്‍ തോല്‍വി, കുല്‍ദീപ് എറിഞ്ഞിട്ടു

    Leave a Comment

    ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ 32 ഓവറില്‍ എട്ട് വിക്കറ്റിന് 128 റണ്‍സ് എന്ന നിലയില്‍ കീഴടങ്ങുകയായിരുന്നു.

    പാകിസ്ഥാന് ഒരവസരം പോലും കൊടുക്കാത്ത വിധം തകര്‍പ്പന്‍ ബൗളിംഗ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് നീലപ്പടയ്ക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് എട്ട് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ഭുംറയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഷാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    പാകിസ്ഥാനായി ഒരാളും പൊരുതിയില്ല. 50 പന്തില്‍ 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ടോപ് സ്‌കോറര്‍. അഗ സല്‍മാനും ഇഫ്ത്തിഖാര്‍ അഹമ്മദും 23 റണ്‍സെടുത്തു. ബാബര്‍ അ്‌സം 10 റണ്‍സെടുത്തും റിസ്വാന്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. ഇമാമുല്‍ ഹഖ് (9), ഷാദാബ് ഖാന്‍ (6), ഫഹീം അഷ്‌റഫ് (4), ഷഹീന്‍ അഫ്രീദി (7*) എന്നിങ്ങനെയാണ് മറ്റ് പാക് ബാറ്റര്‍മാരുടെ പ്രകടനം.

    ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി വിരാട് കോഹ്ലിയുടേയും കെഎല്‍ രാഹുലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മികവിലാണ് നീലപ്പട 356 റണ്‍സിലെത്തിയത്. റിസര്‍വ്വ് ഡേയായ തിങ്കളാഴ്ച്ച പാകിസ്ഥാന ഇന്ത്യയുടെ ഒരു വിക്കറ്റ് പോലും നേടാനായില്ല.

    ഇന്ത്യയ്ക്കായി വിരാട് കോഹ്ലി 94 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്സും സഹിതം വിരാട് കോഹ്ലി പുറത്താകാതെ 122 റണ്‍സ്് നേടി. കോഹ്ലിയും 47ാം ഏകദിന സെഞ്ച്വറിയും 77ാം അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്. ആറ് മാസത്തിന് ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ആകട്ടെ 106 പന്തില്‍ 12 ഫോറും രണ്ട് സിക്സും സഹിതം പുറത്താകാതെ 111 റണ്‍സും നേടി. ഇരുവരും മൂന്നാം വിക്കറ്റില്‍ അഭേദ്യമായി 232 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

    ആദ്യ ദിനം അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്. രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന്‍ അഫ്രിദി, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

    പാകിസ്ഥാനായി പേസര്‍ ഹാരിസ് റൗഫ് പരിക്ക് കാരണം പന്തെറിയാനാകാത്തത് അവര്‍ക്ക് ഇരുട്ടടിയായി. നസീം ഷായ്ക്ക് മത്സരത്തിന് അവസാന ഓവറുകളില്‍ പരിക്കേറ്റത് പാകിസ്ഥാന് കാര്യങ്ങള്‍ പ്രയാസകരമാക്കി.

     

  8. സങ്കടം വന്നത് രാഹുലിന്റെ കാര്യത്തിലാണ്, പരിക്ക് മാറിയെത്തിയപ്പോഴേക്കും കോഹ്ലി എല്ല് വെള്ളമാക്കി മാറ്റിയിട്ടുണ്ട്!

    Leave a Comment

    ഷെമീന്‍ അബ്ദുല്‍ മജീദ്

    എന്താണ് ഒരു പെര്‍ഫക്ട് ഏകദിന ബാറ്റിങ് ടെംപ്ലേറ്റ്..
    പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യമാണ് ടി20 ബാറ്റര്‍മാര്‍ക്ക് എളുപ്പം കീഴടക്കാന്‍ കഴിയുന്ന ഫോര്‍മാറ്റാണ് ഏകദിനം എന്ന് ….

    ഏകദിനത്തിന്റെ ടെംപോ, ടെംപ്ലേറ്റ് എല്ലാം വ്യത്യസ്തമാണ്.

    വെറും 9 ഫോറും 3 സിക്‌സറുകളും മാത്രം നേടിയിട്ടും 130 സ്‌ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ച്വറി. ഡോട്ട് ബോളുകള്‍ അധികം വരാതെയുള്ള റണ്ണിങ് ബിറ്റ് വീന്‍ ദി വിക്കറ്റ് . ഇതാണ് പെര്‍ഫെക്ട് ഏകദിന ടെംപ്ലേറ്റ്. ഏന്‍ഡ് കോഹ്ലി ഈസ് ദി അള്‍ട്ടിമേറ്റ് മാസ്റ്റര്‍ ….

    സങ്കടം വന്നത് രാഹുലിന്റെ കാര്യത്തിലാണ്. പരിക്ക് മാറി ആദ്യത്തെ കളിയായിട്ട് കൂടി ഓടിച്ച് എല്ല് വെള്ളമാക്കി മാറ്റിയിട്ടുണ്ട്..

  9. ബെസ്റ്റ് വരാനിരിക്കുന്നുളളുവെന്ന് ഷഹീന്റെ മുന്നറിയിപ്പ്, 10 ഓവറില്‍ 79 റണ്‍സ്, ഇനി മിണ്ടില്ല

    Leave a Comment

    ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു മുമ്പ് വെല്ലുവിളിച്ച് വെട്ടിലായിരിക്കുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. പാക്് താരത്തിന്റെ വെല്ലുവിളിയ്ക്ക് കളിക്കളത്തില്‍ ഇന്ത്യ മറുപടി നല്‍കിയതോടെയാണ് ഷഹീന്‍ അഫ്രീദിയ്ക്ക് മുണ്ടാട്ടം മുട്ടിപോയിരിക്കുന്നത്.

    കൊളംബോയില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ ഷഹീനെ പഞ്ഞിക്കിടുകയായിരുന്നു. ഷഹീനെ തെരഞ്ഞ് പിടിച്ച് ഇന്ത്യന്‍ താരങ്ങളായ രാഹുലും കോഹ്ലിയും തല്ലുകയായിരുന്നു. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ പാക് ബൗളര്‍മാരില്‍ ഏറ്റവുമധികം തല്ലുകിട്ടിയതും അദ്ദേഹത്തിനു തന്നെ.

    10 ഓവറുകള്‍ ബൗള്‍ ചെയ്ത ഷഹീന്‍ 7.9 എന്ന ദയനീയ ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 79 റണ്‍സായിരുന്നു. നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഞായറാഴ്ചയായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ഷഹീന്‍ പിഴുതത്. റിസര്‍വ് ദിനമായ ഇന്ന് ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചില്ല.

    ഇന്ത്യയുമായുള്ള സൂപ്പര്‍ ഫോര്‍ മല്‍സരത്തിന്റെ തലേ ദിവസമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിവും ഷഹീന്റെ വമ്പന്‍ മുന്നറിയിപ്പ്.

    ഇന്ത്യയുമായുള്ള മല്‍സരങ്ങളെല്ലാം തന്നെ സ്പെഷ്യലാണ്. അണ്ടര്‍ 16 തലത്തില്‍ നേരത്തേ കളിച്ചിരുന്നപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങളെ ആവേശത്തോടയായിരുന്നു ഞാന്‍ കണ്ടിരുന്നത്. ഇന്ത്യക്കെതിരേ എന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ വന്നതായി കരുതുന്നില്ല, ഇതു വെറും തുടക്കം മാത്രം. ഏറ്റവും മികച്ച പ്രകടനം ഇനിയും വരാന്‍ പോവുന്നതേയുള്ളൂവെന്നായിരുന്നു ഷഹീന്റെ മുന്നറിയിപ്പ്.

    നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തപ്പോള്‍ ഷഹീന്‍ കസറിയിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അന്നു ഏറ്റവുമധികം നാശം വിതച്ചത് അദ്ദേഹമായിരുന്നു. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 3.5 ഇക്കോണമി റേറ്റില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ ഷഹീന്‍ പിഴുതിരുന്നു.

  10. ഹാരിസ് റൗഫിനെ കിട്ടിയില്ല, നസീം ഷായ്ക്കിട്ട് പെടച്ച് കോഹ്ലി

    Leave a Comment

    കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ മെല്‍ബണില്‍ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത് ക്രിക്കറ്റ് ലോകം പെട്ടെന്നൊന്നും മറക്കില്ല. ഇന്ത്യയെ വിജയത്തിലെത്തിച്ച ആ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്റെ പ്രധാന പേസറായിരുന്ന ഹാരിസ് റൗഫിനെ കോഹ്ലി കൈകാര്യം ചെയ്ത രീതി ആരാധകരെ അമ്പരപ്പിച്ചിരുന്നു. പ്രത്യേകിച്ച് ലോങ് ഓണില്‍ കോഹ്ലി ഹാരിസ്് റൗഫിനെതിരെ പറത്തിയ സിക്‌സ്.

    ഇപ്പോഴിതാ അതിന് സമാനമായ സിക്‌സ് പറത്തികൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. പരിക്ക് മൂലം ഹാരിസ് റൗഫ് റിസര്‍വ് ഡേയില്‍ പന്തെറിഞ്ഞിരുന്നില്ല. മറ്റൊരു പേസറായ നസീം ഷായ്‌ക്കെതിരെയായിരുന്നു ഇക്കുറി മെല്‍ബണിലെ സിക്‌സിന് സമാനമായ സിക്‌സ് കോഹ്ലി പറത്തിയത്.

    47ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ സിക്‌സ് കോഹ്ലി നേടിയത്. ആ കാഴ്ച്ച കാണാം

    മത്സരത്തില്‍ ഏകദിന ക്രിക്കറ്റിലെ തന്റെ 47ാം സെഞ്ചുറി നേടിയ കോഹ്ലി 94 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 122 റണ്‍സ് നേടിയിരുന്നു. കോഹ്ലിയ്‌ക്കൊപ്പം ഏകദിന ക്രിക്കറ്റിലെ ആറാം സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സ് നേടികൊണ്ട് തന്റെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.

    235 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. റിസര്‍വ് ദിനത്തില്‍ ഒരു വിക്കറ്റ് പോലും പാക് ബൗളര്‍മാര്‍ക്ക് നേടാന്‍ സാധിച്ചില്ല. നിശ്ചിത 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് ഇന്ത്യ അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ തകരുകയാണ്.